ന്യായപ്രമാണത്തിലെ 613 കല്പനകള്‍
(ഇത് മുഴുവനും ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” ഒന്നാം വാല്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)
റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ന്യായപ്രമാണ കല്പനകള്‍ രണ്ടു ഗണത്തില്‍പ്പെടുന്നു; വിധികളും നിഷേധങ്ങളും. 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.
വിധികള്‍:
I. ദൈവം
1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. പുറ.20:2
2. ദൈവത്തിന്‍റെ ഏകത്വം ഏറ്റു പറയണം. ആവ.6:4
3. ദൈവത്തെ സ്നേഹിക്കണം. ആവ.6:5
4. ദൈവത്തെ ഭയപ്പെടണം. ആവ.6:13
5. ദൈവത്തെ സേവിക്കണം. പുറ.23:25; ആവ.11:13
6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. ആവ.10:20
7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. ആവ.10:20
8. അവന്‍റെ വഴികളില്‍ നടക്കണം. ആവ.28:9
9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. ലേവ്യാ.22:32
II. ന്യായപ്രമാണം.
10. രാവിലേയും വൈകുന്നേരവും ഷേമ ഉരുവിടണം. ആവ. 6:7
11. ന്യായപ്രമാണം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. ആവ. 6:7
12. നെറ്റിയില്‍ മന്ത്രപ്പട്ട കെട്ടണം: ആവ 6:8
13. ഭുജത്തിലും അത് കെട്ടണം. ആവ. 6:8
14. വസ്ത്രത്തിന്‍റെ കോണ്‍ തലയ്ക്കല്‍ പൊടിപ്പു ഉണ്ടാക്കണം: സംഖ്യാ. 15:38
15. അതിനെ കട്ടിളകളിന്മേല്‍ ഉറപ്പിക്കണം: ആവ.6:9
16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം. ആവ.31:11
17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് എഴുതിയെടുക്കേണ്ടതാണ്: ആവ.17:18
18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. ആവ.31:19
19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. ആവ. 8:10
III. ദൈവാലയവും പുരോഹിതനും.
20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: പുറ. 25:8
21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം: ലേവ്യ. 19:30
22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: സംഖ്യാ. 18:4
23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23
24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: പുറ. 30:19
25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക് കത്തിക്കണം: പുറ. 27:20,221
26. പുരോഹിതന്മാര്‍ യിസ്രായേലിനെ അനുഗ്രഹിക്കണം: സംഖ്യാ. 6:23
27. പുരോഹിതന്മാര്‍ ധൂപപീഠത്തിന്‍റെ മുന്‍പില്‍ കാഴ്ചയപ്പവും കുന്തുരുക്കവും വെക്കണം: പുറ. 25:30
28. സ്വര്‍ണ്ണധൂപ പീഠത്തില്‍ ദിവസം രണ്ടു പ്രാവശ്യം സുഗന്ധ ധൂപം കത്തിക്കണം: പുറ. 30:7,8
29. യാഗപീഠത്തില്‍ തീ നിരന്തരം കത്തിക്കൊണ്ടിരിക്കണം: ലേവ്യ. 6:13
30. വെണ്ണീര്‍ ദിവസവും മാറ്റണം: ലേവ്യ. 6:10,11
31. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവരെ വിശുദ്ധ മന്ദിരത്തിനു പുറത്താക്കണം: സംഖ്യാ. 5:2
32. യിസ്രായേല്‍ മക്കള്‍ പുരോഹിതന്മാരെ ബഹുമാനിക്കണം: ലേവ്യ.21:8
33. പുരോഹിതന്മാര്‍ വിശേഷ പൌരോഹിത്യ വസ്ത്രം ധരിക്കണം: പുറ.28:2
34. പുരോഹിതന്മാര്‍ നിയമപ്പെട്ടകം തോളില്‍ ചുമക്കണം: സംഖ്യാ. 7:9
35. അഭിഷേക തൈലം പ്രത്യേക വിധിയനുസരിച്ച് തയ്യാറാക്കണം: പുറ. 30:31
36. പുരോഹിത കുടുംബങ്ങള്‍ ക്രമം അനുസരിച്ച് പൌരോഹിത്യ ശുശ്രൂഷ ചെയ്യണം: ആവ. 18:6-8
37. മരിച്ചു പോയ ഉറ്റ ചാര്‍ച്ചക്കാര്‍ക്ക് വേണ്ടി പുരോഹിതന്മാര്‍ക്ക് കാര്‍മ്മികമായി അശുദ്ധരാകാം: ലേവ്യ.21:2,3
38. മഹാപുരോഹിതന്‍ കന്യകയെ മാത്രമേ വിവാഹം ചെയ്യാവൂ: ലേവ്യ. 21:13
IV. യാഗങ്ങള്‍
39. ദിവസവും രണ്ടു പ്രാവശ്യം നിരന്തര ഹോമയാഗം അര്‍പ്പിക്കണം: സംഖ്യാ. 28:3
40. മഹാപുരോഹിതന്‍ ദിവസവും രണ്ടു പ്രാവശ്യം ഭോജനയാഗം അര്‍പ്പിക്കണം: ലേവ്യ.6:14
41. ശബ്ബത്തു തോറും മറ്റൊരു ഹോമയാഗം കൂടെ കഴിക്കേണ്ടതാണ്: സംഖ്യാ. 28:9
42. മാസാരംഭങ്ങളില്‍ ഒരു ഹോമയാഗം കൂടെ അര്‍പ്പിക്കേണ്ടതാണ്: സംഖ്യാ. 28:11
43. പെസഹയുടെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ദഹനയാഗം അര്‍പ്പിക്കണം: ലേവ്യ. 23:36
44. പെസഹയുടെ രണ്ടാം ദിവസം ആദ്യത്തെ യവം കൊണ്ടുള്ള ഭോജനയാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.23:10
45. ആദ്യഫല ദിവസത്തില്‍ ഹോമയാഗം അര്‍പ്പിക്കണം: സംഖ്യാ. 28:26,27
46. നീരാജനാര്‍പ്പണമായി പുളിപ്പുള്ള രണ്ടു അപ്പങ്ങളെ അര്‍പ്പിക്കണം. ലേവ്യ.23:17
47. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) ഒരു ഹോമയാഗം കൂടുതലായി അര്‍പ്പിക്കണം. സംഖ്യാ.29:1,2
48. പാപപരിഹാരദിവസത്തില്‍ ഒരു പ്രത്യേക യാഗം അര്‍പ്പിക്കേണ്ടതാണ്. സംഖ്യാ.29:7,8
49. പാപപരിഹാര ദിവസത്തില്‍ ദഹനയാഗം അര്‍പ്പിക്കേണം. ലേവ്യ.16:3
50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. സംഖ്യാ.29:13
51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. സംഖ്യാ.29:36
52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. പുറ.23:14
53. മൂന്നു തീര്‍ത്ഥാടകോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍, വാരോത്സവം, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് തീര്‍ത്ഥാടനോത്സവങ്ങള്‍.)
54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. ആവ.16:14
55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: പുറ.12:6
56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: പുറ.12:8
57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: സംഖ്യാ.9:11
58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: സംഖ്യാ.9:11
59. ഉത്സവയാഗങ്ങളിലും ഉപദ്രവകാലത്തും കാഹളം ധ്വനിപ്പിക്കേണ്ടതാണ്: സംഖ്യാ. 10:10
60. യാഗമായി അര്‍പ്പിക്കപ്പെടുന്ന കന്നുകാലികള്‍ക്ക് കുറഞ്ഞത് എട്ടു ദിവസം പ്രായമുണ്ടായിരിക്കണം: ലേവ്യ.22:27
61. ആവ ഊനമില്ലാത്തവ ആയിരിക്കണം: ലേവ്യ.22:21
62. എല്ലാ വഴിപാടുകളിലും ഉപ്പ് ചേര്‍ക്കണം: ലേവ്യ.2:13
63. ഹോമയാഗാര്‍പ്പണം ഒരു കല്പനയാണ്: ലേവ്യ.1:2
64. പാപയാഗവും കല്പനയാണ്: ലേവ്യ.6:8
65. അകൃത്യയാഗവും കല്പനയാണ്: ലേവ്യ.7:1
66. സമാധാനയാഗവും കല്പനയാണ്: ലേവ്യ.3:1
67. ഭോജനയാഗവും കല്പനയാണ്: ലേവ്യ.2:1; 6:7
68. ന്യായാധിപ സഭ ഏതെങ്കിലും തീരുമാനത്തില്‍ തെറ്റിയാല്‍ അതിലെ അംഗങ്ങള്‍ പാപയാഗം കൊണ്ടുവരണം: ലേവ്യ.4:13
69. ഒരു സാധാരണക്കാരന്‍ അറിയാതെ ലംഘനം ചെയ്‌താല്‍ അവനും ഈ യാഗം അര്‍പ്പിക്കണം: ലേവ്യ.4:27
70. ഏതെങ്കിലും വിലക്കുകളെ അറിയാതെ ലംഘിച്ചാലും അറിയുമ്പോള്‍ അവന്‍ അകൃത്യയാഗം അര്‍പ്പിക്കണം: ലേവ്യ.5:17,18
71. മോഷ്ടിക്കുകയോ, കള്ളസത്യം ചെയ്യുകയോ, അതുപോലുള്ള മറ്റു പാപങ്ങള്‍ ചെയ്കയോ ചെയ്‌താല്‍ അകൃത്യയാഗം അര്‍പ്പിക്കണം: ലേവ്യ.5:15; 19:20; 21:21-25
72. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ശേഷി അനുസരിച്ച് പാപയാഗം ചെയ്യേണ്ടതാണ്: ലേവ്യ.5:1-11
73. പാപം ദൈവസന്നിധിയില്‍ ഏറ്റുപറയുകയും അനുതപിക്കുകയും വേണം: സംഖ്യാ.5:6,7
74. സ്രവക്കാരന്‍ യാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.15:13-15
75. സ്രവക്കാരി യാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.15:28,29
76. പ്രസവത്തിനു ശേഷം സ്ത്രീ യാഗം അര്‍പ്പിക്കണം: ലേവ്യ.12:6
77. കുഷ്ഠരോഗി ശുദ്ധനായ ശേഷം യാഗം അര്‍പ്പിക്കണം: ലേവ്യ.14:10
78. കന്നുകാലികളുടെ ദശാംശം കൊടുക്കണം: ലേവ്യ.27:32
79. ശുദ്ധിയുള്ള കന്നുകാലികളില്‍ കടിഞ്ഞൂലുകളെ യാഗം കഴിക്കണം: പുറ.13:2
80. മനുഷ്യരിലെ ആദ്യജാതന്മാരെ വീണ്ടെടുക്കേണ്ടാതാണ്: പുറ.22:28; സംഖ്യാ. 18:15
81. കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കേണം: പുറ.34:20
82. അല്ലെങ്കില്‍ അതിന്‍റെ കഴുത്തു ഒടിച്ചു കളയണം: പുറ.13:13
83. യാഗത്തിനായി വേര്‍തിരിച്ച മൃഗങ്ങളെ വൈകാതെ യെരുശലേമില്‍ കൊണ്ടുവരേണ്ടതാണ്: ആവ.12:5,6
84. അവയെ വിശുദ്ധ മന്ദിരത്തില്‍ മാത്രമേ യാഗം അര്‍പ്പിക്കാവൂ: ആവ.12:14
85. യിസ്രായേല്‍ ദേശത്തിന് വെളിയിലുള്ള വഴിപാടുകളും വിശുദ്ധ മന്ദിരത്തിലേക്ക് കൊണ്ടുവരേണ്ടതാണ്: ആവ.12:26
86. വിശുദ്ധീകരിക്കപ്പെട്ട മൃഗങ്ങള്‍ക്ക് ഊനമുണ്ടായാല്‍ അവയെ വീണ്ടെടുക്കേണ്ടതാണ്: ആവ.12:15
87. വഴിപാടായി വെച്ചു മാറിയ മൃഗവും വിശുദ്ധമാണ്: ലേവ്യ.27:33
88. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുരോഹിതന്മാര്‍ ഭക്ഷിക്കേണം: ലേവ്യ.6:16
89. പാപ, അകൃത്യ യാഗങ്ങളുടെ മാംസവും അവര്‍ ഭക്ഷിക്കണം: പുറ.29:33
90. വിശുദ്ധീകരിക്കപ്പെട്ട മാംസം കാര്‍മ്മികമായി അശുദ്ധമായാല്‍ അതിനെ ദഹിപ്പിക്കേണ്ടതാണ്: ലേവ്യ.7:19
91. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷിക്കാത്ത മാംസത്തെ ചുട്ടുകളയണം: ലേവ്യ.7:17
V. നേര്‍ച്ചകള്‍
92. നാസീര്‍ വ്രതസ്ഥന്‍ വ്രതകാലം മുഴുവന്‍ തലമുടി വളര്‍ത്തണം: സംഖ്യാ.6:5
93. വ്രതകാലം പൂര്‍ത്തിയാകുമ്പോള്‍ അവന്‍ തല ക്ഷൌരം ചെയ്കയും വഴിപാടു കൊണ്ടുവരികയും ചെയ്യണം: സംഖ്യാ.6:18
94. നേര്‍ച്ചകളും ആണകളും നിവര്‍ത്തിക്കേണ്ടതാണ്: ആവ.23:21-32
95. നിയമാനുസൃതമായി മാത്രമേ ഇവ റദ്ദാക്കാവൂ: സംഖ്യാ.30:3
VI. കാര്‍മ്മികമായ വിശുദ്ധി
96. പിണം തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.11:8,24
97. എട്ടിനം ഇഴ ജന്തുക്കളെ തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.11:29-31
98. അശുദ്ധവസ്തുവിന്‍റെ സ്പര്‍ശനം കൊണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അശുദ്ധമാകും: ലേവ്യ.11:34
99. ഋതുവായ സ്ത്രീ കാര്‍മ്മികമായി അശുദ്ധയാണ്: ലേവ്യ.15:19
100. പ്രസവത്തിനു ശേഷം ഏഴു ദിവസത്തേക്ക് സ്ത്രീകള്‍ കാര്‍മ്മികമായി അശുദ്ധകളാണ്: ലേവ്യ.12:2
101. കുഷ്ഠരോഗി കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.13:3
102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: ലേവ്യ.13:51
103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: ലേവ്യ.14:44
104. സ്രവക്കാരന്‍ അശുദ്ധനാണ്: ലേവ്യ.15:2
105. ബീജം അശുദ്ധമാണ്: ലേവ്യ.15:16
106. രക്തസ്രവക്കാരി അശുദ്ധയാണ്: ലേവ്യ.15:19
107. മനുഷ്യശവം അശുദ്ധമാണ്: സംഖ്യാ.19:14.
108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: സംഖ്യാ.19:13,21
109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: ലേവ്യ.15:16
110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: ലേവ്യ.14:2
111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: ലേവ്യ.14:9
112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: ലേവ്യ.13:45
113. കാര്‍മ്മികമായ ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: സംഖ്യാ.19:2-9
VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകള്‍:
114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: ലേവ്യ.27:2-8
115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ് അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: ലേവ്യ.27:11,12
116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: ലേവ്യ.27:14
117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: ലേവ്യ.27:16,22,23
118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: ലേവ്യ.5:16
119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: ലേവ്യ.19:24
120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക് വേണ്ടി കൊയ്യാതെ വിടണം: ലേവ്യ.19:9
121. കൊയ്ത്തിന്‍റെ കാലായും വിടേണ്ടതാണ്: ലേവ്യ.19:9
122. വയലില്‍ മറന്നു പോയ കറ്റയും ദരിദ്രന് വേണ്ടി ഉപേക്ഷിക്കണം: ആവ.24:19
123. വീണു കിടക്കുന്ന മുന്തിരിപ്പഴവും വിട്ടു കളയണം: ലേവ്യ.19:10
124. മുന്തിരിത്തോട്ടത്തിലെ കാലായും വിട്ടുകളയണം: ലേവ്യ.19:10
125. ആദ്യഫലം വേര്‍തിരിച്ചു ആലയത്തില്‍ കൊണ്ടുവരണം: പുറ.23:19
126. ഉദച്ചാര്‍പ്പണം വിശുദ്ധീകരിച്ച് ആലയത്തില്‍ കൊണ്ടുവരണം: ആവ.18:3,4
127. ഉല്‍പ്പന്നങ്ങളുടെ ദശാംശം ലേവ്യര്‍ക്ക് നല്‍കണം: ലേവ്യ.27:30; സംഖ്യാ.18:24
128. രണ്ടാമത്തെ ദശാംശം വേര്‍തിരിച്ച് യെരുശലേമില്‍ മാത്രം വെച്ചു ഭക്ഷിക്കേണ്ടതാണ്: ആവ.14:22,23
129. ലേവ്യര്‍ തങ്ങളുടെ ദശാംശത്തിന്‍റെ ദശാംശം പുരോഹിതന്മാര്‍ക്ക് നല്‍കണം: സംഖ്യാ.18:26
130. സപ്തവത്സരചക്രത്തില്‍ മൂന്നും ആറും വര്‍ഷങ്ങളില്‍ ദരിദ്രന്മാര്‍ക്ക് വേണ്ടി രണ്ടാമതൊരു ദശാംശം കൂടി വേര്‍തിരിക്കേണ്ടതാണ്: ആവ.14:28
131. ദശാംശങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ ഒരു പ്രഖ്യാപനം ഉരുവിടേണ്ടതാണ്: ആവ.26:13
132. ആദ്യഫലം ആലയത്തില്‍ കൊണ്ടുവരുമ്പോഴും ഇത് ചെയ്യണം: ആവ.26:5
133. ആദ്യത്തെ തിരിമാവുകൊണ്ടുള്ള വട പുരോഹിതന് കൊടുക്കണം: സംഖ്യാ.15:20
VIII. ശബ്ബത്താണ്ട്
134. ഏഴാം വര്‍ഷം വളരുന്നവയ്ക്ക് ഉടമസ്ഥരില്ല, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്: പുറ.23:11
135. ഏഴാം വര്‍ഷം നിലം കൃഷി ചെയ്യാതെ തരിശിടേണ്ടതാണ്: പുറ.34:21
136. യോബേല്‍ സംവത്സരത്തെ (50-ം വര്‍ഷം) വിശുദ്ധീകരിക്കണം: ലേവ്യ.25:10
137. പാപപരിഹാര ദിവസത്തില്‍ കാഹളം ഊതി എബ്രായ അടിമകളെ സ്വതന്ത്രമാക്കണം: ലേവ്യ.25:9
138. യോബേല്‍ സംവത്സരത്തില്‍ മുഴുവന്‍ ഭൂമിയും ഉടമസ്ഥര്‍ക്ക് മടക്കികൊടുക്കണം: ലേവ്യ.25:24
139. മതിലുള്ള പട്ടണത്തില്‍ ഒരു വീട് വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് വീണ്ടെടുക്കണം: ലേവ്യ.25:29,30
140. യിസ്രായേല്‍ ദേശത്ത് പ്രവേശിക്കുന്നതു മുതല്‍ യോബേല്‍ സംവത്സരം എണ്ണി വിളംബരം ചെയ്യണം: ലേവ്യ.25:8
141. ഏഴാം വര്‍ഷം എല്ലാ കടവും റദ്ദാക്കണം: ആവ.15:3
142. എന്നിരുന്നാലും അന്യ\ജാതിക്കാരനോട് കടം മടക്കി വാങ്ങാം: ആവ.15:3
IX. ഭക്ഷണത്തിനുള്ള മൃഗങ്ങളെ സംബന്ധിച്ച്
143. അറുക്കപ്പെട്ട മൃഗത്തിന്‍റെ ഓഹരി പുരോഹിതന് കൊടുക്കണം: ആവ.18:3
144. ആടുകളെ കത്രിക്കുന്ന ആദ്യരോമവും അവനു കൊടുക്കണം: ആവ.18:4
145. ശപഥാര്‍പ്പിതത്തില്‍ വിശുദ്ധ മന്ദിരത്തിനുള്ളതും പുരോഹിതന്മാര്‍ക്കുള്ളതും തമ്മില്‍ വേര്‍പെടുത്തണം: ലേവ്യ.27:21,28
146. ഭക്ഷ്യയോഗ്യമാകേണ്ടതിനു മൃഗവും പറവയും നിയമാനുസൃതം അറുക്കപ്പെടണം: ആവ.12:21
147. അവ ഗാര്‍ഹിക ജന്തുക്കള്‍ അല്ലെങ്കില്‍ കൊന്നതിനു ശേഷം അവയുടെ രക്തം മണ്ണിട്ട് മൂടേണ്ടതാണ്: ലേവ്യ.17:13
148. പക്ഷിക്കൂടില്‍ നിന്ന് കുഞ്ഞുങ്ങളെ എടുത്താല്‍ തള്ളയെ വിടണം: ആവ.22:7
149. മൃഗങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്: ലേവ്യ.11:2
150. പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ആവ.14:11
151. വെട്ടുക്കിളികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ലേവ്യ.11:21
152. മത്സ്യങ്ങളെ പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ലേവ്യ.11:9
153. ന്യായാധിപ സഭ മാസത്തിലെ ആദ്യദിവസം വിശുദ്ധീകരിച്ച് വര്‍ഷങ്ങളേയും കാലങ്ങളെയും കണക്ക് കൂട്ടേണ്ടതാണ്: പുറ.12:2; ആവ.16:1
X. ഉത്സവങ്ങള്‍
154. ശബ്ബത്തുനാളില്‍ സ്വസ്ഥമായിരിക്കണം: പുറ.23:12
155. ശബ്ബത്തു നാളിന്‍റെ ആരംഭവും അവസാനവും വിശുദ്ധം എന്ന് പ്രഖ്യാപിക്കണം: പുറ.20:8
156. നീസാന്‍ മാസം 14-ം തിയ്യതി പുളിച്ച മാവ് വീടുകളില്‍ നിന്ന് മാറ്റണം: പുറ.12:15
157. നീസാന്‍ മാസം 15-ം തിയ്യതി പുറപ്പാടിന്‍റെ വിവരണം നല്‍കണം: പുറ.13:8
158. 15-ം തിയ്യതി പുളിപ്പില്ലാത്ത അപ്പം തിന്നണം: പുറ.12:18
159. പെസഹയുടെ ആദ്യ നാളില്‍ വിശ്രമിക്കണം: പുറ.12:16
160. പെസഹയുടെ ഏഴാം നാളിലും വിശ്രമിക്കണം: പുറ.12:16
161. കൊയ്ത്തിലെ ആദ്യത്തെ കറ്റ (നീരാജനക്കറ്റ) കൊണ്ടുവന്ന ദിവസം മുതല്‍ (നീസാന്‍ 16-ം തിയ്യതി) 49 ദിവസം എണ്ണണം: ലേവ്യ.23:15
162. സഭായോഗം കൂടുന്ന നാളില്‍ വിശ്രമിക്കണം: ലേവ്യ.23
163. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന=പുതുവത്സരം) വിശ്രമിക്കണം: ലേവ്യ.23:24
164. പാപപരിഹാര ദിവസത്തില്‍ ആത്മതപനം ചെയ്യണം: ലേവ്യ.16:29
165. പാപപരിഹാരദിവസത്തില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.16:29,31
166. കൂടാരപ്പെരുന്നാളിന്‍റെ ആദ്യ ദിവസത്തില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.23:35
167. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം നാളില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.23:36
168. കൂടാരപ്പെരുന്നാളിന്‍റെ കാലത്ത് യിസ്രായേല്‍ കൂടാരങ്ങളില്‍ പാര്‍ക്കണം: ലേവ്യ.23:43
169. കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് നാല് തരത്തിലുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തണം: ലേവ്യ.23:40
170. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) കാഹളം ഊതണം: സംഖ്യാ.29:1
XI. സാമുദായിക നിയമങ്ങള്‍
171. ഓരോ പുരുഷനും വര്‍ഷം തോറും അര ശേക്കല്‍ ആലയത്തില്‍ കൊടുക്കണം: പുറ.30:12,13
172. ഒരു പ്രവാചകനെ അനുസരിക്കണം: ആവ.18:15
173. ഒരു രാജാവിനെ നിയമിക്കണം: ആവ.17:15
174. ന്യായാധിപസഭയെ (സന്‍ഹെദ്രീം) അനുസരിക്കണം: ആവ.17:11
175. അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കണം: പുറ.23:2
176. ഓരോ പട്ടണത്തിലും ന്യായാധിപതിമാരേയും പ്രമാണികളെയും നിയമിക്കേണം: ആവ.16:18
177. അവര്‍ നിഷ്പക്ഷമായി ന്യായം വിധിക്കണം: ലേവ്യ.19:15
178. ഒരു സംഭവത്തിനു സാക്ഷിയായവന്‍ കോടതിയില്‍ നിന്ന് സാക്ഷ്യം പറയണം: ലേവ്യ.5:1
179. സാക്ഷികളെ സൂക്ഷ്മമായി പരിശോധിക്കണം: ആവ.13:15
180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19. കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)
181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: ആവ.21:4
182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: ആവ.19:3
183. ലേവ്യര്‍ക്ക് വസിക്കുന്നതിന് പട്ടണങ്ങള്‍ നല്‍കണം: സംഖ്യാ.35:2
184. അപകടം ഒഴിവാക്കുവാന്‍ വീടിന്‍റെ മുകളില്‍ കൈമത്തില്‍ നിര്‍മ്മിക്കണം: ആവ.22:8
XII. വിഗ്രഹാരാധന
185. വിഗ്രഹാരാധനയും അതുമായി ബന്ധപ്പെട്ടവയും നശിപ്പിച്ചു കളയണം: ആവ.7:5; 12:2
186. വിഗ്രഹാരാധനയിലേക്ക് മറിക്കപ്പെട്ട പട്ടണത്തോടു നിയമാനുസൃതം പ്രവര്‍ത്തിക്കണം: ആവ.13:17
187. ഏഴു കനാന്യജാതികളെ സംഹരിക്കണം: ആവ.20:17
188. അമാലേക്കിന്‍റെ ഓര്‍മ്മയെ മായിച്ചു കളയണം: ആവ.25:19
189. അമാലേക്കിന്‍റെ പ്രവൃത്തികളെ മായിച്ചു കളയണം: ആവ.25:17
XIII. യുദ്ധം
190. യുദ്ധത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ എല്ലാം അനുസരിക്കണം: ആവ.20:10-12
191. യുദ്ധകാലത്ത് പ്രത്യേക ചുമതലകള്‍ നല്‍കി ഒരു പുരോഹിതനെ നിയമിക്കണം: ആവ.20:2
192. സൈനിക പാളയം ശുചിയായി സൂക്ഷിക്കണം: ആവ.23:14,15
193. ഓരോ പടയാളിക്കും അതിനു ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം: ആവ.23:13
XIV. സാമൂഹിക നിയമങ്ങള്‍
194. മോഷ്ടിച്ച വസ്തു ഉടമസ്ഥന് മടക്കിക്കൊടുക്കണം: ലേവ്യ.6:4
195. ദരിദ്രനോട് ഔദാര്യം കാണിക്കണം: ലേവ്യ.25:35,36; ആവ.15:8
196. ഒരു എബ്രായ അടിമയെ സ്വതന്ത്രമാക്കുമ്പോള്‍ ഔദാര്യ ദാനങ്ങള്‍ കൊടുക്കേണ്ടതാണ്: ആവ.15:14
197. പലിശ കൂടാതെ ദരിദ്രന് വായ്പ കൊടുക്കണം: പുറ.22:25
198. അന്യന് പലിശക്ക് കടം കൊടുക്കാം: ആവ.23:30
199. ഉടമസ്ഥന് ആവശ്യമാണെങ്കില്‍ പണയവസ്തു മടക്കിക്കൊടുക്കണം: പുറ. 22:26; ആവ.24:13
200. കൂലിക്കാരന് കൂലി യഥാസമയം കൊടുക്കണം: ആവ.24:15
201. വേലക്കാരന് ഉത്പന്നങ്ങളില്‍ നിന്ന് ഭക്ഷിക്കാം: ആവ.23:24,25
202. ആവശ്യസമയത്തു മൃഗത്തിന്‍റെ ചുമലിലുള്ള ചുമട് മാറ്റുന്നതിന് സഹായിക്കേണ്ടതാണ്. പുറ.23:5
203. ആവശ്യപ്പെട്ടാല്‍ ചുമടില്‍ സഹോദരനെ സഹായിക്കണം: ആവ.22:4
204. നഷ്ടപ്പെട്ട വസ്തുവിനെ യജമാനന്‍റെ പക്കല്‍ എത്തിച്ചു കൊടുക്കേണ്ടതാണ്: പുറ.23:4; ആവ.22:1
205. പാപിയെ ശാസിക്കണം: ലേവ്യ.19:17
206. കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണം: ലേവ്യ.19:18
207. പരദേശിയെ സ്നേഹിക്കണം: ആവ.10:19
208. അളവുകളും തൂക്കങ്ങളും കൃത്യമായിരിക്കണം: ലേവ്യ.19:36
XV. കുടുംബം
209. ജ്ഞാനിയെ ബഹുമാനിക്കണം: ലേവ്യ.19:32
210. അപ്പനേയും അമ്മയേയും ബഹുമാനിക്കണം: പുറ.20:12
211. അമ്മയേയും അപ്പനേയും ഭയപ്പെടണം: ലേവ്യ.19:3
212. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വിവാഹം കഴിക്കണം: ഉത്പ.1:28
213. വിവാഹം നിയമാനുസരണം ആയിരിക്കണം: ആവ.24:1
214. വരന്‍ വധുവിനോടൊപ്പം ഒരു വര്‍ഷം സന്തോഷിക്കേണ്ടതാണ്: ആവ.24:5
215. ആണ്‍മക്കളെ പരിച്ഛേദനം ചെയ്യേണ്ടതാണ്: ഉല്പ.17:10; ലേവ്യ.12:3
216. ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ മരിച്ചവന്‍റെ വിധവയെ വിധവയെ വിവാഹം കഴിക്കണം: ആവ.25:5
217. ദേവരന്‍ വിവാഹം ചെയ്തില്ലെങ്കില്‍ അവന്‍ അവളെ സ്വതന്ത്രയായി വിടേണ്ടതാണ്: ആവ.25:9
218. ഒരു കന്യകയെ വഷളാക്കുന്നവന്‍ അവളെ വിവാഹം കഴിക്കുകയും പിന്നീട് ഒരിക്കലും അവളെ വിവാഹമോചനം ചെയ്യാതിരിക്കുകയും വേണം: ആവ.22:29
219. ഭാര്യയില്‍ അന്യായമായി വിവാഹ പൂര്‍വ്വ ദൂഷ്യം ആരോപിക്കുന്നവനെ ദണ്ഡിക്കണം; അവന്‍ ഒരിക്കലും അവളെ വിവാഹമോചനം ചെയ്യുവാന്‍ പാടില്ല: ആവ.22:18,19
220. കന്യകയെ വശീകരിക്കുന്നവനെ നിയമാനുസൃതം ശിക്ഷിക്കണം: പുറ.22:16
221. ഒരു ബദ്ധയോട് പ്രത്യേക നിയമം അനുസരിച്ച് പെരുമാറേണ്ടതാണ്: ആവ.21:11
222. ഉപേക്ഷണപത്രം മുഖേന മാത്രമേ വിവാഹമോചനം ചെയ്യാവൂ: സംഖ്യാ.24:1
223. വ്യഭിചാരം സംശയിക്കപ്പെട്ട സ്ത്രീയെ നിയമാനുസൃതമുള്ള പരിശോധനക്ക് വിധേയമാക്കണം: സംഖ്യാ.5:15-27
XVI. ശിക്ഷാസംബന്ധമായ നിയമങ്ങള്‍
224. ദണ്ഡനം നല്‍കേണ്ടത് നിയമാനുസരണം ആയിരിക്കണം: ആവ.25:2
225. യാദൃശ്ചികമായി കൊലപാതകം ചെയ്തവനെ സാങ്കേതനഗരത്തില്‍ ഒളിപ്പിക്കണം: സംഖ്യാ.35:25
226. വധശിക്ഷ വാളാല്‍ ആകാം: പുറ.21:20
227. അത് കഴുത്തു ഞെരിച്ചും ആകാം: പുറ..21:16
228. അത് അഗ്നിയില്‍ ദഹിപ്പിച്ചും ആകാം: ലേവ്യ.20:14
229. അത് കല്ലെറിഞ്ഞും ആകാം: ആവ.22:24
230. ചില കുറ്റങ്ങളില്‍ വധത്താല്‍ ശിക്ഷിക്കപ്പെട്ടവന്‍റെ ശവത്തെ മരത്തില്‍ തൂക്കാം: ആവ.21:22
231. മരത്തില്‍ തൂക്കപ്പെട്ട ശരീരം അന്ന് തന്നെ കുഴിച്ചിടണം: ആവ.21:23
XVII. അടിമകള്‍
232. എബ്രായ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: പുറ.21:2
233. എബ്രായ ദാസിയെ യജമാനന് വിവാഹം ചെയ്യാം: പുറ.21:8
234. അല്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കണം: പുറ.21:8
235. അന്യ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: ലേവ്യ.25:46
XVIII. നഷ്ടപരിഹാരം
236. ഒരു മനുഷ്യന്‍ ദോഷം സംഭവിച്ചവന് നഷ്ടപരിഹാരം അനുയോജ്യമായ നിയമം അനുസരിച്ച് ചെയ്യണം: പുറ.21:18
237. മൃഗത്താല്‍ ദോഷം സംഭവിച്ചാലും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.21:28
238. കുഴിയില്‍ വീണു ദോഷം സംഭവിച്ചാലും നഷ്ടപരിഹാരം ചെയ്യേണ്ടതാണ്: പുറ.21:33,34
239. കള്ളന്മാരെ ശിക്ഷിക്കണം: പുറ.22:1-4
240. കന്നുകാലികള്‍ അതിക്രമിച്ചു കയറി ദോഷം വരുത്തിയാല്‍ പകരം കൊടുക്കേണ്ടതാണ്: പുറ.22:5
241. തീവെയ്പ്പു നിമിത്തം നഷ്ടം സംഭവിച്ചു എങ്കില്‍ തീ കത്തിച്ചവന്‍ നഷ്ടപരിഹാരം ചെയ്യണം: പുറ.22:6
242. കൂലി കൂടാതെ സൂക്ഷിപ്പാന്‍ ഏല്പിച്ച മുതല്‍ നഷ്ടപ്പെട്ടാല്‍ നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:7-9
243. കൂലിക്ക് അല്ലാതെ സൂക്ഷിക്കാന്‍ ഏല്പിച്ച മുതലിനെ സംബന്ധിച്ചും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:10-13
244. കൂലിക്ക് വാങ്ങിയവയുടെയും കടം വാങ്ങിയവയുടെയും മേലുള്ള അവകാശവാദത്തിന്‍മേലും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:14
245. ക്രയവിക്രയം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കും ഈ നിയമം ബാധകമാണ്: ലേവ്യാ.25:14
246. അവകാശത്തര്‍ക്കങ്ങള്‍ക്കും ഇത് ബാധകമാണ്: പുറ.22:9
247. ഇതുപോലുള്ള മറ്റെല്ലാ വ്യവഹാരങ്ങള്‍ക്കും ഇത് ബാധകമാണ്: ആവ.25:12
248. പീഡകനെ കൊന്നാണെങ്കില്‍ പോലും പീഡിതരെ രക്ഷിക്കെണ്ടാതാണ്.
നിഷേധ കല്പനകള്‍.
I വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ
1. ഏകസത്യദൈവത്തെയല്ലാതെ അന്യദൈവങ്ങളെ ആരാധിക്കരുത്: പുറ.20:13
2. നിനക്ക് വേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്: പുറ.20:4
3. മറ്റുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടി വിഗ്രഹം ഉണ്ടാക്കരുത്: ലേവ്യാ.19:4
4. എന്തുദ്ദേശ്യത്തിനും വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്: പുറ.20:23
5. ഒരു വിഗ്രഹത്തെയും നമസ്കരിക്കരുത്: പുറ.20:5
6. ഒരു വിഗ്രഹത്തെയും സേവിക്കരുത്: പുറ.20:5
7. മോലെക്കിനു കുഞ്ഞുങ്ങളെ ബലി കഴിക്കരുത്: ലേവ്യാ.18:21
8. വെളിച്ചപ്പാടന്മാരുടെ അടുക്കല്‍ പോകരുത്: ലേവ്യാ. 19:31
9. മന്ത്രവാദികളുടെ അടുക്കല്‍ പോകരുത്: ലേവ്യാ.19:31
10. വിഗ്രഹപുരാണങ്ങളെ ഗൌരവമായി കണക്കാക്കരുത്: ലേവ്യാ.19:4
11. ദൈവത്തെ ആരാധിക്കാന്‍ പോലും ശിലാസ്തംഭം നാട്ടരുത്: ആവ.16:22
12. അതേ ഉദ്ദേശ്യത്തിനായി വേദി നിര്‍മ്മിക്കരുത്: ആവ.16:22
13. വിശുദ്ധ മന്ദിരത്തില്‍ അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കരുത്: ആവ.16:21
14. വിഗ്രഹങ്ങളുടെ പേരില്‍ സത്യം ചെയ്യുകയോ, ഒരു വിഗ്രഹാരാധിയെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുത്: പുറ.23:13
15. യിസ്രായേല്യരല്ലാത്തവരെപ്പോലും വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കരുത്: പുറ.23:13
16. യിസ്രായേല്യരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കരുത്: ആവ.13:13
17. വിഗ്രഹാരാധനയ്ക്ക് ഉപദേഷിക്കുന്നവന്‍റെ വാക്ക് കേള്‍ക്കരുത്: ആവ.13:8
18. അവനെ വെറുക്കാതിരിക്കരുത്: ആവ.13:9
19. അവനോടു കനിവ് തോന്നരുത്: ആവ.13:9
20. അവനെ ഒളിപ്പിക്കരുത്: ആവ.13:9
21. അവന്‍റെ കുറ്റം മറയ്ക്കരുത്: ആവ.13:9
22. വിഗ്രഹങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് ഒന്നും എടുക്കരുത്: ആവ.7:25
23. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളെ വീണ്ടും പണിയരുത്: ആവ.13:17
24. അതിന്‍റെ സമ്പത്തില്‍\നിന്ന് ഒന്നും അനുഭവിക്കരുത്: ആവ.13:18
25. വിഗ്രഹവും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ ഒന്നും ഉപയോഗിക്കരുത്: ആവ.7:26
26. വിഗ്രഹങ്ങളുടെ നാമത്തില്‍ പ്രവചിക്കരുത്: ആവ.18:20
27. ദൈവത്തിന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കരുത്: ആവ.18:20
28. വിഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രവചിക്കുന്നവനെ കേള്‍ക്കരുത്: ആവ.13:3
29. കള്ളപ്രവാചകനെ ഭയപ്പെടുകയോ അവന്‍റെ വധശിക്ഷയെ തടയുകയോ ചെയ്യരുത്. ആവ.18:22
30. വിഗ്രഹാരാധികളുടെ വഴികളെ അനുകരിക്കുകയോ, അവരുടെ മര്യാദകളെ പിന്തുടരുകയോ ചെയ്യരുത്: ലേവ്യാ.20:23
31. അവരുടെ ആചാര\മര്യാദകള്‍ അനുസരിക്കരുത്: ലേവ്യാ.19:26
32. പ്രശ്നം നോക്കരുത്: ആവ.18:10
33. മുഹൂര്‍ത്തം നോക്കരുത്: ആവ.18:10
34. ആഭിചാരം നോക്കരുത്: ആവ.18:10
35. മന്ത്രവാദം ചെയ്യരുത്: ആവ.18:10,11
36. ക്ഷുദ്രം പ്രവര്‍ത്തിക്കരുത്: ആവ.18:10
37. ലക്ഷണം നോക്കരുത്: ആവ.18:11
38. അഞ്ജനം നോക്കരുത് (മരിച്ചവരോട് ചോദിക്കരുത്) ആവ.18:11
39. പുരുഷന്‍റെ വസ്ത്രം സ്ത്രീ ധരിക്കരുത്: ആവ.22:5
40. സ്ത്രീയുടെ വസ്ത്രം പുരുഷന്‍ ധരിക്കരുത്: ആവ.22:5
41. വിഗ്രഹാരാധികളെപ്പോലെ ശരീരത്തില്‍ പച്ച കുത്തരുത്: ലേവ്യാ.19:28
42. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്: ആവ.22:11
43. തലമുടി ചുറ്റും വിളുമ്പ് വടിക്കരുത്: ലേവ്യാ.19:27
44. താടിയുടെ അറ്റം വിരൂപമാക്കരുത്: ലേവ്യാ.19:27
45. മരിച്ചവന് വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്: ലേവ്യാ.19:28; ആവ.14:1
II. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട വിലക്കുകള്‍
46. മിസ്രായീമിലേക്ക് മടങ്ങിച്ചെന്നു അവിടെ സ്ഥിരമായി പാര്‍ക്കരുത്: ആവ.17:16
47. അശുദ്ധചിന്തകളിലും കാഴ്ച്ചകളിലും മുഴുകരുത്. സംഖ്യാ.15:39
48. കനാനിലെ ഏഴു ജാതികളോടു ഉടമ്പടി ചെയ്യരുത്. പുറ.23:32
49. അവരില്‍ ആരേയും ജീവനോടെ വെച്ചേക്കരുത്: ആവ.20:16
50. വിഗ്രഹാരാധികളോട് കൃപ കാണിക്കരുത്: ആവ.7:2
51. അവരെ യിസ്രായേലില്‍ പാര്‍ക്കുവാന്‍ അനുവദിക്കരുത്: പുറ.23:33
52. അവരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടരുത്: ആവ.7:3
53. യെഹൂദാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍പ്പോലും ഒരു അമ്മോന്യനേയോ, മോവാബ്യനേയോ യെഹൂദാ സ്ത്രീ വിവാഹം കഴിക്കരുത്: ആവ.23:4
54. വംശപാരമ്പര്യം നിമിത്തം എശാവിന്‍റെ സന്തതിയെ വെറുക്കരുത്: ആവ.23:7
55. വംശപാരമ്പര്യം നിമിത്തം മിസ്രായീമ്യനെ വെറുക്കരുത്: ആവ.23:8
56. അമ്മോന്യ, മോവാബ്യ ജാതികളുമായി ഉടമ്പടി ചെയ്യരുത്: ആവ.23:3
57. യുദ്ധകാലത്ത് പോലും ഫല വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കരുത്: ആവ.20:19
58. ശത്രുവിനെ ഭയപ്പെടരുത്: ആവ.7:21
59. അമാലേക്ക് ചെയ്ത ദോഷം മറക്കരുത്: ആവ.25:19
III. ദൈവദൂഷണം
60. തിരുനാമാത്തെ ദുഷിക്കരുത്: ലേവ്യാ.24:16
61. യഹോവയുടെ നാമത്തെക്കൊണ്ട് കള്ളസത്യം ചെയ്യരുത്: ലേവ്യാ.19:12
62. യഹോവയുടെ നാമം വൃഥാ എടുക്കരുത്: പുറ.20:7
63. യഹോവയുടെ നാമം അശുദ്ധമാക്കരുത്: ലേവ്യാ.22:32
64. ദൈവമായ യഹോവയെ പരീക്ഷിക്കരുത്: ആവ.6:12
65. വിശുദ്ധ തിരുവെഴുത്തുകളില്‍നിന്ന് യഹോവയുടെ നാമത്തെ അഴിക്കുകയോ, അവന്‍റെ ആരാധനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയോ ചെയ്യരുത്: ആവ.12:4
66. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍റെ ശവം മരത്തില്‍ രാത്രി മുഴുവന്‍ ഇരിക്കരുത്: ആവ.21:22
IV. ദൈവാലയം
67. ദൈവാലയം സൂക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്: സംഖ്യാ.18:5
68. മഹാപുരോഹിതന്‍ തോന്നുമ്പോഴൊക്കെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യാ.16:2
69. അംഗഹീനനായ പുരോഹിതന്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യാ.21:23
70. താല്‍കാലികമായ അംഗഹീനത ബാധിച്ചാലും ദൈവാലയത്തിനകത്ത് വരരുത്: ലേവ്യാ.21:17
71. അംഗഹീനത നഷ്ടപ്പെടുന്നത് വരെ ശുശ്രൂഷയില്‍ പങ്കെടുക്കരുത്. ലേവ്യാ.21:18
72. ലേവ്യരും പുരോഹിതന്മാരും തങ്ങളുടെ പ്രവൃത്തി പരസ്പരം മാറ്റിച്ചെയ്യരുത്: സംഖ്യാ.18:3
73. മദ്യപന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുകയോ, ന്യായപ്രമാണം പഠിപ്പിക്കുകയോ ചെയ്യരുത്: ലേവ്യാ.10:9-11
74. പുരോഹിതന്മാര്‍ അല്ലാത്തവര്‍ വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: സംഖ്യാ.18:4
75. അശുദ്ധരായ പുരോഹിതന്മാരും വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: ലേവ്യാ.22:2
76. അശുദ്ധരായ പുരോഹിതന്മാര്‍ ആവശ്യമായ ശുദ്ധീകരണം കഴിഞ്ഞാലും അവരുടെ അശുദ്ധിയുടെ കാലത്ത് വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്. ലേവ്യാ.21:6
77. അശുദ്ധര്‍ ആലയത്തില്‍ പ്രവേശിക്കരുത്: സംഖ്യാ.5:3
78. അശുദ്ധന്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന മലയില്‍ പ്രവേശിക്കരുത്. ആവ.23:11
79. ചെത്തിയ കല്ലുകൊണ്ട് യാഗപീഠം നിര്‍മ്മിക്കരുത്: പുറ.20:25
80. യാഗപീഠത്തിന്മേല്‍ പടികളാല്‍ കയറരുത്: പുറ.20:26
81. യാഗപീഠത്തിലെ തീ അണയരുത്: ലേവ്യാ.6:9
82. നിയമാനുസൃതമായ സുഗന്ധധൂപം അല്ലാതെ മറ്റൊന്നും സ്വര്‍ണ്ണധൂപ പീഠത്തില്‍ കത്തിക്കരുത്: പുറ.30:9
83. അഭിഷേക തൈലം നിര്‍മ്മിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിത്യോപയോഗത്തിനുള്ള തൈലം നിര്‍മ്മിക്കരുത്: പുറ.30:32
84. അഭിഷേക തൈലം മനുഷ്യന്‍റെ ദേഹത്തില്‍ ഒഴിക്കരുത്: പുറ.30:32
85. സ്വര്‍ണ്ണധൂപപീഠത്തില്‍ സാധാരണ സുഗന്ധവര്‍ഗ്ഗം ഉപയോഗിക്കരുത്: പുറ.30:37
86. തണ്ടുകള്‍ പെട്ടകത്തില്‍ നിന്ന് മാറ്റരുത്: പുറ.25:15
87. പതക്കം ഏഫോദില്‍ നിന്ന് മാറ്റരുത്: പുറ.28:28
88. മഹാപുരോഹിതന്‍റെ അങ്കി കീറരുത്: പുറ.28:32
V. യാഗങ്ങള്‍
89. ആലയത്തിന് പുറത്തു യാഗങ്ങള്‍ അര്‍പ്പിക്കരുത്: ആവ.12:13
90. വിശുദ്ധീകരിക്കപ്പട്ട മൃഗങ്ങളെ സമാഗമന കൂടാരത്തിന് പുറത്തു വെച്ച് അറുക്കരുത്: ലേവ്യാ.17:3,4
91. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കരുത്: ലേവ്യാ.22:20
92. ഊനമുള്ള മൃഗത്തെ അറുക്കരുത്: ലേവ്യാ.22:22
93. ഊനമുള്ള മൃഗത്തിന്‍റെ രക്തം തളിക്കരുത്: ലേവ്യാ.22:24
94. ഊനമുള്ള മൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കരുത്: ആവ.22:23
95. ഊനം താത്കാലികമായിരുന്നാല്‍പ്പോലും മേല്‍പ്പറഞ്ഞവ ഒന്നും ചെയ്യരുതു: ആവ.17:1
96. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കുവാന്‍ അന്യനെപ്പോലും അനുവദിക്കരുത്: ലേവ്യാ.22:25
97. യാഗത്തിന് വിശുദ്ധീകരിക്കപ്പെട്ട മൃഗത്തിനു ഒരു ഊനവും വരുത്തരുത്: ലേവ്യാ.22:21
98. പുളിപ്പും തേനും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: ലേവ്യാ.2:11
99. ഉപ്പ് ചേര്‍ക്കാത്തതൊന്നും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: ലേവ്യാ.2:13
100. വേശ്യയുടെ കൂലിയായോ, നായയുടെ വിലയായോ ലഭിച്ച ഒരു മൃഗത്തേയും ആലയത്തില്‍ കൊണ്ടുവരരുത്: ആവ.23:19
101. ഒരു മൃഗത്തേയും അതിന്‍റെ കുട്ടിയേയും ഒരു ദിവസത്തില്‍ അറുക്കരുത്: ലേവ്യാ.22:28
102. പാപയാഗത്തില്‍ ഒലിവെണ്ണ ഒഴിക്കരുത്: ലേവ്യാ.5:11
103. അതില്‍ കുന്തുരുക്കവും ഇടരുത്: ലേവ്യാ.5:11
104. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ ഒലിവെണ്ണ ഉപയോഗിക്കരുത്: സംഖ്യാ.5:15
105. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ കുന്തുരുക്കം ഇടരുത്: സംഖ്യാ.5:15
106. യാഗമൃഗങ്ങളെ വെച്ചുമാറരുത്: ലേവ്യാ.27:10
107. ഒരു ഗണത്തിലുള്ളതിനെ മറ്റൊരു ഗണത്തിലേക്ക് മാറ്റരുത്: ലേവ്യാ.27:26
108. വിശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്: സംഖ്യാ.18:17
109. കന്നുകാലികളുടെ ദശാംശത്തെ വില്‍ക്കരുത്: ലേവ്യാ.27:32
110. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വില്‍ക്കരുത്: ലേവ്യാ.27:28
111. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വീണ്ടെടുക്കരുത്: ലേവ്യാ.27:28
112. പാപയാഗമായി അര്‍പ്പിക്കുന്ന പക്ഷിയെ കൊല്ലുമ്പോള്‍ അതിന്‍റെ തല രണ്ടായി പിളര്‍ക്കരുത്: ലേവ്യ.5:8
113. മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്: ആവ.15:19
114. ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കരുത്: ആവ.15:19
115. പുളിപ്പുള്ളപ്പോള്‍ പെസഹാക്കുഞ്ഞാടിനെ അറുക്കരുത്: പുറ.34:25
116. അര്‍പ്പിക്കേണ്ട ഭാഗങ്ങളെ പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: പുറ.12:10
117. പെസഹാക്കുഞ്ഞാടിന്‍റെ ഭക്ഷിക്കേണ്ട ഭാഗങ്ങളേയും പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: പുറ.12:10
118. ഉത്സവാര്‍പ്പണത്തിലെ യാതൊരംശവും മൂന്നാം ദിവസം വരെ വെച്ചേക്കരുത്: ലേവ്യ.7:17,18; 19:6
119. രണ്ടാം പെസഹയിലെ യാതൊന്നും ശേഷിപ്പിക്കരുത്: സംഖ്യാ.9:12
120. സ്തോത്രയാഗത്തെ പിറ്റേന്നാളത്തേക്ക് ശേഷിപ്പിക്കരുത്: ലേവ്യ.22:29,30
121. പെസഹക്കുഞ്ഞാടിന്‍റെ അസ്ഥി ഒന്നും ഒടിക്കരുത്: പുറ.12:46
122. രണ്ടാം പെസഹാക്കുഞ്ഞാടിന്‍റെയും അസ്ഥി ഒന്നും ഒടിക്കരുത്: സംഖ്യാ9:12.
123. പെസഹാമാംസം ഭക്ഷിക്കുന്ന വീട്ടില്‍നിന്നു ആ മാംസം ഒട്ടും പുറത്തുകൊണ്ടുപോകരുത്: പുറ.12:46
124. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുളിക്കുവാന്‍ അനുവദിക്കരുത്: ലേവ്യ.2:11
125. പെസഹാക്കുഞ്ഞാടിനെ പച്ചയായോ, വെള്ളത്തില്‍ പുഴുങ്ങിയോ തിന്നരുത്: പുറ.12:9
126. പരദേശിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:45
127. പരിച്ഛേദന ഏല്ക്കാത്തവനെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:48
128. വിശ്വാസത്യാഗിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:43
129. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവന്‍ യാതൊരു വിശുദ്ധ വസ്തുവും ഭക്ഷിക്കരുത്: ലേവ്യ.12:4
130. അശുദ്ധമായിത്തീര്‍ന്ന വിശുദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍ പാടില്ല: ലേവ്യ.7:19
131. കാലാവധി കഴിഞ്ഞു ശേഷിക്കുന്ന യാഗമാംസം ഭക്ഷിക്കരുത്: ലേവ്യ.19:6-8
132. ദുരുദ്ദേശ്യത്തോടുകൂടി അറുക്കപ്പെട്ട മാംസം ഭക്ഷിക്കരുത്: ലേവ്യ.7:18
133. പുരോഹിതനല്ലാത്തവന്‍ ഉദര്‍ച്ചാര്‍പ്പണം ഭക്ഷിക്കരുത്: ലേവ്യ.22:10
134. പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും അത് ഭക്ഷിക്കരുത്: ലേവ്യ.22:10
135. പരിച്ഛേദന ഏല്ക്കാത്തവന്‍ അത് ഭക്ഷിക്കരുത്: ലേവ്യ.22:10
136. അശുദ്ധനായ പുരോഹിതന്‍ അത് ഭക്ഷിക്കരുത്: ലേവ്യ.22:4
137. പുരോഹിതന്‍ അല്ലാത്ത ഒരുവനെ വിവാഹം കഴിച്ച പുരോഹിത പുത്രി വിശുദ്ധ സാധനങ്ങള്‍ ഭക്ഷിക്കരുത്: ലേവ്യ.22:12
138. പുരോഹിതന്‍റെ ഭോജനയാഗം ഭക്ഷിക്കരുത്: ലേവ്യ.6:23
139. പാപയഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്: ലേവ്യ.6:30
140. വിശുദ്ധീകരിക്കപ്പെട്ട മൃഗം ഊനമുള്ളതായിത്തീര്‍ന്നാല്‍ ഭക്ഷിക്കരുത്: ആവ.14:3
141. ധാന്യത്തിന്‍റെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.12:17
142. വീഞ്ഞിന്‍റെ രണ്ടാമത്തെ ദശാംശം കുടിക്കരുത്: ആവ.12:17
143. എണ്ണയുടെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.12:17
144. ഊനമില്ലാത്ത കടിഞ്ഞൂലുകളെ യെരുശലേമിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: ആവ.12:17
145. പുരോഹിതന്മാര്‍ പാപയാഗത്തേയും അകൃത്യയാഗത്തേയും പ്രാകാരത്തിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: ആവ.12:17
146. ഹോമയാഗത്തിന്‍റെ മാംസം ഭക്ഷിക്കുകയേ അരുത്: ആവ. 12:17
147. രക്തം തളിക്കുന്നതിനു മുന്‍പ് മറ്റു യാഗങ്ങളെയും ഭക്ഷിക്കരുത്: ആവ.12:17
148. വിശുദ്ധ യാഗങ്ങളെ പുരോഹിതന്‍ അല്ലാത്തവര്‍ ഭക്ഷിക്കരുത്: ആവ.12:7
149. പുരോഹിതന്‍ പ്രാകാരത്തിന് പുറത്തു വെച്ചു ആദ്യഫലം ഭക്ഷിക്കരുത്: പുറ.19:32
150. അശുദ്ധനായിരിക്കുമ്പോള്‍ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.26:14
151. വിലാപത്തില്‍ ആയിരിക്കുമ്പോഴും അത് ചെയ്യരുത്: ആവ.26:14
152. അതിന്‍റെ വീണ്ടെടുപ്പ് വില ഭക്ഷണപാനീയങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല: ആവ.26:14
153. ദശാംശം വേര്‍തിരിക്കാത്ത ഉത്പന്നങ്ങള്‍ ഒന്നും ഭക്ഷിക്കരുത്: പുറ.22:28
154. വിവിധ ദശാംശങ്ങള്‍ വേര്‍തിരിക്കുന്ന ക്രമം മാറ്റരുത്: പുറ.22:28
155. സ്വമേധാദാനമോ, അല്ലാത്തതോ ആയ വഴിപാടുകളുടെ വില നല്‍കുവാന്‍ താമസിക്കരുത്: ആവ.23:23
156. തീര്‍ഥാടനോത്സവങ്ങളില്‍ ദൈവാലയത്തില്‍ വെറും കൈയായി വരരുത്: പുറ.23:15-17
157. നേര്‍ച്ച ലംഘിക്കരുത്: സംഖ്യാ.30:3
VI. പുരോഹിതന്മാര്‍
158. പുരോഹിതന്‍ വേശ്യയെ വിവാഹം കഴിക്കരുത്: ലേവ്യാ.21:7
159. അവന്‍ ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്: ലേവ്യ.21:7
160. വിവാഹമോചനം കഴിഞ്ഞവളെ അവന്‍ വിവാഹം കഴിക്കരുത്: ലേവ്യ.21:7
161. മഹാപുരോഹിതന്‍ വിധവയെ വിവാഹം കഴിക്കരുത്: ലേവ്യ.21:14
162. അവന്‍ ഒരു വെപ്പാട്ടിയെ എടുക്കരുത്: ലേവ്യ.21:14
163. തലമുടി നീട്ടിവളര്‍ത്തി പുരോഹിതന്മാര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യ.10:6
164. കീറിയ വസ്ത്രത്തോട് കൂടെ അവര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യ.10:6
165. ദൈവാലയെ ശുശ്രൂഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുരോഹിതന്മാര്‍ പ്രാകാരം വിട്ടു പോകരുത്: ലേവ്യ.10:7
166. പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ബന്ധുക്കളാലല്ലാതെ ഒരു സാധാരണ പുരോഹിതന്‍ അശുദ്ധനാകരുത്: ലേവ്യ.21:1-3
167. മഹാപുരോഹിതന്‍ ആരാലും അശുദ്ധനാകാന്‍ പാടില്ല: ലേവ്യ.21:11
168. ഏതു കാരണത്താലും അവന്‍ അശുദ്ധനാകരുത്: ലേവ്യ.21:11
169. ലേവി ഗോത്രത്തിന് യിസ്രായേല്‍ ദേശത്തിന്‍റെ വിഭജനത്തില്‍ ഓഹരി ഉണ്ടായിരിക്കരുത്: ആവ.18:1
170. യുദ്ധത്തിലെ കൊള്ളയുടെ വിഭജനത്തില്‍ അവര്‍ക്ക് പങ്കുണ്ടാകരുത്: ആവ.18:1
171. മൃതവിലാപത്തിന്‍റെ അടയാളമായി കഷണ്ടി ഉണ്ടാക്കുവാന്‍ പാടില്ല: ആവ.14:1
VII. ഭോജനനിയമങ്ങള്‍
172. യെഹൂദന്‍ അശുദ്ധമൃഗങ്ങളെ ഭക്ഷിക്കരുത്: ആവ.14:7
173. അവന്‍ അശുദ്ധ മത്സ്യം ഭക്ഷിക്കരുത്: ലേവ്യ.11:9,10
174. അശുദ്ധപക്ഷികളെ അവന്‍ ഭക്ഷിക്കരുത്: ലേവ്യ.11:13
175. പറക്കുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കരുത്: ആവ.14:19
176. നിലത്ത് ഇഴയുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കുവാന്‍ പാടില്ല: ലേവ്യ.11:41
177. അവന്‍ ഇഴജന്തുക്കളെ തിന്നരുത്: ലേവ്യ.11:44
178. ഫലങ്ങളിലോ ഉത്പ്പന്നങ്ങളിലോ കാണപ്പെടുന്ന പുഴുക്കളെ ഭക്ഷിക്കരുത്: ലേവ്യ.11:42
179. അറപ്പായ ജന്തുക്കളെ ഭക്ഷിക്കരുത്: ലേവ്യ.11:43
180. താനേ ചത്തവയെ തിന്നരുത്: ആവ.14:21
181. പറിച്ചു കീറിപ്പോയതിനെ ഭക്ഷിക്കരുത്: പുറ.22:31
182. ജീവനുള്ള മൃഗത്തില്‍ നിന്നെടുത്ത യാതൊരു അവയവവും തിന്നരുത്: ആവ.12:23
183. തുടയുടെ തരത്തിലെ ഞരമ്പ് തിന്നരുത്: ഉത്പത്തി.32:32
184. രക്തം ഭക്ഷിക്കരുത്: ലേവ്യ.7:26
185. ഒരു പ്രത്യേക തരം മേദസ്സ് തിന്നാന്‍ പാടില്ല: ലേവ്യ.7:23
186. മാംസത്തെ പാലിനോടൊപ്പം പാകം ചെയ്യരുത്: പുറ.23:19
187. അങ്ങനെ പാകം ചെയ്തതിനെ ഭക്ഷിക്കരുത്: പുറ.34:26
188. കല്ലെറിഞ്ഞു കൊല്ലപ്പെട്ട കാളയുടെ മാംസം ഭക്ഷിക്കരുത്: പുറ.21:28
189. നീസാന്‍ മാസം പതിനാറാം തിയ്യതി വഴിപാട് കൊണ്ടുവരുന്ന ദിവസം വരെ പുതിയ ധാന്യം കൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരുത്: ലേവ്യ.23:14
190. വഴിപാട് കൊണ്ടുവരുന്ന ദിവസം വരെ മലര്‍ ഭക്ഷിക്കരുത്: ലേവ്യ.23:14
191. കതിര്‍ ഭക്ഷിക്കരുത്: ലേവ്യ.23:14
192. ആദ്യത്തെ മൂന്നു വര്‍ഷത്തെ ഫലം ഭക്ഷിക്കരുത്: ലേവ്യ.19:23
193. മുന്തിരിത്തോട്ടത്തില്‍ വേറൊരു വിത്ത് നട്ടാല്‍ അതിന്‍റെ ഫലം ഭക്ഷിക്കരുത്: ആവ.22:9
194. വിഗ്രഹങ്ങള്‍ക്ക് പാനീയ ബലി അര്‍പ്പിക്കരുത്: ആവ.32:37
195. അമിതഭക്ഷണവും മദ്യപാനവും അരുത്: ആവ.21:20
196. പാപപരിഹാര ദിവസത്തില്‍ ഭക്ഷണം കഴിക്കരുത്: ലേവ്യ.23:29
197. പെസഹയ്ക്ക് പുളിപ്പ് ഭക്ഷിക്കരുത്: പുറ.13:3
198. പെസഹയ്ക്ക് പുളിപ്പുള്ള യാതൊന്നും ഭക്ഷിക്കരുത്: പുറ.13:7
199. പെസഹയുടെ തലേ ദിവസം പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്” ആവ.16:3
200. പെസഹായ്ക്ക് ആരുടേയും കൈവശം പുളിപ്പൊന്നും കാണരുത്: പുറ.13:7
201. പെസഹയുടെ ഏഴു ദിവസങ്ങളിലും പുളിച്ച മാവ് കാണരുത്: പുറ.12:19
VIII. നാസീര്‍ വ്രതം
202. നാസീര്‍ വ്രതസ്ഥന്‍ വീഞ്ഞും മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്: സംഖ്യാ.6:3
203. പഴുത്ത മുന്തിരിങ്ങാ തിന്നരുത്: സംഖ്യാ.6:3
204. ഉണങ്ങിയ മുന്തിരിങ്ങാ തിന്നരുത്: സംഖ്യാ.6:3
205. മുന്തിരിയുടെ കുരു തിന്നരുത്: സംഖ്യാ.6:4
206. മുന്തിരിങ്ങയുടെ തൊലി തിന്നരുത്: സംഖ്യാ.6:4
207. ബന്ധുക്കളുടെ മരണം നിമിത്തം അവന്‍ കാര്‍മ്മികമായി സ്വയം അശുദ്ധനാകരുത്: സംഖ്യാ.6:7
208. ശവമുള്ള കൂടാരത്തില്‍ അവന്‍ പ്രവേശിക്കരുത്: ലേവ്യ.21:11
209. തല ക്ഷൌരം ചെയ്യരുത്: സംഖ്യാ.6:5
IX. കൃഷി
210. സാധുക്കള്‍ക്ക് വിടാതെ വയലിന്‍റെ അരിക് തീര്‍ത്ത് കൊയ്യരുത്: ലേവ്യ.23:22
211. കൊയ്ത്തു സമയത്ത് വീണ കാലാ പെറുക്കരുത്: ലേവ്യ.19:9
212. മുന്തിരിത്തോട്ടത്തിലെ കാലാ പെറുക്കരുത്: ലേവ്യ.19:10
213. മുന്തിരിത്തോട്ടത്തില്‍ വീണു കിടക്കുന്ന പഴം പെറുക്കരുത്: ലേവ്യ.19:10
214. മറന്നു പോയ കറ്റ എടുക്കാന്‍ മടങ്ങിപ്പോകരുത്: ആവ.24:19
215. വയലില്‍ കൂട്ടുവിത്തു വിതയ്ക്കരുത്: ലേവ്യ.10:19
216. മുന്തിരിത്തോട്ടത്തില്‍ ധാന്യം വിതയ്ക്കരുത്: ആവ.22:9
217. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്: ലേവ്യ.19:19
218. രണ്ടുതരം മൃഗങ്ങളെ ഒന്നിച്ചു പൂട്ടി ഉഴരുത്: ആവ.22:10
219. മെതിയ്ക്കുമ്പോള്‍ അത് ഭക്ഷിക്കാതിരിക്കുന്നതിനു കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്: ആവ.25:4
220. ഏഴാം വര്‍ഷത്തില്‍ നിലം വിതയ്ക്കരുത്: ലേവ്യ.25:4
221. ഏഴാം വര്‍ഷത്തില്‍ മുന്തിരിത്തോട്ടത്തില്‍ വള്ളിത്തല മുറിക്കരുത്: ലേവ്യ.25:4
222. ഏഴാം വര്‍ഷം (പതിവ് പോലെ) കൊയ്യരുത്: ലേവ്യ.25:5
223. ഏഴാം വര്‍ഷം പഴം പറിക്കരുത്: ലേവ്യ.25:5
224. യോബേല്‍ സംവത്സരത്തില്‍ വിതയ്ക്കുകയോ, വള്ളിത്തല മുറിക്കുകയോ ചെയ്യരുത്: ലേവ്യ.25:11
225. യോബേല്‍ സംവത്സരത്തില്‍ കൊയ്യരുതു: ലേവ്യ.25:11
226. യോബേല്‍ സംവത്സരത്തില്‍ പഴം പറിക്കരുത്: ലേവ്യ.25:11
227. യിസ്രായേല്‍ ദേശത്തു നിലം ജന്മം വില്‍ക്കരുത്: ലേവ്യ.25:23
228. ലേവ്യരുടെ ഭൂമി മാറ്റരുത്: ലേവ്യ.25:33
229. ലേവ്യനു ഉപജീവനം നല്‍കാതെ ഉപേക്ഷിക്കരുത്: ആവ.12:19
X. വായ്പ, വ്യാപാരം, അടിമകളോടുള്ള പെരുമാറ്റം
230. ഏഴാം വര്‍ഷത്തിനു ശേഷം വായ്പ മടക്കിച്ചോദിക്കാന്‍ പാടില്ല: ആവ.15:2
231. വിമോചന സംവത്സരം അടുത്തു എന്ന് പറഞ്ഞ് ദരിദ്രന് വായ്പ നിഷേധിക്കരുത്: ആവ.15:9
232. ദരിദ്രന് ഔദാര്യം നിഷേധിക്കരുത്: ആവ.15:7
233. സേവനകാലം പൂര്‍ത്തിയാകുമ്പോള്‍ എബ്രായ അടിമയെ വെറുങ്കയ്യായി അയച്ചു കളയരുത്: ആവ.15:13
234. മടക്കിക്കൊടുക്കുവാന്‍ നിവൃത്തി ഇല്ലാത്തവന്‍ എന്നറിഞ്ഞ് ഒരു കടക്കാരനെ ഉപേക്ഷിക്കരുത്: പുറ.22:25
235. മറ്റൊരു യെഹൂദന് പലിശക്ക് പണം കടം കൊടുക്കരുത്: ലേവ്യ.25:37
236. മറ്റൊരു യെഹൂദനില്‍ നിന്ന് പലിശക്ക് പണം കടം വാങ്ങരുത്: ലേവ്യ.23:20
237. ജാമ്യക്കാരനായോ, സാക്ഷിയായോ, ഉടമ്പടിയുടെ എഴുത്തുകാരനായോ പലിശയുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയില്‍ പങ്കാളിയാകരുത്: പുറ.22:25
238. കൂലിക്കാരന്‍റെ കൂലി വൈകിപ്പിക്കരുത്: ലേവ്യ.19:13
239. കടക്കാരനില്‍നിന്ന് പണയം ബലം പ്രയോഗിച്ചു വാങ്ങരുത്: ആവ.24:10
240. ദരിദ്രന്‍റെ പണയവസ്തു അവന് ആവശ്യമുള്ളപ്പോള്‍ നിന്‍റെ കൈവശം വയ്ക്കരുത്: ആവ.24:12
241. വിധവയുടെ കയ്യില്‍ നിന്ന് പണയം വാങ്ങരുത്: ആവ.24:17
242. ജീവനോപാധിയായ വസ്തുവിനെ കടക്കാരനില്‍ നിന്ന് പണയമായി വാങ്ങരുത്: ആവ.24:6
243. യെഹൂദനെ തട്ടിക്കൊണ്ട് പോകരുത്: പുറ.21:16
244. മോഷ്ടിക്കരുത്: ലേവ്യ.19:11
245. കൂട്ടുകാരന്‍റെ വസ്തു കവര്‍ച്ച ചെയ്യരുത്: ലേവ്യ.19:13
246. കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്: ആവ.19:14
247. ചതിക്കരുത്: ലേവ്യ.19:11
248. കടമോ, നിക്ഷേപമോ ആയി വാങ്ങിയതിനെ നിഷേധിക്കരുത്: ലേവ്യ.19:11
249. മറ്റൊരുവന്‍റെ വസ്തു സംബന്ധിച്ച് കള്ളസത്യം ചെയ്യരുത്: ലേവ്യ.19:11
250. വ്യാപാരത്തില്‍ ആരെയും വഞ്ചിക്കരുത്: ലേവ്യ.25:14
251. വാക്കാല്‍പ്പോലും ഒരുവനെ തെറ്റിദ്ധരിപ്പിക്കരുത്: ലേവ്യ.25:17
252. അന്യനെ വാക്കാല്‍പ്പോലും പീഡിപ്പിക്കരുത്: പുറ.22:21
253. കച്ചവടത്തില്‍ അവന് ദോഷം വരുത്തരുത്: പുറ.22:20
254. ഒളിച്ചോടി യിസ്രായേല്‍ ദേശത്തെത്തിയ അടിമയെ അവന്‍റെ യജമാനന്‍റെ കയ്യിലേല്‍പ്പിക്കരുത്: ആവ.23:15
255. ഇപ്രകാരമുള്ള അടിമയെ സ്വാര്‍ത്ഥത്തിനായി ഉപയോഗിക്കരുത്: ആവ.23:16
256. വിധവയെയും അനാഥനേയും ക്ലേശിപ്പിക്കരുത്: പുറ.22:22
257. എബ്രായ അടിമയെ പീഡിപ്പിക്കരുത്: ലേവ്യ.25:39
258. എബ്രായ അടിമയെ വില്‍ക്കരുത്: ലേവ്യ.25:42
259. അവരോടു കഠിനമായി പെരുമാറരുത്: ലേവ്യ.25:43
260. എബ്രായ അടിമയോടു കഠിനമായി പെരുമാറാന്‍ ഒരു വിജാതീയനെ അനുവദിക്കരുത്: ലേവ്യ.25:53
261. എബ്രായ ദാസിയെ വില്‍ക്കരുത്: പുറ.21:8
262. അവളെ വിവാഹം കഴിച്ചാല്‍ അവളുടെ ഉപജീവനം, ഉടുപ്പ്, വിവാഹമുറ എന്നിവ കുറയ്ക്കരുത്: പുറ.21:10
263. വിവാഹിതയായ ബദ്ധയെ വില്‍ക്കരുത്: ആവ.21:14
264. അവളോട് അടിമയോടെന്നപോലെ പെരുമാറരുത്: ആവ.21:14
265. കൂട്ടുകാരനുള്ള യാതൊന്നും മോഹിക്കരുത്: പുറ.20:17
266. വഷളത്തം പ്രവര്‍ത്തിക്കരുത്: ആവ.5:18
267. കൂട്ടുകാരന്‍റെ വിളവില്‍ അരിവാള്‍ വെയ്ക്കരുത്: ആവ.23:25
268. ഭക്ഷിക്കാവുന്നതിലധികം മുന്തിരിപ്പഴം പറിക്കരുത്: ആവ.23:24
269. കളഞ്ഞു കിട്ടിയ വസ്തു കയ്യില്‍ വച്ചേക്കരുത്: ആവ.22:3
270. ഭാരത്തിന്‍ കീഴെ കഷ്ടപ്പെടുന്ന മനുഷ്യനായാലും മൃഗത്തിനായാലും സഹായം നിഷേധിക്കരുത്: പുറ.23:5
271. അളവിലും തൂക്കത്തിലും അന്യായം ചെയ്യരുത്: ലേവ്യ.19:35
272. കൃത്യമല്ലാത്ത പടി സൂക്ഷിക്കരുത്: ആവ.25:13
XI. ന്യായപാലനം
273. ഒരു ന്യായാധിപതി അന്യായം ചെയ്യരുത്: ലേവ്യ.19:15
274. അവന്‍ സമ്മാനം വാങ്ങരുത്: പുറ.23:8
275. അവന്‍ പക്ഷാപാതം കാണിക്കരുത്: ലേവ്യ.19:15
276. അവന്‍ മനുഷ്യനെ ഭയപ്പെടരുത്: ആവ.1:17
277. ദരിദ്രനോട് പക്ഷാപാതം കാണിക്കരുത്: പുറ.23:3; ലേവ്യ.19:15
278. ദുഷ്ടനെ നീതീകരിക്കരുത്: പുറ.23:7
279. കുറ്റക്കാരനോട് കനിവ് കാണിക്കരുത്: ആവ.19:13
280. പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചു കളയരുത്: ആവ.24:17
281. അപരന്‍റെ അസാന്നിധ്യത്തില്‍ ഒരു വ്യവഹാരക്കാരന്‍റെ വാക്ക് കേള്‍ക്കരുത്: പുറ.23:2
282. ഒന്നിന്‍റെ ഭൂരിപക്ഷത്തില്‍ കൊലപാതകക്കുറ്റം വിധിക്കരുത്: പുറ.23:2
283. സത്യം എന്ന് ബോധ്യം ഇല്ലെങ്കില്‍ മറ്റൊരു ന്യായാധിപന്‍റെ അഭിപ്രായം ന്യായാധിപന്‍ സ്വീകരിക്കരുത്: പുറ.23:2
284. നിയമം അറിഞ്ഞുകൂടാത്തവനെ ന്യായാധിപനായി നിയമിക്കരുത്: ആവ.1:17
285. കള്ളസാക്ഷ്യം പറയരുത്: പുറ.20:16
286. ദുഷ്ടന്‍റെ സാക്ഷ്യം സ്വീകരിക്കരുത്: പുറ.23:1
287. വ്യവഹാരത്തില്‍ ഉള്‍പ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്ന് സാക്ഷ്യം സ്വീകരിക്കരുത്: ആവ.24:16
288. ഏക സാക്ഷിയുടെ വാമൊഴിയില്‍ വിധി പുറപ്പെടുവിക്കരുത്: ആവ.19:15
289. കൊല ചെയ്യരുത്: പുറ.20:13
290. സാഹചര്യത്തെളിവിനെ മാത്രം അടിസ്ഥാനമാക്കി കുറ്റം വിധിക്കരുത്: പുറ.23:7
291. വധശിക്ഷ അര്‍ഹിക്കുന്ന വ്യവഹാരങ്ങളില്‍ സാക്ഷി ന്യായാധിപനായിരിക്കുവാന്‍ പാടില്ല: സംഖ്യാ.35:30
292. ശരിയായ വിസ്താരവും കുറ്റസമ്മതവും കൂടാതെ ആരെയും വിധിക്കരുത്: സംഖ്യാ.35:12
293. പിന്നില്‍ നിന്നുപദ്രവിക്കുന്ന വ്യക്തിയോട് കനിവ് കാണിക്കുകയോ, ആ വ്യക്തിയുടെ ശിക്ഷയില്‍നിന്നൊഴിവാക്കുകയോ ചെയ്യരുത്: ആവ.25:12
294. ഭീഷണിമേല്‍ സംഭവിച്ച കുറ്റത്തിന് ശിക്ഷ നല്‍കരുത്: ആവ.22:26
295. മരണയോഗ്യനായ കൊലപാതകന്‍റെ ജീവന് വേണ്ടി വീണ്ടെടുപ്പുവില വാങ്ങരുത്: സംഖ്യാ.35:31
296. സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ കാലത്തിനു മുമ്പ് മടങ്ങി വരേണ്ടതിന് അവന്‍റെ വീണ്ടെടുപ്പുവില വാങ്ങരുത്: സംഖ്യാ.35:32
297. അപകടത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ സംശയിക്കരുത്: ലേവ്യ.19:16
298. വഴിയില്‍ ഇടര്‍ച്ച വെക്കരുത്: ലേവ്യ.19:14
299. അബദ്ധോപദേശം നല്‍കി ആരേയും വഴി തെറ്റിക്കരുത്: ലേവ്യ.19:14
300. കുറ്റക്കാരനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടിപ്പിക്കരുത്: ആവ.25:2,3
301. ഏഷണി പറഞ്ഞ് നടക്കരുത്: ലേവ്യ.19:16
302. ഹൃദയത്തില്‍ സഹോദരനെ ദ്വേഷിക്കരുത്: ലേവ്യ.19:17
303. യെഹൂദനെ അപമാനിക്കരുത്: ലേവ്യ.19:17
304. പക വെയ്ക്കരുത്: ലേവ്യ.19:18
305. പ്രതികാരം ചെയ്യരുത്: ലേവ്യ.19:18
306. പക്ഷിക്കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തള്ളയെ എടുക്കരുത്: ആവ.22:6
307. പുറ്റില്‍ ക്ഷൌരം ചെയ്യരുത്: ലേവ്യ.13:33
308. കുഷ്ഠരോഗത്തിന്‍റെ മറ്റു അടയാളങ്ങളെ മാറ്റിക്കളയരുത്: ആവ.24:8
309. വധിക്കപ്പെട്ട ശരീരം കണ്ടെടുത്ത താഴ്വരയില്‍ കൃഷി ചെയ്യരുത്: ആവ.21:4
310. ക്ഷുദ്രക്കാരത്തിയെ ജീവനോടെ വെച്ചേക്കരുത്: പുറ.22:18
311. പുതുതായി വിവാഹിതനായവനെ ഒരു വര്‍ഷം സൈന്യസേവനത്തിനു നിര്‍ബന്ധിക്കരുത്: ആവ.24:5
312. ന്യായപ്രമാണത്തിന്‍റെ പാരമ്പര്യം സംപ്രേഷണം ചെയ്യുന്നവരോട് മത്സരിക്കരുത്: ആവ.17:11
313. ന്യായപ്രമാണത്തിലെ കല്പനകളോട് ഒന്നും കൂട്ടരുത്: ആവ.13:1
314. ന്യായപ്രമാണത്തിലെ കല്പനകളില്‍നിന്ന് ഒന്നും കുറയ്ക്കരുത്: ആവ.13:1
315. ന്യായാധിപതിയെ ശപിക്കരുത്: പുറ.22:28
316. അധിപതിയെ ശപിക്കരുത്: പുറ.22:27
317. യെഹൂദനെ ശപിക്കരുത്: ലേവ്യ.19:14
318. അപ്പനെയോ, അമ്മയേയോ ശപിക്കരുത്: പുറ.21:17
319. അപ്പനെയോ, അമ്മയേയോ അടിക്കരുത്: പുറ.21:15
320. ശബ്ബത്തു നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.20:10
321. അന്ന് നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറം നടക്കരുത്: പുറ.16:29
322. ശബ്ബത്തു നാളില്‍ ശിക്ഷിക്കരുത്: പുറ.35:3
323. പെസഹയുടെ ഒന്നാം നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.12:16
324. പെസഹയുടെ ഏഴാം നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.12:16
325. ആദ്യഫലാര്‍പ്പണദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:21
326. കാഹളനാദോത്സവത്തില്‍ സാമാന്യ വേല യാതൊന്നും ചെയ്യരുത്: ലേവ്യ.23:25
327. കൂടാരപ്പെരുന്നാളിന്‍റെ ഒന്നാം ദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:25
328. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം ദിവസം വേല ഒന്നും ചെയ്യരുത്: ലേവ്യ.23:36
329. പാപപരിഹാരദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:28
XII. അഗമ്യഗമനവും മറ്റു വിലക്കപ്പെട്ട ബന്ധങ്ങളും
330. അമ്മയോട് ലൈംഗിക ബന്ധം അരുത്: ലേവ്യ.18:7
331. അപ്പന്‍റെ ഭാര്യയോടൊപ്പവും അരുത്: ലേവ്യ.18:8
332. സഹോദരിയോടൊപ്പവും അരുത്: ലേവ്യ.18:9
333. അര്‍ദ്ധസഹോദരിയുമായി അരുത്: ലേവ്യ.18:11
334. മകന്‍റെ മകളുമായി അരുത്: ലേവ്യ.18:10
335. ചെറുമകളുമായും അരുത്: ലേവ്യ.18:10
336. മകളുമായും അരുത്: ലേവ്യ.18:10
337. ഒരു സ്ത്രീയോടും അവളുടെ മകളോടും ലൈംഗികബന്ധം അരുത്: ലേവ്യ.18:17
338. ഒരു സ്ത്രീയോടും അവളുടെ മരുമകളോടും ബന്ധം അരുത്: ലേവ്യ.18:17
339. അമ്മൂമ്മയോടും അവളുടെ ചെറുമകളോടും ബന്ധം അരുത്: ലേവ്യ.18:17
340. മരുമകനും അമ്മായിയമ്മയും തമ്മിലും ബന്ധം അരുത്: ലേവ്യ.18:12
341. അമ്മയുടെ സഹോദരിയുമായി അരുത്: ലേവ്യ.18:13
342. ഇളയമ്മയോടും ബന്ധം അരുത്: ലേവ്യ.18:14
343. മരുമകളോട് ബന്ധം അരുത്: ലേവ്യ.18:15
344. സഹോദരന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം അരുത്: ലേവ്യ.18:16
345. ഭാര്യയുടെ സഹോദരിയുമായി ലൈംഗികബന്ധം അരുത്: ലേവ്യ.18:18
346. ഋതുവായ സ്ത്രീയോടു ലൈംഗിക ബന്ധം അരുത്: ലേവ്യ.18:19
347. വ്യഭിചാരം ചെയ്യരുത്: ലേവ്യ.18:20
348. പുരുഷന്‍ മൃഗസംഗം ചെയ്യരുത്: ലേവ്യ.18:23
349. സ്ത്രീ മൃഗസംഗം ചെയ്യരുത്: ലേവ്യ.18:23
350. സ്വവര്‍ഗ്ഗസംഭോഗം അരുത്: ലേവ്യ.18:22
351. പിതാവിനോടൊപ്പം സ്വവര്‍ഗ്ഗസംഭോഗം അരുത്: ലേവ്യ.18:17
352. അപ്പന്‍റെ സഹോദരനോടും സ്വവര്‍ഗ്ഗ സംഭോഗം അരുത്: ലേവ്യ.18:14
353. സ്വന്തം ഭാര്യയോടല്ലാതെ മറ്റാരോടും അടുത്ത ശാരീരിക ബന്ധം പുലര്‍ത്തരുത്: ലേവ്യ.18:6
354. യെഹൂദന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്യരുത്: ആവ.23:3
355. വേശ്യാവൃത്തി ചെയ്യരുത്: ആവ.23:18
356. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മറ്റൊരുവനെ വിവാഹം ചെയ്തു എങ്കില്‍ വീണ്ടും ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യരുത്: ആവ.24:4
357. പുത്രനില്ലാത്ത വിധവ ദേവരനെ (=ഭര്‍ത്താവിന്‍റെ സഹോദരന്‍) അല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുത്: ആവ.25:5
358. ബലാത്സംഗം ചെയ്തശേഷം വിവാഹം ചെയ്ത സ്ത്രീയെ അവന്‍ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: ആവ.22:29
359. വിവാഹം കഴിച്ച കന്യകയെ അപവാദം പറഞ്ഞുണ്ടാക്കിയവനും അവളെ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: ആവ.22:19
360. ഷണ്ഡന്‍ യെഹൂദസ്ത്രീയെ വിവാഹം കഴിക്കരുത്: ആവ.23:2
361. വൃഷണഛേദനം അരുത്: ലേവ്യ.22:24
XIII രാജവാഴ്ച
362. തിരഞ്ഞെടുക്കപ്പെട്ട രാജാവ് യിസ്രായേല്‍ സന്തതി ആയിരിക്കണം: ആവ.17:15
363. അവന് കുതിര അനവധി ഉണ്ടാകരുത്: ആവ. 17:16
364. അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്: ആവ. 17:17
365. അവന്‍ അധികം സമ്പാദിക്കരുത്: ആവ.17:17
One Comment on “ന്യായപ്രമാണത്തിലെ 613 കല്പനകള്‍”
‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’
അള്ളഹുവിന്‍റെ ഇത്തരത്തിലുള്ള വാക്കുകളല്ലേ ഇസ്ലാമിനെ
വാളിന്‍റെ മതമാക്കുന്നത്. ‘പര്‍വ്വതം പോലുള്ള പാപം’ ഇല്ലാത്തവനെങ്ങാനും ചെന്നാല്‍ അള്ളാഹുവിന്‍റെ സ്വഭാവമറിയും.