ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-4)
അനില്‍ കുമാര്‍ വി.അയ്യപ്പന്
III. ഖുര്‍ആനിലെ മന്സൂഖും നസ്ഖും (അള്ളാഹുവിന്റെ വാക്കിന് വിലയില്ല!)
തനിക്ക് ജിബ്രീലില്‍ നിന്ന് ആദ്യവെളിപ്പാട് ലഭിച്ചു എന്നവകാശപ്പെട്ടതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ മുഹമ്മദ് രഹസ്യമായാണ് പ്രബോധനം നിര്‍വ്വഹിച്ചിരുന്നത്. അടുത്ത ബന്ധുക്കളോടും ഏറ്റവുമടുത്ത സുഹൃത്തുക്കളോടും മാത്രം അദ്ദേഹം അള്ളാഹുവിനെപ്പറ്റി പറഞ്ഞു. ആദ്യത്തെ മൂന്ന് വര്‍ഷത്തിനു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍ പരസ്യ പ്രബോധന കാലമായിരുന്നു. അങ്ങനെ മൊത്തം 13 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മുഹമ്മദിന് മക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത് നൂറില്‍ താഴെ അനുയായികളെ മാത്രമായിരുന്നു. അതും സാമൂഹ്യശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ . പ്രമാണിമാരായ അനുയായികള്‍ എന്ന് പറയാനുള്ളത് അബൂബക്കര്‍, ഉമര്‍ ഇബ്നു ഖത്താബ്, ഉസ്മാന്, അലി തുടങ്ങി ഒരു കയ്യിലെ വിരല്‍ കൊണ്ട് എണ്ണാന്‍ പറ്റുന്നത്ര ചുരുക്കം പേര് !
ഇങ്ങനെ മക്കയിലെ ബഹുദൈവാരാധകര്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായി മുസ്ലീങ്ങള്‍ ജീവിക്കുന്ന കാലത്ത് മലക്ക് മുഹമ്മദിന് ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും പില്ക്കാലത്ത് മുഹമ്മദ് മദീനയിലേക്ക് പലായനം ചെയ്തു മദീന കേന്ദ്രമാക്കിക്കൊണ്ട് ഒരു ഇസ്ലാമിക രാഷ്ട്രം വാളിന്റെ വായ്ത്തലയുടെ ബലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം മലക്ക് ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും തമ്മില്‍ ഉള്ളടക്കത്തില്‍ വളരെ വലിയ വ്യത്യാസമാണുള്ളത്. കാലാനുക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചാല്‍ ഈ വൈരുദ്ധ്യം എളുപ്പം കണ്ണില്‍പ്പെടും എന്നുള്ളതിനാലാണ് ഇന്നത്തെ നിലയില്‍ അടുക്കും ചിട്ടയുമില്ലാത്ത വിധം ഖുര്‍ആന്‍ ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. തന്റെ അനുയായികള്‍ ദുര്‍ബ്ബലരായിരിക്കുമ്പോള്‍ സമാധാന മാര്‍ഗ്ഗം ഉപദേശിക്കുകയും അനുയായികള്‍ക്ക് അധികാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ സമാധാന മാര്‍ഗ്ഗം തള്ളിക്കളഞ്ഞു അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇരുവാക്കുകാരനാണ് അള്ളാഹു എന്ന് മറ്റുള്ളവര്‍ പറയാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ ഇന്നത്തെ നിലയില്‍ കുഴഞ്ഞു മറിഞ്ഞു തന്നെ കിടക്കണം.
ആദ്യം താന്‍ പറഞ്ഞ വാക്യങ്ങള്‍ക്കെതിരായി പുതിയ വാക്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവതരിപ്പിക്കുമ്പോള്‍ അതിനും മലക്കിന് ന്യായീകരണമുണ്ട്. സൂറാ,2:106 നോക്കാം. (ഖുര്‍ആന്‍ കാലാനുക്രമമായിട്ടാണ് ക്രോഡീകരിച്ചിരുന്നതെങ്കില്‍ ഈ ആയത്ത് സൂറാ.87- ല്‍ ആണ് വരേണ്ടിയിരുന്നത്):
“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?“
“ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന് മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101. കാലനുക്രമത്തിലാണെങ്കില്‍ സൂറാ 70-ലായിരുന്നു ഈ ആയത്ത് ഉണ്ടാകുക)
ഖുര്‍ആനിലെ ആയത്തുകളെ ദുര്ബ്ബലപ്പെടുത്തുകയോ റദ്ദ് ചെയ്യുകയോ ചെയ്യുന്ന ഈ കലാപരിപാടിക്ക് മുസ്ലീം പണ്ഡിതര്‍ പറയുന്ന പേരാണ് ‘മന്‍സൂഖ്’ എന്നത്. ദുര്ബ്ബലപ്പെടുത്തുകയോ റദ്ദു ചെയ്യുകയോ ചെയ്തിട്ട് പകരം മലക്ക് ഓതിക്കൊടുത്തെന്നു പറയപ്പെടുന്ന ആയത്തുകള്‍ക്ക് പറയുന്ന പേര് ‘നസ്ഖ്’ എന്നാണ്. ഖുര്‍ആനിലെ ഏതെല്ലാം ആയത്തുകളാണ് ‘മന്‍സൂഖ്’, ഏതെല്ലാം ആയത്തുകളാണ് ‘നസ്ഖ്’ എന്ന കാര്യത്തില്‍ മുസ്ലീം പണ്ഡിതര്‍ക്കിടയില്‍ എകാഭിപ്രായമല്ല ഉള്ളത്. മന്‍സൂഖായതെന്നു ചിലര്‍ കരുതുന്ന ആയത്തുകള്‍ മറ്റുചിലരുടെ ദൃഷ്ടിയില് മന്‍സൂഖ് അല്ല. ചിലര്‍ വാദിക്കുന്നത് മന്‍സൂഖ് ആയ ആയത്തുകള്‍ മുസ്ലീങ്ങള്‍ അനുസരിക്കേണ്ട ആവശ്യമില്ലെന്നാണ്. മറുഭാഗത്തുള്ളവര്‍ വാദിക്കുന്നത് ഖുര്‍ആനിലെ എല്ലാ ആയത്തുകളും ഒരു ഇസ്ലാം മതവിശ്വാസി അനുസരിക്കാന്‍ കടപ്പെട്ടവനാണ് എന്നത്രേ. ചുരുക്കത്തില്‍, മലക്ക് അല്ലെങ്കില്‍ മുഹമ്മദ് റദ്ദ് ചെയ്ത ആയത്തുകള്‍ ഏതു, സ്ഥിരപ്പെടുത്തിയ ആയത്തുകള്‍ ഏതു എന്നറിയാതെ പാവം മുസ്ലീം പണ്ഡിതര്‍ അന്ധന്മാര് ആനയെ കണ്ടതുപോലെ ഇരുട്ടില്‍ തപ്പുകയാണ്.
ഇതിലെ തമാശ ഇതൊന്നുമല്ല. ‘അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം ഉണ്ടാവുകയില്ല’ (സൂറാ.10:64), “അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല” (സൂറാ.18:27) “തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (സൂറാ.15:9) എന്ന് ഇതേ ഖുര്‍ആനില്‍ ഇതേ മലക്ക് പ്രസ്താവിച്ചിട്ടുമുണ്ട് എന്നതാണത്. ഇതില്‍ ഏതാണ് ഒരു മുസ്ലീം വിശ്വാസത്തിലെടുക്കേണ്ടത്? ‘അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം ഉണ്ടാവുകയില്ല’ എന്നത് സത്യമാണെന്ന് വിശ്വസിച്ചാല്‍, ‘അള്ളാഹു തന്റെ തന്നെ വചനങ്ങളെ ദുര്‍ബ്ബലപ്പെടുത്തി പകരം അതിനേക്കാള്‍ മെച്ചമായവ കൊണ്ടുവരും’ എന്ന് പറഞ്ഞിരിക്കുന്ന ആയത്തുകള്‍ എല്ലാം നുണയാണ്, അത് അല്ലാഹുവിന്റെ വചനമാണെന്ന് ഒരു മുസ്ലീം വിശ്വസിക്കരുത്. അതല്ല, ‘അള്ളാഹു അടിക്കടി തന്റെ വചനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ആളാണെങ്കില്‍ ‘അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം ഉണ്ടാവുകയില്ല’ എന്ന മട്ടിലുള്ള ആയത്തുകളെല്ലാം നുണയാണ്, അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള വചനമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. ഏതായാലും ഇത് രണ്ടും ഒരുമിച്ചു സത്യമാവുകയില്ല എന്ന കാര്യം ചിന്താശേഷിയുള്ള ഏതൊരാളും രണ്ടാമതൊരുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുമെന്ന കാര്യത്തില്‍ വായനക്കാര്‍ക്ക് സംശയമുണ്ടാവുകയില്ലല്ലോ! മാത്രമല്ല, വെറും 23 കൊല്ലത്തിനിടയിലാണ് ഈ മാറ്റം മറിച്ചലുകള്‍ വന്നിരിക്കുന്നതെന്നും ഓര്‍ക്കണം.
ഭാവികാണാന്‍ കഴിവില്ലാത്ത മനുഷ്യനാണ് ഓരോ കാലഘട്ടത്തിലും ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രമാണങ്ങള്‍ കൊണ്ടുവന്നു സമൂഹത്തെയും ജീവിതത്തേയും പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെല്ലാം ഒരുപോലെ അറിയുന്ന സര്‍വ്വജ്ഞാനിയെന്നു മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹുവിന് “ഓരോ കാലഘട്ടത്തിനും ഓരോ പ്രമാണഗ്രന്ഥമുണ്ട്” (സൂറാ.13:38) എന്നും “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്” (സൂറാ.2:106) എന്നും പറയേണ്ടി വരുന്നതിലൂടെ തെളിയുന്നത് മനുഷ്യന്റെ പരിമിതമായ ബുദ്ധിശക്തിക്ക് തുല്യമായ ബുദ്ധിശക്തി മാത്രമേ ഖുര്‍ആനിലെ അല്ലാഹുവിന് ഉള്ളൂ എന്നതല്ലേ? മുസ്ലീങ്ങള്‍ പറയുന്ന അള്ളാഹു സര്‍വ്വജ്ഞാനി ആയിരുന്നെങ്കില്‍, ‘ആദ്യത്തേതിനേക്കാള്‍ ഉത്തമമായത്’ എന്ന് പറഞ്ഞു തന്ന ഈ ആയത്തുകളെല്ലാം ആദ്യം തന്നെ തന്നാല്‍ മതിയായിരുന്നല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ താന്‍ പറഞ്ഞത് വിഴുങ്ങേണ്ടി വരുന്ന സഹതാപാര്‍ഹമായ ദുര്‍ഗതി ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത് ഭാവി അറിയാന്‍ കഴിവില്ലാത്ത സാധാരണ മനുഷ്യന് മാത്രമായ മുഹമ്മദിന്റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമാണ് അള്ളാഹു എന്നതാണ്.
ഇനി നമുക്ക് ‘മന്‍സൂഖ്’ (റദ്ദ് ചെയ്യപ്പെട്ടത്) ആയതും ‘നസ്ഖ്’ (റദ്ദ് ചെയ്യപ്പെട്ടതിനു പകരം കൊണ്ടുവന്നത് ) ആയതുമായ ഖുര്‍ആന്‍ വചനങ്ങളില്‍ ചിലത് പരിശോധിക്കാം. കാലനുക്രമത്തിലാണ് ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ആ സൂറയുടെ സ്ഥാനം എത്രാമത്തെ ആയിരിക്കും എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു:
A . അപവാദത്തോടുള്ള സമീപനം
“അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക” സൂറാ. 3:10 (സൂറാ.73:10)
(“സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാന്‍ ഒരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറി നില്ക്കാന് അല്ലാഹു നബി(സ)യെ ഉദ്ബോധിപ്പിക്കുന്നു” എന്ന് നിച്ച് ഓഫ് ട്രൂത്തിന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുമുണ്ട്.)
ഖുര്‍ആനില്‍ ഈ വാക്യം 73ം അധ്യായത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ മക്കയില്‍ വെച്ച് താന്‍ പ്രവാചകനാണെന്ന് അരസ്യപ്പെടുത്തിയ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കാലക്രമമനുസരിച്ചു ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളും ക്രമീകരിച്ചിരുന്നെങ്കില്‍ മൂന്നാം അധ്യായത്തിലായിരിക്കും ഈ ആയത്ത് സ്ഥിതി ചെയ്യുമായിരുന്നത്. ഈ ആയത്ത് അവതരിച്ച പശ്ചാത്തലം നാം മനസ്സിലാക്കണം. മുഹമ്മദിന്റെ ആദ്യഭാര്യ ഖദീജയല്ലാതെ മറ്റാരും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവനും പരിഹസിക്കുന്നു. അവരോടു എതിരിടാനുള്ള ശേഷിയും ശേമുഷിയും മുഹമ്മദിനില്ല. അവരോട് എതിരിടാന്‍ നിന്നാല്‍ മുഹമ്മദിന്റെ തടി കേടാകും എന്ന് മനസ്സിലാക്കിയ മലക്ക് ബുദ്ധിപൂര്‍വ്വം ഉപദേശം കൊടുക്കുകയാണിവിടെ, ‘നീയങ്ങ് ക്ഷമിക്ക്, എന്നിട്ട് ഭംഗിയായ വിധത്തില്‍ (തടി കേടാകാത്ത വിധത്തില്‍’ എന്ന് പച്ച മലയാളം) അവരില്‍ നിന്ന് മാറിപ്പോയ്ക്കോ’ എന്ന്. ഈ ഉപദേശത്തെ കുറ്റം പറയാന്‍ പറ്റില്ല. ക്ഷമിക്കുന്നതെപ്പോഴും നല്ല കാര്യമാണ്. ‘ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ.
എന്നാല്‍ കാലം കുറെ കഴിഞ്ഞു, മുഹമ്മദ് മദീനയിലെത്തി. മദീനക്ക് സമീപത്തുകൂടി പോയിരുന്ന വാണിജ്യസംഘങ്ങളെ കൊള്ളയടിച്ചു മുഹമ്മദും സംഘവും സമ്പത്തുണ്ടാക്കുകയും ആ സമ്പത്തുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നെ മദീനയിലും ചുറ്റുപാടുമുള്ള യെഹൂദ ഗോത്രങ്ങളെ ആക്രമിച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും ചെയ്തു. ഇങ്ങനെ മദീന കേന്ദ്രമാക്കി ഒരു മുസ്ലീം രാഷ്ട്രം രൂപീകരിക്കപ്പെടുകയും മുഹമ്മദിന്റെ കീഴില്‍ സുശക്തമായ മുസ്ലീം സൈന്യം നില കൊള്ളുകയും ചെയ്തപ്പോള്‍ അതാ വരുന്നു മലക്കിന്റെ ആയത്ത്, സൂറാ. 8:12 (88:12) ന്റെ രൂപത്തില്‍ :
“നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.”
കുറച്ചു നാള് മുന്‍പേ മലക്ക് വേറെ ഒരു ആയത്തും കൂടി കൊണ്ടുവന്നു കൊടുത്തിരുന്നു:
“അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് ( അവിടെ വെച്ച് ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (സൂറാ.2:191 (87:91)
എങ്ങനെയുണ്ട് കാര്യം? മുഹമ്മദും കൂട്ടരും മക്കയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായി ജീവിച്ചിരുന്ന കാലത്ത് സത്യനിഷേധികളുടെ മനസ്സില്‍ ഭയം ഇട്ടുകൊടുക്കാനുള്ള കഴിവ് അല്ലാഹുവിനുണ്ടായിരുന്നില്ലേ? അനുയായികള്‍ ദുര്‍ബ്ബലരയിരിക്കുമ്പോള്‍ അല്ലാഹു ദുര്‍ബ്ബലരില്‍ ദുര്ബ്ബലന്; അനുയായികള്‍ ശക്തരായിക്കുമ്പോള്‍ അല്ലാഹുവും ശക്തരില്‍ ശക്തന് !!തീര്‍ന്നില്ല, മുഹമ്മദും കൂട്ടരും മക്കയും കീഴടക്കി ശക്തി പ്രാപിച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു മലക്ക്, പുതിയൊരു ആയത്തും കൊണ്ട്:
“അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും” സൂറാ.5:33 (112:33)
പോരേ പൂരം! മക്കയില്‍ വെച്ച് അല്ലാഹുവിനെയും മുഹമ്മദിനേയും എതിര്‍ത്തവരോട് ക്ഷമിക്കാന്‍ പറഞ്ഞ മലക്ക് തന്നെയാണ് പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റിയത് എന്നോര്‍ക്കണം. യഥാര്‍ത്ഥ ദൈവം ഇങ്ങനെ വാക്ക് മാറ്റുന്നവനല്ല എന്ന് ക്രിസ്ത്യാനികളായ ഞങ്ങള്‍ക്കറിയാം.
ഇവിടെ ആശയക്കുഴപ്പത്തിലകപ്പെടുന്നത് ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസല്‍മാനാണ്. മുഹമ്മദിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഖുര്‍ആന്‍ 73:10 പ്രകാരം അവരോട് ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണമോ അതോ ഖുര്‍ആന്‍ 5:33 പ്രകാരം അവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്ന് വെട്ടിക്കളഞ്ഞു പിന്നെ അവരെ കൊല്ലണമോ? ഏതെങ്കിലും ഒന്ന് അനുസരിച്ചാല്‍ മറുഭാഗത്തുള്ള ആയത്ത് ലംഘിക്കുകയാണ്. ലംഘിക്കുന്നതും അല്ലാഹുവിന്റെ ആയത്ത് തന്നെയാണ്, ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം എന്നോര്‍ക്കണം!!
B. വിശ്വാസം
അല്ലാഹുവിലുള്ള വിശ്വാസത്തേയും അവിശ്വാസത്തെയും പറ്റി ഖുര്‍ആനിലുള്ള വിരുദ്ധ ആയത്തുകള്‍ കാണുക:
“നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്.” സൂറാ.10:99,100 (സൂറാ.51:99,100)
യാതൊരു വ്യാഖ്യാനത്തിനും ആവശ്യമില്ലാത്ത വിധം വളരെ വ്യക്തമായ വാക്യങ്ങളാണ് മുകളില്‍ ഉള്ളത്. ഭൂമിയിലുള്ളവരെല്ലാം സത്യവിശ്വാസികളാകാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങളെ സത്യവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അല്ലാഹു വ്യക്തമാക്കുന്നു. എന്നാല്‍ മുഹമ്മദ് ശക്തി പ്രാപിച്ചതിനു ശേഷം മലക്ക് കൊണ്ടുവന്നു കൊടുത്ത ആയത്തുകള്‍ നോക്കുക, മുകളില്‍ പറഞ്ഞതിന് കടകവിരുദ്ധമാണത്:
“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല” സൂറാ.2:193 (സൂറാ.87:193)
“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്” സൂറാ.8:39 (സൂറാ.88:39)
“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” സൂറാ.9:123 (സൂറാ.113:123)
മതം മാറാന്‍ ആരേയും നിര്‍ബന്ധിക്കരുത് എന്ന് സൂറ.10:99,100- ല്‍ പറഞ്ഞിട്ടുള്ള മലക്ക്, മുസ്ലീങ്ങള്‍ സംഘടിത ശക്തിയായിത്തീര്‍ന്നതിന് ശേഷം കല്‍പ്പിക്കുന്നത് ‘മതം മുഴുവന്‍ അല്ലാഹുവിന്റെ കീഴിലാകുന്നത് വരെ സത്യനിഷേധികളോട് യുദ്ധം ചെയ്യണം’ എന്നാണ്. ഇത് രണ്ടും മലക്ക് കൊടുത്തു എന്ന് പറയപ്പെടുന്ന ഇന്നത്തെ ഖുര്‍ആനില്‍ ഉള്ള ആയത്തുകളാണ്. ഖുര്‍ആന്‍ അക്ഷരംപ്രതി അനുസരിക്കണം എന്ന് ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയുള്ള വൈരുദ്ധ്യം നിറഞ്ഞ ആയത്തുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ അനുസരിക്കാന്‍ പറ്റൂ.
C. ശത്രുക്കളോടുള്ള സമീപനം.
മറ്റു പല വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഖുര്‍ആനില്‍ ഉള്ള വൈരുദ്ധ്യ നിലപാട് നോക്കുക:
“തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക” സൂറാ.15:85 (സൂറാ.54:85)
ഈ ആയത്തിന് നിച്ച് ഓഫ് ട്രൂത്ത് പുറത്തിറക്കിയ ഖുര്‍ആനില്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി വ്യാകുലപ്പെടെണ്ടതില്ല. ന്യായവിധിയുടെ നാള് വരുമെന്ന് ഉറപ്പാണ്. അതിനാല്‍ അവരുടെ ദുഷ്ടതകള്‍ക്ക് മാപ്പ് നല്കിയേക്കുക. അല്ലാഹു അവരെ കൈകാര്യം ചെയ്തു കൊള്ളും.” തീര്‍ച്ചയായും ഈ വിധമുള്ള ചിന്താഗതി യുക്തിഭദ്രമാണ്. പരലോകത്ത് നരകശിക്ഷാവിധി സത്യനിഷേധികള്‍ക്കുണ്ട് എന്നറിഞ്ഞ്, അജ്ഞത മൂലം തെറ്റുകള്‍ ചെയ്യുന്ന സത്യനിഷേധിക്ക് മാപ്പ് കൊടുക്കേണ്ടത് ഒരു സത്യ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കുന്നവരെക്കുറിച്ചുള്ള ഒരു ആയത്ത് നോക്കുക:
“അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്” സൂറാ.4:89 (സൂറാ.92:89).
പരമകാരുണികനെന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹു, ഇസ്ലാം സ്വീകരിച്ചതിന് ശേഷം പിന്മാറിപ്പോയവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഇവിടെ വെളിപ്പെടുത്തുകയാണ്. നരകശിക്ഷയുമില്ല, മാപ്പ് കൊടുക്കലുമില്ല, കണ്ടുമുട്ടിയാല്‍ തട്ടിക്കളയുക, അത്രതന്നെ! ഇത് മുഹമ്മദിന്റെ കാലത്ത് നടന്നത് എങ്ങനെയെന്ന് അറിയുവാന്‍ രണ്ട് ഹദീസുകള്‍ നല്‍കാം:
“അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന് എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍ . 26.)
അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്റെ വലതു ഭാഗത്തും മറ്റവന് ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന് പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന് തന്നെയാണ സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന്‍ കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല. ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.
പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്‍കുകയും ഇരിക്കാന്‍ ഒരു തലയിണ നല്‍കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.’ മുആദ് പറഞ്ഞു: ‘ഇവന് കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്റേയും അവന്റെ ദൂതന്റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.’ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്റേയും അവന്റെ ദൂതന്റെയും വിധിപ്രകാരം ഇവന് കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.’ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന് കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ . 15)
ഇത് ഇസ്ലാം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ പഴയ മതത്തിലേക്ക് തിരിച്ചു പോയ ആളുകളെ കൈകാര്യം ചെയ്യേണ്ട വിധമാണ്. ഇനി നമുക്ക് ഇസ്ലാം സ്വീകരിക്കാത്ത ‘സത്യനിഷേധികളെ’ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് മലക്ക് കല്പിച്ചിട്ടുള്ളത് എന്ന് നോക്കാം:
“അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് ( അവിടെ വെച്ച് ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” സൂറാ.2:191 (സൂറാ.87:191)
എവിടെപ്പോയി മാപ്പ് കൊടുക്കലും നരകശിക്ഷാവിധിയുമൊക്കെ എന്ന് ആരും ആശ്ചര്യപ്പെടും ഈ ആയത്തുകള്‍ വായിക്കുമ്പോള്‍. മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷാവിധിയുള്ളതിനാല്‍ നിങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുക്കുക എന്ന് പറഞ്ഞ മലക്ക് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായിത്തീര്‍ന്നപ്പോള്‍ പറയുന്നത് സത്യനിഷേധികളോട് യുദ്ധം ചെയ്യാനും അവരെ കൊല്ലാനുമാണ്. തീര്‍ന്നില്ല, സത്യനിഷേധികള്‍ക്ക് സഹായം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മലക്ക് പറയുന്നുണ്ട്:
“വേദക്കാരില്‍ നിന്ന് അവര്‍ക്ക് ( സത്യനിഷേധികള്‍ക്ക് ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന് ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന് ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ് ) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു” സൂറാ.33:26,27 (സൂറാ.90:26,27)
സത്യനിഷേധികള്‍ക്ക് ആരെങ്കിലും പിന്തുണ കൊടുത്താല്‍ അവരുടെ ഭവനങ്ങളില്‍ നിന്ന് അവരെ ഇറക്കി വിടുക, അവരിലെ പുരുഷന്മാരെ കൊല്ലുക, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിക്കുക, അവരുടെ വീടും സ്വത്തുക്കളും പിടിച്ചടക്കുക! ഇങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്, അല്ലാതെ സൂറാ.15:85-ല്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു പരലോകത്ത് നരകശിക്ഷാവിധിയുണ്ടെന്നു വിചാരിച്ചു അവര്‍ക്ക് മാപ്പ് കൊടുത്തുകൊണ്ടല്ല!! (26-മത്തെ ആയത് ബനുഖുറൈദയിലെ യെഹൂദന്മാരോടും 27-മത്തെ ആയത് ഖൈബറിലെ യെഹൂദന്മാരോടും മുഹമ്മദും കൂട്ടരും ഇടപെട്ട രീതിയെപ്പറ്റിയാണ് സൂചിപ്പിക്കുന്നത്.)
ഖുര്‍ആനിലെ പല വിഷയങ്ങളും ഇതുപോലെ അടുക്കും ചിട്ടയുമില്ലാതെ ക്രമരഹിതമായി കിടക്കുകയാണ്. ഖുര്‍ആന്‍ കാലാനുക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഈ വൈരുധ്യങ്ങള്‍ വായനക്കാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞേനെ. റദ്ദ് ചെയ്യപ്പെട്ടവയോ ദുര്‍ബ്ബലപ്പെടുത്തപ്പെട്ടവയോ ആയിട്ടുള്ള ആയത്തുകളും ഒട്ടേറെ വൈരുധ്യങ്ങളും ശ്രദ്ധയില്‍ പെടാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ കുഴഞ്ഞു മറിഞ്ഞ രൂപത്തില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന് ക്രോഡീകരിച്ചവര്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നും വിധമാണ് ഖുര്‍ആന്റെ ഇപ്പോഴത്തെ അവസ്ഥ!
‘മന്‍സൂഖ്, നസ്ഖ്’ എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്താശേഷിയുള്ള ഏതൊരാളുടെയും നിലപാട് താഴെ പറയുന്നവയായിരിക്കും:
A ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്റെ വചനമായിരുന്നെങ്കില്‍, അത് ഒരു വിധത്തിലുള്ള മാറ്റവും ആര്‍ക്കും വരുത്താന്‍ കഴിയാത്തതായിരിക്കണം.
B. ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്റെ വചനമായിരുന്നെങ്കില്‍, അത് പൂര്‍ണ്ണതയുള്ളതായിരിക്കണം. അതില്‍ ഒരു വാക്യം പോലും മറ്റേതെങ്കിലും വാക്യത്തിന്റെ മുകളിലോ താഴെയോ ആയിരിക്കരുത്, മറിച്ച്, തുല്യമായിരിക്കണം.
ദയനീയമെന്നു പറയട്ടെ, ഈ രണ്ടു കാഴ്ചപ്പാടുകള്‍ക്കൊത്തവിധമല്ല ഖുര്‍ആന്‍ ഉള്ളത്. 23 വര്‍ഷത്തിനുള്ളില്‍ തന്നെ അതില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അതും സാഹചര്യങ്ങള്‍ക്കൊത്ത വിധം. അതിലെ ചില വാചകങ്ങള്‍ നീക്കിക്കളഞ്ഞിട്ടു പകരം അതിനേക്കാള്‍ മെച്ചമായ വാക്യങ്ങള്‍ കൊണ്ടുവരും എന്ന് പറഞ്ഞിട്ടുള്ളത് വേറെ ആരുമല്ല, മലക്ക് തന്നെയാണ് (സൂറാ.2:106).
ഇതില്‍നിന്നും തെളിയുന്നത് സര്‍വ്വജ്ഞാനിയായ ദൈവത്തില്‍ നിന്നുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നത് വെറും മിഥ്യാധാരാണ മാത്രമാണെന്നും ആ ഖുര്‍ആനില്‍ സര്‍വ്വജ്ഞാനിയായി പ്രത്യക്ഷപ്പെടുന്ന അള്ളാഹുവിന് മുഹമ്മദിനുള്ള ജ്ഞാനം മാത്രമേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ അള്ളാഹു മുഹമ്മദിന്റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണെന്നുമാണ്. (തുടരും…)
2 Comments on “ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-4)”
ഈ പേജിന്റെ മുകളിലെ കോലത്തിലെ വചനം ” യേശു മനുഷ്യ പുത്രൻ” എന്ന് സമ്മതിച്ചല്ലോ. അത് തന്നെ വലിയ കാര്യം.. ഖുർ ആൻ തിരുത്തുന്നതിനെക്കാൾ വലുതല്ലേ മാഷെ മേൽ പറഞ്ഞ മനുഷ്യ പുത്രൻ..!
യേശുവിനെ മനുഷ്യപുത്രന് എന്ന് വിശേഷിപ്പിച്ചത് മാത്രമേ താങ്കള്‍ കണ്ടിട്ടുള്ളുവോ? ഏതായാലും ഈ ലിങ്കില്‍ നോക്കിയാല്‍ ബൈബിള്‍ യേശുക്രിസ്തുവിനെ വിശേഷിപ്പിച്ച എല്ലാ വിശേഷണങ്ങളും അറിയാം, ഒന്ന് വായിച്ചു നോക്കിക്കോളൂ: http://www.sathyamargam.org/?p=764