മര്‍മ്മം: മഹതിയാം ബാബിലോണ്‍ (വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍)
ഫിന്നി ടി. വര്‍ഗ്ഗീസ്, കാഞ്ഞങ്ങാട്
പ്രവചനങ്ങള്‍ ചുരുളഴിയുന്നു:
ഭാവിയെ കുറിച്ച് അറിയുക എന്നത് ഏതൊരു മനുഷ്യനെയും പ്രലോഭിപ്പിക്കുന്ന ഒരു കാര്യമാണ്. അത് സ്വന്തം ഭാവിയായാലും കുടുംബത്തിന്‍റെ ഭാവിയായാലും രാഷ്ട്രത്തിന്‍റെ ഭാവിയായാലും ലോകത്തിന്‍റെ ഭാവിയായാലും. സ്വന്തം ഭാവിയും കുടുംബത്തിന്‍റെ ഭാവിയും അറിയാന്‍ താല്പര്യമുള്ള മനുഷ്യര്‍ ജോതിഷികളുടെയും മറ്റും സഹായം തേടുന്നു. രാഷ്ട്രത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ലോകത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയിലേക്കും രാഷ്ട്ര നേതാക്കളുടെ പ്രസംഗങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. എന്നാല്‍ ദൈവജനം മാത്രം ഇക്കാര്യങ്ങള്‍ അറിയുവാന്‍ സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിളിലേക്ക് നോക്കുന്നു.
മഹതിയാം ബാബിലോണ്‍ ആരാണ്? ബൈബിള്‍ അത് ഇപ്രകാരം വെളിപ്പെടുത്തുന്നു:
“പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു. ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു. മര്‍മ്മം: മഹതിയാം ബാബിലോന്‍; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.” (വെളിപ്പാട്.17:1-6)
ഈ സ്ത്രീ ആരാണെന്ന് വെളി.17:18-ല്‍ വ്യക്തമാക്കിയിട്ടുണ്ട്:
“നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.”
ഈ മഹാനഗരത്തിന്‍റെ സവിശേഷതകള്‍:
1. ഭൂമിശാസ്ത്രപരമായ സ്ഥാനം:
a മരുഭൂമിയിലാണ് ഈ മഹാനഗരം (17:3)
b സമുദ്ര തീരത്താണ് ഈ മരുഭൂമി (വെളി. 18:16-19; also see യെശയ്യാ.21:1,7,9)
c ഏഴ് മലകളുടെ മുകളിലാണ് ഈ മഹാനഗരം സ്ഥിതി ചെയ്യുന്നത് (വെളി.17:9)
2. ആലങ്കാരികമായ സ്ഥാനം:
a. പെരുവെള്ളത്തിന്‍ മീതെ ഇരിക്കുന്നു (വെളി.17:2). ഈ പെരുവെള്ളം “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” ആണ് (വെളി.17:15)
b ഏഴ് തലയും പത്തു കൊമ്പും ഉള്ള മൃഗത്തിന്‍റെ മുകളിലാണ് അവള്‍ ഇരിക്കുന്നത് (വെളി.17:7).
c സ്ത്രീ ഇരിക്കുന്ന ഏഴ് തലയും ഏഴ് മലയാകുന്നു, അവ ഏഴ് രാജാക്കന്മാരും ആകുന്നു (17:9,10)
3. ഈ സ്ത്രീയുടെ (നഗരത്തിന്‍റെ) പ്രത്യേകതകള്‍:
a ഭൂരാജാക്കന്മാരോട് വേശ്യാവൃത്തി ചെയ്യുന്നവള്‍ (വെളി.17:2). ഈ വേശ്യാവൃത്തി എന്ന് പറഞ്ഞിരിക്കുന്നത് വിഗ്രഹാരാധനയാണ്. ബൈബിളില്‍ വിഗ്രഹാരാധനയെ വേശ്യാവൃത്തിയോടു ഉപമിച്ചിരിക്കുന്നത് പഴയ നിയമത്തിലുടനീളം കാണാം. ഉദാ: യിരെമ്യാ.3:2,6,9; യെഹസ്കേ.6:9; 16:1-63)
b വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കുന്നവള്‍ (വെളി.17:2)
c ആഡംബരജീവിതം നയിക്കുന്നവള്‍ (17:4)
d തന്നത്താന്‍ ഉയര്‍ത്തുന്നവള്‍ (വെളി.18:7)
e വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായവള്‍ (വെളി.17:6)
f കച്ചവടം ചെയ്യുന്നവള്‍ (വെളി.18:3, 10-16)
4 ഈ സ്ത്രീയുടെ (നഗരത്തിന്‍റെ) വിശേഷണങ്ങള്‍:
a മഹതിയാം ബാബിലോണ്‍
b വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്
c രാജ്ഞി
d മഹാവേശ്യ
ഇനി നമുക്കിതിന്‍റെ വിശദീകരണങ്ങളിലേക്ക് പോകാം. ഈ സ്ത്രീ ആരാണെന്ന് വേദപഠിതാക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. റോം, ഈസ്താംബൂള്‍, യെരുശലേം, ബാബിലോണ്‍ (ഇറാഖ്) ഇങ്ങനെ പോകുന്നു ആ പട്ടിക. നമ്മള്‍ ആദ്യമേ പറഞ്ഞ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പട്ടണങ്ങളോടൊന്നും ഒക്കുന്നില്ല. സമുദ്രതീരത്തോട് ചേര്‍ന്ന മരുഭൂമി ആണെന്നുള്ളത് വ്യക്തമാണല്ലോ. ഏഴ് മലകളുടെ മുകളിലുള്ള റോമാ നഗരം സമുദ്രത്തിന് സമീപമാണെങ്കിലും മരുഭൂമിയല്ല. മറ്റു പട്ടണങ്ങളുടെയൊക്കെ കാര്യവും ഇതുപോലെയോക്കെത്തന്നെ. ഏഴ് ദൂതന്മാരില്‍ ഒരുവന്‍ വന്നു ഈ മഹാവേശ്യയാകുന്ന നഗരത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടി യോഹന്നാനെ കൊണ്ടുപോകുന്നത് മരുഭൂമിയിലേക്കാണ്. ലോകത്ത് ഏഴ് മലമുകളിലുള്ള എഴുപത്തഞ്ചോളം പട്ടണങ്ങളുണ്ട്, ഈ കൊച്ചു കേരളത്തിന്‍റെ തലസ്ഥാനമായ അനന്തപുരി ഉള്‍പ്പെടെ. തിരുവനന്തപുരം സമുദ്ര തീരത്താണെങ്കിലും മരുഭൂമിയിലല്ല. എന്നാല്‍ ഈ മൂന്നു കാര്യങ്ങളും, അതിന്‍റെ വിശേഷണങ്ങളും സ്വഭാവങ്ങളും എല്ലാം ഒരുപോലെ യോജിക്കുന്ന ഒരു മഹാ നഗരമാണ് ഹിജാസ്. മക്ക മദീന പട്ടണങ്ങളെ ഒരുമിച്ചു ചേര്‍ത്ത് വിളിക്കുന്ന പേരാണ് ഹിജാസ്. ഇതിന്‍റെ വടക്കു വശത്തായി 30 മുതല്‍ 100 അടി വരെ ഉയരം വരുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണല്‍ക്കുനകള്‍ നിറഞ്ഞ അന്‍-നഫൂദ് മരുഭൂമിയും ലോകത്തിലെ ഏറ്റവും നീളം കൂടിയ (40 കിലോമീറ്റര്‍) അണമുറിയാത്ത മണല്‍കൂനകള്‍ (Linear sand dunes) നിറഞ്ഞ അര്‍-റബ്ബ് അല്‍ കാലി (empty quarter) മരുഭൂമി തെക്ക് ഭാഗത്തും കിടക്കുന്നു. ചെങ്കടല്‍ ഇതിന് അതിരിടുന്നു. ‘കടലില്‍ കപ്പലുള്ളവര്‍ക്കെല്ലാം തന്‍റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം’ എന്ന് വെളി. 18:19-ല്‍ ഈ നഗരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. യിരെമ്യാ.51:13-ല്‍ ‘വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളെന്നും വളരെ നിക്ഷേപങ്ങള്‍ ഉള്ളവളെന്നും ഈ നഗരത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ഈ നിക്ഷേപം അഥവാ ഐശ്വര്യം എണ്ണയാണെന്ന് കൂടുതല്‍ വ്യാഖ്യാനക്കസര്‍ത്ത് നടത്തി സമര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ.
ഇനി ഇവള്‍ ഇരിക്കുന്ന ഏഴ് മലകളെ കുറിച്ച് നോക്കാം: സൗദി അറേബ്യയെ ചുറ്റി ഏഴ് പര്‍വ്വത നിരകളുണ്ട്, മക്ക സ്ഥിതി ചെയ്യുന്നത് ഏഴ് മലകളുടെ മുകളിലുമായാണ്. അവ താഴെ കൊടുക്കുന്നു.
ഏഴ് പര്‍വ്വത നിരകള്‍:
1 ജബ്ബാല്‍ കുബ്ബ
2 ജബ്ബാല്‍ അല്‍-ഖ്വീനാ
3 ജബ്ബാല്‍ ലീ ആലി
4 ജബ്ബാല്‍ ജി ഫാന്‍
5 ജബ്ബാല്‍ ജി ജാദ്
6 ജബ്ബാല്‍ ഖുബൈസ്
7 ജബ്ബാല്‍ ഹിന്ദി
ഏഴ് കുന്നുകള്‍:
1 ജബ്ബാല്‍ അബു സിബ
2 ജബ്ബാല്‍ സഫ
3 ജബ്ബാല്‍ മര്‍വ
4 ജബ്ബാല്‍ അബൂ മില്‍ഹാഹ്
5 ജബ്ബാല്‍ അബൂ മായ
6 ജബ്ബാല്‍ അബൂ ഹുലായാഹ്
7 ജബ്ബാല്‍ അബൂ ഘുസ്ലാന്‍
മര്‍മ്മം എന്നത് കൊണ്ട് ഇത് കാലങ്ങളായി മറഞ്ഞിരുന്നു എന്നത് വ്യക്തം. ബാബിലോണും റോമും ഒരിക്കലും മറഞ്ഞിരുന്ന നഗരങ്ങളല്ല. അതുകൊണ്ടുതന്നെ ആ പട്ടണങ്ങളാകാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ കാലങ്ങളായി ഭാവികാല പഠിതാക്കള്‍ക്ക് മറഞ്ഞിരുന്ന ഒരു പട്ടണമാണ് മക്ക. ഈ പട്ടണത്തിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഇതൊരു പട്ടണമാണെങ്കിലും ആലങ്കാരികമായി ഇത് സ്ഥിതി ചെയ്യുന്നത് പെരുവെള്ളത്തിന്‍മീതെ അഥവാ വംശങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും മുകളിലാണ്. ഇത്, ഈ പട്ടണത്തിന് ഭൂമിയിലുള്ള പല ഭാഷകള്‍ സംസാരിക്കുന്ന അസംഖ്യമായ ജനങ്ങളുടെ മേലുള്ള സ്വാധീനത വിളിച്ചറിയിക്കുന്നു. ‘വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്’ എന്ന പ്രയോഗം സത്യാരാധനക്ക് എതിരായിട്ടുള്ള സാത്താന്യ ആരാധനയുടെ ആഴത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇവള്‍ ഇരിക്കുന്ന ഏഴ് മലകള്‍, മനുഷ്യന്‍റെ ഉത്ഭവം മുതലുള്ള ഏഴ് രാജാക്കന്മാരെയും ആ ഏഴ് രാജാക്കന്മാര്‍ ഏഴ് സാമ്രാജ്യങ്ങളെയും പ്രതിനിധികരിക്കുന്നു. അവ:
1 ഈജിപ്ഷ്യന്‍ സാമ്രാജ്യം (B.C.3100- B.C. 343)
2 അസ്സീറിയന്‍ സാമ്രാജ്യം (B.C.1300- B.C.1265)
3 ബാബേല്‍ സാമ്രാജ്യം (B.C.625-B.C.538)
4 മേദോ-പേര്‍ഷ്യന്‍ സാമ്രാജ്യം (B.C.538-B.C.330)
5 യവന സാമ്രാജ്യം (B.C.332-B.C-168)
6 റോമന്‍ സാമ്രാജ്യം (B.C.168-A.D.476 [Western Roman Empire], A.D.1453 [Eastern Roman])
ബൈബിള്‍ പ്രകാരവും ലോകചരിത്രപ്രകാരവുമുള്ള ആറ് സാമ്രാജ്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എഴാമത്തവനെ കുറിച്ച് ബൈബിള്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” (വെളി.17:9,10). മുകളില്‍ പറഞ്ഞതില്‍ ഈജിപ്ത്, അസ്സീറിയ, ബാബേല്‍, മേദോ-പേര്‍ഷ്യ, യവന എന്നീ അഞ്ച് പേര്‍ വീണുപോയി, അര്‍ത്ഥാല്‍ കഴിഞ്ഞു പോയി. യോഹന്നാന്‍ 96 A.D.-യില്‍ വെളിപ്പാട് പുസ്തകം എഴുതുമ്പോള്‍ അന്നുള്ള റോമന്‍ സാമ്രാജ്യത്തെയാണ് “ഇപ്പോള്‍ ഒരുത്തനുണ്ട്” എന്ന് പറഞ്ഞതിന്‍റെ ലക്ഷ്യം. ‘മറ്റവന്‍ ഇതുവരെ വന്നിട്ടില്ല’ എന്നുള്ളത് വരുവാനിരിക്കുന്ന ഏഴാമത്തെ സാമ്രാജ്യത്തെ കുറിക്കുന്നു. അതുകൊണ്ട് ഇത് റോമാ സാമ്രജ്യമല്ലെന്നു പകല്‍ പോലെ വ്യക്തം. ചരിത്രപരമായി പരിധോധിക്കുമ്പോള്‍, റോമന്‍ സാമ്രാജ്യം A.D.364-ല്‍ പാശ്ചാത്യ റോമന്‍ സാമ്രാജ്യം എന്നും പൌരസ്ത്യ റോമാ സാമ്രാജ്യം എന്നും രണ്ടായി പിരിഞ്ഞു. ഇതില്‍ പാശ്ചാത്യ റോമാസാമ്രാജ്യം A.D.476 വരെയും പൌരസ്ത്യ റോമാ സാമ്രാജ്യം A.D.1453 വരെയും നിലനിന്നിരുന്നു. ഇവയില്‍ നിന്നും പിന്നീട് ഉടലെടുത്തത് പത്ത് ഇസ്ലാമിക രാജാക്കന്മാര്‍ അഥവാ ഭരണകൂടങ്ങള്‍ ആയിരുന്നു എന്ന് കാണാം. (വിശദീകരണം പിന്നാലെ.) ദാനിയേല്‍ പ്രവചനം 7, 8 അദ്ധ്യായങ്ങളിലെ വിവരണങ്ങളുമായും വെളിപ്പാട് പുസ്തകത്തിലെ 13-മധ്യായത്തിലെ വിവരണങ്ങളുമായും ഇത് ചേര്‍ത്ത് പഠിക്കണം. വരുവാനിരിക്കുന്ന ഏഴാമത്തെ സാമ്രാജ്യം ഇസ്ലാമിക സാമ്രാജ്യം (മൃഗം) ആയിരുന്നു എന്ന് അന്യത്ര പിന്നാലെ തെളിയിക്കുന്നതാണ്.
ഈ സ്ത്രീയുടെ ഏറ്റവും പ്രധാന പ്രത്യേകത അവളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയാണ്. ‘മ്ലേച്ഛതകളുടെ മാതാവ്’ എന്ന പ്രയോഗത്തില്‍നിന്നു ഇവള്‍ക്ക് കുറെ സന്താനങ്ങള്‍ ഉണ്ടെന്ന് വരുന്നു. ശിനാര്‍ സമതലത്തില്‍ ഉടലെടുത്ത ബാബിലോന്യ മതത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന സകല ജാതീയ മതങ്ങളും. നിമ്രോദിന്‍റെ ഭാര്യയായിരുന്ന സെമെരിമസ്, നിമ്രോദിന്‍റെ മരണശേഷം തനിക്ക് ജനിച്ച പുത്രന്‍ തമ്മൂസ് ഉല്‍പ്പത്തി.3:15- ലെ സ്ത്രീയുടെ സന്തതിയാണെന്നു അവകാശപ്പെട്ടു. ഇത് സത്യദൈവത്തിനെതിരായ ഒരു പുതിയ മതത്തിന് തുടക്കം കുറിക്കലായിരുന്നു. ഇത് പിന്നെ ഫിന്നിഷ്യരുടെ ഇടയില്‍ അസ്തെരോത്ത്-തമ്മൂസ് ആയും ഈജിപ്തില്‍ ഐസിസ്-ഹോരുസ് ആയും അഫോഡൈറ്റ്-ഇറോസ് ആയി യവനന്മാരുടെ ഇടയിലും വീനസ്-കുപിഡ് ആയി റോമിലും ഷിങ്മൂ-ഹെഖിദ് ആയി ചൈനയിലും ബെല്‍ത്തൂസ്-ബെല്‍റസ് ആയി അസ്സീറിയയിലും നിലനിന്നിരുന്നു. ഈ രീതിയില്‍ മാത്രമല്ലാതെ, ചിലയിടങ്ങളില്‍ സൂര്യദേവനായും ചന്ദ്രദേവനായുമൊക്കെ ആരാധിക്കപ്പെട്ടും പോന്നു. അങ്ങനെ നിലനിന്നിരുന്ന ഈ മത സമ്പ്രദായത്തിന്‍റെ പിന്തുടര്‍ച്ചയാണ് ഇസ്ലാം മതവും. ഏഴു മലകളുടെ മുകളിലും ഈ സ്ത്രീ ഇരിക്കുന്നു എന്നുള്ളത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏഴു തലയും പത്തു കൊമ്പുകളും ഉള്ള മൃഗമാണ് അവളെ ചുമക്കുന്നത്. പത്ത് കൊമ്പുകള്‍ എന്നുള്ളത് പത്ത് ഇസ്ലാമിക ഭരണകൂടങ്ങളാകുന്നു.
1. അബൂബക്കറിന്‍റെ ഖിലാഫത്ത് (A.D. 632-634)
2. ഉമറിന്‍റെ ഖിലാഫത്ത് (A.D. 634-644)
3. ഉസ്മാന്‍റെ ഖിലാഫത്ത് (A.D.644-
4. അലിയുടെ ഖിലാഫത്ത്
5. ഉമയ്യാദ് രാജവംശം (A.D.661-750)
6. അബ്ബാസിദ് രാജവംശം (A.D.750-1258)
7. മാമൂല്‍ഖ് സാമ്രാജ്യം (A.D.1174-1811, ഈജിപ്തില്‍ )
8. സഫാവ്വിദ് സാമ്രാജ്യം (A.D.1502-1722, ഇറാനില്‍ )
9. മുഗള്‍ സാമ്രാജ്യം (A.D.1526-1857, ഇന്ത്യയില്‍ )
10. ഓട്ടോമാന്‍ സാമ്രാജ്യം (A.D.1301-1922, തുര്‍ക്കിയില്‍ )
ദാനിയേല്‍ 7:8-ലും 23,24-ലും ഈ പത്ത് രാജാക്കന്മാരെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ അവയ്ക്ക് തലയില്‍ രാജമുടി ഇല്ല:
“ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.”
“അവന്‍ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും. ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.”
എന്നാല്‍ വെളിപ്പാട് 13:1-ല്‍ ഈ രാജാക്കന്മാരെ കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് രാജമുടി ഉണ്ട്:
“അപ്പോള്‍ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും സമുദ്രത്തില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു”
വെളി.17:12-ല്‍ പറയുന്നത്: “നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും” എന്നാണ്. ഏഴാമത്തെ മലയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ “എഴാമത്തെവന്‍ വന്നാല്‍ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” എന്നാണ് പറയുന്നത് (വെളി.17:10). റോമാസാമ്രാജ്യത്തില്‍ നിന്ന് ഉടലെടുക്കാന്‍ പോകുന്നത് യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങള്‍ അടങ്ങുന്ന ഒരു സഖ്യം ആണെന്നുള്ള ശക്തമായ പണ്ഡിതമതം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ചരിത്രപരമായി നമ്മള്‍ പരിശോധിക്കുമ്പോള്‍ റോമാ സാമ്രാജ്യത്തിന്‍റെ രണ്ട് കാലുകളില്‍ നിന്ന് വന്ന ഈ പത്ത് ഭരണകൂടങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ ആയിരുന്നു എന്ന് തെളിയുന്നു. വടക്ക് ബ്രിട്ടീഷ് ദ്വീപുകളും വടക്ക് കിഴക്ക് കാസ്പിയന്‍ കടലും കിഴക്ക് മോസെപ്പോട്ടോമിയയും തെക്ക് കിഴക്ക് അറേബ്യന്‍ മരുഭൂമിയും ചെങ്കടലും തെക്ക് പ്രൊകോണ്‍സുലര്‍ ആഫ്രിക്കയും തെക്ക് പടിഞ്ഞാറ് മൌറിത്താനിയയും പടിഞ്ഞാറ് സ്പെയിനും വരെ നീണ്ടുകിടന്നിരുന്ന, ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി നിലകൊണ്ട ഒന്നായിരുന്നു റോമന്‍ സാമ്രാജ്യം. എ.ഡി.364-ല്‍ റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പാശ്ചാത്യ റോമാസാമ്രാജ്യം എന്നും പൌരസ്ത്യ റോമാസാമ്രാജ്യം എന്നും. ഇതാണ് ദാനിയേല്‍ കണ്ട സ്വപ്നത്തിലെ ബിംബത്തിന്‍റെ ഇരുമ്പും കളിമണ്ണും ഇടകലര്‍ന്ന രണ്ട് കാലുകള്‍. എ.ഡി.476-ല്‍ പാശ്ചാത്യ റോമാസാമ്രാജ്യം അധഃപതിച്ചപ്പോള്‍ അതിന്‍റെ കീഴില്‍ ആയിരുന്ന അറേബ്യന്‍ ഭൂപ്രദേശത്ത് എ.ഡി.630-കളോടെ മുഹമ്മദിന്‍റെ നേതൃത്വത്തില്‍ ഇസ്ലാമിക സാമ്രാജ്യം ഉദയം കൊണ്ടു. മുഹമ്മദിന് ശേഷം സാമ്രാജ്യത്തിന്‍റെ തലവന്മാരായ അബൂബക്കറും ഉസ്മാനും ഈ സാമ്രാജ്യത്തെ കൂടുതല്‍ വിസ്തൃതിയിലേക്ക് നയിച്ചു. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്‍റെ അധീനതയിലായിരുന്ന സിറിയ, ഇറാഖ്, ഈജിപ്ത്, യിസ്രായേല്‍, റഷ്യന്‍ പ്രദേശങ്ങള്‍, സ്പെയിന്‍ തുടങ്ങിയ പല പ്രദേശങ്ങളും ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ കീഴിലായി. പിന്നീട്, 1453-ല്‍ പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍ ഒട്ടോമാന്‍ തുര്‍ക്കികള്‍ ആക്രമിച്ചു കീഴടക്കി ഒട്ടോമാന്‍ സാമ്രാജ്യത്തിന് അടിത്തറയിട്ടു. ഇങ്ങനെ ദാനിയേല്‍ കണ്ട സ്വപ്നത്തിലെ ബിംബത്തിന്‍റെ രണ്ട് കാലുകളില്‍ നിന്നുമുള്ള പത്ത് വിരലുകളുടെ ആദ്യഘട്ടത്തിന് സമാരംഭമായി. 1923-ല്‍ കമാല്‍ അത്താത്തുര്‍ക്ക് ഖലീഫാ ഭരണം റദ്ദാക്കുന്നത് വരെ “അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” (വെളി.17:10) എന്നുള്ള ഏഴാമത്തെ മലയെക്കുറിച്ച് അഥവാ സാമ്രാജ്യത്തെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയായി. ഇനി അവസാന നാളുകളില്‍, എട്ടാമത്തെ സാമ്രാജ്യം ഉടലെടുക്കുന്ന ചിത്രമാണ് വെളി.13-മദ്ധ്യായത്തിലും വെളി.17:11,12-ലും പ്രതിപാദിച്ചിരിക്കുന്നത്.
ഇങ്ങനെ വെളിപ്പാട് പുസ്തകത്തില്‍ “മറ്റവന്‍ ഇതുവരെ വന്നിട്ടില്ലെ”ന്ന് പറഞ്ഞ ഏഴാമന്‍ ഈ മുകളില്‍ പറഞ്ഞ ഇസ്ലാമിക സാമ്രാജ്യമാണ് എന്ന് തെളിയുന്നു. 1923-ല്‍ കമാല്‍ അത്താത്തുര്‍ക്ക് നിര്‍ത്തലാക്കിയ ഈ ഖിലാഫത്ത് സാമ്രാജ്യത്തെ പുനര്‍ജ്ജീവിപ്പിക്കാനായിരുന്നു അബൂബക്കര്‍ അല്‍-ബാഗ്ദാദി കഴിഞ്ഞ റംസാനില്‍ ശ്രമിച്ചത്. ഇത് എട്ടാമതായി വരാനിരിക്കുന്ന അവസാന ജാതീയ സാമ്രാജ്യത്തിന്‍റെ കാലൊച്ചയാണെന്ന് എത്ര പേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്? “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു” (വെളി.17:11) എന്നാണ് ബൈബിള്‍ അവനെക്കുറിച്ച് പറയുന്നത്. ഈ എട്ടാമത്തെ സാമ്രാജ്യമാണ് വെളി.13-ല്‍ കാണുന്ന സമുദ്രത്തില്‍ നിന്ന് കയറി വരുന്ന മൃഗം. ഈ സാമ്രാജ്യത്തെ മൃഗം എന്ന് വിളിച്ചിരിക്കുമ്പോള്‍ തന്നെ, ഇതിന്‍റെ നേതാവിനേയും മൃഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (വെളി.19:19,20). ഈ നേതാവായിരിക്കും ബൈബിളില്‍ പറയുന്ന എതിര്‍ക്രിസ്തു. ക്രൈസ്തവര്‍ എതിര്‍ക്രിസ്തു എന്ന് പറയുന്നവനെ മുസ്ലീങ്ങള്‍ മഹ്ദി എന്ന് വിവക്ഷിക്കുന്നു. അന്ത്യകാലത്ത്, മുസ്ലീങ്ങളെയെല്ലാം ഒന്നിപ്പിച്ച്, ഇന്ന് ഇസ്ലാമില്‍ കാണുന്ന എല്ലാ വിഭാഗീയതകളും അവസാനിപ്പിച്ച് മുഴുവന്‍ മുസ്ലീം ലോകത്തിന്‍റെയും നേതൃത്വം വഹിക്കുന്ന ഖലീഫയായിരിക്കും മഹ്ദി എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നു. മുസ്ലീം ലോകത്തുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് അവരെ ഒറ്റക്കെട്ടാക്കി നിര്‍ത്തുന്ന ഈ മഹ്ദിയെയും അന്നത്തെ ഭരണാധികാരികളെയും കുറിച്ച് ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചു കൊടുക്കുന്നു” (വെളി.17:13). ഈ മൃഗം ചുമന്നു കൊണ്ടു നടക്കുന്ന സ്ത്രീയെക്കുറിച്ചാണ് നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
ഇനി ഈ സ്ത്രീയുടെ അഥവാ മക്കയുടെ വേശ്യാവൃത്തി എന്താണെന്ന് പരിശോധിക്കാം:
“അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു” (വെളി.18:3).
ഇതിനോട് ചേര്‍ന്ന് പഴയ നിയമത്തില്‍നിന്നു ഒരു വാക്യം കൂടി നോക്കാം:
“ബാബേല്‍ യഹോവയുടെ കയ്യില്‍ സര്‍വ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍ പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ടു അവര്‍ക്ക് ഭ്രാന്തു പിടിച്ചു” (യിരെമ്യാ.51:7)
ബൈബിളില്‍ വേശ്യാവൃത്തി പൊതുവേ വിഗ്രഹാരാധനയോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ ഒരു വിരോധാഭാസം ഉണ്ട്. ഇസ്ലാം വിഗ്രഹാരാധനയെ ശക്തിയായി എതിര്‍ക്കുന്നു എന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ ലോകത്ത് നിര്‍ബന്ധപൂര്‍വ്വം അതിന്‍റെ അനുയായികളെക്കൊണ്ട് വിഗ്രഹാരാധന ചെയ്യിക്കുന്ന ഒരേയൊരു മതം ഇസ്ലാമാണ്. മക്കയിലുള്ള കഅബ എന്ന കെട്ടിടത്തിന്‍റെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജറുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിന്‍റെ നേരെ നോക്കിയാണ് ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും അഞ്ചു നേരം നിസ്കരിക്കുന്നത്. 24 സമയമേഖലകളില്‍ (Time zones) നിസ്കാര സമയമത്തിനനുസരിച്ച് ഈ ആരാധനാരീതി അണമുറിയാത്ത ഒരു മെക്സിക്കന്‍ അലമാല പോലെ തുടര്‍മാനമായി നടന്നു കൊണ്ടേയിരിക്കുന്ന ഒരു നിര്‍ബന്ധിത പ്രക്രിയയാണ്. ഈ കല്ലിനെ തൊടുവാനും ചുംബിക്കുവാനും വേണ്ടി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്ന ഈ വീഞ്ഞിന്‍റെ ലഹരി എത്രമാത്രമാണെന്നുള്ളതിന് ഒരു ചെറിയ ഉദാഹരണം പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശ്രീ.ശൈഖ് മുഹമ്മദ് കാരക്കുന്നിന്‍റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം:
“ഞങ്ങള്‍ നിശ്ചിത പ്രാര്‍ത്ഥന ഉരുവിട്ട് വലതു കാല്‍ എടുത്തു വെച്ച് മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചു. അല്പം മുന്നോട്ട് നീങ്ങിയതോടെ പ്രതീക്ഷാപൂര്‍വ്വം കാണാന്‍ കൊതിച്ച ദൃശ്യം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധ കഅബ കണ്ടതോടെ വിവരാണാതീതമായ വികാരങ്ങള്‍ മനസ്സിനെ മഥിച്ചു. അവാച്യമായ അനുഭൂതി. ആത്മാവ് ഹര്‍ഷപുളകിതമായി. ശരീരം കോരിത്തരിച്ചു.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്, ‘ഹജ്ജ് കര്‍മ്മവും ചൈതന്യവും’, പുറം 61)
ഹജറുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിന് ഉള്ളതായി പറയപ്പെടുന്ന ശക്തികളും കഴിവുകളും അത്ഭുത സിദ്ധികളും ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും തന്‍റെ വിഗ്രഹത്തിന് ഉണ്ടെന്ന് അവകാശപ്പെടില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് വീണെന്നും മനുഷ്യന്‍റെ പാപങ്ങള്‍ വലിച്ചെടുക്കുന്നു എന്നും മനുഷ്യരുടെ ഹൃദയ വികാരങ്ങള്‍ അറിയാന്‍ കഴിയുന്നെന്നും അന്ത്യനാളില്‍ കാണാന്‍ കണ്ണുണ്ടാകുമെന്നും സംസാരിക്കാന്‍ നാവുണ്ടാകുമെന്നും മനുഷ്യന് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമെന്നും അല്ലാഹുവിന്‍റെ വലംകൈ ആണെന്നും ഒക്കെയാണ് ഈ കല്ലിനെ കുറിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നത്. ഇന്ന് വെറും കല്ല് മാത്രമായി ഇരിക്കുന്ന ഇത് അന്ത്യകാലത്ത് ജീവന്‍ വെക്കുമെന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്.
സര്‍വ്വഭൂമിയെയും ലഹരി പിടിപ്പിക്കുന്ന പൊന്‍പാത്രം എന്ന പ്രയോഗം ഹിജാസിന് (മക്ക-മദീന പട്ടണങ്ങള്‍ക്ക്) എത്രമാത്രം യോജിക്കുന്നു എന്ന് നോക്കുക. ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു” എന്നത് സാധാരണക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭരണകൂടങ്ങളിലെ നേതാക്കന്മാരും പ്രമാണിമാരും കൂടി ഹിജാസിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനെയും ഇവളുടെ എണ്ണ കൊണ്ട് ലോകത്ത് നടക്കുന്ന വന്‍ വ്യാപാര-വ്യവസായങ്ങളെയും ചൂണ്ടിക്കാണിക്കുന്നതാണ്. ഇവള്‍ വാങ്ങുന്ന, അഥവാ ഇവള്‍ക്ക് വില്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ബൈബിളില്‍ കൊടുത്തിട്ടുണ്ട്:
“ഭൂമിയിലെ വ്യാപാരികള്‍ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങള്‍, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്‍മ്മരക്കല്ലും കൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവര്‍ഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍ എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു” (വെളി.18:11-13)
ഈ ലിസ്റ്റൊന്നു സൂക്ഷിച്ചു നോക്കിയാല്‍ സുഖലോലുപ വസ്തുക്കളും ആഡംബര വാഹനങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും അവയവ കച്ചവടവും എല്ലാം ഉള്‍പ്പെടുന്നതായി കാണാം. ഈ ലിസ്റ്റ് യോജിക്കുന്നത് യൂറോപ്പിനെക്കാള്‍ അറേബ്യന്‍ ഉപദ്വീപിലെ ഉപഭോഗ സംസ്കാരത്തോടാണ്.
ഇവള്‍ തന്നത്താന്‍ ഉയര്‍ത്തുന്നവള്‍ ആണെന്ന് ബൈബിള്‍ പറയുന്നു. ആ ഉയര്‍ത്തല്‍ എപ്രകാരമാണ് എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്: “അവള്‍ തന്നെത്താല്‍ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്‍. രാജ്ഞിയായിട്ടു ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്നു അവള്‍ ഹൃദയംകൊണ്ടു പറയുന്നു” (വെളി.18:7).
“ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓര്‍ക്കാതെയും ഇരുന്നു. ആകയാല്‍ ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക: പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തില്‍ തന്നേ നിനക്കു ഭവിക്കും; നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്‍റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല. നീ നിന്‍റെ ദുഷ്ടതയില്‍ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്‍റെ ജ്ഞാനവും നിന്‍റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്‍റെ ഹൃദയത്തില്‍ പറഞ്ഞു.” (യെശയ്യാ.47:7-10)
യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ മുകളില്‍ തന്നത്താന്‍ ഉയര്‍ത്തുന്ന സ്വഭാവം ഉല്‍പത്തി പത്താം അദ്ധ്യായത്തിലെ നിമ്രോദിന്‍റെ ബാബേല്‍ സ്ഥാപനം മുതല്‍ മുകളില്‍ പറഞ്ഞ മിക്ക സാമ്രാജ്യത്തലവന്മാരിലും കണ്ടു വരുന്ന സ്വഭാവമാണ്. ഇത് മിസ്രയീമിലെ ഫറവോമാരുടെ സ്വഭാവമായിരുന്നു എന്ന് യെശയ്യാ.31:3ലും നെബുഖദ്‌നേസറിന്‍റെ സ്വഭാവമായിരുന്നു എന്ന് ദാനിയേല്‍.4:30-ലും സോര്‍ രാജാവിന്‍റെ സ്വഭാവമായിരുന്നു എന്ന് യെഹസ്കേല്‍.28:1,2 വാക്യങ്ങളിലും കാണാം. അവസാനത്തെ സാമ്രാജ്യമായ ഇസ്ലാമിക ഖിലാഫത്തിന്‍റെയും മുദ്രാവാക്യം “അല്ലാഹു അക്ബര്‍” (അല്ലാഹു ഏറ്റവും വലിയവന്‍) എന്നാണല്ലോ. അതുകൊണ്ട് തന്നെത്താന്‍ ഉയര്‍ത്തുന്ന ഈ പ്രവണത സാത്താന്‍റെ ആണെന്ന് വ്യക്തം (യെശയ്യാ.14:13,14).
താന്‍ വിധവയല്ല എന്നതാണ് ഇവളുടെ ധാര്‍ഷ്ട്യം. ദൈവം ഇസ്രായേലിനെ തള്ളിയെന്നും ഇപ്പോള്‍ ഇസ്രായേല്‍ വിധവയാണെന്നും അതുകൊണ്ട് രാജ്ഞി സ്ഥാനം തനിക്കാണെന്നുമാണ് ഇവളുടെ അവകാശവാദം. എന്നാല്‍ ഇവളുടെ ഈ മോഹം വ്യര്‍ത്ഥമാണെന്നും ഇസ്രായേലിനെയും യെഹൂദയയയൂം ദൈവം സ്ഥിരമായി തള്ളിക്കളിഞ്ഞിട്ടില്ലെന്ന് വ്യക്തമായിത്തന്നെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
“യിസ്രായേലിന്‍റെയും യെഹൂദയുടെയും ദേശങ്ങള്‍ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യം കൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല” (യിരെമ്യാ.51:5)
“നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭര്‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടേടുപ്പുകാരന്‍; സര്‍വ്വഭൂമിയുടെയും ദൈവം എന്നു അവന്‍ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തില്‍ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തില്‍ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. അല്പനേരത്തെക്കു മാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും. ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്‍റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്‍റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു (യെശയ്യാ.54:6-8)
അതുകൊണ്ട് ധാര്‍ഷ്ട്യത്തോടെയുള്ള ഇവളുടെ അവകാശവാദങ്ങളും ആരോപണങ്ങളും ഇസ്രായേലിനോടുള്ള അസൂയയില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും ഉടലെടുത്തതാണ് എന്ന് കാണാം.
“വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായവള്‍” എന്നാണല്ലോ ഇവളെ വിളിച്ചിരിക്കുന്നത്. ഇസ്ലാം ആരംഭം കുറിച്ച കാലം മുതല്‍ തന്നെ യെഹൂദന്മാരെയും ക്രൈസ്തവരെയും ഒരു പ്രത്യേക പകയോടെ കൊന്നൊടുക്കിയിട്ടുണ്ട്. ആദ്യകാലത്ത് മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ ബൈസാന്‍റിയന്‍ സാമ്രാജ്യത്തെ പിന്നീട് തുടച്ചു നീക്കി ഏഷ്യാമൈനര്‍ പ്രദേശങ്ങളും, എന്തിനേറെ, യെരുശലേ ദൈവാലയം സ്ഥിതിചെയ്തിരുന്ന നഗരവും ഇവര്‍ കൈവശമാക്കി തങ്ങളുടെ മോസ്ക് നിര്‍മ്മിച്ചിരിക്കുകയാണ്. ഇവര്‍ കൊല ചെയ്യുന്ന രീതി ഒന്നാം നൂറ്റാണ്ടില്‍ തന്നെ വളരെ കൃത്യമായി ബൈബിള്‍ പ്രവചിച്ചിട്ടുണ്ട്. യോഹ.16:2,3; വെളി.20:4 തുടങ്ങിയ വേദഭാഗങ്ങളില്‍ പിതാവിനെയും പുത്രനെയും അറിയായ്ക കൊണ്ട്, ദൈവത്തിന് വഴിപാട് അര്‍പ്പിക്കുന്നു എന്ന നിലയില്‍ വിശുദ്ധന്മാരെ കഴുത്തറുത്തു കൊല്ലുന്നതിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഈ രീതി ഇന്ന് ആധുനിക കാലത്തും സിറിയയിലും ഇറാഖിലും നമ്മുടെ കണ്‍വെട്ടത്ത് അനുസ്യൂതം നടന്നു കൊണ്ടിരിക്കുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ.
ഇവളുടെ മറ്റൊരു അവകാശവാദം നോക്കാം. “ഞാന്‍ രാജ്ഞിയായി ഇരിക്കുന്നു” എന്നാണ് ഇവള്‍ പറയുന്നത്. എന്താണ് ഈ അവകാശവാദത്തിന്‍റെ അര്‍ത്ഥം? യെശയ്യാ.47-ലേക്ക് പോകാം:
“കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല” (47:5).
“ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓര്‍ക്കാതെയും ഇരുന്നു” (47:7)
ഞാന്‍ രാജ്യങ്ങളുടെ തമ്പുരാട്ടി ആണെന്ന് അവകാശവാദം ഉന്നയിക്കുന്ന നഗരം ഏതാണ്? ഖുര്‍ആന്‍ നമ്മള്‍ പരിശോധിച്ചാല്‍, സൂറാ.6:92-ല്‍ ഇങ്ങനെ കാണുന്നു:
“ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്”
ഇതില്‍ മാതൃനഗരി എന്നാണ് മക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീണ്ടും നമ്മള്‍ നോക്കിയാല്‍ സൂറാ.42:7-ല്‍ മാതൃനഗരി എന്നതിന്‍റെ മൂലഭാഷ ഉമ്മുല്‍ഖുറാ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.
“നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും”
ഉമ്മുല്‍ ഖുറാ എന്ന വാക്കിന്‍റെ അര്‍ത്ഥം നഗരങ്ങളുടെ മാതാവ് (Mother of Cities or Queen of Cities) എന്നാണ്. ലോകത്ത് വേറെ ഒരു നഗരത്തിനും ഇങ്ങനെ ഒരു അവകാശവാദമോ വിശേഷണമോ ഇല്ല. മക്കയുടെ ഈ അവകാശവാദത്തെ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമായി വേദപുസ്തകം പരിശോധിക്കുന്നവരില്‍ ഒട്ടും അത്ഭുതം ഉളവാക്കുന്നില്ല.
ഇത്രയും വിവരണങ്ങളില്‍ നിന്ന് “മര്‍മം: മഹതിയാം ബാബിലോണ്‍” എന്ന സ്ത്രീ ഹിജാസ് എന്ന മക്ക മദീനാ പട്ടണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം ആണെന്ന് വസ്തുനിഷ്ഠമായി തെളിയുന്നു. വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍ ഈ സ്ത്രീയുടെ നാശം അഥവാ ന്യായവിധി ആണല്ലോ വെളിപ്പെടുത്തുന്നത്. ഹിജാസ് എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്? ആരാണതിനെ നശിപ്പിക്കുന്നത്? നശിപ്പിക്കാനുള്ള കാരണമെന്ത്? വീണ്ടും നമുക്ക് ബൈബിളിലേക്ക് തിരിയാം. യിരെമ്യാ 51:11-13 വാക്യങ്ങള്‍ താഴെ കൊടുക്കുന്നു:
“അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സുണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്‍റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ. ബാബേലിന്‍റെ മതിലുകള്‍ക്കു നേരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ഉറപ്പിപ്പിന്‍; കാവല്‍ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേല്‍നിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിര്‍ണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു. വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്‍റെ അവസാനം, നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.”
1. ഹിജാസ് എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്?
ഹിജാസ് സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. സൗദി അറേബ്യയെ ഭരിക്കുന്നത് സുല്‍ത്താന്മാര്‍ ആണ്. ഇവര്‍ വഹാബി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. സുന്നി വിഭാഗത്തിലെ ഒരു ന്യൂനപക്ഷമാണ് വഹാബികള്‍. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഖലീഫയാണ് ഭരണം നടത്തേണ്ടത്, സുല്‍ത്താനല്ല. ഇസ്ലാമിന്‍റെ വിശുദ്ധ സ്ഥലം ഉള്‍ക്കൊള്ളുന്ന സൗദി അറേബ്യയിലെ ഭരണസംവിധാനത്തെ മറ്റു മുസ്ലീം രാഷ്ട്രങ്ങള്‍ അനിസ്ലാമിക ഭരണകൂടമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭരണകൂടത്തെ നീക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നുള്ളത് ഭൂരിപക്ഷം വരുന്ന സുന്നികളുടെയും ശിയാക്കളുടെയും ആവശ്യമാണ്. ഈ അപകടം മുന്‍ കണ്ടുകൊണ്ടാണ് സൗദി അറേബ്യ അമേരിക്കയുമായി സൈനിക സഖ്യം ചെയ്തിട്ടുള്ളത്. ഇസ്ലാമിക് ബ്രദര്‍ഹുഡിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നുള്ളതാണ്. സൌദിയിലും മറ്റു രാജഭരണം ഉള്ളിടങ്ങളിലും ഈ അടുത്ത കാലത്ത് ഉണ്ടായ ജനപ്രക്ഷോഭങ്ങള്‍ ഇതിന്‍റെ സൂചനകളാണ്. ഹിജാസ് നശിപ്പിക്കപ്പെടുമെന്നു അവരുടെ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു മണിക്കൂര്‍ കൊണ്ട് നശിപ്പിക്കപ്പെടും എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്: “അതുനിമിത്തം മരണം ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍ തന്നേ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവു ശക്തനല്ലോ. അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചും കൊണ്ടു അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും” (വെളി.18:8-10). വഹാബികള്‍ക്കെതിരെ മറ്റു സുന്നി വിഭാഗങ്ങളും ഷിയാക്കളും കൂടിച്ചേര്‍ന്ന് ഹിജാസിനെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് നിറവേറും.
2. ആരാണതിനെ നശിപ്പിക്കുന്നത്?
യിരെമ്യാ.51:11-ല്‍ ദൈവം ഇത് ചെയ്യിപ്പിക്കുന്നത് മേദ്യ രാജാക്കന്മാരുടെ മനസ്സുണര്‍ത്തിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന് ചുരുക്കം. മേദ്യ (ഇറാന്‍) രാജാവായിരുന്ന കോരേശിനെക്കൊണ്ടാണ് പണ്ട് ദൈവം യെഹൂദ്യയുടെ ബാബേല്‍ പ്രവാസകാലത്ത് ദൈവാലയ നിര്‍മ്മാണത്തിന് ഉത്തരവിടുവിച്ചത്. ഇവിടെ വീണ്ടും യെഹൂദന്മാരുടെ ദൈവാലയ നിര്‍മ്മാണത്തിന് വേണ്ടി ഇറാന്‍റെ നേതൃത്വത്തില്‍ ഒരു നീക്കമുണ്ടാകും. പ്രാകാരം ജാതികള്‍ക്ക് ചവിട്ടാന്‍ വിട്ടേക്കുന്നു എന്ന് വെളി.11:2-ല്‍ പറഞ്ഞിരിക്കുന്നു. ഈ പ്രാകാരത്തിലാണ് അല്‍ അക്സാ മോസ്ക് സ്ഥിതി ചെയ്യുന്നത്. യെഹൂദാ റബ്ബിമാരുടെ അഭിപ്രായമനുസരിച്ച് പ്രാകാരം മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ദൈവാലയനിര്‍മ്മാണത്തിന് ഒരു സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ രൂപപ്പെട്ടു വരുന്ന അടുപ്പവും ആണവായുധ ശക്തിയായുള്ള ഇറാന്‍റെ വളര്‍ച്ചയും ഇറാനും സൌദിയും തമ്മിലുള്ള വിരോധവും കൂട്ടിവായിക്കുമ്പോള്‍ പ്രവചന പൂര്‍ത്തീകരണം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു.
3. നശിപ്പിക്കാനുള്ള കാരണമെന്ത്?
തന്‍റെ മന്ദിരത്തിന് വേണ്ടിയുള്ള പ്രതികാരം എന്നാണ് യഹോവ അരുളിച്ചെയ്തിരിക്കുന്നത്. യഹോവയുടെ മന്ദിരം നിന്ന സ്ഥാനത്ത് അബ്ദുല്‍ മാലിക് ഇബ്ന്‍ മര്‍വ്വാന്‍ ഡോം ഓഫ് റോക്ക് എന്ന ഒരു പള്ളി പണികഴിപ്പിക്കുകയും പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഖുര്‍ആനിലെ വാക്യങ്ങള്‍ അകത്തും പുറത്തും ഉല്ലേഖനം ചെയ്തു വെക്കുകയും ചെയ്തു. ഇന്നുവരെയും യെരുശലേം ദൈവാലയം പുനഃസ്ഥാപിക്കപ്പെടാതിരിക്കുന്നതിന് കാരണം “ശൂന്യമാക്കുന്ന മ്ലേച്ഛത” വിശുദ്ധ സ്ഥലത്ത് നില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് ദൈവം തന്‍റെ മന്ദിരത്തിന് വേണ്ടി പ്രതികാരം ചെയ്യാന്‍ പോകുകയാണ്.
മറ്റൊന്ന് ദൈവജനത്തിനു വേണ്ടിയുള്ള പ്രതികാരമാണ്: “സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന്‍” (വെളി.18:20). ഈ മതം ഉണ്ടായ കാലം മുതല്‍ ഇന്നുവരെ ദൈവജനത്തിനോട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ക്രൂരതകള്‍ക്കും ദൈവം പ്രതികാരം ചെയ്യുന്നത് തികച്ചും ന്യായമല്ലോ. അതുകൊണ്ട് ഇങ്ങനെയൊരു നീക്കം ആരംഭിക്കുന്നത് കാണുമ്പോഴേ സൌദിയില്‍ ഉള്ള ദൈവജനം അവളെ വിട്ട് ഓടുവാന്‍ തുടങ്ങുക. ഇത് ബൈബിളിന്‍റെ ആഹ്വാനമാണ്:
“ബാബേലിന്‍റെ നടുവില്‍നിന്നു ഓടി ഓരോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അതിന്‍റെ അകൃത്യത്തില്‍ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അവന്‍ അതിനോടു പകരം ചെയ്യും” (യിരെമ്യാ51:6)
“വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓര്‍ത്തിട്ടുമുണ്ടു.” (വെളി.18:4,5)
8 Comments on “മര്‍മ്മം: മഹതിയാം ബാബിലോണ്‍ (വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍)”
really informative…
God bless you
ഇസ്രയേലിൽ ആലയം പണി കഴിക്കാൻ പറ്റാത്തത് അവിടെ Dome of Rock ഉള്ളത് കൊണ്ടല്ല . ജീവിക്കുന്ന ദൈവത്തിന്റെ അലയം അക്കുന്ന സഭ ഭൂമിയിൽ വസിക്കുന്നത് കൊണ്ടാണ് . ഒരെ സമയം രണ്ട് ആലയം ദൈവം അനുവദിക്കില്ല.സഭ എന്നു ഇവിടെ നിന്നു എന്നു ഇവിടെ നിന്ന് പോകുണോ അന്നെ അവർക്ക് 3rd Temple പണി തുടങ്ങൻപറ്റുകയുള്ളു. അവിടെ ഇസ്രയേൽ ദേവലയം പണിയതിരിക്കാൻ ദൈവം അക്കി വച്ചതാണ് Dome of the Rock.. അതു പണിയാനുള്ള അനുവാദം ഇസ്രയേൽ ജനത്തിന് കൊടുക്കാൻ പൊകുന്ന ആൾ ആണ് എതിർ ക്രിസ്തു.
,,സൗദിൽ ഉള്ള ദൈവ ജനം ഓടാൻ തുടങ്ങുക,, എന്താണ് ഉദേശിച്ചത് ?
ഒരു പ്രദേശത്ത് അപകടം വരാന്‍ പോകുന്നു എന്നറിഞ്ഞാല്‍ അവിടം വിടുകയാണ് ഏറ്റവും നല്ലത്…
“സൌദിയില്‍ ഉള്ള ദൈവജനം അവളെ വിട്ട് ഓടുവാന്‍ തുടങ്ങുക. ഇത് ബൈബിളിന്‍റെ ആഹ്വാനമാണ്” bible avidaya ee adhuvanam??? Great Tribulation time il sabha eviday undavilla … pinne swadhi diva janam athina odanath????
Informative and interesting article.God bless
Sachin : സഭ ഇവിടെ ഉണ്ടാകില്ല എന്ന് ആര് പറഞ്ഞു?