മുഹമ്മദും ന്യായപ്രമാണവും (ഭാഗം-8)
അനില്‍കുമാര്‍ വി. അയ്യപ്പന്
മോഷ്ടിക്കരുത് (പുറ.20:15): ഇത് എട്ടാം കല്പന. മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള ജീവനുള്ളതോ അല്ലാത്തതോ ആയ വസ്തുക്കളെ അയാളുടെ സമ്മതം കൂടാതെ കൈവശപ്പെടുത്തുന്നതിനെയാണ് മോഷണം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മോഷണത്തെ മാത്രമല്ല, ചതിച്ചോ വഞ്ചിച്ചോ മറ്റൊരാളുടെ മുതല്‍ കൈവശപ്പെടുത്തുന്നതിനെയും ഈ കല്പനയിലൂടെ ദൈവം വിരോധിച്ചിരിക്കുന്നു.
എന്നാല്‍ മക്കയില്‍ നിന്നും കച്ചവടത്തിന് പോയിരുന്ന ഖുറൈശികളുടെ കച്ചവട സംഘങ്ങളെ മദീനയില്‍ നിന്ന് വന്നു മുഹമ്മദും കൂട്ടരും കൊള്ളയടിക്കുമായിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നു. ഇസ്ലാമിലെ ഒന്നാമത്തെ യുദ്ധമായി അറിയപ്പെടുന്ന ബദര്‍ യുദ്ധത്തിന്റെ കാരണം തന്നെ ഖുറൈശി നേതാവായ അബൂ സുഫ്യാന്റെ നേതൃത്വത്തില്‍ മക്കയിലേക്ക് ചരക്കുമായി വരികയായിരുന്ന കച്ചവട സംഘത്തെ ആക്രമിക്കാന്‍ മുഹമ്മദ് മദീനയില്‍ നിന്നുള്ള കൊള്ളസംഘവുമായി വന്നതാണ്. ഇതല്ലാതെ ബനൂ ഖുറൈദ, ബനൂ മുസ്തലഖ്, ബനൂ നദീര്‍ എന്നീ യെഹൂദ താവളങ്ങളെ മുഹമ്മദ് ആക്രമിക്കുകയും അവരുടെ സമ്പത്തു കൊള്ളയടിക്കുകയും സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുക്കുകയും ചെയ്ത കാര്യങ്ങള്‍ ഹദീസുകളിലുണ്ട്. ഇത് മാത്രമല്ലാതെ, ദൂരദേശത്തുള്ള രാജ്യങ്ങളെയും ആക്രമിച്ചു കൊള്ളയടിക്കാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും മുഹമ്മദ് ആജ്ഞ കൊടുത്തിട്ടുണ്ട്. ചില ഹദീസുകള്‍ താഴെ കൊടുക്കാം:
അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘കിസ്രാ’ ഇതാ നശിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും ‘കിസ്രാ’ ഉണ്ടാവുകയില്ല. കൈസറും നാശമടയുക തന്നെ ചെയ്യും. ഇനി ഒരിക്കലും ഒരു കൈസര്‍ ഉണ്ടാകുകയില്ല. അവര്‍ രണ്ടു പേരുടെയും ഖജാനകള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പങ്കിട്ടു പോകും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1259, പേജ് 636)
കിസ്രാ പര്‍വേഷ് എന്നത് മുഹമ്മദിന്റെ സമകാലീനനായിരുന്ന ഒരു പേര്‍ഷ്യന്‍ രാജാവാണ്. ഇന്നത്തെ കണക്ക് പ്രകാരം 700 മില്ല്യണ്‍ ഡോളര്‍ വാര്‍ഷികവരുമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില് ഒരാളായിരുന്നു കിസ്രാ പര്‍വേഷ്. മുഹമ്മദ് അയാളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ആഗ്രഹിച്ചു!!
അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ഉന്നതതത്വങ്ങഉളുള്‍ക്കൊള്ളുന്ന വാക്യങ്ങളോട് കൂടിയാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലീംകളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്റെ കയ്യില്‍ തന്നു.” “തിരുമേനി പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍ നിന്ന് ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1241, പേജ് 630)
മുഹമ്മദ് ആഗ്രഹിച്ച കാര്യങ്ങള്‍ പില്ക്കാലത്ത് അനുയായികള്‍ ആണ് നിറവേറ്റിയത്. സമ്പത്തിന് വേണ്ടി അവര്‍ ലോകം മുഴുവന്‍ ആക്രമിക്കാന്‍ തയ്യാറായി!!
ഉമ്മുഹറാം (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് അവര്‍ കേട്ടു. “എന്റെ അനുയായികളില്‍, സമുദ്രത്തില്‍ പ്രവേശിച്ചു ഏറ്റവുമാദ്യം യുദ്ധം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമാണ്.” ഉമ്മുഹറാം ചോദിച്ചു: “ദൈവദൂതരേ! അക്കൂട്ടത്തില്‍ ഞാനുള്‍പ്പെടുമോ?” തിരുമേനി അരുളി: “അതേ, നീയും അവരിലുള്‍പ്പെടും.” ഉമ്മുഹറാം പറയുന്നു, തിരുമേനി തുടര്‍ന്നരുളി: “എന്റെ അനുയായികളില്‍ കൈസറിന്റെ പട്ടണത്തെ (റോം) ഏറ്റവുമാദ്യം ആക്രമിക്കുന്ന പട്ടാളത്തിന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും.” “ഞാനക്കൂട്ടത്തിലുണ്ടായിരിക്കുമോ?” എന്ന് തിരുമേനിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് അവിടുന്ന് അരുളിയത്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1222, പേജ് 624)
കടല്‍ കടന്നും ഭൂഖണ്ഡങ്ങള്‍ കടന്നും യുദ്ധം ചെയ്യാന്‍ വേണ്ടി തന്റെ അനുയായികള്‍ പോകണം എന്നുള്ള ആഗ്രഹം മുഹമ്മദില്‍ എത്രമാത്രം രൂഢമൂലമായിരുന്നു എന്നറിയാന്‍ ഈ ഹദീസുകള്‍ മതി. ആക്രമണങ്ങള്‍ അപ്രതീക്ഷിതമായിരുന്നു എന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം:
ഇബ്നു ഔന് നിവേദനം: യുദ്ധത്തിനു മുന്‍പ് (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ് പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 1 (1730)
ഇബ്നു ഉമര്‍ (റ) പറയുന്നു: “ബനൂ മുസ്തലഖ് ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി (സ) അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവികളില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും ബന്ധനസ്ഥരാക്കുകയും ചെയ്തു. അന്നാണ് ജുവൈരിയ (റ) തിരുമേനിയുടെ അധീനത്തില്‍ വന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 49, ഹദീസ് നമ്പര്‍ 1108, പേജ് 564)
അങ്ങനെ യഹോവയായ ദൈവം നല്കിയ ന്യായപ്രമാണത്തിലെ എട്ടാം കല്പനയും മുഹമ്മദ് ലംഘിച്ചു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
കള്ളസാക്ഷ്യം പറയരുത് (പുറ.20:16). ഇത് ഒമ്പതാം കല്പന. കോടതിയില്‍ സാക്ഷ്യം പറയുമ്പോള്‍ അതില്‍ കള്ളം ഉണ്ടാകരുത് എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് എല്ലാത്തരത്തിലുള്ള കള്ളങ്ങളും നിരോധിക്കുകയാണ് ഇവിടെ ദൈവം ചെയ്തിരിക്കുന്നത്. കള്ളം മാത്രമല്ല, മറ്റൊരാളുടെ നേരെയുള്ള ചതിയെയും വഞ്ചനയേയും ഈ കല്പനയിലൂടെ ദൈവം നിരോധിക്കുന്നു. “വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു” എന്നാണ് സദൃശവാക്യങ്ങള്‍ 14:5-ല്‍ പറഞ്ഞിരിക്കുന്നത്. മുഹമ്മദ് ഈ കല്പനയും തെറ്റിച്ചു എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം:
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക് രൂപവും സ്വഭാവവും നല്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന് കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ് നമ്പര്‍ 1147, പേജ് 586)
വേറൊരു ഹദീസ് നോക്കാം:
ഹുമൈദ് ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ് നിവേദനം: അദ്ദേഹത്തിന്റെ മാതാവ് ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന് നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ് പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ് അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്റെ ഭാര്യയോടോ, ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 101 (2605)
ഹദീസ് ശ്രദ്ധിച്ചു വായിക്കണേ, “ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ് അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല” എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മൂന്നു കാര്യങ്ങളില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ് പഠിപ്പിച്ചത്. വേറൊരു ഹദീസ് നോക്കാം:
“ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന് അല്ലാഹുവിനെയും അവന്റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: ‘ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?’ നബി പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.’ നബി പറഞ്ഞു: ‘പറഞ്ഞുകൊള്ളുക.’ അദ്ദേഹം അവന്റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: ‘ഈ മനുഷ്യന് ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവന് പറഞ്ഞു: ‘തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ അവന് ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?’ അദ്ദേഹം ചോദിച്ചു: ‘എന്ത് പണയം തരണം?’ അവന് പറഞ്ഞു: ‘നിങ്ങളുടെ സ്ത്രീകളെ പണയം തരണം.’ അദ്ദേഹം പറഞ്ഞു: ‘നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?’ അപ്പോള്‍ അവന് ചോദിച്ചു: ‘എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ ഞങ്ങളില്‍ ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.’ അവന് പറഞ്ഞു: ‘ശരി, അങ്ങനെയാകട്ടെ.’ ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.
ജാബിര്‍ പറയുന്നു: ‘അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന് അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന് പറയുന്നു: തന്റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്റെ ഭാര്യ പറഞ്ഞു: ‘രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.’ അവന് പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.’ മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന് വന്നാല്‍ അവന്റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന് വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന് ഇറങ്ങിവന്നപ്പോള്‍ അവന് വന്നത് നല്ല ഉടയാടകളോടെയാണ്. ‘നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.’ അവന് പറഞ്ഞു: ‘അതെ, എന്റെ കൂടെ ഇന്നവളുണ്ട്. അവള് അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.’ അദ്ദേഹം ചോദിച്ചു: ‘അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?’ അവന് പറഞ്ഞു: ‘ഓ, മണത്തോളൂ.’ അങ്ങനെ അവന്റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: ‘ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.’ അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍.119 (1801).
ഇവിടെ, ഇരുട്ടിന്റെ മറവില്‍ ഒരാളെ കൊല്ലാന്‍ പോകുന്ന അനുയായികള്‍ക്ക് എന്ത് നുണയും പറയാനുള്ള അനുവാദവും കൂടി മുഹമ്മദ് നല്‍കിയിരുന്നു എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. കള്ളം പറയാനുള്ള അനുവാദം തന്റെ അനുയായികള്‍ക്ക് നല്‍കിക്കൊണ്ട് മുഹമ്മദ് ഒമ്പതാം കല്പനയും ലംഘിക്കുകയാണ് ഉണ്ടായതു എന്ന് ചുരുക്കം. (തുടരും..)