പന്നിയിറച്ചിയും ദാവാക്കാരും ക്രിസ്ത്യാനികളും പിന്നെ മുഹമ്മദും
അനില്‍കുമാര്‍ വി. അയ്യപ്പന്‍
എല്ലാ ദാവാക്കാരും ഒരുപോലെ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്ന കാര്യമാണ് “ക്രിസ്ത്യാനികള്‍ പന്നിയിറച്ചി കഴിക്കുന്നു’ എന്നുള്ളത്. ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിട്ടുള്ള കല്പനയാണ് പന്നിയെ തിന്നരുതെന്നുള്ളത്, എന്നാല്‍ ന്യായപ്രമാണമേ വേണ്ട എന്ന് പറയുന്ന പൗലോസിന്‍റെ ഉപദേശമനുസരിച്ചു ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ കല്പനയായ പന്നിയിറച്ചി നിരോധനം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടംപോലെ പന്നിയെ വളര്‍ത്തുകയും തിന്നുകയും ചെയ്യുന്നു എന്നും പൗലോസ് അട്ടിമറിച്ചു കളഞ്ഞ ന്യായപ്രമാണത്തിലെ ഇപ്രകാരമുള്ള കാര്യങ്ങളും നിയമങ്ങളും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് അന്ത്യപ്രവാചകനായി മുഹമ്മദ് വന്നത് എന്നും ദാവാക്കാര്‍ വാദിക്കുന്നു. ഇവരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നമുക്കൊന്ന് നോക്കാം:
യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ മക്കള്‍ക്ക് നല്‍കിയ ന്യായപ്രമാണത്തിലെ ഭക്ഷണനിയമത്തില്‍ പന്നിയെ ഭക്ഷിക്കരുത് എന്ന് വളരെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, അക്കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ പന്നിയെ ഭക്ഷിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ബൈബിള്‍ നല്‍കുന്നുണ്ട്. യിസ്രായേല്‍ ഒരു ഭൌതികമായ രാജ്യമായിരുന്നു, അവര്‍ക്കുള്ള നിയമങ്ങളും ഭൌതികമായിരുന്നു. എന്നാല്‍ പുതിയ നിയമ യിസ്രായേല്‍ എന്നത് ഒരു ഭൌതിക ജനതയല്ല, ആത്മീയ ജനതയാണ്. യേശുക്രിസ്തുവിനെ വിസ്തരിക്കുന്ന സമയത്ത് കര്‍ത്താവ് പറഞ്ഞിട്ടുള്ള ഒരു വാചകം ഇതാണ്: “എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല” (യോഹ.18:36). യേശുക്രിസ്തുവിന്‍റെ രാജ്യം ഐഹികമല്ല, ആത്മീയമാണ് എന്നുള്ളതിനാല്‍ ആ രാജ്യത്തിലെ പ്രജകള്‍ക്ക് നല്‍കിയിരിക്കുന്ന നിയങ്ങളും ആത്മീയമായതാണ്. പഴയനിയമത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ഓരോ കല്പനക്കും ആക്ഷരികമായതും ആത്മീകമായതും എന്നിങ്ങനെ രണ്ടു വശങ്ങള്‍ ഉണ്ട്. ഭക്ഷണനിയമത്തിന്‍റെ ആത്മീക വശം ആ കല്പന കൊടുത്ത് കഴിഞ്ഞിട്ട് അവസാനം ദൈവം പറയുന്നുണ്ട്. അത് ഇതാണ്:
“ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു. ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു” (ലേവ്യാ.11:44-47)
“ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു. നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു” (ലേവ്യാ.20:25,26)
യിസ്രായേലിന് ചുറ്റുപാടുമുള്ള ജനം തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ട് തോന്നിയത് പോലെ ജീവിക്കുമ്പോള്‍, ദൈവത്തിന്‍റെ സ്വന്തജനം എന്ന പദവിയിലിരിക്കുന്ന യിസ്രായേല്‍, ഭക്ഷണകാര്യത്തിലടക്കം സകലത്തിലും അവരില്‍ നിന്നും വേര്‍പെട്ടുകൊണ്ടു വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുകയും അങ്ങനെ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണെന്നു വെളിപ്പെടുത്തുകയും വേണം എന്നതായിരുന്നു ഈ കല്പനയുടെ ആത്മിക വശം. ഇതിന്‍റെ ഭൌതിക വശം എന്നുള്ളത് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. പഴയ നിയമത്തില്‍ ദൈവം തിന്നരുതെന്ന് കല്പിച്ചിട്ടുള്ള ജീവികളെ തിന്നാതിരിക്കുകയാണെങ്കില്‍ പലവിധമായ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്. ആ ഉദ്ദേശ്യത്തോടുകൂടി ഈ ജീവികളെ തിന്നാതിരിക്കുന്ന ധാരാളം ക്രിസ്ത്യാനികള്‍ ഇന്ന് ലോകത്തുണ്ട് എന്നത് മറ്റൊരു വശം.
ക്രിസ്തുവിന്‍റെ ആത്മിക രാജ്യത്തിലെ പൌരന്മാരായിരിക്കുന്ന പുതിയ നിയമ വിശ്വാസികള്‍ വിശുദ്ധിയും വേര്‍പാടും പാലിക്കേണ്ടത് എന്തെങ്കിലും ജീവികളെ തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്തു കൊണ്ടല്ല, മറിച്ചു അവരുടെ ജീവിതത്തിലെ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. അത് കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്:
“പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ . പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു (കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു. അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. അവന്‍ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അതു അവന്‍റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു” (മര്‍ക്കോ.7:14-23)
ഇതുമാത്രമല്ലാതെ, അപ്പോസ്തലനായ പത്രോസിനു ദൈവം നല്‍കിയ ഒരു ദശനത്തിലൂടെയും ദൈവം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്:
“പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി. അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു. അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു” (അപ്പൊ.പ്രവൃത്തി.10:9-16)
ന്യായപ്രമാണം അനുസരിച്ച് ജീവിച്ചിരുന്ന പത്രോസ് അതുവരെ അശുദ്ധമൃഗങ്ങളെ ഒന്നിനേയും തിന്നിട്ടുള്ളവനല്ല. എന്നാല്‍, പുതിയ നിയമവിശ്വാസികള്‍ക്ക് ഈ കല്പന ബാധകമല്ലെന്നും, അവരുടെ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കപ്പെടുന്നത് വയറിനകത്തേക്ക് ചെല്ലുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിമിത്തല്ലെന്നും പത്രോസിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ദൈവം ഈ ദര്‍ശനം നല്‍കിയത്. ഈ കല്പനയുടെ ആത്മീയ സത്യം ഗ്രഹിക്കാനുള്ള കഴിവ് പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും വേര്‍തിരിവ് കാണിക്കാത്തത്. അല്ലാതെ ഇത് പൗലോസ് അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ഒന്നുമല്ല.
ഇനി നമുക്ക് ഈ വിഷയത്തിലുള്ള ദാവാക്കാരുടെ ഇരട്ടത്താപ്പ് കൂടി ഒന്ന് പരിശോധിച്ച് നോക്കാം. പഴയ നിയമത്തില്‍ യഹോവയായ ദൈവം പന്നിയെ മാത്രമേ തിന്നരുതെന്ന് കല്പിച്ചിട്ടുള്ളോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം:
“യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ: മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം. കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യാ.11:1-8)
“നിലത്തു ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്കു അശുദ്ധമായവ ഇവ: പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവന്‍ . എല്ലാ ഇഴജാതിയിലും വെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം” (ലേവ്യാ.11:29-31)
വെള്ളത്തിലെ ജീവികളില്‍ ഏതൊക്കെയാണ് യെഹൂദന് ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്നത് എന്ന് നോക്കാം:
“വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം” (ലേവ്യാ.11:9-12)
നിലത്തിഴയുന്ന ജീവികള്‍ ഒന്നും തന്നെ യെഹൂദന് തിന്നാന്‍ അനുവാദമുണ്ടായിരുന്നില്ല:
“നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു. ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു. യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു” (ലേവ്യാ.11:41-43)
ഇനി യിസ്രായേല്യനു കഴിക്കാന്‍ അനുവാദം ഉണ്ടായിരുന്ന മൃഗങ്ങള്‍ ഏതോക്കെയായിരുന്നു എന്ന് നോക്കാം:
“നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു: കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ . മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം” (ആവ.14:4-6)
കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവയല്ലാതെ വേറെ ഒറ്റ മൃഗത്തേയും ഭക്ഷിക്കുവാന്‍ ന്യായപ്രമാണം ഒരു യിസ്രായേല്യനെ അനുവദിക്കുന്നില്ല! ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നു എന്ന് ദാവാക്കാര്‍ അവകാശപ്പെടുന്ന മുഹമ്മദും ഈ മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാവൂ, ഭക്ഷിക്കാന്‍ അനുവാദം കൊടുക്കാവൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ മുഹമ്മദ് തന്‍റെയും അനുയായികളുടേയും ഭക്ഷണക്കാര്യത്തില്‍ ന്യായപ്രമാണത്തിലെ ഈ നിയമം തന്നെയാണോ അനുവര്‍ത്തിച്ചത്? നമുക്ക് പരിശോധിക്കാം. ആദ്യം ഖുര്‍ആനില്‍ എന്താണ് മലക്ക് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.
“ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു” (സൂറാ.22:36)
ഇവിടെ മലക്ക് പറയുന്നത് ഒട്ടകമാംസം ഭക്ഷിക്കാം എന്നാണ്. എന്നാല്‍ ന്യായപ്രമാണം പറയുന്നതെന്താണ്? “എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്!! പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് പറയപ്പെടുന്ന മുഹമ്മദിനോ മുഹമ്മദിന് സന്ദേശങ്ങള്‍ കൊണ്ടുവന്നു കൊടുത്തു എന്ന് പറയപ്പെടുന്ന മലക്കിനോ ന്യായപ്രമാണത്തില്‍ ഒട്ടകമാംസം ഭക്ഷിക്കുന്നതിനു എതിരെ ഇങ്ങനെ ഒരു കല്പന നല്‍കിയിട്ടുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു!!! കഷ്ടംതന്നെ!
ഇനി ഹദീസുകള്‍ പരിശോധിച്ചാലോ? ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് അവിടെ കാണാന്‍ കിട്ടുന്നത്:
അനസ് (റ) പറയുന്നു: മര്‍റുള്ളഹ്റാന്‍ എന്ന സ്ഥലത്ത് വെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ പിന്നാലെ ഓടിയോടി ക്ഷീണിച്ചു പോയി. അവസാനം ഓടിയെത്തിയിട്ട് അതിനെപിടിച്ചു അബൂതല്‍ഹ(റ) യുടെയടുക്കല്‍ കൊണ്ടുവന്നു. അദ്ദേഹം അതിനെ അറുത്തു. തുട രണ്ടും തിരുമേനി (സ) ക്ക് കൊടുത്തയച്ചു. തിരുമേനി അത് സ്വീകരിച്ചു. മറ്റൊരു രിവായത്തില്‍, അവിടുന്ന് അതില്‍നിന്നും അല്പം തിന്നുവെന്നും വന്നിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ് നമ്പര്‍ 1117, പേജ് 568)
അനസ് ബ്നു മാലിക് നിവേദനം: ഞങ്ങള്‍ ദഹ്റാനിലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലര്‍ ഒരു മുയലിന്‍റെ പിന്നാലെ കൂടി അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും അവസാനം ക്ഷീണിതരാകുന്നതും കണ്ടു. അപ്പോള്‍ ഞാന്‍ അതിനുവേണ്ടി ശ്രമിക്കുകയും എനിക്ക് അതിനെ പിടികൂടാന്‍ സാധിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ അതുമായി അബൂത്വല്‍ഹയുടെ അടുക്കല്‍ ചെന്നു. അദ്ദേഹം അതിനെ അറുത്തു. അങ്ങനെ അതിന്‍റെ ചണ്ണകളും തുടകളും നബിക്ക് മാറ്റി വെച്ചു. അങ്ങനെ ഞാന്‍ അതുമായി നബിയുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് അത് സ്വീകരിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ് നമ്പര്‍ 53 (1953)
മുഹമ്മദ് മുയലിനെ തിന്നതായിട്ടാണ് ഹദീസില്‍ കാണുന്നത്. എന്നാല്‍ ന്യായപ്രമാണത്തില്‍ പറയുന്നതോ? “മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്! ഇക്കാര്യവും മുഹമ്മദിനും മലക്കിനും അറിയില്ലായിരുന്നു…
ഇനി ഉടുമ്പ് മാംസം നോക്കാം:
ഇബ്നു അബ്ബാസ് പറയുന്നു: എന്‍റെ മാതൃസഹോദരി ഉമ്മുഹുഫൈദ് തിരുമേനി (സ) ക്ക് കുറച്ചു പാല്‍ക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും കൊടുത്തയച്ചു. തിരുമേനി പാല്‍ക്കട്ടിയും നെയ്യും കഴിച്ചു. അറപ്പുകാരണം ഉടുമ്പ് മാംസം കഴിച്ചില്ല. പക്ഷേ തിരുമേനിയുടെ മുമ്പിലുള്ള സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ അത് തിന്നു. അത് ഹറാമാണെങ്കില്‍ തിരുമേനിയുടെ സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ തിന്നുകയില്ലായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ് നമ്പര്‍ 1118, പേജ് 568)
ഇബ്നു ഉമര്‍ നിവേദനം: നബിയോട് ഉടുമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അത് തിന്നുന്നവനല്ല, അത് നിഷേധിക്കുന്നവനുമല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ് നമ്പര്‍ 39 (1943)
ഇബ്നു ഉമര്‍ നിവേദനം: നബി തന്‍റെ അനുചരന്മാരില്‍പ്പെട്ട കുറച്ചു പേരുടെ കൂടെയായിരുന്നു. അവരില്‍ സഅ്ദും ഉണ്ടായിരുന്നു. ഉടുമ്പിന്‍റെ മാംസം കൊണ്ടുവരപ്പെട്ടു. അപ്പോള്‍ നബിയുടെ ഭാര്യമാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘അത് ഉടുമ്പിന്‍റെ മാംസമാണ്.’ അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘നിങ്ങള്‍ തിന്നുക; അത് അനുവദനീയമാണ്. പക്ഷേ എന്‍റെ ഭക്ഷണത്തില്‍ പെട്ടതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ് നമ്പര്‍ 42 (1944)
ഉടുമ്പ് മാംസം അനുവദനീയമാണ് എന്നാണ് മുഹമ്മദ് പറയുന്നത്. പക്ഷേ ന്യായപ്രമാണം പറയുന്നത് ഉടുമ്പിനെ തിന്നരുതെന്നും!!
ഇനി കുതിര മാംസം നോക്കാം:
ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ ദിവസം നാടന്‍ കഴുതകളുടെ മാംസം കഴിക്കുന്നത് നിരോധിച്ചു. കുതിരയുടെ മാംസത്തിനു അനുമതി നല്‍കി. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ് നമ്പര്‍ 36 (1941)
അസ്മാഅ് നിവേദനം: നബിയുടെ കാലത്ത് ഞങ്ങള്‍ ഒരു കുതിരയെ അറുത്തു. എന്നിട്ട് അതിനെ തിന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ് നമ്പര്‍ 38 (1942)
ന്യായപ്രമാണമനുസരിച്ചു കഴിക്കാന്‍ പാടുള്ള ജീവികള്‍ കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവ മാത്രമാണ്. കുതിര ഈ ലിസ്റ്റില്‍ ഇല്ലാത്തതുകൊണ്ട് അത് യെഹൂദന് നിഷിദ്ധമാണ്. ഇക്കാര്യമൊന്നും മലക്കിനോ മുഹമ്മദിനോ അറിഞ്ഞുകൂടായിരുന്നു.
ഇനി മുഹമ്മദ് കഴുതകളുടെ മാംസം കഴിച്ചിരുന്നോ എന്ന് നോക്കാം:
ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ സമയത്ത് ഞങ്ങള്‍ കുതിരയേയും കാട്ടുകഴുതയേയും ഭക്ഷിച്ചു. നാടന്‍ കഴുതയെ ഞങ്ങളോട് നിരോധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ് നമ്പര്‍ 37)
ന്യായപ്രമാണത്തില്‍ കാണുന്ന ലിസ്റ്റില്‍ നാടന്‍ കഴുത മാത്രമല്ല, കാട്ടുകഴുതയും ഇല്ല എന്നുള്ള സത്യം മുഹമ്മദിനും മലക്കിനും അറിഞ്ഞുകൂടായിരുന്നു എന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോ?
ഇനി സമുദ്ര ജീവികളുടെ കാര്യം നോക്കാം:
ജാബിര്‍ (റ) പറയുന്നു: തിരുമേനി (സ) കടല്‍ത്തീരത്തേക്ക് ഒരു സേനയെ അയച്ചു. നായകനായി അബൂഉബൈദയെ നിയമിച്ചു. അവര്‍ മുന്നൂറു പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറപ്പെട്ട് കുറെ ദൂരമെത്തിയപ്പോഴേക്കും ആഹാര പദാര്‍ത്ഥങ്ങള്‍ തീര്‍ന്നു പോയി. സൈനികരുടെ പക്കല്‍ അവശേഷിച്ച ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അബൂഉബൈദ കല്പിച്ചു. അവയെല്ലാം ശേഖരിച്ചു. ആകെ രണ്ടു ചാക്കിലൊതുങ്ങുന്ന ഈത്തപ്പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്നു ഞങ്ങള്‍ക്കദ്ദേഹം എല്ലാ ദിവസവും കുറേശ്ശെ തന്നുകൊണ്ടിരുന്നു. അവസാനം അതും തീരാറായി. ഓരോ ഈത്തപ്പഴമാണ് ഒരു നേരം ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. ഇത് കേട്ടപ്പോള്‍ ഒരാള്‍ ജാബിറിനോട് ചോദിച്ചു: “ഒരു ഈത്തപ്പഴം കൊണ്ട് ഞങ്ങള്‍ക്കെന്താകാനാണ്!” അദ്ദേഹം പറഞ്ഞു: “എല്ലാം തീര്‍ന്ന്, അവസാനം അതും കിട്ടാതെ വന്നപ്പോഴാണ് ആ ഓരോ ഈത്തപ്പഴത്തിന്‍റെ വില ഞങ്ങള്‍ക്ക് മനസ്സിലായത്. ഒടുവില്‍ ഞങ്ങള്‍ കടല്‍ത്തീരത്തെത്തിയപ്പോഴതാ, അവിടെ കുന്നുപോലുള്ള മത്സ്യം കിടക്കുന്നു! ഞങ്ങള്‍ അത് പതിനെട്ടു ദിവസം ഭക്ഷിച്ചു. പിന്നീട് അതിന്‍റെ രണ്ടു വാരിയെല്ലുകള്‍ ഭൂമിയില്‍ നാട്ടാന്‍ അബൂഉബൈദ കല്‍പിച്ചു. ഉടനെ അത് നാട്ടി. ഒരു ഒട്ടകപ്പുറത്ത് കയറിയിരുന്നുകൊണ്ട് ആ നാട്ടിയ എല്ലിന്‍റെ താഴ്ഭാഗത്ത് കൂടെ കടന്നു പോകാന്‍ ഒരാളോട് അബൂഉബൈദ കല്‍പിച്ചു. ആ എല്ലിന്മേല്‍ തട്ടാതെ അയാള്‍ ഭദ്രമായി കടന്നു പോയി. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1639, പേജ് 802)
ജാബിര്‍ (റ) തന്നെ പറയുന്നു: “സമുദ്രതീരത്ത് തിമിംഗിലം എന്ന് വിളിക്കുന്ന ഒരു ജീവി ഞങ്ങള്‍ക്ക് അടിഞ്ഞുകിട്ടി. അരമാസക്കാലം ഞങ്ങള്‍ അതില്‍നിന്ന് ഭക്ഷിച്ചു. അതിന്‍റെ കൊഴുപ്പെടുത്തു ഉരുക്കി ശരീരത്തില്‍ പുരട്ടി. അങ്ങനെ ഞങ്ങളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങളെല്ലാം പൂര്‍വ്വ സ്ഥിതി പ്രാപിച്ചു.” മറ്റൊരു രിവായത്തില്‍ ഇപ്രകാരമാണുള്ളത്: “നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക”യെന്ന് അബൂഉബൈദ പറഞ്ഞു. മദീനയിലെത്തിയപ്പോള്‍ ഈ വിവരം ഞങ്ങള്‍ തിരുമേനിയെ ഉണര്‍ത്തി. അവിടുന്ന് അരുളി: “അള്ളാഹു പ്രധാനം ചെയ്ത ആഹാരം നിങ്ങള്‍ക്ക് ഭക്ഷിക്കാം. വല്ലതും ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക്.” അവരിലൊരാള്‍ ഒരു കഷ്ണം തിരുമേനിക്കും കൊടുത്തു. അവിടുന്ന് അത് ഭക്ഷിച്ചു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1640, പേജ് 802)
സമുദ്രജീവികളില്‍ ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നതായി ന്യായപ്രമാണം പറയുന്നത് “കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു” എന്നാണ്. തിമിംഗിലത്തിനു ചിറകുണ്ടെങ്കിലും ചെതുമ്പലില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. യിസ്രായേല്യനെ സംബന്ധിച്ചിടത്തോളം ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്ന അശുദ്ധജീവിയായിരുന്നു തിമിംഗിലം. പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന മുഹമ്മദിന് ന്യായപ്രമാണത്തില്‍ ഇങ്ങനെ ഒരു കല്പന ഉണ്ടെന്നുള്ള കാര്യം അജ്ഞാതമായിരുന്നു!!
പന്നിയിറച്ചി തിന്നുന്നു എന്ന് ക്രിസ്ത്യാനികളെ കുറ്റം പറയുന്ന മുസ്ലീം സ്നേഹിതര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ന്യായപ്രമാണം പുനസ്ഥാപിക്കാന്‍ വന്നയാള്‍ തന്നെ അത് ലംഘിക്കുകയായിരുന്നു ചെയ്തത് എന്ന കാര്യം ഇവിടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കേ അദ്ദേഹം സത്യദൈവത്തില്‍നിന്നുള്ള പ്രവാചകനല്ല, പിശാചില്‍ നിന്നുള്ള കള്ളപ്രവാചകന്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് ഇനി എന്താണ് തടസ്സം???!!!
5 Comments on “പന്നിയിറച്ചിയും ദാവാക്കാരും ക്രിസ്ത്യാനികളും പിന്നെ മുഹമ്മദും”
God bless you
ഈ കാലഘട്ടത്തിന്നു ഉചിതമായ ലേഖനപരമ്പരകള്‍, ഇവ കൂടുതല്‍ വിശ്വാസികളിലെത്തിക്കാന്‍ ഇവയുടെ പ്രിന്‍റ് രൂപങ്ങളും , വീഡിയോ ബൈറ്റ്കളും പുറത്തിറക്കണം ,
giftythomas@live.com
valare nalla articles.everybody should know it
ദൈവനാമം മഹത്വപ്പെടുമാറാകട്ടെ,
സഹോദരന്റെ എഴുത്തുകളെല്ലാം തന്നെ വളരെ ഉപയോഗപ്രദമാണിന്ന്. ഒരു പാട് ആളുകൾ – മുസ്ലീം സമുദായത്തിന്റെ വഞ്ചനയിൽപ്പെടുന്ന കാഴ്ച്ച വേദനാജനകമാണ് .ഒരു പുസ്തകമായി ഈ അറിവുകൾ ക്രോഡീകരണം നടത്തുന്നത് എന്നെ പോലെ വിശ്വാസത്തിലേക്ക് വന്നിട്ട് അധികം ആകാത്ത ആളുകൾക്ക് ഉപകാരമായിരിക്കും.
Thank you jesus thank you anil sir