പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-4)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ഖുര്‍ആനിലെ മര്‍യമിനെ കുറിച്ചുള്ള മറ്റൊരു ആയത്ത് ഇതാണ്:
“അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്” (സൂറാ.19:23-25)
ഈ കഥ മുഹമ്മദിന് എവിടെനിന്ന് കിട്ടിയതാണ്? “മത്തായിയുടെ വ്യാജ സുവിശേഷം” എന്ന കൃതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളത് പ്രസവ വേദനയോട് ബന്ധപ്പെട്ടല്ല, മറിയയും യോസേഫും ശിശുവായ യേശുവും കൂടി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത്രേ മത്തായിയുടെ വ്യാജ സുവിശേഷത്തില്‍ കാണുന്നത്. അത് ഞാന്‍ താഴെ ഉദ്ധരിക്കാം:
“അവരുടെ യാത്രയുടെ മൂന്നാം ദിവസം, മരുഭൂമിയിലൂടെ ഉള്ള യാത്രയിൽ, സൂര്യന്‍റെ വർധിച്ച ചൂട് മൂലം മറിയം തളർന്നു; അപ്പോൾ മറിയം ഒരു ഈന്തപ്പന കണ്ടു ജോസെഫിനോടു പറഞ്ഞു; എന്നെ ഈ മരത്തിന്‍റെ തണലിൽ വിശ്രമിക്കാൻ അനുവദിക്കുക. ജോസഫ് വളരെ വേഗം മറിയത്തെ ആ മരത്തിന്‍റെ ചുവട്ടിലേക്ക് ആനയിച്ച്, മൃഗത്തിന്‍റെ പുറത്തു നിന്നും അവളെ ഇറക്കി. അനുഗൃഹീതയായ മറിയം മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഈന്തപ്പന ഓലകളുടെ ഇടയിലൂടെ നിറയെ പഴങ്ങൾ കിടക്കുന്നത് കണ്ടു, ജോസെഫിനോട് പറഞ്ഞു: “ഈ ഈന്തപ്പനയുടെ കുറച്ചു പഴങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” ജോസഫ് അവളോട് പറഞ്ഞു: “നീ ഈ മരത്തിന്‍റെ വലിയ ഉയരം കണ്ടിട്ടും, അതിന്‍റെ പഴം തിന്നണം എന്ന് പറഞ്ഞതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ഞാൻ ഇപ്പോൾ കൂടുതൽ ആയി ചിന്തിക്കുന്നത് വെള്ളത്തെക്കുറിച്ച് ആണ്. കാരണം നമ്മുടെ തുകൽ സഞ്ചിയില്‍ വെള്ളം എല്ലാം വറ്റിയിരിക്കുന്നു, നമുക്കോ നമ്മുടെ മൃഗങ്ങൾക്കോ വെള്ളം തരാൻ നമ്മുടെ കൂടെ ആരും ഇല്ല. അപ്പോൾ ശിശുവായ യേശു, മറിയത്തിന്‍റെ മടിയിൽ കിടന്നുകൊണ്ട്, സന്തോഷം നിറഞ്ഞ മുഖഭാവത്തോടെ പനയോട് പറഞ്ഞു: “ഓ വൃക്ഷമേ, നിന്‍റെ ശിഖിരങ്ങളെ താഴ്ത്തി എന്‍റെ അമ്മയെ നിന്‍റെ പഴങ്ങൾ ഭക്ഷിക്കാൻ അനുവദിക്കുക. ഇത് പറഞ്ഞതും, മരത്തിന്‍റെ ശിഖിരങ്ങൾ അനുഗൃഹീതയായ മറിയത്തിന്‍റെ കാൽക്കീഴിലെക്കു കുനിഞ്ഞു വന്നു; അവർ അതിൽ നിന്നും പഴങ്ങൾ ശേഖരിച്ച് അത് ഭക്ഷിച്ചു. അവർ അതിൽനിന്നും പഴങ്ങൾ എല്ലാം ശേഖരിച്ചതിനു ശേഷവും, അത് കുനിയാൻ ആജ്ഞാപിച്ചവന്‍റെ നിവരുവാനുള്ള കല്പനക്കു കാതോർത്തു കുനിഞ്ഞു തന്നെ അവിടെ നിലകൊണ്ടു. അപ്പോൾ യേശു പറഞ്ഞു, ഓ വൃക്ഷമേ, നീ നിന്നെ ഉയർത്തുക, ശക്തൻ ആയിരിക്കുക, എന്‍റെ പിതാവിന്‍റെ പറുദീസയില്‍ ഉള്ള എന്‍റെ മറ്റു വൃക്ഷങ്ങളുടെ കൂടെ ആയിരിക്കുക. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന നിന്‍റെ വേരുകളില്‍ നിന്ന് ഒരു ഉറവ് തുറന്നു വെള്ളം ഒഴുക്കുക, അങ്ങനെ ഞങ്ങൾ നിന്നില്‍ നിന്നും സംതൃപ്തരാകട്ടെ. ഉടനെ ആ വൃക്ഷം ഉയർന്നു പൊങ്ങി, അതിന്‍റെ വേരുകളിൽ ഒന്ന് തുറന്നു, അത്യധികം ശുദ്ധവും, തണുത്തതും, ഉന്മേഷവത്തായതുമായ ജലം നിർഗളിക്കാൻ തുടങ്ങി. അവര്‍ വെളളത്തിന്‍റെ ആ ഉറവ കണ്ടപ്പോള്‍ അത്യധികം സന്തോഷിക്കുകയും, അതിൽ നിന്നു അവരും അവരുടെ കന്നുകാലികളും മറ്റു മൃഗങ്ങളും കുടിച്ചു സംതൃപ്തരാകുകയും ചെയ്തു. അങ്ങനെ അവർ ദൈവത്തെ സ്തുതിച്ചു.” (മത്തായിയുടെ വ്യാജ സുവിശേഷം, അദ്ധ്യായം 20)
അറേബ്യയിലെ പാഷാണ്ഡ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ കഥയാണ് ചെറിയൊരു മാറ്റം വരുത്തിക്കൊണ്ട് , “തനിക്ക് ജിബ്രീല്‍ അറിയിച്ചു തന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാണ് ഇതൊക്കെ” എന്ന മേമ്പൊടിയോട് കൂടി മുഹമ്മദ് അറബികള്‍ക്കിടയില്‍ പറഞ്ഞതും തന്‍റെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയതും. ജനങ്ങള്‍ മുഹമ്മദ് പറഞ്ഞ ഈ കാര്യങ്ങള്‍ വിശ്വസിക്കാതിരുന്നതിനു വേറെ കാരണം ഒന്നും പറയേണ്ടല്ലോ…
ബാലനായ യേശു കളിമണ്ണ് കൊണ്ട് പക്ഷികളെ ഉണ്ടാക്കി പറത്തിവിട്ടു കളിച്ചിരുന്ന കാര്യം ഖുര്‍ആനില്‍ പറയുന്നുണ്ട്:
“ഇസ്രായീല്‍ സന്തതികളിലേക്ക് ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. ” (സൂറാ.3:49)
“(ഈസായോട് ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക” (സൂറാ.5:110)
ഈ കഥ മുഹമ്മദിന് കിട്ടിയിരിക്കുന്നത് എവിടെ നിന്നാണ്? നമുക്ക് നോക്കാം:
“ബാലനായ യേശുവിന് അഞ്ചു വയസ്സുണ്ടായിരുന്നപ്പോള്‍ കുതിച്ചൊഴുകുന്ന ഒരരുവിയുടെ ഭാഗത്ത് അവന്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒഴുകുന്ന വെള്ളം നീര്‍ക്കുണ്ടുകളില്‍ ശേഖരിക്കുകയായിരുന്നു അവന്‍ . പെട്ടെന്ന് തന്നെ അവ വൃത്തിയായി. ഒറ്റ വചനം കൊണ്ട് അവന്‍ ഇക്കാര്യങ്ങള്‍ക്ക് ആജ്ഞ നല്‍കി. കളിമണ്ണ് ഉണ്ടാക്കിയ ശേഷം പന്ത്രണ്ട് കുരുവികളെ അവന്‍ അതില്‍നിന്നു രൂപപ്പെടുത്തിയെടുത്തു. അവനിക്കാര്യം ചെയ്യുമ്പോള്‍ സാബത്ത് ആയിരുന്നു. എന്നാല്‍ മറ്റു ധാരാളം കുട്ടികളും അവനോടൊപ്പം കളിച്ചു കൊണ്ടിരുന്നു. അനന്തരം, സാബത്ത് ദിനത്തില്‍ കളിച്ചു കൊണ്ടിരുന്ന യേശു ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഒരു യെഹൂദന്‍ കണ്ടു. പെട്ടെന്ന് അയാള്‍ അവിടെ നിന്ന് പോയി, യേശുവിന്‍റെ അപ്പനായ ജോസേഫിനെ അറിയിച്ചു: “നോക്കൂ, നിങ്ങളുടെ കുട്ടി അരുവിയിലുണ്ട്. അവന്‍ കളിമണ്ണെടുത്തു പന്ത്രണ്ട് കുരുവികളെയുണ്ടാക്കി സാബത്തിനെ നിന്ദിച്ചിരിക്കുന്നു.” ജോസഫ് ആ ഭാഗത്തേക്ക് ചെന്നു. അവനെ കണ്ടപ്പോള്‍ അയാള്‍ ഒച്ചയിട്ടു ചോദിച്ചു: “സാബത്ത് നാളില്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇക്കാര്യങ്ങള്‍ നീ ചെയ്യുന്നത് എന്തിനാണ്? എന്നാല്‍ യേശു കൈകൊട്ടി കുരുവികളോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “വിട്ടു പിരിയൂ, പറക്കൂ. നിങ്ങള്‍ക്കിപ്പോള്‍ ജീവനുള്ള സ്ഥിതിക്ക് എന്നെ ഓര്‍ക്കൂ.” കുരുവികള്‍ ചീറിക്കൊണ്ട് പറന്നകന്നു. ഇത് കണ്ടപ്പോള്‍ യെഹൂദര്‍ ആശ്ചര്യപ്പെട്ടു. അവന്‍ അവിടെനിന്നു പോയതിനു ശേഷം, യേശു എന്ത് ചെയ്തുവെന്നു നേതാക്കന്മാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.” (തോമസിന്‍റെ ശൈശവ സുവിശേഷം, 2:1-7)
തങ്ങള്‍ക്ക് മുന്‍പേ അറിയാവുന്ന ഈ കഥകള്‍ മുഹമ്മദ് അല്ലാഹുവിന്‍റെ ആയത്താണ് എന്ന് പറഞ്ഞ് അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ എന്താണ് പറഞ്ഞത് എന്ന് ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
“ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു” (സൂറാ.25:5)
“നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്.” (സൂറ.68:15)
“അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്” (സൂറ.83:13)
മുഹമ്മദിന്‍റെ സമകാലീനരായ മനുഷ്യര്‍ക്ക് കൃത്യമായി അറിയാമായിരുന്നു, മുഹമ്മദ് പറയുന്ന ഈ കഥകള്‍ എല്ലാം അവര്‍ക്ക് പരിചയമുള്ള (ജ്ഞാനവാദികളായ) ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തില്‍ ഉള്ളതാണ് എന്ന്. ആ കഥകളൊക്കെ ജിബ്രീലിന്‍റെ പേരില്‍ അവതരിപ്പിച്ചു പ്രവാചകന്‍ ചമയുന്ന ഒരാളെ അവര്‍ അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ? അവര്‍ പിന്നെ പറയുന്നത് മുഹമ്മദിന് ഭ്രാന്ത് ഉണ്ടെന്നാണ്:
“നീ ഒരു ഭ്രാന്തന്‍ തന്നെ” (സൂറാ. 15:6)
മുഹമ്മദിന് ഭ്രാന്തുണ്ട് എന്ന് ജനങ്ങള്‍ ധരിച്ചതില്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നാട്ടില്‍ പ്രചാരത്തിലുള്ള കഥകള്‍ അല്പം ചില രൂപമാറ്റം വരുത്തി ജിബ്രീല്‍ വിളിപ്പെടുത്തി തന്നതാണ് എന്ന് പറഞ്ഞാല്‍ അതിനെ ഭ്രാന്തായിട്ടു മാത്രമേ പൊതുജനത്തിനു കാണാന്‍ പറ്റൂ. കാരണം ആ നാട്ടുകാര്‍ക്ക് ഇതേ കഥകള്‍ ഒരു മലക്കിന്‍റെയും സഹായമില്ലാതെ തന്നെ എത്രയോ തലമുറകളായി അറിയാവുന്നതാണ്! (അവസാനിച്ചു)