About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-1)

     

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

     

     

    ഈസാനബിയേയും തന്‍റെ മാതാവായ മറിയം എന്ന സ്ത്രീയേയും കുറിച്ച് പല കാര്യങ്ങളും നമുക്ക്‌ ഖുര്‍ആനില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഖുര്‍ആനില്‍ പറയപ്പെടുന്ന ഈസാനബി എന്നത് ബൈബിളില്‍ ഉള്ള യേശുക്രിസ്തു ആണ്. അങ്ങനെയെങ്കില്‍, സ്വാഭാവികമായും ഈസാ നബിയുടെ മാതാവായ മറിയം എന്നത് യേശുക്രിസ്തുവിന്‍റെ മാതാവായ മറിയ ആയിരിക്കുമല്ലോ. മുസ്ലീങ്ങള്‍ അത് അങ്ങനെതന്നെയാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിഷ്പക്ഷ മനസ്സോടെ ഇരുഗ്രന്ഥങ്ങളും പരിശോധിക്കുന്ന ഏതൊരാളും സമ്മതിക്കും ഈസാ നബിയും യേശുക്രിസ്തുവും ഒരാളല്ല, തികച്ചും വ്യത്യസ്തരായ രണ്ടു വ്യക്തികള്‍ ആണെന്ന്! യേശുക്രിസ്തുവിനെയും മറിയയെയും കുറിച്ച് ബൈബിളില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത ധാരാളം കാര്യങ്ങള്‍ ഈസാ നബിയേയും മറിയം ബീവിയേയും കുറിച്ച് ഖുര്‍ആനില്‍ പറയുന്നുണ്ട്. ഖുര്‍ആനില്‍ കാണുന്ന ഈ സംഭവങ്ങള്‍ യേശുക്രിസ്തുവിന്‍റെയും മറിയയുടെയും ജീവിതത്തില്‍ സംഭവിച്ചവയാണെന്നും, എന്നാല്‍ പുതിയ നിയമ എഴുത്തുകാര്‍ അഥവാ സുവിശേഷ രചയിതാക്കള്‍ മന:പൂര്‍വ്വം ഇക്കാര്യങ്ങള്‍ എഴുതാതെ മറച്ചു വെക്കുകയും പിന്നീട് അല്ലാഹു തന്‍റെ മലക്ക്‌ ആയ ജിബ്രീല്‍ മുഖാന്തിരം മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെടുത്തിക്കൊടുത്തതോടെയാണ് ഈ വിവരങ്ങള്‍ ലോകത്തിന് ലഭിച്ചത് എന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു.

     

    മുസ്ലീങ്ങള്‍ ഈ അവകാശവാദം ഉന്നയിക്കുന്നത് വെറുതെയല്ല, ഒരു ഖുര്‍ആന്‍ ആയത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതാണ് ആ ആയത്ത്:

     

    “(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)

     

    ഈ ആയത്തിനെക്കുറിച്ച് നാം പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഈ ആയത്തിലെ ഒരു പ്രത്യേക പരാമര്‍ശം മാത്രമേ നാം പരിശോധനാ വിഷയമാക്കുന്നുള്ളൂ. മുഹമ്മദിനും 600 വര്‍ഷം മുന്‍പ്‌. മറിയയുടെ ജീവിതത്തില്‍ നടന്നതായി ഖുര്‍ആന്‍ പറയുന്ന ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് അവിടെ സന്നിഹിതനല്ലാതിരുന്ന മുഹമ്മദിന് അറിവ് കിട്ടിയത് ജിബ്രീലില്‍ നിന്നുള്ള അദൃശ്യ വാര്‍ത്തകളുടെ സഹായത്താലാണ് എന്നത്രേ ഖുര്‍ആന്‍ അവകാശപ്പെടുന്നത്. മുഹമ്മദ്‌ നിരക്ഷരനായിരുന്നു എന്നുള്ള മുസ്ലീങ്ങളുടെ അവകാശവാദം കൂടി നാം ശ്രദ്ധിക്കണം. എഴുത്തും വായനയും അറിയാതിരുന്നത് കൊണ്ട് മുഹമ്മദ്‌ നബിക്ക്‌ ബൈബിള്‍ വായിക്കാന്‍ കഴിയുകയില്ലായിരുന്നു എന്നും ഇനി ആരെങ്കിലും വായിച്ചു കൊടുത്താല്‍ തന്നെ ഇക്കാര്യങ്ങള്‍ ഒന്നും ബൈബിളില്‍ ഇല്ലാത്ത സംഗതികള്‍ ആയതിനാല്‍ അദ്ദേഹത്തിനു ഇക്കാര്യങ്ങള്‍ അറിയാന്‍ യാതൊരു നിര്‍വ്വാഹവും ഇല്ലായിരുന്നു എന്നും അവര്‍ വാദിക്കുന്നു.

     

    എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആനില്‍ കാണപ്പെടുന്ന ഈ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുഹമ്മദിന് ലഭിച്ചത് ജിബ്രീല്‍ എന്ന മലക്ക്‌ മുഖാന്തരം തന്നെയാണോ? അതോ വേറെ എവിടെയെങ്കിലും ഇക്കാര്യങ്ങള്‍ മുഹമ്മദിന് മുന്‍പേ ആരെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടോ? ഉണ്ട് എന്നതാണ് അമ്പരപ്പുളവാക്കുന്ന യാഥാര്‍ത്ഥ്യം!! രഹസ്യ സുവിശേഷങ്ങള്‍ അഥവാ പുതിയ നിയമ അപ്പോക്രിഫാ ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന പുസ്തകങ്ങളില്‍ ഉള്ള കഥകളാണ് ഖുര്‍ആനില്‍ ഈസയുടേയും മറിയത്തിന്‍റെയും പേരില്‍ നാം കാണുന്നത്. എ.ഡി. രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ ഓരോ പാഷാണ്ഡ വിഭാഗക്കാര്‍ തങ്ങളുടെ പാഷാണ്ഡോപദേശങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വേണ്ടി അപ്പോസ്തലന്മാരുടെയും പ്രബലരായ ശിഷ്യന്മാരുടെയും പേരില്‍ എഴുതിയുണ്ടാക്കിയതാണ് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ ക്ഷുദ്ര കൃതികള്‍. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത ഇസ്കര്യാത്തോ യൂദായുടെ പേരില്‍ പോലും ഈ പാഷാണ്ഡ മതക്കാര്‍ സുവിശേഷം എഴുതിയുണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് സാത്താന്‍ ഏതൊക്കെ വിധത്തിലാണ് യേശുക്രിസ്തുവിന്‍റെ നിര്‍മ്മല സുവിശേഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്ന കാര്യം പിടികിട്ടുകയുള്ളൂ.

     

    ഈ സുവിശേഷങ്ങള്‍ എന്തുകൊണ്ട് പിന്തള്ളപ്പെട്ടുപോയി എന്ന് പലരും ചോദിക്കാറുണ്ട്. മുസ്ലീങ്ങള്‍ ഈ ചോദ്യം ചോദിക്കുക മാത്രമല്ല, ഉത്തരം കൂടി പറയുകയും ചെയ്യും. അവര്‍ പറയുന്ന ഉത്തരത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്: “ഈ സുവിശേഷങ്ങള്‍ യേശുക്രിസ്തുവിനെ യഥാര്‍ത്ഥ രൂപത്തില്‍ അതായത് പ്രവാചകനായി മാത്രം അവതരിപ്പിക്കുന്ന സുവിശേഷങ്ങളാണ്. പില്‍ക്കാലത്ത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോട് കൂടിയാണ് ക്രിസ്തുവിനെ ദൈവമാക്കാനുള്ള ആഗ്രഹം ചക്രവര്‍ത്തിയുടെ പ്രേരണയാല്‍ സഭക്ക്‌ ഉണ്ടായത്. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ ചൊല്ലി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അത് തന്‍റെ സാമ്രാജ്യത്തില്‍ ആഭ്യന്തര കലഹത്തിനിടയാക്കും എന്നതുകൊണ്ടാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി യേശുക്രിസ്തുവിനെ ദൈവമാക്കാന്‍ പദ്ധതിയിട്ടത്. അതിനു വേണ്ടി ചക്രവര്‍ത്തിയുടെ നിര്‍ബന്ധം മൂലം നിഖ്യാ എന്ന സ്ഥലത്ത് വെച്ച് നടന്ന സുനഹദോസില്‍ ആണ് വോട്ടെടുപ്പിലൂടെ യേശുക്രിസ്തുവിന്‍റെ ദൈവത്വം സഭ അംഗീകരിച്ചത്. നിഖ്യാ സുനഹദോസിനു മുന്‍പ്‌ യേശുക്രിസ്തുവിനെ ദൈവമായി ക്രിസ്ത്യാനികള്‍ ആരും അംഗീകരിച്ചിരുന്നില്ല. ഏതായാലും യേശുക്രിസ്തുവിനെ ദൈവമാക്കിയതോടു കൂടി യേശുക്രിസ്തുവിനെ പ്രവാചകനായി മാത്രം അവതരിപ്പിച്ചിരുന്ന യഥാര്‍ത്ഥ സുവിശേഷങ്ങള്‍ നശിപ്പിച്ചു കളയാനും നാല് സുവിശേഷങ്ങളില്‍ തങ്ങളാഗ്രഹിക്കുന്ന വിധം തിരുത്തലുകള്‍ വരുത്തി യേശുക്രിസ്തുവിനെ ദൈവമായി അവതരിപ്പിക്കാനും നിഖ്യാ സുനഹദോസ് തീരുമാനമെടുത്തു. അതിന്‍റെ ഫലമായിട്ടാണ് ഈ സുവിശേഷങ്ങള്‍ ബൈബിളില്‍ ഇടംപിടിക്കാതെ പോയതും പ്രവാചകന്‍ മാത്രമായിരുന്ന യേശുക്രിസ്തു ദൈവമായി മാറിയതും.” വ്യത്യസ്ത മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട ആളുകളുമായി ഫേസ്ബുക്കില്‍ നടത്തിയ ചര്‍ച്ചകളില്‍ എല്ലാ കൂട്ടരും ഒരു പോലെ പറഞ്ഞ കാര്യമാണ് മുകളില്‍ കൊടുത്തത്.

     

    വിവര സാങ്കേതിക വിദ്യ ഇത്രമാത്രം അഭിവൃദ്ധി പ്രാപിച്ച ഈ കാലയളവില്‍ വിവരങ്ങള്‍ മൂടി വെക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. നിഖ്യാ സുനഹദോസിന്‍റെ ആരംഭം മുതല്‍ അവസാനം വരെയുള്ള ഓരോ ദിവസത്തെ ചര്‍ച്ചകളുടേയും രേഖകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അതിലൊന്നിലും നമുക്ക്‌ ഇവര്‍ പറയുന്ന വിധത്തിലുള്ള യാതൊരു കാര്യവും കാണാന്‍ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ നിഖ്യാ സുനഹദോസിലെ ചര്‍ച്ചാ വിഷയം യേശുക്രിസ്തു ദൈവമാണോ അല്ലയോ എന്നത് പോലും ആയിരുന്നില്ല എന്നകാര്യം ഇവര്‍ക്കറിഞ്ഞുകൂടാ!! ബ്രദര്‍. ജെ.സി.ദേവ് എഴുതിയ ‘ക്രൈസ്തവ സഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ’ എന്ന ഗ്രന്ഥത്തില്‍ നിഖ്യാ സുനഹദോസ് നടക്കാനിടയായ സാഹചര്യങ്ങളും സുനഹദോസ് തീരുമാനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് വായനക്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു:

     

    നിഖ്യാ സുനഹദോസ്

     

    അറിയൂസ്‌ (എ.ഡി.256-336)

     

    യേശുക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിച്ച അറിയൂസ്‌ (ആരിയൂസ്) ഒരു പുതിയ ദുരുപദേശത്തിന്‍റെ വക്താവായി. അലക്സാണ്ട്രിയയിലെ ഒരു വൈദികനായിരുന്നു അദ്ദേഹം. പുത്രന്‍ (യേശുക്രിസ്തു) പിതാവിന് സമനല്ല, പുത്രന്‍ (യേശുക്രിസ്തു) സൃഷ്ടിയാണ് എന്നതാണ് അറിയൂസിന്‍റെ പ്രധാന വാദം. ഇത് ത്രിത്വ നിഷേധമാണ്. ഈ ദുരുപദേശം പലരേയും സ്വാധീനിച്ചു. പല പ്രമുഖ സഭാനേതാക്കന്മാര്‍ പോലും ഈ ത്രിത്വ നിഷേധത്തിന്‍റെ വക്താക്കളും പ്രചാരകരുമായി. ആരിയനിസം (Arianism) എന്ന പേരില്‍ ഇതറിയപ്പെട്ടു. സഭയില്‍ ആശയപരമായി ശക്തമായ ഭിന്നാഭിപ്രായങ്ങള്‍ നിലവില്‍ വന്നു. എ.ഡി.318–ല്‍ അലക്സാണ്ടര്‍ മെത്രാന്‍ അലക്സാണ്ട്രിയയില്‍ വിളിച്ചു കൂട്ടിയ സിനഡ്‌ അറിയൂസിനെ ശാസിക്കുകയും മുടക്കുകയും ചെയ്തു. പക്ഷേ, അറിയൂസ്‌ കൂടുതല്‍ ശക്തനാവുകയായിരുന്നു. അവസാനം കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി എ.ഡി.325-ല്‍ ‘അറിയൂസ്‌ പ്രശ്നത്തില്‍ ഇടപെട്ടു.’

     

    ഓസിയോ

     

    എ.ഡി.313 മുതല്‍ 325 വരെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്ടാവും മതകാര്യനിരീക്ഷകനുമായിരുന്നു ഓസിയോ (ഹോസിയൂസ്‌). ഓസിയോ സ്പെയിനിലെ കൊര്‍ദോവയിലെ ബിഷപ്പ്‌ ആയിരുന്നു. വേദപണ്ഡിതനായ അദ്ദേഹത്തെ അറിയൂസിന്‍റെ ദുരുപദേശത്തെപ്പറ്റി അന്വേഷിക്കുവാനും മനസ്സിലാക്കുവാനും ചക്രവര്‍ത്തി അലക്സാണ്ട്രിയയിലേക്ക്‌ അയച്ചു. തിരിച്ചെത്തിയ ഓസിയോ നല്‍കിയ വിശദീകരണങ്ങള്‍ വിലയിരുത്തിയതോടെ കോണ്‍സ്റ്റന്‍റൈന്‍ അറിയൂസിനെതിരെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനായി.

     

    നിഖ്യാ സുനഹദോസ്

    ഓസിയോ നല്‍കിയ വിശദീകരണങ്ങളും നിര്‍ദ്ദേശങ്ങളും അറിയോസിന്‍റെ ദുരുപദേശത്തിനെതിരെ ഉടനെ ഒരു സുനഹദോസ് വിളിച്ചുകൂട്ടുന്നതിനു കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചു. സഭയിലുണ്ടായ അഭിപ്രായ ഭിന്നതയും ചേരിതിരിവും അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ബിതുന്യയിലെ നിഖ്യാ(ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം)യില്‍ എ.ഡി.325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഈ സുനഹദോസ് ‘നിഖ്യാ സുനഹദോസ്’ എന്ന പേരില്‍ പ്രസിദ്ധമാണ്. ഇതാണ് സഭാചരിത്രത്തിലെ ആദ്യത്തെ സാര്‍വ്വത്രിക സുനഹദോസ്. വിവിധ രാജ്യങ്ങളില്‍ നിന്നും ഏകദേശം 318 ബിഷപ്പുമാര്‍ പ്രതിനിധികളായി പങ്കെടുത്തു. ഇവരില്‍ ഇരുപത്തിരണ്ടോളം ബിഷപ്പുമാര്‍ അറിയൂസ്‌ പക്ഷക്കാരായിരുന്നു. അന്നത്തെ മാര്‍പ്പാപ്പ സില്‍വസ്റ്റര്‍ (314-335) സുനഹദോസില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ പ്രതിനിധികളായി മീത്തൂസ്, വിന്‍സെന്‍റ് എന്നീ രണ്ടു വൈദികര്‍ സംബന്ധിച്ചു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി സംഘടിപ്പിച്ച സുനഹദോസില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യവും നേതൃത്വവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. സുനഹദോസില്‍ പങ്കെടുക്കുന്നതിനു ബിഷപ്പുമാര്‍ക്കും വേദശാസ്ത്രികള്‍ക്കും രാജകീയമായ യാത്രാസൗകര്യങ്ങളും താമസ ക്രമീകരണങ്ങളുമാണ് ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയത്.

     

    സുനഹദോസില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ക്രിസ്തുവിന്‍റെ ദൈവത്വത്തെ നിഷേധിച്ച അറിയൂസിന്‍റെ ദുരുപദേശത്തിനുള്ള മറുപടിയായിരുന്നു. ‘സാരാംശത്തില്‍ പിതാവിനോട് തുല്യന്‍’ (Homo Ousios) എന്നതായിരുന്നു ചിന്താവിഷയം. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ആമുഖ പ്രഭാഷണം നടത്തി. ഓസിയോ അധ്യക്ഷത വഹിച്ചു. ചില സമ്മേളനങ്ങളില്‍ അന്ത്യോക്കിയായിലെ ഒസ്തിയോസ് അധ്യക്ഷനായിരുന്നു. കോണ്‍സ്റ്റന്‍റൈന്‍ ആദിയോടന്തം സുനഹദോസില്‍ പങ്കെടുത്തു. അറിയൂസിനു വേണ്ടി സംസാരിച്ചത് നിക്കോമീദിയായിലെ യൗസേബിയോസ് ബിഷപ്പായിരുന്നു. അദ്ദേഹത്തിന്‍റെ ആശയങ്ങളെ സുനഹദോസ് ശക്തമായി നിഷേധിച്ചു പുറംതള്ളി. കൈസര്യായിലെ യൂസേബിയോസ്‌ ത്രിത്വം, ക്രിസ്തുവിന്‍റെ ദൈവത്വം എന്നീ വിഷയങ്ങള്‍ സമര്‍ഥിച്ചു സംസാരിച്ചു. അറിയൂസിന്‍റെയും അത്താനാസിയോസിന്‍റെയും പ്രസംഗങ്ങള്‍ക്ക് ശേഷം ‘പുത്രനായ ക്രിസ്തു ദൈവത്വത്തില്‍ പിതാവുമായി തുല്യനാണെ’ന്ന് അംഗീകരിച്ച സുനഹദോസ് അറിയൂസിന്‍റെ ദുരുപദേശങ്ങളെ തള്ളിക്കളയുകയും അറിയൂസിനെ ശപിക്കുകയും ചെയ്തു.

     

    (മൂന്നും നാലും നൂറ്റാണ്ടുകളില്‍ വളരെ ശക്തിപ്പെട്ട ഒരു ദുരുപദേശമാണ് ആരിയനിസം. നിക്കൊമീദിയായിലെ യൗസേബിയോസ്‌ ബിഷപ്പും ചില ചക്രവര്‍ത്തിമാരും ആരിയനിസത്തെ പിന്തുണച്ചിരുന്നു. ചില കാലഘട്ടങ്ങളില്‍ സഭാനേതൃത്വത്തില്‍ വന്നവരില്‍ ചിലരും ആരിയനിസത്തിന്‍റെ വക്താക്കളായിരുന്നു. എ.ഡി. 381-ലെ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സുനഹദോസ് ആരിയനിസത്തെ പൂര്‍ണ്ണമായി എതിര്‍ത്തുവെങ്കിലും ഏഴാം നൂറ്റാണ്ടുവരെ ഈ ദുരുപദേശം ചില സ്ഥലങ്ങളില്‍ നിലനിന്നിരുന്നു.)

     

    ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ അറിയൂസിനോട് ആഭിമുഖ്യമുള്ള ബിഷപ്പുമാരില്‍ ഇരുപതുപേരും അവരുടെ നിലപാടില്‍ മാറ്റം വരുത്തി സുനഹദോസിന്‍റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. നിഖ്യാ സുനഹദോസില്‍ ഓസിയോയുടെ നേതൃത്വവും പങ്കാളിത്തവും വിസ്മരിക്കാനാകില്ല.

     

    നിഖ്യാ സുനഹദോസില്‍ അറിയൂസിന്‍റെ ദുരുപദേശങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ശക്തമായി പ്രതികരിച്ച ദൈവശാസ്ത്രജ്ഞനാണ് അലക്സാണ്ട്രിയയിലെ അത്തനാസിയോസ് (അത്തനേഷ്യസ്). ബിഷപ്പ്‌ അലക്സാന്ദ്രിയോസിന്‍റെ സെക്രട്ടറിയായിട്ടാണ് യുവാവായ അദ്ദേഹം സുനഹദോസില്‍ പങ്കെടുത്തത്. അറിയൂസ്‌ തന്‍റെ വാദഗതികള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് അത്തനാസിയോസ് എഴുന്നേറ്റു അതിനെ യുക്തിയുക്തമായി ഖണ്ഡിച്ചു സംസാരിച്ചു. ദൈവവചനവും അപ്പോസ്തലിക പ്രബോധനങ്ങളും അവസരോചിതമായി ഉദ്ധരിച്ച് അറിയൂസിന്‍റെ ദുരുപദേശത്തിനെതിരെ പ്രതികരിച്ച അത്തനാസിയോസ് നിഖ്യാ സുനഹദോസിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറി. അത്തനാസിയോസ് ക്രിസ്തുവിന്‍റെ ദൈവത്വവും; ത്രിത്വവും ആധികാരികമായി തെളിയിച്ചു. അത്തനാസിയോസിന് വളരെ എതിര്‍പ്പുകള്‍ അറിയൂസ്‌ പക്ഷത്തു നിന്നും പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. “ലോകം മുഴുവന്‍ അങ്ങേക്ക്‌ എതിരാണെന്ന സത്യം അങ്ങ് അറിയുന്നില്ലേ?” എന്ന് ഒരു സംഭാഷണത്തിനിടയില്‍ അനുഭാവമുള്ള ഒരാള്‍ ചോദിച്ചതിനു അത്തനാസിയോസ് നല്‍കിയ മറുപടി ഇതാണ്: “ലോകം മുഴുവന്‍ എനിക്കെതിരാണെങ്കില്‍ ഞാന്‍ ഏകനായി ആ ലോകത്തിന് എതിരെ നിലകൊള്ളും.” എത്ര ധീരമായ തീരുമാനം!

     

    നിഖ്യാ സുനഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ സംഖ്യയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ‘318’ പ്രതിനിധികള്‍ എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണെന്ന് പറയുന്നവരുണ്ട്. 318 എന്ന സംഖ്യ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിച്ചു കണ്ട രണ്ടു ലിസ്റ്റുകളില്‍ ഒന്നില്‍ 194 പ്രതിനിധികളുടെ പേരും മറ്റൊന്നില്‍ 203 പ്രതിനിധികളുടെ പേരും ഉണ്ട്. കൊര്‍ദോവയിലെ ഓസിയോ, കാര്‍ത്തെജിലെ ചെച്ചീലിയന്‍, കലാഗ്രിയയിലെ മര്‍ക്കോസ്, പന്നോണിയ(സ്തീദോ)യിലെ ദൊമ്നൂസ്, ദീയോനിലെ നിക്കോസിയൂസ്, റോമിലെ വൈദികരായ വിത്തൂസ്, (വിക്ടര്‍, ബിക്തോന്‍), വിന്‍സെന്‍റ് (ബിക്കന്‍ തിയോസ്) എന്നിവര്‍ പാശ്ചാത്യരായ പ്രതിനിധികള്‍ ആണ്. ബാക്കിയുള്ളവരെല്ലാം പൌരസ്ത്യരും. ഈ സമ്മേളനത്തില്‍ മുന്നൂറിലേറെ ബിഷപ്പുമാര്‍ പങ്കെടുത്തു എന്നാണു സൊക്രാട്ടസ് സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുനഹദോസ് സമാപിച്ചത് ഓഗസ്റ്റ്‌ 25-നാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

     

    എന്നാല്‍ പീഡിത സഭയുടെ പ്രതിനിധികളായിരുന്നു പങ്കെടുത്തവരില്‍ പലരും. പീഡനങ്ങള്‍ ഏല്പിച്ച മുറിപ്പാടുകള്‍ അവരുടെ ശരീരങ്ങളിലുണ്ടായിരുന്നു. ചിലര്‍ അംഗവൈകല്യം സംഭവിച്ചവരുമായിരുന്നു. പീഡനങ്ങളില്‍ രണ്ടു കൈകള്‍ നഷ്ടപ്പെട്ടവരും വലതു കണ്ണ് നഷ്ടപ്പെട്ടവരും വലതുകരം ഛേദിക്കപ്പെട്ടവരുമുണ്ടായിരുന്നു. ജീവിക്കുന്ന രക്തസാക്ഷികളുടെ സുനഹദോസ് ആയിരുന്നു ഇത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പീഡനങ്ങള്‍ക്കിടയിലും സത്യവിശ്വാസം സംരക്ഷിക്കുന്നതിന് ധീരതകാട്ടിയവര്‍, ആ മുറിപ്പാടുകളോടെ നിഖ്യാ സുനഹദോസില്‍ ദുരുപദേശത്തിനെതിരെ പൊരുതി ജയിച്ചു. ക്രിസ്തു സൃഷ്ടി അല്ലെന്നും, പുത്രനായ ക്രിസ്തു ദൈവത്വത്തില്‍ പിതാവുമായി തുല്യനാണെന്നും സുനഹദോസ് അംഗീകരിച്ചു. നിഖ്യാ സുനഹദോസിന്‍റെ തീരുമാനരേഖയില്‍ അറിയൂസിന്‍റെ വക്താക്കളായ രണ്ടു ബിഷപ്പുമാര്‍ ഒഴികെ എല്ലാ പ്രതിനിധികളും ഒപ്പ് വെച്ചു. രേഖയില്‍ ആദ്യം ഒപ്പിട്ടത് ഓസിയോ (ഹോസിയൂസ്‌) ആണ്. രേഖയില്‍ ഒപ്പ് വെക്കാത്ത രണ്ടു ബിഷപ്പുമാരെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, അവരുടെ ബിഷപ്പ് സ്ഥാനം റദ്ദാക്കി, നാടുകടത്തി ശിക്ഷിച്ചു. മറ്റു ചില പ്രാദേശിക പ്രശ്നങ്ങളും സുനഹദോസ് ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തി. സഭക്ക് സമാധാനമുണ്ടായി.

     

    നിഖ്യാ വിശ്വാസപ്രമാണം.

     

    എ.ഡി. 325-ലെ നിഖ്യാ സുനഹദോസിന്‍റെ തീരുമാനമാണ് നിഖ്യാ വിശ്വാസപ്രമാണം എന്ന പേരില്‍ അറിയപ്പെട്ടത്. ക്രൈസ്തവ പ്രബോധനത്തിന്‍റെ അടിത്തറയായ ഈ വിശ്വാസ രേഖ ക്രിസ്തുവിജ്ഞാനീയ(Christology)ത്തിന്‍റെ തേജസ് കൂടിയാണ്. പ്രസ്തുത വിശ്വാസപ്രമാണം ഇതാണ്: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ പുറം തള്ളുന്നു.” (ജെ.സി.ദേവ്, ക്രൈസ്തവസഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ, പുറം 227-229,246)

     

    ഇതാണ് നിഖ്യാസുനഹദോസിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം. ആ സുനഹദോസിന്‍റെ തീരുമാനത്തില്‍ ഒരിടത്തും ‘എല്ലാവര്‍ക്കും ഒരുപോലെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു ബൈബിളിന്‍റെ നിര്‍മ്മിതിയെ കുറിച്ചോ ആവശ്യകത’യെപ്പറ്റിയോ പറയുന്നില്ല. ആ സുനഹദോസ് സംഘടിപ്പിക്കാനുള്ള നേതൃത്വവും സുനഹദോസില്‍ ആമുഖ പ്രഭാഷണവും നടത്തിയതുമൊഴിച്ചാല്‍ കോണ്‍സ്റ്റന്‍റൈന്‍ ഒരു നിരീക്ഷകന്‍ മാത്രമായിരുന്നു. അദ്ദേഹം ക്രിസ്ത്യാനിത്വത്തോട് അനുഭാവം പുലര്‍ത്താന്‍ തുടങ്ങിയത് എ.ഡി.320-ലാണ്. സുനഹദോസ് നടന്നത് എ.ഡി.325-ലും. അപ്പോള്‍ ക്രൈസ്തവ ദൈവശാസ്ത്രപരമായ ഒരു തര്‍ക്കത്തില്‍ ബൈബിള്‍ അനുസരിച്ചോ അപ്പോസ്തലിക പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ചോ എന്തെങ്കിലും പറയാനുള്ള പണ്ഡിതോചിതമായ ജ്ഞാനമൊന്നും അയാള്‍ക്കുണ്ടാവുകയില്ല എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. പിന്നെ എങ്ങനെയാണ് അയാള്‍ ആ സുനഹദോസിനെ നിയന്ത്രിച്ചു എന്നും അയാളുടെ ഇഷ്ടമനുസരിച്ച് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ബൈബിള്‍ കൂട്ടിച്ചേര്‍ത്തു എന്നും വാദിക്കുന്നത്? ഇനി ഈ വാദത്തിനെ സാധൂകരിക്കുന്ന എന്ത് തെളിവാണ് മുസ്ലീങ്ങള്‍ക്ക്‌ കൊണ്ടുവരാന്‍ ഉള്ളത്? കാരണം നാലാം നൂറ്റാണ്ടില്‍ ഈ സുനഹദോസ് നടക്കുന്നതിനും മുന്‍പേ നിലവില്‍ ഉള്ള രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും നാലാം നൂറ്റാണ്ടിലെയും ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ ഇന്ന് നിലവിലുണ്ട്. ആ പ്രതികള്‍ അയാള്‍ക്കെങ്ങനെയാണ് തന്‍റെ ഇഷ്ടത്തിനൊത്തവണ്ണം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നത്?

     

    ഇനി ഈ സുനഹദോസ് സംഘടിപ്പിക്കേണ്ടത് രാഷ്ട്രീയപരമായി കോണ്‍സ്റ്റന്‍റൈന് ആവശ്യമായിരുന്നു എന്നുള്ള വാദം നോക്കാം. മതം ഒരുവിധത്തിലും രാഷ്ട്രീയത്തില്‍ ഇടപെടാത്ത കാലമായിരുന്നു അത്. നാലാം നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ് റോമിലെ ബിഷപ്പു ചക്രവര്‍ത്തിയെ നിയന്ത്രിക്കുവാനുള്ള ശ്രമം തുടങ്ങുന്നത്. പിന്നേയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം റോം ആയിരിക്കുന്നത് പോലെ റോമാ സാമ്രാജ്യത്തിലെ എല്ലാ സഭകളുടെയും ആസ്ഥാനം റോമിലെ സഭ ആയിരിക്കും എന്ന് റോമിലെ ബിഷപ്പ്‌ ചക്രവര്‍ത്തിയെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുന്നത്. അതിനും എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് റോമിലെ ബിഷപ്പ്‌ (മാര്‍പ്പാപ്പ) സാമ്രാജ്യത്തിന്‍റെ ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങുന്നത്. ഇതെല്ലാം ഏതു ചരിത്ര പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന കാര്യങ്ങളാണ്.

     

    അലക്സാണ്ട്രിയയിലെ ഒരു വൈദികന്‍റെ ദുരുപദേശം എങ്ങനെയാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക്‌ ഭീഷണിയാകുന്നത്? ക്രൈസ്തവര്‍ അധികാരത്തില്‍ ഇടപെടാന്‍ തുടങ്ങാത്ത ആ കാലത്ത്, ക്രിസ്ത്യാനികള്‍ തങ്ങളുടെ ഉപദേശമാണ് ശരി എന്ന് പറഞ്ഞു ആയുധമെടുത്തു തെരുവില്‍ പോരാടും എന്ന് ഉത്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത കാലഘട്ടത്തില്‍, ഇങ്ങനെ ഒരു സുനഹദോസ് വിളിച്ചു കൂട്ടേണ്ടത് ചക്രവര്‍ത്തിക്ക് രാഷ്ട്രീയമായ കാരണങ്ങളാല്‍ ആവശ്യമായിരുന്നു എന്ന് പറയുന്നത് പരിഹാസത്തോടെ തള്ളിക്കളയേണ്ട വാദമാണ്. മൂവായിരത്തിയഞ്ഞൂറിലേറെ സഭകള്‍ക്ക് ക്ഷണക്കത്തയച്ചിട്ടും വന്നത് വെറും 318 പേര്‍! ( എത്ര പേര്‍ പങ്കെടുത്തു എന്നതിനെ ച്ചൊല്ലിയും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. 194 പേരുടെ ലിസ്റ്റും 203 പേരുടെ ലിസ്റ്റും കാണുന്നുണ്ട്.) അതിലും അറിയൂസിനെ അനുകൂലിക്കുന്നവര്‍ ആകെ ഇരുപത്തിരണ്ടു പേര്‍ മാത്രമായിരുന്നു എന്നോര്‍ക്കണം. അതായത് അറിയൂസിനു അധികം അനുയായികളെ നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നര്‍ത്ഥം. അപ്പോള്‍പ്പിന്നെ അയാളുടെ ഈ ദുരുപദേശം കാരണം സാമ്രാജ്യത്തില്‍ ആഭ്യന്തരക്കുഴപ്പം ഉണ്ടാകും എന്ന് ചക്രവര്‍ത്തി പേടിച്ചതുകൊണ്ടാണ് ഈ സുനഹദോസ് വിളിച്ചു കൂട്ടിയത് എന്നൊക്കെ വാദത്തിനു വേണ്ടി വാദിക്കാം എന്നല്ലാതെ എതിരാളിയെ ബോധ്യപ്പെടുത്താന്‍ കഴിയും എന്ന് വിചാരിക്കുന്നത് അല്പം കടന്ന കൈയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു. (തുടരും…)

    2 Comments on “പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-1)”

    Leave a Comment