ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-1)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
മുസ്ലീങ്ങള്‍ ദൈവമായി ആരാധിക്കുന്ന അല്ലാഹുവിന്‍റെ ദൈവത്വവും അതിനു മുന്‍പ് അല്ലാഹുവിന്‍റെ അസ്തിത്വവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പേപ്പറിലൂടെ ഞാന്‍ ചെയ്യുന്നത്. ( ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം എന്ന വിഷയം ഞാന്‍ വേറെ ഒരു പോസ്റ്റ് ആയി മുന്‍പേ ഇട്ടിട്ടുള്ളതാണ് ) അള്ളാഹു മാത്രമാണ് ഏകസത്യദൈവമെന്നു കുട്ടിക്കാലം മുതലേ കേട്ടു വളര്‍ന്നിട്ടുള്ള എന്‍റെ മുസ്ലീം സ്നേഹിതന്മാര്‍ ആ കാര്യം അന്ധമായി വിശ്വസിച്ചു പോരുന്നതല്ലാതെ നിരൂപണ ബുദ്ധ്യാ ഇക്കാര്യം പരിശോധിക്കാന്‍ മിനക്കെടാറില്ല. എന്ന് മാത്രമല്ല, അങ്ങനെ അല്ലാഹുവിന്‍റെ അസ്തിത്വത്തെയോ ദൈവത്വത്തെയോ പരിശോധിച്ച് നോക്കുന്നത് ദൈവനിന്ദയാകും എന്ന് കരുതി ഭയപ്പെടുന്നവരുമാണ്. വാസ്തവത്തില്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ലെങ്കില്‍ അവനത് പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാനാകില്ല. കാരണം, ഒരുത്തന്‍റെ തലച്ചോറിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യം അവന്‍റെ ഹൃദയത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാണ് എല്ലാ മനുഷ്യര്‍ക്കും തങ്ങള്‍ വിശ്വസിക്കുന്ന വിഷയത്തില്‍ വസ്തുതകളുടെ പിന്‍ബലം അത്യാവശ്യമായിരിക്കുന്നത്. വസ്തുതകളുടെ പിന്‍ബലം എന്നുള്ളത് അവന്‍ അന്വേഷിച്ച് പരിശോധിച്ച് കണ്ടെത്തേണ്ട, അവന്‍റെ മാത്രം ഉത്തരവാദിത്തമാണ്. ഈ അന്വേഷണത്തില്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂലമായത് മാത്രമല്ല, പ്രതികൂലമായ തെളിവുകളും നിഷ്പക്ഷബുദ്ധിയോടെ ഒരുവന്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ തന്‍റെ വിശ്വാസത്തിനു എതിരായി വരുന്ന വസ്തുതകളെയും തെളിവുകളെയുമെല്ലാം നിഷ്പക്ഷ ബുദ്ധിയോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധനാഫലം അവന്‍റെ വിശ്വാസത്തിനു അനുകൂലവും ആണെങ്കില്‍, അവന്‍റെ വിശ്വാസം അചഞ്ചലമായിരിക്കും.
ഇങ്ങനെ ഒരു അന്വേഷണമോ പരിശോധനയോ നടത്താതെ അന്ധമായി വിശ്വാസ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ സ്വാഭാവികമായും ദുര്‍ബല വിശ്വാസികളാണ്. തങ്ങള്‍ വിശ്വസിക്കുന്ന കാര്യം തങ്ങളുടെ തലച്ചോറിനെ തന്നെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് പല സൂത്രപ്പണികളും ചെയ്യേണ്ടി വരുന്നു. ഇങ്ങനെയുള്ള സൂത്രപ്പണികളില്‍ പ്രധാനപ്പെട്ട ഒന്ന് ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ശാസ്ത്രജ്ഞര്‍ തങ്ങളുടെ വര്‍ഷങ്ങളോളമുള്ള അദ്ധ്വാനത്തിന്‍റെ ഫലമായി ഒരു കണ്ടുപിടുത്തം നടത്തിയാല്‍, ഈ ദുര്‍ബ്ബല വിശ്വാസികള്‍ ഉടനെ തന്നെ അതിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തിന് ചാര്‍ത്തിക്കൊടുക്കും. ഇതെല്ലാം വളരെക്കാലം മുന്‍പേ ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ള സംഗതികളാണ് എന്ന് നിര്‍ല്ലജ്ജം തട്ടിവിടും. പിന്നെ ചിലര്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥം തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുക എന്ന് നോക്കാതെ ലോകത്തെ പ്രശസ്തരായ ആളുകള്‍ തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ വായില്‍ ഘോഷിച്ചു നടക്കും. വേറെ ചിലര്‍ മറ്റുള്ളവരുടെ മതഗ്രന്ഥങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് പ്രവചനം ഉണ്ടെന്നായിരിക്കും പറയുക. അല്പം ആഴത്തില്‍ ചിന്തിച്ചാല്‍, തങ്ങളുടെ ഉള്ളിലുള്ള അപകര്‍ഷത കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസ്സിലാക്കാം. മറ്റു വിശ്വാസങ്ങളിലുള്ളവരെ പറ്റിക്കുക എന്നതിനേക്കാള്‍ ഉപരിയായി തങ്ങളുടെ തന്നെ മന:സാക്ഷിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഈ പാവങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് വാസ്തവം. സത്യത്തില്‍ മറ്റുള്ളവരെയല്ല, തങ്ങളെതന്നെയാണ് തങ്ങള്‍ വഞ്ചിക്കുന്നത് എന്ന കാര്യം ഇവര്‍ക്ക് ഒരിക്കലും മനസ്സിലാകുകയുമില്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. എന്നാല്‍ നാം നേരത്തേ ചിന്തിച്ചത് പോലെയുള്ള ഒരു ദൃഡവിശ്വാസി ഒരിക്കലും ഇങ്ങനെയുള്ള ഗിമ്മിക്കുകളുടെ പുറകെ പോകുകയില്ല. ശാസ്ത്രജ്ഞന്മാര്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തിയാല്‍ അവന്‍റെ വിശ്വാസം വര്‍ദ്ധിക്കുകയോ കണ്ടെത്തിയില്ലെങ്കില്‍ അവന്‍റെ വിശ്വാസത്തിനു ഇടിവ് സംഭവിക്കുകയോ ചെയ്യുകയില്ല. ആരെങ്കിലും തന്‍റെ പുണ്യപുരുഷന്മാരെ കുറിച്ച് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് സന്തോഷം ഉണ്ടാകും എന്നല്ലാതെ വിശ്വാസത്തില്‍ വര്‍ദ്ധനയുണ്ടാകില്ല. അതുപോലെതന്നെ എതിരായി എന്തെങ്കിലും പറഞ്ഞെന്നു കരുതി അവരുടെ വിശ്വാസം തീര്‍ന്നു പോകുകയുമില്ല. ഉറപ്പേറിയ വസ്തുതകളുടെ പിന്‍ബലത്തോടെ തന്‍റെ വിശ്വാസം ആരിലാണോ അര്‍പ്പിച്ചിരിക്കുന്നത്, ആ ദൈവത്തെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അവന്‍റെ മനസ്സ് ചഞ്ചലപ്പെടുകയില്ല, അവന്‍ പ്രകോപിതനാകുകയുമില്ല.
എന്നാല്‍ പുറമേക്ക് വലിയ വിശ്വാസിയാണെന്ന് കാണിക്കുകയും അതേസമയം, അകമേ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബല വിശ്വാസികള്‍ പെട്ടെന്ന് പ്രകോപിതരാകുകയും തന്‍റെ വിശ്വാസത്തിന് എതിരായി വരുന്ന തെളിവുകള്‍ എടുത്തു കാണിക്കുന്നവനെ ആക്രമിച്ചു നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ ഭയപ്പെടുന്നത് എതിരാളിയെ അല്ല, മറിച്ച് തങ്ങളെത്തന്നെയാണ്. തന്‍റെ വിശ്വാസത്തിനെതിരായി എതിരാളി ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ക്ക് തന്‍റെ പക്കല്‍ മറുപടിയില്ലാത്തതിനാല്‍ തന്‍റെ വിശ്വാസം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയമാണ് അവരെ ഇപ്രകാരം പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉറപ്പും ബോധ്യവുമുള്ള ഒരുത്തന്‍ എതിരാളി കൊണ്ടുവരുന്ന തെളിവുകള്‍ക്കെതിരായി താന്‍ മുന്‍പേ അന്വേഷിച്ച് പരിശോധിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്ന വസ്തുതകളെ ഉയര്‍ത്തിക്കാട്ടുകയും അങ്ങനെ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യും. ദുര്‍ബ്ബല വിശ്വാസികള്‍ എതിരാളിയെ നിശ്ശബ്ദനാക്കുമ്പോള്‍ അചഞ്ചല വിശ്വാസികള്‍ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കും. ഇത് വളരെ വലിയൊരു വ്യത്യാസമാണ്.
ആമുഖമായി ഇത്രയും പറഞ്ഞതിന് കാരണം എന്താണെന്ന് വച്ചാല്‍, ഈ പേപ്പറില്‍ ഞാന്‍ മുന്നോട്ടു വെയ്ക്കുന്ന തെളിവുകള്‍ക്കും വാദമുഖങ്ങള്‍ക്കും എതിരായി വസ്തുതകളില്‍ അധിഷ്ഠിതമായ തെളിവുകള്‍ വെച്ചുകൊണ്ടുള്ള ഒരു മറുവാദം ആയിരിക്കണം എതിര്‍പക്ഷത്തു നിന്നും ഉണ്ടാകേണ്ടത് എന്ന ആഗ്രഹമുള്ളതിനാലാണ്. ഇനി നമുക്ക് അല്ലാഹുവിന്‍റെ അസ്തിത്വവും ദൈവത്വവും ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിക്കാം. (തുടരും…)