യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4)
എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് ഓരോന്നായി പരിശോധിക്കാം.
1. പിതാവിന്‍റെ നാമം വെളിപ്പെടുത്തിക്കൊടുക്കുന്നു.
പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്ന നാമം വെളിപ്പെടുത്തിക്കൊടുത്തത് യഹോവയുടെ ദൂതനാണ്. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ യേശുക്രിസ്തു പറയുന്നത് “നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.17:6) “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും” (യോഹ.17:26) എന്നാണ്. ഇതു പറഞ്ഞിട്ട് കര്‍ത്താവ് ശിഷ്യന്മാരുമായി കിദ്രോന്‍ തോടിനക്കരേക്ക് പോയി. അവിടെയുള്ള തോട്ടത്തില്‍ ആയിരിക്കുമ്പോഴാണ് മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരും പട്ടാളക്കാരും ഇസ്കര്യാത്തോ യൂദയുടെ നേതൃത്വത്തില്‍ കര്‍ത്താവിനെ പിടിക്കാന്‍ വരുന്നത്. അവര്‍ വന്നപ്പോള്‍ കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു’ എന്ന്. അവര്‍പറഞ്ഞു: ‘നസറായനായ യേശുവിനെ’ എന്ന്. അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: ‘അത് ഞാന്‍ ആകുന്നു’ എന്ന്. അതുകേട്ടതും അവര്‍ പിന്‍വാങ്ങി നിലത്തുവീണു. വീണ്ടും കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു?’ എന്ന്. നസറായനായ യേശുവിനെ എന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ “ഞാന്‍ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ’ എന്നു യേശു ഉത്തരം പറഞ്ഞു.
ഇവിടെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുള്ളത് ‘നിന്‍റെ നാമം ഞാന്‍ ഇനിയും വെളിപ്പെടുത്തും’ എന്ന് പിതാവിനോട് പറഞ്ഞിട്ട് പിന്നെ യേശു ക്രിസ്തു പറയുഞ്ഞ ‘ഞാന്‍ ആകുന്നു’ എന്ന വാക്കാണ്. പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതും ‘ഞാന്‍ ആകുന്നു’ എന്ന വാക്കു തന്നെയാണ്. പുറപ്പാടില്‍ മോശെക്കു പ്രത്യക്ഷപ്പെട്ട് തന്‍റെ നാമം വെളിപ്പെടുത്തിയ യഹോവയുടെ ദൂതനും യേശുക്രിസ്തുവും ഒരേ ആളത്വമാണ് എന്ന് ഇതില്‍നിന്നും തെളിയുന്നു.
2. നിയോഗിച്ചയക്കുന്നു.
പുറ.3:7-10 വരെയുള്ള ഭാഗത്ത് യഹോവയുടെ ദൂതന്‍ മിസ്രയീമില്‍ അടിമത്തത്തിലിരിക്കുന്ന യിസ്രായേല്‍ ജനത്തെ മോചിപ്പിക്കാന്‍ വേണ്ടി മോശെയെ നിയോഗിച്ചയക്കുന്നത് കാണാം. ന്യായാ.6:14-ല്‍ യഹോവയുടെ ദൂതന്‍ മിദ്യാന്യ അടിമത്തത്തില്‍ കഴിയുന്ന യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ഗിദേയോനെ നിയോഗിച്ചയക്കുന്നത് കാണാം: “അപ്പോള്‍ യഹോവ അവനെ നോക്കി: “നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.” ന്യായാ.13:1-21 വരെയുള്ള ഭാഗത്ത് ഫെലിസ്ത്യരുടെ അടിമത്തത്തില്‍ നിന്ന് യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ശിംശോനെ ജനനത്തിനു മുന്‍പേ നിയോഗിക്കുന്നത് കാണാന്‍ കഴിയും. അപ്രകാരം തന്നെ പുതിയ നിയമത്തില്‍ യേശുക്രിസ്തു സാത്താന്‍റെ അധീനതയില്‍ നിന്ന് ലോകത്തെ വിടുവിക്കേണ്ടതിനു തന്‍റെ ശിഷ്യന്മാരെ സുവിശേഷവുമായി നിയോഗിച്ചയക്കുന്നത് കാണാം: “യേശു അടുത്തുചെന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു” (മത്തായി.28:18-20)
3. ബന്ധനത്തിലിരിക്കുന്നവരെ മോചിപ്പിക്കുന്നു
സങ്കീ.34:7-ല്‍ പറയുന്നത് “യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്നാണ്. ഇതിനുള്ള നല്ലൊരു ഉദാഹരണം 2.രാജാ.19:35-ല്‍ കാണാം. ഹിസ്കിയാ രാജാവിനെതിരെ പടയുമായി വന്നു യിസ്രായെലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന അശ്ശൂര്യസൈന്യത്തിന്‍റെ പാളയത്തില്‍ യഹോവയുടെ ദൂതന്‍ രാത്രിയില്‍ കടന്നു ചെന്ന് ഒരുലക്ഷത്തിഎണ്‍പത്തയ്യായിരം സൈനികരെ കൊന്നു യിസ്രായേലിനെ വിടുവിച്ചതായി പറയുന്നുണ്ട്. ഇനി പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെ നോക്കിയാലോ? എബ്രായ ലേഖനകാരന്‍ പറയുന്നു: “മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രാ.2:14,15). യേശുക്രിസ്തുവിന്‍റെ അരികില്‍ കടന്നു ചെന്ന് ജീവരക്ഷ പ്രാപിച്ച അനേകരെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി അവന്‍ മരണ ഭീതിയില്‍ നിന്നും വിടുവിച്ചു നിത്യസമാധാനത്തിലാക്കി വെക്കുന്നു.
4. പക്ഷവാദം ചെയ്യുന്നു.
സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ യഹോവയുടെ ദൂതന്‍ യെരുശലേമിനും യെഹൂദ്യപട്ടണങ്ങള്‍ക്കും വേണ്ടി യഹോവയോടു പക്ഷവാദം ചെയ്യുന്നത് നാം കാണുന്നുണ്ട് (സെഖര്യാ.1:12). പുതിയനിയമത്തില്‍ 1.യോഹ.2:1,2-ല്‍ പറയുന്നത് ഇപ്രകാരമാണ്: “എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്‍റെ പാപത്തിന്നും തന്നേ.”
5. ആശ്വസിപ്പിക്കുന്നു.
ഉല്‍പത്തി.16:7-13 വരെയുള്ള ഭാഗത്ത് സാറായിയുടെ മുന്നില്‍നിന്നു ഓടിപ്പോകുന്ന ഹാഗാറിനെ യഹോവയുടെ ദൂതന്‍ ആശ്വസിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഇനി പുതിയ നിയമത്തിലേക്ക് വന്നാല്‍ ഇതേ ശുശ്രൂഷ കര്‍ത്താവായ യേശുക്രിസ്തു നിര്‍വ്വഹിക്കുന്നതായി കാണാം:
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്റെ ആത്മാവു എന്‍റെമേല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല്‍ പതിഞ്ഞിരുന്നു. അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി” (ലൂക്കോ.4:18-21).
മറ്റൊരു വേദഭാഗം കൂടി നോക്കാം:
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും” (മത്തായി.11:28,29)
അതേ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഭൌമിക ശുശ്രൂഷകളില്‍ അതിപ്രധാനമായ ഒന്നായിരുന്നു ആശ്വാസം വേണ്ടവര്‍ക്ക് ആശ്വാസം കൊടുക്കല്‍ . പഴയനിയമകാലത്ത് യഹോവയുടെ ദൂതന്‍ നിര്‍വ്വഹിച്ചിരുന്ന ഈ ശുശ്രൂഷ പുതിയ നിയമത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവാണ് നിര്‍വ്വഹിക്കുന്നത്.
6. ഉടമ്പടി ഉറപ്പിക്കുന്നു.
ഉല്‍പ്പത്തി.22:15-19 വരെയുള്ള ഭാഗത്ത് നാം വായിക്കുന്നത് ഇപ്രകാരമാണ്: “യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍-ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.”
ഉല്‍പ്പത്തി.12,15 എന്നീ അദ്ധ്യായങ്ങളില്‍ യഹോവ അബ്രാഹാമിനോടു ഉടമ്പടി ചെയ്തിട്ടുള്ളതായി നാം വായിക്കുന്നുണ്ട്. ഇപ്പോള്‍ അതേ ഉടമ്പടി ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇവിടെ യഹോവയുടെ ദൂതന്‍ . പഴയനിയമത്തില്‍ മറ്റൊരു സ്ഥലത്തും യഹോവയുടെ ദൂതന്‍ ജനങ്ങളുമായി ഉടമ്പടി ചെയ്തതായി പറയുന്നുണ്ട്:
“അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്‍റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു? അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.” (ന്യായാ.2:1-3)
ഇവിടെ യഹോവയുടെ ദൂതന്‍ പറയുന്നത് “നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല” എന്ന് താന്‍ പറഞ്ഞിരുന്ന കാര്യമാണ് വിഷയത്തോടുള്ള ബന്ധത്തില്‍ നാം ചിന്തിക്കുന്നത്. വാസ്തവത്തില്‍ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോട് നിയമം ചെയ്യുന്നത് (പുറ.24:8) യഹോവയായ ദൈവമാണ്! എന്നാല്‍ ഇവിടെ യഹോവയുടെ ദൂതന്‍ അവകാശപ്പെടുന്നത് ‘താനാണ് നിയമം ചെയ്തത്’ എന്നത്രേ!!
ഇനി പുതിയ നിയമത്തിലേക്ക് വന്നാലോ? യേശുക്രിസ്തു ജനവുമായി എന്തെങ്കിലും നിയമം ചെയ്തിട്ടുണ്ടോ? നമുക്ക് നോക്കാം:
“അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു. “വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്‍റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: “എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്താ.26:26-28)
യേശുക്രിസ്തു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചിട്ടുണ്ട്! യഹോവയായ ദൈവം മോശ മുഖാന്തരം ചെയ്ത ഉടമ്പടി യിസ്രായേല്‍ ജനത്തോട് മാത്രമായിരുന്നെങ്കില്‍ യേശുക്രിസ്തു ചെയ്ത ഉടമ്പടി മുഴു ലോകത്തിനും ബാധകമാകുന്ന ഉടമ്പടിയാണ്. യിസ്രായേല്‍ ജനവും യഹോവയും തമ്മിലുള്ള ഉടമ്പടിയുടെ മധ്യസ്ഥനായ മോശ മരണത്തിനു വിധേയനായിരുന്നെങ്കില്‍ പുതിയ ഉടമ്പടിയുടെ മധ്യസ്ഥന്‍ മരണത്തെ ജയിച്ചു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്. മോശൈക ഉടമ്പടി ഉറപ്പിക്കപ്പെട്ടത് കാളക്കിടാങ്ങളുടെ രക്തത്താലായിരുന്നുവെങ്കില്‍ മനുഷ്യവര്‍ഗ്ഗവുമായുള്ള ദൈവത്തിന്‍റെ പുതിയ ഉടമ്പടി ഉറപ്പിക്കപ്പെടുന്നത് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത പരിശുദ്ധമായ രക്തത്താലാണ്. അതേ, എന്തുകൊണ്ടും പഴയ നിയമത്തെക്കാള്‍ എത്രയോ ഉന്നതമായതാണ് പുതിയ നിയമം!
വേറൊരു വേദഭാഗം കൂടി നോക്കാം:
“അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്കു ലഭിക്കേണ്ടതിന്നു അവന്‍ പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥന്‍ ആകുന്നു. നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം. ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല” (എബ്രാ.9:15-25)
7. ന്യായവിധി നടപ്പിലാക്കുന്നു.
പഴയനിയമത്തില്‍ യഹോവയുടെ ദൂതന്‍ ന്യായവിധി നടപ്പാക്കിയിരുന്നതായി നമുക്ക് കാണാന്‍ കഴിയും. ചില വേദഭാഗങ്ങള്‍ നാം മുന്‍പേ ചിന്തിച്ചതുമാണ്. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു” (1.ദിന.21:15,16)
“അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്‍പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു” (2.രാജാ.19:35)
ഇവിടെ മാത്രമല്ല, മറ്റു പലയിടങ്ങളിലും ന്യായവിധി നടത്തുന്നത് യഹോവയുടെ ദൂതന്‍ ആണെന്ന് പഴയ നിയമം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സംഹാരകന്‍ എന്ന പേരില്‍ ഇതേ ദൂതന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, പഴനിയമത്തിന്‍റെ താളുകളില്‍ ! പുതിയ നിയമത്തിലേക്ക് വന്നാലോ? പുതിയ നിയമത്തില്‍ ആരാണ് ന്യായവിധി നടത്തുന്നത്? നമുക്ക് നോക്കാം:
“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” (യോഹ.5:22)
പുതിയനിയമമനുസരിച്ച് ന്യായവിധി നടത്തുന്നത് യേശുക്രിസ്തുവാണ്!! അതിനുള്ള കാരണവും കര്‍ത്താവ് പറയുന്നുണ്ട്, “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു” എന്നതാണ് ആ കാരണം. പിതാവിനെ എങ്ങനെയാണോ ബഹുമാനിക്കേണ്ടത്, അങ്ങനെ തന്നെ പുത്രനേയും ബഹുമാനിക്കേണ്ടതുണ്ട്! പിതാവിനെ സ്രഷ്ടാവ് എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സ്രഷ്ടാവ് എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം! പിതാവിനെ ദൈവം എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും ദൈവം എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!! പിതാവിനെ സര്‍വ്വശക്തന്‍ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സര്‍വ്വ ശക്തന്‍ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!!! (തുടരും..)
4 Comments on “യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4)”
It’s great to find an expert who can expailn things so well
Great- Article!
I Don’t have words to explain!
May God Bless YOU!
Great.
Great article. May God bless you.