1921 സ്മരണികയില്‍ നിന്ന് (PART-4)
ചക്കിങ്ങല്‍തൊടിയില്‍ കല്യാണി അമ്മ, പോസ്റ്റ് പുതുപ്പറമ്പ്, മലപ്പുറം 19-10-1973
1921-ലെ മാപ്പിള ലഹള ഉണ്ടായ കാലത്ത് എനിക്ക് 25 വയസ്സ് പ്രായമുണ്ടായിരുന്നു. താനൂരിനടുത്ത് നന്നമ്പ്ര വില്ലേജില്‍ തൊടിയില്പറമ്പില് കുഞ്ഞുകുട്ടി അമ്മയുടെയും എളേടത്ത് രാമന് നായരുടെയും മകളാണ്. എന്റെ ഭര്‍ത്താവ് കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂര്‍ അംശത്തില്‍ കിളിയത്തറേല് രാമന് നായരാണ്. മലബാര്‍ കലാപ കാലത്ത് എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. എട്ടു വയസ്സായ ഒരാണ്‍കുഞ്ഞും മൂന്നു വയസ്സായ പെണ്‍കുഞ്ഞും. ഞങ്ങളുടെ പ്രദേശത്ത് ആക്രമണം നടന്നപ്പോള്‍ ഞങ്ങള്‍ താനൂര്‍ തീവണ്ടി ആപ്പിസിലേക്ക് ഓടി. തലയില്ലാത്ത എത്രയോ മൃതശരീരങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടാണ് ഞങ്ങള്‍ ഓടിയത്. ഓടുന്ന സമയത്ത് കൈയില്‍ കിട്ടിയവരെയെല്ലാം ലഹളക്കാര്‍ വെട്ടി വീഴ്ത്തി. കൂട്ടത്തില്‍ എന്റെ അച്ഛനെയും എട്ടു വയസ്സ് പ്രായമായ എന്റെ കുഞ്ഞിനേയും. സ്ത്രീകളെ അവര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. അങ്ങനെ ഒരുവിധത്തില്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ഞങ്ങള്‍ തീവണ്ടി മാര്‍ഗം തൃശ്ശൂരിലേക്ക് പോയി. തൃശൂര്‍ അമ്പലത്തിനടുത്തുള്ള ഒരു വീട്ടില്‍ ഞാനും എന്റെ ഭര്‍ത്താവും താമസിച്ചു. ഏകദേശം നാലു മാസത്തോളം ആ വീട്ടില്‍ താമസിച്ചു. അവിടെ എത്തിയ ഞങ്ങള്‍ക്ക് അരിയും മുണ്ടുമെല്ലാം സൗജന്യമായി കിട്ടിയിരുന്നു. അവിടെ നിന്നും ഞങ്ങള്‍ കോഴിക്കോട്ടേക്കാണ് പോയത്. കോഴിക്കോട് കച്ചേരിയില്‍ കുറച്ചു ദിവസം താമസിച്ചു. പിന്നീട് ലഹള അല്പം കെട്ടാറിയപ്പോള് ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് തന്നെ പോന്നു. വന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. വീട് തീ വച്ചു നശിപ്പിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും മറ്റു സാമാനങ്ങളുമെല്ലാം അവര്‍ കൊണ്ടുപോയിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 72,73)
പൊട്ടിക്കടവത്ത് കുഞ്ഞിപ്പെണ്ണ്, കെയര്‍ ഓഫ് പി.കെ. കണ്ടര്, പടിഞ്ഞാറ്റും മുറി പി.ഒ., മലപ്പുറം, 16-10-1973
കൂട്ടിലങ്ങാടി പഞ്ചായത്തില്‍ പടിഞ്ഞാറ്റുംമുറി എന്ന പ്രദേശത്ത് ലഹളക്കിരയായ ധാരാളം കുടുംബങ്ങളില്‍ ഒരു കുടുംബമായിരുന്നു എന്റേത്. എന്റെ ഭര്‍ത്താവിനെ കഴുത്തില്‍ വെട്ടുവാന്‍ മുതിര്‍ന്നതും വെടിവെച്ച് കൊല്ലാന്‍ തോക്കു ചൂണ്ടിയതും വെടിവച്ചതും (ഉന്നം തെറ്റി മറ്റാളുകള്ക്കാണ് കൊണ്ടത്) വീട്ടിലുള്ള സാധനങ്ങള്‍ കൊള്ളചെയ്തതുമെല്ലാം കണ്ടവളാണ് ഞാന്‍. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 73)
മാട്ടുല്‍ വേലുക്കുട്ടി, പുതുപറമ്പ് പി.ഒ.മലപ്പുറം 18-10-1973
1921-ലെ മാപ്പിളലഹള നടന്ന കാലത്ത് എനിക്ക് 22 വയസ്സ് പ്രായമുണ്ടായിരുന്നു. അന്ന് ഒരു ദിവസം ഞാന്‍ വയലില്‍ നിലമുഴുത് ഉച്ചയ്ക്ക് കപ്പയുമായി വീട്ടിലേക്ക് പോകുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ എന്റെ ചുറ്റും വളഞ്ഞു. അതില്‍ ഒരാള്‍ എന്റെ കാതില്‍ കിടന്നിരുന്ന സ്വര്‍ണത്തിന്റെ കമ്മല്‍ ഊരിയെടുത്തു. അപ്പോഴേക്കും മറ്റുള്ളവര്‍ വാളുകൊണ്ട് എന്നെ വെട്ടി. ഭാഗ്യവശാല്‍ ആ വെട്ട് എനിക്ക് ഏറ്റില്ല. അപ്പാടെ ഞാന്‍ പേടിച്ച് നിലവിളിച്ച് ഓടി. നേരെ കോട്ടക്കല്‍ കൊവിലകത്തേക്കാണ് ഓടിയത്. ഏകദേശം ലഹള കെട്ടടങ്ങുന്നതുവരെ അവിടെ ഒളിച്ചിരുന്നു. ആ അവസരത്തിലാണ്, കോഴിച്ചെന എന്ന സ്ഥലത്ത് പട്ടാളക്യാമ്പ് വന്നത്. അപ്പോള്‍ ഞാന്‍ മടങ്ങി വീട്ടിലേക്ക് തന്നെ പോന്നു. വന്നുനോക്കിയപ്പോള്‍ വീട്ടിനുള്ളിലുള്ളതെല്ലാം ലഹളക്കാര്‍ കവര്‍ന്നിരുന്നു. വീട് കുത്തിനശിപ്പിച്ചിരുന്നു. എന്റെ രണ്ടു കാളകളെ അവര്‍ വെട്ടിക്കൊന്നിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 73)
പി.കൃഷ്ണന്‍നായര്‍, കുന്നത്ത് കുഴിയില്‍ വീട്, പി.ഒ. മഞ്ചേരി, 3-11-1973
ഞാന്‍ പുതിയ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട് താലൂക്ക് മഞ്ചേരി അംശം ദേശത്തെ കുന്നത്തുകുഴി എന്ന വീട്ടില്‍ നായര്‍ സമുദായത്തില്‍ ജനിച്ചു. അന്ന് മരുമക്കത്തായമായിരുന്നു. 1921-ല്‍ എനിക്ക് 11 വയസ്സ് പ്രായം ഉണ്ട്. എന്റെ മാതാപിതാക്കള്‍ എനിക്ക് ഓര്‍മ്മ വെക്കുന്നതിനു മുന്‍പേ മരണപ്പെട്ടു. എന്റെ അമ്മയ്ക്ക് ഞാനല്ലാതെ വേറെ ആരും തുണയായി ഉണ്ടായിരുന്നില്ല. പഴയ സമ്പ്രദായ പ്രകാരം വീട്ടിലുണ്ടായിരുന്ന നാല് അമ്മാവന്മാരുടേയും, വലിയച്ഛന്, ചെറിയമ്മമാരുടെയും രക്ഷാകര്‍തൃത്വത്തിലാണ് വളര്‍ന്നത്. പൂര്‍വ്വികമായ ഭൂസ്വത്ത് ഒന്നും തന്നെ ഇല്ല. നാല് അമ്മാവന്മാര്ക്ക് പോലീസ് ഉദ്യോഗവും ഒരു വീടും മാത്രമാണ് ഉണ്ടായിരുന്നത്. വലിയമ്മാവന് പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. അരീക്കോട് ആയിരുന്നു. 1921-ല്‍ അന്ന് പോലീസിന്റെ മേലധികാരിയായിരുന്ന മലബാര്‍ ഡി.എസ്.പി. ഹിക്കോക്ക് മഞ്ചേരിയില്‍ ക്യാമ്പ് ചെയ്തിരുന്നു. അരീക്കോട്ടേക്ക് ആളയച്ച് അമ്മാവനെ വരുത്തി. പിറ്റേ ദിവസം രാവിലെ ഡി.എസ്.പി.യും അമ്മാവനും മറ്റു ചിലരും ചേര്‍ന്ന് തിരൂരങ്ങാടിക്ക് സമാധാന രക്ഷയ്ക്കാണെന്നു പറഞ്ഞു പോയി. പിന്നെ അമ്മാവനെയും വേറെ ഒന്ന് രണ്ടാള്‍ക്കാരെയും വെട്ടിക്കൊന്നതായും മറ്റുള്ളവര്‍ സായിപ്പടക്കം ഓടി രക്ഷപ്പെട്ടതായുമാണ് വാര്‍ത്ത വന്നത്. അതിന്റെ ഫലമായി പഴയ കടം നിമിത്തം വീട് വിറ്റു പോകുകയും ബാക്കി അമ്മാവന്മാര്ക്ക് ഉദ്യോഗം നഷ്ടപ്പെടുകയും കുടുംബം അനാഥമാകുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 73,74)
സി.പി.ബാലകൃഷ്ണന് നായര്‍, വാക്കാടവീട്, തൃക്കുളം 14-11-1973
ഇവിടെ ശിവക്ഷേത്രത്തില്‍ ലഹളക്കാര്‍ കടന്ന് വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്നു പൂജാ സാമാനങ്ങളും ശിവന്റെ മുന്പില് പ്രതിഷ്ഠിച്ച കരിങ്കല്ലുകൊണ്ടുള്ള കാളയേയും ഗണപതി വിഗ്രഹം, ഓടുകള്‍ മുതലായവയും തച്ചു പൊളിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൂജാ സാമാനങ്ങളെല്ലാം അവര്‍ എടുത്തുകൊണ്ടുപോയി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 74)
പത്മനാഭന് അധികാരി, പുത്തൂര്‍
മാപ്പിളമാര്‍ എല്ലാ വീടുകളും ചിട്ടയോടുകൂടി കൊള്ളചെയ്തു. ആ ഗ്രാമത്തിലും പരിസരത്തിലുമുള്ള പന്ത്രണ്ടോളം ക്ഷേത്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. വിഗ്രഹങ്ങള്‍ തച്ചുടച്ചു. എന്റെ നാല് ബന്ധുക്കളെയും മൂന്നു ചെറുമക്കളെയും മാപ്പിളമാര്‍ പിടിച്ചു വധിച്ചു. ആ അംശത്തില്‍ മുന്നൂറില്‍ കുറയാതെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് കിണറുകള്‍ മുഴുവനായും ഒരു കിണര്‍ ഭാഗികമായും ശവങ്ങളെക്കൊണ്ട് നിറഞ്ഞു. തീയ സ്ത്രീകളോട് ചെയ്ത അതിക്രമങ്ങള്‍ വിവരിക്കുവാന്‍ അസാധ്യമാണ്. ഭര്‍ത്താവോടൊപ്പം ഒരു സ്ത്രീയെ പിടിച്ചു. ഭര്‍ത്താവിനെ കൊല്ലുകയും ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 75)
മണിയന് പാലോളി കൃഷ്ണന് നായര്‍, തൃപ്പനച്ചി
എനിക്ക് 76 വയസ്സ് പ്രായമാണ്. 56 വയസ്സുള്ള ഒരു സാധു മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുവാന്‍ മാപ്പിളമാര്‍ എന്നെ നിര്‍ബന്ധിച്ചു. തിരിച്ച് ഹിന്ദു മതം സ്വീകരിച്ചാല്‍ എല്ലാറ്റിനെയും കൊന്നു കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 75)
(തുടരും…)