1921 സ്മരണികയില്‍ നിന്ന് (PART-3)
എസ്.കെ.പി. രാമന് നമ്പൂതിരി, പട്ടാമ്പി.
1921 ആഗസ്റ്റ് മാസം ഒരു ദിവസം കാലത്ത് പത്തുമണിയോടുകൂടി ഏതാനും ചിലര്‍ സംഘമായി ഇറങ്ങുന്നത് എന്റെ അച്ഛന് കണ്ടു. അച്ഛന് അതുകണ്ട് പരിഭ്രമിച്ച് എല്ലാവരെയും വീട്ടിനകത്താക്കി വാതില്‍ അടച്ചിരിക്കുകയും അച്ഛന്റെ അനുജനായ നീലകണ്ഠന് നമ്പൂതിരിയോട് ആരെയെങ്കിലും വിളിച്ചു കൊണ്ടുവന്ന് ആപത്തില്‍ നിന്ന് രക്ഷപ്പെടുത്താനും പറഞ്ഞു. അദ്ദേഹം കുറച്ചു ദൂരം പോയപ്പോള്‍ താന്‍ മാത്രം രക്ഷപ്പെടുന്നത് ശരിയല്ലെന്നും വരുന്ന ആപത്ത് എല്ലാവര്ക്കും ഒരുമിച്ചു അനുഭവിക്കാമെന്നുറച്ച് ഇല്ലത്തേക്ക് തന്നെ മടങ്ങി. ലഹളക്കാര്‍ കാത്തിരുന്നു. എന്റെ അച്ഛനോട് പണം ആവശ്യപ്പെടുകയും പുറത്തു പെട്ട നീലകണ്ഠന് നമ്പൂതിരിയെ ദാരുണമാം വിധം മര്‍ദ്ദിക്കുകയും ചെയ്തു. അച്ഛന് കുറച്ചു രൂപ ജനലഴിയിലൂടെ ഇട്ടുകൊടുത്തു. ലഹളക്കാര്‍ അതുകൊണ്ട് തൃപ്തിപ്പെടാതെ വീണ്ടും നീലകണ്ഠന് നമ്പൂതിരിയെ മര്‍ദ്ദിച്ചു. വാതിലില്‍ ശക്തിയായി കോടാലി ഉപയോഗിച്ച് വെട്ടാനും തുടങ്ങി.
വെട്ടിയതിന്റെ പാടുകള്‍ ഇപ്പോഴും കാണാവുന്നതാണ്. സുമാര്‍ ഒരു മൂന്നരമണിയോടെ പട്ടാളം വരുന്നുവെന്ന സൂചന ലഭിച്ചപ്പോള്‍ അവരെല്ലാം പിരിഞ്ഞു പോയി. മൂന്നു നാല് മാസം കഴിഞ്ഞപ്പോള്‍ കൊള്ളക്കാരുടെ മര്‍ദ്ദനമേറ്റ നീലകണ്ഠന് നമ്പൂതിരി മരിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്.63,64)
എന്‍.വിശാലാക്ഷി അമ്മ, കരിക്കാട്
ഞങ്ങളുടെ വന്ദ്യമാതാവ് നമ്പ്രത്ത് കാളി അമ്മ 1921-ലെ ഖിലാഫത്തില്‍ വളരെയധികം ദുരിതം അനുഭവിച്ച വ്യക്തിയാണ്. ലഹളയില്‍ അമ്മയെ മതം മാറ്റുകയും ദേഹോപദ്രവവും ചെയ്യുകയുമുണ്ടായി. മതം മാറ്റിയ അവസരത്തില്‍ അമ്മയുടെ പേര് പാത്തു എന്നായിരുന്നു. അച്ഛനും ഖിലാഫത്തില്‍ വളരേയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. വളരെയധികം പരുക്കുകള്‍ അച്ഛനും ഏറ്റിട്ടുണ്ട്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്.64)
പി.കെ. രാമന്‍കുട്ടി, ഊരകം, മേലെമുറി, മലപ്പുറം
1921-ലെ മാപ്പിള ലഹളയുടെ ദുരന്തഫലങ്ങള്‍ തികച്ചും അനുഭവിച്ചിട്ടുള്ള എനിക്ക് കലാപം നടന്ന കാലത്ത് 41 വയസ്സ് പ്രായമാണ്. അന്ന് നല്ല ആരോഗ്യവാനും അധ്വാനശീലനുമായിരുന്നു. വളരെയധികം കഷ്ടങ്ങളനുഭവിക്കേണ്ടി വന്നിട്ടുള്ള എനിക്കിപ്പോള്‍ 93 വയസ്സായി.
സംഭവം നടന്ന കാലത്ത് ഞാനും കുടുംബവും പാര്‍ത്തു വന്നിരുന്നത് കടോടത്ത് പറമ്പ് എന്ന സ്ഥലത്തായിരുന്നു. ലഹളക്കാര്‍ വരുന്നുണ്ടെന്ന ഊഹാപോഹം നാടാകെ പരന്നു. അപ്പോള്‍ ഇവിടത്തെ ഒരു ധനാഢ്യനായ കുറ്റിപ്പുറത്ത് പണിക്കരെ മതപരിവര്‍ത്തനത്തിനും വീട് കൊള്ള ചെയ്യുന്നതിനുമായി കല്ലാമൂലയില്‍ നിന്ന് കുഞ്ഞമ്മഹദ് ഹാജിയും കൂട്ടുകാരും പൊടിയാട്ട് നിന്ന് (മലപ്പുറം മേല്‍മുറി) ഒരു സംഘമായി പുറപ്പെട്ടുവെന്നൊരു വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ഇതേ തുടര്‍ന്ന് നല്ല ആരോഗ്യവാന്മാരായ നൂറോളം ഹിന്ദുയുവാക്കളെ കുറ്റിപ്പുറം പണിക്കരുടെ വീട് കാക്കുന്നതിനായി ഏര്‍പ്പാട് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്റെ കുടുംബക്കാര് ലഹളക്കാരെ ഭയന്ന് മലപ്പുറം പട്ടാളക്യാമ്പിനു സമീപം പാര്‍പ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുറച്ചു മുസ്ലിംകളെ കൂടി കാവലിനേര്പ്പെടുത്തുകയും അവരുടെ നായകത്വം വഹിക്കുന്നതിന് പാണക്കാട്ടെ ഒരു തങ്ങളെ കൂട്ടിക്കൊണ്ടുവന്നാക്കുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തങ്ങള്‍ ഒരടിയന്തിരാവശ്യം പറഞ്ഞ് പാണക്കാട്ടേക്ക് പിറ്റേദിവസം തന്നെ വരാമെന്നേറ്റുപോയി. അന്നേ ദിവസം തന്നെ കാവല്‍ നിന്നിരുന്ന മുസ്ലീംകളും ഓരോ കാരണം പറഞ്ഞ് സ്ഥലം വിട്ടു. അന്നു രാത്രി സുമാര്‍ 10 മണിയോടുകൂടി കൊള്ളക്കാര്‍ ഞങ്ങളെ വളഞ്ഞു. സംഘത്തില്‍ മുന്നൂറോളം പേരുണ്ടായിരുന്നു. ലഹളക്കാര്‍ പടിപ്പുരയ്ക്കല്‍ എത്തിയപ്പോള്‍ തുടരെത്തുടരെയായി രണ്ടു വെടി പടിപ്പുരയുടെ അടുത്തുണ്ടായിരുന്ന എരഞ്ഞി മരത്തിലേക്ക് വച്ചു. ആളിക്കത്തുന്ന ആനപ്പന്തങ്ങള് ഉയര്‍ത്തിപ്പിടിച്ചും ചക്കിന്റെ കണ തോളിലേന്തിയും സലാത്തും ചൊല്ലി ആളുകള്‍ തുരുതുരാ പ്രവഹിച്ചു തുടങ്ങി. കാവല്‍ക്കാരായി നിന്നിരുന്ന ഞങ്ങളും ആ വീട്ടിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരില് ചിലരും അന്തംവിട്ട് നാലുപാടും ഓടി ഞങ്ങള്‍ നാലുപേര്‍ (1.പുഴക്കന്‍ ചോയി, 2. പുഴക്കല്‍ കുഞ്ഞൂട്ടി, 3. പോറത്താടി താമി, 4. പടിഞ്ഞാറന്‍ കണ്ടന് രാമന്‍കുട്ടി) എന്നിവര്‍ ഒരു വഴിക്കാണ് ഓടിയത്. രാത്രി കുറച്ചകലെയുള്ള ഒരു കുന്നിന് മുകളില്‍ കഴിച്ചുകൂട്ടി. രണ്ടുദിവസം പിന്നെയും ഞങ്ങള്‍ നാട്ടില്‍ത്തന്നെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടി.
മുസ്ലീങ്ങള്‍ ഇളകി വരുന്നുണ്ടെന്നും ഹിന്ദുക്കളെ കണ്ടാല്‍ വിടില്ലെന്നും നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിക്കുന്നുണ്ടെന്നും മലപ്പുറം മേല്‍മുറിയിലെ ഒരു ധനാഢ്യനായിരുന്ന ഒരു ശേഖരമേനോനെ മതപരിവര്‍ത്തനം ചെയ്തുവെന്നുമുള്ള വാര്‍ത്ത നാടെങ്ങും പരന്നു. അതോടെ വീട്ടിലുണ്ടായിരുന്ന സര്‍വ്വസ്വവും ഉപേക്ഷിച്ച് ഞങ്ങള്‍ ഏതാനും ആളുകള്‍ സംഘമായി മലപ്പുറത്തേക്ക് പുറപ്പെട്ടു. സന്ധ്യമയങ്ങിയതില് പിന്നെയാണ് ഞങ്ങള്‍ പുറപ്പെട്ടത്. വഴിമദ്ധ്യേ മലപ്പുറം അംശത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന എടേപ്പാലം എന്ന് പറഞ്ഞുവരുന്ന സ്ഥലത്ത് ഒരു സംഘം ആളുകള്‍ നിന്നിരുന്നു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ അവര്‍ ഞങ്ങളുടെ കൂട്ടത്തിലേക്ക് ചാടി വീണു. ഓരോരുത്തരുടെയും കൈ പിടിച്ചു നിര്‍ത്തി കൈയിലുണ്ടായിരുന്ന സഞ്ചിയും മടിയും എല്ലാം പരിശോധിച്ചു. കിട്ടിയ പണം തട്ടിയെടുത്തു. പരിശോധനയില്‍ പെടാത്തവരായി ആരുംതന്നെ അവശേഷിച്ചിരുന്നില്ല. ഞങ്ങളുടെ കൂട്ടത്തില്‍ അവരോട് എതിര്‍ത്ത നാലാളുകളെ അവര്‍ ബലമായി പിടിച്ചു നിര്‍ത്തി (1. ചേരൂര്ക്കാരന് തടത്തില്‍ കുഞ്ഞിപ്പെരവന്, 2. പാറേല്‍ പുരക്കല്‍ രാമന്‍കുട്ടി വൈദ്യര്, 3 ഉം 4 ഉം ഊരകം സ്വദേശികളായ നായന്മാരായിരുന്നു). ഞങ്ങളെ പരിശോധിച്ചതിനുശേഷം പുറത്തു തല്ലുകയും പൃഷ്ടഭാഗത്ത് ചവിട്ടുകയും ചെയ്തുകൊണ്ട് ഓടിനെടാ എന്ന് ആക്രോശിച്ചു. ജീവനും കൊണ്ടോടി. ഞങ്ങള്‍ കുന്നു കയറി. കുന്നിന്മുകളിലെത്തി തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നുവെങ്കിലും ഞങ്ങള്‍ ജീവിക്കാനുള്ള ആശകൊണ്ട് യാതൊന്നും ചെയ്തില്ല. ഞങ്ങളുടെ കൂടത്തില്‍നിന്നു തടഞ്ഞുവെച്ചിരുന്നവരെ നിലത്തുകിടത്തി ഏതാനും ആളുകള്‍ കൈകാലുകള്‍ അമര്‍ത്തിപ്പിടിച്ച് നീളമുള്ള വാള്‍കൊണ്ട് മൂരുന്നതുകണ്ട് വീണ്ടും ഓടി മലപ്പുറത്ത് ഞങ്ങളുടെ കുടുംബങ്ങള്‍ പാര്‍ത്തുവന്നിരുന്ന സ്ഥലത്തെത്തിച്ചേര്‍ന്നു.
ഇത്തരത്തില്‍ പലഭാഗത്തുനിന്നും ലഹളക്കാരെ ഭയന്ന് ഓടിയെത്തിയ നൂറില്‍പ്പരം കുടുംബങ്ങള്‍ ജീവിതം മുട്ടിയപ്പോള്‍ മടപ്പുറം കോട്ടപ്പടിക്കല് സ്ഥിതി ചെയ്യുന്ന സത്രത്തില്‍ വരാന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു. അടുത്ത ദിവസം സത്രത്തില്‍ ചെന്നു. ധാരാളം അരി അവിടെയുണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് നാഴിയും കുട്ടികള്‍ക്ക് ഉരിയും വീതം അരി തന്നുകൊണ്ടിരുന്നു. ഇത് ആറുമാസത്തോളം തുടര്‍ന്നു. ഇനി ലഹളയെല്ലാം അമര്ന്നിരിക്കകൊണ്ട് എല്ലാവര്ക്കും നാട്ടില്‍ പോകുവാനുള്ള കല്പന കിട്ടി. ഉള്ളില്‍ ഭയവുമായി സകുടുംബം നാട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിച്ചേര്‍ന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സര്‍വ്വസ്വവും കൊള്ളയടിച്ചതായി കാണാന്‍ കഴിഞ്ഞു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്.64-66)
കിളികുന്നുല് ചാമി, തുവൂര്‍
എന്റെ വീട്ടില്‍ നിന്ന് മുണ്ടനമ്മാടി മൊയ്തു എന്നെ പിടിച്ചു കൊണ്ടുപോയി. സുമാര്‍ 40-പരം ഹിന്ദുക്കളെ വെട്ടിക്കൊന്നിട്ട തൂവൂരിലുള്ള പൊട്ടെങ്ങാട്ട് കിണറ്റിലേക്ക് കൈ രണ്ടും പിന്നില്‍ കെട്ടിയാണ് കൊണ്ടുപോയത്. അന്നെനിക്ക് സുമാര്‍ 16 വയസ്സുണ്ട്. ആ കിണറിന് അടുത്ത് താമസിക്കുന്ന പോട്ടെങ്ങാട്ട് സെയ്തലവിക്കുട്ടിഹാജി എന്നെ കണ്ടു. അയാള്‍ കൈ അഴിച്ചു വിടാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്. 66,67)
കോല്‍ക്കോത്ത് ഉണ്ണിക്കുമാരന്‍ നായര്‍, പോസ്റ്റ് പുത്തൂര്‍, വഴി കൊടുവള്ളി, കോഴിക്കോട് ജില്ല, 14-11-1973
എന്റെ പ്രദേശമായ പെണ്ണക്കാട്ട് പുത്തൂര്‍ എന്ന സ്ഥലത്ത് 1097-ല്‍ തുലാം മാസത്തിലാണ് ലഹള വന്നത്. അതിലെന്റെ കുടുംബത്തില്‍പ്പെട്ടവരും എന്റെ അയല്വാസികളില്പ്പെട്ടവരുമായ അനവധി ഹിന്ദുക്കളെ മുസ്ലീങ്ങള്‍ വെട്ടിക്കൊല്ലുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പരിതഃസ്ഥിതിയില്‍ ഞാനും കുടുംബവും എന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് 20 മൈലോളം അകലെയുള്ള കോഴിക്കോട് പുതിയറ എന്ന സ്ഥലത്ത് തേരര് കണ്ടിയില്‍ എന്ന വീട്ടില്‍ അഭയം പ്രാപിച്ചു. ഞങ്ങളുടെ ഈ ഭയന്നോട്ടത്തില് സ്വന്തം പെങ്ങന്മാരായ നാരായണിയമ്മ, കല്യാണിയമ്മ എന്നിവരും പങ്കെടുത്തിരുന്നു. ഈ കലാപം ഇവിടെ 9 മാസത്തോളം നീണ്ടു നില്‍ക്കുകയും അതില്‍പ്പിന്നെ ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് അവകാശപ്പെട്ടതും എന്റെ സ്വന്തം വീട്ടിലുള്ളതുമായ പലതും എനിക്ക് എന്നന്നേക്കുമായി നഷ്ടം വരികയും ചെയ്തിരിക്കുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്.67)
പിലാത്തോട്ടത്തില്‍ ചോയി, പോസ്റ്റ് പുത്തൂര്‍, വഴി കൊടുവള്ളി, കോഴിക്കോട് ജില്ല, 15-11-1973
എനിക്ക് 1097 തുലാം മാസത്തില്‍ ഇവിടെ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ 21 വയസ്സോളം പ്രായമായിരുന്നു. ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന സ്വത്തുക്കളെ കവര്‍ച്ച ചെയ്തെടുക്കുകയും അവരെ സ്വൈര്യമായി ജീവിക്കാനനുവദിക്കാതെ മാരകായുധങ്ങളുമായി പിന്തുടരുകയും ചെയ്തതിനാലും ഇവിടെ ജീവിക്കാന്‍ ഭയമുള്ളതിനാലും ഞാനും അച്ഛനും അമ്മയും അനുജന്മാര് രണ്ടാള്‍ക്കും ഒരു ജേഷ്ഠനും ഒരു പെങ്ങളും കൂടി എന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് 15 മൈലോളം ദൂരെയുള്ള കോമത്ത് ചാലില്‍ ഇമ്പിച്ച്യാത്തുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. കൂടാതെ എനിക്ക് നല്ലോണം പരിചയമുള്ളവനും എന്റെ സ്നേഹിതനുമായ നായരുകണ്ടി ചെറിയോമന്‍ നടകേറി ചോയി എന്നിവരെ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോയി നാകാളീകാവില് എന്ന സ്ഥലത്ത് വെച്ച് ഗളച്ഛേദം ചെയ്തതായും എനിക്ക് പറയാന്‍ കഴിയും. 9 മാസം കഴിഞ്ഞ് വര്‍ഗീയ കലാപം ഏതാണ്ട് അവസാനിച്ചു എന്ന വിവരം കിട്ടി ഞാനും എന്റെ വയോധികരായ അച്ഛനമ്മമാരും മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന പിലാത്തോട്ടത്തില്‍ എന്ന വീട് മുസ്ലീങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും മറ്റു പല സാധനങ്ങളും നശിപ്പിക്കുകയും ചെയ്തതായി കണ്ടു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്. 67,68)
അയ്യനാത്ത് മീനാക്ഷി അമ്മ, ഇരുവെറ്റി അംശം ദേശം
1921-ല്‍ നിലമ്പൂര്‍ കോവിലകത്തുവച്ച് മാപ്പിളമാര്‍ എന്റെ ഭര്‍ത്താവായ പുല്ലിക്കുത്ത് അച്ചുതന്‍നായരെ കൊല്ലുകയും എന്നെ പല ഭേദ്യങ്ങളും ചെയ്കയും ഉണ്ടായി. ഇത് അന്വേഷിക്കുവാനോ വല്ല രക്ഷയും ചെയ്യുവാനോ ഇതുവരെയും ആരെയും കണ്ടില്ല. ഇപ്പോള്‍ എനിക്ക് 80 വയസ്സായി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്. 68)
വി.ഉണ്ണീരി മേസ്ത്രി, ഒലപുത്തൂര് എസ്റ്റേറ്റ്, കാക്കവയല
ലഹളയുടെ വിവരമറിഞ്ഞ് ഒരു ദിവസം രാത്രി എന്റെ വീട്ടിലെ സ്ത്രീകളും ഞാനടക്കം കുട്ടികളും അഞ്ച് മൈല്‍ ദൂരെയുള്ള എളേറ്റില്‍ എന്ന സ്ഥലത്തുള്ള അമ്മാവന്റെ വീട്ടിലേക്കു താമസം മാറ്റി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീട് ലഹളക്കാര്‍ മാപ്പിളമാര്‍ കത്തിച്ചു കളഞ്ഞതായി അച്ഛന് പറഞ്ഞു. വീണ്ടും ഞങ്ങള്‍ മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. രക്ഷയില്ലെന്ന നിലയിലായപ്പോള്‍ ആ വീട്ടിലുള്ളവരും ഞങ്ങളോട് കൂടെ ആ സമയത്തുണ്ടായിരുന്ന മറ്റു പല സ്ഥലങ്ങളില്‍ നിന്നും അഭയം തേടിയ നൂറിലേറെ ആളുകളും അവിടെ നിന്നും മൂന്ന് മൈല്‍ അകലെയുള്ള (പടിഞ്ഞാറ്) നെടയനാട് വടക്കെചാലില്‍ എന്ന ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിലേക്കു മാറി താമസിച്ചു. അന്നു മുതിര്‍ന്നവര്‍ പട്ടാളക്കാരുടെ കൂടെ ലഹള സ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതിനിടയില്‍ മൂന്ന് കിണറ്റില്‍ നിറയെ ഹിന്ദുക്കളെ വെട്ടിത്തള്ളിയതായി അറിഞ്ഞു. വേലപ്പന് എന്നൊരാള്‍ എങ്ങനെയോ കൈയിലുള്ള കെട്ടഴിച്ച് ഒരു വള്ളിയില്‍ പിടിച്ചു. (മനുഷ്യരെ വെട്ടിവീഴ്ത്തിയ കിണറ്റില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്). കയറുമ്പോള്‍ അര്ദ്ധജീവനുള്ളവര് എന്നെയും കയറ്റികൊണ്ടുപോ എന്ന് ദയനീയമായി നിലവിളിച്ചത് അയാള്‍ ഇന്നും ഓര്‍ക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളും കൊലചെയ്യപ്പെട്ടിട്ടുണ്ട്.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ അനുജന് കുഞ്ഞാമന് എന്നൊരാള്‍ കോഴിക്കോട് വയനാട് റോഡില്‍ 22-ാം മൈലില്‍ കള്ള്ഷാപ്പ് നടത്തികൊണ്ടിരിക്കവേ ലഹളക്കാര്‍ ഒരു രാത്രിയില്‍ വന്നു ഷാപ്പില്‍നിന്നും വിളിച്ചിറക്കി റോഡരികില്‍ കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ് 69)
മതിലിങ്ങല കുഞ്ചിയമ്മ, തൂത, മലപ്പുറം ജില്ല, 19-10-1973
മാപ്പിള ലഹളയില്‍ ആനമങ്ങാട്ട് നിന്നും അഞ്ചു പേരെ വെട്ടിക്കൊന്നു. അതില്‍ എന്റെ അമ്മാവന് മതിലിങ്ങല്‍ രാവുണ്ണി നായരും പെടും. അന്ന് ഏകദേശം 50 വയസ്സായിക്കാണും. ദാരുണമാം വിധം മരിച്ച അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ ഞാന്‍ (ഇപ്പോള്‍ 70 വയസ്സ്) കണ്ടു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ് 69)
ഇ.ചോയിക്കുട്ടി, എടപ്പടത്തില്‍, പോസ്റ്റ് ചെനക്കലങ്ങാടി, തേഞ്ഞിപ്പാലം
എന്റെ അച്ഛന് എടപ്പടത്തില്‍ കുഞ്ഞിക്കുട്ടിയെ 1921-ലെ മാപ്പിള ലഹളയില്‍ മാപ്പിളമാര്‍ വെട്ടിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന പല സാധനങ്ങളും കളവു ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ് 69)
വാക്യത്തൊടി രവുണ്ണിനായര്, ഊര്‍ങ്ങാട്ടിരി, മലപ്പുറം ജില്ല
ലഹളക്കാലത്ത് എന്നെക്കൂടാതെ വീട്ടില്‍ അഛ്ചന്‍ വേലാനായര്, അമ്മ നാരായണി അമ്മ, പെങ്ങള് ലക്ഷ്മി അമ്മ, ലക്ഷ്മി അമ്മയുടെ ഭര്‍ത്താവ് വല്ലുനായര്‍ എന്നിവര്‍ മാത്രമാണുണ്ടായത്. ഈ നാട്ടുകാരും അന്യനാട്ടുകാരുമായ ലഹളക്കാര്‍ ചേര്‍ന്നു ഹിന്ദുക്കളായ കൃഷിക്കാരുടെയും മറ്റും വീട് കൊള്ളചെയ്തു നെല്ല്, പണം, പണ്ടങ്ങള്, മറ്റു സാധനങ്ങള്‍ എന്നിവ തട്ടിക്കൊണ്ടുപോയി. ഇങ്ങനെ മൂന്നുവട്ടം തങ്ങളുടെ വീട് ആക്രമിക്കപ്പെട്ടു.
ഈ അവസരത്തില്‍ ലഹളത്തലവനായ മൊയ്തീന്‍കുട്ടി ഹാജി കരുവത്തില്ലത്ത് താമസമാക്കി. പലരോടും അവിടെ ചെല്ലുവാന്‍ ആളെ അയച്ചു. ആ കൂട്ടത്തില്‍ എന്റെ പെങ്ങളുടെ ഭര്‍ത്താവ് വല്ലുനായര്‍, കോല്ക്കാരന് പനോത്ത് കേശവന് നായര്‍, കുമാരന് നായര്‍, ചേലാട്ട് ശങ്കരന്‍നായര്‍, കുകുരീരി ഗോപാലന് നായര്‍ മുതലായവര്‍ ഒരുമിച്ചു ചെല്ലുകയും ചെയ്തു. അവരോടു ഇസ്ലാംമതം സ്വീകരിക്കാന്‍ നിര്‍ബന്ധി ക്കുകയും അതിനു അവര്‍ വഴങ്ങാത്തതിനാല്‍ വെട്ടാന്‍ നിര്‍ത്തിയ സംഘത്തിലേക്ക് തള്ളികൊണ്ടുപോയി പുഴക്കല്വച്ചു വെട്ടിക്കൊല്ലുകയുമാണുണ്ടായത്. ഈ വിവരം ആ കൂട്ടത്തില്‍നിന്ന് എങ്ങെനെയോ രക്ഷപ്പെട്ട കുകുരീരി ഗോപാലന് നായര്‍ മടങ്ങി വന്നു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത്.
അതിനുശേഷം മൊയ്തീന്‍കുട്ടി ഹാജിയുടെ ആള്ക്കാര് വന്ന് ബാക്കിയുള്ളവരെ മതം മാറ്റുവാന്‍ നിര്‍ബന്ധിച്ചു. അല്ലാത്ത പക്ഷം മറ്റുള്ളവര്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കും ഉണ്ടാകുമെന്ന് പറഞ്ഞു. ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഇസ്ലാം മതം സ്വീകരിച്ചു. ഞങ്ങളുടെ തല മൊട്ടയടിക്കുകയും നിസ്കാര കര്‍മ്മങ്ങള്‍ പഠിപ്പിക്കാന്‍ ഒരു മുസ്ലീമിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ആ കൂട്ടത്തില്‍ സുന്നത്ത് കഴിക്കണമെന്നും ഞങ്ങളോട് പറയുകയും ചെയ്തു.
ഈ സംഭവങ്ങള്‍ക്ക് ശേഷം എടവണ്ണ പട്ടാളം വന്ന വിവരം അറിഞ്ഞ് ഞങ്ങള്‍ എല്ലാവിധ സ്വത്തുക്കളും ഉപേക്ഷിച്ച് അര്‍ദ്ധ രാത്രിക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട് എടവണ്ണ എത്തി. സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞിക്കണ്ണന് ഞങ്ങള്‍ക്ക് ആഹാരവും വസ്ത്രവും നല്കി രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടു മാസത്തോളം അങ്ങനെ അവിടെ കഴിച്ചു കൂട്ടി. ലഹള അവസാനിച്ചതിന് ശേഷമാണ് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു വന്നത്. ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കുന്നതിന് യാതൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ലഹളക്കാര്‍ കൊണ്ടുപോവുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ് 69,70)
കെ.ടി. വിശാലാക്ഷി അമ്മ, കണ്ണമംഗലം, മലപ്പുറം ജില്ല, 15-10-1973
1921-ലെ മാപ്പിള ലഹളയില്‍ ദുരിതമനുഭവിച്ച ഹിന്ദുക്കളുടെ ഒരു കണ്വെന്ഷന് വിളിച്ചുകൂട്ടി എന്നും അതില്‍ വെച്ച് ഭാവി പരിപാടികള്‍ക്കായി ഒരു സമിതി രൂപീകരിച്ചിരിക്കുന്നു എന്നും 1973 ഒക്ടോബര്‍ 13- ന് മനോരമയില്‍ കണ്ട് ദുരിതമനുഭവിച്ച ഞങ്ങളെപ്പോലെയുള്ളവര്‍ സന്തോഷിക്കുന്നു. എന്റെ വീട്ടില്‍ പഴയ ഏറനാട് താലൂക്ക് കണ്ണമംഗലം അംശത്തിലെ തോന്നിയില് ലഹളക്കാര്‍ സംഘടിച്ച് താമസമാക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ലഹള തുടങ്ങിയ ഉടനെ തന്നെ എല്ലാം ഒഴിച്ച് ഒരു കൊല്ലത്തിലധികം കാലം അന്നത്തെ കൊച്ചിന് സ്റ്റേറ്റിലുള്ള തിരുവില്വാമലയിലായിരുന്നു അഭയാര്‍ഥികളായി താമസിച്ചിരുന്നത്. നാട്ടില്‍ മടങ്ങി വന്നപ്പോള്‍ എല്ലാം നശിച്ച നിലയിലാണ് കണ്ടത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 71)
കെ. ഗോവിന്ദന് നായര്‍, കിഴക്കേടത്ത് വീട്, പോസ്റ്റ് ചേറൂര്, മലപ്പുറം, 15-10-1973
എന്റെ അമ്മയുടെ മുത്തശ്ശിയേയും അമ്മാവനെയും ലഹളക്കാര്‍ വെട്ടിക്കൊന്നു. മുത്തശ്ശിയുടെ ആശ്രിതയായി ഇനി അമ്മയാണുള്ളത്. അമ്മാവന്റെ മക്കള്‍ രണ്ടുപേരും ജീവിച്ചിരിക്കുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 71)
കെ.ടി.മാധവന് നായര്‍, കെയര്‍ ഓഫ് കെ.ടി.ശങ്കരന് നായര്‍, ലക്ഷ്മി വിലാസ്, പോസ്റ്റ് നീലേശ്വരം, വഴി കൊടുവള്ളി, കോഴിക്കോട്, 24-10-1973
എന്റെ ജേഷ്ഠ സഹോദരന് നീലേശ്വരം അംശം ദേശത്ത് തീയര് തൊടികയില്‍ ഗോപാലന് നായരെ അടുത്ത അംശമായ പുത്തൂരിലെ നാഗാളികാവ് എന്ന സ്ഥലത്തുവച്ച് ലഹളക്കാര്‍ വെട്ടിക്കൊലപ്പെടുത്തി. അതിനുശേഷം കുടുംബത്തില്‍ വൃദ്ധയായ മാതാവും മൈനര്‍മാരായ ഒരു ജേഷ്ഠനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേ കൊല്ലത്തില്‍ മാതാവ് മരിച്ചു. അതിനുശേഷം മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഞാന്‍ പല നാടുകളിലും ചുറ്റിത്തിരിയുകയായിരുന്നു. ജേഷ്ഠന് നാട്ടില്‍ത്തന്നെ പലരുടെയും സഹായത്തോടെ കഴിഞ്ഞു. ഇപ്പോള്‍ ജേഷ്ഠന് കുടുംബ സമേതം നീലേശ്വരം അംശത്തില്‍ തന്നെ താമസിക്കുന്നു. 57 വയസ്സായ ഞാനിപ്പോള്‍ കുറച്ചു കാലമായി ജേഷ്ഠന്റെ സംരക്ഷണത്തിലാണ്. എനിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ മറ്റു സമ്പാദ്യങ്ങളോ ഇല്ല. അതിനു പുറമേ ഞാന്‍ രോഗിയുമാണ്. മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവരുടെ അതിന്റെ പ്രയോജനം എനിക്കും കൂടി അനുഭവപ്പെടുത്തി തരുവാന്‍ വണക്കമായി അപേക്ഷിക്കുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 71,72)
(തുടരും)