പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-3)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
മറ്റ് അപ്പോസ്തലന്മാരെപ്പോലെ പൗലോസ് യേശുക്രിസ്തുവിന്‍റെ ഒരു അപ്പോസ്തലനല്ല എന്നുള്ളതിന് ദാവാക്കാര്‍ പറയുന്ന ഒരു ന്യായം പൗലോസിനെ യേശുക്രിസ്തു അപ്പൊസ്തലനായി നിയമിച്ചതിനു തെളിവുകള്‍ ഒന്നുമില്ല അഥവാ പൗലോസിനു അനുകൂലമായ സാക്ഷികള്‍ ആരും ഇല്ല എന്നാണ്. തിരുവെഴുത്തിലുള്ള അവരുടെ വിവരമില്ലായ്മ എന്നല്ലാതെ വേറെ എന്താണ് ഈ വാദത്തിനെ കുറിച്ച് പറയേണ്ടത്? ശൌല്‍ എന്ന മനുഷ്യന്‍ യേശുക്രിസ്തുവില്‍ നിന്നുള്ള ദര്‍ശനത്തിന് ശേഷം പൗലോസ് ആയി മാറിയതോടെ ഉണ്ടായ ജീവിത രൂപാന്തരം മാത്രം പരിശോധിച്ചാല്‍ മതി, പൗലോസ് യേശുക്രിസ്തുവിന്‍റെ ശിഷ്യനാണോ അല്ലയോ എന്നറിയാന്‍. മതാന്ധത മൂത്ത് അജ്ഞാനബുദ്ധികളായി നടക്കുന്ന ദാവാക്കാര്‍ക്ക് അങ്ങനെയുള്ളതൊന്നും കണ്ണില്‍പ്പെടില്ല. ഏതായാലും പൗലോസ് അപ്പൊസ്തലന്‍റെ സാക്ഷികളെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:
പൗലോസ് അപ്പോസ്തലന്‍റെ സാക്ഷികള്‍:
1. ഡമാസ്കൊസില്‍ പാര്‍ക്കുന്ന എല്ലാവരാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന ശിഷ്യന് യേശുക്രിസ്തു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, “തന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിയ്ക്കാന്‍” പൌലോസിനെ താന്‍ തിരഞ്ഞെടുത്തായി അറിയിക്കുന്നു (അപ്പൊ.പ്രവൃ.9:8-18)
2. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവര്‍” എന്ന് പൌലോസിനും ബര്‍ന്നബാസിനും യെരുശലേം സഭ മുഴുവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു (അപ്പൊ.പ്രവൃ. 15:25)
3. പത്രോസ് അപ്പോസ്തലന്‍ പൌലോസിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു (2.പത്രോസ്.3:15,16)
4. പൌലൊസിന്‍റെ പ്രവൃത്തികള്‍ തന്‍റെ അപ്പോസ്തലത്വത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. (ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു. അപ്പൊ.പ്രവൃ.19:11,12)
5. അപ്പോസ്തലത്വം യുക്തിയുക്തമായ വിധത്തില്‍ പൗലോസ് അവകാശപ്പെട്ടിരിക്കുന്നു: “ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ? മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ” (1.കൊരി.9:1,2)
ക്രിസ്ത്യാനിയായിത്തീര്‍ന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള ലാഭം പൗലോസിനുണ്ടായിട്ടുണ്ടോ?
ഭൌമികമായ യാതൊരു ലാഭവും പൗലോസിന് ഉണ്ടായിട്ടില്ല. നഷ്ടവും കഷ്ടവും അനവധി ഉണ്ടായിട്ടുണ്ട് താനും. അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ നോക്കാം:
“അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? – ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.” (2.കൊരി.11:22-28)
‘റബ്ബാന്‍ ഗമാലിയേലിന്‍റെ ശിഷ്യന്‍’ എന്ന നിലയില്‍ യെഹൂദന്മാരുടെ എല്ലാവരുടെയും ബഹുമാനവും ആദരവും ആവോളം ലഭിച്ചു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നാണ് പൗലോസ് ഈ അവസ്ഥയില്‍ എത്തിയതെന്ന് ഓര്‍ക്കണം. ഭൌമികമായ നേട്ടം ഇല്ലങ്കില്‍ പിന്നെയുള്ളത് മരണാനന്തരജീവിതത്തിലുള്ള നേട്ടമാണ്. എന്നാല്‍ ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ പൗലോസിന് മരണാനന്തര ജീവിതത്തിലും യാതൊരു നേട്ടവും ഉണ്ടാവില്ല, കാരണം, ദൈവത്തിന്‍റെ സത്യസുവിശേഷം അട്ടിമറിച്ച് ഈ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളോളമായി ലോകത്തുള്ള കോടാനുകോടി ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ആളാണ് പൗലോസ്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് സ്വര്‍ഗ്ഗം ലഭിക്കുക. ഫലത്തില്‍ മരണശേഷമുള്ള ജീവിതത്തിലും പൗലോസിന് യാതൊരു ലാഭവും ഇല്ല എന്ന് സാരം! ഇങ്ങനെ ഇഹത്തിലോ പരത്തിലോ യാതൊരു നേട്ടവും ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കാര്യം ചെയ്യണം എന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുണ്ടായിരിക്കണം.
പൗലോസ് അപ്പോസ്തലന് ഭ്രാന്തുണ്ടായിരുന്നോ?
പൗലോസ് അപ്പോസ്തലന് ഭ്രാന്തുണ്ട് എന്ന് നാടുവാഴിയായ ഫെസ്തോസ് ഒരിക്കല്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. പൗലോസ് അപ്പൊസ്തലന്‍ അതിനു മറുപടിയും കൊടുത്തിട്ടുണ്ട്:
“ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൗലോസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൌലൊസിനോടു: ഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. – അതിന്നു പൌലൊസ്; നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു. ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.” (അപ്പൊ.പ്രവൃ.26:24-31) എന്ന് മറുപടിയും പറഞ്ഞു.
ഈ മറുപടിയിലെ ഒരു പദപ്രയോഗം പ്രത്യേകാല്‍ ശ്രദ്ധിക്കണം, “ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം” എന്നാണ് പൗലോസ് അപ്പൊസ്തലന്‍ പറയുന്നത്. നാടുവാഴിയുടെ മുമ്പില്‍ തടവുകാരനായ പൗലോസ് നില്‍ക്കുന്നത് ചങ്ങല ധരിച്ചു കൊണ്ടാണ്. അങ്ങനെ നിന്നുകൊണ്ട് “എന്‍റെ പ്രസംഗം കേള്‍ക്കുന്ന നിങ്ങളെല്ലാവരും എന്നെപ്പോലെ ആകണം” എന്ന് പൗലോസ് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും പൌലോസിന് ഭ്രാന്തുണ്ടെന്നു അവര്‍ പറയുമായിരുന്നു. “ഞങ്ങളെല്ലാവരും നിന്നെപ്പോലെ ചങ്ങല ധരിച്ചു തടവുകാരായി മാറണം എന്നാണ് നീ ആഗ്രഹിക്കുന്നത്, ഇത് തന്നെ നിനക്ക് ഭ്രാന്തുണ്ടെന്നതിന് തെളിവാണ്” എന്നവര്‍ പറഞ്ഞാല്‍ പൗലോസിന് മറുപടിയുണ്ടാകില്ല. അതുകൊണ്ടാണ് “ഈ ചങ്ങല ഒഴികെ” എന്ന് പൗലോസ് അപ്പൊസ്തലന്‍ എടുത്തു പറഞ്ഞത്. ഒരു ഭ്രാന്തനായ വ്യക്തിക്ക് ഒരിക്കലും ഇത്ര സുബോധത്തോടെയും കാര്യകാരണവിചാരത്തോടെയും വരുംവരായ്കകളെക്കുറിച്ചുള്ള ബോധത്തോടെയും തനിക്ക് നേരെയുള്ള ആരോപണത്തിനു മറുപടി കൊടുക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പൗലോസ് അപ്പൊസ്തലന് ഭ്രാന്തുണ്ടായിരുന്നില്ല എന്ന് തെളിയുന്നു.
പിന്നെയുള്ള ഏകവഴി, പൗലോസ് അപ്പൊസ്തലന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് അംഗീകരിക്കുക മാത്രമാണ്. എന്നാല്‍ അങ്ങനെ അംഗീകരിച്ചാല്‍ ആ നിമിഷം ഒരു മുസ്ലീമിന് ഇസ്ലാം വിടേണ്ടി വരും എന്നതിനാലാണ് ദാവാക്കാര്‍ പൗലോസ് അപ്പോസ്തലനെ കള്ളനാക്കാന്‍ വേണ്ടി പെടാപ്പാട് പെടുന്നത്. പൗലോസ് അപ്പൊസ്തലന്‍ മറ്റൊരു സുവിശേഷത്തെക്കുറിച്ചും മറ്റൊരു യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്:
“ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നതു ആശ്ചര്യം” (2. കൊരി.11:4)
“എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.” (ഗലാ.1:8,9)
‘സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന ജിബ്രീല്‍ എന്ന ദൂതന്‍ തനിക്ക് പ്രത്യക്ഷനായി’ എന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ് തന്‍റെ പ്രവാചക ജീവിതം ആരംഭിക്കുന്നത്. പ്രവാചകനെന്നവകാശപ്പെട്ട മുഹമ്മദും ഒരു യേശുവിനെ അവതരിപ്പിക്കുന്നുണ്ട്, ഈസാ നബി എന്ന പേരില്‍. ആ യേശു ദൈവമല്ല, മനുഷ്യന്‍ മാത്രമാണ്; ആ യേശു ക്രൂശിക്കപ്പെടുകയോ മരിക്കുകയോ ഉയര്‍ത്തെഴുന്നെല്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. ആ യേശുവില്‍ വിശ്വസിച്ചത് കൊണ്ട് ഒരാള്‍ക്കും പാപമോചനം കിട്ടുകയുമില്ല! ചുരുക്കത്തില്‍, അപ്പോസ്തലന്മാര്‍ പ്രസംഗിക്കാത്ത യേശുവും അപ്പോസ്തലന്മാര്‍ പറയാത്ത സുവിശേഷവുമാണ് സ്വര്‍ഗ്ഗത്തിലെ (തള്ളപ്പെട്ട) ദൂതന്‍ വന്ന് മുഹമ്മദിന് അറിയിച്ചു കൊടുത്തത്. ബൈബിള്‍ അനുസരിച്ച് ഇങ്ങനെയുള്ളവര്‍ ശപിക്കപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ പൗലോസല്ല, മുഹമ്മദാണ് ദൈവത്തിന്‍റെ സന്ദേശം അട്ടിമറിക്കാന്‍ വേണ്ടി പുതിയൊരു മതവും കൊണ്ട് വന്നത്. എന്നിട്ട് ആ മതത്തിന്‍റെ അനുയായികള്‍ ഇന്ന് പറഞ്ഞു നടക്കുന്നത് അനുഗൃഹീത ദൈവഭൃത്യനായ പൗലോസ് അപ്പൊസ്തലനല്ല, മുഹമ്മദാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി എന്നും,, പൗലോസ് യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനങ്ങളെ അട്ടിമറിച്ച് പുതിയൊരു മതം സ്ഥാപിക്കുകയും ചെയ്തു എന്നുമത്രേ!!! (തുടരും…)