പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-2)
അനില്‍കുമാര്‍ വി അയ്യപ്പന്‍
ആരാണ് അപ്പൊസ്തലന്‍?
apostolos (απόστολος) എന്ന ഗ്രീക്ക് വാക്കിന്‍റെ മലയാളീകരണമാണ് അപ്പോസ്തലന്‍ എന്നത്. ഈ വാക്കിന് ശിഷ്യന്‍ എന്നല്ല, പ്രേഷിതന്‍ അഥവാ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അയക്കുക എന്നര്‍ത്ഥമുള്ള ‘അപോസ്റ്റെല്ലോ’ എന്ന ഗ്രീക്ക് ധാതുവില്‍നിന്നാണ് ഈ പദം ഉണ്ടായിവന്നത്. സുവിശേഷങ്ങളില്‍ പത്തു പ്രാവശ്യവും അപ്പോസ്തല പ്രവൃത്തികളില്‍ 28 പ്രാവശ്യവും ലേഖനങ്ങളില്‍ 38 പ്രാവശ്യവും വെളിപ്പാടില്‍ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ 79 പ്രാവശ്യം ഈ പദം ബൈബിളില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവനാണ് അപ്പോസ്തലന്‍. പൂര്‍ണ്ണ അധികാരത്തോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അയക്കപ്പെട്ടവനുണ്ട്. അയച്ച വ്യക്തിയോട് കണക്ക് ബോധിപ്പിക്കുവാന്‍ അയക്കപ്പെട്ടവന്‍ ബാധ്യസ്ഥനാണ്. അപ്പോസ്തലന്‍ എന്ന പ്രയോഗത്തിന്‍റെ വ്യക്തമായ ചിത്രം കര്‍ത്താവ് പറഞ്ഞ യോഹ.17:18-ല്‍ ഉണ്ട്. അവിടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു: “നീ എന്നെ ലോകത്തിലേക്കു അയച്ചതു പോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.”
അപ്പൊസ്തലന്മാരുടെ യോഗ്യതകള്‍:
ഒന്നാമതായി അപ്പോസ്തലന്മാര്‍ യേശുവിനെ കണ്ടവരും യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ സാക്ഷികളുമായിരിക്കണം. യോഹന്നാന്‍ അപ്പോസ്തലന്‍റെ വാക്കുകള്‍ നോക്കാം: “ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു” (1.യോഹ.1:1,2) എന്നാണ് അദ്ദേഹം പറയുന്നത്. പത്രോസ് അപ്പോസ്തലന്‍ പറയുന്നത് നോക്കാം: “ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” (അപ്പൊ.പ്രവൃ.1:22) “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു” (അപ്പൊ.2:32). ഈ യോഗ്യത പൗലോസ് അപ്പോസ്തലനുണ്ട്. യെരുശലേം നഗരത്തില്‍ വളര്‍ന്നവനാണ് താന്‍ എന്ന് അപ്പൊ.പ്രവൃ. 22:3-ല്‍ പൗലോസ് അപ്പൊസ്തലന്‍ മഹാപുരോഹിതന്മാരെ സാക്ഷി നിര്‍ത്തി യെഹൂദാ ജനക്കൂട്ടത്തിനോട് പറയുന്നുണ്ട്. മൂന്നര വര്‍ഷക്കാലം യെരുശലേമിലും ചുറ്റുപാടും പരസ്യമായി പ്രവര്‍ത്തിച്ച യേശുക്രിസ്തുവിനെ തീര്‍ച്ചയായും പൗലോസ് കണ്ടിട്ടുണ്ടെന്ന് താഴെയുള്ള അവകാശവാദത്തില്‍ നിന്ന് പിടികിട്ടും:
“ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?” (1.കൊരി.9:1)
ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു പൗലോസ് അപ്പോസ്തലന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ സാക്ഷിയും കൂടിയാണ് വിശുദ്ധ പൗലോസ് ശ്ലീഹാ.
അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട രണ്ടാമത്തെ യോഗ്യത പ്രവര്‍ത്തനങ്ങളാണ്. പ്രവര്‍ത്തനങ്ങള്‍ അത്ഭുതങ്ങളിലും അടയാളങ്ങളിലും പ്രത്യക്ഷമാകേണ്ടതാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിന്‍റെ വാക്കുകള്‍ നോക്കാം: “ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല. അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു വന്നുവല്ലോ” (2.കൊരി.12:11,12). രണ്ടാമത്തെ യോഗ്യതയും കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസിനുണ്ടെന്ന് ചുരുക്കം.
മൂന്നാമതായി, കര്‍ത്താവ് നേരിട്ട് വിളിച്ചു നിയമിച്ചവരാണ് അപ്പോസ്തലന്മാര്‍. “നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കു അപ്പൊസ്തലന്മാര്‍ എന്നു പേര്‍ വിളിച്ചു” (ലൂക്കോ.6:13). പൗലോസിനെ അപ്പോസ്തലനായി നിയോഗിച്ചത് ക്രിസ്തു നേരിട്ടാണ്. തനിക്ക് നേരിട്ട് ലഭിച്ച ദൈവവിളിയെ കുറിച്ച് പൗലോസപ്പോസ്തലന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്: (റോമ.1:1; 1.കൊരി.1:1; ഗലാത്യ.1:1, 15). അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട മൂന്നാമത്തെ യോഗ്യതയും പൗലോസ് ശ്ലീഹക്കുണ്ടെന്ന് വ്യക്തം!
ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക് അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു:
“ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.
എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു. അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു. കര്‍ത്താവു അവനോടു: നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞ് ഞാന്‍ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. കര്‍ത്താവു അവനോടു: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെമേല്‍ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു, യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു. കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു. ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി” (അപ്പൊ.പ്രവൃ.9:1-22)
ഈ ചരിത്രവിവരണം വിശ്വാസയോഗ്യമല്ല എന്ന ആരോപണത്തിന് ബലം പകരാന്‍ ദാവാക്കാര്‍ കൊണ്ടുവരുന്നത് വേറൊരു വേദഭാഗമാണ്. പൗലോസ് അപ്പോസ്തലന്‍ യെഹൂദന്മാരോട് തന്നെക്കുറിച്ച് പറയുന്ന ഒരു സാക്ഷ്യമാണത്:
“ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുവന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാന്‍ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. ഞാന്‍ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല. കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്‍റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി. അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നുനിന്നു; സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.” (അപ്പൊ.പ്രവൃ.22:4-13)
ഈ രണ്ട് വിവരണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ദാവാക്കാരുടെ വാദം. വൈരുദ്ധ്യമുള്ളതായി അവര്‍ പറയുന്നത് ഇതാണ്:
“അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു” (പ്രവൃ.9:7)
“എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” (പ്രവൃ.22:9)
“ലൂക്കോസ് പറയുന്നത് പൗലോസിന്‍റെ കൂടെയുള്ളവര്‍ ശബ്ദം കേട്ടു എങ്കിലും വെളിച്ചം കണ്ടില്ല’ എന്നാണ്, എന്നാല്‍ പൗലോസ് പറയുന്നത്, ‘തന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും ശബ്ദമൊന്നും കേട്ടില്ല’ എന്നുമാണ്. രണ്ടുപേരുടെയും വിവരണത്തിലുള്ള ഈ വൈരുദ്ധ്യം, ഈ വിവരണങ്ങളെ തള്ളിക്കളയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു” എന്നാണ് ദാവാക്കാര്‍ വാദിക്കുന്നത്. അവരുടെ ഈ വാദത്തിന്‍റെ പൊള്ളത്തരം നോക്കാം:
പൌലോസിന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടില്ല എന്ന് ലൂക്കോസ് പറഞ്ഞിട്ടില്ല, അത് ദാവാക്കാരുടെ പതിവ് ദുര്‍വ്യാഖ്യാനം മാത്രമാണ്. ലൂക്കോസ് പറഞ്ഞിരിക്കുന്നത് ‘പൌലോസിനോട് കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു’ എന്നാണ്. വെളിച്ചമല്ല അവര്‍ കാണാതിരുന്നത്, മറിച്ച് ആ ശബ്ദം ഉണ്ടാക്കിയ വ്യക്തിയെ ആണ്. അതായത് പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ വെളിച്ചം കണ്ടു എന്ന കാര്യത്തില്‍ രണ്ട് പേരും യോജിക്കുന്നു. ശബ്ദം കേട്ടുവോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ എന്തെങ്കിലും തര്‍ക്കമുള്ളത്. അത് നമുക്ക് പരിശോധിക്കാം.
‘കേട്ടു’ എന്നതിന് അവിടെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ακούω (ak-oo’-o, അകൂഓ) എന്നതാണ്. ഈ പദത്തിന് Strong’s Dictionary നല്‍കുന്ന അര്‍ത്ഥം ഇവയാണ്:
1) to be endowed with the faculty of hearing, not deaf
2) to hear
2b) to attend to, consider what is or has been said
2c) to understand, perceive the sense of what is said
3) to hear something
3a) to perceive by the ear what is announced in one’s presence
3b) to get by hearing learn
3c) a thing comes to one’s ears, to find out, learn
3e) to give ear to a teaching or a teacher
3f) to comprehend, to understand
വെറുതെ എന്തെങ്കിലും കേള്‍ക്കുക എന്ന് മാത്രമല്ല ആ പദത്തിന് അര്‍ത്ഥമുള്ളത്. ‘ഒരു കാര്യം ശ്രദ്ധാപൂര്‍വ്വം കേട്ട് അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുക’ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. നമ്മുടെ മലയാള ഭാഷയിലും ‘കേള്‍ക്കുക’ എന്നതിന് ‘അര്‍ത്ഥം ഗ്രഹിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുക’ എന്നൊരു അര്‍ത്ഥമുണ്ടല്ലോ. ‘ഇവനോട് എത്ര പറഞ്ഞാലും ഇവന്‍ ഒരക്ഷരം കേള്‍ക്കില്ല’ എന്ന് ഒരദ്ധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ വിദ്യാര്‍ത്ഥിക്ക് കാതു കേള്‍ക്കില്ല എന്നല്ലല്ലോ. മറിച്ച് കേട്ട കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം മലയാളത്തില്‍ അല്പമെങ്കിലും അറിവുള്ള ഏതൊരാള്‍ക്കും പിടികിട്ടും. ഇവിടെ, ലൂക്കോസും പൌലോസും ‘അകൂഓ’ എന്ന പദത്തെ വ്യത്യസ്തമായ ഈ രണ്ടുവിധ അര്‍ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. “എന്നോട് കൂടെയുള്ളവര്‍ എന്നോട് സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” എന്ന് പൗലോസ് പറഞ്ഞതിനര്‍ത്ഥം, അവന്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ട് അര്‍ത്ഥം ഗ്രഹിക്കത്തക്ക നിലയില്‍ അവരത് മനസ്സിലാക്കിയില്ല” എന്നാണ്. എന്നാല്‍ ലൂക്കോസ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്, ‘പൌലോസിനോട് സംസാരിച്ചവന്‍റെ ശബ്ദം കൂടെയുള്ളവരുടെ ചെവികളില്‍ എത്തി’ എന്നുള്ള അര്‍ത്ഥത്തിലാണ്. ഒരു പക്ഷെ ബഹുഭാഷാപണ്ഡിതനായിരുന്ന പൗലോസിനോട്, അവനറിയാവുന്നതും എന്നാല്‍ കൂടെയുള്ളവര്‍ക്ക് അറിയാത്തതുമായ ഏതെങ്കിലും ഒരു ഭാഷയിലായിരിക്കാം യേശുക്രിസ്തു സംസാരിച്ചത് എന്നും വരാം. അങ്ങനെയാണെങ്കില്‍ കൂടെയുള്ളവര്‍ക്ക് ശബ്ദം കേള്‍ക്കാമെന്നല്ലാതെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ. ഏതായാലും പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ സംസാരിച്ചവന്‍റെ ശബ്ദം വ്യക്തമായി കേട്ടെങ്കിലും അവന്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് ഗ്രഹിക്കുകയുണ്ടായില്ല എന്നതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. (തുടരും…)