1921 സ്മരണികയില്‍ നിന്ന് (PART-6)
അടക്കാം കണ്ടത്തില്‍ ചന്തോമന്‍, താമരശ്ശേരി, കോഴിക്കോട് 26-10-1973
എന്‍റെ വലിയച്ഛനായിരുന്ന കായക്കല്‍ ചാന്തോമനെ മാപ്പിളമാര്‍ പിടിച്ചു കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്യുകയും വീടിന്‍റെ പല ഭാഗങ്ങളും നശിപ്പിക്കുകയും കേടു വരുത്തുകയും കന്നുകാലികളെ അഴിച്ചുകൊണ്ടുപോവുകയും ചെയ്തു. ലഹളക്കാര്‍ ചവിട്ടിപൊട്ടിച്ച വാതിലുകളും ചുമരുകളും പൊട്ടിച്ച ഉത്തരവും ഇന്നും അതേപോലെ ആര്‍ക്കും കാണാവുന്നതാണ്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80,81)
പൂത്തലത്ത് നാരായണന്‍, ഗോപാലന്‍, കല്യാണി, കൊടുവള്ളി, കോഴിക്കോട്
1921-ല്‍ നടന്ന മാപ്പിളലഹളയില്‍ എന്‍റെ അച്ഛനായ ഉണിച്ചാരവെ മാപ്പിളമാര്‍ പിടിച്ചു കൊണ്ടുപോയി വെട്ടിക്കൊന്നു. ഞാനും എന്‍റെ അമ്മയും അനുജനും അനുജത്തിയും മാത്രം ഉണ്ടായിരുന്നുള്ളൂ. എനിക്ക് അന്ന് 9 വയസ്സും അനുജത്തിക്ക് 3 വയസ്സും അനുജന് ഒരു വയസ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ എല്ലാ സാധനങ്ങളും ലഹളക്കാര്‍ കൊള്ളചെയ്തു കൊണ്ടുപോവുകയും ചെയ്തു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 81)
കെ.ടി.വേലായുധന്‍ തൃപ്പനച്ചി, മലപ്പുറം ജില്ല.
ഞങ്ങളുടെ അച്ഛന്‍ ചാരുക്കുട്ടിയെയും അനുജന്‍ ഉണ്ണിയപ്പുവിനെയും അവരുടെ അച്ഛന്‍ ചന്തുണ്ണിയെയും ലഹളത്തലവന്‍ കുഞ്ഞഹമ്മദ് ഹാജിയും പാര്‍ട്ടിയും ഒരു ദിവസം വീടിനും വീട്ടിനടുത്തുള്ള അംശക്കച്ചേരിക്കും തീ കൊടുത്ത് നശിപ്പിച്ച ശേഷം മേല്‍പ്പറഞ്ഞ മൂന്ന് പേരെയും “കുളിപ്പിച്ചുകയറ്റുവാന്‍” (വെട്ടിക്കൊലപ്പെടുത്തുക) ഒരു മൈല്‍ ദൂരെയുള്ള തൃപ്പനച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വഴിയില്‍ വച്ച് ഞങ്ങളുടെ അച്ഛന്‍ ചാരുക്കുട്ടി സൂത്രത്തില്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ ലഹളക്കാര്‍ നിശ്ചിത സ്ഥലത്തുവച്ച് വെട്ടിക്കൊല്ലുകയും ചെയ്തു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 81)
ഞാറക്കാട്ട് പുറായില്‍ പെരിയാരന്‍ ചാത്തന്‍. പുളിക്കല്‍, മലപ്പുറം 13-11-1973
മേപ്പടി താലൂക്ക് അംശംദേശത്ത് കക്കാട്ടിരി താമസിക്കും ചേലപ്പുറത്തു കുറുപ്പന്മാരുടെ വീട്ടില്‍വച്ച് എന്‍റെ അച്ഛന്‍ പെരിയാരന്‍ നാവുട്ടിയും അച്ഛന്‍റെ അനുജന്‍ പെരിയാരന്‍ നീലാണ്ടനും മാപ്പിളലഹളക്കാരാല്‍ വെടിവച്ചു കൊല്ലപ്പെട്ടതാണ്. അന്ന് 13 വയസ്സുപ്രായമുള്ള ഞാന്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായിരുന്നു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 81,82)
കെ.പി. കല്യണിക്കുട്ടി അമ്മ, പൂത്തോട്ടിയില്‍ വീട്, അരീക്കോട് 13-11-1973
എന്‍റെ വീട് ഏറനാട് താലൂക്കില്‍ അരീക്കോടംശത്തിലെ കൊഴക്കോട്ടൂര്‍ ദേശത്താണ്. എന്‍റെ അമ്മയുടെ മൂത്ത സഹോദരനായ അപ്പുമേനോന്‍ എന്ന ശങ്കരമേനോനാണ് ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ നോക്കിയിവന്നത്.
1921-ലെ മാപ്പിള ലഹളയില്‍ ഒരു ശനിയാഴ്ച അരീക്കോട് ചന്തപ്പിരിവ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ മാപ്പിളമാര്‍ ഉദ്ദേശം ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് അദ്ദേഹത്തെ സംഘം ചേര്‍ന്നു പിടിച്ചുകെട്ടുകയും അരീക്കോട് പുഴയില്‍ കൊണ്ടുപോയി (കുളിപ്പിക്കല്‍ കര്‍മ്മം) തലവെട്ടുകയും ചെയ്തു. തന്നെയുമല്ല മാപ്പിളമാര്‍ ഞങ്ങളുടെ വീട് കൈയേറുകയും ധാന്യങ്ങളും കിണ്ടി, ഉരുളി മുതലായ എടുത്തുകൊണ്ടുപോവുകയും അതിനു പുറമേ തുറക്കാത്ത മുറികളുടെ വാതിലുകള്‍ വെട്ടിപ്പൊളിക്കുകയും ചെയ്തു. ഈ വക സംഗതികളെല്ലാം തന്നെ ഇന്നും ഞങ്ങളുടെ വീട്ടില്‍ വന്നാല്‍ ഏവര്‍ക്കും കാണാവുന്നതാണ്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 82)
പി.ശ്രീദേവി അമ്മ, കുണ്ടളംകുണ്ടം വീട്, പുല്‍പ്പറ്റ, മലപ്പുറം 7-11-1973
എന്‍റെ രണ്ട് അമ്മാവന്മാരേയും ഒരു ആങ്ങളയേയും 1921-ലെ മാപ്പിള ലഹളയില്‍ വെട്ടിക്കൊല്ലുകയും അനവധി സ്വത്തുക്കള്‍ ലഹളക്കാര്‍ കൊള്ളയടിക്കുകയും ചെയ്തു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 82)
കെ. കുഞ്ഞപ്പു, പുതുക്കോട്, മലപ്പുറം 13-11-1973
ലഹളക്കാലത്തൊരു ദിവസം പുലര്‍ച്ചയ്ക്ക് ഒരു കൂട്ടം മാപ്പിളമാര്‍ ചെറുകാവംശം പേങ്ങാട്ട് ദേശത്ത് കൊളക്കാട്ട് കോരുവിന്‍റെ വീട്ടില്‍ കയറിച്ചെല്ലുകയും അയാളെ വിളിച്ചുണര്‍ത്തി വെടിവെച്ചു കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് ആണ്മക്കളും (കുഞ്ഞാപ്പു, ചന്തു) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 82)
(അവസാനിച്ചു)