1921 സ്മരണികയില്‍ നിന്ന് (PART-2)
കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായമായ മലബാര്‍ ജിഹാദിന്‍റെ അമ്പതാം വാര്‍ഷികം വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടു, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്ന തെക്കന്‍ മലബാറിലെ മുസ്ലീം ഭീകരന്മാരെ സ്വാതന്ത്ര്യപ്പോരാളികളായി അവതരിപ്പിച്ച കേരള മുസ്ലീങ്ങളുടെ വൃത്തികേടിനെതിരെ കേരള ഗാന്ധി കെ.കേളപ്പനടക്കമുള്ളവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച “1921 സ്മരണിക”യില്‍ ചേര്‍ക്കാന്‍ വേണ്ടി മലബാര്‍ കലാപത്തിന്‍റെ ഇരകളുടെ ഓര്‍മ്മക്കുറിപ്പുകള്‍ അയച്ചു തരാന്‍ മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്ത കാര്യം കഴിഞ്ഞ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് മലബാര്‍ ജിഹാദില്‍ തങ്ങളനുഭവിച്ച ദുരവസ്ഥ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ അയച്ചു കൊടുത്ത അനുഭവക്കുറിപ്പുകള്‍ “1921 സ്മരണിക”യിലുണ്ട്. ഇനിയുള്ള ചില പോസ്റ്റുകളില്‍ ആ അനുഭവക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. “1921 സ്മരണിക”യുടെ 57-മത്തെ പേജ് മുതലുള്ള വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.
“1921-ലെ മാപ്പിള ലഹളയില്‍ ഹിന്ദുക്കളെ കൊല്ലുകയും അവരുടെ സ്വത്തു കൊള്ള ചെയ്യലും സ്ത്രീകളെ മാനഭംഗപ്പെടുത്തലും വീടുകളും ക്ഷേത്രങ്ങളും കൊള്ളി വെക്കലും സ്ത്രീകള്‍ ഉള്‍പ്പെടെ പലരെയും നിര്‍ബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കലും മാത്രമാണ് നടന്നതെന്ന് അനുഭവസ്ഥന്മാര്‍ രേഖപ്പെടുത്തുന്നു. അക്രമത്തിനിരയായവരില്‍ ഏറിയ കൂറും പാവപ്പെട്ടവരായിരുന്നു എന്ന് ഈ കത്തുകളില്‍ നിന്ന് മനസ്സിലാക്കാം. ഇതെങ്ങനെ സ്വാതന്ത്ര്യസമരമാകും? ജന്മിത്തത്തിനെതിരായുള്ള കര്‍ഷക സമരമാകും?
എളോപ്രക്കുന്നുന്മേല്‍ നാണുനായര്‍, പോസ്റ്റ് പുത്തൂര്, വഴി കൊടുവള്ളി, കോഴിക്കോട്, 19-9-1973
എന്‍റെ അച്ഛനായ കൃഷ്ണന്‍ നായര്‍ എടക്കാട്ട് എന്നവരെ കേളോത്ത് എന്ന സ്ഥലത്തുവെച്ച് നെല്ലു കൊയ്ത് മടങ്ങി വരുമ്പോള്‍ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോകുകയും ജീവനോടെ തന്നെ തൊലി ഊരുകയും അതില്‍പ്പിന്നെ ഓരോ ഭാഗങ്ങളും അരിഞ്ഞു കൊല്ലുകയുമാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന വേറെ രണ്ടു ആള്‍ക്കാരുടെയും കഴുത്ത് വെട്ടുകയും ചെയ്തു.
അന്ന് അച്ഛന് ഞാനും ഒരനിയനും ഒരു പെങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍റെ മരണശേഷം പിന്നെയും മുസ്ലീങ്ങള്‍ ഞങ്ങളെയും ആക്രമിക്കാന്‍ വേണ്ടി വീട്ടില്‍ എത്തുകയും വീട് വളയുകയും ചെയ്തപ്പോള്‍ ഞാനും കുടുംബവും ഓടി രക്ഷപ്പെടുകയും വീട്ടില്‍ നിന്ന് ഏതാണ്ട് അഞ്ച് മൈലോളം ദൂരമുള്ള പടിക്കല്‍ കേളുനായരുടെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഒന്‍പത് മാസത്തിന് ശേഷം ലഹള കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ വീട്ടിലും പറമ്പിലുമുള്ള എല്ലാ സാധനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.57,58)
തെഞ്ചീരി പാര്‍വതി അമ്മ, മലപ്പുറം 17-9-1973
മാപ്പിള ലഹളയില്‍ (1921-ലെ) എനിക്ക് വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാപ്പിളമാര്‍ വന്ന് എന്‍റെ വീട്ടിലെ പല സാധനങ്ങളും കൊള്ള ചെയ്കയും അയല്‍പക്കത്തുള്ള പലരെയും വെട്ടിക്കൊല്ലുകയും ചെയ്തു. അതില്‍ ഭയപ്പെട്ട് ഞാനും അച്ഛനും അമ്മയും ബാക്കി വീട്ടിലുള്ളവരെല്ലാം കുറേ ദിവസം കാട്ടില്‍ പോയി ഒളിച്ചു. അതിനിടെ അച്ഛനെ അവര്‍ വെട്ടിക്കൊന്നു. അതിനാല്‍ ഭയപ്പെട്ട് ഞങ്ങളെല്ലാം കോഴിക്കോട്ട് സായിപ്പന്മാരുടെ അടുക്കല്‍ അണി നിരന്നു. അതിനു ശേഷമാണ് ഭയം കുറഞ്ഞത്. എന്നാല്‍ വീട്ടില്‍ തിരിച്ചു വന്നു നോക്കിയപ്പോള്‍ കന്നുകാലികളെയും മറ്റു പല സാധനങ്ങളെയും കണ്ടില്ല. കാലികളെയെല്ലാം അവര്‍ വെട്ടിക്കൊന്ന് ഹിന്ദുക്കളെ തീറ്റി. അച്ഛനോട് കുറെ പ്രാവശ്യം മാപ്പിള മാര്‍ഗത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. അച്ഛന്‍ അതിനു സമ്മതിക്കാത്തതിനാലാണ് വെട്ടിക്കൊന്നത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.58)
വി.കെ.കറപ്പന്‍, കൊടിയത്തൂര്‍, കോഴിക്കോട്
ഒരു സംഘം മാപ്പിളമാര്‍ ഞങ്ങളുടെ വീട്ടില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഇതില്‍ ആരോഗ്യമുള്ളവര്‍ പടനായകന്മാരായി തങ്ങളുടെ കൂടെ പോരണമെന്നും പറഞ്ഞപ്പോള്‍ ഞങ്ങളുടെ വലിയച്ഛനായ എരേച്ചു അതിന് സമ്മതിച്ചില്ല. ഞങ്ങള്‍ ഏതു വഴിക്കെങ്കിലും പോയിക്കൊള്ളാമെന്നു പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ തന്നെ പോകണമെന്നു പറയുകയും അവര്‍ പോരുകയും ചെയ്തു. എടവണ്ണപ്പാറ വെച്ച് ഞങ്ങളുടെ വലിയച്ഛനെ പിടിച്ചു കെട്ടി അവനോട് ഒരു സംഗതി ചോദിക്കുവാനുണ്ട്, നിങ്ങള്‍ നടന്നോളിന്‍, നിങ്ങളുടെ കൂടെ അയച്ചു തരാമെന്ന് പറഞ്ഞു. പെണ്ണുങ്ങള്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി നിങ്ങളെയൊന്നാകെ കൊന്നുകളഞ്ഞാല്‍ ചോദിക്കാന്‍ ആരും ഇല്ല. അത് ഓര്‍മിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, തിരിഞ്ഞു നോക്കാതെ പോകണമെന്ന് പറഞ്ഞു. അതേപ്രകാരം പോവുകയും ചെയ്തു. അങ്ങനെ രാമനാട്ടുകരയില്‍ ചെന്നു. അന്നും പിറ്റേ ദിവസവും വലിയച്ഛനെ കണ്ടില്ല. അങ്ങനെ താമസം മാങ്കാവിലേക്കാക്കി. നാലാം ദിവസം അവിടെ കിട്ടിയ വിവരം രണ്ടു ദിവസം വലിയച്ഛനെ തടത്തില്‍ ശേഖരന്‍ മാസ്റ്ററുടെ വീട്ടില്‍ അറയില്‍ ഇട്ടു പൂട്ടിയെന്നും മൂന്നാം ദിവസം ചെറുവാടി പുഴയില്‍ കൊണ്ടുപോയി വെട്ടി കൊലപ്പെടുത്തി എന്നുമാണ്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.58,59)
മണിയന്‍ തൊടി, ചങ്ങരു, തിരിയങ്ങര വീട്, പി.ഓ., ഊരകം, മേല്‍മുറി, മലപ്പുറം 22-10-1973
1921-ലെ ലഹളയില്‍ എന്നെ വാരിയന്‍കുന്നന്‍ കുഞ്ഞുമുഹമ്മദ് ഹാജിയും കൂട്ടരും പിടിച്ചുകൊണ്ടുപോയി. മതം മാറാം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മതം മാറാന്‍ തയ്യാറല്ലെന്നു പറഞ്ഞ ശിങ്കാരത്ത് ഗോവിന്ദന്‍നായര്‍, കല്ലിങ്ങല്‍ തൊടിയില്‍ ഇട്ടിച്ചിരഅമ്മ മകള്‍ മാധവിഅമ്മയുടെ ഭര്‍ത്താവ് പിരിയാരത്ത് ഉപ്പന്‍കുട്ടി നായര്‍ എന്നിവരെ ഊരകം മലയുടെ പടിഞ്ഞാറ് താഴ്വരയായ കിളിനക്കോട്ടുവച്ച് തലവെട്ടി കിണറ്റില്‍ ഇട്ടു. ഇവരെ ഞങ്ങളുടെ കൂടത്തില്‍നിന്നാണ് വേര്‍തിരിച്ചു കൊണ്ടുപോയത്. ഞങ്ങള്‍ പിന്നീട് മാപ്പിളമാരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് മലപ്പുറത്ത് അഭയം പ്രാപിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.59)
ഈര്‍ങ്ങാട്ടിരി വേലാട്ട് രാമന്‍ നായര്‍, മലപ്പുറം ജില്ല.
മലബാര്‍ ലഹളക്കാലത്ത് എന്‍റെ അമ്മയുടെ അമ്മയ്ക്ക് മൂന്ന് പെണ്മക്കളും ഒരു മകനും ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ പെരകമണ്ണ അംശം മടിശ്ശേരി ദേശത്തും ഞാനും എന്‍റെ സഹോദരിമാരില്‍ ചിലരും അച്ഛന്‍ ഒന്നിച്ച് എടവണ്ണ അംശത്തിലുമായിരുന്നു. എന്നാല്‍ എന്‍റെ അമ്മയുടെ മറ്റു സഹോദരിമാര്‍ ലക്ഷ്മി അമ്മ, പാര്‍വതി അമ്മ, വല്ലുനായര്‍ എന്നിവര്‍ അമ്മാമന്‍ ശങ്കരന്‍ നായരുടെ കൂടെ ഈര്‍ങ്ങാട്ടിരി അംശത്തിലുമായിരുന്നു താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന നല്ല പണം, പണ്ടം, ഊട്ടുറുട്ടുകള്‍, ഫര്‍ണീച്ചര്‍ മുതലായവ ലഹളക്കാര്‍ പല സംഘക്കാരുമായി മൂന്ന് വട്ടം വന്ന് കവര്‍ച്ച നടത്തി എല്ലാം കൊണ്ടുപോവുകയും അമ്മാമന്‍ ശങ്കരന്‍ നായരെ മൊയ്തീന്‍കുട്ടി ഹാജി താമസിച്ചിരുന്ന കരിപ്പത്ത് ഇല്ലത്തേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ലഹളക്കാര്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
എന്‍റെ അമ്മാവനോട് ദീന്‍ വിശ്വസിക്കണമെന്നും അല്ലാത്ത പക്ഷം വെട്ടിക്കൊല്ലുമെന്നുമാണ് ലഹളക്കാര്‍ പറഞ്ഞിരുന്നത്. ജീവന് രക്ഷയില്ലെന്ന് കണ്ടപ്പോള്‍ അങ്ങനെ ചെയ്യാമെന്നും എന്‍റെ കുടുംബങ്ങള്‍ പെരുകുമണ്ണ് അംശത്തിലും എടവണ്ണ അംശത്തിലും താമസിച്ചു വരുന്നു. അതിനാല്‍ അവരെക്കൂടി കൊണ്ടുവരേണ്ടതിലേക്ക് പാസ് തരണമെന്നും അമ്മാവന്‍ പറഞ്ഞു. എന്നാല്‍ അരിശം കൊണ്ട ലഹളക്കാര്‍ തനിക്ക് പാസ്സല്ല, നടക്ക് പുഴക്കരയിലേക്ക് എന്ന് പറഞ്ഞ് പുഴയില്‍ കൊണ്ടുപോയി വെട്ടുകയാണ് ഉണ്ടായത്. ലഹള നടക്കുമ്പോള്‍ എന്‍റെ അമ്മ പത്തുമാസം ഗര്‍ഭിണിയായിരുന്നു. അമ്മാവനെ കൊന്നശേഷം ലഹളക്കാര്‍ വന്ന് അമ്മയോടും പെങ്ങള്‍മാരോടും അനുജനോടും മതം മാറാന്‍ നിര്‍ബന്ധിച്ചു. അമ്മാവനെ കൊന്നതായി അറിയിക്കുകയും ചെയ്തു. ജീവരക്ഷയ്ക്ക് വേണ്ടി അതിനെ സമ്മതിക്കുകയും മതം മാറ്റി മുസ്ലീം പേരുകളും വസ്ത്രങ്ങളുമെല്ലാം പറഞ്ഞ പ്രകാരം സ്വീകരിക്കുകയും ചെയ്യേണ്ടി വന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എടവണ്ണ പട്ടാളം വരികയും ലഹളക്കാര്‍ അറിയാതെ ഞങ്ങളും മറ്റു പലരും എടവണ്ണ എത്തുകയും ചെയ്തു. അവിടെ കുഞ്ഞിക്കണ്ണന്‍ ഇന്‍സ്പെക്ടര്‍ ഞങ്ങള്‍ക്ക് വസ്ത്രവും ഭക്ഷണവും തന്ന് ഞങ്ങളെ രക്ഷിച്ചു. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞ് ലഹള അവസാനിച്ചതിനു ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.59,60)
പാറോല്‍ ചെറുണ്ണി നായര്‍, പി.ഒ., പുത്തൂര്‍, കൊടുവള്ളി, കോഴിക്കോട്.
എന്‍റെ ജന്മദേശമായ ചാത്തമംഗലം വെണ്ണക്കോട് എന്ന സ്ഥലത്ത് 1921-ലാണ് ഈ കലാപം വന്നത്. അതിലെന്‍റെ കുടുമ്പത്തില്‍പ്പെട്ട പല ആള്‍ക്കാരും സ്ഥലം മാറി താമസിക്കുകയും ലഹളക്കാര്‍ എന്നെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി കഴുത്ത് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതോ പ്രകാരത്തില്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു. പക്ഷേ എന്‍റെ കൂടെ പിടിച്ചു കൊണ്ടുപോയിരുന്ന വമനയട്ടക്കണ്ടി രാവുണ്ണി എന്നിവരെ തത്സമയം തന്നെ അവര്‍ വെട്ടിക്കൊന്നു.
ഇതെല്ലാം കണ്ട് ഭയപ്പെട്ടു വന്ന ഞാന്‍ വീട്ടിലെത്തുകയും സംഗതി പറയുകയും കുടുംബ സമേതം വീട്ടില്‍ നിന്ന് ഏതാണ്ട് ഇരുപത് മൈല്‍ അകലെ മക്കട എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാല്‍ ഈ യാത്രയില്‍ എട്ടാം മൈല്‍ മണ്ണടിപ്പാത്ത് എന്ന സ്ഥലത്തുവച്ച് അച്ഛനായ ഗോവിന്ദന്‍ നായര്‍ മരിച്ചു. ഈ നാട്ടില്‍ നടന്ന കലാപം ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ടു നില്‍ക്കുകയും അത് കഴിഞ്ഞു ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് അവകാശപ്പെട്ടതും എന്‍റെ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നതുമായ സാധനങ്ങളും കന്നുകാലികളും നഷ്ടപ്പെട്ടതായി കാണുകയും ചെയ്തു.
കൂടാതെ, എന്‍റെ അടുത്ത ബന്ധത്തില്‍പ്പെട്ട ഇക്കണ്ടുനായര്‍, ഇ രാമന്‍ നായര്‍, ഉണ്യാതമ്മ, ഇങ്ങാണിഅമ്മ എന്നിവരെ ഇസ്ലാം മതത്തില്‍ ബലാല്‍ക്കാരം ചേര്‍ക്കുകയും ചെയ്തിരുന്നു. ഇവരെ വളരെ നിര്‍ബന്ധിച്ച് കാള മാംസം തീറ്റിക്കുകയും ചെയ്തു. എന്നാല്‍ കലാപം കഴിഞ്ഞ് മടങ്ങി ഞങ്ങള്‍ എത്തിയപ്പോള്‍ അവര്‍ ഞങ്ങളുടെ സമുദായത്തിലേക്ക് മടങ്ങി ചേര്‍ന്നതാണ്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.60,61)
എ.എന്‍. നാരായണന്‍ നായര്‍, ചെറുപ്പളശ്ശേരി, ഒറ്റപ്പാലം
ലഹളക്കാലത്ത് ഞാന്‍ താമസിച്ചിരുന്നത് വള്ളുവനാട് താലൂക്ക് പാറല്‍ അംശം പാളംകുളം ദേശത്ത് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കൂടെയായിരുന്നു. താഴത്തെ കുളത്ത് നിന്ന് പെരിന്തല്‍മണ്ണ ഹൈസ്കൂളിലേക്ക് കാട്ടു പ്രദേശത്തുകൂടി നടന്നെത്തണം. അങ്ങനെ 1921-ല്‍ ഒരു തിങ്കളാഴ്ച രാവിലെ കാട്ടുവഴി പെരിന്തല്‍മണ്ണയിലെത്തി തൊട്ടു താലൂക്കാപ്പീസില്‍ നിന്ന് അതിഗംഭീരമായ പുക ആകാശത്തേക്ക് ഉയരുന്നുണ്ടായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി താലൂക്കാപ്പീസിന്‍റെ പടിക്കലെത്തിയപ്പോള്‍ നിരവധി മാപ്പിളമാര്‍ മടവാളും ധരിച്ചു നില്‍ക്കുന്നത് കാണുകയും ഭയവിഹ്വലരായി നാല് നാഴിക കാടു വഴി ഓടി അച്ഛന്‍റെ വീട്ടിലെത്തുകയും ചെയ്തു.
ക്ഷീണവും ദാഹവും കൊണ്ട് വളഞ്ഞ ഞാന്‍ കുറച്ചധികം വെള്ളം കുടിച്ചിരിക്കുന്ന സമയത്ത് സുമാര്‍ 80-ഓളം മാപ്പിളമാര്‍ വീട്ടില്‍ കയറി വന്നു. ഓരോരുത്തരുടെ കൈയിലും വടി, മടവാള്‍ മുതലായ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്‍ പുറത്തേക്കെവിടെയോ പോയിരുന്നു. വന്നവരില്‍ ഒരുത്തന്‍ കൃഷ്ണന്‍ നായര്‍ എവിടെപ്പോയി എന്ന് ചോദിച്ചു. ഭയവിഹ്വലരായ ഞാന്‍, അമ്മ, ജേഷ്ഠന്‍, അനുജന്‍ എല്ലാവരും ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട് അച്ഛന്‍ അടുത്ത വീട്ടില്‍ നിന്നും ഓടിയെത്തി. അവരുടെ ആവശ്യം എന്താണെന്നാരാഞ്ഞു. അവര്‍ പണവും നെല്ലും ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് പറഞ്ഞു. സ്വതവേ ധൈര്യവാനായ അച്ഛന്‍ ഞങ്ങളോട് മടവാളെടുക്കാന്‍ പറഞ്ഞു. 4 എണ്ണത്തിനെ കൊന്നേ അച്ഛന്‍ മരിക്കൂ, ശേഷം വരുന്നത് നിങ്ങള്‍ അനുഭവിക്കുക എന്ന് പറഞ്ഞു. മടവാള്‍ എടുക്കാന്‍ അച്ഛന്‍ അകത്തേക്ക് കടന്നപ്പോള്‍ എന്താണ് സംഭവിക്കുന്ന എന്ന ഭയത്തില്‍ ഞങ്ങളെല്ലാം വാവിട്ടലറി. ഒടുവില്‍ അച്ഛന്‍ കൊള്ളക്കാര്‍ക്ക് ഓരോ പറ നെല്ലും ഓരോ ഉറുപ്പികയും കൊടുത്ത് എങ്ങനെയെങ്കിലും പറഞ്ഞയച്ചു. മേല്‍ സംഭവം കഴിഞ്ഞ് എല്ലാവരും രാത്രി ഊണ് കഴിഞ്ഞു കിടന്നു. രണ്ടു കാവല്‍ക്കാരെ വീട്ടില്‍ നിര്‍ത്തിയിരുന്നു (ഒരു മാപ്പിളയും ഒരു നായരും). സുമാര്‍ പത്തു മണിക്ക് കുറേ മാപ്പിളമാര്‍ വാള്‍, തോക്ക്, കുന്തം എന്നിവയുമായി വന്ന് കാവല്‍ക്കാരന്‍ നായരെ അടിക്കുകയും നെല്ലു കുത്തുന്ന ഉലക്ക എടുത്ത് കതകിനു കുത്തുകയും ചെയ്തു. പുറത്തു കിടന്ന കാവല്‍ക്കാരന്‍ കൃഷ്ണന്‍ നായര്‍ വാതില്‍ തുറക്കിന്‍, അല്ലെങ്കില്‍ മാപ്പിളമാര്‍ എന്നെ കൊല്ലുമെന്ന് ഉറക്കെ അലറിക്കൊണ്ടിരുന്നു. ഇതു കേട്ട് വാതില്‍ തുറന്നു. അച്ഛനെ അവര്‍ കാല്‍, കൈ, മുഖം എന്നിവ കെട്ടി നിലത്ത് വീഴ്ത്തി പല ഭേദ്യങ്ങളും ഏല്‍പ്പിച്ചു. അതിനു ശേഷം കുറേപ്പേര്‍ മാളികയില്‍ കയറി തുണി എണ്ണയില്‍ മുക്കി ഇടനാഴികയിലും മറ്റും കത്തിച്ചിട്ടു. ഇത് കണ്ടു ഞങ്ങള്‍ നിലവിളിക്കാന്‍ തുടങ്ങി.
വീട്ടിലെ സകല സാമഗ്രികളും അവര്‍ കടത്തിക്കൊണ്ടുപോയി. പിന്നെ മുകളില്‍ നിന്ന് താഴത്ത് വന്നു നോക്കിയപ്പോള്‍ അച്ഛന്‍ ബന്ധനത്തില്‍ മിണ്ടുവാന്‍ പോലും വയ്യാതെ കിടക്കുന്നതാണ് കണ്ടത്. ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ് അച്ഛന്‍റെയും ആ അംശം അധികാരിയുടെയും തല വേണമെന്ന് പറഞ്ഞ് നടക്കുന്നതായി ഞങ്ങള്‍ക്കറിവ് കിട്ടിയ ഉടനെ അച്ഛനെ എല്ലാ ദിവസവും പകല്‍ മുഴുവന്‍ തട്ടിന്‍റെ മുകളില്‍ ഒളിപ്പിക്കും. രാത്രി നെല്ലിന്‍റെ ഇടയില്‍ പാടത്ത് തണുത്തുവിറച്ച് കഴിച്ചു കൂട്ടും. ഇങ്ങനെ ഒരു ദിവസം രാത്രി ആരും അറിയാതെ ഞങ്ങളെല്ലാവരും കാട്ടില്‍ക്കൂടി നടന്നു നടന്ന് പെരിന്തല്‍മണ്ണയില്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷം പെരിന്തല്‍മണ്ണയില്‍ കഴിച്ചുകൂട്ടി. അപ്പോഴേക്കും ലഹള ഒട്ടൊന്ന് ശമിച്ചതിനാലും അക്രമിച്ച മാപ്പിളമാര്‍ ശിക്ഷിക്കപ്പെട്ടതിനാലും ഞങ്ങള്‍ കുടുംബ സമേതം ജനിച്ച നാട്ടിലേക്ക് തന്നെ തിരിച്ചു പോന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.61-63)
(തുടരും.)