1921 സ്മരണികയില്‍ നിന്ന് (PART-5)
ചോരയിലും കണ്ണുനീരിലും കുതിര്‍ന്ന കഥകള്‍
സി. പാറു അമ്മ, ചാത്തംവീട്ടില്, തേഞ്ഞിപ്പലം, മലപ്പുറം ജില്ല 20-1-1973
എന്റെ അച്ഛന് പുഴങ്കടവത്ത് മാങ്ങാട്ട് കുട്ടിനായര്‍ എന്ന കൃഷ്ണനുണ്ണി നായരെ 1921-ലെ മാപ്പിളലഹളയില്‍ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോയി വെട്ടിക്കൊന്ന് ഒരു കിണറ്റിലിട്ടു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളും ലഹളക്കാര്‍ കൊള്ളചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്,77)
കെ.സി. ബാലകൃഷ്ണന്‍നായര്‍, വാക്കാട വീട്, തൃക്കുളം 19-10-1973
എന്റെ പെങ്ങള് ചെറിയംവീട്ടില് പൊട്ടയില്‍ കുഞ്ഞുഅമ്മ എന്ന സ്ത്രീ മുടന്തുള്ള ഒരു സ്ത്രീയായിരുന്നു. രണ്ടു ചെവിക്കും കേള്‍വി ഉണ്ടായിരുന്നില്ല. ഈ സ്ത്രീയെ മുസ്ലീം ലഹളക്കാര്‍ വാള്കൊണ്ടുവെട്ടി കഴുത്തറത്ത് ഞാന്‍ ഇപ്പോള്‍ താമസിച്ചു വരുന്ന തൃക്കുളം അംശത്തില്‍ വാക്കാട പറമ്പിലുള്ള കിണറില്‍ ഇട്ടു. ഈ കടുംകൈ ചെയ്തത് ഞങ്ങളുടെ സമീപസ്ഥരായ മുസ്ലീംകളാണ്. ഇതിനും പുറമെ എന്റെ ഒരു അമ്മാവനെയും വെട്ടിക്കൊന്നു കിണറ്റിലിട്ടു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്,77)
സി.കൃഷ്ണന്‍നായര്‍, മഠത്തില്‍ വീട്, തൃക്കുളം 19-10-1973
1921-ലെ മാപ്പിള ലഹളയില്‍ അതിദാരുണമായ വിധത്തില്‍ കശാപ്പുചെയ്യപ്പെട്ട ഒരു ഹിന്ദുവിന്റ മകനാണ് ഞാന്‍… എന്റെ അച്ഛന്റെ അച്ഛന് ചെറിയംവീട്ടില് പൊട്ടയില്‍ കൃഷ്ണന്‍നായര്‍ തിരൂരങ്ങാടി തൃക്കുളം അംശത്തിലെ ഒരു കോല്ക്കാരനയിരുന്നു. പ്രായാധിക്യത്താല്‍ ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞു വീട്ടില്‍ ഇരിപ്പായിരുന്നു. ആ അവസരത്തിലാണ് 1921-ലെ മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്. ശേഷക്കാരെല്ലാം ഓടി അന്യദിക്കിലേക്ക് പോയി. നടക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹം പോയില്ല. അടുത്തുള്ള ചില മുസ്ലീംകള്‍ വന്നു അദ്ദേഹത്തോട് ഇസ്ലാംമതം സ്വീകരിക്കാന്‍ പറഞ്ഞു. വയസുകാലത്ത് ഇനി വയ്യ എന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അദ്ദേഹത്തെ അവര്‍ ദാരുണമാംവിധം വെട്ടിക്കൊലപ്പെടുത്തി ശവം എന്റെ അമ്മയും മറ്റും ഇപ്പോള്‍ താമസിച്ചുവരുന്ന വീട്ടുവളപ്പിലുള്ള കിണറ്റില്‍ നിക്ഷേപിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്,77,78)
മലയില്‍ ശിശുപാലന്, മലയില്‍വീട്, ബേപ്പൂര്‍, കോഴിക്കോട്
എന്റെ അച്ഛന്റെ അനുജനായ മലയില്‍ ബാപ്പുവെ മാപ്പിളലഹളയില്‍ വെട്ടിക്കൊലപ്പെടുത്തി. അനുജന്റെ മരണത്തിനുശേഷം അച്ഛന് മാനസികരോഗം പിടിപെട്ടു. അദ്ദേഹം അന്നത്തെ മലബാര്‍ തുക്കിടിയുടെ ഡ്രൈവറായിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്,78)
വി.ബാലന്, അറ്റത്തൊടി വീട്, അരിയൂര്‍, പാലക്കാട് ജില്ല 17-10-1973
മാപ്പിളലഹളക്കാലത്ത് എന്റെ വീട്ടില്‍ ലഹളക്കാര്‍ പ്രവേശിച്ചു. വളരെയധികം നെല്ലും പാത്രങ്ങളും ആഭരണങ്ങളും കൊണ്ടുപോയിട്ടുണ്ട്. കൊയ്ത്തിനു ആളുകളെ വിളിക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ച എന്റെ ഒരു വലിയമ്മാവനെ (കിട്ടു) ലഹളക്കാര്‍ പിടിച്ചു.
പട്ടാളക്കാര്‍ക്ക് ഇളനീര് ഇട്ടുകൊടുത്തു എന്നുപറഞ്ഞ് ആദ്യം ചെവി രണ്ടും അറുത്ത് അവരുടെ കൂടെ കൊണ്ടുപോയി. ഏതാണ്ട് രണ്ടു നാഴിക അകലത്ത് തീരെ ആള്‍പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തുവച്ച് വെട്ടിക്കൊന്ന് കിണറിലേക്ക് രണ്ടു തുണ്ടമായി അരിഞ്ഞു. അന്നുതന്നെ അടുത്ത വീട്ടിലെ ഒരാളെയും ഇപ്രകാരം കൊന്നു എന്നാണറിവ്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 78)
ഓട്ടക്കാഞ്ഞിരത്തിങ്ങല്‍ ഭാസ്കരന്, പുത്തൂര്‍, കോഴിക്കോട് 22-10-1973
കോഴിക്കോട് താലൂക്കില്‍ പെട്ട പുത്തൂര്‍ വില്ലേജില്‍ പടിഞ്ഞാറെ തൊടിയില്‍ കണാരന് (ഇത് എഴുതുന്ന ആളുടെ അമ്മയുടെ അച്ഛന്) പാവപ്പെട്ടവനും പാണന്സമുദായത്തില്പ്പെട്ടവനും 4 പെണ്മക്കളുടെ പിതാവും ആയിരുന്നു. ഇളയ പെണ്‍കുഞ്ഞിന്റെ 28-ാം ദിവസം ഉപ്പുവാങ്ങാന്‍ പീടികയിലേക്ക് പോയപ്പോള്‍ കലാപകാരികള്‍ അദ്ദേഹത്തെ റോഡില്‍വച്ചു പിടികൂടി. 32 വയസ്സ് പ്രായവും നാല് പെണ്മക്കളുടെയും ഭാര്യയുടെയും എകാവലംബവുമായ അദ്ദേഹം “അടിയനെ വെറുതെ കൊല്ലരുതേ” എന്ന് നിലവിളിച്ചപേക്ഷിച്ചിട്ടും യാതൊരു ദാക്ഷിണ്യവും കൂടാതെ അവര്‍ അദ്ദേഹത്തെ വാളുകൊണ്ട് കഴുത്തുവെട്ടി കൊല്ലുകയാണു ചെയ്തത്. ഇതിനു ദൃക്സാക്ഷികളായവര്‍ ചിലരെങ്കിലും ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാല് മക്കളും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ വേറെയും പല ഹിന്ദുക്കളും ലഹളക്കാരുടെ കടുംകൈകള്ക്കിരയായിട്ടുണ്ട്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 78, 79)
കെ.അച്ചുനായര്, കളക്കുടി വീട്, പന്നിക്കോട്, കോഴിക്കോട് 20-10-1973
എന്റെ അമ്മയുടെ സഹോദരന് അപ്പുക്കുട്ടന്‍നായരെ 1921-ലെ ലഹളയില്‍ മാപ്പിളമാര്‍ വെട്ടിക്കൊല്ലുകയാണുണ്ടായത്. അന്ന് സുമാര്‍ 30 വയസ്സ് പ്രായമുണ്ടാകും. എനിക്ക് അന്ന് മൂന്ന് വയസ്സേ പ്രായമുള്ളൂ. ഞാനും എന്റെ അച്ഛനും അമ്മയും മറ്റ് അമ്മാവന്മാരും ലഹളയെ പേടിച്ചു നാടുവിട്ടിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 79)
കെ.സി.കല്യാണി അമ്മ, ചിന്നു അമ്മ, കെ.സി. ലക്ഷ്മി അമ്മ, മങ്ങാട്ടേയില് വീട്, തേഞ്ഞിപ്പാലം 23-10-1973
1921-ലെ മാപ്പിള ലഹളയില്‍ എന്റെ അച്ഛനായ കൃഷ്ണപ്പണിക്കരെ മാപ്പിളമാര്‍ വെട്ടിക്കൊല്ലുകയും വീട് തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. അമ്മയും മക്കളായ ഞങ്ങളും ദൈവകൃപയാല്‍ രക്ഷപ്പെട്ടു. അച്ഛനെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം അമ്മ അധികകാലം ജീവിക്കുവാന്‍ സാധിക്കാതെ മരിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 79)
കെ. ഇച്ചിര, കനിയില്‍ വീട്, വൈദ്യരങ്ങാടി, കോഴിക്കോട് 21-10-1973
1921 സെപ്തംബര്‍ മാസത്തില്‍ തിരുത്തിയില്‍ വെച്ച് എന്റെ അച്ഛന് അത്തിക്കോട് ശങ്കരനെ ലഹളക്കാര്‍ വെട്ടിക്കൊല്ലുകയും പുര തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 79)
സി.രാഘവന്, കൂവേരി, കണ്ണൂര്‍, 13-10-1973
കൊണ്ടോട്ടിക്ക് കിഴക്ക് അരീക്കോട് വില്ലേജിലായിരുന്നു എന്റെ അച്ഛന്റെ സ്വദേശം. ഒരു രാത്രി മതഭ്രാന്ത് പിടിച്ച മാപ്പിളമാര്‍ അച്ഛന്റെ വീട് ആക്രമിക്കുകയും കൈയില്‍ കിട്ടിയവരെയെല്ലാം കൊല്ലാന്‍ മുതിരുകയും ചെയ്തു. മാതാപിതാക്കളും മറ്റും മരിച്ചു വീഴുന്നത് കണ്ടപ്പോള്‍ അച്ഛന് തന്റെ ഇളയ സഹോദരിയുടെ കൈ പിടിച്ചുകൊണ്ട് ഇരുട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അച്ഛന് അന്ന് പതിനാലോ പതിനഞ്ചോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ അവസാനം ലഹളബാധിത പ്രദേശത്തേക്ക് നിയോഗിച്ചിരുന്ന ഒരു സബ് ഇന്‍സ്പെക്ടറുടെ മുന്പില് ചെന്നു പെട്ടു. അദ്ദേഹം ഈ രണ്ടു കുട്ടികളെയും തലശ്ശേരിയിലുള്ള തന്റെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 79,80)
പി. മാധവി അമ്മ, എക്കലിങ്ങല് വീട്, പുല്‍പ്പറ്റ, മലപ്പുറം 18-10-1973
എന്റെ അമ്മാവനെ മാപ്പിളലഹളയില്‍ വെട്ടിക്കൊന്നു. ഞങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ഇതുകാരണം അമ്മാവന്റെ ഭാര്യയും കുട്ടികളും കഷ്ടത്തിലായിപ്പോയി. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 80)
തോട്ടത്തില്‍ കേളു പുല്ലംകുന്നത്ത് പൂലാട്ടു വീട്, രാമനാട്ടുകര
എന്റെ വലിയച്ഛനായ അയ്യപ്പനെ മാപ്പിളലഹളക്കാര്‍ വെട്ടിക്കൊന്നു. മറ്റുള്ളവരെല്ലാം വീട്ടില്‍ നിന്ന് നേരത്തേ ഒഴിച്ച് പോയിരുന്നു. ഞങ്ങളുടെ വീട് ലഹളക്കാര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 80)
ടി.പി. അയ്യപ്പന്, ആനമങ്ങാട്, മലപ്പുറം, 26-10-1973
1921-ലെ ലഹളകാലത്ത് എന്റെ അച്ഛനെ മലപ്പുറംജില്ലയിലെ പൊടിയാട്ട് എന്ന സ്ഥലത്തുനിന്നു മാപ്പിളമാര്‍ കൂട്ടം ചേര്‍ന്നു വന്നു വീട്ടില്‍നിന്നു പിടിച്ചു കൊണ്ടുപോയി അടുത്തുള്ള ഒരു അരയാലിന് ചുവട്ടില്‍വച്ചു വെട്ടിക്കൊല്ലുകയാണു ചെയ്തത്. ആറു കൊല കൂടി ആ ആലിന്ചുവട്ടില് വച്ചു തന്നെ നടന്നു. കൊല്ലപ്പെട്ടവരെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്വെന്ഷന്, 1973, പേജ്, 80)
(തുടരും)