ബൈബിളിലെ അബ്രഹാം സ്വന്തം പെങ്ങളെയാണോ വിവാഹം കഴിച്ചത്?
ചോദ്യം: ബൈബിളിലെ അബ്രഹാം വിവാഹം കഴിച്ചത് തന്‍റെ സ്വന്തം പെങ്ങളെ(അപ്പന്‍റെ മകളെ)യാണെന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, രണ്ടു പ്രാവശ്യം അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ടല്ലോ. പ്രവാചകന്മാരെ അവഹേളിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ബൈബിളില്‍ തിരുകിക്കയറ്റിയതല്ലേ ഈ കഥകളെല്ലാം?
ഉത്തരം: ബൈബിള്‍ എന്ന് പറഞ്ഞാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്ന് ചോദിക്കുന്ന ആളുകള്‍ മാത്രമേ ബൈബിളിനെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുകയുള്ളൂ. കാരണം ഈ ആരോപണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ്, ബൈബിളില്‍ ഇല്ലാത്തതാണ്. അത് പരിശോധിക്കുന്നതിന് മുന്‍പേ പ്രവാചകന്മാരെ അവഹേളിച്ചത് കൊണ്ട് എന്ത് ലാഭമാണ് ഒരാള്‍ക്ക് കിട്ടാന്‍ പോകുന്നത് എന്നുള്ള കാര്യം ദാവാക്കാര്‍ വ്യക്തമാക്കണം. പ്രവാചകന്മാര്‍ ചെയ്യാത്ത കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നടന്നതായോ അവര്‍ പ്രവര്‍ത്തിച്ചതായോ എഴുതി ചേര്‍ക്കുന്നതിലൂടെ എന്തെങ്കിലും മെച്ചം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് മെച്ചമാണ് അവര്‍ക്ക് ലഭിച്ചത് എന്നുകൂടി ദാവാക്കാര്‍ വിശദീകരിക്കണം.
വാസ്തവത്തില്‍ ഇങ്ങനെയൊരു വാദം ദാവാക്കാര്‍ ഉന്നയിക്കുന്നതിനൊരു കാരണമുണ്ട്. മുഹമ്മദ് മരിച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദ് ചെയ്തതും ചെയ്യാത്തതും പറഞ്ഞതും പറയാത്തതുമായ പല കഥകളും മുഹമ്മദിന്‍റെ അനുയായികള്‍ മുഹമ്മദിനെ കുറിച്ച് ചമയ്ക്കുകയുണ്ടായിട്ടുണ്ട് എന്ന് ഇസ്ലാമിക ചരിത്രം പഠിച്ചവര്‍ക്കറിയാം. അത്തരം ഹദീസുകളുടെ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാതെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്. ആ അനുഭവപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ബൈബിളിലെ പ്രവാചകന്മാരെക്കുറിച്ചും അനുയായികള്‍ ഇല്ലാക്കഥകള്‍ എഴുതി വെച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ ഇത്തരം വ്യാജാരോപണങ്ങള്‍ പടച്ചു വിടുന്നത്. എന്തായാലും ഖുര്‍ആന്‍ പോലെ മനുഷ്യനിര്‍മ്മിതമായ ഗ്രന്ഥമല്ല ബൈബിള്‍, മനുഷ്യന്‍ വിചാരിച്ചാല്‍ ഒരിക്കലും എഴുതാന്‍ പറ്റാത്ത ഒന്നാണ് ബൈബിള്‍ എന്നതുകൊണ്ട് ഒരാള്‍ക്കും തന്‍റെ ഇഷ്ടത്തിനനുസരിച്ച് ബൈബിളില്‍ എന്തെങ്കിലും എഴുതി ചേര്‍ക്കാനോ എടുത്തു കളയാനോ സാധ്യമല്ല എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട് ആരോപണത്തിന്‍റെ മറുപടിയിലേക്ക് കടക്കുന്നു.
അബ്രഹാമിന്‍റെ ഭാര്യയുടെ പേര് സാറ എന്നാണ്. മുന്‍പ് അവര്‍ അബ്രാമും സാറായിയുമായിരുന്നു. ദൈവം പേര് മാറ്റിയിട്ടതോടെയാണ് അവര്‍ അബ്രഹാമും സാറയുമായി മാറുന്നത് (ഉല്‍പ്പത്തി.17:4,5,15).
ഉല്‍പ്പത്തി.20:12-ല്‍ അബ്രഹാം പറയുന്നത് ഇങ്ങനെയാണ്: “വാസ്തവത്തില്‍ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി.”
ഈയൊരു വാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അബ്രഹാം സ്വന്തം പെങ്ങളെ വിവാഹം കഴിച്ചു എന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. സത്യത്തില്‍, എബ്രായരുടെ സംഭാഷണ ശൈലികളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇമ്മാതിരി മണ്ടത്തരം പറയാന്‍ നില്‍ക്കുന്നത്. ഒരേ പൂര്‍വ്വ പിതാവില്‍ നിന്നും ഉള്ളവര്‍ പരസ്പരം സഹോദരന്മാര്‍ എന്ന് വിളിക്കുന്നതും ഒരേ അപ്പന്‍റെ മക്കള്‍ എന്ന് പറയുന്നതും അവരുടെ ശൈലിയായിരുന്നു. അത് മനസ്സിലാക്കാന്‍ ചില തെളിവുകള്‍ ബൈബിളില്‍ നിന്നും തരാം. അബ്രഹാം ലോത്തിനോട് പറയുന്നത് നാം സഹോദരന്മാരല്ലോ എന്നാണ്:
“അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്‍റെ ഇടയന്മാര്‍ക്കും നിന്‍റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ;നാം സഹോദരന്മാരല്ലോ.” (ഉല്‍പ്പത്തി. 13:8)
അബ്രഹാമിന്‍റെ സഹോദരനാണ് ലോത്ത് എന്ന് വേറെയും സ്ഥലങ്ങളില്‍ പറയുന്നുണ്ട്. വിസ്തര ഭയത്താല്‍ ഒരു തെളിവ് മാത്രം തരാം:
“അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.” (ഉല്‍പ്പത്തി. 14:16)
എന്നാല്‍ യഥാര്‍ത്ഥത്തില്‍, അബ്രഹാമിന്‍റെ സഹോദരന്‍റെ പുത്രനാണ് ലോത്ത്:
“അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.” (ഉല്‍പ്പത്തി. 12:5)
“അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.” (ഉല്‍പ്പത്തി. 14:12)
നമ്മളാരും നമ്മുടെ സഹോദരന്‍റെ പുത്രനെ സഹോദരന്‍ എന്ന് വിളിക്കുകയില്ല. തന്‍റെ പിതാവിന്‍റെ സഹോദരനെയും ‘സഹോദരന്‍’ എന്ന് വിളിക്കുകയില്ല. പക്ഷെ എബ്രായര്‍ അങ്ങനെ വിളിച്ചിരുന്നു. ഇനി വേറൊരു തെളിവ് നോക്കാം. യിസ്ഹാക്കിന് ആകെ രണ്ടു മക്കളേ ഉണ്ടായിരുന്നുള്ളൂ, ഏശാവും യാക്കോബും. യാക്കോബ് ഉപായത്താല്‍ പിതാവിനെ പറ്റിച്ച് അനുഗ്രഹങ്ങളെല്ലാം കൈവശമാക്കി. പിന്നീട് എശാവ് വന്നപ്പോള്‍ അവനോട് യിസ്ഹാക്ക് പറയുന്നത് ഇങ്ങനെയാണ്:
“യിസ്ഹാക്‍ ഏശാവിനോടു: ഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്‍റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.” (ഉല്‍പ്പത്തി. 27:37)
ഇവിടെ യിസ്ഹാക് പറയുന്നത് യാക്കോബിന്‍റെ ‘സഹോദരന്മാരെ’ ഒക്കെയും അവന് ദാസന്മാരാക്കി എന്നാണ്. യാക്കോബിന് ആകെ ഒരു സഹോദരനെയുള്ളൂ, എശാവ്. എന്നിട്ടും സഹോദരന്മാരെ എന്ന ബഹുവചനം യിസ്ഹാക്ക് ഉപയോഗിച്ചതെന്താണ്? ഒരുത്തരമേയുള്ളൂ, എശാവിന്‍റെ മക്കളെയും പേരക്കുട്ടികളെയും എല്ലാം ചേര്‍ത്താണ് യാക്കോബിന്‍റെ സഹോദരന്മാര്‍ എന്ന് യിസ്ഹാക് പറയുന്നത്.
ഇനി വേറൊരു തെളിവ് കൂടി തരാം:
“തന്‍റെ അമ്മയുടെ സഹോദരനായ ലാബാന്‍റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തു ചെന്നു കണറ്റിന്‍റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകള്‍ക്കു വെള്ളം കൊടുത്തു” (ഉല്‍പ്പത്തി.29:10)
ഇവിടെ ലാബാനും യാക്കോബും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബിന്‍റെ അമ്മ റിബെക്കയുടെ സഹോദരനാണ്, അഥവാ യാക്കൊബിന്‍റെ അമ്മാവനാണ് ലാബാന്‍. എന്നാല്‍ റാഹേലിന് യാക്കോബ് തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് എങ്ങനെയെന്ന് തൊട്ടു താഴെ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:
“താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു. (ഉല്‍പ്പത്തി.29:12)
യാക്കോബ് റാഹേലിനോട് പറയുന്നത് താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ ആണെന്നാണ്! വാസ്തവത്തില്‍ അവളുടെ അപ്പന്‍റെ സഹോദരനല്ല, അനന്തിരവനാണ് യാക്കോബ്. ലാബാന്‍ യാക്കോബിനെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം:
“ലാബാന്‍ അവനോടു: നീ എന്‍റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്‍റെ അടുക്കല്‍ പാര്‍ത്തു. പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.” (ഉല്‍പ്പത്തി.29:14,15)
“നീ എന്‍റെ സഹോദരനാകകൊണ്ടു” എന്നാണ് ലാബാന്‍ യാക്കോബിനോടു പറയുന്നത്. വാസ്തവത്തില്‍ പറയേണ്ടത് നീ എന്‍റെ അനന്തരവനായത് കൊണ്ട് എന്നായിരിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെ സഹോദരന്‍ എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇവരുടെ പൂര്‍വ്വ പിതാവ് ഒരാളായത് കൊണ്ടാണ് എന്നുത്തരം കിട്ടും.
ഈ വസ്തുത മനസ്സില്‍ വെച്ചിട്ട് നമുക്ക് അബ്രഹാമും സാറയും സഹോദരീ സഹോദരന്മാര്‍ ആണോ എന്ന് നോക്കാം. അബ്രഹാമിന്‍റെയും സാറയുടെയും അമ്മമ്മാര്‍ ഒരാളല്ല, രണ്ടു പേര്‍ ആണെന്ന് അബ്രഹാം വ്യക്തമായി പറയുന്നുണ്ട്, “എന്‍റെ അമ്മയുടെ മകളല്ല താനും” എന്ന് (ഉല്‍പ്പത്തി.20:12). അതുകൊണ്ട് ആ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. വിശദീകരണം വേണ്ടത് “ഇവള്‍ എന്‍റെ അപ്പന്‍റെ മകള്‍” എന്ന് അബ്രഹാം സാറയെ കുറിച്ച് പറഞ്ഞതിനാണ്. ഇവര്‍ രണ്ടു പേരും ഒരേ അപ്പന്‍റെ മക്കളായിരുന്നോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം. അബ്രഹാമിന്‍റെ പിതാവിന്‍റെ പേര് തേരഹ് എന്നാണ്:
“തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൌത്രന്‍ ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.” (ഉല്‍പ്പത്തി. 11:31)
എന്നാല്‍ സാറയുടെ അപ്പന്‍റെ പേര് തേരഹ് എന്നല്ല, ഹാരാന്‍ എന്നാണ്:
“അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്‍റെ ഭാര്യക്കു സാറായി എന്നും നാഹോരിന്‍റെ ഭാര്യക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ. (ഉല്‍പ്പത്തി.11:29)
തേരഹിന്‍റെ മകനാണ് അബ്രഹാം, ഹാരാന്‍റെ മകളാണ് സാറാ. എന്നിട്ടും അബ്രാം പറഞ്ഞത് സാറായി എന്‍റെ അപ്പന്‍റെ മകള്‍ ആണെന്നാണ്. അതെന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് ചോദിച്ചാല്‍ ഇവര്‍ രണ്ട് പേരും ഒരു പൊതു പൂര്‍വ്വികനില്‍ നിന്നും ഉണ്ടായവരാണ് എന്നുള്ള മറുപടി കിട്ടും. അത് അവരുടെ സംഭാഷണ ശൈലിയാണ്. അബ്രഹാമിന്‍റെ കാലശേഷം രണ്ടായിരം വര്‍ഷം കഴിഞ്ഞ് ജീവിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ കാലഘട്ടത്തിലെ ജനങ്ങള്‍ പോലും പറഞ്ഞത് ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതികള്‍ എന്നായിരുന്നു:
“അവര്‍ അവനോടുഃ ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല” (യോഹ.8:33)
“അവര്‍ അവനോടുഃ അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞു” (യോഹ.8:39)
അവരുടെയെല്ലാം പൊതു പൂര്‍വ്വികന്‍ അബ്രഹാം ആയിരുന്നതിനാലാണ് അബ്രഹാം ആണ് ഞങ്ങളുടെ പിതാവ് എന്നും ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതിയാണ് എന്നും അവര്‍ പറഞ്ഞത്. അല്ലാതെ നേരിട്ട് അബ്രഹാമില്‍ നിന്നും ജനിച്ചവരാണ് തങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. അതൊരിക്കലും സാധ്യമല്ലല്ലോ, കാരണം യേശുക്രിസ്തുവിന്‍റെ കാലത്തെ ജനങ്ങളും അബ്രഹാമും തമ്മില്‍ രണ്ടായിരത്തോളം വര്‍ഷത്തെ അന്തരമുണ്ട്. യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതി എന്ന് വിശേഷിപ്പിക്കുന്നുണ്ട്, അതിനര്‍ത്ഥം ദാവീദില്‍ നിന്ന് നേരിട്ട് ജനിച്ചവനാണ് യേശുക്രിസ്തു എന്നല്ല. യേശുക്രിസ്തുവും ദാവീദും തമ്മില്‍ ആയിരം വര്‍ഷത്തെ അന്തരമുണ്ട്.
എബ്രായരെ സംബന്ധിച്ചു, ചില തലമുറകള്‍ക്ക് മുന്‍പ് ഒരു പൂര്‍വ്വികനില്‍ നിന്നും ഉത്ഭവിച്ചവരെല്ലാം പരസ്പരം ഒരേ അപ്പന്‍റെ മക്കള്‍ എന്ന് വിശേഷിപ്പിക്കുന്ന പതിവുണ്ട് എന്നുള്ള കാര്യം അറിയാത്തതുകൊണ്ടാണ് അബ്രഹാം കല്യാണം കഴിച്ചത് തന്‍റെ അര്‍ദ്ധസഹോദരിയെ ആണെന്നും പറഞ്ഞ് വിമര്‍ശകര്‍ ബൈബിളിനു നേരെ കുതിര കേറാന്‍ വരുന്നത്.
ഇനി ഈ വിമര്‍ശനം ഉന്നയിക്കുന്ന ദാവാക്കാരോട് ഞങ്ങള്‍ ഒരു കാര്യം തിരിച്ചു ചോദിക്കട്ടെ. ഖുര്‍ആന്‍ അനുസരിച്ച് ആദമും അവന്‍റെ ഇണയും ഭൂമിയിലേക്ക് വന്നപ്പോള്‍ ഭൂമിയില്‍ വേറെ മനുഷ്യര്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോപ്പിന്നെ എങ്ങനെയാണ് ഭൂമിയില്‍ ഇന്ന് കാണുന്ന മനുഷ്യവര്‍ഗ്ഗം എല്ലാം ഉണ്ടായത്? ആദമിന്‍റെ മക്കള്‍ വിവാഹം കഴിച്ചത് ആരെയായിരുന്നു? ഖുര്‍ആനും ഹദീസുകളും അനുസരിച്ച് ഒന്ന് പറയാമോ?
ഇനി, അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കി എന്ന ആരോപണവും നോക്കാം. ബൈബിള്‍ പ്രവാചകന്മാരെ അവഹേളിക്കുന്നത് ജീവിത വ്രതമാക്കിയവരാണ് ഇസ്ലാമിക ദാവാ പ്രവര്‍ത്തകര്‍ എന്നുള്ളതിന് ഉത്തമനിദര്‍ശനമാണ് ഈ ആരോപണം. കാരണം ബൈബിള്‍ ഒരുവട്ടം ഒന്ന് അലസമായി വായിച്ചു പോയവര്‍ക്ക് പോലും ഇത്തരം ഒരു ആരോപണം ആരെങ്കിലും ഉന്നയിക്കുന്നത് കേട്ടാല്‍ അതിന് മറുപടി പറയാന്‍ സാധിക്കും. അത്ര വ്യക്തമായിട്ടാണ് ബൈബിള്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത്.
അബ്രഹാമിന്‍റെ ജീവിതത്തില്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം ജീവാപായം ഉണ്ടാകുമെന്ന ഭയത്തില്‍ അബ്രഹാം രണ്ട് വട്ടം കള്ളം പറഞ്ഞിട്ടുണ്ട്, പില്‍ക്കാല തലമുറയിലുള്ളവര്‍ക്ക് ഭയനിര്‍ദ്ദേശത്തിന് വേണ്ടി അത് രണ്ടും ബൈബിളില്‍ രേഖയാക്കിയിട്ടുമുണ്ട്. ഇതാണ് ആ രണ്ട് വേദഭാഗങ്ങള്‍:
“അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നു പാര്‍പ്പാന്‍ അവിടേക്കു പോയി. മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്‍റെ ഭാര്യയെന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്‍റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും. അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു. ഫറവോന്‍റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്‍റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്‍റെ അരമനയില്‍ പോകേണ്ടിവന്നു. അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. അബ്രാമിന്‍റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്‍റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്‍റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? അവള്‍ എന്‍റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. ഫറവോന്‍ അവനെക്കുറിച്ചു തന്‍റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്‍റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു” (ഉല്‍പ്പത്തി.12:9-20)
ഇതാണ് ആദ്യത്തെ സംഭവം. അതിനുശേഷം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ സംഭവം ഉണ്ടാകുന്നത്:
“അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരില്‍ പരദേശിയായി പാര്‍ത്തു. അബ്രാഹാം തന്‍റെ ഭാര്യയായ സാറയെക്കുറിച്ചുഅവള്‍ എന്‍റെ പെങ്ങള്‍ എന്നു പറഞ്ഞു. ഗെരാര്‍ രാജാവായ അബീമേലെക്‍ ആളയച്ചു സാറയെ കൊണ്ടുപോയി. എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്‍റെ അടുക്കല്‍ വന്നു അവനോടു നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്‍റെ ഭാര്യ എന്നു അരുളിച്ചെയ്തു. എന്നാല്‍ അബീമേലെക്‍ അവളുടെ അടുക്കല്‍ ചെന്നിരുന്നില്ല. ആകയാല്‍ അവന്‍: കര്‍ത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവള്‍ എന്‍റെ പെങ്ങളാകുന്നു എന്നു അവന്‍ എന്നോടു പറഞ്ഞുവല്ലോ. അവന്‍ എന്‍റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാര്‍ത്ഥതയോടും കയ്യുടെ നിര്‍മ്മലതയോടും കൂടെ ഞാന്‍ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ദൈവം സ്വപ്നത്തില്‍ അവനോടു: നീ ഇതു ഹൃദയ പരമാര്‍ത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നതു. ഇപ്പോള്‍ ആ പുരുഷന്നു അവന്‍റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന്‍ ഒരു പ്രവാചകന്‍ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്‍ക എന്നു അരുളിച്ചെയ്തു. അബീമേലെക്‍ അതികാലത്തു എഴുന്നേറ്റു തന്‍റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവര്‍ ഏറ്റവും ഭയപ്പെട്ടു. അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്‍റെ മേലും എന്‍റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്‍ അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു: ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്‍റെ ഭാര്യനിമിത്തം അവര്‍ എന്നെ കൊല്ലും എന്നു ഞാന്‍ നിരൂപിച്ചു. വാസ്തവത്തില്‍ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. ന്നാല്‍ ദൈവം എന്നെ എന്‍റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം. നാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെ അവന്‍ എന്‍റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു. അബീമേലെക്‍ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്‍റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു. ഇതാ, എന്‍റെ രാജ്യം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്നു അബീമേലെക്‍ പറഞ്ഞു. സാറയോടു അവന്‍ നിന്‍റെ ആങ്ങളെക്കു ഞാന്‍ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടു കൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവര്‍ക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോള്‍ ദൈവം അബീമേലെക്കിനെയും അവന്‍റെ ഭാര്യയെയും അവന്‍റെ ദാസിമാരെയും സൌഖ്യമാക്കി, അവര്‍ പ്രസവിച്ചു. ബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്‍റെ ഭവനത്തിലെ ഗര്‍ഭം ഒക്കെയും അടെച്ചിരുന്നു.” (ഉല്‍പ്പത്തി.20:1-18)
ഇതാണ് രണ്ടാമത്തെ സംഭവം. ഇത് രണ്ടും നടന്ന കാലം നാം നോക്കിയാല്‍ അബ്രഹാമിന്‍റെ വിശ്വാസജീവിതത്തിന്‍റെ ശൈശവദിശയിലാണ് ഇത് സംഭവിച്ചത് എന്ന് കാണാം. അബ്രഹാം ദൈവത്തിന്‍റെ വാക്ക് കേട്ട് അതും വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ടു എങ്കിലും ദൈവം തന്നെ എങ്ങനെയാണ് സംരക്ഷിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അബ്രഹാമിന് പ്രായോഗികാനുഭവം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വന്തബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഒരു ആശയം അബ്രഹാം നടപ്പാക്കി, സാറയെ തന്‍റെ പെങ്ങള്‍ എന്ന് പറഞ്ഞു. ഇത്രയുമാണ് അബ്രഹാം ചെയ്തത്, അത് ദൈവത്തിലുള്ള അവിശ്വാസവും അതുകൊണ്ടുതന്നെ തെറ്റുമായിരുന്നു. അതിന്‍റെ അനന്തര ഫലമായി അബ്രഹാമിന്‍റെ ജീവിതത്തില്‍ അപമാനകരമായ സംഭവങ്ങള്‍ നടന്നു.
ബൈബിള്‍ ഒരിക്കലും അബ്രഹാമിന്‍റെ ഈ പ്രവൃത്തിയെ ന്യായീകരിക്കുകയോ അബ്രഹാം ചെയ്തത് ശരിയാണെന്ന് പറയുകയോ ചെയ്യുന്നില്ല. ദൈവത്തിന്‍റെ സംരക്ഷണത്തിലുള്ള അബ്രഹാമിന്‍റെ വിശ്വാസക്കുറവ് അവന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ ദോഷം എത്ര വലുതാണെന്ന് കാണിക്കാന്‍ വേണ്ടി ബൈബിള്‍ അക്കാര്യം അങ്ങനെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രം.
ഇനി ഇസ്ലാമിലെ ഇബ്രാഹീം നബിയുടെ കാര്യം നമുക്കൊന്ന് നോക്കാം. ഇബ്രാഹീം നബിയെക്കുറിച്ച് ഹദീസില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
അബു ഹുറയ്‌റ നിവേദനം: റസൂല്‍ പറഞ്ഞു: മൂന്നു കളവുകളല്ലാതെ ഇബ്രാഹീം നബി പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്‍റെ ദാത്തിന്‍റെ വിഷയത്തിലാണ്. ഞാന്‍ രോഗിയാണ് എന്ന് പറഞ്ഞ വാക്കും, അല്ല അത് ചെയ്തത് അവരിലെ വലിയവനാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. അത്, പോക്കിരിയായ ഒരു ഭരണകര്‍ത്താവിന്‍റെ പ്രദേശത്ത് അദ്ദേഹം വന്നു. കൂടെ സാറയുമുണ്ടായിരുന്നു. അവര്‍ അതിസുന്ദരിയുമായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഇവന്‍ ഒരു പോക്കിരിയാണ്. നീയെന്‍റെ ഭാര്യയാണ് എന്ന് പറഞ്ഞാല്‍ ഇവനെന്നെ നിന്‍റെ കാര്യത്തില്‍ പരാജയപ്പെടുത്തും. നിന്നോടവന്‍ ചോദിച്ചാല്‍ നീയെന്‍റെ സഹോദരിയാണെന്ന് പറഞ്ഞേക്കണം. (യഥാര്‍ത്ഥത്തില്‍) നീ ഇസ്ലാമിലെ എന്‍റെ സഹോദരി തന്നെയാണല്ലോ. നീയും ഞാനുമല്ലാതെ ഭൂമിയിലൊരു മുസ്ലീമുള്ളതായി എനിക്കറിഞ്ഞുകൂടാ. അങ്ങനെ അയാളുടെ നാട്ടില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ ആ പോക്കിരിയുടെ ഒരു വക്താവ് അവരെ (സാറയെ) കണ്ടു. അവന്‍ അവന്‍റെയടുത്തു ചെന്ന് പറഞ്ഞു: ‘അങ്ങയുടെ ഈ നാട്ടില്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്. അവള്‍ അങ്ങേക്കല്ലാതെ മറ്റാര്‍ക്കും പറ്റുകയില്ല.’ അങ്ങനെ ആളെ അയച്ചു അവരെ വരുത്തി. അപ്പോള്‍ ഇബ്രാഹീം നബി നമസ്കരിക്കാനായി നിന്നു. സാറയുടെ അടുത്ത് അവന്‍ വന്നപ്പോള്‍ അവരുടെ നേരെ കൈനീട്ടിപ്പിടിക്കാന്‍ അവനു കഴിഞ്ഞില്ല. അവന്‍റെ കൈ ശക്തമായി ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ അവനോട് പറഞ്ഞു: ‘എന്‍റെ കൈ വിടുവിക്കാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നെ ഉപദ്രവിക്കുകയില്ല.’ അപ്പോള്‍ അവരങ്ങിനെ ചെയ്തു. എന്നാലവന്‍ വീണ്ടുമത് ചെയ്തു. അപ്പോള്‍ ആദ്യത്തെക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ ആദ്യത്തെപ്പോലെ അവന്‍ പറഞ്ഞു. അവരങ്ങിനെ (പ്രാര്‍ത്ഥിച്ചു). എന്നാല്‍ വീണ്ടും അവനതു ആവര്‍ത്തിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടു തവണത്തേക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്‍റെ കൈ നിവര്‍ത്തിക്കിട്ടാന്‍ നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവിനെത്തന്നെ നിന്നെ ഞാന്‍ ഉപദ്രവിക്കുകയില്ല.’ അപ്പോഴും അവരങ്ങിനെ ചെയ്തു. അവന്‍റെ കൈ നീട്ടപ്പെട്ടു. അവരെക്കൊണ്ടുവന്നവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: ‘നീ എനിക്ക് കൊണ്ടുവന്നു തന്നത് ഒരു പിശാചിനെയാണ്; ഒരു മനുഷ്യനെയല്ല എത്തിച്ചു തന്നത്. എന്‍റെ പ്രദേശത്ത് നിന്ന് ഇവളെ പുറത്താക്കൂ. ഹാജറയെ അവള്‍ക്ക് കൊടുക്കുക.’
അബു ഹുറയ്‌റ പറയുന്നു: അങ്ങനെ അവള്‍ നടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇബ്രാഹീം നബി നമസ്കാരത്തില്‍ നിന്നു വിരമിച്ചു. എന്നിട്ട് അവരോടു ചോദിച്ചു: ‘എന്തുണ്ടായി?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം, ആ തെമ്മാടിയുടെ കരത്തെ അള്ളാഹു തടഞ്ഞു. അവന്‍റെ ഒരു അടിമ സ്ത്രീയെ തന്നു.’ അബു ഹുറയ്‌റ പറയുന്നു: ‘അറബികളെ, അവരാണ് നിങ്ങളുടെ ഉമ്മ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 154)
ബൈബിളിലെ അബ്രഹാമിനെ കുറ്റം പറയാന്‍ നടക്കുന്ന ദാവാക്കാര്‍ അവരുടെ സ്വന്തം കിത്താബിലുള്ളത് എന്താണെന്ന് വായിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടിയുമായി അവര്‍ വരുന്നത്. ഇനിയെങ്കിലും ബൈബിളിനെതിരെ ഒരു വാക്ക് പറയണമെന്നാഗ്രഹം വരുമ്പോള്‍ സ്വന്തം കിത്താബുകള്‍ ഒന്ന് പരിശോധിച്ച് നോക്കിയിട്ട് പറയാന്‍ നിന്നാല്‍ ദാവാക്കാര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം എന്ന് മാത്രമേ പറയുന്നുള്ളൂ.