വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ ജിഹാദിന്‍റെ നായകനോ അതോ വില്ലനോ?(ഭാഗം-1) Anilkumar Ayyappan
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവാദം ഇടയ്ക്കിടയ്ക്ക് ഉയരുമ്പോള്‍ നാം ചോദിക്കേണ്ട ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്. എന്തുകൊണ്ടാണ് മാപ്പിള ലഹളയുടെ മറ്റ് നേതാക്കളെക്കുറിച്ചൊന്നും ഇതുപോലെയുള്ള വിവാദം ഉണ്ടാകാത്തത് എന്നുള്ളതാണ് ആ ചോദ്യം. 1921-ലെ മാപ്പിള ലഹളയുടെ ചരിത്രം നാം പരിശോധിച്ചാല്‍ പാലത്തുമൂലയില്‍ ഏരിക്കുന്നന്‍ ആലി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍, കൊന്നാറ മുഹമ്മദ് കോയ തങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജി, സീതിക്കോയത്തങ്ങള്‍ ഇവരാണ് പ്രധാന ലഹള നേതാക്കള്‍ എന്ന് കാണാം. മാപ്പിള ലഹളയില്‍ ഇത്ര നേതാക്കന്മാര്‍ ഉണ്ടായിരുന്നിട്ടും ഇന്നത്തെ മുസ്ലീങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയൊരു പേര് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണ്. വല്ലപ്പോഴും ആലി മുസ്‌ലിയാരുടെ പേര് പരാമര്‍ശിക്കുന്നത് കേള്‍ക്കാം. പക്ഷേ അത് കുഞ്ഞഹമ്മദ് ഹാജിയുടെ അത്രയും വരാറില്ല. എന്തുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല മുസ്ലീങ്ങള്‍ ഈയൊരാളുടെ പേര് മാത്രം ഉയര്‍ത്തിപ്പിടിക്കുകയും മറ്റുള്ളവരെ മനഃപൂര്‍വ്വം മറവിയുടെ കയത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഒരു വിവാദം ഉണ്ടാകണമെങ്കില്‍ പരസ്പര വിരുദ്ധമായ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉണ്ടാകണം. എല്ലാവര്‍ക്കും എകാഭിപ്രായമുള്ള സംഗതിയെക്കുറിച്ച് ഒരിക്കലും വിവാദം ഉണ്ടാകില്ലല്ലോ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് രണ്ടഭിപ്രായങ്ങളുണ്ട്. മാപ്പിള ലഹളയിലെ മറ്റ് നേതാക്കളെക്കുറിച്ച് അങ്ങനെയില്ല. ആ നേതാക്കളില്‍ ആലി മുസ്‌ലിയാര്‍ക്ക് ലഹള തുടങ്ങി ഒരാഴ്ചയോളം മാത്രമേ അധികാരത്തിലിരിക്കാന്‍ പറ്റിയുള്ളൂ എന്നതിനാല്‍ അധികം ക്രൂരതകള്‍ കാണിക്കാന്‍ അവസരം കിട്ടിയില്ല. മറ്റുള്ള നേതാക്കളെല്ലാം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും അവരുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അവരെ നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയരാക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. അതുകൊണ്ടുതന്നെ അവിടെ വിവാദത്തിന്‍റെ ആവശ്യം വരുന്നില്ല.
എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യം വ്യത്യസ്തമാണ്. അയാള്‍ മറ്റ് ലഹളക്കാരെപ്പോലെ ആയിരുന്നില്ല. മുഹമ്മദിന്‍റെ മാതൃക അക്ഷരം പ്രതി പിന്തുടര്‍ന്നിരുന്ന ഒരു വ്യക്തിയായിരുന്നു അയാളെന്നു നമുക്ക് കാണാന്‍ സാധിക്കും. ലഹളയുടെ ആരംഭത്തില്‍ തെക്കേ മലബാറിലുള്ള ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നതിനും കൊള്ളയടിക്കുന്നതിനും അയാള്‍ എതിരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമാണ് അയാള്‍ തിരിഞ്ഞിരുന്നത്. വാസ്തവത്തില്‍, ഈ വീഡിയോ പരമ്പരയ്ക്ക് വേണ്ടി പല പുസ്തകങ്ങള്‍ പരിശോധിച്ച് നോക്കുന്നത് വരെ ഞാന്‍ കരുതിയിരുന്നത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനായിരുന്നെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ അയാളെക്കൊണ്ട് കൊള്ളരുതായ്മകള്‍ പ്രവര്‍ത്തിപ്പിച്ചു എന്നുമാണ്. എന്നാല്‍ ഈ സിനിമാ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാപ്പിള കലാപങ്ങളെക്കുറിച്ച് എഴുതപ്പെട്ട കൂടുതല്‍ പുസ്തകങ്ങളും എഴുത്തുകളും ഞാന്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഞാന്‍ മനസ്സിലാക്കി വെച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് എനിക്ക് പിടികിട്ടിയത്. വാസ്തവത്തില്‍ ഈ ലഹളത്തലവന്മാരില്‍ ഏറ്റവും കുറുക്കന്‍ എന്ന് പറയാവുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.
ലഹളയുടെ ആരംഭത്തില്‍ അയാള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലാതിരുന്നത് അയാള്‍ നല്ലവനായിരുന്നത് കൊണ്ടാണ് എന്ന് ചിന്തിക്കണ്ടാ, അതൊരു തന്ത്രമാണ്. മുഹമ്മദും ഇതേ തന്ത്രം പണ്ട് മദീനയില്‍ പയറ്റിയിട്ടുണ്ട്. മദീനയില്‍ ചെന്ന് ഖുറൈഷികളുടെ കച്ചവടസംഘങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങിയതോടെ ഖുറൈഷികളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം തങ്ങള്‍ക്ക് നേരെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച മുഹമ്മദ് മദീനയിലെ തദ്ദേശവാസികളായിരുന്ന യെഹൂദന്മാരോടു വളരെ സ്നേഹത്തിലും രഞ്ജിപ്പിലുമാണ് കഴിയാന്‍ തയ്യാറായത്. യെഹൂദന്മാരെ തന്‍റെ കൂട്ടത്തില്‍ കൂട്ടാന്‍ വേണ്ടി മുഹമ്മദ് പല വിട്ടു വീഴ്ചകള്‍ക്കും വരെ തയ്യാറായി. യെഹൂദന്മാരെ പുകഴ്ത്തിക്കൊണ്ടുള്ള പല ആയത്തുകളും ആ സമയത്ത് മുഹമ്മദിന്‍റെ വായിലൂടെ പുറത്തു വന്നു. കഅബയ്ക്ക് നേരെ നോക്കി നിസ്കരിച്ചിരുന്ന മുസ്ലീങ്ങളോട് ഇനി മുതല്‍ ജെറുസലേമിനെ നോക്കിയാണ് നിങ്ങള്‍ നിസ്കരിക്കേണ്ടതെന്ന് വരെ മുഹമ്മദ് പറഞ്ഞു. എന്നാല്‍ കാലം കുറെ കഴിഞ്ഞിട്ടും യെഹൂദന്മാര്‍ മുസ്ലീങ്ങളായി മുഹമ്മദിനോടൊപ്പം ചേരാന്‍ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെ മുഹമ്മദ് യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ശത്രുക്കളായി പ്രഖ്യാപിച്ചു. അവരെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് എന്നന്നേക്കുമായി നാടു കടത്തുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് മുഹമ്മദ് പറയാന്‍ തുടങ്ങി. അതിനുശേഷം മദീനയിലെ യെഹൂദന്മാര്‍ മുസ്ലീങ്ങളില്‍ നിന്നും നേരിട്ടത് ക്രൂരതയുടെ അദ്ധ്യായങ്ങളാണ്. അത് ഈ ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മുഹമ്മദിന്‍റെ ഇതേ തന്ത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സ്വീകരിച്ചത് എന്ന് നമുക്ക് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.
ഏതായാലും ലഹളയുടെ ആരംഭത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തെക്കേ മലബാറിലെ കാഫിറുകളെ ആക്രമിച്ചില്ല, പലപ്പോഴും സംരക്ഷിക്കുകയും ചെയ്തിരുന്നു എന്നുള്ളതു അയാള്‍ മതഭ്രാന്തനല്ലാത്തത് കൊണ്ടായിരുന്നില്ല, മറിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഈ കാഫിറുകളുടെ സഹായം തനിക്ക് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് എന്ന് വ്യക്തമാണ്.
പക്ഷേ, പ്രതീക്ഷിച്ചത് പോലെ ഹിന്ദുക്കള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ ചേര്‍ന്നില്ല എന്ന് മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊള്ളയടിക്കാനും അവരുടെ സ്ത്രീകളെ പിടിച്ചെടുക്കാനും പറ്റുന്നില്ല എന്ന് കണ്ട് അയാളുടെ കൂടെയുണ്ടായിരുന്നവര്‍ അയാളെ വിട്ട് പോകാനും തുടങ്ങിയപ്പോള്‍ അയാള്‍ നേരെ 180 ഡിഗ്രി തിരിഞ്ഞു. പിന്നെ ഒരു മാപ്പിള ലഹളത്തലവന്‍റെ എല്ലാ ക്രൂരതയോടും കൂടിയാണ് അയാള്‍ പെരുമാറിയിരുന്നത്. കെ.മാധവന്‍ നായര്‍ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:
“ലഹളയുടെ ആരംഭത്തില്‍ അയാള്‍ കൊള്ളക്കാരുടെ ആക്രമണങ്ങളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിച്ച് കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ ശിക്ഷിച്ചു. ഗവണ്മെന്‍റിന് സഹായകരമായ മാപ്പിളമാരെ അയാള്‍ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. അക്കാലങ്ങളില്‍ അയാള്‍ മതപരിവര്‍ത്തനത്തിന് വലിയ വിരോധിയായിരുന്നു.
പക്ഷെ പിന്നീട് ഈ വിധങ്ങളെല്ലാം മാറി. ഗവണ്മെന്‍റുമായുള്ള യുദ്ധത്തില്‍ ഹിന്ദുക്കള്‍ തന്‍റെ ശത്രുക്കളാണെന്ന് അനുഭവപ്പെട്ടതിനാലോ മറ്റോ അയാള്‍ ഹിന്ദുക്കളെ ദ്രോഹിപ്പാനും കൊല്ലുവാനും മതം മാറ്റുവാനും തുടങ്ങി. എങ്കിലും ലഹളയുടെ ആരംഭത്തില്‍ അയാളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് വലുതായ രക്ഷയുണ്ടായിരുന്നു എന്നതിന് സംശയമില്ല.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്.162)
“ലഹളയുടെ ആരംഭത്തില്‍ കൊള്ളയ്ക്കും മറ്റും വിരോധിയായിരുന്ന കുഞ്ഞഹമ്മദ് ഹാജി കാലക്രമേണ മറ്റ് ലഹളത്തലവന്മാരെപ്പോലെത്തന്നെ ഏതക്രമവും ചെയ്‌വാനും കൂസലില്ലാത്ത തരത്തിലായി പരിണമിച്ചിരുന്നു.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്.236)
മാപ്പിള ലഹളത്തലവന്മാരില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രം വിവാദം ഉണ്ടാകാനുള്ള കാരണം ഇതാണ്. അയാളെ വെള്ളപൂശണം എന്നുള്ളവര്‍ക്ക് വെള്ള പൂശാനുള്ള സംഗതികള്‍ ചരിത്രത്തില്‍ നിന്ന് കിട്ടും. മാപ്പിള ലഹളയുടെ ആരംഭ കാലത്തുള്ള അയാളുടെ പ്രവൃത്തികള്‍ മാത്രം എടുത്തു കാണിച്ചാല്‍ അയാള്‍ തികഞ്ഞ മതേതരവാദിയും നല്ലവനും നീതിബോധമുള്ളവനും ധര്‍മ്മിഷ്ടനും ആണെന്ന് ആര്‍ക്കും തോന്നിപ്പോകും. അതാണ് ഇന്ന് മുസ്ലീങ്ങള്‍ ചെയ്യുന്നതും. കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രം വിവാദം ഉണ്ടാകുന്നതിന് കാരണം മറ്റ് ലഹളത്തലവന്മാരില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളത് കൊണ്ടാണ്. മറ്റ് ലഹളത്തലവന്മാരെല്ലാവരും മതഭ്രാന്ത് നിറഞ്ഞവരും കൊള്ളയും കൊലയും നിര്‍ബാധം നടത്തിയവരുമായിട്ടാണ് ചരിത്രത്തില്‍ നാം കാണുന്നത്. അവരെ ഒരുവിധത്തിലും വെള്ളപൂശാന്‍ പറ്റില്ല എന്ന് മുസ്ലീങ്ങള്‍ക്ക് തന്നെ അറിയാം. മറ്റു ലഹളത്തലവന്മാരെയൊക്കെ അവഗണിച്ചിട്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇക്കൂട്ടര്‍ പൊക്കിക്കൊണ്ട് നടക്കുന്നതിനു കാരണമിതാണ്.
സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് പൊരുതാന്‍ മാപ്പിളമാരോടൊപ്പം ഹിന്ദുക്കള്‍ ചേരാതിരുന്നതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദു സമൂഹം ഇന്നും നില നില്‍ക്കുന്നത്. ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദാഹരണം നമ്മുടെ മുന്‍പാകെയുണ്ട്. ഷാ ഭരണകൂടത്തിനെതിരെ പൊരുതാന്‍ മുസ്ലീങ്ങള്‍ ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായം സ്വീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്താല്‍ ഷാ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ചതിന്‍റെ പിറ്റേന്ന് മുതല്‍ കമ്യൂണിസ്റ്റുകളെ വേട്ടയാടി ഇല്ലാതാക്കുകയാണ് മുസ്ലീങ്ങള്‍ ചെയ്തത്. 1921-ലെ ലഹളക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഹിന്ദുക്കള്‍ ആയുധവുമെടുത്തു മുസ്ലീങ്ങളോടൊപ്പം കൂടാതിരുന്നത് ഹിന്ദുക്കളുടെ ഭാഗ്യം എന്നേ പറയേണ്ടതുള്ളു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ആത്യന്തികമായി അത് ഹിന്ദുക്കളുടെ വംശഹത്യയില്‍ കലാശിക്കുമായിരുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മാപ്പിള ലഹളയില്‍ ഹീറോയാണോ അതോ വില്ലനാണോ എന്ന് ചോദിച്ചാല്‍, യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം, അര്‍ത്ഥശങ്കയില്ലാതെ ഞങ്ങള്‍ പറയും, അദ്ദേഹം പക്കാ വില്ലന്‍ തന്നെയായിരുന്നു എന്ന്. തുടക്കത്തില്‍ എങ്ങനെയാണ് എന്നുള്ളതല്ല, ഒടുക്കത്തില്‍ എവിടെ നില്‍ക്കുന്നു, എന്തു ചെയ്യുന്നു എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് ഹീറോയേയും വില്ലനെയും നമ്മള്‍ തിരിച്ചറിയുന്നത്. പല സസ്പെന്‍സ് ത്രില്ലര്‍ സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്, തുടക്കം മുതല്‍ ക്ലൈമാക്സിന് തൊട്ടു മുന്‍പ് വരെ നന്മ മരമായി നില്‍ക്കുന്ന കഥാപാത്രത്തിന്‍റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതും അയാളാണ് വില്ലനെന്നു വെളിപ്പെടുന്നതും. വേറെ ചില സിനിമകളില്‍ നായകന്‍റെ അടുത്ത സ്നേഹിതനായി നായകനോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന കഥാപാത്രം ഇടവേളയാകുമ്പോഴേക്കും നായകനുമായി തെറ്റുന്നു, പിന്നെ വില്ലനായി മാറുന്നു. ഇത്തരം പ്ലോട്ടുകളൊക്കെ നമുക്ക് സുപരിചിതമാണ്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സത്യസന്ധമായ വിധത്തില്‍ ചരിത്ര സിനിമയെടുക്കുമ്പോള്‍ ഇടവേളയാകുന്നത് വരെ പോലും കാത്തിരിക്കേണ്ട കാര്യമില്ല. രണ്ടര മണിക്കൂര്‍ ഉള്ള സിനിമയാണെങ്കില്‍ സിനിമ തുടങ്ങി ഒരു പത്തിരുപതു മിനുട്ട് കഴിയുമ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജി വില്ലന്‍ റോളിലേക്ക് മാറുന്നത് കാണിക്കേണ്ടി വരും. പക്ഷേ പൃഥ്വിരാജ് സുകുമാരന്‍റെ വരാന്‍ പോകുന്ന സിനിമയില്‍ ക്ലൈമാക്സ് കഴിഞ്ഞാലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാകുകയില്ല എന്ന് നമുക്കെല്ലാം അറിയാം. കാരണം, ആ സിനിമയുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ റമീസ് മുഹമ്മദിനെ സോഷ്യല്‍ മീഡിയയില്‍ അഞ്ചെട്ട് വര്‍ഷമായി എനിക്ക് പരിചയമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉഗ്രരൂപം പൂണ്ട് നിന്ന സമയത്ത് നിര്‍ല്ലജ്ജം ഇസ്ലാമിക് സ്റ്റേറ്റിനെ ന്യായീകരിച്ച ആളാണ് റമീസ് മുഹമ്മദ്. അതേപോലെ തന്നെ താലിബാനേയും ഈ മാന്യന്‍ ന്യായീകരിച്ചിട്ടുണ്ട്. ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും പറഞ്ഞ് യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ഉശിര് നഷ്ടപ്പെടുത്തി കളഞ്ഞവരാണ് ഇന്നത്തെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന് വിലപിച്ചുകൊണ്ടു ഫേസ്ബുക്കില്‍ പോസ്റ്റിട്ടുള്ള ആളാണ് റമീസ് മുഹമ്മദ്. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഐ.എന്‍.എ. അറസ്റ്റ് ചെയ്ത കണ്ണൂര്‍ക്കാരന്‍ ഷാജഹാന്‍ സ്ഥിരമായി ചിലരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു, അതിലൊരാള്‍ ഈ മുഹമ്മദ് റമീസ് ആയിരുന്നു. ഇതൊക്കെ പോട്ടെ, സിനിമയെ ഇനി മുതല്‍ നമ്മള്‍ ഹറാം എന്ന് പറഞ്ഞു അകറ്റി നിര്‍ത്താതെ ഇസ്ലാമിക പ്രചാരണത്തിനുള്ള ടൂള്‍ ആയി ഉപയോഗിക്കണം എന്നും പറഞ്ഞിട്ടുള്ള ആളാണ് വാരിയം കുന്നന്‍റെ രചയിതാക്കളില്‍ ഒരാളായ റമീസ് മുഹമ്മദ്. അങ്ങനെയുള്ള ഒരാളുടെ തൂലികയില്‍ നിന്നും വരുന്ന സിനിമാ തിരക്കഥ എങ്ങനെയുള്ളതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. വാരിയംകുന്നനില്‍ നിന്ന് റമീസ് സ്വയം ഒഴിയുന്നു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. റമീസ് എഴുതിയ തിരക്കഥ ഒഴിവാക്കുകയല്ല, സിനിമ ഇറങ്ങുമ്പോള്‍ രചയിതാവിന്‍റെ സ്ഥാനത്ത് റമീസിന്‍റെ പേര് ഉണ്ടായിരിക്കില്ല എന്ന് മാത്രമേ അതിനര്‍ത്ഥമുള്ളു.
സിനിമയെ ഇസ്ലാമിക മതപ്രചാരണത്തിനുള്ള ടൂള്‍ ആയി ഉപയോഗിക്കണം എന്ന് റമീസ് മുഹമ്മദ് ചുമ്മാ പറഞ്ഞതല്ല. ഒരു കാലത്ത് ഹറാം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്ന സിനിമാ മേഖലയിലേക്ക് ഇന്നു മിഡില്‍ ഈസ്റ്റില്‍ നിന്നും ധാരാളം ഫണ്ടിംഗ് നടക്കുന്നുണ്ട്. ഹോളിവുഡിലെ പല സിനിമാക്കമ്പനികളുടെയും ഷെയര്‍ ഹോള്‍ഡേഴ്സ് അറബികളാണ്. നമ്മുടെ കേരളത്തിലേക്കും ആ ഫണ്ടിംഗ് നടക്കുന്നുണ്ട്. ഒരു കല്ലില്‍ രണ്ട് മാങ്ങയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഒന്ന്, കള്ളപ്പണം വെളുപ്പിച്ചെടുക്കാം. രണ്ട്, ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് ഇസ്ലാമിനെയും വെളുപ്പിച്ചെടുക്കാം. സിനിമയെ ഇസ്ലാമിക പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുക എന്ന അജണ്ടയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ ഉള്ളതെന്ന് പറയാം. ഒന്നാം ഘട്ടം, മലയാള സിനിമയില്‍ ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള സംവിധായകരെയും എഴുത്തുകാരെയുമൊക്കെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കുക എന്നുള്ളതായിരുന്നു. അതിലവര്‍ വിജയിച്ചു, മലയാള സിനിമയില്‍ കൊച്ചി കേന്ദ്രമാക്കി അങ്ങനെയൊരു കോക്കസ് ഉയര്‍ന്നു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ഇങ്ങനെ എസ്റ്റാബ്ലിഷ് ആയ ആള്‍ക്കാരെ ഉപയോഗിച്ചുകൊണ്ട് അവരുടെ ആശയ പ്രചാരണത്തിന് വേണ്ടുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോടികളാണ് ഫണ്ടിംഗ്. ദി ഹിന്ദുവില്‍ വന്ന വാര്‍ത്തയനുസരിച്ച് 120 കോടി രൂപയുടെ പ്രോജക്റ്റ് ആണ് വാരിയന്‍ കുന്നന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ രണ്ട് സിനിമകള്‍ മാത്രമേ 100 കോടി നേടിയിട്ടുള്ളൂ എന്നിരിക്കെ 120 കോടിയൊക്കെ ഒരു സിനിമയ്ക്ക് വേണ്ടി മുടക്കുന്നു എന്ന് പറയുമ്പോള്‍ ബുദ്ധിയുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയും, ഇങ്ങനെയൊരു ചൂതാട്ടത്തിന് ഇറങ്ങി പുറപ്പെടുന്നത് കേവലം പണം മാത്രം ലക്ഷ്യം വെച്ചല്ല എന്ന്. മുടക്ക് മുതല്‍ തിരിച്ചു കിട്ടിയില്ലെങ്കില്‍ പോലും ഫണ്ടിംഗ് നടത്തുന്നവര്‍ ഉദ്ദേശിക്കുന്നത്, ഭാവിയില്‍ അവര്‍ക്ക് അല്ലെങ്കില്‍ അവരുടെ മതത്തിന് പ്രയോജനം ചെയ്യുന്ന ചില കാര്യങ്ങള്‍ മലയാളികളുടെ മനസ്സില്‍ കുത്തി വെക്കുക എന്നുള്ളതാണ്.
ഇപ്പോഴത്തെ ഈ വിവാദത്തില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന പല ചര്‍ച്ചകളിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് വേണ്ടി സംസാരിക്കാന്‍ നില്‍ക്കുന്ന ന്യൂ ജനറേഷന്‍ പിള്ളേര്‍- ഹിന്ദുക്കളും ക്രിസ്ത്യാനികളും നാസ്തികരും ഒക്കെ ഉള്‍പ്പെടുന്നവരാണ് ഇവര്‍, അല്ലാതെ മുസ്ലീം ചെറുപ്പക്കാരുടെ കാര്യമല്ല പറയുന്നത്- എതിര്‍ പക്ഷത്തുള്ളവരോട് ഉന്നയിക്കുന്ന ഒരു വാദം ‘നിങ്ങളാദ്യം പോയി 1921 എന്ന സിനിമ കണ്ടിട്ട് വാ, എന്നിട്ട് നമുക്ക് സംസാരിക്കാം’ എന്നാണ്. ഇവരൊക്കെ ജനിക്കുന്നതിനും മുന്‍പേ ആ സിനിമ കണ്ടിട്ടുള്ളവരാണ് നമ്മള്‍. നമ്മളൊക്കെ ആ സിനിമ കാണുന്ന സമയത്ത് ഇവരുടെയൊക്കെ അപ്പന്മാര്‍ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങിയിട്ടുണ്ടാകില്ല. ഈ ന്യൂ ജനറേഷന്‍ പിള്ളേരെ സംബന്ധിച്ചിടത്തോളം, ചരിത്രത്തെ വ്യഭിചരിച്ചു കൊണ്ട് സാമ്പത്തിക ലാഭത്തിനു വേണ്ടി എടുത്ത ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമയുടെ തിരക്കഥാകൃത്തിന്‍റെ ഭാവനകള്‍ക്ക് കൊടുക്കുന്ന വില പോലും ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷികളായ ആളുകള്‍ സംഭവം കഴിഞ്ഞ ഉടനേ എഴുതി പ്രസിദ്ധീകരിച്ച ചരിത്ര രേഖകള്‍ക്ക് ഇല്ല എന്നുള്ളതാണ്. ഇത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. ഇങ്ങനെയുള്ള ആളുകളെ ആര്‍ക്ക് വേണമെങ്കിലും സിനിമ ഇറക്കി പറ്റിക്കാം. ഇന്നു വാരിയംകുന്നനെ വെള്ളപൂശിക്കൊണ്ട് ഇറങ്ങുന്ന സിനിമയായിരിക്കും അടുത്ത തലമുറയിലെ പിള്ളേര്‍ക്ക് ചരിത്രരേഖകളേക്കാള്‍ വിശ്വസനീയമായിരിക്കുക. ഇത്തരം സിനിമകള്‍ക്ക് വേണ്ടി ഫണ്ട് ചെയ്യുന്നവര്‍ക്കും അതറിയാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ചരിത്രബോധമുള്ളവരുടെ കര്‍ത്തവ്യമാണ്.
ഞങ്ങള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് ആ പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമെന്ന നിലയിലാണ്. മലബാര്‍ ലഹള- വാസ്തവത്തില്‍ ഇതിനെ ലഹള എന്ന് വിളിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ മുന്‍പൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. കാരണം, ലഹള എന്ന് പറഞ്ഞാല്‍ രണ്ട് കൂട്ടരും തമ്മില്‍ തമ്മില്‍ നടത്തുന്ന ആക്രമണമാണ്. ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ല. ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. തെക്കന്‍ മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഏകപക്ഷീയമായി ആക്രമിക്കുകയും നിര്‍ബന്ധിതമായി മതം മാറ്റുകയും മതം മാറാന്‍ തയ്യാറാകാതിരുന്നവരെ നിഷ്ഠൂരമായി വധിക്കുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒക്കെ ചെയ്തതിനെ എങ്ങനെയാണ് ലഹള എന്ന് വിളിക്കാന്‍ സാധിക്കുക? വാസ്തവത്തില്‍ ഇതിനെ വിളിക്കേണ്ടത് ജിഹാദ് എന്നാണ്, മലബാര്‍ ജിഹാദ്, ആ വാക്കാണ് ഇതിനു ചേരുന്നത്. ഈ മലബാര്‍ ജിഹാദ് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായിരുന്നു എന്നൊക്കെയുള്ള തള്ളുകള്‍ കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. മലബാര്‍ ജിഹാദിനെ കുറിച്ചുള്ള വീഡിയോ പരമ്പര ദൈവം അനുവദിച്ചാല്‍ പുറകെ വരുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചാണ് പ്രധാനമായും നോക്കുന്നത്. ഈ വിഷയം പഠിക്കാന്‍ തുടങ്ങുമ്പോള്‍, നാം മലബാറിലെ അന്നത്തെ സാമൂഹിക പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മലബാര്‍ ജിഹാദിനെക്കുറിച്ചുള്ള വീഡിയോ പരമ്പരയില്‍ ദൈവം അനുവദിച്ചാല്‍ ആ പശ്ചാത്തലം വിശദമായി വിവരിക്കുമെന്നുള്ളതുകൊണ്ട് ഇപ്പോള്‍ ചുരുക്കമായിട്ടു പറയാം.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തെ രണ്ട് ദശകങ്ങളിലും മലബാറില്‍ മാപ്പിളമാര്‍ ലഹളയുണ്ടാക്കുന്നത് സ്ഥിരം സംഭവമായിരുന്നു. ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷമാണ് മലബാറില്‍ മാപ്പിള ലഹളകളെല്ലാം ഉണ്ടാകുന്നത്. ഈ ലഹളകളുടെ മൂര്‍ധന്യകാലം എന്ന് പറയുന്നത് 1836 മുതല്‍ 1853 വരെയുള്ള പതിനെട്ടു കൊല്ലമാണ്. ഈ പതിനെട്ടു കൊല്ലത്തിനുള്ളില്‍ ആകെ 22 ലഹളകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ശ്രീ.കെ.മാധവന്‍ നായര്‍ തന്‍റെ മലബാര്‍ കലാപം എന്ന പുസ്തകത്തിന്‍റെ 37-ാമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്. ഓരോ ലഹളയിലും കൊല്ലപ്പെടുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മാത്രമായിരുന്നു. പിന്നീട് പട്ടാളക്കാരുടെ കൈയാലാണ് ലഹളക്കാരായ മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നത്. ആകെ ഒരേയൊരു ലഹളയില്‍ മാത്രമേ ഹിന്ദുക്കളുടെ കൈയാല്‍ ലഹളക്കാര്‍ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് കെ.മാധവന്‍ നായര്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ നിന്നും ഉദ്ധരിക്കാം:
“1851-ല്‍ വടക്കേ മലബാറില്‍ കോട്ടയം താലൂക്കില്‍ ഒരു മാപ്പിള ലഹള നടന്നു. കളത്തില്‍ കേശവന്‍ തങ്ങള്‍ എന്ന പ്രമാണിയായ ഒരു ഹിന്ദുജന്മിയുടെ വീടിനെ എട്ടൊമ്പത് ലഹളക്കാര്‍ കൂടി വളഞ്ഞു. ആ വീട്ടിലുണ്ടായിരുന്ന പതിനെട്ടുപേരെ ലഹളക്കാര്‍ കൊന്നു. അതിനുശേഷം ചില ക്ഷേത്രങ്ങളെ ലഹളക്കാര്‍ നശിപ്പിക്കുകയും വേറെയും ചിലരെ കൊല്ലുകയും ചെയ്തതിനുശേഷം കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയില്‍ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരില്‍നിന്നു പട്ടാളം പുറപ്പെട്ടു. പക്ഷേ, പട്ടാളം എത്തുന്നതിനുമുമ്പായി കല്യാട്ടു നമ്പ്യാരുടെ ആള്‍ക്കാര്‍ ലഹളക്കാരെ കൊന്നു. ഹിന്ദുക്കള്‍ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന് ഈ ദൃഷ്ടാന്തം മാത്രമേ 1836-ന് ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തില്‍ കാണുകയുള്ളൂ. അതു വടക്കേ മലബാറില്‍ ആയിരുന്നു താനും.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ് 40).
വടക്കേ മലബാറില്‍ എന്ന് എടുത്തു പറഞ്ഞിരിക്കുന്നതിന്‍റെ കാരണം പിടികിട്ടിയോ? അവിടെ ഹിന്ദുക്കള്‍ക്ക് അന്ന് കളരികള്‍ ഉണ്ടായിരുന്നു. കളരിയഭ്യാസികളായ വടക്കേ മലബാറിലെ ഹിന്ദുക്കള്‍ക്ക് ലഹളക്കാരെ നശിപ്പിക്കാന്‍ പട്ടാളത്തിന്‍റെ സഹായം ആവശ്യമില്ലായിരുന്നു. എന്നാല്‍ തെക്കേ മലബാറില്‍ അതായിരുന്നില്ല സ്ഥിതി. അവിടെ ബ്രിട്ടീഷ് പട്ടാളമെത്തിയാണ് ലഹളക്കാരെ അടിച്ചമര്‍ത്തിയിരുന്നത്. കൃത്യമായും ഇക്കാര്യം മനസ്സിലാക്കിയിരിക്കണം, ലഹള ഒരിക്കലും ബ്രിട്ടീഷ് പട്ടാളത്തിനു നേരെയായിരിക്കില്ല ആരംഭിക്കുന്നത്. അത് ഹിന്ദുക്കള്‍ക്ക് നേരെയായിരിക്കും. അതിനെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് പട്ടാളം വരുന്നത്. സ്വാഭാവികമായും ബ്രിട്ടീഷ് പട്ടാളവുമായും ലഹളക്കാര്‍ക്ക് പൊരുതേണ്ടി വരും. കാരണം കീഴടങ്ങിയാല്‍ ഒന്നുകില്‍ തൂക്കുകയറ് അല്ലെങ്കില്‍ നാടു കടത്തല്‍ ആയിരിക്കും ശിക്ഷ കിട്ടാന്‍ പോകുന്നത്. അതിനേക്കാള്‍ ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതി മരിക്കുന്നതാണ് നല്ലതെന്ന് ലഹളക്കാര്‍ തീരുമാനിച്ചിട്ടുണ്ടാകും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയുമൊക്കെ ചരിത്രം പറയുമ്പോള്‍ എല്ലാവരും മറക്കാതെ പറയുന്ന ഒരു കാര്യമുണ്ട്- എം.എന്‍.കാരശ്ശേരി മാഷടക്കം അത് പറയുന്നത് ഞാന്‍ കേട്ടു, ഇവരുടെ ബന്ധുക്കാരോ കുടുംബക്കാരോ ഒക്കെ ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതിയിട്ടുള്ളവരാണ്, ആ പോരാട്ട വീര്യത്തിന്‍റെ പാരമ്പര്യമുള്ള കുടുംബത്തിലാണ് അവര്‍ ജനിച്ചത് എന്നൊക്കെ.
കാരശ്ശേരി മാഷോടൊക്കെ എനിക്കൊരു ബഹുമാനം ഉണ്ടായിരുന്നതാണ്. മാഷ് പറയുന്നത് കേട്ടാല്‍ തോന്നും സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ് മോഡലിലോ സുഭാഷ് ചന്ദ്രബോസ് മോഡലിലോ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തു പോരാടിയവരാണ് മലബാറിലെ മാപ്പിളമാര്‍ പ്രത്യേകിച്ചു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബക്കാരെന്ന്. പക്ഷേ സത്യമെന്താണ്? മതഭ്രാന്ത് മൂത്ത് ഹിന്ദുവിനെയും ക്രിസ്ത്യാനികളെയും കൊല്ലാനിറങ്ങിയപ്പോള്‍ അത് തടയാന്‍ വന്ന ബ്രിട്ടീഷ് പട്ടാളത്തോടാണ് അവര്‍ പൊരുതിയത് എന്ന കാര്യം ഇവരൊക്കെ സമര്‍ത്ഥമായി മറച്ചു വെക്കും. ഇനി വേറൊരു കാര്യം ബ്രിട്ടീഷ് പട്ടാളം അല്ലെങ്കില്‍ ബ്രിട്ടീഷ് പോലീസ് എന്ന് പറഞ്ഞാല്‍ അതില്‍ വെള്ളക്കാര്‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുത്. തലപ്പത്തുള്ള ചിലര്‍ മാത്രമായിരിക്കും വെള്ളക്കാര്‍. വെടിവെക്കാനും വെടികൊള്ളാനും നടക്കുന്ന സാധാരണ പട്ടാളക്കാരില്‍ വെള്ളക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളൂ. ബാക്കിയുള്ളവരൊക്കെ ഇന്ത്യക്കാര്‍ തന്നെയാണ്. പോലീസിന്‍റെ കാര്യവും അങ്ങനെ തന്നെ. പോലീസ് സൂപ്രണ്ട് ചിലപ്പോള്‍ സായിപ്പായിരിക്കും. പക്ഷേ അതിന്‍റെ താഴെ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ഒക്കെ നമ്മുടെ നാട്ടുകാരായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി എന്നൊക്കെ പറഞ്ഞാലും ഇവരുടെ കൈയാല്‍ ബ്രിട്ടീഷ് പക്ഷത്തു കൊല്ലപ്പെടുന്നതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു എന്നതാണ് വാസ്തവം.
എപ്പോഴാണ് ലഹള പൊട്ടിപ്പുറപ്പെടുക എന്ന് ഒരാള്‍ക്കും ഊഹിക്കാന്‍ സാധ്യമായിരുന്നില്ല. ഏതെങ്കിലും നിസ്സാര പ്രശ്നത്തിന്‍റെ പേരിലായിരിക്കും രണ്ടോ മൂന്നോ മാപ്പിളമാര്‍ എവിടെയെങ്കിലും ലഹള ആരംഭിക്കുന്നത്. ലഹള തുടങ്ങികഴിഞ്ഞാല്‍ ഉടനെ മറ്റ് മാപ്പിളമാരില്‍ പലരും അവരോടൊപ്പം ചേരുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമൊക്കെ ചെയ്യും. അവസാനം ലഹളയുടെ വിവരമറിഞ്ഞ് പട്ടാളമോ പോലീസോ വന്നാല്‍ ലഹളക്കാര്‍ ഓടി അമ്പലങ്ങളില്‍ കയറും. അമ്പലങ്ങളില്‍ കയറുന്നതിന്‍റെ കാരണവും മതപരം തന്നെയാണ്. അതിനെക്കുറിച്ച് വിശദമായി മാപ്പിള ലഹളയെക്കുറിച്ചുള്ള വീഡിയോ പരമ്പരയില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഇപ്പൊ ഇവിടെ പറയുന്നില്ല. ഏതായാലും അന്നത്തെ മലബാറിന്‍റെ ഈയൊരു പശ്ചാത്തലം നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമുക്കിനി പ്രധാന വിഷയത്തിലേക്ക് കടക്കാം.
ചരിത്രകാരനായ എം ഗംഗാധരന്‍റെ “മലബാര്‍ കലാപം 1921-22” എന്ന ചരിത്രകൃതിയില്‍ പറയുന്നത് കിഴക്കന്‍ ഏറനാട്ടിലെ നെല്ലിക്കുത്തില്‍, ചക്കിപ്പറമ്പത്ത് വാരിയം കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂരിലെ സാമാന്യം സമ്പന്ന കുടുംബാംഗമായ പാറവെട്ടി ഉണ്ണിമമ്മദിന്‍റെ മകള്‍ കുഞ്ഞായിശുമ്മയുടെയും മൂത്ത മകനായാണ് 1866-ല്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത് എന്നാണ്. ആലി മുസ്‌ലിയാര്‍ അയാളുടെ അയല്‍വാസിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അയല്‍ക്കാരനായിരുന്ന ആലി മുസ്ലിയാരുടെ മൂത്ത സഹോദരനും 1894-ലെ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുമായ മമ്മദ് കുട്ടി മുസ്ല്യാരില്‍ നിന്ന് വാരിയം കുന്നന്‍ മതവിദ്യാഭ്യാസം നേടി. ചെറുപ്പം മുതല്‍ക്കേ കുഞ്ഞഹമ്മദ് ഹാജി കൃഷിയിലും കച്ചവടത്തിലും ബാപ്പയെ സഹായിച്ചു പോന്നു. പിന്നീടയാള്‍ കിഴക്കന്‍ ഏറനാട്ടില്‍ നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പോത്തുവണ്ടിയില്‍ കോഴിക്കോട്ടേക്ക് എത്തിക്കുവാന്‍ തുടങ്ങുകയും വൈകാതെ തന്നെ ഈ തൊഴിലിലേര്‍പ്പെട്ട വണ്ടിക്കാരുടെ മൂപ്പനാകുകയും ചെയ്തു. ഇക്കാലത്ത് കുഞ്ഞഹമ്മദ് ഹാജി ഇസ്ലാമിന്‍റെ ശത്രുക്കളുമായുള്ള പോരാട്ടങ്ങളില്‍ വീരചരമം പ്രാപിച്ച മുസ്ലീങ്ങളുടെ ത്യാഗോദാത്തമായ വീരചരിത്രങ്ങള്‍ അനുസ്മരിക്കുന്ന ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് തുടങ്ങിയ പാട്ടുകളില്‍ തല്‍പരനായിരുന്നു. എം. ഗംഗാധരന്‍റെ “മലബാര്‍ കലാപം 1921-22” എന്ന പുസ്തത്തിന്‍റെ 272, 273 പേജുകളിലുള്ളതാണ് ഈ വിവരങ്ങളെല്ലാം.
ഇവിടെ പറഞ്ഞിരിക്കുന്ന ഈ പടപ്പാട്ടുകളുടെ കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ബദറില്‍ വെച്ച് മുഹമ്മദും അനുയായികളും നടത്തിയ യുദ്ധത്തിന്‍റെ ചരിത്രം പാട്ട് രൂപത്തില്‍ വര്‍ണ്ണിക്കുന്നതാണ് ബദര്‍ പടപ്പാട്ട്. അതുപോലെ തെക്കേ മലബാറില്‍ നടന്നിട്ടുള്ള മുന്‍കാല ലഹളയുടെ ചരിത്രങ്ങള്‍- പ്രത്യേകിച്ച് പാറനമ്പി എന്ന ഹിന്ദു നാടുവാഴിയുടെ സൈന്യവുമായി മലപ്പുറത്തെ മാപ്പിളമാര്‍ നടത്തിയ സായുധ സംഘട്ടനത്തിന്‍റെ ചരിത്രങ്ങള്‍- ജനങ്ങളുടെ ഇടയില്‍ പാട്ട് രൂപത്തില്‍ പ്രചരിപ്പിച്ചിരുന്നവയാണ് മലബാര്‍ പടപ്പാട്ടുകള്‍. എഴുത്തും വായനയും അറിയാത്ത ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ചരിത്രം നാട്ടുകാരെ അറിയിക്കണം എന്നുണ്ടെങ്കില്‍ അന്നത് പാട്ട് രൂപത്തിലായിരുന്നു കൈമാറ്റം ചെയ്തിരുന്നത്. പ്രത്യേകിച്ചു മലബാര്‍ മേഖലയില്‍ അത് സര്‍വ്വസാധാരണ സംഗതിയുമായിരുന്നു. വടക്കാന്‍ പാട്ടുകളൊക്കെ ആ ഗണത്തില്‍ വരുന്നതാണ്. മലബാര്‍ പടപ്പാട്ടെന്നത് 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ പോരാട്ടവീര്യം നിലനിര്‍ത്താന്‍ ഇസ്ലാമിക നേതൃത്വം ഉപയോഗിച്ചിരുന്ന ഒരു ടൂളാണ്. ലഹളകളില്‍ അമുസ്ലീങ്ങള്‍ക്കെതിരെ ജിഹാദ് നടത്തിയ മുസ്ലീങ്ങളുടെ പരാക്രമങ്ങള്‍ പാട്ടെഴുത്തുകാരന്‍റെ ഭാവനയും കൂടിച്ചേര്‍ന്ന് പാട്ട് രൂപത്തില്‍ പുറത്തു വരുമ്പോള്‍ അത് കേട്ടിരിക്കുന്ന മുസ്ലീങ്ങളുടെ രക്തം തിളയ്ക്കും. തനിക്കും ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്തു ചരിത്രത്തില്‍ ഇടം പിടിക്കണം എന്നവന് തോന്നും. ഭാവിയില്‍ തന്‍റെ വീരകൃത്യങ്ങള്‍ മറ്റുള്ളവര്‍ പാടിക്കൊണ്ട് നടക്കുന്നതിനെപ്പറ്റി ചിന്തിച്ച് അവന്‍ രോമാഞ്ചം കൊള്ളും. അതുകൊണ്ടുതന്നെ, എപ്പോഴെങ്കിലും ഒരു ലഹള ഉണ്ടാവുകയാണെങ്കില്‍ മുന്നും പിന്നും ആലോചിക്കാതെ അവന്‍ ആ ലഹളയിലേക്കു ചാടി വീണ് അമുസ്ലീങ്ങളുടെ നേരെ പരാക്രമം കാണിച്ച് ബ്രിട്ടീഷ് പട്ടാളത്തിന്‍റെ കൈയാല്‍ ശഹീദായി മാറും. ഇങ്ങനെ ഏതു നിമിഷത്തിലും അമുസ്ലീങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിക്കാന്‍ പാകത്തിന് ഒരു മുസ്ലീമിനെ ഒരുക്കി നിര്‍ത്തുന്ന ധര്‍മ്മമാണ് പടപ്പാട്ടുകള്‍ നിര്‍വ്വഹിച്ചിരുന്നത്.
120 കോടി ചിലവാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എടുക്കാന്‍ പോകുന്ന സിനിമയുടെ ധര്‍മ്മവും വാസ്തവത്തില്‍ ഇത് തന്നെയാണ്. വരാനിരിക്കുന്ന ആ സിനിമ ആധുനിക പടപ്പാട്ടാണ്. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നവരുടെ ഭാവനയില്‍ ഉരുത്തിരിയുന്ന, ചരിത്രരേഖകളിലുള്ള വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി പുലബന്ധം പോലുമില്ലാത്ത പുതിയ ഒരു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിച്ചുകൊണ്ടു ഇവര്‍ ഇവിടത്തെ അമുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കും, അയാളെന്തോ വലിയ സംഭവമായിരുന്നു എന്ന മട്ടില്‍. അതോടൊപ്പം തന്നെ, വാരിയംകുന്നനും കൂട്ടാളികളും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത വിധത്തിലുള്ള ധീരകൃത്യങ്ങളും വീരകൃത്യങ്ങളും അവരുടെ മേല്‍ ചാര്‍ത്തിക്കൊടുത്തു കൊണ്ട് പുതിയ തലമുറയിലെ മുസ്ലീം ചെറുപ്പക്കാരെ ഇവര്‍ അമുസ്ലീങ്ങള്‍ക്ക് നേരെ ആക്രമാണോത്സുകരായി നിര്‍ത്തുകയും ചെയ്യും. 120 കോടി മുടക്കുന്നതിലൂടെ അവര്‍ പ്രതീക്ഷിക്കുന്ന ലാഭം പണമായിട്ട് മാത്രമല്ല, ഭാവിയില്‍ ഹിന്ദു മുസ്ലീം കലാപം ഉണ്ടാകുമ്പോള്‍ ഇവര്‍ ചാര്‍ത്തിക്കൊടുത്ത ധീര-വീര കൃത്യങ്ങള്‍ കണ്ട് രക്തം തിളച്ചു നില്‍ക്കുന്ന മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുടെ തലയെടുക്കാന്‍ തയ്യാറായി വരുമെന്നുള്ളത് കൂടിയാണ്. മാറാട് കലാപം ഉണ്ടായത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നോര്‍ക്കണം. മാറാട് സംഭവിച്ചത് പോലെയുള്ള കലാപം കേരളത്തില്‍ എവിടെയും സംഭവിക്കാം. കിത്താബുകള്‍ ഉള്ള കാലത്തോളം അമുസ്ലീങ്ങളുമായുള്ള കലാപം എപ്പോ വേണമെങ്കിലും ഉണ്ടാകാം. അങ്ങനെയാണ് ആ കിത്താബുകളുടെ ഉള്ളടക്കം. അതുകൊണ്ട് ഭാവിയില്‍ അങ്ങനെയൊരു കലാപം ഉണ്ടാകുമ്പോള്‍ മുസ്ലീം ചെറുപ്പക്കാര്‍ അമുസ്ലീങ്ങള്‍ക്ക് നേരെ ആയുധമെടുക്കാന്‍ അറച്ചു നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് തിരശ്ശീലയ്ക്ക് പുറകില്‍ ചിലരൊക്കെ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ അറച്ചു നില്‍ക്കുന്ന മുസ്ലീം ചെറുപ്പക്കാരെ ആക്രമാണോത്സുകരാക്കി നിലനിര്‍ത്താന്‍ വേണ്ടുന്നത് അവരുടെ മനസ്സിലേക്ക് ഇട്ടു കൊടുക്കാനാണ് പലരും ശ്രമിക്കുന്നത്.
നമുക്ക് എം.ഗംഗാധരന്‍ പറയുന്നതിലേക്ക് തിരിച്ചു വരാം:
“1894-ലെ കലാപത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പല അടുത്ത ബന്ധുക്കളും മരിച്ചു. അയാളുടെ ബാപ്പയേയും മറ്റ് ചിലരെയും ആന്തമാന്‍ ദ്വീപുകളിലേക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ബാപ്പ 1907-ല്‍ അവിടെ വച്ചു മരിച്ചു. 1909-ല്‍ കുഞ്ഞഹമ്മദ് ഹാജിക്കു തന്നെയും മലബാര്‍ വെടിഞ്ഞു മക്കയിലേക്കു പോകേണ്ടി വന്നു. മലബാര്‍ വിടുവാന്‍ അയാളെ നിര്‍ബന്ധിതനാക്കിയ സാഹചര്യങ്ങള്‍ വ്യക്തമല്ല. ഔദ്യോഗിക ഭാഷ്യം ഇപ്രകാരമാണ്: ‘ഈ മനുഷ്യന്‍ (കുഞ്ഞഹമ്മദ് ഹാജി) 1908 അവസാനത്തില്‍ മഞ്ചേരിയില്‍ വെച്ച് തപാല്‍ ഉരുപ്പടികള്‍ കൊള്ള ചെയ്ത സംഭവത്തില്‍ സംശയിക്കപ്പെടുന്ന ആളായിരുന്നു. ഇത് നന്നായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നു. വടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ വിലപ്പെട്ട യാതൊന്നും കിട്ടിയിരുന്നില്ല. 1909-ല്‍ രണ്ടു മൂത്താന്മാരെ കൊള്ള ചെയ്ത കേസിലും അയാള്‍ സംശയിക്കപ്പെട്ടിരുന്നു. ധാരാളം പൊന്നും വെള്ളിയുമായി ചന്തകള്‍ തോറും സഞ്ചരിക്കുന്ന പാലക്കാട്ടുകാരായ തട്ടാന്മാരായിരുന്നു ഇവര്‍. ഈ സംഭവത്തിലും വടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ അക്രമം അതികഠിനമായിരുന്നതിനാല്‍ രണ്ടുപേരും കൊല്ലപ്പെടുകയും ഗണ്യമായ മുതല്‍ അവരില്‍നിന്ന് കൈക്കലാക്കുകയും ചെയ്തു. പോലീസ് ചില ചെറുപ്പക്കാരുടെ മേല്‍ കുറ്റം ചുമത്തിയിരുന്നുവെങ്കിലും കുഞ്ഞഹമ്മദ് ഹാജിയാണ് അത് ചെയ്തതെന്ന് പിന്നീടാണ് തെളിഞ്ഞത്. ഒരു മുന്‍ പട്ടാളക്കാരന്‍റെ കുറ്റസമ്മതത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അയാള്‍ക്ക് തന്‍റെ പങ്കായി മൂന്നു രൂപ മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിനെത്തുടര്‍ന്ന് ഹാജി മക്കയിലേക്കു പോകാന്‍ നിര്‍ബന്ധിതനായി. 1914 വരെ അയാള്‍ അവിടെത്തന്നെ തുടര്‍ന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന കാലത്ത് കുഞ്ഞഹമ്മദ് ഹാജിയെ ‘എന്തുകൊണ്ടാണ് മക്കയിലേക്കു നിര്‍ബന്ധിച്ചു പറഞ്ഞയച്ചത്’ എന്ന കാര്യം അവ്യക്തമാണ്. കുഞ്ഞഹമ്മദ് ഹാജിയെ മലബാര്‍ വിടാന്‍ നിര്‍ബന്ധിതനാകിയ സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു അനൗദ്യോഗിക ഭാഷ്യത്തിന് ഇത് അല്പം വിശ്വാസ്യത നല്‍കുന്നുണ്ട്. അതനുസരിച്ച് 1909-ല്‍ ബ്രിട്ടീഷുകാരോട് പൊരുതാന്‍ കുഞ്ഞഹമ്മദ് ഹാജി മാപ്പിളമാരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, മതപണ്ഡിതന്മാരില്‍ നിന്ന് ‘ഫത്വ’കള്‍ സമ്പാദിച്ചുകൊണ്ടും മലപ്പുറം പടപ്പാട്ട് ആലപിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അറിയുന്നു. അപ്പോള്‍ അയാളെ അറസ്റ്റ് ചെയാന്‍ അധികാരികള്‍ തയ്യാറെടുത്തു തുടങ്ങി. എന്നാല്‍ അവരുടെ കണ്ണുവെട്ടിച്ചു അയാള്‍ ബോംബെയിലെത്തുകയും ഒരു ചരക്കുകപ്പലില്‍ രഹസ്യമായി മക്കയിലേക്ക് ഒളിച്ചു കടക്കുകയും ചെയ്തു. 1913 അവസാനത്തിലോ 1914 ആദ്യത്തിലോ കുഞ്ഞഹമ്മദ് ഹാജി മലബാറില്‍ തിരിച്ചെത്തി. 1915-ല്‍ മലബാര്‍ ജില്ലാ മജിസ്ട്രേറ്റ് സി.എ.ഇന്നസ് ആ കൊല്ലം നടന്ന ഒരു മാപ്പിളകലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. “വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു. അയാളത് അര്‍ഹിച്ചാലും ഇല്ലെങ്കിലും” എന്നാണ് ഇന്നസ് എഴുതിയിട്ടുള്ളത്.” (എം. ഗംഗാധരന്‍, “മലബാര്‍ കലാപം 1921-22” പേജ് 273)
മക്കയില്‍ നിന്ന് തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിക്ക് കൊണ്ടോട്ടിക്കടുത്ത് താമസിക്കാന്‍ അനുമതി കിട്ടി. പിന്നീട് 1919-ല്‍ തന്‍റെ ഉമ്മയുടെ നാടായ കിഴക്കന്‍ ഏറനാട്ടിലെ തുവ്വൂരിലേക്ക് മാറിത്താമസിക്കാന്‍ അനുവാദം വേണമെന്ന് അയാള്‍ അഭ്യര്‍ത്ഥിക്കുകയും അത് ലഭിക്കുകയും ചെയ്തു. കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തില്‍ ജില്ലാ അധികൃതര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അവര്‍ അങ്ങനെയൊരു ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നു അറിയാവുന്നതിനാല്‍ കുഞ്ഞഹമ്മദ് ഹാജി പരസ്യമായി ഖിലാഫത്തിന് വേണ്ടി പ്രവര്‍ത്തനങ്ങളോ പ്രസംഗങ്ങളോ ഒന്നും നടത്തിയിരുന്നുമില്ല. 1921 ഫെബ്രുവരി 5-ന് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നിരോധന ഉത്തരവില്‍ പേര് കാണുന്നത് വരെ കോഴിക്കോട്ടെ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കള്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല എന്നാണ് അന്നത്തെ കോണ്‍ഗ്രസ് നേതാവും ഖിലാഫത്ത് പ്രസ്ഥാനവുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന കെ.മാധവന്‍ നായര്‍ മലബാര്‍ കലാപത്തിന്‍റെ 74-ാമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്.
‘ആഗസ്റ്റ് 21-ന് തിരൂരങ്ങാടിയില്‍ വെടിവെപ്പ് നടന്നതായും ‘പള്ളി തകര്‍ത്തതായും’ അറിഞ്ഞ കുഞ്ഞഹമ്മദ് ഹാജി പിറ്റേദിവസം പാണ്ടിക്കാട്ടേക്ക് പോവുകയും അവിടത്തെ പള്ളിയില്‍ നടന്ന മാപ്പിളമാരുടെ യോഗത്തിലും ലഹളകളിലും ഏര്‍പ്പെടുകയും ചെയ്തു. യോഗത്തില്‍ എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല’ എന്നാണ് എം.ഗംഗാധരന്‍ ‘മലബാര്‍ കലാപം’ 275-മത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്.
തിരൂരങ്ങാടി പള്ളി തകര്‍ത്തെന്നറിഞ്ഞപ്പോഴാണ് കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ ഏര്‍പ്പെടുന്നത്. ഇത് പ്രത്യേകം ശ്രദ്ധേയമായ ഒന്നാണ്. കാരണം, തിരൂരങ്ങാടിയിലെ പള്ളി ആരും തകര്‍ത്തിരുന്നില്ല. അത് അടങ്ങിയൊതുങ്ങി വീട്ടില്‍ കുത്തിയിരിക്കുന്ന മുസ്ലീങ്ങളെപ്പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരിനിറക്കാന്‍ മുസ്ലീം മത നേതൃത്വം തന്നെ പടച്ചു വിട്ട കള്ളക്കഥയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പാണ്ടിക്കാട്ടെ യോഗത്തിനെ കുറിച്ച് കുഞ്ഞഹമ്മദ് ഹാജി നല്‍കിയ മൊഴി ഇപ്രകാരമായിരുന്നു:
“ചെമ്പ്രശ്ശേരി തങ്ങള്‍ (പാണ്ടിക്കാട്ട്) വരികയും ഭരണം നടത്തേണ്ടവരെ വാക്കാല്‍ നിശ്ചയിക്കുകയും ചെയ്തു. എനിക്ക് സ്ഥാനമോ സനദോ കിട്ടിയിരുന്നില്ല… ഞാന്‍ ആദ്യം വിസമ്മതിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ രൂപപ്പെടുത്താന്‍ എനിക്ക് സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ആലി മുസ്ല്യാരെയും സായ്വ്വിനെയും (ഹിച്ച്കോക്ക്) കൊന്നുവെന്ന് അവര്‍ പറഞ്ഞു.” (എം.ഗംഗാധരന്‍ ‘മലബാര്‍ കലാപം 1921-22’ പേജ് 275)
ആലി മുസ്ല്യാരെയോ ഹിച്ച്കോക്ക് സായിപ്പിനെയോ ആരും കൊന്നിരുന്നില്ല. കലാപത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ കുഞ്ഞഹമ്മദ് ഹാജി തയ്യാറാകാതിരുന്നപ്പോള്‍ അദ്ദേഹത്തെ അതിലേക്ക് തള്ളിവിടാന്‍ വേണ്ടി ആലി മുസ്ല്യാരെ കൊന്നു എന്നുള്ള കള്ളമാണ് അവര്‍ കുഞ്ഞഹമ്മദ് ഹാജിയോട് പറയുന്നത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ ഇറങ്ങുന്നത് തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു തകര്‍ത്തുകളഞ്ഞു എന്ന വാര്‍ത്ത കേട്ടപ്പോഴായിരുന്നു. ഈ വാര്‍ത്ത നുണയായിരുന്നു. കുഞ്ഞഹമ്മദ് ഹാജി ലഹളയുടെ നേതൃത്വം ഏറ്റെടുക്കുന്നത് ആലി മുസ്ല്യാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴാണ്. ആ വാര്‍ത്തയും നുണയായിരുന്നു. മലബാര്‍ ജിഹാദിന്‍റെ കാലത്ത് മുസ്ലീം മത നേതൃത്വം വ്യാപകമായി തഖിയ ഉപയോഗിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് തെളിയുന്നത്. പഠിപ്പോ വിവരമോ ഇല്ലാത്ത ഏറനാടന്‍ മാപ്പിളമാരെ ഇതുപോലെ പല നുണകളും പറഞ്ഞാണ് മുസ്ലീം മത നേതൃത്വം വഞ്ചിച്ചത്. തുര്‍ക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷുകാരോട് അവര്‍ക്ക് പകയുണ്ടായിരുന്നു. ആ പക തീര്‍ക്കാനും മലബാര്‍ പ്രദേശത്തെ ബ്രിട്ടീഷുകാരില്‍ നിന്നും പിടിച്ചെടുത്ത് മുസ്ലീം രാജ്യമാക്കാനും അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി അവര്‍ കുറെക്കാലമായി കാത്തിരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു അഹിംസയെക്കുറിച്ച് പരസ്യവേദികളില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ രഹസ്യമായി വാളും കുന്തവും കഠാരയും പണിയുവാന്‍ അണികള്‍ക്ക് നിദ്ദേശവും നല്‍കിയിരുന്നു തെക്കന്‍ മലബാറിലെ ഖിലാഫത്ത് നേതാക്കള്‍.
ഈ മതനേതാക്കാളുടെ അധികാരക്കൊതിയും മതഭ്രാന്തും തെക്കന്‍ മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുക മാത്രമല്ല ചെയ്തത്, എഴുത്തും വായനയും അറിയാത്ത, അന്ധവിശ്വാസികളും ലോകവിവരവുമില്ലാത്തവരുമായ അവിടത്തെ മാപ്പിളമാരുടെ ജീവിതവും കൂടി നശിപ്പിക്കുകയാണുണ്ടായത്. സ്വന്തം അണികളെക്കൂടി വഞ്ചിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. അതിനുവേണ്ടി വ്യാജവാര്‍ത്തകള്‍ ചമച്ചു വിടുക മാത്രമല്ല, പല വിധത്തിലുള്ള തന്ത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. വിസ്തരഭയം കാരണം ഒരെണ്ണം മാത്രം പറയാം. 1921-ലെ മലബാര്‍ ജിഹാദിനെക്കുറിച്ച് പഠിക്കുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി ശ്രദ്ധയില്‍പ്പെടും. 1921 ആഗസ്ത് 26- രാവിലെ 11 മണിക്ക് യന്തത്തോക്കുകളുമായി മാര്‍ച്ച് ചെയ്ത് പോകുകയായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് നേരെ വെറും വാളും കുന്തവും കത്തിയും നാടന്‍ തോക്കുകളുമായി മാപ്പിളമാര്‍ നടത്തിയ പൂക്കോട്ടൂര്‍ ആക്രമണമാണത്. ഈയാംപാറ്റകളെപ്പോലെയാണ് മാപ്പിളമാര്‍ യന്ത്രത്തോക്കുകള്‍ക്ക് മുന്നിലേക്ക് ചാടി വീണ് കൊല്ലപ്പെട്ടു കൊണ്ടിരുന്നത്. യന്ത്രത്തോക്കുകളെയൊന്നും ഭയപ്പെടാതെ അതിന്‍റെ മുന്നിലേക്ക് ചാടി വീഴാന്‍ ഏറനാടന്‍ മാപ്പിളമാരെ പ്രചോദിപ്പിച്ചതെന്താണ്? ഇന്നത്തെ മുസ്ലീങ്ങള്‍ അത് മാപ്പിളമാരുടെ ധീരതയാണെന്ന് പറഞ്ഞു വാഴ്ത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുസ്ലീം നേതൃത്വം അവരെ വഞ്ചിക്കുകയാണ് ചെയ്തത്. മലബാർ ഡപ്യൂട്ടി കലക്‌ടർ ആയിരുന്ന ദിവാൻ ബഹദൂർ ഗോപാലൻ നായർ 1923 ൽ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് THE MOPLAH REBELLION, 1921. ഈ പുസ്തകത്തിന്‍റെ 79-മത്തെ പേജില്‍ സീതിക്കോയ തങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:
“കുമരംപുത്തൂരിലെ സീതിക്കോയ തങ്ങൾ സ്വയം ഖിലാഫത്ത് ദേശ ഗവർണറായി. രാജ്യം തങ്ങളുടേത് ആയതിനാൽ അഥവാ തെക്കന്‍ മലബാര്‍ ഇസ്ലാമിക രാജ്യമായതിനാല്‍ കൊള്ളയ്ക്കും അതിക്രമങ്ങൾക്കും എതിരെ ഫത്വ ഇറക്കി. കൊള്ള നടത്തിയ എളംപ്ലാശ്ശേരിയിലെ മൂന്ന് കലാപകാരികളെ അയാൾ തന്നെ കോടതിയായി വിചാരണ ചെയ്തു. അവരെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു. ഉണ്ടയില്ലാത്ത തോക്ക് ഉപയോഗിച്ചു നിറയൊഴിച്ചു. ഞെട്ടിത്തരിച്ചു നിലത്തു വീണ അവർക്ക് മേൽ പരുക്കില്ലാത്തത് തന്‍റെ സിദ്ധി കൊണ്ടാണെന്ന് പ്രചരിപ്പിച്ചു. ഇങ്ങനെ ബ്രിട്ടീഷ് ആക്രമണത്തിൽ നിന്നും തന്‍റെ അനുയായികൾ ഇത് പോലെ സുരക്ഷിതർ ആയിരിക്കുമെന്ന് വിശ്വസിപ്പിച്ചു.”
ഉണ്ടയില്ലാ തോക്കുപയോഗിച്ച് വെടി വെച്ചപ്പോള്‍ വെടിയൊച്ചയും വന്നു, പുകയും വന്നു. പക്ഷേ വെടിയേറ്റില്ല. അതോടെ തങ്ങള്‍മാരുടെ അനുഗ്രഹമുണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ വെടിയേല്‍ക്കുകയില്ല എന്ന് പ്രചരിപ്പിച്ച് സാധാരണക്കാരായ മുസ്ലീങ്ങളെ വഞ്ചിച്ചു. അവരാണെങ്കില്‍ ഇത് അന്ധമായി വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവര്‍ പോയി യന്ത്രത്തോക്കുകളുടെ മുന്നിലേക്ക് ചെന്ന് ചാടി കൊടുത്തത്. അത് ധീരതയല്ല, മണ്ടത്തരവും വിവരമില്ലായ്മയുമാണ്. സുബോധമുള്ള ഒരാളും ആ കാര്യം പറഞ്ഞ് ഊറ്റം കൊള്ളുകയില്ല. അത് ധീരതയായിരുന്നെങ്കില്‍ ആ ധീരത പിന്നീടും മാപ്പിളമാര്‍ കാണിക്കണമായിരുന്നു. പക്ഷേ ഒരനുഭവത്തില്‍ നിന്ന് തന്നെ മാപ്പിളമാര്‍ പാഠം പഠിച്ചു. അവര്‍ പിന്നീട് ഒളിയുദ്ധം നടത്തിയതല്ലാതെ ഒരിക്കല്‍പ്പോലും ബ്രിട്ടീഷ് പട്ടാളത്തിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ നിന്നിട്ടില്ല. തങ്ങള്‍മാരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കുകളില്‍ നിന്ന് വരുന്ന വെടിയുണ്ട തന്‍റെ നെഞ്ചത്ത് എത്തുമ്പോഴേക്കും മുല്ലപ്പൂവായി നിലത്തു വീഴും എന്നുള്ള പ്രചാരണത്തില്‍ വിശ്വസിച്ച് പിന്നെയൊരിക്കലും അവന്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കിന്മുനയിലേക്ക് നെഞ്ചു കാണിച്ച് കൊടുക്കാന്‍ പോയിട്ടില്ല.
മതഭ്രാന്ത് മൂത്തപ്പോള്‍ സ്വന്തം അണികളെ തന്നെ വഞ്ചിച്ചു കൊലയ്ക്ക് കൊടുത്ത നേതൃത്വമായിരുന്നു മാപ്പിള ലഹളയില്‍ ഉണ്ടായിരുന്നതെന്ന് ഇത്തരം സംഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അമുസ്ലീങ്ങള്‍ മാത്രമല്ല, സാധാരണക്കാരായ മുസ്ലീങ്ങളും തഖിയയെ ഭയപ്പെടേണ്ട ആവശ്യമുണ്ട് എന്നര്‍ത്ഥം. (തുടരും.)
[വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഞങ്ങള്‍ ചെയ്തിട്ടുള്ള വീഡിയോ പരമ്പരയിലെ ഒന്നാം ഭാഗത്തിന്‍റെ സ്ക്രിപ്റ്റ് ആണ് ഇത്. ആ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.youtube.com/watch?v=RES3S_jEUfY&t=1157s ]