ദൈവം ലജ്ജിക്കുന്നില്ല
തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16)
വിചിന്തനം
ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്.
ദൈവത്തോട് വിശ്വസ്തത പുലർത്തിയിരുന്നപ്പോഴും ഇവരിൽ പലർക്കും പലവിധത്തിലുള്ള വീഴ്ചകൾ സംഭവിച്ചു എന്നുള്ള കാര്യം ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. ദൈവത്തോടുള്ള അവരുടെ സ്നേഹം വർണ്ണിക്കുന്നതുപോലെതന്നെ അവർക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം വ്യക്തമായ വിവരണം നൽകുന്നുണ്ട്. നോഹയുടെ മദ്യപാനം അവന്റെ മകനായ ഹാമിന്റെ നാശകാരണമായി പരിണമിച്ചു (ഉൽപത്തി 9:18-27). അബ്രാഹത്തിന്റെ വിശ്വാസത്തെ പലപ്പോഴും ഭീരുത്വം കീഴടക്കിയിരുന്നു (ഉൽപത്തി 12:10-16). പിതാവിനെപ്പോലെതന്നെ, സ്വന്തം സുരക്ഷയെക്കുറിച്ചു ആകുലതയുണ്ടായപ്പോൾ ഭാര്യയെ സഹോദരിയെന്ന് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഇസഹാക്കും നിർബന്ധിതനായി (ഉൽപത്തി 26:6-11). യാക്കോബ് ഒരു വഞ്ചകനും മറ്റുള്ളവരുടെ ദുർബലതകൾ മുതലെടുക്കുന്നവനും ആയിരുന്നു. അവൻ സഹോദരനെ കൊതിപ്പിച്ചു കടിഞ്ഞൂൽ പുത്രന്റെ അവകാശവും (ഉൽപത്തി 25:27-34), പിതാവിനെ കബളിപ്പിച്ചു അനുഗ്രഹവും സ്വന്തമാക്കി (ഉൽപത്തി 27:1-29). ജോസഫിന്റെ പൊങ്ങച്ചവും വിവേകരഹിതമായ പെരുമാറ്റവും അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ ജനിക്കാൻ കാരണമായി (ഉൽപത്തി 37:5-11).
ദൈവത്തിന്റെ ഉപകരണമായി ഇസ്രായേൽക്കാരുടെയിടയിൽ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച മോശയുടെ വീഴ്ചയ്ക്ക് കാരണമായിത്തീർന്നത് അഹങ്കാരമാണ് (സംഖ്യ 20:10-12). ദുർബലനും സംശയമനസ്കനുമായിരുന്നു ഗിദെയോൻ (ന്യായാധിപന്മാർ 6:33-40). ഒരു സ്ത്രീയുടെ വശീകരണത്തിന് അടിമയായി സ്വയം നശിച്ചവനാണ് സാംസൺ (ന്യായാധിപന്മാർ 16:15-21). വേശ്യാപുത്രനും ഒരു നീചസംഘത്തോടൊപ്പം കൊള്ള ചെയ്തു നടന്നിരുന്നവനുമാണ് ജഫ്‌താ (ന്യായാധിപന്മാർ 11:1-3). അവൻ പ്രതിജ്ഞ നിറവേറ്റാനായി സ്വന്തം മകളെ ദഹനബലിയായി നൽകി (ന്യായാധിപന്മാർ 11:34-40). സ്വന്തം തെറ്റ് മറച്ചുവയ്ക്കുന്നതിനായി കൊലപാതകം ചെയ്യാൻപോലും ദാവീദ് മടികാണിച്ചില്ല (2 സാമുവൽ 11:1-27). ഇസ്രായേലിന്റെ ന്യായാധിപനും പ്രധാന പുരോഹിതനുമായിരുന്നിട്ടും സ്വന്തം മക്കളെ നേർവഴിക്ക് നടത്താൻ സാമുവലിന് കഴിഞില്ല (1 സാമുവൽ 8:1-3).
ഇങ്ങനെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തോട് വിശ്വസ്ഥത കാണിക്കുന്നതിൽ പരാജയപ്പെട്ടവരാണ് പഴയനിയമ പിതാക്കന്മാർ എല്ലാവരുംതന്നെ. തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്താപത്തോടെ തിരികെ വരാൻ തയ്യാറായപ്പോൾ അവരെ വിശ്വാസത്തിന്റെ മാതൃകയായി വരുംതലമുറകൾക്ക് പരിചയപ്പെടുത്താൻ ദൈവം തയാറായി. ദൈവത്തിന്റെ ഈ സ്നേഹം തിരിച്ചറിഞ്ഞ അവരാകട്ടെ തങ്ങൾ പിന്നിട്ടുപോന്നവയെക്കുറിച്ചു ചിന്തിക്കാതെ അവയേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്ക്കുകയും ചെയ്തു.
വിശ്വാസത്തിന്റെ സന്ദേശവാഹകരായി കുറ്റങ്ങളും കുറവുകളുമുള്ളവരെ ഉയർത്തിക്കാണിക്കുകവഴി ദൈവം എന്താണ് നമ്മോട് പറയുന്നത്? നമ്മുടെ പരാജയങ്ങളെയും പാപങ്ങളെയുംപ്രതി ലജ്ജിക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം എന്നല്ലേ. നമ്മൾ പാപം ചെയ്യുന്പോൾ വേദനിക്കുകയും, നമ്മുടെ തിരിച്ചുവരവിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് വിശുദ്ധഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നത്. മുടിയനായ പുത്രന്റെ പിതാവ് അവനെക്കുറിച്ചോർത്തു ലജ്ജിക്കുകയല്ലല്ലോ ചെയ്യുന്നത്. അവൻ തിരികെ വരുന്നതിനായി കാത്തിരിക്കുകയും, ഒടുവിൽ പശ്ചാത്താപത്തോടെ തിരികെ എത്തിയപ്പോൾ എല്ലാം മറന്ന് സ്വീകരിക്കുകയും ചെയ്തു എന്നല്ലേ ഈശോ നമുക്ക് പറഞ്ഞുതന്നിരിക്കുന്നത്.
തെറ്റുപറ്റി എന്ന തിരിച്ചറിവുണ്ടാകുന്പോൾ ദൈവത്തിലേക്ക് തിരികെച്ചെല്ലാൻ എന്താണ് നമുക്ക് തടസ്സമായി നിൽക്കുന്നത്? നമ്മെക്കുറിച്ചുള്ള നാണക്കേടുമൂലം ദൈവം നമ്മുടെനേരെ മുഖം തിരിക്കും എന്ന ഭയമോ, അതോ, കോപത്തോടെ നമ്മെ തള്ളിക്കളയും എന്ന ആശങ്കയോ? നമ്മുടെ കുറ്റങ്ങളും കുറവുകളും എല്ലാം അറിയാവുന്ന ദൈവത്തിന് നമ്മെ സ്നേഹിക്കാൻ സാധിക്കുമോ എന്ന സംശയത്തിനുള്ള ഉത്തരമാണ് വിശ്വാസത്തിന്റെ സന്ദേശവാഹകരായ പഴയനിയമ പിതാക്കന്മാരെല്ലാം. കഴിഞ്ഞുപോയവയെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവും നിമിത്തം ദൈവത്തിൽനിന്ന് അകന്നുനിൽക്കാതെ അവരെ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്ഷ്യംവച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്പോഴാണ് നമ്മളും ക്രിസ്തീയവിശ്വാസത്തിന്റെ സന്ദേശവാഹകരായി മാറുന്നത്.
Source : http://biblechinthakal.blogspot.com/2017/05/blog-post.html