ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്?
അനില്‍കുമാര്‍ വി അയ്യപ്പന്‍
ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:
ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ യേശുക്രിസ്തു. രണ്ട് ജീവിപ്പിക്കുന്ന വചനം അഥവാ എഴുതപ്പെട്ട ദൈവവചനമായ വിശുദ്ധ ബൈബിള്‍. രണ്ടും ദൈവവചനം ആണെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:
എഴുതപ്പെട്ട ദൈവവചനം ഒരു വ്യക്തിയല്ല, വസ്തുവാണ്. എന്നാല്‍ നിത്യമായ ദൈവവചനം ഒരു വ്യക്തിയാണ്. ദൈവത്വത്തില്‍ അവന്‍ പുത്രന്‍ എന്നറിയപ്പെടുന്നു. മനുഷ്യശരീരം ധരിച്ചു ഭൂമിയില്‍ വന്നതിനു ശേഷം അവന്‍ യേശുക്രിസ്തു എന്നറിയപ്പെടുന്നു.
എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഒരു സൃഷ്ടിയാണ്, സ്രഷ്ടാവല്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനമായ യേശുക്രിസ്തു സൃഷ്ടിയല്ല, സ്രഷ്ടാവാണ് (കൊളോ.1:14,15; റോമര്‍.9:5)
ബൈബിള്‍ നിത്യമായ ദൈവവചനമല്ല, അതിന് ആരംഭവും അവസാനവുമുണ്ട്. ഉല്‍പ്പത്തിയില്‍ ആരംഭിക്കുകയും വെളിപ്പാട് പുസ്തകത്തില്‍ അതവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവുമുള്ള ഒന്ന് നിത്യമായിരിക്കുകയില്ല. എന്നാല്‍ യേശുക്രിസ്തു നിത്യനായ ദൈവവചനമാണ്. (യോഹ.1:1)
ബൈബിള്‍ ഈ ലോകത്തിലേക്ക് വേണ്ടി മാത്രമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ വചനമാണ്. അതായത്, പാപിയായ മനുഷ്യന് എങ്ങനെ പാപത്തിന്‍റെ ശിക്ഷയായ രണ്ടാം മരണത്തില്‍ നിന്ന് രക്ഷപ്രാപിക്കാമെന്നും അങ്ങനെ രക്ഷപ്രാപിച്ചവര്‍ പാപം നിറഞ്ഞ ലോകത്ത് പാപം വസിക്കുന്ന ജഡത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ പാപത്തിന്‍റെ സ്വാധീനതയില്‍ നിന്നും രക്ഷപ്പെട്ട് പാപത്തിന്‍റെ മേല്‍ വിജയം വരിച്ച് എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍ (2.തിമോ.3:15,16). മരണശേഷമോ കര്‍ത്താവിന്‍റെ രണ്ടാം വരവിനു ശേഷമോ തേജസ്കരിക്കപ്പെട്ട ശരീരത്തോടെ പാപമില്ലാത്ത ലോകത്തില്‍ വസിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകമായി ഈ വചനത്തിന്‍റെ ആവശ്യമില്ല.
എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവത്തിന്‍റെ നിത്യവചനമായ യേശുക്രിസ്തു ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവന്‍റെ സന്തോഷവിഷയമാണ്. യേശുക്രിസ്തുവിനെ കൂടാതെ ഒരു ജീവിതം ഈ ലോകത്തിലായാലും വരുവാനുള്ള ലോകത്തിലായാലും അവന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അവന്‍റെ പ്രത്യാശ തന്നെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് വരികയും തന്നെ അവന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയും എല്ലാ നാളും അവനോടുകൂടെ ഇരിക്കാന്‍ കഴിയും എന്നുള്ളതാണ് (1.തെസ്സ.4:16,17)
എഴുതപ്പെട്ട ദൈവവചനം ആര്‍ക്ക് വേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് (യിരെമ്യാ. 36:23). നാശത്തിന് വിധേയമാകുന്ന ഒന്ന് നിത്യമായതാവുകയില്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനം ഒരിക്കലും നാശത്തിന് വിധേയമാകുകയില്ല. അവന്‍റെ ജഡം ദ്രവത്വം കണ്ടില്ല എന്നാണ് നാം വായിക്കുന്നത് (അപ്പൊ.പ്രവൃ.2:30). അവന്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റവനാണ്.
ഇങ്ങനെ എഴുതപ്പെട്ട ദൈവവചനവും സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കുന്ന ദൈവവചനവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളവനാണ് ഒരു ക്രിസ്ത്യാനി.
എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുന്നത്?
യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.
മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.
ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്. ദൈവത്തിന്‍റെ- ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.
ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടി മുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ് ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.
പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.
ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് ഞങ്ങള്‍ വ്യക്തമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
“യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു” (സങ്കീ.119:90) എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ദൈവിക വെളിപ്പടായ പുത്രനെക്കുറിച്ചാണ്, അല്ലാതെ എഴുതപ്പെട്ട ദൈവവചനത്തെക്കുറിച്ചല്ല.
എന്നാല്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഇല്ലായെങ്കില്‍ നിത്യദൈവവചനമായ യേശുക്രിസ്തുവിനെ കുറിച്ച് നമുക്ക് ഒന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ്. കാരണം എഴുതപ്പെട്ട വചനമാണ് ജീവിക്കുന്ന വചനത്തെ നമുക്ക് സാക്ഷിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല (യോഹ.5:38,39)
ബൈബിള്‍ യേശുക്രിസ്തുവിനെ സാക്ഷീകരിക്കുന്നു, യേശുക്രിസ്തു തന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കുകയും ചെയ്യുന്നു. ജീവിക്കുന്ന വചനമായ യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്ന ഒരാള്‍ക്ക് ആത്മീയമായി ജീവന്‍ പ്രാപിക്കാന്‍ സാധിക്കും. അത് അനുഭവത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്ന കാര്യമാണ്. ജീവന്‍ കൊടുക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവമായത് കൊണ്ടാണ് യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കാന്‍ അവനു കഴിയുന്നത്.
ഏതായാലും ക്രിസ്ത്യാനിറ്റിയില്‍ വചനത്തിന്‍റെ സ്ഥാനം ഇതാണ്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനം ഉണ്ട്. എഴുതപ്പെട്ട ദൈവവചനവും നിത്യനായ ദൈവവചനവും. നിത്യനായ ദൈവവചനം സ്രഷ്ടാവാണ്, ആദിയും അന്ത്യവും ഇല്ലാത്തവനാണ്. എന്നെന്നും നിലനില്‍ക്കുന്നവനാണ്. എഴുതപ്പെട്ട ദൈവവചനം സൃഷ്ടിയാണ്, അത് ഈ ലോകത്തിലേക്ക് മാത്രം ഉള്ളതാണ്.
ഇനി ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ് എന്ന് ഇവിടെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ പറഞ്ഞുതരണം.
അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ?
ആണെങ്കില്‍ ആ വചനം സൃഷ്ടിക്കപ്പെടുന്നതിന് തൊട്ടു മുന്‍പു വരെ അല്ലാഹു വചനം ഇല്ലാത്തവന്‍ അതായത് മിണ്ടാനും പറയാനും കഴിയാത്ത ഊമയായിരുന്നോ? മിണ്ടാനും പറയാനും പോലും കഴിയാത്ത ഒന്ന് ദൈവമാകുന്നതെങ്ങനെയാണ്? മിണ്ടാനും പറയാനും കഴിയാത്ത വിഗ്രഹങ്ങളെ ദൈവമായി കരുതി ആരാധിക്കുന്നവരും ഒരുകാലത്ത് മിണ്ടാനും പറയാനും കഴിയാതിരുന്ന അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്ന നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?
അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അത് സ്രഷ്ടാവായിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്നു ഈ പ്രപഞ്ചത്തിലില്ല. അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ലെങ്കില്‍ തീര്‍ച്ചയായും അത് സ്രഷ്ടാവായിരിക്കും. അങ്ങനെയെങ്കില്‍, സ്രഷ്ടാക്കളായി അല്ലാഹുവും അല്ലാഹുവിനോടൊപ്പം അല്ലാഹുവിന്‍റെ വചനവും ഉണ്ടെന്നു വരുന്നു. അപ്പോപ്പിന്നെ സ്രഷ്ടാവ് ഏകനാണ് എന്നുള്ള ഇസ്ലാമിക തൌഹീദിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
മാന്യമായ ഭാഷയില്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറുപടി പ്രതീക്ഷിക്കുന്നു.