About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍…

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

     

    ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്‌താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള സത്യം വിശ്വാസത്താല്‍ അംഗീകരിക്കേണ്ടി വരും. ലോകത്തുള്ള ഏതൊരു കാര്യത്തിന്‍റെ പുറകിലും ഒരു കാരണമുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നും ഉണ്ടാകുന്നില്ല എന്ന സത്യം ശാസ്ത്രലോകം എന്നും അംഗീകരിക്കുന്നതാണ്. അങ്ങെനെയാണെങ്കില്‍ അനന്തവിസ്തൃതമായ ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്നും സ്വയമേവ രൂപം കൊണ്ടു എന്ന് ചിന്തിക്കുന്നത് അബദ്ധമാണ്. അതുപോലെതന്നെ, ജീവനുള്ളവയില്‍ നിന്ന് മാത്രമെ ജീവന്‍ ഉണ്ടാകൂ എന്നതും ശാസ്ത്രം എതിരഭിപ്രായം ഇല്ലാതെ അംഗീകരിക്കുന്ന കാര്യമാണ്. നിര്‍ജ്ജീവമായ ഒന്നില്‍ നിന്നും ജീവന്‍ ഉണ്ടാകുകയില്ല എന്നത് പ്രപഞ്ചസത്യമാണ്. ഈ ഭൂമിയില്‍ പല വിധത്തിലുള്ള ജീവന്‍റെ രൂപങ്ങള്‍ കാണപ്പെടുന്നു. സസ്യങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ ജീവന്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നു. ജീവനുള്ളവയില്‍ നിന്ന് മാത്രമേ ജീവനുണ്ടാകൂ എന്ന ശാസ്ത്രതത്വമനുസരിച്ച് ഭൂമിയിലെ ഈ ജീവന്‍ ഉണ്ടായത് മറ്റൊരു ജീവദാദാവില്‍ നിന്നായിരിക്കാനേ തരമുള്ളൂ എന്ന് നമ്മുടെ യുക്തിബോധം നമ്മളോട് പറയുന്നു. ഈ ജീവദാദാവിനെയാണ് മനുഷ്യര്‍ ദൈവം എന്ന് മനസ്സിലാക്കുന്നത്.

     

    ലോകത്ത് ദൈവം എന്ന് അവകാശപ്പെടുന്നവര്‍ അനേകരുണ്ട്. ഓരോ മതത്തിലുമുള്ള ആളുകള്‍ തങ്ങള്‍ വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ ദൈവം എന്ന് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഏതാണ് സത്യദൈവം എന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്ന ഒരു വാക്യം ഇപ്രകാരമാണ്: “വൃക്ഷത്തെ അതിന്‍റെ ഫലംകൊണ്ട് തിരിച്ചറിയാം.” ഒരു വ്യക്തി പുറപ്പെടുവിക്കുന്ന ഫലം എന്നത് അയാളുടെ വാക്കുകളും പ്രവൃത്തികളുമാണ്. ദൈവമെന്ന് അവകാശപ്പെടുന്നവരുടെ വാക്കുകളും പ്രവൃത്തികളും നാം താരതമ്യപ്പെടുത്തി നോക്കിയാല്‍ സത്യദൈവത്തെ തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഒരു ഉദാഹരണം മാത്രം ഞാന്‍ തരാം:

     

    മഹാഭാരത യുദ്ധത്തിന്‍റെ തൊട്ടു മുന്‍പ്‌ യുദ്ധത്തില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന തന്‍റെ ബന്ധുക്കളേയും ഗുരുക്കന്മാരെയും മറ്റും കണ്ടിട്ട് മധ്യപാണ്ഡവനായ അര്‍ജുനന്‍ തന്‍റെ തേരാളിയായ കൃഷ്ണനോട് പറഞ്ഞു, “എന്‍റെ പിതാമഹനെയും സഹോദരങ്ങളേയും ഗുരുജനങ്ങളെയും ബന്ധുമിത്രാദികളെയും വധിച്ചിട്ടു എനിക്കൊന്നും നേടേണ്ട. കുറച്ച് ഭൂമിക്ക് വേണ്ടി ഞാന്‍ ഇവരെയൊക്കെ വധിക്കണോ? എന്‍റെ സഹോദരഭാര്യമാരെ ഞാന്‍ വിധവകളാക്കണോ? വേണ്ട കൃഷ്ണാ, എനിക്ക് യുദ്ധം ചെയ്യാന്‍ താല്പര്യമില്ല.” ഹിന്ദു ദൈവമായ കൃഷ്ണന്‍  അതിനു മറുപടി പറയുന്നത് ഇപ്രകാരമാണ്: “ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക. കുലധര്‍മ്മം വെടിയരുത്. നീ ക്ഷത്രിയ വംശത്തില്‍പ്പെട്ടവനാണ്. ക്ഷത്രിയന്‍റെ കുലധര്‍മ്മം യുദ്ധം ചെയ്യുക എന്നതാണ്. അതിന്‍റെ ഫലം എന്താകും എന്ന് നീ വ്യാകുലപ്പെടേണ്ട. യുദ്ധത്തില്‍ ശത്രുപക്ഷത്തുള്ളത് ആരാണെന്ന് നീ നോക്കുകയും വേണ്ട!”

     

    എന്നിട്ടും ആയുധമെടുക്കാന്‍ മടിച്ചു നിന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഭഗവദ്ഗീതയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

     

    യഥാ യഥാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതാം

    അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം

    പരിത്രായാണാ സാധൂനാം വിനാശായ ച ദുഷ്കൃതാം

    ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ!

     

    ശ്ലോകത്തിന്‍റെ അര്‍ത്ഥം ഇപ്രകാരമാണ്: “എപ്പോഴെപ്പോഴൊക്കെ ഭാരതത്തില്‍ ധര്‍മ്മത്തിനു തകര്‍ച്ച നേരിടുകയും അധര്‍മ്മം അഭ്യുത്ഥാനം പ്രാപിക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ ഞാന്‍ അവതാരമെടുക്കും. എന്നിട്ട് ദുഷ്കര്‍മ്മികള്‍ക്ക് വിനാശം വരുത്തുകയും നല്ലവരെ എന്‍റെ അടുക്കല്‍ ചേര്‍ക്കുകയും ധര്‍മ്മത്തെ പുന:സ്ഥാപിക്കുകയും ചെയ്യും. ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയുള്ള ഈ അവതാരമെടുക്കല്‍ കാലാകാലങ്ങളില്‍ സംഭിച്ചു കൊണ്ടേയിരിക്കും.”

     

    ഇനി നമ്മള്‍ ഖുര്‍ആന്‍ പരിശോധിക്കുകയാണെങ്കിലോ അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയൊക്കെ കൊന്നുകളയാന്‍ വരെയുള്ള കല്പനകള്‍ ആണ് അതിലെ ദൈവമായ അള്ളാഹു ആ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്. ആ കല്പനകള്‍ അനുസരിക്കാന്‍ തയ്യാറായി ധാരാളം പേര്‍ ഇപ്പോഴും ഭൂമിയിലുണ്ട് എന്നതിന് തെളിവ് ഓരോ ദിവസത്തേയും പത്രവാര്‍ത്തകളില്‍ നിന്നും നമുക്കറിയാന്‍ പറ്റുന്നതായത് കൊണ്ട് ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

     

    ഇനി ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞ കാര്യം കൊടുക്കുന്നു: “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ” (മത്തായി.5:38-45)

     

    കൃഷ്ണനും അല്ലാഹുവും പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ കാര്യമാണ് യേശുക്രിസ്തു പറഞ്ഞിക്കുന്നത്. ഈ താരതമ്യത്തില്‍ നിന്ന് തന്നെ ആരാണ് സ്രഷ്ടാവായ ദൈവം എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു മനുഷ്യന് രണ്ട് മക്കള്‍ ഉണ്ടെന്നു കരുതുക. ഈ രണ്ടു പേരും കുട്ടികളായിരിക്കുമ്പോള്‍ എന്തെങ്കിലും കാര്യത്തിനു വേണ്ടി വാശിപിടിച്ച് പരസ്പരം അടികൂടിയാല്‍ അവരുടെ പിതാവ്‌ ഏതെങ്കിലും ഒരാളുടെ പക്ഷം പിടിച്ച് മറ്റെയാളെ വധിക്കാന്‍ ആവശ്യപ്പെടുമോ? അങ്ങനെ ആവശ്യപ്പെട്ടാല്‍ അതില്‍നിന്നു തെളിയുന്നത് അയാള്‍ അവരുടെ പിതാവല്ല എന്ന സത്യമാണ്! അയാള്‍ അവരുടെ പിതാവാണെങ്കില്‍ പറയുക ഇപ്രകാരമായിരിക്കും: “നിങ്ങള്‍ പരസ്പരം അടികൂടരുത്. ഒരാളെ അടിച്ചാല്‍ മറ്റേയാള്‍ തിരിച്ചടിക്കരുത്, എന്നോട് വന്നു പറയുക. തെറ്റ് ചെയ്തയാളെ ഞാന്‍ ശിക്ഷിച്ചോളാം.” എന്നാല്‍ ഈ പിതാവ്‌ ദുഃഖിച്ചു കാണണം എന്നാഗ്രഹിക്കുന്ന, പിതാവിന്‍റെ ശത്രുവായ ഒരാള്‍ ആണ് ഇവരുടെ അടി കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഏതെങ്കിലും ഒരാളുടെ പക്ഷം ചേര്‍ന്ന് മറ്റെയാളെ കൂടുതല്‍ ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കും. കാരണം, ഈ മക്കളില്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും തന്‍റെ എതിരാളിയായ അവരുടെ പിതാവിനെ അത് ദുഃഖിപ്പിക്കും എന്നയാള്‍ക്ക്‌ അറിയാം.

     

    അതുകൊണ്ടുതന്നെ, ഇവിടെ യേശുക്രിസ്തുവിന്‍റെ കല്പനയാണ് സ്രഷ്ടാവായ ദൈവത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടുള്ളത്. ഒരുത്തനെ ഞാന്‍ ശത്രുവായി വിചാരിച്ചാലും സ്രഷ്ടാവായ ദൈവത്തിന്‍റെ കണ്ണില്‍ അവനും ദൈവത്തിന്‍റെ സൃഷ്ടിയാണ്. എന്നെയും എന്‍റെ ശത്രുവിനേയും ദൈവം തന്നെ സൃഷ്ടിച്ചതായത് കൊണ്ട് ദൈവത്തിന് ഒരിക്കലും എന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് അവനെ കൊല്ലാന്‍ പറയാനോ അല്ലെങ്കില്‍ അവന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് എന്നെ കൊല്ലാന്‍ പറയാനോ കഴിയില്ല. ഇതില്‍നിന്നു യേശുക്രിസ്തു നല്‍കിയിരിക്കുന്ന ഉപദേശമാണ് സത്യദൈവത്തില്‍ നിന്നുള്ളത് എന്ന് തെളിയുന്നു. അല്ലാഹുവിന്‍റെയും കൃഷ്ണന്‍റെയും കല്പനകള്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ എതിരാളികള്‍ ആണ് അവര്‍ എന്ന സത്യം വിളിച്ചോതുന്നു. ബൈബിളിലെ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. (താഴെ കൊടുക്കുന്ന കാര്യങ്ങളില്‍ കുറച്ച് മാത്രമേ എന്‍റെ വകയായിട്ടുള്ളൂ. ജി.സുശീലന്‍ സാറിന്‍റെയും മറ്റും പുസ്തകങ്ങളില്‍ നിന്നെടുത്തിട്ടുള്ളതാണ് അധികവും.)

     

    സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ഏകസത്തയാണ് ദൈവം. ദൈവത്തിന്‍റെ ആണ്മ അഥവാ അസ്തിത്വം അംഗീകരിക്കുന്നില്ലെങ്കില്‍ ദൈവത്തെക്കുറിച്ചുള്ള അറിവിനെപ്പറ്റി പ്രസ്താവിക്കുന്നത് അര്‍ത്ഥരഹിതമാണ്. ദൈവം ഉണ്ട്, ദൈവം ജ്ഞേയനാണ് എന്നിവയാണ് ആസ്തിക്യവാദത്തിന്‍റെ അടിസ്ഥാനം. ദൈവാസ്തിത്വം അംഗീകരിക്കുന്നത് വിശ്വാസത്താലാണ്, ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അത് തെളിയിക്കാവുന്നതല്ല. പ്രസ്തുത വിശ്വാസം അന്ധമല്ല; പ്രത്യുത, വിശ്വാസ്യമായ വസ്തുതകളിലും തെളിവുകളിലും അധിഷ്ഠിതമാണ്. ഈ തെളിവുകള്‍ ദൈവിക തിരുവെഴുത്തായ ബൈബിളില്‍ നിന്നും പ്രകൃതിയിലെ ദൈവിക വെളിപ്പാടുകളില്‍ നിന്നും ലഭിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അവബോധം എല്ലാ മനുഷ്യരുടെ ഉള്ളിലും പ്രാകൃത ഭാവത്തിലോ സംസ്കൃത ഭാവത്തിലോ അടിഞ്ഞു കിടപ്പുണ്ട്. ദൈവം ഉണ്ടെന്നും, ദൈവമാണ് തങ്ങളുടെ സ്രഷ്ടാവെന്നും തങ്ങള്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും അന്തരംഗം അവരെ ഓര്‍മ്മിപ്പിക്കുന്നു. അവിശ്വാസികള്‍ക്ക്‌ പോലും ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കു വെളിവായിരിക്കുന്നു; ദൈവം അവര്‍ക്കു വെളിവാക്കിയല്ലോ. അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢന്മാരായിപ്പോയി” (റോമ.1:19-22).

     

    മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാനം അവന് ബാഹ്യമാണ്, എന്നാല്‍ ദൈവത്തിന്‍റെ അസ്തിത്വം ബാഹ്യമായ ഒന്നിനേയും ആശ്രയിക്കുന്നില്ല. തന്നില്‍ത്തന്നെയാണ് ദൈവത്തിന്‍റെ അസ്തിത്വത്തിന്‍റെ ആധാരം. ഈ ആശയത്തെയാണ് സ്വയംഭൂ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൈവത്തെ സ്വയംഭൂ എന്ന് പറയുന്നതും ശരിയല്ല, അങ്ങനെയൊരു ഭവിക്കല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ഇല്ല. അതുകൊണ്ട് സ്വയം സ്ഥിതന്‍ എന്നോ സ്വയാസ്തിക്യമുള്ളവന്‍ എന്നോ ദൈവത്തെ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. തന്‍റെ ഉണ്മ കാരണമായി ദൈവം സ്ഥിതി ചെയ്യുന്നു. ദൈവത്തിന്‍റെ സ്വയാസ്തിത്വം തന്‍റെ ദൃഢപ്രഖ്യാപനത്തില്‍ സൂചിതമാണ്: “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” (പുറ.3:14) എന്ന് ദൈവം മോശയോടു പറഞ്ഞു. അതായത് അവന്‍ എപ്പോഴും ആകുന്നവന്‍ ആണ്, ആയിരുന്നവനോ ആകാന്‍ പോകുന്നവനോ അല്ല. അവന് എല്ലാം വര്‍ത്തമാന കാലം മാത്രമാണ്.

     

    ഹോരെബില്‍ വെച്ച് ദൈവം മോശെക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മുള്‍പ്പടര്‍പ്പ്‌ കത്തിയെങ്കിലും എരിഞ്ഞു ചാമ്പലായില്ല (പുറ.3:2). ആ അഗ്നി സ്വയം തൃപ്തമായിരുന്നു. മുള്‍പ്പടര്‍പ്പിനെ എരിക്കേണ്ട ആവശ്യം അതിനില്ലായിരുന്നു. ദൈവത്തിന്‍റെ അസ്തിത്വവും ഇതേ നിലയിലാണ്. ഏതിലാണോ ദൈവം വെളിപ്പെടുന്നത് അതില്‍നിന്നും ദൈവം സ്വതന്ത്രനാണ്. സ്വന്തം അസ്തിത്വത്തിനു ദൈവം കാരണം എന്ന് പറയുന്നതും ശരിയല്ല. അങ്ങനെയെങ്കില്‍ സ്വയം ഉന്മൂലനം ചെയ്യുന്നതിനും ദൈവത്തിനു കഴിവുണ്ടായിരിക്കണം. എന്നാല്‍ ദൈവത്തിനു തന്നത്താന്‍ ത്യജിക്കാന്‍ കഴിയുകയില്ല എന്ന് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു (2.തിമോ.2:13). ദൈവം തന്നില്‍ത്തന്നെ സ്വതന്ത്രനായിരിക്കുകയും മറ്റുള്ളവയെ എല്ലാം തന്നില്‍ ആശ്രയിക്കുമാറാക്കുകയും ചെയ്യുന്നു.

     

    ദൈവം ജ്ഞേയനാണ് എന്ന് തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അപ്രാപ്യമല്ലെന്നും വെളിപ്പാടിലൂടെ മനുഷ്യന് അത് ലഭിക്കുന്നു എന്നും പഴയനിയമവും പുതിയ നിയമവും ഒരുപോലെ വ്യക്തമാക്കുന്നുണ്ട്.

     

    “സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നതു പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂര്‍ണ്ണമായിരിക്കയാല്‍ എന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല” (യെശയ്യാ.11:9).

     

    “ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്‍റെ നാമം യിസ്രായേലില്‍ വലിയതാകുന്നു” (സങ്കീ.76:1).

     

    സ്വന്തം ശിഷ്യന്മാര്‍ക്ക് വേണ്ടി കഴിച്ച പ്രാര്‍ത്ഥനയില്‍ ക്രിസ്തു വ്യക്തമാക്കി: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു” (യോഹ.17:3).

     

    “ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു” (1.യോഹ.5:20).

     

    ഇപ്പറഞ്ഞവയില്‍ നിന്ന് ദൈവത്തെ പൂര്‍ണ്ണമായി നമുക്ക്‌ ഗ്രഹിക്കാമെന്നു കരുതേണ്ടതില്ല. കാരണം, സ്രഷ്ടാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സൃഷ്ടിക്ക് ഒരിക്കലും കഴിയുകയില്ല. സ്രഷ്ടാവ് തന്നെക്കുറിച്ച് എത്രത്തോളം വെളിപ്പെടുത്തി തരാന്‍ ആഗ്രഹിക്കുന്നോ, അത്രത്തോളം മാത്രമേ സൃഷ്ടിക്ക് അവനെ അറിയാന്‍ കഴിയുകയുള്ളൂ. സ്രഷ്ടാവായ ദൈവം, അപരിമിതനും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ, അരിഞ്ഞിട്ടാല്‍ വെയിലില്ലെങ്കിലും വാടിപ്പോകുന്ന ഇളംപുല്ലിന് തുല്യനായ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിമണ്ഡലത്തില്‍ ഒതുങ്ങണം എന്ന് വാശിപിടിക്കുന്നതിലും വലിയ ഭോഷത്വം വേറെ ഏതാണുള്ളത്?

     

    ദൈവം ജ്ഞേയനാണ് എന്ന് പറയുമ്പോള്‍ തന്നെ നാം മനസ്സിലാക്കേണ്ട കാര്യം, ദൈവം നമ്മുടെ അറിവിനും അതീതനാണ് എന്നുള്ള സത്യം കൂടിയാണ്. മനുഷ്യന് പൂര്‍ണ്ണമായി ആറിയുവാനോ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുവാനോ ഭാവന ചെയ്യുവാനോ കഴിയാത്ത വണ്ണം മഹത്വപൂര്‍ണ്ണനാണ് ദൈവം. ദൈവിക ഗുണങ്ങളിലൊന്നും തന്നെ മനുഷ്യന്‍റെ ബുദ്ധിക്ക് പ്രാപ്യമല്ല. നയമാത്യനായ സോഫര്‍ ചോദിക്കുന്നത് “ദൈവത്തിന്‍റെ ആഗാധത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?” (ഇയ്യോ.11:7,8) എന്നാണ്. പ്രവാചകന്‍ ചോദിക്കുന്നത് നോക്കുക: “ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?” (യെശയ്യാ.40:18). ദൈവത്തിന്‍റെ മഹിമ (സങ്കീ.145:3), വിവേകം (സങ്കീ.147:5), പരിപാലനം (സങ്കീ.139:6) വഴികള്‍ എല്ലാം മനുഷ്യന്‍റെ ബുദ്ധിക്കതീതമാണ് (റോമ.11:33-35). ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത് ദൈവാത്മാവാണ്. അതിനെ മനുഷ്യന് വെളിപ്പെടുത്തി കൊടുക്കുന്നതും ദൈവാത്മാവ് തന്നെയാണ് (1.കൊരി.2:10-12). ദൈവത്തെപ്പറ്റി സമ്പൂര്‍ണ്ണ അറിവ് മനുഷ്യന് ലഭിക്കാന്‍ സാധ്യമല്ല. ദൈവിക സ്വയം വെളിപ്പാടില്‍ നിന്നാണ് ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക്‌ ലഭിക്കുന്നത്. ദൈവത്തെക്കുറിച്ച് ഒരു വെളിപ്പാടും ലഭിച്ചില്ലെങ്കില്‍ മനുഷ്യന് ദൈവഭയമോ ഭക്തിയോ ഉണ്ടാവുകയില്ല. ആരാധന നിര്‍വ്വഹിക്കാനും മനുഷ്യന് സാധ്യമല്ല.

     

    ദൈവം ആത്മസ്വരൂപനാണ്. ആളത്തമില്ലാത്ത ആത്മാവായി ദൈവത്തെ കണക്കാക്കുന്ന ദാര്‍ശനിക വീക്ഷണം ബൈബിള്‍ അംഗീകരിക്കുന്നില്ല. മനുഷ്യാത്മാവ് ആളത്തമായിരിക്കുന്നത് പോലെ ദൈവാത്മാവും ആളത്തമായിരിക്കുന്നു. ജീവിത കാലത്ത് മനുഷ്യനില്‍ ദേഹത്തവും ആളത്തവും എകീഭവിച്ചിരിക്കുന്നു. മരണത്തില്‍ ദേഹത്തം നശിക്കുകയും ആളത്തം നിലനില്‍ക്കുകയും ചെയ്യും. ദൈവത്തിന്‍റെ ആളത്തം ദേഹരഹിതമാണ്. ആളത്തമെന്നത് ആത്മബോധവും സ്വയം നിര്‍ണ്ണയവുമാണ്. ബൈബിള്‍ വെളിപ്പെടുത്തുന്നതനുസരിച്ചു ദൈവത്തിന് ആത്മബോധവും (പുറ.3:14; യെശയ്യാ.45:5; 1.കൊരി.2:10) സ്വയം നിര്‍ണ്ണയവും (ഇയ്യോ.23:13; റോമര്‍ . 9:11; എഫേസ്യ.1:9,11; എബ്രാ.6:17) ഉണ്ട്.

     

    “ഞാന്‍” എന്നും “എന്നെ” എന്നും പറയാന്‍ കഴിവുള്ളവനാണ് ദൈവം (പുറ.20:2).

     

    “നീ” എന്ന് സംബോധന ചെയ്യുമ്പോള്‍ പ്രതികരിക്കാനും ദൈവത്തിന് കഴിവുണ്ട് (സങ്കീ.90:1).

     

    ആളത്തത്തിന്‍റെ മാനസിക സവിശേഷതകളായ ബുദ്ധി (ഉല്‍പ്പത്തി.18:19; പുറ.3:7; അപ്പൊ.പ്രവൃ.15:18) സംവേദനം (ഉല്പത്തി.6:6; സങ്കീ.103:8-14; യോഹ.3:16) ഇച്ഛാശക്തി (ഉല്‍പ്പത്തി.3:15; സങ്കീ.115:3; യോഹ. 6:38) എന്നിവ ദൈവത്തിനുണ്ട്.

     

    ദൈവത്തിന്‍റെ ആളത്തലക്ഷണങ്ങളില്‍ പ്രഥമം ആത്മീയതയാണ് (Spirituality). ദൈവം സത്തയാണ്; ഭൌതിക സത്തയല്ല; മറിച്ച്, ആത്മീയ സത്തയാണ്. സൃഷ്ടിപ്പിന്‍റെ വിവരണത്തില്‍ അന്ധകാരത്തില്‍ നിന്ന് വെളിച്ചവും ക്രമരാഹിത്യത്തില്‍ നിന്ന് ക്രമവും സൃഷ്ടിക്കുന്ന ആത്മാവായി ദൈവത്തെ വെളിപ്പെടുത്തുന്നു (ഉല്പ.1:2,3). ആരാധനയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ ആത്മീയ സ്വരൂപത്തെ ക്രിസ്തു ശമര്യാ സ്ത്രീക്ക് വെളിപ്പെടുത്തി കൊടുത്തു. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” (യോഹ.4:24). ആത്മീയ സത്ത എന്ന നിലയില്‍ ദൈവം ഭൌതിക രൂപരഹിതനാണ്. വിഗ്രഹങ്ങളെ ഉണ്ടാക്കരുത് എന്ന ബൈബിള്‍ കല്പനയുടെ അടിസ്ഥാനം ദൈവത്തിന്‍റെ ദേഹരഹിത പ്രകൃതിയാണ് (പുറ.20:4,5).

     

    ദൈവത്തിന്‍റെ ആത്മീയതയും ആത്മാവോട് കൂടിയ ദൈവ സൃഷ്ടികളും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ ഭാഗികമായി ദേഹവും ഭാഗികമായി ആത്മാവുമാണ്. ദൈവം അപ്രകാരമല്ല, രൂപമോ ഭാഗങ്ങളോ ഇല്ലാത്ത നിഷ്കലനായ കേവലാത്മാവാണ്. പ്രസ്തുത കാരണത്താല്‍ ദൈവത്തിന് ഭൌതിക സാന്നിധ്യമില്ല. ദൈവത്തെ ആത്മാവെന്നു പറയും, പക്ഷെ ദൈവത്തിന് ആത്മാവുണ്ടെന്നു പറയുകയില്ല. മനുഷ്യന് ആത്മാവുണ്ടെന്നു പറയും, പക്ഷെ മനുഷ്യന്‍ ആത്മാവാണെന്ന് പറയുകയില്ല! ദൈവത്തിന് ശരീര സാന്നിധ്യം ഇല്ലായെന്നു പറയുമ്പോള്‍ത്തന്നെ, തിരുവെഴുത്തുകളില്‍ പല സ്ഥലങ്ങളിലും കാണുന്ന ദൈവത്തിന്‍റെ ശരീരഭാഗങ്ങളുടെ വിവക്ഷയെന്തെന്ന് ചിന്തിക്കേണ്ടതുണ്ട്. കൈകള്‍ (യെശയ്യാ.65:2; എബ്രാ.1:10) കാലുകള്‍ (ഉല്പ.3:8; സങ്കീ.8:6) കണ്ണുകള്‍ (1.രാജാ.8:29; 2.ദിന.16:9) ചെവികള്‍ (നെഹ.1:6; സങ്കീ.34:15) ഇവയെല്ലാം ദൈവത്തെ സാക്ഷാത്കരിക്കുന്നതിനും ദൈവത്തിന്‍റെ വിഭിന്ന താല്പര്യങ്ങളും ശക്തികളും പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതിനും ഉള്ള മനുഷ്യത്വാരോപപരവും പ്രതീകാത്മവുമായ ചിത്രീകരണങ്ങള്‍ മാത്രമാണ്. ഇമ്മാതിരി ഭൌതിക പദാവലിയിലൂടെയല്ലാതെ നമുക്ക്‌ ദൈവത്തെക്കുറിച്ച് പറയുവാനേ കഴിയുകയില്ല, അത് മനുഷ്യന്‍റെ പരിമിതിയാണ്. ദൈവത്തിന്‍റെ ആത്മീയത പ്രദേയഗുണമാണ്, മനുഷ്യാത്മാവിനോട് സംസാരിക്കാനും ഇടപെടാനും ആത്മീയത സഹായിക്കുന്നു. ദൈവം നല്‍കിയ ആത്മാവിലാണ് അവിടത്തെ മക്കള്‍ ദൈവത്തെ ആരാധിക്കുന്നത് (സെഖര്യാ.12:1; യോഹ.4:24; 1.കൊരി.14:14; ഫിലി. 3:3).

     

    ദൈവം അനന്തമായ ആത്മാവാണ്. സ്ഥലകാല ബദ്ധരായ മനുഷ്യര്‍ക്ക്‌ ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടുള്ള നിഗൂഢ സത്യമാണിത്. ദൈവത്തിന്‍റെ ഓരോ അംശവും അനന്തമാണ്. സ്ഥലം, കാലം, ജ്ഞാനം, ശക്തി എന്നിവയില്‍ ദൈവം അനന്തനാണ്. കാലത്തോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തതയെ നിത്യത (Eternity) എന്ന് വിളിക്കുന്നു. ദൈവത്തിന് ആരംഭവും അവസാനവുമില്ല. സ്വയാസ്തിക്യത്തിന്‍റെ അര്‍ത്ഥം അതാണ്‌. ദൈവത്തെ നിത്യ ദൈവമെന്നും (ഉല്പ.21:33) ശാശ്വതവാസിയെന്നും (സങ്കീ.90:2; യെശയ്യാ.57:15) അമര്‍ത്യതയുള്ളവനെന്നും (1.തിമോ.6:6) തിരുവെഴുത്തുകള്‍ വെളിപ്പെടുത്തുന്നു. സ്ഥലത്തോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തതയെ ‘അപ്രമേയത’ എന്നും പ്രപഞ്ചത്തിനുള്ളിലെ തന്‍റെ സാന്നിദ്ധ്യത്തെ സര്‍വ്വവ്യാപിത്വം എന്നും പറയുന്നു. (1.രാജാ.8:27; യെശയ്യാ.66:1; അപ്പൊ.7:48; 17:24; റോമര്‍ . 10:6-8). അതുകൊണ്ടാണ് ദൈവം ഇപ്രകാരം ചോദിക്കുന്നത് “ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു” (യിരമ്യാ.23:23,24). ദൈവം സ്വയം അറിയുന്നു (സങ്കീ.147:5; എബ്രാ.4:13; മത്താ.10:30). ദൈവത്തിന്‍റെ സര്‍വ്വവ്യാപിത്വം തന്‍റെ അസ്തിത്വത്തിന്‍റെ ആവശ്യ ഘടകമല്ല, പ്രത്യുത, സ്വന്തം ഇച്ഛാശക്തിയുടെ സ്വതന്ത്ര വ്യവഹാരം മാത്രമാണ്. ദൈവം പ്രപഞ്ചത്തെ ഇല്ലാതാക്കുകയാണെങ്കില്‍ തന്‍റെ സര്‍വ്വവ്യാപിത്വം നിലയ്ക്കും. എന്നാല്‍ ദൈവം സ്വയം ഇല്ലാതാവുകയില്ല.

     

    `ജ്ഞാനത്തിലുള്ള ദൈവത്തിന്‍റെ അനന്തതയെ സര്‍വ്വജ്ഞാനം (omniscience) എന്ന് പറയുന്നു. ദൈവം സ്വയം അറിയുക മാത്രമല്ല, നിത്യതയില്‍ നിന്നുള്ള എല്ലാ കാര്യങ്ങളെയും ഏകമായി കാണുന്നു. ആദ്യമേതന്നെ അവസാനവും അവസാനത്തില്‍ നിന്ന് ആരംഭവും അവന്‍ കാണുന്നു: “ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്‍റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്‍റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു” (യെശയ്യാ.66:10). സൃഷ്ടിയിലുള്ള ഒരു വസ്തുവിനും ദൈവത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ല.

     

    ശക്തിയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തത സര്‍വ്വശക്തി (omnipotence) എന്നറിയപ്പെടുന്നു. ദൈവം സര്‍വ്വ ശക്തനും ഇഷ്ടമുള്ളതൊക്കെയും ചെയ്യുവാന്‍ കഴിവുള്ളവനും ആണ്. “നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു” (സങ്കീ.115:3). “ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു” (സങ്കീ.135:6). “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവര്‍‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാ.55:10,11). ദൈവം സര്‍വ്വശക്തനാണെങ്കിലും തന്‍റെ സ്വഭാവത്തിനു എതിരായത് കൊണ്ട് ചില കാര്യങ്ങള്‍ അവന്‍ ചെയ്യുകയില്ല എന്നും ബൈബിള്‍ പറയുന്നു:

     

    1. നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവന്നു കഴികയില്ലല്ലോ” (2.തിമോ.2:13)

     

    1. ഭോഷ്ക് പറയുവാന്‍ ദൈവത്തിന് കഴിയുകയില്ല (തീത്തോ.1:2, എബ്രാ.6:18)

     

    1. പാപത്തിലെക്കുള്ള പ്രേരണ ചെലുത്താന്‍ ദൈവത്തിന് കഴിയുകയില്ല (യാക്കോ. 1:13)

     

    ദൈവിക നിര്‍ണ്ണയങ്ങളുടെയും ആജ്ഞകളുടേയും അടിസ്ഥാനം ദൈവത്തിന്‍റെ പരമാധികാരമാണ്. സൃഷ്ടിയില്‍ എല്ലാറ്റിനും അതാതിന്‍റെ സ്ഥാനം നിശ്ചയിക്കുകയും മനുഷ്യരുടെ നിവാസത്തിനു കാലങ്ങളും അതിരുകളും നിര്‍ണ്ണയിക്കുകയും ചെയ്തത് ദൈവം തന്‍റെ പരമാധികാരത്തിലാണ്. ദൈവഹിതത്തിനു വിധേയപ്പെട്ടവര്‍ സമ്പൂര്‍ണ്ണമായ സമാധാനം അനുഭവിക്കുന്നു. ദൈവഹിതം അറിഞ്ഞിട്ടും അവഗണിക്കുന്നവരുടെ ഓഹരി വേദനയും വ്യാകുലതയുമാണ്. “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു; യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു” (1.ശമു.2:6-8). “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്‍റെ പ്രവൃത്തിയാകുന്നു. (1.ദിന.29:11,12). ദൈവത്തിന്‍റെ പരമാധികാരത്തെ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.

     

    പരമാധികാരിയായ ദൈവത്തിന്‍റെ ഇച്ഛാശക്തി അനന്തമാണ്. സ്വന്തം നിര്‍ണ്ണയങ്ങള്‍ ദൈവം ആസൂത്രണം ചെയ്യുകയും തന്‍റെ സമയത്തിലും മാര്‍ഗ്ഗത്തിലും അവ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ദൈവം ഒരു കാര്യം ചെയ്യുകയോ ഉദാസീനമായി സംഭവിക്കാന്‍ അനുവദിക്കുകയോ ചെയ്യും. ഇതില്‍ ആദ്യത്തേതിനെ ദൈവത്തിന്‍റെ കര്‍തൃത്വഹിതമെന്നും രണ്ടാമത്തേതിനെ അനുവദനീയ ഹിതമെന്നും വിളിക്കുന്നു. ഭൂമിയില്‍ പാപം പ്രവേശിക്കുവാന്‍ ദൈവം അനുവദിച്ചത് തന്‍റെ അനുവദനീയ ഹിതത്താലാണ്. കാരണം, പാപം ദൈവിക നന്മയുടെയും വിശുദ്ധിയുടേയും വൈരുദ്ധ്യമാണ്. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും മേല്‍ ദൈവം ഇടപെടുന്നില്ല എന്നതാണ് അവിടത്തെ അനുവദനീയഹിതം കൊണ്ട് തെളിയുന്നത്. മനുഷ്യന്‍റെ അവിശ്വാസം കാരണമായി ദൈവഹിതം തടയപ്പെടുന്ന ഹൃദയ സ്പര്‍ശിയായ ഒരുദാഹരണം കര്‍ത്താവിന്‍റെ വാക്കുകളിലുണ്ട്: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കും പോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല” (മത്താ.23:37). ദൈവത്തിന് ഹിതമായിരുന്നെങ്കിലും യിസ്രായേലിന് മനസില്ലാതിരുന്നത് കൊണ്ട് ദൈവം പ്രവര്‍ത്തിക്കാതിരുന്ന കാര്യമാണ് കര്‍ത്താവ് ഇവിടെ യിസ്രായേലിനെ ഓര്‍മ്മിപ്പിക്കുന്നത്.

     

    തിന്മയില്‍ നിന്നും പാപത്തില്‍നിന്നും വേര്‍പെട്ടവനാണ് ദൈവം. ഈ അവസ്ഥയെ ദൈവത്തിന്‍റെ വിശുദ്ധി എന്ന് വിളിക്കുന്നു. ഒരര്‍ത്ഥത്തില്‍ വിശുദ്ധി മറ്റു ദൈവിക ലക്ഷണങ്ങളോടു സഹബദ്ധമല്ല; എന്നാല്‍ അവയോട് സഹവ്യാപ്തമാണ്. ഒന്നാമതായി, ഇത് താന്‍ ആയിരിക്കുന്ന എല്ലാത്തിലുമുള്ള ദൈവത്തിന്‍റെ പൂര്‍ണ്ണത ആകുന്നു. രണ്ടാമതായി, തന്‍റെ ആണ്മയുടേയും ഇച്ഛാശക്തിയുടേയും നിത്യാനുരൂപം ആണത്. ദൈവത്തിന്‍റെ ഇച്ഛാശക്തി എന്നത് തന്‍റെ സ്വഭാവത്തിന്‍റെ പ്രകാശനം ആണ്, അത് വിശുദ്ധമാണ്.

     

    ബൈബിളില്‍ വെളിപ്പെടുന്ന ദൈവത്തിന്‍റെ ഗുണങ്ങളില്‍ വിശുദ്ധിക്കാണ് പ്രഥമസ്ഥാനം. ദൈവത്തിന്‍റെ വിശുദ്ധി അസൃഷ്ടവും അകളങ്കിതവും ആണ്. തന്‍റെ എല്ലാ പ്രവൃത്തികളിലും അത് ദൃശ്യമാണ്. ദൈവത്തിന് നന്മയുടെ നേര്‍ക്കുള്ള ആഭിമുഖ്യത്തിനും തിന്മയുടെ നേര്‍ക്കുള്ള പരാങ്മുഖത്വത്തിനും അടിസ്ഥാനം ദൈവത്തിന്‍റെ മാറ്റമില്ലാത്ത വിശുദ്ധിയാണ്. പഴയ നിയമകാലത്ത് വിശുദ്ധിയിലാണ് ദൈവം അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നത്.

     

    “ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:44),

     

    “ആകയാല്‍ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു” (യെശയ്യാ.40:25),

     

    “ഇങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധനാമം എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും” (യെഹ.39:7).

     

    പുതിയ നിയമത്തിലും ദൈവത്തിന്‍റെ വിശുദ്ധി പരമ പ്രധാനമായ കാര്യമായി അവതരിപ്പിച്ചിട്ടുണ്ട്. “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ . “ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ” (1.പത്രോ.1:14-16).

     

    ലോകത്തില്‍ ദൈവമെന്നവകാശപ്പെടുന്ന മറ്റുള്ളവരും ബൈബിളിലെ സത്യദൈവവും തമ്മിലുള്ള പരമപ്രധാനമായ വ്യത്യാസം വിശുദ്ധിയുടെ കാര്യത്തിലാണ്. ബൈബിളിലെ സത്യദൈവം തന്‍റെ ശക്തി വേണമെങ്കില്‍ താല്‍കാലികമായി മാറ്റി വെച്ചേക്കാം, പക്ഷെ തന്‍റെ വിശുദ്ധി ഒരിക്കലും അവന്‍ മാറ്റി വെക്കുകയില്ല. എന്നാല്‍ ദൈവമെന്നു അവകാശപ്പെടുന്ന ബാക്കിയുള്ളവരുടെ ഗ്രന്ഥങ്ങളില്‍ അവരെക്കുറിച്ചു പരിശോധിച്ചാല്‍ അവര്‍ തങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുത്തിക്കൊണ്ടും തങ്ങളുടെ ശക്തി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളാണ് കാണുന്നത്. ബഹുദൈവാരാധകരുടെ ഗ്രന്ഥങ്ങളില്‍ ദൈവമെന്നവകാശപ്പെടുന്നവര്‍ അന്യോന്യം പാരവെച്ചും യുദ്ധം ചെയ്തും തങ്ങളുടെ ശക്തിയും മേല്‍ക്കോയ്മയും നിലനിറുത്താന്‍ ശ്രമിക്കുന്നത് കാണാം. തങ്ങളുടെ ലക്‌ഷ്യം നിറവേറ്റുന്നതിനു വേണ്ടി അശുദ്ധവും മ്ലേച്ഛവുമായ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക്‌ മടിയില്ല. ഏകദൈവാരാധകരുടെ ഗ്രന്ഥത്തില്‍ കാണുന്നതു, തന്നെ ദൈവമെന്നു പ്രഖ്യാപിച്ച പ്രവാചകന് എന്ത് വൃത്തികേടുകളും ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുന്ന ഒന്നിനെയാണ്. പ്രവാചകന്‍ എന്ത് മ്ലേച്ഛത പ്രവര്‍ത്തിച്ചാലും അപ്പോള്‍ത്തന്നെ അതിനെ ന്യായീകരിച്ചുകൊണ്ട് വചനം ഇറക്കിക്കൊടുത്തു തന്‍റെ പ്രവാചകനെ സംരക്ഷിയ്ക്കാന്‍ ബദ്ധശ്രദ്ധനാണ് ആ ഗ്രന്ഥത്തില്‍ ദൈവമെന്നു അവകാശപ്പെടുന്നയാള്‍ ചെയ്യുന്നത്.

     

    എന്നാല്‍ ബൈബിളിലെ ഏക സത്യദൈവമാകട്ടെ വിശുദ്ധിക്ക് ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ട് തെറ്റുകള്‍ക്ക് നേരെ മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്നവനാണ്. തന്‍റെ സ്നേഹിതനായ അബ്രഹാമിനേയും താന്‍ അഭിമുഖമായി സംസാരിച്ചിട്ടുള്ള മോശയെയും ദൈവത്തിന്‍റെ ഹൃദയ പ്രകാരമുള്ള മനുഷ്യന്‍ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ള ദാവീദിനെയും താന്‍ തിരഞ്ഞെടുത്ത തന്‍റെ സ്വന്ത ജനമായ യിസ്രായേലിനെയും അവരുടെ തെറ്റുകള്‍ക്ക് മുഖം നോക്കാതെ ശിക്ഷിച്ചിട്ടുണ്ട് യഹോവയായ ദൈവം.

     

    ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം അടിമ-ഉടമാ ബന്ധമല്ല, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പിതാവാകുന്നു. ദൈവത്തിന് മനുഷ്യരോടുള്ള ബന്ധത്തില്‍ ഏറ്റവും വാത്സല്യപൂര്‍ണ്ണമായ ഒന്നാകുന്നു പിതൃത്വം. പിതാവേ എന്നാണ് പുതിയ നിയമ വിശ്വാസികള്‍ ദൈവത്തെ സംബോധന ചെയ്യുന്നത്. ഈ പിതൃത്വം ആത്മീയ ബന്ധമാണ്. “നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?” (എബ്രാ.12:9). ഉടമ്പടി ബദ്ധജനമായ യിസ്രായേലിന് ദൈവം പിതാവാണ്, ഈ നിലയില്‍ യിസ്രായേല്യര്‍ ദൈവത്തെ പിതാവ്‌ എന്ന് പറയുമെങ്കിലും വ്യക്തിപരമായി ദൈവത്തെ പിതാവേ എന്ന് അവര്‍ വിളിക്കുമായിരുന്നില്ല. അഥവാ “എന്‍റെ” പിതാവേ എന്നല്ല, “ഞങ്ങളുടെ” പിതാവേ എന്നാണ് അവര്‍ വിളിക്കുന്നത്‌ (യെശയ്യാ.64:8). എന്നാല്‍ യേശുക്രിസ്തു മുഖാന്തരം ദൈവമക്കളായിത്തീര്‍ന്ന പുതിയ നിയമ വിശ്വാസികള്‍ക്ക്‌ വ്യക്തിപരമായി ‘എന്‍റെ പിതാവേ’ എന്ന് ദൈവത്തെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

     

    സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു എന്നും ബൈബിള്‍ വെളിപ്പെടുത്തുന്നു. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം വ്യക്തിത്വമുള്ളവനാണ്, തന്മൂലം അവന്‍ ഒരു വ്യക്തിയാണ്. ദൈവം, ദൂതന്മാര്‍, മനുഷ്യര്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള വ്യക്തിഗത അവസ്ഥയെകുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. തന്നെത്തന്നെ വെളിപ്പെടുത്താനും തന്‍റെ ഇച്ഛയും വികാരവും പ്രകടിപ്പിക്കാനും ഉള്ള കഴിവാണ് വ്യക്തിത്വം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യക്തിത്വമില്ല, തന്മൂലം അവ വ്യക്തികളല്ല. ഒരു പൂച്ചക്ക് മറ്റുള്ള പൂച്ചകളുമായി തന്നെത്തന്നെ അപഗ്രഥനം ചെയ്തു ‘പൂച്ച വര്‍ഗ്ഗത്തിന്‍റെ നന്മക്കായി നമുക്ക്‌ പ്രവര്‍ത്തിക്കാം’ എന്ന് പറയാന്‍ സാധിക്കാത്തത് പൂച്ച ഒരു വ്യക്തിയല്ലാത്തതുകൊണ്ടാണ്.

     

    പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണ്ണമായും, മുഴുവനായും അടങ്ങിയിരിക്കുന്ന നിത്യമായ ഏക സത്തയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം. പിതാവ് പുത്രനാണെന്നോ, പുത്രന്‍ പരിശുദ്ധാത്മാവാണെന്നോ പരിശുദ്ധാത്മാവ് പിതാവണെന്നോ ബൈബിള്‍ പറയുന്നില്ല. യേശു ദൈവമാണ് എന്ന് പറയുമ്പോള്‍ പലരുടെയും ധാരണ യേശു പിതാവണെന്നു ഞങ്ങള്‍ പറയുന്നു എന്നാണ്. അത് അറിവില്ലായ്മ കൊണ്ട് ധരിക്കുന്നതാണ്.

     

    ത്രിയേകത്വം സംബന്ധിച്ച് ബൈബിളില്‍ ഉള്ള മൂന്നു ഉപദേശങ്ങള്‍ ഇവയാണ്:

     

    1. നിത്യനും മാറ്റമില്ലാത്തവനുമായ ഏക ദൈവമേയുള്ളൂ.

     

    1. തിരുവെഴുത്തുകളില്‍ പറയപ്പെടുന്ന 3 നിത്യമായ വ്യക്തികളുണ്ട്- പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌

     

    1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പൂര്‍ണ്ണ ദൈവത്വം ബൈബിള്‍ വെളിവാക്കുന്നുണ്ട്. അതായത്, പിതാവിന്‍റെ ദൈവത്വവും യേശുവിന്‍റെ ദൈവത്വവും, പരിശുദ്ധാത്മാവിന്‍റെ ദൈവത്വവും ബൈബിള്‍ ഉപദേശങ്ങളാണ്.

     

    മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഏക അവബോധ കേന്ദ്രമുള്ള ഒരു അസ്തിത്വമാണ്. എന്‍റെ അസ്തിത്വം മനുഷ്യാസ്തിത്വമാണ്. ദൈവം ഒരു അസ്തിത്വമാണ്. ദൈവത്തിന്‍റെ സത്ത അഥവാ അസ്തിത്വം ദൈവാസ്തിത്വമാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ നിത്യമായ മൂന്നു അവബോധ കേന്ദ്രങ്ങളുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം സ്നേഹിക്കുകയും മഹത്വം കൊടുക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ നിഴല്‍ രൂപേണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ അറിവ് പുതിയ നിയമത്തില്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു.

     

    ഇനി താത്വികമായി നോക്കിയാല്‍ ദൈവം ത്രിയേകനായിരിക്കണം എന്നതാണ് സത്യം. ത്രിയേകത്വമല്ലാത്ത ഒരു ദൈവദര്‍ശനം യുക്തിക്ക് നിരക്കുന്നതല്ല. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നു:

     

    ദൈവം ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള (Morally Perfect) അസ്തിത്വമുള്ളവനായിരിക്കണം. ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള ദൈവം സ്നേഹവാനായിരിക്കണം. സ്നേഹമുള്ളതാണ് സ്നേഹമില്ലാത്തതിനേക്കാള്‍ മെച്ചമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ദൈവം പൂര്‍ണ്ണ സ്നേഹവാനായിരിക്കണം. സ്നേഹത്തിന് രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌. ഒന്ന് സ്നേഹിക്കുന്നവനും (കര്‍ത്താവ്‌) രണ്ടു സ്നേഹിക്കപ്പെടുന്നവനും (കര്‍മ്മം). ധാര്‍മ്മിക സമ്പൂര്‍ണ്ണതയുള്ള ദൈവം അപ്പോള്‍ത്തന്നെ സ്വയം പര്യാപ്തനുമായിരിക്കണം. സ്വയം പര്യാപ്തതയില്ലെങ്കില്‍ അവന്‍ എന്തെങ്കിലും കുറവുള്ളവനാണ് എന്ന് വരും. കുറവുള്ളവനാണെങ്കില്‍ അവന്‍ എന്തെങ്കിലും ആവശ്യമുള്ളവനാണ് എന്നര്‍ത്ഥം! ആവശ്യമുള്ളവന്‍ സ്വയം പര്യാപ്തനല്ല. സ്വയം പര്യാപ്തതയില്ലാത്തവന് ഒരിക്കലും ദൈവസ്ഥാനത്തിരിക്കാനുള്ള അര്‍ഹതിയുമില്ല. അതുകൊണ്ട് ദൈവം സ്നേഹവാനും സ്വയം പര്യാപ്തനുമായിരിക്കണം.

     

    ദൈവം സ്നേഹമാകുന്നെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം ആരെ സ്നേഹിച്ചു? സ്നേഹത്തിന് ഒന്നാമത് ഒരു കര്‍ത്താവും രണ്ടാമത് ഒരു കര്‍മ്മവും ആവശ്യമാണല്ലോ. തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി എന്തിനെയെങ്കിലും സൃഷ്ടിക്കേണ്ടി വരുന്നെങ്കില്‍ ദൈവം സ്വയം പര്യാപ്തനല്ല എന്നാണര്‍ത്ഥം! അങ്ങനെ സ്നേഹം എന്ന തന്‍റെ സ്വഭാവം വെളിപ്പെടുത്തണമെങ്കില്‍ അതിനു സൃഷ്ടികള്‍ ആവശ്യമാണ്‌ എന്ന് വന്നാല്‍ ദൈവം സൃഷ്ടികളെ ആശ്രയിക്കുന്നു എന്ന് വരുന്നു. അതുകൊണ്ടുതന്നെ അവന്‍ ദൈവമല്ലാതായി മാറുന്നു.

     

    ഇതുപോലെതന്നെയാണ് ആരാധനയുടെ കാര്യത്തിലും. ദൈവത്തിന്‍റെ ഒരു പേര് ആരാധ്യന്‍ എന്നാണ്. ആരാധനക്കും രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌, ആരാധിക്കുന്നവനും (കര്‍ത്താവ്) ആരാധിക്കപ്പെടുന്നവനും (കര്‍മ്മം). ദൈവം ആരാധ്യനാകുന്നുവെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം എങ്ങനെ ആരാധിക്കപ്പെട്ടു? ദൈവം ആരാധിക്കപ്പെടാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ആ സമയങ്ങളില്‍ ആരാധ്യന്‍ അല്ലായിരുന്നു എന്നാണ്. ആരാധ്യന്‍ അല്ലാത്ത ഒരാളെ ദൈവമായി പരിഗണിക്കുന്നത് എങ്ങനെയാണ്? താന്‍ ആരാധിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞു തന്നെ ആരാധിക്കേണ്ടതിനു വേണ്ടിയാണ് ദൈവം സൃഷ്ടി നടത്തിയതെങ്കില്‍ അപ്പോഴും ദൈവം തന്‍റെ സൃഷ്ടിയെ ആശ്രയിക്കുകയാണ്, അങ്ങനെയെങ്കില്‍ അവന്‍ സ്വയം പര്യാപ്തനല്ല എന്ന് വരുന്നു. അതോടെ ദൈവം എന്ന സ്ഥാനത്തിരിക്കാനുള്ള യോഗ്യതയും അവനില്ലാതാകുന്നു.

     

    ഇന്ത്യയില്‍ ഉള്ളത് നാനാത്വത്തില്‍ ഏകത്വമാണ് എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ത്ഥമാക്കുന്നത് ഇന്ത്യയില്‍ ഒരു ഭാഷ സംസാരിക്കുന്ന, ഒരു നിറത്തിലുള്ള, ഒരു വിശ്വാസ സംഹിത പിന്‍പറ്റുന്ന, ഒരു സാംസ്കാരിക നിലവാരമുള്ള, ഒരു വിദ്യാഭ്യാസ നിലവാരമുള്ള, ഒരു സാമ്പത്തിക നിലവാരമുള്ള, ഒരു തൊഴില്‍ ചെയ്യുന്ന, ഒരു ദേശക്കാരനായ, ഒരു ലിംഗത്തില്‍ പെട്ട ഒരേയൊരു വ്യക്തിമാത്രമേ ഉള്ളൂ എന്നാണോ അതോ മുകളില്‍ പറഞ്ഞ എല്ലാ നിലവാരത്തിലും ഉള്ള ആളുകള്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഏകത്വം എന്ന അര്‍ത്ഥത്തില്‍ ആണോ? രണ്ടാമത് പറഞ്ഞതാണ് ശരിയെന്നു താങ്കള്‍ സമ്മതിക്കുകയാണെങ്കില്‍ ഏകത്വം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം താങ്കള്‍ക്ക് പിടികിട്ടി എന്നാണ് അര്‍ത്ഥം. ബൈബിള്‍ ഒരു ഒറ്റയാനായ ഒരു ദൈവത്തെയല്ല പരിചയപ്പെടുത്തുന്നത്.

     

    സൃഷ്ടി സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സൃഷ്ടിയിലുള്ള ബഹുത്വം സ്രഷ്ടാവിലുള്ള ബഹുത്വത്തെ ചൂണ്ടിക്കാണിക്കുന്നു. തികച്ചും ഒറ്റയായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. നാം എന്തൊരു കാര്യം എടുത്താലും അതില്‍ ബഹുത്വം ഉണ്ട്.

     

    ഉദാഹരണത്തിന് നാം കാണുന്നത് ത്രിമാനരൂപത്തില്‍ ആണ്. എന്തുകൊണ്ട് ത്രിമാനരൂപം? ദ്വിമാനരൂപമോ ചതുര്‍മാനരൂപമോ എന്തുകൊണ്ട് സൃഷ്ടിയില്‍ കാണപ്പെടുന്നില്ല?

     

    സമയം നാം കണക്കാക്കുന്നതും ത്രിയേകത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സമയം കണക്കാക്കാന്‍ കഴിയൂ.

     

    ഗണിതത്തിലും ഈ പ്രത്യേകത നാം കാണുന്നു. പോസിറ്റീവ് സംഖ്യ, നെഗറ്റീവ് സംഖ്യ, പൂജ്യം എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സംഖ്യകളെ മനസ്സിലാക്കാന്‍ പറ്റൂ.

     

    മനുഷ്യ ജാതിയെ എടുത്താലും അതില്‍ മൂന്നിന്‍റെ കളി നമുക്ക്‌ കാണാം. പുരുഷന്‍, സ്ത്രീ, നപുംസകം എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ മാത്രമേ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്ളൂ.

     

    ഒരു വസ്തുവിനെ എടുക്കുകയാണെങ്കില്‍ നീളം, ഉയരം, വീതി എന്ന നിലയില്‍ മാത്രമേ അതിനെ മനസ്സിലാക്കാന്‍ പറ്റൂ. ഒരു കുഴിയാണെങ്കില്‍ നീളം, വീതി ആഴം എന്നുള്ള വ്യത്യാസം ഉണ്ടാകും. എങ്കിലും അപ്പോഴും മൂന്നു അളവുകള്‍ മാത്രയുള്ളൂ.

     

    ഇങ്ങനെ ബൈബിള്‍ പറയുന്ന ത്രിയേകത്വത്തിനു പ്രകൃതിയില്‍ ധാരാളം ഉദാഹരണങ്ങളെ കാണിച്ചു തരാന്‍ ഒരു ബൈബിള്‍ വിശ്വാസിക്ക് കഴിയും. ബൈബിളിലെ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ഏക ദൈവമാണ്.

    One Comment on “ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍…”

    • Basil Thomas
      8 October, 2017, 7:50

      പ്രവൃത്തികൾ
      8:30 ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
      8:31 ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

      🖒🖒🖒Thankz Brother

    Leave a Comment