യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പ്രവചനങ്ങള്‍ നമുക്ക് നോക്കാം:
- സ്നേഹിതന്‍ കാണിച്ചു കൊടുക്കും
“ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” (സങ്കീ.41:9)
“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ” (സങ്കീ.55:12-14)
നിവൃത്തി:
“നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു” (യോഹന്നാന്‍ . 13:18,19)
“ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു” (യോഹ.13:21)
“അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു കൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു” (മത്തായി.26:47-49)
- കാണിച്ചു കൊടുക്കുന്നവന് നാശം.
“അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ. അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ” (സങ്കീ.109:8,9)
“അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” (സങ്കീ.69:25)
നിവൃത്തി:
“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു: ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. വന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു” (മത്തായി.27:3-5)
“സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു” (അപ്പൊ.പ്രവൃ.1:20)
- 30 വെള്ളിക്കാശിനു ഒറ്റിക്കൊടുക്കപ്പെടും.
“ഞാന്‍ അവരോടു: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോടു: അതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു” (സെഖര്യാ.11:12,13)
നിവൃത്തി:
“അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു. അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു” (മത്തായി.26:14,15)
- പണം ഭണ്ഡാരത്തില്‍ ഏറിയും.
“അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു” (സെഖര്യാ.11:13)
നിവൃത്തി:
“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു. ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു.” (മത്തായി.27:3-5)
- ശിഷ്യന്മാര്‍ ഉപേക്ഷിക്കും:
“വാളേ, എന്‍റെ ഇടയന്‍റെ നേരെയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)
നിവൃത്തി:
“യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ” (മത്താ.26:30)
“ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി” (മര്‍ക്കോ.14:50)
- കള്ളസാക്ഷികള്‍ കുറ്റപ്പെടുത്തും
“കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്‍റെ പ്രാണന്നു അനാഥത്വം വരുത്തുന്നു” (സങ്കീ.35:11,12)
നിവൃത്തി:
“മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല. ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു” (മത്താ.26:58-60)
- കുറ്റാരോപകരുടെ മുന്‍പില്‍ മൌനം പാലിക്കും.
“തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു” (യെശയ്യാ.53:7)
നിവൃത്തി:
“മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല” (മത്താ.27:12)
- മുറിവേല്‍ക്കുകയും തകരുകയും ചെയ്യും.
“എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു” (യെശയ്യാ.53:5)
നിവൃത്തി:
“അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു” (മത്തായി.27:26)
- കരണത്തടിക്കും.
“അടിക്കുന്നവര്‍ക്കു ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)
“യിസ്രായേലിന്‍റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു” (മീഖാ.5:1)
നിവൃത്തി:
“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു” (മത്തായി.26:67)
“ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.” (മര്‍ക്കോ.14:66)
- മുഖത്ത് തുപ്പും.
“എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)
നിവൃത്തി:
“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി” (മത്തായി.26:67)
- പരിഹസിക്കും.
“എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു” (സങ്കീ.22:7)
നിവൃത്തി:
“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി” (മത്തായി.27:31)
- കാലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.
“എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്‍റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:24,25)
നിവൃത്തി:
“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി. അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു” (മത്തായി.27:31,32)
- കൈകളും കാലുകളും തുളയ്ക്കും.
“അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളെച്ചു” (സങ്കീ.22:10)
നിവൃത്തി:
“തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു” (ലൂക്കോ.23:33)
- കള്ളന്മാരോടൊപ്പം ക്രൂശിക്കും.
“അവന്‍ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:13)
നിവൃത്തി:
“അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി” (മര്‍ക്കോ.15:27,28)
- അതിക്രമക്കാര്‍ക്ക് വേണ്ടി ഇട നില്‍ക്കും.
“അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:12)
നിവൃത്തി:
“എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു” (ലൂക്കോ.23:34)
- സ്വന്തജനം ഉപേക്ഷിക്കും.
“അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല” (യെശയ്യാ.53:3)
“എന്‍റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്‍റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു” സങ്കീ.69:8)
നിവൃത്തി:
“അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല” (യോഹ.7:5)
“പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?” (യോഹ.7:48)
“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല” (യോഹ.1:11)
- കാരണം കൂടാതെ പകയ്ക്കും.
“കാരണം കൂടാതെ എന്നെ പകെക്കുന്നവര്‍ എന്‍റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു” (സങ്കീ.69:4)
“സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും” (യെശയ്യാ.49:7)
നിവൃത്തി:
“ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ” (യോഹ.15:24,25)
- അനുയായികള്‍ ദൂരെ നില്‍ക്കും.
“എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു” (സങ്കീ.38:11)
നിവൃത്തി:
“ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തു നിന്നു നോക്കിക്കൊണ്ടിരുന്നു” (മത്തായി.27:55)
“അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു” (ലൂക്കോ.23:49)
- കാണുന്നവര്‍ പരിഹാസത്തോടെ തലകുലുക്കും.
“ഞാന്‍ അവര്‍ക്കു ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:25)
നിവൃത്തി:
“കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു” (മത്തായി.27:39)
“കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു” (മര്‍ക്കോ.15:29,30)
- കാണുന്നവര്‍ ഉറ്റുനോക്കും.
“എന്‍റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു” (സങ്കീ.22:17)
നിവൃത്തി:
“ജനം നോക്കിക്കൊണ്ടു നിന്നു” (ലൂക്കോ.23:35)
- അങ്കിക്ക് വേണ്ടി ചീട്ടിടും.
“എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു” (സങ്കീ.22:18)
നിവൃത്തി:
“പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു ‘എന്‍റെ അങ്കിക്കായി ചീട്ടിട്ടു’ എന്നുള്ള തിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു” (യോഹ.19:23,24)
- ദാഹം അനുഭവിക്കും.
“എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)
“എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു” (സങ്കീ.22:15)
നിവൃത്തി:
“അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം ‘എനിക്കു ദാഹിക്കുന്നു’ എന്നു പറഞ്ഞു” (യോഹ.19:28)
- കൈപ്പ് നീര്‍ കുടിക്കാന്‍ കൊടുക്കും.
“അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)
നിവൃത്തി:
“അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല” (മത്തായി.27:34)
- പരിത്യക്തനായി നിലവിളിക്കും.
“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു” (സങ്കീ.22:1)
നിവൃത്തി:
“ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്തായി.27:46)
- ആത്മാവിനെ ദൈവത്തിന്‍റെ കയ്യില്‍ ഏല്‍പ്പിക്കും.
“നിന്‍റെ കയ്യില്‍ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു” (സങ്കീ.31:5)
നിവൃത്തി:
“യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:46)
- അസ്ഥികള്‍ ഒടിക്കപ്പെടുകയില്ല.
“അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല” (സങ്കീ.34:20)
നിവൃത്തി:
“അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു” (യോഹ.19:31-34)
- അവനെ കുത്തും.
“തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും” (സെഖര്യാ.12:10)
നിവൃത്തി:
“ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചു പോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു” (യോഹ.19:32-35_
- ഹൃദയം തകരും.
“എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവെ ഉരുകിയിരിക്കുന്നു” (സങ്കീ.22:14)
നിവൃത്തി:
“എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ.19:34)
- ഇടയനെ വെട്ടും.
“ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)
നിവൃത്തി:
“യേശു അവരോടു: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മര്‍ക്കോ. 14:27)
- മശിഹ ഛേദിക്കപ്പെടും.
“അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും” (ദാനിയേ.9:26)
നിവൃത്തി:
“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (മര്‍ക്കോ.15:37)
- ഉച്ചക്ക് അന്ധകാരം വ്യാപിക്കും.
“അന്നാളില്‍ ഞാന്‍ ഉച്ചക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും” (ആമോസ്.8:9)
നിവൃത്തി:
“ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി” (മത്തായി.27:45)
(യെഹൂദന്മാര്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരേയും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുമാണ് സമയം കണക്കാക്കുന്നത്. അതിനാല്‍ ആറാം മണി നേരം എന്നത് 12.00 PM-ഉം ഒമ്പതാം മണി എന്നത് 3.00 PM-ഉം ആണ്.)
- ധനവാന്‍റെ കല്ലറയില്‍ അടക്കപ്പെടും.
“അവര്‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെ ആയിരുന്നു” (യെശയ്യാ.53:9)
നിവൃത്തി:
“സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്നു, പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചു കൊടുപ്പാന്‍ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു, താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി” (മത്തായി.27:57-60)
യേശുക്രിസ്തു ഭൂമിയില്‍ ജനിക്കുന്നതിനും ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ യേശുക്രിസ്തുവിന്‍റെ ജനനം എങ്ങനെയാണ് സംഭവിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രവാചകന്മാര്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. “അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു” എന്ന് ബി.സി.ആയിരത്തില്‍ ദാവീദ് എഴുതുമ്പോള്‍ ക്രൂശീകരണം എന്ന അതിക്രൂരമായ ശിക്ഷാവിധി മനുഷ്യര്‍ കണ്ടുപിടിച്ചിരുന്നില്ല. പിന്നീട്, ബി.സി.അറുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ ഫോയ്നീഷ്യക്കാരാണ് ജീവനുള്ള മനുഷ്യനെ പച്ച മരത്തില്‍ തറച്ചു കൊല്ലുന്ന വിദ്യ കണ്ടുപിടിക്കുന്നത്. ഫോയ്നീഷ്യക്കാരില്‍ നിന്ന് ഗ്രീക്കുകാരിലേക്കും ഗ്രീക്കുകാരില്‍ നിന്ന് റോമാക്കാരിലേക്കും എത്തിയ ഈ വിദ്യ, യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും കൊടും കുറ്റവാളികളുടെ മേല്‍ എങ്ങനെ പ്രയോഗിക്കണം എന്ന കാര്യത്തില്‍ റോമന്‍ പടയാളികള്‍ അതി നിപുണന്മാരായി മാറിയിരുന്നു. പ്രവചിക്കുന്ന സമയത്ത് നിലവിലില്ലാതിരുന്ന ഒരു ശിക്ഷാസമ്പ്രദായത്തിലൂടെയാണ് മിശിഹ കൊല്ലപ്പെടാന്‍ പോകുന്നത് എന്ന് ഈ ശിക്ഷാസമ്പ്രദായം ആവിര്‍ഭവിക്കുന്നതിനും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന് ചുരുക്കം. (തുടരും…)
One Comment on “യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3)”
കൊള്ളാം. നന്നായിരിക്കുന്നു..