യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5)
പഴയ നിയമത്തിലെ യഹോവയുടെ ദൂത പ്രത്യക്ഷതകളും ആ ദൂതന്‍റെ ശുശ്രൂഷകളും പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളും നാം നിഷ്പക്ഷ ബുദ്ധിയോടുകൂടെ താരതമ്യം ചെയ്‌താല്‍, നമുക്ക് മനസ്സിലാകുന്ന ഒരു സത്യമുണ്ട്, യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണത്!! പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എക്കാലഘട്ടത്തിലും മനുഷ്യര്‍ക്ക് ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവമാണ്. യോഹ.1:18-ല്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ ഒരു വാക്യം ദൈവത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ പഠിക്കേണ്ട വാക്യമാണ്.
പഴയ നിയമ കാലത്തുള്ള സകല പ്രവാചകന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവദൂതന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തു ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തി എന്നല്ല പറഞ്ഞിരിക്കുന്നത്, മറിച്ച്, “ദൈവത്തെ” വെളിപ്പെടുത്തി എന്നാണ്. ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും ദൈവത്തെ വെളിപ്പെടുത്തുന്നതും തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. ദൈവത്തിനു മാത്രമേ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിയൂ.
ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സങ്കീ.91:9-ല്‍ പറഞ്ഞിരിക്കുന്ന അത്യുന്നതന്‍ ആരാണെന്ന് പരിശോധിക്കാം:
പുത്രനായ യഹോവ പിതാവായ യഹോവയെ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു എന്നാണ് ബൈബിളില്‍ നിന്നും മനസ്സിലാകുന്നത്. യോഹ.1:18 ഇത് വ്യക്തമാക്കുന്നുണ്ട്:
“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.”
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് ഇവിടെ പറഞ്ഞിരിക്കെ, അബ്രഹാമും മോശയും യോശുവയും കണ്ട ദൈവം ആരായിരുന്നു? അതിന്‍റെ ഉത്തരം ആ വാചകത്തില്‍ തന്നെയുണ്ട്. ‘തന്‍റെ ഏകജാതനായ പുത്രന്‍’ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. അതായതു ഏതൊരു കാലത്തും ദൈവത്തെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്, അത് പുതിയ നിയമത്തിലായാലും പഴയ നിയമത്തിലായാലും.
ആ പുത്രന്‍ ഇരിക്കുന്നത് പിതാവിന്‍റെ മടിയില്‍ ആണ്. ഇവിടെ മടി എന്ന് തര്‍ജമ ചെയ്തിരിക്കുന്നത് κόλπος (kolpos) എന്ന ഗ്രീക്ക് വാക്കാണ്. ഈ വാക്കിന്‍റെ ആക്ഷരികമായ അര്‍ത്ഥം Lap area; Side; Bosom; Chest; Bay; Creek എന്നിങ്ങനെയാണ്. പുതിയ നിയമത്തില്‍ ഈ പദം ആറു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അബ്രഹാമിന്‍റെ മടി എന്ന് ലൂക്കൊസില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നിടത്തു ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. യോഹന്നാന്‍ തന്നെ ഈ വാക്ക് വേറെ ഒരിടത്ത് ഉപയോഗിച്ചിരിക്കുന്നത് നോക്കുക:
“ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു” (യോഹ.13:23)
ഇവിടെ ‘മാര്‍വ്വിടം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് κόλπος (kolpos) എന്ന വാക്കാണ്. യോഹന്നാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ നമ്മള്‍ 1:18 തര്‍ജ്ജമ ചെയ്യുകയാണെങ്കില്‍ “പിതാവിന്‍റെ മാര്‍വ്വിടത്തില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” എന്ന് കിട്ടും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘പിതാവിന്‍റെ ഉള്ളില്‍ ഇരിക്കുകയാണ് പുത്രന്‍’ എന്ന് മനസ്സിലാക്കാം. ഇത് സങ്കീ.91:9-മായി വളരെ യോജിക്കുന്നുണ്ട്.
മാത്രമല്ല വേറെ ഒരിക്കല്‍ യേശുക്രിസ്തു വളരെ വ്യക്തമായി യെഹൂദന്മാരോടു പറഞ്ഞതുകൂടി നോക്കാം:
“അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല. ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും” (യോഹ.8:25-28)
ഇവിടെ യേശുക്രിസ്തു പറയുന്നത് ആദി മുതലേ താന്‍ അവരോടു സംസാരിച്ചു പോരുന്നു എന്നാണ്. ‘പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല’ എന്ന് യോഹന്നാന്‍ അപ്പോസ്തലന്‍ എടുത്തു പറയുന്നുമുണ്ട്. അതായത് ആദിമുതലേ സംസാരിച്ചു പോരുന്ന യഹോവ താന്‍ തന്നെയാണ് എന്നാണ് യേശുക്രിസ്തു ഇവിടെ അവകാശപ്പെടുന്നത്. എന്ന് മാത്രമല്ല, തന്നെ ഉയര്‍ത്തിയതിന് ശേഷം (അതായതു കുരിശു മരണത്തിനു ശേഷം) “ഞാന്‍ അഥവാ യേശുക്രിസ്തു തന്നേ അവന്‍ അഥവാ പിതാവ്” എന്ന് നിങ്ങള്‍ വ്യക്തമായി അറിയും എന്നും പറയുന്നു. ഇത് എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്?
എന്‍റെ ദേഹിയും എന്‍റെ ആത്മാവും എന്‍റെ ഉള്ളില്‍ വസിക്കുന്നത് പോലെ പുത്രനും പരിശുദ്ധാത്മാവും പിതാവില്‍ വസിക്കുന്നു. എന്‍റെ ആത്മാവ് ഞാന്‍ ആണ്, എന്‍റെ ദേഹിയും ഞാന്‍ ആണ്, എന്‍റെ ശരീരവും ഞാന്‍ ആണ്. അതുപോലെതന്നെ പിതാവും യഹോവയാണ്, പുത്രനും യഹോവയാണ്, പരിശുദ്ധാത്മാവും യഹോവയാണ്. മനുഷ്യന്‍ ഒരു സൃഷ്ടി ആയതുകൊണ്ടു അവന് തന്‍റെ ഉള്ളില്‍ നിന്ന് തന്‍റെ ആത്മാവിനെയും ദേഹിയെയും മാറ്റി നിര്‍ത്താനുള്ള കഴിവില്ല, അങ്ങനെ ഒരാള്‍ ചെയ്യുന്ന പക്ഷം ഈ ഭൂമിയിലെ അവന്‍റെ ന്‍റെ ജീവിതം അവസാനിക്കും, നിങ്ങള്‍ പറയും ‘അവന്‍ ആത്മഹത്യ ചെയ്തു’ എന്ന്.
എന്നാല്‍ ദൈവം സര്‍വ്വ ശക്തനയത് കൊണ്ട് ദൈവത്തിന് തന്‍റെ ആത്മാവിനെയും പുത്രനേയും തന്‍റെ ഉള്ളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയും. അങ്ങനെ മാറ്റിയത് കൊണ്ട് ദൈവത്തിന്‍റെ ദൈവത്വത്തില്‍ നിന്നും എന്തെങ്കിലും കുറയുന്നില്ല, പുത്രനും പരിശുദ്ധാത്മാവും തിരികെ പിതാവിലേക്ക് വരുമ്പോള്‍ ദൈവത്വത്തില്‍ എന്തെങ്കിലും കൂടുന്നുമില്ല. യേശുക്രിസ്തു പറഞ്ഞു:
“പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26)
പുത്രന്‍ പിതാവിന്‍റെ ഉള്ളില്‍ ആയിരുന്നു. യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരാളുടെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നില്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഇല്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല. ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരാം. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല. ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്നു വിളിക്കുന്നത്. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്. ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. അവന്‍റെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. അതുകൊണ്ടാണ് വചനമായ ക്രിസ്തുവിനെ പുത്രനെന്നും ആ വചനത്തെ ഉളവാക്കിയ ദൈവത്തെ പിതാവെന്നും ബൈബിള്‍ വിളിക്കുന്നത്. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ് ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.
പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല.
ഇനി പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവ തന്നെയാണു എന്നുള്ള തെളിവുകള്‍ നോക്കാം:
“ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്‍റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു. അവര്‍ ആര്‍ക്കുന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവില്‍ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു. അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്‍റെ അടുക്കല്‍ പറന്നുവന്നു, അതു എന്‍റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ടുഅടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.” (യെശയ്യാ.6:1-10)
ഇവിടെ പ്രവാചകനായ യെശയ്യാവ് കാണുന്നത് യഹോവയുടെ മഹത്വമാണ്. യഹോവയുടെ സന്നിധിയില്‍ ആണ് അവന്‍ ചെന്നിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പുതിയ നിയമത്തില്‍ രണ്ടു സ്ഥലത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:
“ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാ പ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു. അവര്‍ക്കു വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: “അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (യെശയ്യാ.6:10). യെശയ്യാവു അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. എന്നിട്ടും പ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളി ഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.” (യോഹ.12:37-41)
ഇവിടെ യോഹന്നാന്‍ പറയുന്നത്: യെശയ്യാവ് അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇത് പറഞ്ഞത് എന്നാണ്. യോഹന്നാന്‍ പറയുന്ന “യെശയ്യാവ് കണ്ട അവന്‍” യേശുക്രിസ്തു ആണ്!! പഴയ നിയമത്തില്‍ അത് യഹോവ ആയിരുന്നു!!!
ഇനി ഇതേ കാര്യം വേറെ ഒരിടത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:
“ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു. അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല. അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍ ‘“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” (യെശയ്യാ.6:9,10) എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്കു അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.” (അപ്പൊ.പ്രവൃ.28:23-28)
ഇവിടെ പൗലോസ് അപ്പോസ്തലന്‍ പറയുന്നത് അന്ന് യെശയ്യാ പ്രവാചകനോട് സംസാരിച്ചത് പരിശുദ്ധാത്മാവ് ആയിരുന്നു എന്നാണ്. ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്? ഞാന്‍ ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ എന്‍റെ ശരീരത്തിനും എന്‍റെ ആത്മാവിനും എന്‍റെ ദേഹിക്കും അതില്‍ പങ്കുണ്ട്. ആ വ്യക്തിയുമായി ആശയവിനിമയം നടത്തിയത് എന്‍റെ ശരീരമാണ് എന്ന് പറഞ്ഞാലും എന്‍റെ ദേഹിയാണ് എന്ന് പറഞ്ഞാലും എന്‍റെ ആത്മാവാണ് എന്ന് പറഞ്ഞാലും ബൈബിള്‍ അടിസ്ഥാനത്തില്‍ അത് ശരിയാണ്. അതുപോലെതന്നെയാണ് പഴയ നിയമത്തില്‍ നിന്നുള്ള ഈ വേദഭാഗത്തെ ഉദ്ധരിക്കുമ്പോള്‍ അത് പുത്രന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും പരിശുദ്ധാത്മാവിന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവദര്‍ശനത്തെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഇവിടെ യാതൊരു ആശയക്കുഴപ്പവുമില്ല. ഈ സത്യം പരിശുദ്ധാത്മസഹായത്താല്‍ മനസ്സിലാക്കിയത് കൊണ്ടാണ് സങ്കീര്ത്തനക്കാരന്‍ എഴുതിയത്, “യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” എന്ന്!! ദൈവം എന്ന് പറഞ്ഞാല്‍ ഒറ്റയനാനാണ് എന്ന് വിചാരിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇക്കാര്യം ഒരിക്കലും മനസ്സിലാക്കാന്‍ കഴിയുകയില്ല. അവരുടെ കണക്കില്‍ അല്ലാഹു പേരില്‍ മാത്രം ആരാധനയ്ക്കര്‍ഹനും എന്നാല്‍ ലോകസ സൃഷ്ടിപ്പിന് മുന്‍പ് ആരാധന ലഭിക്കാതിരുന്നവനുമാണ്. ആ കുറവ് തീര്‍ന്നത് അള്ളാഹു സൃഷ്ടി നടത്തിയതിനു ശേഷം മാത്രമാണ്. അതുപോലെതന്നെ അല്ലാഹുവിനു സ്നേഹിക്കാന്‍ ആരും ഇല്ലാതെ ഒറ്റയാനായിരുന്നതിന്‍റെ വിഷമം മാറിയതും സൃഷ്ടി നടത്തിയതിനു ശേഷമാണ്. ചുരുക്കത്തില്‍ അവരുടെ വീക്ഷണമനുസരിച്ചു സൃഷ്ടിപ്പിനോട് കൂടിയാണ് അള്ളാഹു പൂര്‍ണ്ണനാകുന്നത്. അതിനു മുന്‍പുള്ള അള്ളാഹു സ്നേഹിക്കാന്‍ കഴിയാതെ, ആരാധിക്കപ്പെടാതെ ഇരുന്ന ഒന്നാണ്. എന്നാല്‍ ത്രിയേകത്വത്തില്‍ വിശ്വസിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു താത്വിക പ്രതിസന്ധിയില്ല. സൃഷ്ടിപ്പിന് മുന്‍പേ പിതാവും പുത്രനും പരിശുദ്ധാത്മാവും അന്യോന്യം സ്നേഹിച്ചിരുന്നതാണ്. അന്യോന്യം ആരാധനയും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ബൈബിളില്‍ വെളിപ്പെടുന്ന സത്യ ദൈവം തന്‍റെ ഏകാന്തത മാറ്റുവാനോ തനിക്ക് ആരാധന കിട്ടാനോ തനിക്ക് സ്നേഹിക്കാന്‍ ആരുമില്ലെന്നോ ഉള്ള ദുഃഖം അവസാനിപ്പിക്കാനോ വേണ്ടിയല്ല ലോക സൃഷ്ടി നടത്തിയത്. ഒറ്റയാന്‍ ദൈവവുമായി നടക്കുന്നവര്‍ക്ക് അവരുടെ വാദത്തിന്‍റെ ബലഹീനത ഇതുവരെ മനസ്സിലായിട്ടില്ല, മനസ്സിലാക്കുവാനുള്ള ബുദ്ധി അവര്‍ക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വേണ്ട!! (ലേഖന പരമ്പര അവസാനിച്ചു)
One Comment on “യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5)”
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു.
(കര്‍ത്താവിന്റെ ദൂതന്‍) അവരുടെ അടുത്തെത്തി.( കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. )അവര്‍ വളരെ ഭയപ്പെട്ടു.
ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.
പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട് ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു:
ലൂക്കാ 2 : 8-13
സാർ, ഇവിടെ കാണുന്ന കർത്താവിന്റെ ദുതൻ പഴയ നിയമത്തിലെ മനുഷ്യ അവതാരത്തിന് മുമ്പുള്ള യേശു ക്രിസ്തുവും (കർത്താവിന്റെ ദുതൻ ) തമ്മിൽ ഒരുപോലെ യോജിക്കുന്നു. പക്ഷെ, ഇവിടുത്തെ കർത്താവിന്റെ ദുതൻ യേശുവിനെ കുറിച് പറയുന്നു. എന്താണ് തങ്ങളുടെ അഭിപ്രായം?
കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.
സങ്കീര്‍ത്തനങ്ങള്‍ 110 : 1
അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 56
ഇവിടെ, Davidum Stepnenum പുത്രൻ ആയ ദൈവത്തെയും പിതാവ് ആയ ദൈവത്തെയും കാണുന്നു. ഈ, വചനങ്ങൾ എങ്ങനെയാണ്
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.
യോഹന്നാന്‍ 1 : 18
എന്ന വചനവും ആയി പൊരുത്തപെടുക.