യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-2)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വേദപണ്ഡിതന്മാര്‍ വിവക്ഷിക്കുന്ന തിരുവെഴുത്തിലെ അതിഗഹനവും അപ്പോള്‍ത്തന്നെ മാര്‍മ്മികവുമായ ഒരു വിഷയത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ യേശുക്രിസ്തു തന്‍റെ ഭൗമിക ജീവിത കാലത്ത് ‘ഞാന്‍ ദൈവമാകുന്നു’ എന്ന് നേരിട്ട് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുകയുള്ളൂ. നാല് സുവിശേഷങ്ങളും നാം പരിശോധിച്ചാല്‍, യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് പിടികിട്ടിയിരുന്നില്ലെന്നും എന്നാല്‍ പരിശുദ്ധാത്മാവ് അവരില്‍ വന്ന ശേഷം യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അവരെ ഓര്‍മ്മപ്പെടുത്തുകയും അതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഗ്രഹിപ്പിച്ചു കൊടുക്കുകയും ചെയ്തതായി നമുക്ക് കാണാം. ഒരു ഉദാഹരണം മാത്രം നോക്കാം:
“എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ.2:17-21)
“ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ദൈവാലയത്തെക്കുറിച്ചാണ് യേശുക്രിസ്തു പറയുന്നത് എന്നായിരുന്നു. എന്നാല്‍, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞതിനു ശേഷം, പരിശുദ്ധാത്മാവ് അവരില്‍ വന്നപ്പോള്‍ ദൈവാലയത്തെക്കുറിച്ചല്ല, തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായി. പരിശുദ്ധാത്മാവിന്‍റെ ഒരു ജോലി, ദൈവവചനം ശിഷ്യന്മാര്‍ക്ക് ഓര്‍മ്മപ്പെടുത്തിക്കൊടുക്കുക എന്നുള്ളതാണ് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്:
“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26)
മെസ്സിയാനിക് സീക്രട്ടിനെക്കുറിച്ച് പഠിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഈ ശുശ്രൂഷയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. തന്‍റെ ഐഹിക ജീവിതകാലത്ത്, താന്‍ ആരാണ് എന്നുള്ള കാര്യം അല്‍പമെങ്കിലും മനസ്സിലാക്കിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് അത് പുറത്തു പറയരുതെന്ന് യേശുക്രിസ്തു നിഷ്കര്‍ഷിക്കുന്നതായി കാണാം:
“യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു. “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു. പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.” (മത്തായി.16:13-20)
ഈ സംഭവം മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്:
“പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.” (മര്‍ക്കോ.8:30)
“ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു.” (ലൂക്കോ.9:20)
യെഹൂദന്മാര്‍ നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന വാഗ്ദത്ത മശിഹ അഥവാ ക്രിസ്തു താനാണെന്നു ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ യേശുക്രിസ്തു അതിനെ നിഷേധിക്കുന്നില്ല, എങ്കിലും അക്കാര്യം മറ്റാരോടും പറയരുത് എന്ന് കല്പിക്കുകയാണ് ചെയ്തത്. മശിഹ അഥവാ ക്രിസ്തു എന്ന തന്‍റെ ഐഡന്‍റിറ്റി യെഹൂദന്മാരുടെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ യേശുക്രിസ്തുവിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് ഇവിടെ വ്യക്തമാകുകയാണ്.
എന്നാല്‍ യെഹൂദര്‍ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തിയിരുന്ന ശമര്യരുടെ അരികില്‍ യേശുക്രിസ്തു ചെന്നപ്പോള്‍ താന്‍ മശിഹയാണ് എന്നുള്ള കാര്യം അവിടെ വെളിപ്പെടുത്തിയതായി കാണാനും കഴിയും:
“സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു.” (യോഹ.4:23,24)
ഇതില്‍ നിന്നും യെഹൂദന്മാരുടെ മുന്‍പാകെ മാത്രമേ മശിഹ എന്ന തന്‍റെ ഐഡന്‍റിറ്റി മറച്ചു വെക്കാന്‍ യേശുക്രിസ്തു ശ്രമിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാം. ഈ സന്ദര്‍ഭത്തില്‍ മാത്രമല്ല, വേറെ പല സന്ദര്‍ഭങ്ങളിലും മിശിഹ എന്ന നിലയിലുള്ള തന്‍റെ ഐഡന്‍റിറ്റി യേശുക്രിസ്തു മറച്ചു വെക്കാനോ അല്ലെങ്കില്‍ വെളിപ്പെടുത്താതിരിക്കാന്‍ മറ്റുള്ളവരോട് കല്പിക്കുന്നതായോ സുവിശേഷങ്ങളില്‍ കാണാം:
“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു. (മര്‍ക്കോ. 3:10-12)
“പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു. (മര്‍ക്കോ.5:37-43;)
“എന്നാല്‍ അവന്‍ അവളുടെ കൈക്ക് പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു. അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു. (ലൂക്കോ. 8:54-56)
“യേശു അവിടെ നിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു കൊണ്ടു പിന്തുടര്‍ന്നു. അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു. അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശു“നോക്കുവിന്‍; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി.” (മത്തായി. 9:27-30)
“ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. യേശു അവനെ അമര്‍ച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; (മാര്‍ക്കോ.1:39-42)
“സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഓരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. പലരില്‍ നിന്നും ഭൂതങ്ങള്‍; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞു കൊണ്ടു പുറപ്പെട്ടു പോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.” (ലൂക്കോ.4:40,41)
“അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ നിലവിളിച്ചു: നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു. അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:22-25)
“അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു, അവന്‍റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്‍റെ നാവിനെ തൊട്ടു, സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടു: തുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്‍റെ ചെവി തുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി. അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.” (മര്‍ക്കോ.7:32-37)
ഇവിടെയെല്ലാം താന്‍ മശിഹ ആണെന്ന് യെഹൂദന്മാര്‍ തിരിച്ചറിയാന്‍ ഇടയാകരുത് എന്നാഗ്രഹിക്കുന്ന യേശുവിനെ നമ്മള്‍ കാണുന്നു. ജനങ്ങള്‍ എന്നേക്കും ഇത് തിരിച്ചറിയാതെ ഇരിക്കണം എന്നല്ല യേശുക്രിസ്തു ആഗ്രഹിച്ചത്. ഒരു നിശ്ചിത കാലം വരെ ജനങ്ങള്‍ ഇതറിയരുത് എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത് എന്ന് വേറെ വേദഭാഗത്തു നിന്നും നമുക്ക് കാണാന്‍ കഴിയും:
“അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു. മരിച്ചവരില്‍ നിന്നു എഴുന്നേല്‍ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു” (മര്‍ക്കോ.9:2-10)
“അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു” എന്നു കല്പിച്ചു.” (മത്തായി. 17:9)
തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലയളവ് വരെയ്ക്കുമാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു വെക്കാന്‍ യേശുക്രിസ്തു ആവശ്യപ്പെടുന്നത്. അതിനു ശേഷം ഇക്കാര്യങ്ങളെല്ലാം ലോകത്തോട് വിളിച്ചു പറയേണ്ട ദൗത്യം ശിഷ്യന്മാര്‍ക്കാണ്. എന്തുകൊണ്ടാണ് തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലത്തേക്ക് താന്‍ ക്രിസ്തു ആണെന്നുള്ള സത്യം ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാന്‍ യേശുക്രിസ്തു ആഗ്രഹിച്ചത്? അത് പഴയ നിയമ പ്രവചനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. മശിഹയെക്കുറിച്ച് പഴയ നിയമത്തില്‍ ധാരാളം പ്രവചനങ്ങള്‍ ഉണ്ട്. ആ പ്രവചനങ്ങള്‍ എല്ലാം നിവൃത്തിയാകേണ്ടത് യേശുക്രിസ്തുവിലാണ്. അതുകൊണ്ടാണ് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞത്:
“ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്” (മത്തായി.5:17)
ഈ പഴയ നിയമ പ്രവചനങ്ങള്‍ തന്നില്‍ നിവൃത്തിയാകേണ്ടതിനു തടസ്സമായി വരാവുന്ന എല്ലാത്തിനേയും മറച്ചു വെക്കേണ്ടത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന് ആവശ്യമായിരുന്നു. പഴയ നിയമ പ്രവചനങ്ങളില്‍ മശിഹയെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രവചനങ്ങള്‍ കാണാവുന്നതാണ്.
ഒന്ന്, ജയാളിയായ ഒരു രാജാവ്. ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനത്തെ മോശ രക്ഷിച്ചുകൊണ്ടുവന്ന്‍ ഒരു രാഷ്ട്രമാക്കിയത് പോലെ, ചുറ്റുമുള്ള ശത്രുക്കളുടെ കൈയില്‍ നിന്നും ഇസ്രായേല്‍ രാഷ്ട്രത്തെ രക്ഷപ്പെടുത്തിയെടുത്ത്, എല്ലാ ശത്രുക്കളേയും കാല്‍ക്കീഴിലാക്കി, യെരുശലേമിനെ തലസ്ഥാന നഗരിയാക്കി ഭരണം നടത്തുന്ന ദാവീദിന്‍റെ സന്തതിയായ ഒരു രാജാവ്. (യേശുക്രിസ്തുവിന്‍റെ കാലത്തുള്ള യെഹൂദന്മാരുടെ ചിന്തയനുസരിച്ച് റോമാക്കാരുടെ അടിമനുകത്തില്‍ നിന്നും തങ്ങളെ വീണ്ടെടുക്കുന്നവനാണ് മശിഹ).
രണ്ട്, കഷ്ടം അനുഭവിക്കുന്ന, വേദന അനുഭവിക്കുന്ന, സങ്കടം അനുഭവിക്കുന്ന, തകര്‍ക്കപ്പെടുന്ന, കൈകാലുകള്‍ കുത്തിത്തുളയ്ക്കപ്പെടുന്ന, വിശപ്പും ദാഹവും അനുഭവിച്ച് ക്രൂരമായ വിധത്തില്‍ മരിക്കുകയും ഉത്ഥാനം പ്രാപിക്കുകയും ചെയ്യുന്ന യഹോവയുടെ ദാസനായ മശിഹ.
ഇത് രണ്ടും ഒരാളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ആണ് എന്ന് ഒന്നാം നൂറ്റാണ്ടിലെ യെഹൂദന്മാര്‍ ചിന്തിച്ചിരുന്നില്ല. പകരം രണ്ട് മശിഹമാര്‍ വരും എന്ന് വരെ പല റബ്ബിമാരും പഠിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും പൊതുവേ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന മിശിഹയുടെ ചിത്രമെന്നത്, ശത്രുക്കളെ ജയിച്ചടക്കി ഇസ്രായേലിന് സ്വസ്ഥതയും സമാധാനവും നല്‍കുന്ന വീരനായ രാജാവിന്‍റെ ആയിരുന്നു. ജനങ്ങള്‍ ഒരു സമയത്ത് യേശുവിനെ പിടിച്ച് രാജാവാക്കാന്‍ ഭാവിക്കുകയുമുണ്ടായി. എന്നാല്‍ യേശുക്രിസ്തു അവരെ വിട്ട് ഒഴിഞ്ഞു പോവുകയാണ് ഉണ്ടായത്:
“അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു. അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി” (യോഹ.6:14,15)
ക്രൂശീകരണത്തിനു തടസ്സമായി വരാവുന്ന എല്ലാത്തെയും യേശുക്രിസ്തു ഒഴിവാക്കുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് താന്‍ ആരാണെന്ന് മനസ്സിലായവരോട് തന്‍റെ മരണ പുനരുത്ഥാനം വരെ അത് വെളിപ്പെടുത്തരുതെന്നു യേശുക്രിസ്തു ആവശ്യപ്പെട്ടത്. ഇതിനെയാണ് മിശ്ശിഹയുടെ രഹസ്യം എന്ന് വേദപഠിതാക്കള്‍ വിളിക്കുന്നത്. ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആകുന്നു’ എന്ന് പത്രോസ് പറഞ്ഞപ്പോള്‍ ‘അതാരോടും പറയരുത്’ എന്ന് കല്‍പിച്ച യേശുക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ മറ്റൊരു ശിഷ്യനായ തോമസ് വിളിക്കുന്നത് “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ” (യോഹ.20:28) എന്നാണ്. തന്നെ ദൈവം എന്ന് നേരിട്ട് വിളിച്ചപ്പോള്‍ പോലും യേശുക്രിസ്തു തോമസിനെ തടഞ്ഞില്ല. അതിന്‍റെ കാരണം, യേശുക്രിസ്തുവിന്‍റെ മരണ-പുനരുത്ഥാനം കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ്. പരിശുദ്ധാത്മാവ് വന്നതിനു ശേഷമാണ് ശിഷ്യന്മാര്‍ക്ക് പോലും ഇക്കാര്യം ശരിക്കും മനസ്സിലായത്.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, യേശുക്രിസ്തു സ്വയം “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് പറഞ്ഞിട്ടുണ്ടോ എന്നുള്ള ചോദ്യം ചോദിച്ചു വരുന്ന സകല ദാവാക്കാരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. (തുടരും…)