പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-1)
അനില്‍കുമാര്‍ വി.അയ്യപ്പന്‍
കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസ് അപ്പോസ്തലന് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമാക്കി മാറ്റിരിയിരിക്കുകയാണ് ഇന്നത്തെ ദാവാ പ്രവര്‍ത്തകര്‍. കര്‍ത്താവിന്‍റെ അനുഗൃഹീത അപ്പോസ്തലനായ പൗലോസ്, കര്‍ത്താവിന്‍റെ കല്പനകളെയെല്ലാം റദ്ദു ചെയ്തു തന്‍റെ ഇഷ്ടത്തിനനുസരിച്ച് പുതിയ മതം സ്ഥാപിക്കുകയായിരുന്നു, അതാണ് ഇന്നത്തെ ക്രിസ്തു മതം എന്ന് പറഞ്ഞുകൊണ്ട് അന്ധകാരത്തിന്‍റെ ജാരസന്തതികളായ ദാവാക്കാര്‍ തിരുവചനത്തില്‍ വലിയ നിശ്ചയമില്ലാത്ത ക്രിസ്ത്യാനികളെ തങ്ങളുടെ കൂടെ കൂട്ടുവാന്‍ അക്ഷീണപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ത്താവിന്‍റെ അപ്പൊസ്തലനായ പൌലോസിനെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും തമ്മില്‍ താരതമ്യം ചെയ്തു ആരാണ് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ആള്‍ എന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. ഇസ്ലാമിക പക്ഷത്തും ക്രൈസ്തവ പക്ഷത്തുമുള്ള നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സഹായകരമാകട്ടെ എന്ന ചിന്തയിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിക്കുന്നത്.
ദൃക്സാക്ഷികളോ വേണ്ടത്ര തെളിവോ ഇല്ലാത്ത ഏതൊരു കുറ്റകൃത്യവും കോടതിയില്‍ തെളിയിക്കണമെങ്കില്‍ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. ഇവിടെ പൗലോസ് അപ്പോസ്തലന് നേരെ കുറ്റാരോപണം ഉന്നയിക്കുന്ന ദാവാക്കാരും ഈ കാര്യം തെളിയിക്കാന്‍ ബാധ്യസ്ഥരാണ്. കാരണം, പൗലോസ് അപ്പോസ്തലന്‍ ചെയ്തു എന്ന് ഇവര്‍ അവകാശപ്പെടുന്ന കുറ്റകൃത്യത്തിനു യാതൊരു ദൃക്സാക്ഷിയുമില്ല. തന്‍റെ കാലത്തോ അതിനു ശേഷമുള്ള പത്തു നൂറ്റാണ്ടു വരെയോ ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് തെളിയിച്ചാല്‍ മാത്രമേ അവരുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകൂ. കുറ്റം ചെയ്തയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലാഭം ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്തതിലൂടെ ലഭിച്ചിട്ടുണ്ടോ എന്നാണ് ‘കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്ത്?’ എന്നതിലൂടെ പരിശോധിക്കപ്പെടുന്നത്. തനിക്ക് യാതൊരുവിധത്തിലുള്ള ലാഭവും (ധനസമ്പാദനം, പ്രതികാരം, പ്രശസ്തി, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കോടതിയുടെ കണ്ണില്‍ ലാഭം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്) കിട്ടാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കുറ്റകൃത്യം നടത്തും എന്ന് ലോകത്തുള്ള ഒരു കോടതിയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ലോകത്തെ പല കേസുകളിലും കോടതി കുറ്റാരോപിതരെ വെറുതെ വിട്ടിട്ടുള്ളത്. ഇനി, അങ്ങനെ യാതൊരു ലാഭവുമില്ലാത്ത കാര്യത്തിനു വേണ്ടി ആരെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അയാള്‍ ബുദ്ധിസ്ഥിരത ഇല്ലാത്ത ഒരാളായിരിക്കണം. പൗലോസ് അപ്പോസ്തലന്‍ അങ്ങനെയുള്ള ഒരാളായിരുന്നോ എന്നും നമുക്ക് പരിശോധിക്കാം. മാത്രമല്ല, ഇതേ അളവുകോല്‍ വെച്ച് നാം മുഹമ്മദിനെയും അളക്കേണ്ടതാണ്. ബൈബിളില്‍ ഉള്ള കാര്യങ്ങള്‍ക്കെതിരായി ഇസ്ലാം എന്ന പുതിയൊരു മതം ഉണ്ടാക്കിയതിലൂടെ മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ലാഭം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തൊക്കെയാണ്? ഇല്ല എന്നാണെങ്കില്‍ യാതൊരു ലാഭവുമില്ലാതെ ഇങ്ങനെ സത്യദൈവത്തിനെതിരായി ഒരു മതം ഉണ്ടാക്കാന്‍ തക്കവിധം ബുദ്ധിസ്ഥിരതയില്ലാത്ത ആളായിരുന്നോ അദ്ദേഹം തുടങ്ങിയ കാര്യങ്ങള്‍ നാം പഠന വിധേയമാക്കുന്നുണ്ട്.
ശൌല്‍ എന്ന പൗലോസ് അപ്പോസ്തലന്‍
നമുക്ക് പൗലോസ് അപ്പോസ്തലന്‍റെ സ്വന്ത വാക്കുകളില്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയാം:
“ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍” (അപ്പൊ.പ്രവൃ.22:3-5).
ഇവിടെ അപ്പോസ്തലന്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:
1) കിലിക്യയിലെ തര്‍സോസ് ആണ് തന്‍റെ ജന്മദേശം
2) യെരുശലേം നഗരത്തില്‍ വളര്‍ന്ന ഒരു യെഹൂദനാണ്.
3) ഗമാലിയേലിന്‍റെ ശിഷ്യനാണ്.
4) ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനാണ്.
5) മറ്റു യെഹൂദന്മാരെപ്പോലെ ദൈവസേവയില്‍ എരിവുള്ളവനുമായിരുന്നു.
6) ക്രിസ്ത്യാനികളായ പുരുഷന്മാരെയും സ്ത്രീകളേയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.
7) ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നതിന് മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികളാണ്.
‘ന്യായപ്രമാണത്തിന്‍റെ മനോഹരത്വം’ എന്ന് വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു റബ്ബാന്‍ ഗമാലിയേല്‍. യിസ്രായേലിന്‍റെ ചരിത്രത്തില്‍ ആകെ മൂന്നേ മൂന്നു പേര്‍ക്ക് മാത്രമേ റബ്ബാന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചിരുന്നുള്ളൂ. അതില്‍ മൂന്നാമത്തെ ആളാണ് ഗമാലിയേല്‍. അദ്ദേഹത്തിനു ശേഷം ഒരാളും ആ സ്ഥാനത്തിന് അര്‍ഹനായിട്ടില്ല എന്ന് പറയുമ്പോള്‍ നമുക്ക് മനസ്സിലാക്കാമല്ലോ അദ്ദേഹത്തിന്‍റെ പാണ്ഡിത്യം! ‘റബ്ബാന്‍ ഗമാലിയേലിന്‍റെ മരണത്തോടെ ന്യായപ്രമാണത്തിന്‍റെ തേജസ്സ് കെട്ടുപോയി’ എന്നാണു യെരുശലേം തല്‍മൂദ് പറയുന്നത്. അദ്ദേഹം സന്‍ഹിദ്രീം സംഘത്തിന്‍റെ തലവനായിരുന്നു. ‘സര്‍വ്വജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലിയേല്‍’ എന്ന് അപ്പൊ.പ്രവൃ.5:34-ല്‍ കാണാം. ‘അവര്‍ അവനെ (ഗമാലിയേലിനെ) അനുസരിച്ചു’ എന്ന് അപ്പൊ.പ്രവൃ.5:40-ലും കാണാം. സന്‍ഹിദ്രീം സംഘം പോലും അനുസരിച്ചിരുന്ന ഈ ഗമാലിയേലിന്‍റെ ശിഷ്യനാണ് ശൌല്‍ എന്ന് പേരുണ്ടായിരുന്ന പൗലോസ് എന്ന് പറയുമ്പോള്‍ ന്യായപ്രമാണത്തില്‍ എത്ര സൂക്ഷ്മമായ അറിവാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത് എന്നും യെഹൂദന്മാരുടെ ഇടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത എത്രമാത്രമായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ന്യായപ്രമാണത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള വിദ്യാഭ്യാസത്തിലും അദ്ദേഹം ഔന്നത്യം നേടിയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാകും. അപ്പൊ.പ്രവൃ.17:28-ല്‍ തത്വചിന്തയുടെ വിളനിലമായ ഏതന്‍സില്‍ വെച്ച് പണ്ഡിത വരേണ്യരുമായി സംവദിക്കുമ്പോള്‍ “അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ ‘നാം അവന്‍റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു” എന്ന് പൗലോസ് ഉദ്ധരിക്കുന്നത് ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആരാറ്റസ് എന്ന കവിയുടെ ‘ഫിനോമിനെന്‍’ എന്ന കവിതയിലെ അഞ്ചാം വരിയുടെ രണ്ടാം ഭാഗമാണ്. മാത്രമല്ല, അദ്ദേഹം തന്‍റെ ശിഷ്യനായ തീത്തോസിനു ലേഖനം എഴുതുമ്പോള്‍ ക്രേത്ത ദ്വീപിലുള്ളവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ’ എന്നു അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേര്‍ തന്നേ” (തീത്തോ.1:11). “അവരുടെ ഒരു വിദ്വാന്‍” എന്ന് പറഞ്ഞിരിക്കുന്നത് പൌരാണികകാലത്തു ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ ഗ്രീക്ക് കവിയും തത്വചിന്തകനും ക്രേത്ത ദ്വീപിലെ ഗ്നോസ്സസ് നഗരത്തില്‍ ജനിച്ചവനുമായ എപ്പിമെനിഡിസിനെ കുറിച്ചാണ്.
ഏതന്‍സിന്‍റെ തൊട്ടടുത്ത വലിയ നഗരമായ കൊരിന്തില്‍ ഉള്ളവര്‍ക്ക് ലേഖനം എഴുതുമ്പോള്‍ പൗലോസ് അപ്പോസ്തലന്‍ മരണശേഷമുള്ള പുനരുത്ഥാനത്തിനു തെളിവായി കൊണ്ടുവരുന്ന വാദങ്ങളില്‍ ചിലത് ഇവയാണ്:
1) സസ്യശാസ്ത്രം. 1.കൊരി.15:35-38
2) ജന്തുശാസ്ത്രം. 1.കൊരി.15:39.
3) വാനശാസ്ത്രം. 1.കൊരി.15:40,41
അദ്ദേഹത്തിനു ഈ വിഷയങ്ങളില്‍ ഉണ്ടായിരുന്ന ജ്ഞാനമാണ് ഇത് കാണിക്കുന്നത്. എതെന്‍സിനോട് തൊട്ടുകിടക്കുന്ന കൊരിന്തിലും തത്വചിന്തയും ശാസ്ത്രബോധവും വളരെ ഉയര്‍ന്ന നിലയില്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് കൊരിന്തില്‍ ഉള്ളവര്‍ക്ക് എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുന്ന ഈ ശാസ്ത്രത്തെളിവുകള്‍ തന്നെ അദ്ദേഹം ഉദാഹരണമായി കൊണ്ടുവരുന്നത്. ചുരുക്കത്തില്‍ ദൈവവചനത്തിലും ദൈവവചനത്തിനു പുറത്തും ആഴമായ അറിവുള്ള വ്യക്തിയായിരുന്നു പൗലോസ്. വീണ്ടും അദ്ദേഹം തന്നെപ്പറ്റി പറയുന്നത് നോക്കുക:
“പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യമീന്‍ ഗോത്രക്കാരന്‍; എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍.” (ഫിലി.3:4-6)
ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ പറയുന്നതനുസരിച്ച് പൌലോസിന്‍റെ കുടുംബത്തിന്‍റെ തൊഴില്‍ കപ്പല്‍ നിര്‍മ്മാണമായിരുന്നു എന്ന് മനസ്സിലാക്കാം. മാത്രമല്ല. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക് റോമന്‍ പൌരത്വവും ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം റോമാ പൌരനായാണ് ജനിച്ചത്. അക്കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
“തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു. സഹസ്രാധിപന്‍ വന്നു: നീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നു: ‘ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു’ എന്നു പൌലൊസ് പറഞ്ഞു” (അപ്പൊ.പ്രവൃ.22:25-28)
മൂന്ന് വിധത്തിലായിരുന്നു അന്ന് ഒരാള്‍ക്ക് റോമാ പൗരത്വം ലഭിച്ചിരുന്നത്. ഒന്ന്, റോമന്‍ പൗരത്വമുള്ള മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നതിലൂടെ. രണ്ട്, റോമന്‍ സാമ്രാജ്യത്തിനു വേണ്ടി യുദ്ധരംഗത്തോ മറ്റു രംഗങ്ങളിലോ ചെയ്യുന്ന മഹത്തായ സേവനത്തിനുള്ള പ്രത്യുപകാരമായി. മൂന്ന്, ഏറിയ പണം കൊടുത്ത് റോമാ പൗരത്വം സമ്പാദിക്കുന്നതിലൂടെ. അക്കാലത്ത് റോമാ സാമ്രാജ്യത്തിനുള്ളില്‍ റോമന്‍ പൌരത്വമില്ലാത്തവര്‍ക്ക് അടിമകള്‍ക്കുള്ള പൌരാവകാശങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ റോമന്‍ പൌരത്വമുള്ളവര്‍ക്ക് പല വിശേഷാവകാശങ്ങളും ഉണ്ടായിരുന്നു. ചാട്ടവാര്‍ അടിക്ക് വിധേയനാക്കരുത്, വാറുകൊണ്ട് കെട്ടരുത് എന്നൊക്കെയുള്ളത് ആ വിശേഷാവകാശങ്ങളില്‍പ്പെട്ടതായിരുന്നു. റോമന്‍ പൌരനല്ലാത്ത ഒരുവന്‍ റോമന്‍ പൌരത്വം അവകാശപ്പെട്ടാല്‍ അവനു ലഭിച്ചിരുന്ന ശിക്ഷ ക്രൂശീകരണം ആയിരുന്നു. അതുകൊണ്ടുതന്നെ റോമന്‍ പൌരനല്ലാത്ത ഒരാള്‍ അങ്ങനെയൊരു അവകാശവാദം ഉന്നയിക്കില്ലായിരുന്നു.
തര്‍സോസില്‍ ജനിച്ച യിസ്രായേല്‍ ജാതിക്കാരനായ, ബെന്യാമീന്‍ ഗോത്രജനായ, എട്ടാം നാളില്‍ പരിച്ഛേദനയേറ്റ, മാതാവും പിതാവും യിസ്രായേല്യര്‍ ആയിരുന്നത് കൊണ്ട് ശുദ്ധമായ എബ്രായ രക്തം സിരകളിലൂടെ ഒഴുകുന്നു എന്നഭിമാനിച്ചിരുന്ന, യെരുശലേമില്‍ വളര്‍ന്ന, ഗമാലിയേലിന്‍റെ പാദപീഠത്തിലിരുന്നു ന്യായപ്രമാണം കാമ്പോട് കാമ്പ് മനഃപാഠമാക്കിയ, ശാസ്ത്രത്തിലും ചരിത്രത്തിലും കവിതയിലും തത്വചിന്തയിലും അവഗാഹമുണ്ടായിരുന്ന, സമൂഹത്തില്‍ വളരെ വലിയ നിലയും വിലയും ഉണ്ടായിരുന്ന, ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ആര്‍ക്കും ഒരു കുറ്റവും പറയുവാനില്ലാതിരുന്ന, ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രം കൈവശമുണ്ടായിരുന്ന, റോമാ പൌരത്വം ജന്മാവകാശമായി ലഭിച്ച ശൌല്‍ എന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ദമാസ്കസില്‍ പാര്‍ക്കുന്ന യെഹൂദ ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി തടവില്‍ ഏല്‍പ്പിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവും വാങ്ങി പോകുമ്പോള്‍ നേര്‍വീഥി എന്ന തെരുവില്‍ വെച്ച് പെട്ടെന്നു ആകാശത്തുനിന്നു നട്ടുച്ചയിലെ സൂര്യനെ കവിയുന്നൊരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി അവന്‍ നിലത്തു വീണു. അവനോടു യേശുക്രിസ്തു ഇടപെട്ടു, തന്നെ ഉപദ്രവിക്കുന്നത് എന്തിന്? എന്ന് ചോദിച്ചു. അത്യുഗ്രമായ വെളിച്ചം കണ്ടതിന്‍റെ അനന്തരഫലമായി അവന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും ഭക്ഷണം കഴിക്കാതെയും ദമാസ്കസില്‍ പാര്‍ത്തു. അവിടെയുള്ള എല്ലാ വിശ്വാസികളാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന പുരുഷന് യേശുക്രിസ്തു ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് പ്രകാരം അനന്യാസ് ശൌലിന്‍റെ അരികില്‍ ചെന്ന് അവനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍റെ കണ്ണിന് കാഴ്ച തിരികെ ലഭിച്ചു.
അതോടെ ശൌലില്‍ അസാധാരണമായ മാറ്റം സംഭവിക്കുകയും താന്‍ അതുവരെ എതിര്‍ത്തു പോന്നിരുന്ന യേശു തന്നെയാണ് യെഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് പള്ളികളിലും തെരുവുകളിലും ന്യായാസനങ്ങളിലും രാജകൊട്ടാരത്തിലും ചന്തകളിലും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെ പ്രസംഗിച്ചു പോരുകയും ചെയ്തു. യെഹൂദന്മാര്‍ക്ക് ശൌലിനോട് അതികഠിനമായ വിരോധം ഉണ്ടാകുകയും പലവിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തു. ചിലപ്പോള്‍ കൊല്ലാനും അവര്‍ ശ്രമിച്ചു പോന്നു. ക്രിസ്തുവിനു വേണ്ടിയുള്ള തന്‍റെ ജീവിതത്തില്‍ അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് ധാരാളം പേരെ ക്രിസ്തുവിന്‍റെ അനുഗാമികള്‍ ആക്കുകയും അനേകം സ്ഥലത്ത് യേശുക്രിസ്തുവിന്‍റെ സഭകള്‍ രൂപീകരിക്കുകയും ചെയ്ത ശേഷം എ.ഡി.67-ല്‍ നീറോ ചക്രവര്‍ത്തിയുടെ കല്പനയാല്‍ റോമില്‍ വെച്ച് പൗലോസിനെ ശിരഃച്ഛേദം ചെയ്തു. അങ്ങനെ ആ മഹത്തായ ജീവിതത്തിന് ഭൌമികമായ അന്ത്യം സംഭവിച്ചു. താന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് തന്‍റെ ശിഷ്യനും പുത്രനിര്‍വ്വിശേഷനുമായ തിമോത്തിയോസിന് എഴുതിയത് പോലെ ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്ത്, നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ അദ്ദേഹം സമാധാനത്തോടും സംതൃപ്തിയോടും കൂടെ താന്‍ പ്രിയം വെച്ചിരുന്ന കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് യാത്രയായി. ഇതാണ് പൗലോസ് അപ്പോസ്തലനെക്കുറിച്ചുള്ള ചെറു വിവരണം. (തുടരും…)