യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം. (ഭാഗം-1)
അനില്‍കുമാര്‍ വി അയ്യപ്പന്‍
യേശുക്രിസ്തു അത്ഭുതങ്ങള്‍ ചെയ്തതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് എന്നാണ് 99 ശതമാനം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. അതവരുടെ അറിവില്ലായ്മ മാത്രമാണ്. ദൈവികമായ അത്ഭുതങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയില്ലെങ്കിലും സാധാരണ അത്ഭുതങ്ങള്‍ ഏതു മനുഷ്യനും ചെയ്യാം. മാജിക് ആണെന്നറിഞ്ഞുകൊണ്ട് നമ്മള്‍ മുതുകാടിന്‍റെ ഒരു പ്രോഗ്രാം കാണുന്നു. അത് മാജിക് ആണെന്നുള്ള ബോധം നമ്മുടെ ഉള്ളില്‍ ഉള്ളതുകൊണ്ട് അദ്ദേഹം ചെയ്യുന്ന പരിപാടിയെ നാം വേറെ വിധത്തില്‍ കണക്കാക്കുന്നില്ല. എന്നാല്‍ അദ്ദേഹം ചെയ്ത അതേ ഐറ്റം ഡേവിഡ് കോപ്പര്‍ ഫീല്‍ഡിനേപ്പോലെയുള്ള ഒരു തെരുവ് മാന്ത്രികന്‍ വളരെ അപ്രതീക്ഷിതമായി നമ്മുടെ മുമ്പാകെ ചെയ്‌താല്‍, അതിന്‍റെ രഹസ്യം എന്താണെന്ന് അറിയുന്നത് വരേയ്ക്കും നമുക്ക് അതൊരു അത്ഭുതം തന്നെയായിരിക്കും, ഒരു സംശയവുമില്ല. ഞാനിത് പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍, അത്ഭുതങ്ങള്‍ ചെയ്തത് കൊണ്ട് ഒരാളെയും ദൈവമായി കണക്കാക്കാന്‍ കഴിയില്ല എന്നുള്ളതാണ് ക്രൈസ്തവ വിശ്വാസം എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നതു കൊണ്ടാണ്.
ബൈബിളില്‍ ദൈവത്തിന്‍റെ ഗുണങ്ങളും സ്വഭാവവും വിവരിച്ചിട്ടുണ്ട്. ആ ഗുണങ്ങളും സ്വഭാവവും തനിക്കുണ്ടെന്ന് ഒരാള്‍ അവകാശപ്പെടുകയും ആ അവകാശവാദത്തെ അയാള്‍ തന്‍റെ പ്രവൃത്തികള്‍ കൊണ്ട് സാധൂകരിക്കുകയും ചെയ്‌താല്‍, തീര്‍ച്ചയായും ആ വ്യക്തിയെ ഞങ്ങള്‍ ദൈവമായി അംഗീകരിക്കും. യേശുക്രിസ്തുവിനെ ഞങ്ങള്‍ ദൈവമായി കാണുന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളും ആ അവകാശവാദങ്ങളെ സാധൂകരിക്കുന്ന അദ്ദേഹത്തിന്‍റെ പ്രവൃത്തികളുമാണ്. ഈ ലേഖന പരമ്പരയില്‍ നാം പരിശോധിക്കാന്‍ പോകുന്നത് യഹോവയുടെ അവകാശവാദങ്ങള്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍, അല്ലാഹുവിനെക്കുറിച്ച് മലക്ക് പറഞ്ഞതായുള്ള മുഹമ്മദിന്‍റെ അവകാശവാദങ്ങള്‍ എന്നിവയാണ്. ഈ മൂന്നു കൂട്ടരുടെ അവകാശവാദങ്ങളെയും സസൂക്ഷ്മം വിലയിരുത്തി യേശുക്രിസ്തുവാണോ അതോ അല്ലാഹുവാണോ യഥാര്‍ത്ഥ ദൈവം എന്നുള്ള കാര്യം ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ സ്വയം മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
യേശുക്രിസ്തു സംസാരിച്ചതും ഇടപഴകിയതും നിരീശ്വരവാദികളോടോ, ദൈവത്തെ അറിയാത്ത ആളുകളോടോ അല്ല. യേശുക്രിസ്തുവിനും രണ്ടായിരം വര്‍ഷം മുന്‍പ് ദൈവം വിളിച്ചു വേര്‍തിരിച്ച് തിരഞ്ഞെടുത്തു കൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതികളോടാണ്. ലോകത്ത് ആദ്യമായി ഏക ദൈവ വിശ്വാസപ്രഖ്യാപനം നടത്തിയത് അവരുടെ എക്കാലത്തെയും വലിയ പ്രവാചകനായ മോശെയാണ്. ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടു ദൈവം എങ്ങനെയാണ് ഇടപെട്ടതെന്നും ഈജിപ്തില്‍ അടിമകളായി കിടന്നിരുന്ന അവരെ എങ്ങനെയാണ് തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഈ ഭൂപ്രദേശത്ത് കൊണ്ടുവന്നു ദൈവം കുടി പാര്‍പ്പിച്ചതെന്നും അവര്‍ക്ക് വ്യക്തമായിട്ടറിയാം. തങ്ങളുടെ പിതാക്കന്മാര്‍ വഴി തെറ്റിപ്പോയ അവസ്ഥയില്‍ ദൈവം എങ്ങനെ അവരെ പ്രവാചകന്മാര്‍ മുഖാന്തരം നേര്‍വഴിക്ക് നടത്തിയെന്നും പിന്നെയും അനുസരണക്കേട് കാണിച്ചപ്പോള്‍ ദൈവം എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ പിതാക്കന്മാരെ ശിക്ഷിപ്പിച്ചു എന്നും നന്നായിട്ടറിയാവുന്നവരാണവര്‍. അതൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന തോറയും നെബ്ബ്വീമും കെത്തുബീമും അടങ്ങിയ, ക്രിസ്ത്യാനികള്‍ പഴയനിയമം എന്ന് വിളിക്കുന്ന വിശുദ്ധ തിരുവെഴുത്ത് അവരുടെ കൈവശമുണ്ട്.
ചുരുക്കി പറഞ്ഞാല്‍, ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടുള്ള ബന്ധത്തില്‍ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഏതു വിധത്തിലുള്ളതാണ് എന്നതിനെക്കുറിച്ചും നല്ലവണ്ണം അറിയാവുന്ന ആളുകളോടാണ് യേശുക്രിസ്തു സംസാരിക്കുന്നത്. അങ്ങനെയുള്ള ആ ജനത യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നാണ് നാം പരിശോധിക്കേണ്ടത്. അല്ലാതെ യിസ്രായേല്‍ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത, മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകള്‍ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത, അറേബ്യന്‍ മരുഭൂമിയിലെ കഅബയ്ക്കകത്ത് ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളെ ആരാധിച്ചു നടന്നിരുന്ന എഴുത്തും വായനയും പോലും അറിയാതിരുന്ന ആളുകള്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നല്ല നാം പരിശോധിക്കേണ്ടത്. ഒരുദാഹരണത്തിലൂടെ ഞാനിത് ഒന്നുകൂടി വ്യക്തമാക്കാം:
ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലാസ്സിന്‍റെ മുന്നില്‍ യാദൃശ്ചികമായി ഒരു എല്‍.കെ.ജി വിദ്യാര്‍ഥി എത്തപ്പെട്ടു എന്ന് വിചാരിക്കുക. അവന്‍ അവിടെ നിന്ന് എത്ര സമയം ആ ക്ലാസ്സ് കേട്ടാലും അവിടെ പഠിപ്പിക്കുന്ന വിഷയം അവന് മനസ്സിലാവുകയില്ല. ‘ഇയാളിതെന്തൊക്കെയാണ് പറയുന്നത്, മനുഷ്യന് മനസ്സിലാകുന്ന വിധത്തില്‍ ഇയാള്‍ക്കെന്തെങ്കിലും പറഞ്ഞുകൂടെ?’ എന്നേ അവന്‍ ചിന്തിക്കൂ. അവനങ്ങനെ ചിന്തിക്കാന്‍ കാരണം ക്ലാസ്സെടുക്കുന്ന അധ്യാപകന്‍റെ കുഴപ്പമല്ല, പഠിപ്പിക്കപ്പെടുന്ന വിഷയത്തിന്‍റെ ന്യൂനതയുമല്ല. മറിച്ച്, അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയം മനസ്സിലാക്കാന്‍ തക്കവിധം അവന്‍റെ ബുദ്ധിക്കും ചിന്താശേഷിക്കും വികാസം വന്നിട്ടില്ല എന്നത് കൊണ്ടാണ് അവനതു മനസ്സിലാക്കാന്‍ പറ്റാത്തത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ ഈ എല്‍.കെ.ജി വിദ്യാര്‍ഥിയെക്കാളും താഴ്ന്ന മനോനിലയിലാണ് ലോകമെമ്പാടും ഉള്ള സകല മുസ്ലീങ്ങളും ഉള്ളത്. അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന വികലമായ ഒരു ദൈവസങ്കല്‍പമുണ്ട്, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയുടെയും അയാളുടെ അനുയായികളുടെയും വികലമായൊരു ദൈവസങ്കല്പം! ആ ദൈവസങ്കല്പത്തിനോട് യോജിക്കുന്നവ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ, അല്ലാതെ സത്യദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ഗ്രഹിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. അവരുടെ ഈ താല്പര്യമില്ലായ്മ ബൈബിളിന് ഒരു വിഷയവുമല്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ മനസ്സിലാക്കണം എന്നല്ലാതെ, മനുഷ്യന്‍റെ തോന്നലുകള്‍ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ബൈബിളില്‍നിന്ന് കാണിച്ചു തരണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ താളത്തിനനുസരിച്ചു തുള്ളാന്‍ ബൈബിളിനോ ബൈബിളിലെ ദൈവത്തിനോ ആ ദൈവത്തിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തിലും വിശ്വസിക്കുന്ന ഞങ്ങള്‍ക്കോ യാതൊരു നിര്‍ബന്ധവുമില്ല!
യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ച് ബൈബിളെന്ത് പറയുന്നു? യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ കേട്ട യെഹൂദന്മാരായ ശിഷ്യന്മാര്‍ എന്ത് മനസ്സിലാക്കി എന്നുള്ളത് ആദ്യം നോക്കാം:
“അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു.” (യോഹ.5:18)
ഇത് യോഹന്നാന്‍ അപ്പൊസ്തലന്‍റെ പ്രസ്താവനയാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട ജനം എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് കര്‍ത്താവിന്‍റെ ശിഷ്യനായ യോഹന്നാന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. യേശുക്രിസ്തു ആരോടാണോ സംസാരിക്കുന്നത്, അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലായി, “ദൈവം സ്വന്തപിതാവു” എന്നു പറഞ്ഞതിലൂടെ യേശുക്രിസ്തു എന്താണ് അവകാശപ്പെട്ടതെന്ന്. തന്നെ പിതാവ് എന്ന് വിളിക്കാന്‍ ഒരു വിധത്തിലും സമ്മതിക്കാത്ത അല്ലാഹുവില്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്ക് ദൈവത്തെ സ്വന്ത പിതാവ് എന്ന് വിളിച്ചതിലൂടെ യേശുക്രിസ്തു എന്താണ് അര്‍ത്ഥമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. അതേപോലെ, ദൈവത്തിന് ഭാര്യയും മക്കളും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്ള ഹൈന്ദവ സ്നേഹിതന്മാര്‍ക്കും “ദൈവം സ്വന്തപിതാവു” എന്ന് പറഞ്ഞതിലൂടെ യേശുക്രിസ്തു സ്വയം ദൈവത്വമാണ് അവകാശപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍, യെഹൂദാ പശ്ചാത്തലത്തില്‍, ആ അവകാശവാദത്തിന്‍റെ അര്‍ഥം നമ്മള്‍ മനസ്സിലാക്കുന്നത് പോലെയല്ല എന്നറിയാന്‍ യോഹന്നാന്‍ അപ്പോസ്തലന്‍റെ പ്രസ്താവന നോക്കിയാല്‍ മതി.
ബൈബിളില്‍ നിന്നും വേറൊരു ഭാഗം ഉദ്ധരിക്കാം. യേശുക്രിസ്തു യെഹൂദന്മാരോട് ഒരു വാചകം പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കാം:
“ഞാനും പിതാവും ഒന്നാകുന്നു.’ യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തി നിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു യേശു ചോദിച്ചു. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ,10:30-33)
യെഹൂദന്മാര്‍ക്ക് കൃത്യമായി മനസിലായി യേശു എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇവിടെ പറഞ്ഞിട്ടില്ല, പക്ഷേ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ അതാരോടാണോ പറഞ്ഞത്, അവര്‍ക്ക് കാര്യം മനസ്സിലായി, ഇവന്‍ ദൈവത്വം ആണ് അവകാശപ്പെടുന്നത് എന്നുള്ളത്. ഇനി വേറൊരു ഭാഗം നോക്കാം:
“മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.” (മത്തായി.26:62-65)
ഇത് സാധാരണക്കാരായ യെഹൂദന്മാരല്ല, സന്‍ഹിദ്രീം സംഘമാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ടപ്പോള്‍, ന്യായപ്രമാണം കാമ്പോടുകാമ്പ് മനസ്സിലാക്കിയിരുന്ന, ന്യായപ്രമാണത്തിലെ ചട്ടങ്ങളെയും വിധികളെയും കല്പനകളെയും പ്രമാണങ്ങളെയും കുറിച്ച് അവഗാഹമായ ജ്ഞാനമുണ്ടായിരുന്ന ഈ സന്‍ഹിദ്രീം സംഘം ഒന്നടങ്കം പറഞ്ഞു, അവന്‍ മരണയോഗ്യന്‍ എന്ന്! അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മനുഷ്യന്‍, ഒരു തച്ചന്‍റെ മകന്‍, ഒരു തച്ചനായി ജോലി ചെയ്തിരുന്നവന്‍ ഇപ്പോഴിതാ ദൈവത്വം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, അവന്‍ മരണയോഗ്യനാണ്. ഇവിടെയും യേശുക്രിസ്തു “ഞാന്‍ ദൈവമാകുന്നു” എന്ന് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ കേട്ടവര്‍ക്ക് മനസ്സിലായി അതു തന്നെയാണ് യേശു അവകാശപ്പെട്ടത് എന്നുള്ള കാര്യം. ഇനി, ‘ദൈവത്വമല്ല ഇവിടെ യേശുക്രിസ്തു അവകാശപ്പെട്ടത്’ എന്ന വാദമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദം കേട്ടപ്പോള്‍ അവന്‍റെ മേല്‍ ദൈവദൂഷണം എന്ന കുറ്റം ആരോപിച്ച് അവനെ മരണ ശിക്ഷയ്ക്ക് വിധിച്ചത് എന്നുള്ള കാര്യം കൂടി വ്യക്തമാക്കണം.
ചുരുക്കത്തില്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട യോഹന്നാന്‍ അപ്പൊസ്തലന്‍ അടക്കമുള്ള ശിഷ്യന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്.
യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട സാധാരണക്കാരായ യെഹൂദന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അവനെ എറിയാന്‍ കല്ലെടുത്തത്.
യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട മഹാപുരോഹിതന്‍ അടക്കമുള്ള സന്‍ഹിദ്രീം സംഘത്തിന് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവന്‍ മരണ യോഗ്യന്‍ എന്ന് അവര്‍ ഏകമനസ്സോടെ ഉത്തരം പറഞ്ഞത്.
യേശുക്രിസ്തുവിന്‍റെ ശിഷ്യവൃന്ദത്തിന്, അന്നത്തെ സാധാരണക്കാരായ ജനത്തിന്, വേദപാരംഗതരായ സന്‍ഹിദ്രീം സംഘത്തിലുള്ളവര്‍ക്ക്, അവര്‍ക്കെല്ലാം മനസ്സിലായി യേശുക്രിസ്തു ദൈവത്വമാണ് അവകാശപ്പെടുന്നത് എന്നുള്ള കാര്യം. ഇനി ഇങ്ങനെയല്ലാതെ, യേശുക്രിസ്തു നേരിട്ട് പറയുന്നുണ്ട് താന്‍ ദൈവമാണെന്ന്. വെളിപ്പാട് പുസ്തകം 21:6,7 വാക്യങ്ങള്‍ നോക്കുക:
“പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചു തീര്‍ന്നു; ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.”
ഇത് യേശുക്രിസ്തു പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ അവന്ന്‍ ദൈവം ആയിരിക്കും എന്നാണ് കര്‍ത്താവ് പറയുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ ജീവനോടെ ഇരുന്നപ്പോള്‍ “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇതുപോലെ സ്പഷ്ടമായും വ്യക്തമായും പറയാതിരുന്നത്? അതറിയണമെങ്കില്‍, തിയോളജിയന്മാര്‍ ‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വിവക്ഷിക്കുന്ന തിരുവെഴുത്തിലെ ഒരു പ്രധാനപ്പെട്ട മര്‍മ്മം നാം മനസ്സിലാക്കിയിരിക്കണം. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്ത് അതിനെക്കുറിച്ച് നമുക്ക് നോക്കാം.
യേശു ക്രിസ്തു ദൈവമാണെന്ന് ബൈബിള്‍ പറഞ്ഞിരിക്കെ, കര്‍ത്താവിന്‍റെ കാലശേഷം 600 വര്‍ഷം കഴിഞ്ഞ്, ബൈബിളിലെ ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, സത്യദൈവമായ യഹോവയുടെ പേര് പോലും അറിയാത്ത, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയും അയാളുടെ അനുയായികളും യേശുക്രിസ്തുവിനെ കുറിച്ച് എന്ത് മനസ്സിലാക്കിയോ അതേ നിങ്ങളും മനസ്സിലാക്കാന്‍ പാടുള്ളൂ, അവര്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള ബൈബിള്‍ വാക്യങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ, അങ്ങനെ മാത്രമേ നിങ്ങളും വ്യാഖ്യാനിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞ് വന്നാല്‍, അത് ചിലവാക്കാന്‍ അങ്ങാടി വേറെ നോക്കിക്കോ. ആ മണ്ടത്തരം കേട്ട് തലയാട്ടാന്‍ മാത്രം തലയ്ക്ക് ഓളമുള്ളവരല്ല ഞങ്ങള്‍ എന്നുള്ള കാര്യം ആരംഭത്തില്‍ തന്നെ ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്. (തുടരും…)