മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-1)
അനില്‍കുമാര്‍ വി അയ്യപ്പന്‍
കഴിഞ്ഞ കുറച്ചു നാളുകളായി ഫെസ്ബുക്കിലും വാട്ട്സാപ്പിലും പല ദാവാക്കാരും ഒട്ടിച്ചുകൊണ്ടു നടക്കുന്ന ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അത് തുടങ്ങുന്നത് ഇങ്ങനെയാണ്:
“മുഹമ്മദ് നബി(സ:അ) എന്ന വ്യക്തിയെ ഇസ്ലാം മത പ്രവാചകനായതിന്റെ പേരിൽ മാത്രം ആക്ഷേപിക്കുകയും വിമർശ്ശിക്കുകയും ചെയ്യുന്നവരൊട് ഒരു വാക്ക്.
നിങ്ങൾ മുഹമ്മദ് എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച് നോക്കൂ….”
ഇങ്ങനെ പറഞ്ഞിട്ട് പിന്നെ കുറേ അവകാശവാദങ്ങളാണ്. ഖുര്‍ആനും ഹദീസുകളും തഫ്സീറുകളും മഘാസി ലിഖിതങ്ങളും സീറകളും വായിച്ചിട്ടുള്ള ഏതൊരു മനുഷ്യനെയും പൊട്ടിച്ചിരിപ്പിക്കുന്ന വിധത്തിലുള്ള അവകാശവാദങ്ങള്‍. ഇവര്‍ ഇങ്ങനെയൊക്കെ തള്ളാതെ ഇരുന്നാല്‍ വലിയ കുഴപ്പമില്ലാതെ ഇന്ത്യ പോലൊരു മതേതര രാജ്യത്ത് മുഹമ്മദിന് കഷ്ടിപിഷ്ടി പിടിച്ചു നിന്ന് പോകാം. പക്ഷേ ഇജ്ജാതി തള്ളുതള്ളിയിട്ട് മുഹമ്മദിനെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഏതെങ്കിലും മുസ്ലീങ്ങള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. ഞങ്ങളെപ്പോലെ കുറച്ചു പേര്‍ ഇവിടെയുണ്ട്. പ്രമാണങ്ങള്‍ വെച്ച് തന്നെ ഇതൊക്കെ പൊളിച്ചടുക്കി കയ്യീത്തരും എന്ന് ഓര്‍ക്കേണ്ടതായിരുന്നു. ആ പോസ്റ്റില്‍ പറഞ്ഞ ഓരോ അവകാശവാദങ്ങളെയും പ്രമാണബദ്ധമായി നിരൂപണം ചെയ്യുന്ന ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നു. ഇത്, അതിന്‍റെ ഒന്നാം ഭാഗം.
- ഒന്നാമത്തെ അവകാശവാദം “മുഹമ്മദ് എന്ന അനാഥ ബാലൻ” എന്നതാണ്.
ലോകത്ത് അനേകം അനാഥ ബാലന്മാര്‍ ഉണ്ടായിരുന്നിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. മനുഷ്യര്‍ക്ക് മാതൃകയാക്കാന്‍ തക്കവണ്ണം ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മുഹമ്മദ് എന്ന അനാഥ ബാലനുണ്ടായിരുന്നത്? എന്തെങ്കിലും ഒന്ന് പറയാനുണ്ടോ? മുഹമ്മദിന്‍റെ കുട്ടിക്കാലത്തെ ഒരു സംഭവത്തെക്കുറിച്ച് ഹദീസില്‍ വന്നിട്ടുണ്ട്, ഇനിയിപ്പോ അതെങ്ങാനുമാണോ ഇവര്‍ ഉദ്ദേശിച്ചത്? ഹദീസ് താഴെ കൊടുക്കാം:
അനസ് ബ്നു മാലിക് നിവേദനം: നബി ഒരിക്കല്‍ (ചെറുപ്പത്തില്‍) കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ജിബ്‌രീല്‍ വന്നു നബിയെ പിടിച്ചു കിടത്തി നെഞ്ചു കീറി ഹൃദയം പുറത്തെടുത്ത് അതില്‍ നിന്നു ഒരു രക്തക്കട്ടയെടുത്ത് കളയുകയും ‘ഇത് നിനില്‍ നിന്നുള്ള പിശാചിന്‍റെ അംശമാണ്’ എന്ന് പറയുകയും ചെയ്തു. അനന്തരം ഒരു സ്വര്‍ണ്ണപ്പാത്രം സംസം വെള്ളംകൊണ്ട് അത് കഴുകിയ ശേഷം യഥാസ്ഥാനത്ത് വെച്ച് കൂട്ടുകയും ചെയ്തു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ അവിടത്തെ മാതാവിന്‍റെ അഥവാ മുലകൊടുക്കുന്ന ഉമ്മയായ ഹലീമയുടെ അടുക്കല്‍ ഓടി വന്നു ‘മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞു. ഉടനേ അവര്‍ നബിയുടെ അടുക്കല്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ അവിടുന്ന് (ഭയം മൂലം) വിവര്‍ണ്ണനായിരിക്കുന്നു. അനസ് പറയുന്നു, നബിയുടെ നെഞ്ചില്‍ തുന്നിയ അടയാളം ഞാന്‍കാണാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം1, ഹദീസ് നമ്പര്‍ 263 (163)
ഇതുവെച്ച് “ലോകത്തിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയ നടത്തിയത് അനാഥനായ ഞമ്മടെ മുത്തിന്‍റെ മേലാ” എന്നെങ്ങാനും ഇവര്‍ ചിന്തിച്ചു പോയതു കൊണ്ടാണോ ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്? മുഹമ്മദ് എന്ന അനാഥ ബാലനില്‍ എന്ത് മാതൃകയാണ് ഉള്ളതെന്ന് പോസ്റ്റ് ഒട്ടിപ്പുകാര്‍ ഒന്ന് വിശദീകരിച്ചു തന്നിരുന്നെങ്കില്‍ നന്നായിരുന്നു.
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന ആട്ടിടയൻ” എന്നതാണ്.
മുഹമ്മദ് എന്ന ആട്ടിടയനെ കുറിച്ച് എന്ത് വിവരങ്ങളാണ് മുസ്ലീങ്ങളുടെ കൈവശം ഉള്ളത്? ഒരെണ്ണം പറയാമോ? ബൈബിളിലെ പ്രവാചകനായ മോശെ ആട്ടിയനായി 40 കൊല്ലത്തോളം ജോലി ചെയ്ത കാര്യം ബൈബിള്‍ പറയുന്നുണ്ട്. മറ്റൊരു പ്രവാചകനായ ദാവീദിന്‍റെ ജീവിതം പഠിച്ചാല്‍ അദ്ദേഹം ചെറുപ്പത്തില്‍ ആട്ടിടയനായിരുന്നു എന്ന് കാണാം. തന്‍റെ സംരക്ഷണത്തിലുള്ള ആട്ടിന്‍പറ്റത്തെ എങ്ങനെയാണ് താന്‍ സിംഹത്തിന്‍റെയും കരടിയുടെയും വായില്‍ നിന്ന് രക്ഷിച്ചതെന്നും ഒക്കെ ദാവീദ് പറയുന്നുമുണ്ട്. അതുപോലെ എന്തെങ്കിലും കാര്യം മുഹമ്മദ് എന്ന ആട്ടിടയനെ കുറിച്ച് പറയാനുണ്ടോ? ഒന്നും ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒരവകാശവാദം നടത്തിയത് എന്തിന് വേണ്ടിയാണ് എന്ന് ദാവാക്കാര്‍ പറയണം.
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന യുവാവ്” എന്നതാണ്.
മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് എന്താണ് മുസ്ലീങ്ങള്‍ക്ക് ഇത്ര അഭിമാനത്തോടെ പറയാനുള്ളത്? അനാഥനായി, കാല്‍ക്കാശിനു വകയില്ലാതെ നടന്ന ഒരു ചെറുപ്പക്കാരന്‍ ആണെന്നോ? അതോ അഷ്ടിക്കു വകയില്ലാത്തത് കൊണ്ട് പട്ടിണി മാറ്റാന്‍ വേണ്ടി തന്നെക്കാള്‍ 15 വയസ്സ് മൂത്ത തന്‍റെ തൊഴിലുടമയും ധനാഢ്യയും വിധവയുമായ ഖദീജയുടെ മൂന്നാം ഭര്‍ത്താവായി തീര്‍ന്നുകൊണ്ട് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കാന്‍ നോക്കിയ ബുദ്ധിമാന്‍ ആണെന്നോ? എന്താണ് ഈ അവകാശവാദത്തിലൂടെ ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന വ്യാപാരി” എന്നതാണ്.
മുഹമ്മദ് നല്ലൊരു വ്യാപാരിയായിരുന്നു എന്നുള്ള അവകാശവാദത്തെ ഒരാളും എതിര്‍ക്കാന്‍ വരുമെന്ന് തോന്നുന്നില്ല. ഇസ്ലാമിലെ സ്വര്‍ഗ്ഗസങ്കല്‍പം മാത്രം എടുത്താല്‍ മതി, മുഹമ്മദ് എന്ന കച്ചവടക്കാരന്‍റെ ബുദ്ധിവൈഭവം അറിയാന്‍. പ്രവാചകനാണെന്ന് അവകാശപ്പെട്ട മുഹമ്മദിനോട് ജനങ്ങള്‍ തെളിവ് ചോദിക്കുന്നുണ്ട്. മരുഭൂമിയില്‍ അരുവികള്‍ ഉണ്ടാക്കാനും സ്വര്‍ണ്ണം കൊണ്ടുള്ള കൊട്ടാരങ്ങള്‍ ഉണ്ടാക്കാനും ആകാശത്തു നിന്നും ആഹാരത്തളിക ഇറക്കികാണിക്കാനും, ഈന്തപ്പനയുടെയോ മുന്തിരിയുടെയോ തോട്ടങ്ങള്‍ ഉണ്ടാക്കാനും തുടങ്ങിയ പലവിധ അത്ഭുത കൃത്യങ്ങള്‍ ചെയ്തു കാണിക്കാനാണ് ജനങ്ങള്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇങ്ങനെയുള്ള ഒറ്റൊരു അത്ഭുതം പോലും മുഹമ്മദ് ചെയ്തു കാണിച്ചതായി ഖുര്‍ആനിലില്ല. അത്ഭുതങ്ങള്‍ ചെയ്തുകാണിക്കാനുള്ള കഴിവ് അല്ലാഹുവിനു മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ് ജനങ്ങളുടെ ഈ ആവശ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തെക്കുറിച്ച് മുഹമ്മദ് പറഞ്ഞപ്പോള്‍ അതില്‍ ഇടംപിടിച്ചതെല്ലാം ജനങ്ങള്‍ ഇവിടെ മുഹമ്മദിനോട് ആവശ്യപ്പെട്ട കാര്യങ്ങളാണ്. ഒരു നല്ല കഴവടക്കാരന്‍ എപ്പോഴും ഇങ്ങനെയായിരിക്കും. തന്‍റെ കടയില്‍ ഉപഭോക്താവ് ആവശ്യപ്പെട്ട സാധനങ്ങള്‍ ഇല്ലെങ്കില്‍ അത് വേറെ എവിടെ നിന്നെങ്കിലും എത്തിച്ചു കൊടുക്കാമെന്നു ഉറപ്പു നല്‍കുന്നയാളാണ് നല്ലൊരു കച്ചവടക്കാരന്‍. ആ ഉറപ്പാണ് മുഹമ്മദ് തന്‍റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്. ‘നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ തരാന്‍ എനിക്ക് കഴിയില്ല, പക്ഷേ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഇവിടെ ആവശ്യപ്പെട്ടതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ തരും’ എന്ന കച്ചവടക്കാരന്‍റെ ബുദ്ധിയാണ് മുഹമ്മദിന്‍റെ ഇസ്ലാമിക സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ നിന്നും ഏതൊരാള്‍ക്കും മനസിലാകുന്നത്.
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന ഭർത്താവ്” എന്നതാണ്.
മുഹമ്മദ് എന്ന ഭര്‍ത്താവില്‍ എന്ത് മാതൃകയാണ് ലോക മനുഷ്യര്‍ക്ക് ഉള്ളത്? പത്തുപതിനാലു ഭാര്യമാരും എണ്ണമില്ലാത്തത്ര വെപ്പാട്ടിമാരുമായി ജീവിച്ച ഒരു മനുഷ്യന്‍ പരിഷ്കൃത ലോകത്തിന് എങ്ങനെയാണ് നല്ലൊരു മാതൃകാ ഭര്‍ത്താവാകുന്നത്? പോട്ടെ, തന്‍റെ എല്ലാ ഭാര്യമാരെയും മുഹമ്മദ് തുല്യരായി പരിഗണിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് മറുപടി. ഹദീസ് നല്‍കാം:
അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 51 (1465).
വാസ്തവത്തില്‍ മുഹമ്മദിന്‍റെ ഈ പ്രവൃത്തി ഖുര്‍ആനിലെ കല്പനക്ക് വിരുദ്ധമാണ്. സൂറാ.4:3-ല്‍ കാണുന്നത് ഇങ്ങനെയാണ്: “അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.”
ഈ കല്പനയെ പച്ചയ്ക്ക് ലംഘിച്ച മുഹമ്മദ് മുസ്ലീങ്ങള്‍ക്ക് പോലും മാതൃകാപുരുഷനല്ല എന്നതാണ് സത്യം. മുഹമ്മദ് എന്ന ഭര്‍ത്താവിനെക്കുറിച്ച് ഇന്നത്തെ മുസ്ലീങ്ങള്‍ എന്തെങ്കിലും അടിച്ചു വിടുന്നത് കൊണ്ടായില്ലല്ലോ, മുഹമ്മദിന്‍റെ ഭാര്യക്ക് എന്താണ് തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറയാനുള്ളത് എന്ന കാര്യമല്ലേ നമ്മള്‍ നോക്കേണ്ടത്. ആയിശയുടെ അഭിപ്രായം പരിശോധിക്കാം:
ആയിഷ (റ) പറയുന്നു: എന്നെ തലവേദന ബാധിച്ചപ്പോള്‍, ‘ഹാ! എന്‍റെ തല തകര്‍ന്നല്ലോ’ എന്ന് ഞാന്‍ വിലപിച്ചു. തിരുമേനി (സ) അരുളി: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോഴാണ് നിനക്ക് മരണം സംഭവിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.’ ഞാന്‍ സങ്കടപെട്ടു. ‘അഹോ! സങ്കടം. അല്ലാഹുവാണ, അങ്ങ് അന്ന് വൈകുന്നേരം തന്നെ അങ്ങയുടെ മറ്റൊരു ഭാര്യയുമായി കൂടി കഴിയും!’ തിരുമേനി അരുളി: ‘യഥാര്‍ത്ഥത്തില്‍ എന്‍റെ തലയ്ക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണ് വെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍റെയുമടുക്കലേക്ക് ആളെയയക്കുവാന്‍ പോലും ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി, അല്ലാഹുവിന് സമ്മതമാവുകയില്ല; സത്യവിശ്വാസികള്‍ അത് നിരസിക്കുകയും ചെയ്തേക്കും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 74, ഹദീസ് നമ്പര്‍ 1908)
താന്‍ മരിച്ചാല്‍ അന്ന് വൈകുന്നേരം തന്നെ മുഹമ്മദ് വേറെ ഭാര്യയുടെ അടുത്തുപോകും എന്നാണ് തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് ആയിശ പറയുന്നത്. ഭാര്യമാരുടെ മനസ്സില്‍ മുഹമ്മദിനെ കുറിച്ചുള്ള ചിത്രം ഇതായിരിക്കെ ഇന്നത്തെ മുസ്ലീങ്ങള്‍ എങ്ങനെയൊക്കെ വെള്ളപൂശിയാലും ആ കരിമ്പുള്ളികളൊന്നും മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്ന് മാറാന്‍ പോകുന്നില്ല.
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന സത്യസന്ധൻ” എന്നതാണ്.
പ്രവാചകന്‍ ആണെന്ന് അവകാശപ്പെടുന്നത് വരെ മുഹമ്മദ് സത്യസന്ധനായിരുന്നു എന്ന് വേണമെങ്കില്‍ സമ്മതിക്കാവുന്നതെയുള്ളൂ. പ്രവാചകന്‍ ആകുന്നതിന് മുന്‍പുള്ള മുഹമ്മദിന്‍റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല എന്നത് കൊണ്ടാണ് ഇത് സമ്മതിച്ചു തരുന്നത്. എന്നാല്‍ പ്രവാചകന്‍ ആയതിനു ശേഷം മുഹമ്മദ് സത്യസന്ധന്‍ ആയിരുന്നു എന്ന് നിഷ്പക്ഷ മനസ്സോടെ മുഹമ്മദിന്‍റെ ജീവിതം പരിശോധിക്കുന്ന ഒരാളും പറയില്ല.
ഖുറൈശികളുടെ മുന്‍പാകെ തന്‍റെ പുതിയ വിശ്വാസം പരസ്യമായി വെളിപ്പെടുത്തുവാനുള്ള ധൈര്യമില്ലാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്നുള്ള ആദ്യ വെളിപ്പാട് ലഭിച്ചുകഴിഞ്ഞു മൂന്നു വര്‍ഷത്തോളം മുഹമ്മദ് രഹസ്യമായാണ് തന്‍റെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന കഅബയില്‍ ഖുറൈശികളുടെ കൂടെ നമസ്കരിച്ചു അവരില്‍ ഒരുവന്‍ തന്നെയാണ് താന്‍ എന്ന് ഖുറൈശികളെ വിശ്വസിപ്പിച്ചുകൊണ്ടു, പുറത്തു ബഹുദൈവ വിശ്വാസിയും അകത്ത് ഏകദൈവവിശ്വാസിയുമായി മുഹമ്മദ് ഇരട്ടജീവിതം നയിച്ചത് ഏതാണ്ട് മൂന്നു വര്‍ഷക്കാലമാണ്. അല്ലാഹുവിന്‍റെ പ്രവാചകനായി നിയമിതനായപ്പോഴേ മുഹമ്മദ് കള്ളത്തരം കാണിക്കാന്‍ തുടങ്ങി എന്ന് ചുരുക്കം! മൂന്നാം വര്‍ഷം ജിബ്രീലില്‍ നിന്ന് മുഹമ്മദിന് വെളിപ്പാടുണ്ടായത് ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:
“പ്രവാചകരേ, താങ്കള്‍ ആജ്ഞാപിക്കപ്പെടുന്നതെന്തോ, അത് പരസ്യമായി ഉദ്ഘോഷിച്ചു കൊള്ളുക. ബഹുദൈവാരാധകരെ ഒട്ടും സാരമാക്കേണ്ടതില്ല” (സൂറാ.15:94)
മൂന്നാം വര്‍ഷം മുഹമ്മദ് തന്‍റെ യഥാര്‍ത്ഥ വിശ്വാസം പരസ്യമായി തന്‍റെ ബന്ധുക്കളുടേയും സ്നേഹിതരുടെയും മുന്‍പില്‍ വെളിപ്പെടുത്തി. അതുവരെ മുഹമ്മദ് വ്യാജഭാവത്തോടെയാണ് ഖുറൈശികള്‍ക്കിടയില്‍ ജീവിച്ചത്. തീര്‍ന്നില്ല, തന്‍റെ അനുയായികള്‍ക്ക് മുഹമ്മദ് കള്ളം പറയാന്‍ അനുവാദം കൊടുത്തിട്ടുണ്ട്:
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക് രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 53, ഹദീസ് നമ്പര്‍ 1147, പേജ് 586)
വാര്‍ത്തകള്‍ക്ക് രൂപവും സ്വഭാവവും നല്‍കുക എന്ന് പറഞ്ഞാല്‍ കൃത്രിമമായി വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നാണ് അര്‍ത്ഥം. കെട്ടിച്ചമച്ച വാര്‍ത്തകളെയാണ് വ്യാജവാര്‍ത്തകള്‍ എന്ന് പറയുന്നത്. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്ത ഒരാളെ സത്യസന്ധനായി തലയ്ക്ക് വെളിവുള്ളവര്‍ പരിഗണിക്കുമോ? തീര്‍ന്നിട്ടില്ല, വേറെയും ഹദീസ് ഉണ്ട്:
ഹുമൈദ് ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ് നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ് ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ് പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ് അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 101 (2605)
മൂന്ന് കാര്യത്തില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ് അനുയായികളെ പഠിപ്പിച്ചത്. അനുയായികള്‍ മുഹമ്മദിനേക്കാള്‍ കേമന്മാര്‍ ആയതുകൊണ്ട് ഇന്ന് മൂന്നല്ല, മുപ്പത് കാര്യങ്ങളില്‍ കള്ളം പറയുന്നു എന്നത് വേറെ വിഷയം. മുഹമ്മദിനെ കുറിച്ച് അവര്‍ ഇടുന്ന ഇത്തരം പോസ്റ്റുകള്‍ തന്നെ കള്ളമാണ്.
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന തത്വചിന്തകൻ” എന്നതാണ്.
താത്വിക മേഖലയില്‍ എന്ത് സംഭാവനയാണ് മുഹമ്മദ് നല്‍കിയിട്ടുള്ളത്? പില്‍ക്കാലത്ത് വന്ന വ്യാഖ്യാതാക്കള്‍ അവരുടെ വ്യാഖ്യാന ഫാക്ടറി തുറന്ന്, പല അറബി വാക്കുകള്‍ക്കും പുതിയ പുതിയ അര്‍ത്ഥം നിശ്ചയിച്ചുകൊണ്ടും പല വാചകങ്ങള്‍ക്കും മുഹമ്മദോ മലക്കോ പോലും ചിന്തിക്കാത്ത വ്യാഖ്യാനം നല്‍കിക്കൊണ്ടും ഇസ്ലാമിക തത്വ ചിന്ത ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ അതില്‍ മുഹമ്മദിന്‍റെ സംഭാവന കാല്‍ കഴഞ്ചുപോലുമില്ല. ‘സൂര്യന്‍ രാത്രിയാകുമ്പോള്‍ അല്ലാഹുവിന്‍റെ സിംഹാസനത്തിന്‍റെ അടുത്തേക്ക് പോയി അല്ലാഹുവിന് സുജൂദ് ചെയ്യുന്നത് കൊണ്ടാണ് പിറ്റേ ദിവസം ഉദിക്കാനുള്ള അനുവാദം അല്ലാഹു കൊടുക്കുന്നത്’ എന്ന് പറഞ്ഞ മുഹമ്മദ്, ‘ഒരാളുടെ അകം ചലം കൊണ്ട് നിറഞ്ഞു നശിക്കുന്നതാണ് അത് കവിത കൊണ്ട് നിറയുന്നതിലേറെ നല്ലത്’ എന്ന് പറഞ്ഞ മുഹമ്മദ്, കണ്ണേറ് തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ പറഞ്ഞിട്ടുള്ള മുഹമ്മദ്, പിശാച് രാത്രി കഴിച്ചു കൂട്ടുന്നത് മുസ്ലീങ്ങളുടെ മൂക്കിലാണ് എന്ന് പറഞ്ഞ മുഹമ്മദ്, പല്ലിയെ കൊന്നാല്‍ പുണ്യം കിട്ടുമെന്ന് അനുയായികളെ പഠിപ്പിച്ച മുഹമ്മദ്, ജംറയില്‍ കല്ലെറിയുമ്പോള്‍ ഏറു കൊള്ളുന്നത് പിശാചിന്‍റെ മുഖത്താണെന്ന് അനുയായികളെ വിശ്വസിപ്പിച്ച മുഹമ്മദ്, കോട്ടുവായ് പിശാചിന്‍റെ പ്രവൃത്തികളില്‍ പെട്ടതാണെന്ന് പഠിപ്പിച്ച മുഹമ്മദ്, കരിഞ്ജീരകം മരണമൊഴിച്ചുള്ള എല്ലാ അസുഖങ്ങള്‍ക്കും ശമനൌഷധമാണെന്നും അജ്വ്വാ ഈന്തപ്പഴം ഏഴെണ്ണം കഴിച്ചാല്‍ ഒരു വിഷവും മനുഷ്യന് എല്ക്കില്ലെന്നും പറഞ്ഞ മുഹമ്മദ്, ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ രൂപം മാറിയതാണ് എലികള്‍ എന്നും അനുയായികളെ പഠിപ്പിച്ച മുഹമ്മദ്!! ഇങ്ങനെയുള്ള മുഹമ്മദ് തത്വചിന്തയുടെ മറുകര കണ്ടവനാണ് എന്നൊക്കെ ഞങ്ങള്‍ വിശ്വസിക്കണമത്രേ.
- അടുത്ത അവകാശവാദം “മുഹമ്മദ് എന്ന സാമൂഹ്യ പരിഷ്ക്കർത്താവ്” എന്നതാണ്.
ചിരിക്കാന്‍ വക നല്‍കുന്ന അവകാശവാദമാണിത്. മുഹമ്മദിന് മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങള്‍ പോലും മുഹമ്മദ് ഇല്ലാതാക്കുകയാണ് ചെയ്തത്. അക്കാലത്തെ അറേബ്യയില്‍ കുടുംബ ബിസിനസ് നോക്കി നടത്താന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് പ്രവാചകത്വപ്പട്ടം ചൂടുന്നതിനും പതിനഞ്ചു കൊല്ലം മുന്‍പ് മുഹമ്മദ് വിവാഹം കഴിച്ച ആദ്യ ഭാര്യ ഖദീജ തന്നെയാണ്. ഇസ്ലാം വന്നതിനു ശേഷം സ്വത്തവകാശത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. അത് മുഖാന്തരം പെണ്മക്കള്‍ക്ക് പിതാവീന്‍റെ സ്വത്ത് പൂര്‍ണ്ണമായും ലഭിക്കുകയില്ല എന്ന് വന്നു. വളര്‍ത്തു മകന്‍റെ ഭാര്യയെ സ്വന്തം മരുമകളായിത്തന്നെയാണ് അക്കാലത്തെ അപരിഷ്കൃതരായ അറബികള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ സാമൂഹ്യപരിഷകര്‍ത്താവായ മുഹമ്മദ് അതിന് മാറ്റം വരുത്തി. വളര്‍ത്തു പുത്രന്‍റെ ഭാര്യയെ അവന്‍റെ ആവശ്യം കഴിഞ്ഞാല്‍ വളര്‍ത്തു പിതാവിന് വിവാഹം കഴിക്കാം എന്നുള്ള പുതിയ നിയമം കൊണ്ടുവന്നു. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ ഇസ്ലാമില്‍ നിന്ന് ദത്ത് സമ്പ്രദായം തന്നെ എടുത്തു കളഞ്ഞു. അമ്പത്തൊന്നു വയസ്സുള്ളപ്പോള്‍ ആറുവയസ്സ് തികയാത്ത കുരുന്നിനെ വിവാഹം കഴിച്ച് സമുദായത്തിന് മാതൃക കാട്ടുകയും ചെയ്തിട്ടുണ്ട് ഈ സാമൂഹിക പരിഷ്കര്‍ത്താവ്!!
ഈ സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം മാറ്റത്തിന്‍റെ മാറ്റൊലികള്‍ ഉണ്ടായി. മാറ്റം പക്ഷേ മുകളിലോട്ടായിരുന്നില്ല, കീഴ്പ്പോട്ടായിരുന്നു എന്ന് മാത്രം. ഇസ്ലാം ചെന്ന് ചേര്‍ന്ന രാജ്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. യൂറോപ്പില്‍ ഇസ്ലാമിന്‍റെ കീഴില്‍ വന്നത് രണ്ട് രാജ്യങ്ങളായിരുന്നു, സ്പെയിനും തുര്‍ക്കിയും. ഇതില്‍ സ്പെയിന്‍ ചില നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്ലാമിക നുകം കുടഞ്ഞെറിഞ്ഞു കളഞ്ഞു. സ്പെയിന്‍ പിന്നീട് കലാകായിക രംഗങ്ങളില്‍ ലോകത്തിന്‍റെ നെറുകയിലേക്ക് രാജകീയ പ്രൌഢിയോടെ യാത്ര ചെയ്തപ്പോള്‍ തുര്‍ക്കി ഇന്നും ഇസ്ലാമിക രാഷ്ട്രമായി തുടരുന്നു, ‘യൂറോപ്പിലെ രോഗി’ എന്ന അപര നാമവുമായി!! ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നിവയൊക്കെ ഒരേ സാംസ്കാരിക പശ്ചാത്തലം ഉള്ള രാജ്യങ്ങളാണ്. മുഹമ്മദിന്‍റെ നിയമങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന മറ്റു മൂന്ന് രാജ്യങ്ങള്‍ എവിടെ കിടക്കുന്നു, ഈ സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെ നിയമങ്ങള്‍ ത്യജിച്ച ഇന്ത്യ എവിടെ എത്തിയിരിക്കുന്നു എന്ന് സാമാന്യബോധം ഉള്ള ഏതൊരാള്‍ക്കും മനസിലാകും. ഈ സാമൂഹ്യപരിഷ്കര്‍ത്താവിന്‍റെ സാമൂഹിക പരിഷ്കരണ നിയമങ്ങള്‍ മുറുകെ പിടിച്ചു ഭരണം നടത്തുന്ന രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല എന്നോര്‍ക്കണം! അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയിട്ട് പോലും ചില വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നിട്ടാണ് യാതൊരു ലജ്ജയുമില്ലാതെ “മുഹമ്മദ് എന്ന സാമൂഹിക പരിഷ്കര്‍ത്താവ്” എന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്! (തുടരും)