ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്?
ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?
ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക് പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:
- “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39)
- “………….അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല” (സൂറാ.74:31)
- “ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല” (സൂറാ.4:143)
- “ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു” (സൂറാ.6:125)
ഇനിയും ധാരാളം ആയത്തുകള്‍ ഇപ്രകാരമുള്ളവയുണ്ടെങ്കിലും വിസ്തരഭയത്താല്‍ ചേര്‍ക്കുന്നില്ല. ഈ ആയത്തുകള്‍ അനുസരിച്ച് അവിശ്വാസികളുടെ ഹൃദയങ്ങള്‍ അള്ളാഹു അടച്ചു മുദ്ര വെച്ചിരിക്കുകയാണ്. അള്ളാഹു അവരുടെ ഹൃദയങ്ങളെ കഠിനമാക്കിയത് കൊണ്ടാണ് അവര്‍ അവിശ്വാസികളായിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവരെ നരകത്തില്‍ അയക്കുന്നത് എന്തിനാണ്, അത് നീതിയാണോ? എന്ന് ക്രിസ്ത്യാനികള്‍ ചോദിക്കുന്നതിന് മറുചോദ്യമായിട്ടാണ്. ക്രിസ്ത്യാനികളുടെ ചോദ്യത്തിന് ഇതുവരെ മുസ്ലീങ്ങള്‍ മറുപടി തന്നിട്ടില്ലെങ്കിലും മുസ്ലീങ്ങളുടെ (മാത്രമല്ല, എല്ലാവരുടെയും ആത്മീയമായ കാര്യങ്ങളില്‍ ഉള്ള) ചോദ്യങ്ങള്‍ക്ക് ദൈവത്തിന്‍റെ വചനത്തില്‍ മറുപടിയുള്ളതിനാല്‍ ഫറവോനെക്കുറിച്ചുള്ള ഈ ചോദ്യത്തിനും മറുപടിയുണ്ട്:
“ഫറവോയുടെ ഹൃദയം ഞാന്‍ കഠിനമാക്കും” എന്ന് യഹോവയായ ദൈവം പറയുന്നത് മോശയോടാണ്. ആ ഭാഗം താഴെ കൊടുക്കുന്നു:
“ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്‍റെ സഹോദരനായ അഹരോന്‍ യിസ്രായേല്‍മക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം. എന്നാല്‍ ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും. ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേല്‍ എന്‍റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല്‍ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേല്‍ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.” (പുറ.7:2-4)
ഫറവോയോട് മോശെ ഏറ്റുമുട്ടാന്‍ പോകുന്നതിനു മുന്‍പാണ് ഈ സംഭാഷണം നടക്കുന്നത്. “ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന” ദൈവമാണ് ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന യഹോവയായ ദൈവം. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യം യഹോവ മോശയോടു അറിയിക്കുന്നതാണ് ഇത്. ഈ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സംഭവിക്കുകയും യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കുകയും ചെയ്തതായി നാം വായിക്കുന്നുമുണ്ട്. എന്നാല്‍, എപ്പോഴാണ് യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കിയത് എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. അത് ശ്രദ്ധിച്ചെങ്കില്‍ മാത്രമേ യഹോവ ഈ പറഞ്ഞതിന്‍റെ പൊരുള്‍ നമുക്ക് തിരിയുകയുള്ളൂ. മൊത്തം 11 പ്രാവശ്യം ഫറവോന്‍റെ ഹൃദയകാഠിന്യത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. അതൊരോന്നോരോന്നായി നമുക്ക് നോക്കാം. ആദ്യമായി ഫറവോയുടെ ഹൃദയം കഠിനമായ സന്ദര്‍ഭം ഇതാണ്:
“യഹോവ മോശെയോടും അഹരോനോടും: ഫറവോന്‍ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാല്‍ നീ അഹരോനോടു: നിന്‍റെ വടി എടുത്തു ഫറവോന്‍റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്‍പ്പമായ്തീരും എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോന്‍ തന്‍റെ വടി ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു. അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു. അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്‍റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല. അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.” (പുറ.7:8-14)
ഇവിടെ യഹോവയല്ല ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തിയത്, ഫറവോ സ്വയം കഠിനപ്പെടുത്തുകയായിരുന്നു എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. “ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തി” എന്നല്ല, “ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു” എന്നാണ് യഹോവ പറയുന്നത്. ഇനി നമുക്ക് രണ്ടാമത്തെ സന്ദര്‍ഭം നോക്കാം:
യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍ നിന്‍റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്‍, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു. മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തില്‍ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്‍ന്നു. നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു. മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല. ഫറവോന്‍ തിരിഞ്ഞു തന്‍റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല” (പുറ.7:19-23)
ഇവിടെയും ഫറവോന്‍ തന്‍റെ ഹൃദയം സ്വയം കഠിനമാക്കുകയായിരുന്നു, അല്ലാതെ യഹോവ അവന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുകയായിരുന്നില്ല എന്ന് കാണാം. ഇനി നമുക്ക് മൂന്നാമത്തെ സന്ദര്‍ഭം നോക്കാം:
“യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്‍ മേലും പുഴകളിന്‍ മേലും കുളങ്ങളിന്‍ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്‍ മേല്‍ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്‍റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍. എന്നാല്‍ യഹോവക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു. മോശെ ഫറവോനോടു: തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില്‍ മാത്രം ഇരിക്കേണ്ടതിന്നു ഞാന്‍ നിനക്കും നിന്‍റെ ഭൃത്യന്മാര്‍ക്കും നിന്‍റെ ജനത്തിനും വേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്‍റെ വാക്കുപോലെ ആകട്ടെ; തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും നിന്‍റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില്‍ മാത്രം ഇരിക്കും എന്നു അവന്‍ പറഞ്ഞു. അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്‍റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു. മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്‍റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.”
ഇവിടെയും യഹോവയല്ല, ഫറവോന്‍ തന്നത്താന്‍ തന്‍റെ ഹൃദയം കഠിനമാക്കുകയായിരുന്നു എന്ന് കാണാം. ഇനി നമുക്ക് നാലാമത്തെ സന്ദര്‍ഭം നോക്കാം:
“അപ്പോള്‍ യഹോവ മോശെയോടു: നിന്‍റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന്‍ ആയ്തീരും എന്നു കല്പിച്ചു. അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പേന്‍ ആയ്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയ്തീര്‍ന്നു. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ പേന്‍ ഉളവാക്കുവാന്‍ അതുപോലെ ചെയ്തു; അവര്‍ക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ ഉളവായതുകൊണ്ടു മന്ത്രവാദികള്‍ ഫറവോനോടു: ഇതു ദൈവത്തിന്‍റെ വിരല്‍ ആകുന്നു എന്നു പറഞ്ഞു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.” (പുറ.8:16-19)
ഇവിടെ ഫറവോന്‍റെ കൂടെയുള്ളവര്‍ വളരെ വ്യക്തമായിത്തന്നെ ഫറവോനോട് പറഞ്ഞു, മോശയും അഹരോനും കാണിക്കുന്നതെല്ലാം ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന്. എന്നിട്ടും ഫറവോ അവരുടെ വാക്ക് കേള്‍ക്കാതെ, തന്‍റെ ഹൃദയം കഠിനമാക്കുകയായിരുന്നു എന്ന് കാണാം. ഇനി നമുക്ക് അഞ്ചാമത്തെ സന്ദര്‍ഭം നോക്കാം:
“പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്‍റെ മുമ്പാകെ നില്‍ക്ക; അവന്‍ വെള്ളത്തിന്‍റെ അടുക്കല്‍ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്‍: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക. നീ എന്‍റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെ മേലും നിന്‍റെ ജനത്തിന്‍ മേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും. എന്‍റെ ജനത്തിന്നും നിന്‍റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും. യഹോവ അങ്ങനെ തന്നേ ചെയ്തു. അനവധി നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല്‍ ദേശം നശിച്ചു. അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങള്‍ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിന്‍ എന്നു പറഞ്ഞു. അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്‍ക്കു അറെപ്പായുള്ളതു അവര്‍ കാണ്‍കെ ഞങ്ങള്‍ യാഗം കഴിച്ചാല്‍ അവര്‍ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയില്‍ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു. അപ്പോള്‍ ഫറവോന്‍: നിങ്ങളുടെ ദൈവമായ യഹോവക്കു മരുഭൂമിയില്‍വെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. അതിന്നു മോശെ: ഞാന്‍ നിന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവേക്കു യാഗം കഴിപ്പാന്‍ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാല്‍ ഫറവോന്‍ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മോശെയുടെ പ്രാര്‍ത്ഥന പ്രകാരം ചെയ്തു. നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി. എന്നാല്‍ ഫറവോന്‍ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.” (പുറ.9:20-32)
ഇപ്പോഴും യാഹോവയല്ല, പഴയത് പോലെത്തന്നെ ഫറവോയാണ് തന്‍റെ ഹൃദയം സ്വയം കഠിനമാക്കുന്നത് എന്നോര്‍ക്കണം. ഇനി നമുക്ക് ആറാമാത്തെ സന്ദര്‍ഭം നോക്കാം:
“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്‍റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക. വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍, യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും. യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വേക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല. നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു. അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു. മിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.” (പുറ.9:1-7)
ഇപ്പോഴും യഹോവയല്ല, ഫറവോന്‍ തന്നത്താന്‍ ആണ് തന്‍റെ ഹൃദയം കഠിനപ്പെടുത്തിയത് എന്ന് കാണാന്‍ കഴിയും. ആറ് അവസരങ്ങള്‍ യഹോവ ഫറവോന് നല്‍കി. ആറു പ്രാവശ്യവും അവന്‍ സ്വയം തന്‍റെ ഹൃദയം കഠിനമാക്കിക്കൊണ്ട് വാഗ്ദാന ലംഘനം നടത്തി. ഇനി നമുക്ക് ഏഴാമത്തെ സന്ദര്‍ഭം നോക്കാം:
“പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര്‍ കൈ നിറച്ചു വാരുവിന്‍; മോശെ അതു ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ. അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീം ദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു. അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്‍ന്നു. പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.” (പുറ.9:8-12)
ഈ ഏഴാം സന്ദര്‍ഭത്തിലാണ് യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കുന്നത്! “അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി” എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് ബൈബിളിലുള്ള ദൈവത്തിന്‍റെ പ്രത്യേകതയാണ്. അനേകം അവസരങ്ങള്‍ ഒരാള്‍ക്ക് കൊടുത്തിട്ടും ദൈവത്തെ അന്വേഷിക്കാനോ അനുസരിക്കാനോ ഒരാള്‍ മനസ്സ് വെക്കാതെ തുടര്‍ച്ചയായി ഹൃദയത്തെ കഠിനമാക്കുന്നുവെങ്കില്‍, പിന്നെ ദൈവം തന്നെ അയാളുടെ ഹൃദയത്തെ കഠിനമാക്കാന്‍ തുടങ്ങും. എന്നിരുന്നാലും ദൈവം വീണ്ടും ഒരവസരം കൂടി ഫറവോന് നല്‍കുന്നുണ്ട്:
“പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു. യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല. അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍. യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു. മോശെ അവനോടു: ഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല. എന്നാല്‍ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു. എന്നാല്‍ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല. മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു, മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല. എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതു പോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.” (പുറ.9:22-35)
ദൈവം വീണ്ടും ഒരവസരം കൂടി ഫറവോന് നല്‍കിയെങ്കിലും അവന്‍ ഈ അവസരവും ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, ഇപ്രാവശ്യം അവന്‍ മാത്രമല്ലാതെ അവന്‍റെ ഭൃത്യന്മാരും കൂടി തങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തുകയാണ് ഉണ്ടായത്. അങ്ങനെ ദൈവം മൊത്തം ഏഴ് അവസരം ഫറവോന് നല്‍കുകയുണ്ടായി. എന്നാല്‍ ഏഴ് പ്രാവശ്യവും ഫറവോനും അവന്‍റെ ഭൃത്യന്മാരും തങ്ങളുടെ ഹൃദയം സ്വയം കഠിനപ്പെടുത്തുകയാണ് ചെയ്തത്. ബൈബിളില്‍ സംഖ്യകള്‍ക്ക് പ്രധാന്യതയും പ്രത്യേകതയുമുണ്ട്. ഏഴ് എന്ന സംഖ്യ പൂര്‍ണ്ണതയെ കാണിക്കുന്നതാണ്. ഫറവോന് മാനസാന്തരപ്പെടാനുള്ള പൂര്‍ണ്ണമായ അവസരങ്ങള്‍ യഹോവ നല്‍കി. എന്നാല്‍ എല്ലാ അവസരങ്ങളും അവന്‍ നിഷേധിച്ചു കളഞ്ഞു. അതിന് ശേഷമുള്ള മൂന്ന് സന്ദര്‍ഭങ്ങളിലും യഹോവയായ ദൈവം ഫറവോന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുന്നതാണ് നമ്മള്‍ കാണുന്നത്. അതും നമുക്ക് നോക്കാം:
“അപ്പോള്‍ യഹോവ മോശെയോടു: നിലത്തിലെ സകല സസ്യാദികളും കല്മഴയില്‍ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീം ദേശത്തു വരുവാന്‍ നിന്‍റെ കൈ ദേശത്തിന്മേല്‍ നീട്ടുക എന്നു പറഞ്ഞു. അങ്ങനെ മോശെ തന്‍റെ വടി മിസ്രയീംദേശത്തിന്മേല്‍ നീട്ടി; യഹോവ അന്നു പകല്‍ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു. വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്‍റെ അതിര്‍ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല്‍ ഇരുണ്ടുപോയി; കല്മഴയില്‍ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നു കളഞ്ഞു; മിസ്രയീം ദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോന്‍ മോശെയെയും അഹരോനെയും വേഗത്തില്‍ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന്‍ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്‍റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. അവന്‍ ഫറവോന്‍റെ അടുക്കല്‍ നിന്നു പറപ്പെട്ട് യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാല്‍ യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.” (പുറ.10:12-20)
“അപ്പോള്‍ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പര്‍ശിക്കത്തക്ക ഇരുള്‍ ഉണ്ടാകേണ്ടതിന്നു നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീം ദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്‍റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കു എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നു. അപ്പോള്‍ ഫറവോന്‍ മോശെയെ വിളിപ്പിച്ചു. നിങ്ങള്‍ പോയി യഹോവയെ ആരാധിപ്പിന്‍; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിന്നു മോശെ പറഞ്ഞതു: ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവക്കു അര്‍പ്പിക്കേണ്ടതിന്നു യാഗങ്ങള്‍ക്കും സര്‍വ്വാംഗഹോമങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്‍ക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പില്‍ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതില്‍നിന്നല്ലോ ഞങ്ങള്‍ എടുക്കേണ്ടതു; ഏതിനെ അര്‍പ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍ യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവന്നു മനസ്സായില്ല. ഫറവോന്‍ അവനോടു: എന്‍റെ അടുക്കല്‍ നിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്‍റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന്‍ ഇനി നിന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.” (പുറ.10:21-29)
“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്‍മക്കളോടു പറക; അതിന്‍റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള്‍ പാളയം ഇറങ്ങേണം. എന്നാല്‍ അവര്‍ ദേശത്തു ഉഴലുന്നു; മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേല്‍മക്കളെക്കുറിച്ചു പറയും. ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്‍റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും. അവര്‍ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു. പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി. യഹോവ മിസ്രയീംരാജാവായ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. ഫറവോന്‍റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു. ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.” (പുറ.14:1-10)
ഈ അവസാന ഭാഗത്ത് യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയത് അവന്‍റെ നാശത്തിന് വേണ്ടിയായിരുന്നു. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു കൊണ്ട് യഹോവ ഇസ്രായേല്‍ ജനത്തെ അക്കരെ കടത്തുകയും അവരെ പിന്തുടര്‍ന്ന ഫറവോനെയും അവന്‍റെ സൈന്യത്തെയും ചെങ്കടലിനെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ട് മുക്കിക്കളയുകയും ചെയ്തു. ഇത് ബൈബിളില്‍ ഉള്ള ദൈവത്തിന്‍റെ സ്വഭാവമാണ്. ഒരു മനുഷ്യന് ദൈവത്തെ അറിയുവാനുള്ള പൂര്‍ണ്ണമായ അവസരങ്ങള്‍ ധാരാളം കൊടുത്തു കഴിഞ്ഞിട്ടും അവന്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുന്നില്ലെങ്കില്‍, പിന്നെ ദൈവം തന്നെ അവന്‍റെ മനസ്സിനെ കട്ടിയാക്കാന്‍ തുടങ്ങും. പിന്നെ അവന്‍ സത്യം വിശ്വസിക്കുകയില്ല, അസത്യത്തിന് മാത്രമേ ചെവി കൊടുക്കൂ, അസത്യം മാത്രമേ വിശ്വസിക്കൂ. ഇത് പുതിയ നിയമത്തിന്‍റെ ഉപദേശം കൂടിയാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവര്‍ക്കു ഭോഷ്ക്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയക്കുന്നു” (2.തെസ്സലൊനീക്യര്‍.2:10-12)
എന്നാണ് ദൈവവചനത്തില്‍ ഉള്ളത്. സത്യത്തില്‍ വിശ്വസിക്കാനുള്ള അവസരങ്ങള്‍ ഇഷ്ടംപോലെ തന്നിട്ടും, അനീതിയില്‍ രസിക്കേണ്ടതിന് വേണ്ടി സത്യത്തെ തിരസ്കരിക്കുന്നതു തുടര്‍ക്കഥയാക്കിയാല്‍, അവന് പിന്നെ സത്യം തിരിച്ചറിയാന്‍ കഴിയാതെ ഭോഷ്ക്ക് മാത്രം വിശ്വസിക്കുവാന്‍ കഴിയുന്ന വിധത്തില്‍ വ്യാജത്തിന്‍റെ ശക്തി അവന്‍റെ മേല്‍ വ്യാപരിക്കുവാന്‍ ദൈവം ഇടയാക്കും! അത് തന്നെ ഒരു ശിക്ഷയാണ്. ഒരിക്കലും സത്യം തിരിച്ചറിയാന്‍ ഇടയാകാതെ അസത്യത്തില്‍ തന്നെ മരണം വരെ കഴിയേണ്ടി വരിക എന്നുള്ളത് ശിക്ഷയല്ലെങ്കില്‍ പിന്നെ വേറെ എന്താണ് ശിക്ഷ? ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഞങ്ങളുമായി തര്‍ക്കിക്കാന്‍ വരുന്ന എല്ലാ ദാവാക്കാരുടേയുംയും അപൂര്‍വ്വം ചില പരിണാമ വാദികളുടെയും നിരീശ്വരവാദികളുടെയും നിരീശ്വരവാദിക്കുപ്പായമിട്ട ഇസ്ലാമിസ്റ്റുകളുടെയും സ്ഥിതി ഇതാണ്. ഇവര്‍ക്ക് ഞങ്ങള്‍ പറയുന്ന സത്യം ഒരിക്കലും മനസ്സിലാകില്ലെന്നും ഭോഷ്ക്ക് കണ്ടാല്‍ ഇവര്‍ ചാടി വീണ് അതില്‍ വിശ്വസിക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ അവരോട് ചര്‍ച്ചയ്ക്ക് നില്‍ക്കുന്നതിന് കാരണം ഒന്ന് മാത്രം, സത്യാന്വേഷണ തല്പരതയോടെ ചര്‍ച്ച വായിക്കുന്ന അനേകര്‍ ഉണ്ടെന്നുള്ള കാരണം മാത്രം! ഞങ്ങള്‍ പറയുന്ന സത്യം ഞങ്ങളോട് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മനസ്സിലാകില്ലെങ്കിലും ചര്‍ച്ച വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കുന്നതിലേക്ക് അതവരെ നയിക്കുമെന്നുമുള്ള തിരിച്ചറിവ് ഉള്ളത് കൊണ്ടുമാത്രമാണ് ഭീഷണി, നിന്ദ, പരിഹാസം, തെറിവിളി തുടങ്ങിയ കലാപരിപാടികള്‍ എതിരാളികളില്‍ നിന്നും അനുസ്യൂതം ഉണ്ടായിട്ടും ഉത്സാഹത്തില്‍ മടുപ്പില്ലാത്തവരായി തീക്ഷ്ണതതയില്‍ എരിവുള്ളവരായി ഇവിടെ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. അത്, എതിരാളികള്‍ ഇനിയെങ്കിലും ഒന്ന് ഓര്‍ത്ത് വെച്ചോ.
2 Comments on “ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്?”
ഫറവോയും സൈന്യത്തോടൊപ്പം കൊല്ലപ്പെട്ടു എന്ന് ബൈബിളില്‍ എവിടെയാ പറഞ്ഞിരിക്കുന്നത്.
“ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു – അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ.136:15)