About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

     

    പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം!

    ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അതിലേക്ക് കടക്കുന്നതിനു മുന്‍പ്‌ നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

    ന്യായപ്രമാണത്തിന്‍റെ ആകെത്തുക എന്നുള്ളത് ‘പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണആത്മാവോടും കൂടി ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെത്തന്നെ നിന്‍റെ കൂട്ടുകാരനെ സ്നേഹിക്കുക’ എന്നുള്ളതാണ്. നമ്മുടെ കര്‍ത്താവ്‌ അത് വ്യക്തമാക്കിയിട്ടുണ്ട്:

    “യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി.22:37-40)

    പൗലോസ്‌ അപ്പോസ്തലനും ഇക്കാര്യം പറയുന്നു:

    “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാത്യര്‍. 5:14)

    “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. സ്നേഹം കൂട്ടുകാരന് ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നേ.” (റോമര്‍.13:8-10)

    ന്യായപ്രമാണത്തിന്‍റെ ഈ സത്ത ആദാം മുതലുള്ള സകല മനുഷ്യരിലും ദൈവം നല്‍കിയിട്ടുണ്ട്:

    “ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു” (റോമര്‍.2:14,15)

    ദൈവവിശ്വാസമില്ലാത്തവരുടെ ഉള്ളില്‍പ്പോലും ന്യായപ്രമാണം ഉള്ളതായാണ് അപ്പൊസ്തലന്‍ പറയുന്നത്. നിഷ്പാപാവസ്ഥയില്‍, ‘ജീവന്‍റെ ആത്മാവിന്‍റെ ഈ ഒരു പ്രമാണം’ മാത്രമേ അവരുടെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പാപം പ്രവേശിച്ചതോടുകൂടി അവരില്‍ വേറൊരു പ്രമാണവും കൂടി ആധിപത്യം ചെലുത്താന്‍ തുടങ്ങി. അത് ‘പാപത്തിന്‍റെ പ്രമാണം’ അഥവാ ‘മരണത്തിന്‍റെ പ്രമാണം’ ആണ്. പൗലോസ്‌ അപ്പൊസ്തലന്‍ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്:

    “എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍.7:17-22)

    മനുഷ്യന്‍റെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണം മാത്രം ഉണ്ടായിരുന്നപ്പോള്‍, അവര്‍ ദൈവത്തെ അനുസരിക്കുന്നവരും ക്ഷയമില്ലാത്തവരും മരണമില്ലാത്തവരും ദൈവതേജസ് ഉള്ളവരും ആയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പാപം ചെയ്തപ്പോള്‍, ദൈവം അവരുടെ ഹൃദയത്തില്‍ നല്‍കിയതിന് എതിരായ ഒരു പ്രമാണം അവരുടെ ഉള്ളില്‍ പ്രവേശിച്ചു. ആ പ്രമാണം അവരെ നാശത്തിലേക്കും മരണത്തിലേക്കും എത്തിച്ചു. ഉദാഹരണസഹിതം പറയുകയാണെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാവ്‌ ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ അതിനകത്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ആ സോഫ്റ്റ്‌വെയറുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുറമേ നിന്ന് അതിനകത്തേക്ക് വൈറസുകള്‍ പ്രവേശിക്കുകയാണെങ്കില്‍, ശരിയായ വിധത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിന് നിര്‍മ്മാതാവ്‌ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയെല്ലാം അത് പ്രവര്‍ത്തനരഹിതമാക്കാന്‍ തുടങ്ങും. വൈറസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ കമ്പ്യൂട്ടര്‍ ചില തകരാറുകള്‍ കാണിക്കാന്‍ തുടങ്ങും. എന്നാല്‍ വൈറസുകള്‍ പൂര്‍ണ്ണമായി പിടി മുറുക്കിക്കഴിഞ്ഞാല്‍ അവസാനം ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായിത്തീരും. ഇത് നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പാപം മനുഷ്യരിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതാണ്ട് ഇപ്രകാരം തന്നെയാണ് മനുഷ്യന് സംഭവിച്ചത്. മനുഷ്യനെ സൃഷ്ടിച്ച സമയത്ത് ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരുന്ന ഒരു പ്രമാണം ഉണ്ടായിരുന്നു, അത് ജീവന്‍റെ ആത്മാവിന്‍റെ പ്രമാണമാണ്. എന്നാല്‍ പുറമേ നിന്ന് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍, ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്ന പ്രമാണത്തെ ഇല്ലാതാക്കുവനാണ് ആദ്യം തന്നെ ശ്രമിച്ചത്. നമുക്കൊരു വാക്യം നോക്കാം:

    “ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല.” (റോമര്‍.8:7,8)

    മനുഷ്യരില്‍ പാപം പ്രവേശിച്ചതിന് ശേഷമുള്ള തൊട്ടടുത്ത തലമുറയിലെ കായേന്‍റെ ജീവിതം നോക്കിയാല്‍ നമുക്കത് മനസ്സിലാകും. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചത് ഹാബേല്‍ ആയിരുന്നു, അതുകൊണ്ടാണ് ‘യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല’ എന്ന് എഴുതിയിരിക്കുന്നത്. ഹാബേലില്‍ പ്രസാദിച്ചതിന് ശേഷമാണ് ദൈവം അവന്‍റെ വഴിപാടില്‍ പ്രസാദിച്ചത്. കായേനില്‍ പ്രസാദിക്കാത്തതുകൊണ്ടാണ് അവന്‍റെ വഴിപാടിലും പ്രസാദിക്കാതിരുന്നത്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുവാന്‍ കായേന് കഴിയാതിരുന്നതിനാലാണ് തന്‍റെ സഹോദരനെ സ്നേഹിക്കുവാനും അവന് സാധിക്കാഞ്ഞതും അവനെ കൊന്നു കളഞ്ഞതും. ദൈവം മനുഷ്യരുടെ ഉള്ളില്‍ നല്‍കിയിരുന്ന പ്രമാണത്തിന്‍റെ മേല്‍ ലോകത്തില്‍നിന്നു അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം പിടിമുറുക്കുന്ന കാഴ്ച നാം അവിടെ കാണുന്നു. അതിനുശേഷമുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രം മുഴുവന്‍ നാം പരിശോധിച്ചാല്‍, മനുഷ്യരുടെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണത്തെ താറുമാറാക്കാന്‍ ശ്രമിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിന്‍റെ പ്രവൃത്തികള്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക്‌ കാണാന്‍ സാധിക്കും. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ തെറ്റിനെ ശരിയെന്നുപറഞ്ഞു ന്യായീകരിക്കുകയും ശരിയെ തെറ്റെന്നു പറഞ്ഞ് അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിപ്പെട്ടു.

    ഈ സ്ഥിതിയിലാണ് ദൈവം തന്‍റെ പ്രമാണത്തെ രേഖയാക്കി നല്‍കുന്നത്. രേഖയായി നല്‍കുന്നതിന് മുന്‍പ്‌ അത് വാമൊഴിയായി ദൈവം തന്‍റെ ദാസനായ അബ്രഹാമിന് നല്‍കിയിരുന്നു:

    “യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാല്‍: നീ മിസ്രയീമിലേക്കു പോകരുതു; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക. ഈ ദേശത്തു താമസിക്ക; ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും. അബ്രാഹാം എന്‍റെ വാക്കു കേട്ടു എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു നിന്‍റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‍പ്പത്തി.26:2-5)

    അബ്രഹാമിന് ദൈവത്തിന്‍റെ ‘നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും’ ലഭിച്ചിരുന്നു എന്നും അവന്‍ അത് ആചരിച്ചിരുന്നു എന്നും ഇതില്‍ നിന്ന് നമുക്ക്‌ ഗ്രഹിക്കാം. എങ്കിലും യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

    613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

    1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

    2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

    3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

    ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

    ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

    ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

    പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍. അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

    ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

    1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍
    2. സൈനിക നിയമങ്ങള്‍
    3. പൌരത്വ നിയമങ്ങള്‍
    4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍
    5. കുടുംബ നിയമങ്ങള്‍
    6. അവകാശ നിയമങ്ങള്‍
    7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍
    8. സാമ്പത്തിക പ്രമാണങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

    മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍. ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ നോക്കുക.)

    ന്യായപ്രമാണത്തിന് അതില്‍ത്തന്നെ എന്തെങ്കിലും കുഴപ്പമുള്ളതായി ബൈബിള്‍ പറയുന്നില്ല. നമുക്ക്‌ ചില വാക്യങ്ങള്‍ നോക്കാം:

    “ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും” (റോമര്‍. 2:18)

    ‘ന്യായപ്രമാണത്തില്‍ നിന്ന് പഠിച്ചാല്‍ ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്നറിയാം’ എന്നാണ് ഇവിടെ അപ്പൊസ്തലന്‍ പറഞ്ഞിരിക്കുന്നത്.

    “ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍” (റോമര്‍.2:19)

    ‘ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു ലഭിക്കും’ എന്നാണ് ഇവിടെ പൗലോസ്‌ പറയുന്നത്.

    “ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?” (റോമര്‍.2:23)

    ‘ന്യായപ്രമാണത്തെ ലംഘിക്കുന്നവന്‍ ദൈവത്തെ അപമാനിക്കുന്നു’ എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്.

    “ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.” (റോമര്‍. 7:7)

    ‘ന്യായപ്രമാണം പാപമല്ലെന്നു മാത്രമല്ല, ന്യായപ്രമാണത്താല്‍ മാത്രമേ ഒരുവന് പാപത്തെക്കുറിച്ചു സൂക്ഷ്മമായ അറിവ് ലഭിക്കുകയുള്ളൂ’ എന്നും അപ്പൊസ്തലന്‍ ഇവിടെ പറയുന്നു.

    “ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ” (റോമര്‍. 7:11)

    ‘ന്യായപ്രമാണം വിശുദ്ധവും ന്യായവും നല്ലതും ആകുന്നു’ എന്നാണ് പൗലോസിലൂടെ ദൈവാത്മാവ്‌ പറയുന്നത്.

    എങ്കിലും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല എന്ന് നാം അറിഞ്ഞിരിക്കണം.

    “അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.” (റോമര്‍. 3:20; ഗലാത്യര്‍.2:15 കൂടി നോക്കുക)

    ഇതിന് കാരണം, ന്യായപ്രമാണത്തിന്‍റെ തകരാറല്ല, ന്യായപ്രമാണത്തിന് വിരുദ്ധമായി നമ്മുടെ ഉള്ളില്‍ പ്രവേശിച്ചിരിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളുടെ പ്രവര്‍ത്തനമാണ്. ഈ പ്രമാണങ്ങള്‍ നമ്മെക്കൊണ്ട് ന്യായപ്രമാണത്തിന് വിരോധമായി പാപം ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ ഇങ്ങനെ പറഞ്ഞത്:

    “ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍,7:13-22)

    ഇതാണ് മനുഷ്യന്‍റെ അവസ്ഥ. അവന് നന്മ ചെയ്യണം എന്നും ന്യായപ്രമാണം അനുസരിക്കണം എന്നും ആഗ്രഹമുണ്ട്, പക്ഷേ സാധിക്കുന്നില്ല. അവന്‍റെ ജഡത്തിലുള്ള പാപപ്രമാണം അവനെ അതില്‍നിന്നു തടയുകയും ന്യായപ്രമാണത്തിന് വിരോധമായി അവനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തിലെ ഒരു കല്പന ഇപ്രകാരമാണ്:

    “ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്നു പറയേണം.” (ആവ.27:26)

    ന്യായപ്രമാണത്തെ അനുസരിക്കാതെ അതിനെ ലംഘിക്കുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാണ്. അതിപ്പോ ഒരു കല്പന ലംഘിച്ചാലും മൊത്തമുള്ള 613 കല്പന ലംഘിച്ചാലും ഒരു പോലെ ശപിക്കപ്പെട്ടവനാണ് (യാക്കോ.2:10). അതിനാലാണ് അപ്പൊസ്തലന്‍ ഇപ്രകാരം പറഞ്ഞത്:

    “എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (ഗലാത്യ.3:10)

    ന്യായപ്രമാണം ശാപം ആയതുകൊണ്ടല്ല ന്യായപ്രമാണത്തില്‍ ആശ്രയിക്കുന്നവന്‍ ശാപത്തിന്‍ കീഴാകുന്നത്. മറിച്ച് മനുഷ്യനിലുള്ള പാപത്തിന്‍റെയും ജഡത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങള്‍ അവനെക്കൊണ്ട് ന്യായപ്രമാണം ലംഘിപ്പിക്കുന്നതിനാലും, ന്യായപ്രമാണം ലംഘിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു എന്ന് ന്യായപ്രമാണത്തില്‍ പറഞ്ഞിട്ടുള്ളതിനാലുമത്രേ. ന്യായപ്രമാണം രക്ഷയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് ബൈബിള്‍ പറയുന്നത് ഇക്കാരണംകൊണ്ടാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). പാപപ്രമാണത്തിന്‍റെ പ്രവര്‍ത്തനം കാരണം മനുഷ്യര്‍ക്ക്‌ ന്യായപ്രമാണം ആചരിക്കാന്‍ സാധിക്കാത്തതുകൊണ്ട് “ന്യായപ്രമാണത്തിലെ വിധികളും ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും ജീവരക്ഷ പ്രാപിക്കാന്‍ മനുഷ്യര്‍ക്ക്‌ ഉതകുന്നതല്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

    ന്യായപ്രമാണത്തില്‍ കൃപയുണ്ടെങ്കിലും കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” (സദൃ.17:15) എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി ദൈവസ്സന്നിധിയില്‍ അതിനെ ബലിയര്‍പ്പിച്ച് തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവര്‍ത്തിക്കാനാണ് വന്നത്” എന്ന്. ന്യായപ്രമാണം എന്നു കര്‍ത്താവ്‌ മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടാ”യ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

    മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:

    “ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്ക് പിടിച്ചു മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കും ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാല്‍ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഔര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.31:31-34)

    “ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും. ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും. ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” (യെഹസ്കേല്‍.36:25-27).

    എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നു, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

    പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

    “കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

    അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

    (1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

    (2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

    (3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

    എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

    അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

    ‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

    ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

    ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും. ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

    ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

    “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

    വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു. ഇതാണ് പൗലോസ്‌ അപ്പോസ്തലന്‍ പറയുന്ന ക്രിസ്തുവിന്‍റെ ന്യായപ്രമാണം (1.കൊരി.9:21). യാക്കോബ് ഇതിനെ വിളിക്കുന്നത്‌ “സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണം” (യാക്കോബ്.1:25, 2:12) എന്നും “രാജകീയന്യായപ്രമാണം” (യാക്കോ.2:8) എന്നുമാണ്.

    നിഗമനം:

    ന്യായപ്രമാണം ദൈവദത്തമാണെങ്കിലും മനുഷ്യന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളും ജഡത്തിന്‍റെ ചിന്തയും അവനെ ന്യായപ്രമാണം അനുസരിക്കാന്‍ അശക്തനാക്കുകയും ന്യായപ്രമാണത്തെ ലംഘിക്കുവാന്‍ എപ്പോഴും ഒരുക്കമുള്ളവനാക്കി നിര്‍ത്തുകയും ചെയ്യുന്നു. ന്യായപ്രമാണം അതില്‍ത്തന്നെ നല്ലതാണെങ്കിലും മനുഷ്യന്‍റെ ജഡത്തിന്‍റെ ബലഹീനതയാല്‍ മനുഷ്യനത് ശാപഹേതുവായിത്തീരുന്നു. ന്യായപ്രമാണത്തിന്‍റെ ഈ ശാപത്തില്‍ നിന്നും മനുഷ്യരെ രക്ഷിച്ചത് യേശുക്രിസ്തുവാണ്. ന്യായപ്രമാണം വാഗ്ദത്തം ആയിരുന്നു; ക്രിസ്തുവില്‍ വാഗ്ദത്തം നിറവേറിയിരിക്കുന്നു. ന്യായപ്രമാണം നിഴല്‍ ആയിരുന്നു; അതിന്‍റെ പൊരുള്‍ ക്രിസ്തുവിലാണ് ഉള്ളത്. ന്യായപ്രമാണം അപൂര്‍ണ്ണമാണ്, ക്രിസ്തു അത് പൂര്‍ത്തിയാക്കിയിരിക്കുന്നു. പൂര്‍ത്തിയായത് കൊണ്ട് ഇനിയത് പ്രയോജനമില്ല എന്നല്ല. ഉദാഹരണത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1947 ആഗ.15-ന് പൂര്‍ത്തിയായി. പൂര്‍ത്തിയായത് കൊണ്ട് ഇനിയാരും സ്വാതന്ത്ര്യ സമരം നടത്തേണ്ട ആവശ്യമില്ല, പകരം ലഭിച്ച സ്വാതന്ത്ര്യത്തിന് അനുസൃതമായി നടന്നാല്‍ മതി. സ്വതന്ത്രനായി നടക്കുക എന്ന് പറഞ്ഞാല്‍ തോന്നിയത് പോലെ നടക്കുക എന്നല്ലല്ലോ അര്‍ത്ഥം. നിയമം അനുസരിച്ച് തന്നെയാണ് നടക്കേണ്ടത്. അത് നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തരുവാന്‍ വേണ്ടി ജീവനും രക്തവും ഒഴുക്കിയ നിയമദാതാക്കളോടുള്ള ബഹുമാനത്തിന്‍റെയും അനുസരണത്തിന്‍റെയും പുറത്തായിരിക്കണം. ഒരു ക്രിസ്തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം, യേശുക്രിസ്തു അവന് പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ന്യായവിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തന്നിരിക്കുന്നു. അതോടൊപ്പം ക്രിസ്തു തന്‍റെ ന്യായപ്രമാണത്തെ കൂടുതല്‍ കര്‍ക്കശമാക്കി അവന് നല്‍കിയിരിക്കുന്നു. അവന്‍റെ ജഡത്തിലുള്ള പാപത്തിന്‍റെ പ്രമാണത്തിന് മേല്‍ വിജയം വരിക്കേണ്ടതിന്, അതിനെ കീഴടക്കേണ്ടതിന് യേശുക്രിസ്തു  തന്‍റെ പരിശുദ്ധാത്മാവിനെയും അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ,  അവന്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണം അനുസരിച്ച് നടക്കുന്നത് അത് ലംഘിച്ചാല്‍ ഉള്ള ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് അവന് വേണ്ടി ജീവന്‍ തന്നു അവനെ വീണ്ടെടുത്ത കര്‍ത്താവിന്‍റെ സ്നേഹം അവനെ നിര്‍ബന്ധിക്കുന്നത് കൊണ്ട് ആയിരിക്കണം. എങ്കില്‍ മാത്രമേ അത് പൂര്‍ണ്ണ  ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും  പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതായി മാറുകയുള്ളൂ.

    4 Comments on “മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും”

    • ജേക്കബ്‌ ചെറിയാന്‍
      17 April, 2017, 5:38

      Excellent

    • Sinosh A J
      23 May, 2017, 2:15

      Inspiring article…it gives more knowledge about law and grace through Jesus..May Lord Jesus bless you brother

    • ReshmaD
      6 July, 2020, 4:13

      വളരെ നന്നായിരിക്കുന്നു ബ്രദർ, ന്യായപ്രമാണത്തെ കുറിച്ചുള്ള വലിയൊരു സംശയമാണ് താങ്കൾ തീർത്തത്. അതിനായ് താങ്കളെ ഒരുക്കിയ ദൈവത്തിനു മഹത്വം. ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ

    • Deepu Raj
      17 August, 2021, 18:04

      Super. പുതിയ നിയമ കല്പനകളെകൂടി ഒന്ന് എഴുതാമോ?

    Leave a Comment