സാക്ഷിയും നിച്ച് ഓഫ് ട്രൂത്തും തമ്മിലുള്ള സംവാദം എന്തുകൊണ്ട് നടക്കാതെ പോയി?
പണ്ഡിതമ്മന്യന്‍ ആയി നടക്കുന്ന എം.എം.അക്ബര്‍ മൌലവി സാക്ഷിയുമായി സംവാദത്തിന് വരാതെ മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് തന്‍റെ ഇമേജ് സംരക്ഷിക്കാനുള്ള വ്യര്‍ത്ഥ പരിശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍, 2009 നവംബര്‍ 1 ന് ഏറണാകുളം ടൌണ്‍ഹാളില്‍ വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നടത്തിയ “സ്നേഹസന്ദേശം 2009” എന്ന പ്രോഗ്രാമില്‍ വിതരം ചെയ്ത നോട്ടീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്നത് നിച്ചിന്‍റെ വ്യാജ പ്രചാരണത്തിന്‍റെ മുനയൊടിക്കും എന്നുള്ളത് കൊണ്ട് ഞങ്ങള്‍ അത് താഴെ കൊടുക്കുന്നു:
ഒക്ടോബര്‍ 3,4 തിയ്യതികളിലെ ക്രൈസ്തവ-ഇസ്ലാം സംവാദം എന്തുകൊണ്ട് നടക്കാതെ പോയി?
വായനക്കാര്‍ വിലയിരുത്തുക
കഴിഞ്ഞ ഫെബ്രുവരി 28-ം തിയ്യതി നിലമ്പൂരില്‍ വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന്‍റെയും നിച്ച് ഓഫ് ട്രൂത്തിന്‍റെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ “ഖുര്‍ആനിലെ വഹിയ്യ് ദൈവികമോ?, ബൈബിള്‍ ദൈവനിശ്വാസ്യമോ?” എന്നീ വിഷയങ്ങളില്‍ ഒരു പരസ്യ സംവാദം നടത്താന്‍ ഒരു പ്രാരംഭ കരാര്‍ ഒപ്പുവെച്ച വിവരം സാക്ഷിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.sakshitimes.net) നൂറുല്‍ ഹയാത്ത് ത്രൈമാസികയിലും പ്രസിദ്ധീകരിച്ചിരുന്നല്ലോ. സ്ഥലം, സമയം, വിഷയാവതരകര്‍ എന്നീ വിഷയങ്ങളിലും തീരുമാനമായി. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടേയും ആധികാരിക പ്രമാണങ്ങളില്‍ നിന്നായിരിക്കണം (അവ ഏതെന്നു പ്രത്യേകം പറഞ്ഞിട്ടില്ല) തെളിവുകള്‍ ഉദ്ധരിക്കേണ്ടതെന്നും തീരുമാനിച്ചു.
ആഗസ്റ്റ് 21,22 തിയ്യതികളില്‍ സംവാദം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിച്ച് ഓഫ് ട്രൂത്തിന്‍റെ രേഖാമൂലമുള്ള അഭ്യര്‍ത്ഥന പ്രകാരം ഒക്ടോബര്‍ 3,4 തിയ്യതികളിലേക്ക് സംവാദം മാറ്റി. സംവാദത്തെക്കുറിച്ച് വിപുലമായ രൂപരേഖ തയ്യാറാക്കാന്‍ ഓഗസ്റ്റ് 15-നു കൂടിയ പ്രതിനിധി യോഗത്തില്‍ നിച്ച് ഓഫ് ട്രൂത്തിന്‍റെ ഭാഗത്ത് നിന്ന് ഖുര്‍ആനിലെ വഹിയ് ദൈവികമോ എന്ന വിഷയത്തില്‍ ചില ഭേദഗതികള്‍ ആവശ്യപ്പെട്ടത് മൂലം ചര്‍ച്ച പൂര്‍ത്തിയായില്ല. തുടര്‍ന്ന് പതിനേഴാം തിയ്യതി അവര്‍ അയച്ചു തന്ന കരാര്‍ പത്രത്തില്‍ ഈ വിഷയം തന്നെ അംഗീകരിച്ചതായി സൂചിപ്പിച്ചു. തങ്ങളുടെ പ്രമാണരേഖകള്‍ ഖുര്‍-ആനും സഹീഹായ ഹദീസുകളും മാത്രമാണെന്നും അതില്‍ പറഞ്ഞിരുന്നു.
നിച്ചിന്‍റെ കത്തിനു മറുപടിയായി സാക്ഷി അയച്ച കരാര്‍ പത്രത്തില്‍ ക്രൈസ്തവരുടെ അംഗീകൃതപ്രമാണരേഖ ബൈബിള്‍ ആണെന്നും, എന്നാല്‍, ക്രൈസ്തവ-ഇസ്ലാം സംവാദത്തിന്‍റെ പശ്ചാത്തലത്തില്‍, ഇസ്ലാമിന്‍റെ ആദ്യ കാലം മുതല്‍ ആഗോള മുസ്ലീം സമൂഹം വ്യാപകമായി ഉപയോഗിച്ച് പോരുന്ന ഇസ്ലാമിക രേഖകളും (ഖുര്‍ആന്‍, സീറകള്‍, ഹദീസുകള്‍, തഫ്സീറുകള്‍, തബരി ഉള്‍പ്പെടെയുള്ള ചരിത്ര രേഖകള്‍, ഇസ്ലാമിക നിയമസംഹിത തുടങ്ങിയവ) അവതരണയോഗ്യമായി കരുതുന്നു എന്നും സൂചിപ്പിച്ചു. എന്നാല്‍, ഇതിനോട് നിച്ച് ഓഫ് ട്രൂത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു.
ഓര്‍ഡിനറി മെയിലിലൂടെയും മറ്റുമുള്ള കത്തിടപാടുകള്‍ വലിയ സമയ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ (ചര്‍ച്ചകള്‍ക്കും സമഗ്ര കരാറിനും സംവാദത്തിനും ഇതര ക്രമീകരണങ്ങള്‍ക്കും വെറും ഒരു മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.) വേഗത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി ഇ-മെയില്‍ വഴി പരസ്പര ആശയ വിനിമയത്തിന് സാക്ഷി (SAN) താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ ഇ-മെയിലിലൂടെ SAN നല്‍കിയ പല കത്തുകള്‍ക്കും നിച്ച് ഓഫ് ട്രൂത്ത് മറുപടി നല്‍കിയില്ല. (ഇ-മെയിലിലൂടെയുള്ള കത്തിടപാടുകള്‍ക്ക് അവര്‍ക്കൊട്ടും താല്‍പര്യമില്ലത്രേ!) നിച്ച് ഓഫ് ട്രൂത്തിന്‍റെ ഈ നിലപാട് മൂലം രണ്ടാഴ്ച കൂടി നഷ്ടപ്പെട്ടു.
എന്നാല്‍, സംവാദം നടക്കാതിരിക്കരുത് എന്നതുകൊണ്ട് ചര്‍ച്ചകള്‍ക്കും പൂര്‍ണ്ണ കരാര്‍ ഒപ്പുവെക്കുന്നതിനുമായി SAN പ്രതിനിധികള്‍ നിച്ച് ഓഫ് ട്രൂത്ത് ഓഫീസില്‍ എത്താന്‍ തയ്യാറാണെന്ന് അവരെ അറിയിച്ചു. അതുപ്രകാരം (അവരുടെ അംഗീകാരത്തോടെ) SAN-നെ പ്രതിനിധീകരിച്ച് ഞങ്ങള്‍ മൂന്നു പേര്‍ 16-9-2009 ന് നിച്ച് ഓഫീസില്‍ എത്തി.
അന്നത്തെ ചര്‍ച്ചയില്‍, സംവാദത്തിന്‍റെ സമയക്രമീകരണം, അവതരണ ക്രമം എന്നിവയില്‍ ധാരണയായെങ്കിലും പ്രമാണരേഖകളുടെ കാര്യത്തില്‍ ചര്‍ച്ച ഉടക്കി. ഒരു പണ്ഡിതോചിത സംവാദത്തില്‍ (Scholarly Debate) തെളിവ് രേഖകള്‍ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അധികാരം സ്കോളര്‍ക്ക് (പ്രഭാഷകന്) മാത്രമാണുള്ളതെന്നും അദ്ദേഹം അവതരിപ്പിക്കുന്ന രേഖകള്‍ക്ക് ആധികാരികതയില്ലെങ്കില്‍ മറുപക്ഷത്തിന് അതേ വേദിയില്‍ തന്നെ അത് തെളിവ് സഹിതം വ്യക്തമാക്കാവുന്നതാണെന്നും ഞങ്ങള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചത് നിച്ച് ഓഫ് ട്രൂത്ത് അംഗീകരിച്ചില്ല. തങ്ങള്‍ പറയുന്നവ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണ രേഖകളെന്നും അവ മാത്രമേ വേദിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നുമുള്ള അവരുടെ അവകാശവാദം ആശ്ചര്യമുളവാക്കുന്നതായിരുന്നു.
ഒരു ‘സലഫി’ ഗ്രൂപ്പ് മാത്രമായ നിച്ച് ഓഫ് ട്രൂത്തിന് ആഗോള മുസ്ലീം സമൂഹത്തിന്‍റെ മുഴുവന്‍ പ്രമാണരേഖകളുടേയും ആധികാരികത നിശ്ചയിക്കാന്‍ ഒരവകാശവുമില്ലെങ്കിലും അതാണവര്‍ നടത്തിയത്. നിച്ച് ഓഫ് ട്രൂത്ത് ആധികാരികമെന്ന് പറയുന്ന ഹദീസുകളൊന്നും ആധികാരികമല്ലെന്ന് കരുതുന്ന മുസ്ലീങ്ങള്‍ ഈ കേരളത്തില്‍ തന്നെയുണ്ട്. നിച്ച് പറയുന്നവയേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ആധികാരികമെന്ന് കരുതുന്നവരുമുണ്ട്. മാത്രമല്ല, നിച്ചിന്‍റെ വാദം അതേപടി സ്വീകരിച്ചാല്‍ തബരിയും ഇബ്ന്‍ കത്തീറുമൊന്നും വേദിയില്‍ ഉദ്ധരിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ‘അസ്പര്‍ശ്യര്‍’ ആയിത്തീരുകയും ചെയ്യും. (ഇബ്ന്‍ ഇഷാഖിനെയും തബരിയെയും ഇബ്ന്‍ കത്തീറിനെയുമെല്ലാം എന്നാണാവോ ഇസ്ലാമില്‍ നിന്നും പുറം തള്ളിയത്?) ഞങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റ് തിരുത്തുന്നതിനു പകരം കൂടുതല്‍ വിചിത്രമായ നിബന്ധനകള്‍ ഉന്നയിക്കുകയായിരുന്നു നിച്ചുകാര്‍ ചെയ്തത്. ഖുര്‍ആന്‍ എന്നാല്‍ ഉസ്മാന്‍ പകര്‍പ്പെടുത്ത് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം- മാത്രമാണെന്ന് കരാറില്‍ പ്രത്യേകം ചേര്‍ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഉസ്മാന്‍റെ പ്രസിദ്ധീകരണത്തിനു വളരെ മുന്‍പ് മുതലുള്ള ഖുര്‍ആന്‍റെ വ്യത്യസ്തങ്ങളായ ഒട്ടേറെ കയ്യെഴുത്തുപ്രതികള്‍, തെളിവ് സഹിതം ചൂണ്ടിക്കാട്ടി ഏക ഖുര്‍ആന്‍ എന്ന പരമ്പരാഗത ‘സലഫി’ വാദം സാക്ഷിയുടെ പ്രഭാഷകര്‍ പരസ്യമായി പൊളിച്ചെടുക്കുമെന്ന ഭീതിയും ഉത്കണ്ഠയുമാണ് ഒരു പാണ്ഡിത്യ സംവാദത്തില്‍ ഒരിക്കലും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത (ഉന്നയിക്കപ്പെടാന്‍ പാടില്ലാത്ത) അസാധാരണമായ ഈ ആവശ്യത്തിലേക്ക് നിച്ചിന്‍റെ പ്രതിനിധികളെ നയിച്ചതെന്ന് വ്യക്തം. മാത്രമല്ല, മുസ്ലീങ്ങളിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമായ സലഫി ഗ്രൂപ്പില്‍പ്പെട്ട അക്ബര്‍, പ്രമുഖ സുന്നി വിഭാഗങ്ങള്‍ അംഗീകരിച്ചാദരിക്കുന്ന ഏതെങ്കിലും മുസ്ലീം രേഖയെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ ശ്രോതാക്കളായ മുസ്ലീങ്ങള്‍ തന്നെ അദ്ദേഹത്തിനെതിരെ തിരിയുമെന്ന ഭയവും നിച്ചിനെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. പക്ഷെ അത് തുറന്നു സമ്മതിക്കാന്‍ തയ്യാറാകാതെ, ചില മുസ്ലീങ്ങളുടെ ‘ചവറു’ ഗ്രന്ഥങ്ങളില്‍ നിന്ന് SAN പ്രഭാഷകര്‍ തെളിവുകള്‍ നിരത്തിയേക്കാമെന്നും കരുതുന്നതിനാലാണ് ഖുര്‍ആനിലും ‘സ്വഹീഹായ’ ഹദീസുകളിലും ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നതെന്നായിരുന്നു അവരുടെ വാദം.
തബരിയും ഇബ്ന്‍ കത്തീറും മറ്റു തഫ്സീറുകളും അല്‍ അസ്ഹര്‍ പോലുള്ള പ്രമുഖ ഇസ്ലാമിക സര്‍വ്വകലാശാലകളുടെ മത വിധികളും ‘ചവറുകള്‍’ ആണെന്ന് വ്യക്തമായി എഴുതിത്തന്നാല്‍ അവയില്‍ നിന്ന് ഒരു വാക്യം പോലും സാക്ഷിയുടെ പ്രഭാഷകര്‍ ഉദ്ധരിക്കുകയില്ലെന്ന് തിരിച്ചടിച്ചപ്പോള്‍ ‘ചവറു’ വാദമുന്നയിച്ച തിരുവനന്തപുരംകാരന്‍ ഉരുണ്ടു കളിച്ച കാഴ്ച രസകരമായിരുന്നു.
തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രമാണ രേഖകളുടെ കാര്യത്തില്‍പ്പോലും നിച്ച് ഓഫ് ട്രൂത്തുകാര്‍ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തം. അതുകൊണ്ടാണ് ഉസ്മാന് മുന്‍പുള്ള ഖുര്‍ആനുകളെ അവര്‍ തള്ളിപ്പറയുന്നത്. ‘സ്വഹീഹായ’ ഹദീസുകളുടെ കാര്യത്തിലും അവര്‍ക്ക് വലിയ ജ്ഞാനമൊന്നുമില്ലെന്ന് അവരുടെ പരിപാടികള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. ഒരുദാഹരണം താഴെ നല്‍കുന്നു:
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (12. 1. 2004) നിലമ്പൂരിനടുത്ത് കരുളായിയില്‍ നിച്ച് നടത്തിയ ‘ഹൈന്ദവത, ക്രൈസ്തവത, ഇസ്ലാം’ എന്ന സെമിനാറിലെ ചോദ്യോത്തര വേളയില്‍ ഞങ്ങളുടെ ജേഷ്ഠസഹോദരന്‍ ബഹു.സോളമന്‍ മാസ്റ്റര്‍, വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുന്നതിനെ സംബന്ധിച്ച ആയത്ത് ഇന്നത്തെ ഖുര്‍ആനില്‍ നഷ്ടപ്പെട്ടു പോയതിനെ സംബന്ധിച്ച് ഉമറിനെ ഉദ്ധരിച്ച് ബുഖാരിയില്‍ നിന്ന് (സി.എന്‍.അഹമ്മദ് മൌലവിയുടെ പരിഭാഷ, ഹദീസ് 2169) ചോദ്യം ഉന്നയിച്ചു.
ഉത്തരം പറയാന്‍ എഴുന്നേറ്റ അക്ബര്‍ സോളമന്‍ മാസ്റ്ററിന്‍റെ ബുഖാരിയില്‍ ഉള്ള അറിവിനെ ആക്ഷേപിക്കത്തക്ക രീതിയില്‍ ‘മാഷ് ചൂണ്ടിക്കാട്ടിയ ഹദീസ് ബുഖാരിയിലല്ല, മുസ്ലീമിലാണ്’ എന്ന് ‘ആധികാരിക’ ഭാഷയില്‍ പ്രഖ്യാപിച്ചത്, ആ പരിപാടിയുടെ സി.ഡി. കൈവശമുള്ള ആര്‍ക്കും ഇന്നും കാണാവുന്നതാണ്. അപ്പോള്‍ത്തന്നെ സോളമന്‍ മാഷ് തന്‍റെ കൈവശമിരുന്ന പുസ്തകം തുറന്ന് ഉദ്ധരണി സൂചിക സഹിതം വായിച്ചപ്പോള്‍ അക്ബര്‍ കേട്ടില്ലെന്ന് നടിച്ചു നിന്നത് നിച്ചുകാര്‍ ആ ഹദീസിന്‍റെ ‘പ്രാമാണികത’ എഴുതിത്തള്ളി ‘ചവറു’ ഗണത്തില്‍പ്പെടുത്തിയത് കൊണ്ടായിരിക്കണം.
ഒരു പൊതുപരിപാടിയില്‍ പ്രഭാഷകന് നാക്കുപിഴയോ ഓര്‍മ്മ പിശകോ പറ്റുന്നത് മഹാ അപരാധമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. തെറ്റ് ആര്‍ക്കും സംഭവിക്കാവുന്നതാണ്. പക്ഷെ, തെറ്റ് തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നതും തിരുത്തുന്നതുമാണ് മാന്യത. നിച്ച് ഓഫ് ട്രൂത്തിന് ആ മാന്യതയുണ്ടോ?
കരുളായി പരിപാടിയുടെ സി. ഡി. ഇറക്കിയപ്പോള്‍ നിച്ചുകാര്‍ സോളമന്‍ മാഷ് അക്ബറിന്‍റെ അബദ്ധത്തെ തെളിവ് സഹിതം തുറന്ന് കാട്ടിയ ഭാഗം എഡിറ്റ് ചെയ്തു മാറ്റിയതെന്തിന്? അതും പോട്ടെയെന്നു വെക്കാം. എന്നാല്‍, പരിപാടി കഴിഞ്ഞ് പല വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാളം ചാനലില്‍ (നിച്ച് ഓഫ് ട്രൂത്ത് വാടകക്കെടുത്ത സമയത്ത്) പ്രസ്തുത ചോദ്യോത്തരം ഒരുളുപ്പും കൂടാതെ വീണ്ടും കാട്ടി അക്ബര്‍ ‘പണ്ഡിതവേഷം’ കെട്ടിയാടിയത് തികഞ്ഞ ശുംഭത്തരമല്ലേ?
നിച്ചിന്‍ ‘കെട്ടുകാഴ്ച’യുടെ ഇത്തരം ‘പാണ്ഡിത്യശുംഭത്തരങ്ങളുടെ’ ഉദാഹരണങ്ങള്‍ വേറെയും പലതുണ്ട്. പക്ഷെ അവ എണ്ണിഎണ്ണിപ്പറയാന്‍ ഇപ്പോള്‍ തുനിയുന്നില്ലെന്ന് മാത്രം.
നമുക്ക് സംവാദത്തെക്കുറിച്ചുള്ള സെപ്റ്റംബര്‍ 16 ലെ ചര്‍ച്ചകളിലേക്ക് വരാം. സംവാദത്തില്‍ അവതരിപ്പിക്കേണ്ട തെളിവു രേഖകളെ സംബന്ധിച്ച നിച്ചിന്‍റെ ആവശ്യങ്ങളില്‍ ഒട്ടും ന്യായമോ യുക്തിയോ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവര്‍ക്ക് വഴങ്ങിയില്ല. പ്രഭാഷകന്‍ അവതരിപ്പിക്കേണ്ട ഡിബേറ്റ് മെറ്റീരിയല്‍ മറുപക്ഷം തീരുമാനിക്കുന്നത് ആരാണംഗീകരിക്കുക? എം.എം.അക്ബര്‍ ഇതുവരെ നടത്തിയ മത സംവാദത്തില്‍ ഏതിലെങ്കിലും തന്‍റെ എതിര്‍പക്ഷം അനുവദിച്ച രേഖകള്‍ മാത്രമാണോ ഉദ്ധരിച്ചിരിക്കുന്നത്? 15-ം നൂറ്റാണ്ടോടെ തയ്യാറാക്കപ്പെട്ട മുസ്ലീം രചന എന്ന് നിസംശയം തെളിയിക്കപ്പെട്ട ബര്‍ണബാസിന്‍റെ സുവിശേഷം എന്ന വികടകൃതിയും അപ്പൊസ്തലിക കാലത്തിന് (ഒന്നാം നൂറ്റാണ്ട്) ശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ക്രൈസ്തവ വിരുദ്ധ നോസ്റ്റിക്-പാഷാണ്ഡ സമൂഹങ്ങള്‍ പടച്ച കപട രചനകളും ക്രൈസ്തവ നാമധാരികളായ ചില ലിബറല്‍ എഴുത്തുകാരുടെ വികല സൃഷ്ടികളും ഉദ്ധരിച്ച് അക്ബര്‍ നടത്തുന്ന ‘പ്രകടനങ്ങള്‍’ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രതിനിധികള്‍ ഉന്നയിച്ച നിബന്ധനകള്‍ പരിഹാസ ചിരി പടര്‍ത്തും എന്നത് തീര്‍ച്ചയാണ്.
പക്ഷെ, സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് ഒരു ഡിബേറ്റ് ജയിക്കാന്‍ മുസ്ലീം നാമധാരികളായ ലിബറല്‍ ഇസ്ലാമിക പണ്ഡിതരുടെയോ ഇസ്ലാം വിരുദ്ധ മുസ്ലീങ്ങളുടെയോ രചനകള്‍ ആവശ്യമില്ല. ഇറാനിലെ അലി സിനയുടെ www.faithfreedom.org പോലുള്ള സൈറ്റുകളില്‍ നിന്ന് അത്തരം നൂറുകണക്കിന് തെളിവുകള്‍ ഉദ്ധരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെങ്കിലും ഞങ്ങള്‍ അവയെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പരമ്പരാഗതമായി ഇസ്ലാമിക പണ്ഡിത ലോകം വ്യാപകമായി അംഗീകരിച്ച രേഖകളില്‍ നിന്ന് തന്നെ സംവാദത്തില്‍ വിഷയം സമര്‍ത്ഥമായി തെളിവുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്കുരപ്പുണ്ട്. വ്യാജകൃതികള്‍ തേടിപ്പോകുന്ന ‘ദീദാത്തിയന്‍’ സംവാദക്കാരുടെ പിഴച്ച മാര്‍ഗ്ഗങ്ങളല്ല ഞങ്ങളുടെ രീതി എന്നര്‍ത്ഥം. ഇക്കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടി സാക്ഷിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.sakshitimes.net) വിശദമായ വിവരണങ്ങള്‍ 26-09-09 ല്‍ തന്നെ SAN പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും, ഇതെഴുതുന്ന ഒക്ടോബര്‍ 27 വരെ സംവാദ സന്നദ്ധത നിച്ച് ഓഫ് ട്രൂത്ത് അറിയിച്ചിട്ടില്ല.
പക്ഷേ, ഞങ്ങള്‍ പ്രതീക്ഷ കൈവെടിയുന്നില്ല. എം.എം.അക്ബറുമായി ഒരു പരസ്യ സംവാദം ഞങ്ങള്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. സൂചിത വിഷയങ്ങളില്‍ (യുക്തിരഹിത) വ്യവസ്ഥകള്‍ കൂടാതെ സംവാദം നടത്താനുള്ള സന്നദ്ധത നിച്ച് ഓഫ് ട്രൂത്ത് എന്നറിയിച്ചാലും ഇരുകൂട്ടര്‍ക്കും തൃപ്തികരമായ തൊട്ടടുത്ത തിയ്യതികളില്‍ അത് നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇവിടെ വീണ്ടും അറിയിക്കട്ടെ.
വിശ്വസ്തതയോടെ,
സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി,
ബ്ര.ജോര്‍ജ്ജ് ജോണ്‍ (ഹൈദരാബാദ്), മി.നോബിള്‍ വര്‍ഗ്ഗീസ്, മി. സെബാസ്റ്റ്യന്‍ കെ.വി.
NB: SAN ന്‍റെ ഔദ്യോഗിക പ്രതിനിധി സംഘം നിച്ച് ഓഫ് ട്രൂത്ത് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഒട്ടും അഭിനന്ദനാര്‍ഹമായ രീതിയിലല്ല നിച്ചിന്‍റെ പ്രതിനിധികള്‍ പ്രതികരിച്ചത് എന്ന് ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. മാന്യതയുടെ അതിര്‍വരമ്പുകള്‍ അവരില്‍ ചിലരെങ്കിലും ലംഘിച്ചു. എന്നാല്‍ എല്ലാം ക്ഷമിക്കാന്‍ പഠിപ്പിച്ച ക്രിസ്തുയേശുവിനെ പ്രതി ഞങ്ങള്‍ അവ മറക്കുന്നു.
ഇതാണ് 2009 നവംബര്‍ 1-ന് എറണാകുളം ടൌണ്‍ ഹാളില്‍ വെച്ച് നടത്തിയ പ്രോഗ്രാമില്‍ സാക്ഷി അപ്പോളജെറ്റിക്സ് വിതരണം ചെയ്ത വിശദീകരണ നോട്ടീസിന്‍റെ ഉള്ളടക്കം. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ “അംഗീകൃത പ്രമാണങ്ങളില്‍ നിന്ന് വേണം തെളിവുകള്‍ ഉദ്ധരിക്കാന്‍” എന്ന നിബന്ധനയെക്കുറിച്ചു ഇസ്ലാമിക പക്ഷം പലവിധ വ്യാജങ്ങളും പ്രചരിപ്പിക്കുന്നത് കൊണ്ട് അല്‍പം കൂടി വിശദീകരണം ആവശ്യമായ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത് താഴെ നല്‍കുന്നു:
1 അംഗീകൃത പ്രമാണങ്ങള്‍ ഏതൊക്കെ എന്ന് പ്രാരംഭ കരാറില്‍ നിര്‍വ്വചിച്ചിട്ടില്ല.
2. സമഗ്ര കരാര്‍ തയ്യാറാക്കുന്നതിന് നിച്ച് അയച്ചു തന്ന നക്കലിലാണ് തങ്ങളുടെ അംഗീകൃത പ്രമാണങ്ങള്‍ ‘ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ്’ എന്ന വാദം ഉന്നയിച്ചത്.
3. ക്രൈസ്തവ പക്ഷത്തു നിന്ന് അംഗീകൃത പ്രമാണം ബൈബിള്‍ ആണെന്ന് സൂചിപ്പിച്ചെങ്കിലും ഒരു പണ്ഡിതോചിത സംവാദം (Scholarly Debate) എന്ന നിലയില്‍ ‘ആധികാരികമായ ഏതു രേഖയും ഇരുപക്ഷത്തിനും ഉപയോഗിക്കാം’ എന്ന നിലപാടാണ് ഉണ്ടായിരുന്നത്.
ഉദാ: ബൈബിളിലെ വിഷയം സംസാരിക്കുമ്പോള്‍ ആധികാരികമായ ബൈബിള്‍ വ്യാഖ്യാനങ്ങള്‍, ഡിക്ഷണറികള്‍, ലെക്സിക്കനുകള്‍, ബൈബിള്‍ പ്രയോഗങ്ങളുടെ അര്‍ത്ഥം വ്യക്തമാക്കുന്ന ബൈബിളേതര സമകാലിക രേഖകള്‍, ബൈബിള്‍ സംഭവങ്ങളുടെ ചരിത്രപരതയും പ്രവചന നിവൃത്തിയും വ്യക്തമാക്കുന്ന ചരിത്ര രേഖകള്‍, ഭാഷാ,സാമൂഹ്യ,രാഷ്ട്രീയ,സാംസ്കാരിക,ആധ്യാത്മിക വിഷയങ്ങളുടെ വിശകലനത്തിനുപയോഗിക്കുന്ന വിവിധ തെളിവുകള്‍, സഭാ പിതാക്കന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളും അവരുടെയും ഇതര വിശുദ്ധരുടെയും വിശ്വാസജീവിതം എപ്രകാരം ബൈബിള്‍ നല്‍കുന്ന ആത്മീക നവീകരണം വെളിവാക്കുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവ വിവരണങ്ങള്‍ എന്നിവയെല്ലാം സംവാദത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രേഖകള്‍ ആണ്.
എന്നാല്‍, ബര്‍ണബാസിന്‍റെ ‘സുവിശേഷം’ പോലുള്ള വ്യാജ കൃതികള്‍, ഗ്നോസ്റ്റിക്കുകളുടെ വ്യാജ സുവിശേഷങ്ങള്‍, വിശ്വാസ വിരുദ്ധരും ലിബറല്‍ ചിന്താഗതിക്കാരുമായവര്‍ തയ്യാറാക്കുന്ന ബൈബിള്‍ വിമര്‍ശന ഗ്രന്ഥങ്ങളെയും വ്യാഖ്യാന ഗ്രന്ഥങ്ങളെയുമൊന്നും ആധികാരിക രേഖകളായി അംഗീകരിക്കാന്‍ പറ്റുന്നതല്ല.
ഇതുപോലെത്തന്നെയാണ് മറുപക്ഷത്തിന്‍റെ രേഖകളെയും കുറിച്ചുള്ള സാക്ഷിയുടെ നിലപാട്. ആധികാരികമായ എല്ലാ ഇസ്ലാമിക-ഇസ്ലാമികേതര ചരിത്ര-മതപര-മതേതര രേഖകളും സംവാദത്തിനുപയുക്തമാണ്. എന്നാല്‍ ആധികാരികതയില്ലാത്ത രേഖകള്‍ സ്വീകാര്യമല്ല. ഇക്കാര്യം ഞങ്ങള്‍ എടുത്തു പറഞ്ഞതാണ്.
സംവാദത്തില്‍ ഉന്നയിക്കുന്ന ഏതെങ്കിലും തെളിവ് ആധികാരികമല്ലെന്ന് ഏതെങ്കിലും പക്ഷം തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാല്‍ വേദിയില്‍ വെച്ച് തന്നെ അത് തിരുത്തുവാന്‍ മറുപക്ഷം തയ്യാറാകേണ്ടതാണ്. അഥവാ കൂടുതല്‍ വ്യക്തമായ/ആധികാരികമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കുവാന്‍ ഓരോ പക്ഷവും ശ്രമിക്കേണ്ടതാണ്.
പ്രാഥമിക കരാര്‍ തയ്യാറാക്കാന്‍ ചന്തക്കുന്നില്‍ കൂടിയ ഇരുപക്ഷത്തിന്‍റെയും യോഗത്തില്‍ ഇക്കാര്യം അംഗീകരിക്കപ്പെട്ടതാണ്. പിന്നീടാണ് അവര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതും ക്രമേണ വിചിത്രങ്ങളായ വാദങ്ങള്‍ ഉന്നയിച്ച് സംവാദം തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതും.
എന്നാല്‍ സംവാദം നടക്കണം എന്നുള്ള ആഗ്രഹം സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് അദമ്യമായി ഉള്ളതുകൊണ്ട്, രണ്ട് മൂന്ന്‍ വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കാര്യം ഒരിക്കല്‍ക്കൂടി പറയുകയാണ്:
“ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത് അംഗീകരിക്കുന്നതെന്ന എം.എം.അക്ബര്‍ മൌലവിയുടെ വാദം അംഗീകരിച്ചു കൊണ്ട് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം.അക്ബര്‍ മൌലവിയോടു സംവാദത്തിന് തയ്യാറാണ്. ഇനിയെങ്കിലും, പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് സാക്ഷിയുമായി സംവാദത്തിന് വരാനുള്ള ധൈര്യം എം.എം.അക്ബര്‍ മൌലവി കാണിക്കുക…”