നിച്ച് ഓഫ് ട്രൂത്ത് സാക്ഷിക്കയച്ച കത്തിനുള്ള സാക്ഷിയുടെ ആദ്യ മറുപടി
എല്ലാ സത്യപ്രവാചകന്മാരും ഒരു പോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള യഹോവശുവ ക്രിസ്തുവിന്‍റെ നിസ്തുല്യമായ നാമം മാത്രം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
സുഹൃത്തേ,
എല്ലാ കത്തിടപാടുകളും ലെറ്റര്‍ ഹെഡും സീലും സഹിതം മലയാളത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടു നിങ്ങള്‍ March 05 തിയ്യതി അയച്ച മറുപടി ഞങ്ങള്‍ക്ക് ലഭിച്ചു. മലയാളത്തില്‍ കത്തിടപാടുകള്‍ നടത്തണമെന്നവശ്യപ്പെട്ടു ചില ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഇംഗ്ലീഷിലുള്ള ഫോളോ അപ്പും ലഭിക്കുകയുണ്ടായി. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഒരു ദേശീയ സംഘടന ആയതിനാല്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ തെലുങ്കിലോ തമിഴിലോ കന്നടത്തിലോ ഏതു ഭാഷയില്‍ വേണമെങ്കിലും കത്തിടപാടുകള്‍ നടത്താന്‍ ഞങ്ങള്‍ ഒരുക്കമാണ്. കാരണം, സംവാദം എങ്ങനെയെങ്കിലും നടക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഒപ്പും സീലുമൊക്കെ വെച്ച് നമുക്ക് അന്തിമ കരാര്‍ എഴുതാം (മുന്‍പുള്ള ഏതെങ്കിലും കരാര്‍ നിങ്ങള്‍ക്ക് കാണിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍). അതുവരെയുള്ള കത്തിടപാടുകള്‍ മെയില്‍വഴി ആകുന്നതാണ് ഉത്തമം. ഞങ്ങള്‍ അയക്കുന്ന ഒരു മെയിലിന്‍റെയും പിതൃത്വം ഞങ്ങള്‍ തള്ളി പറയുകയില്ല. “കീ ബോര്‍ഡിനോ മോണിറ്ററിനോ ഒരു കൂട്ടുകാരി ഇല്ലല്ലോ, പിന്നെ എങ്ങനെ ഒരു മെയിലിന് പിതാവുണ്ടാകും” എന്നിങ്ങനെയുള്ള യുക്തിരഹിതവും മൌഢ്യവും ബാലിശവുമായ ഒഴിവു കഴിവുകള്‍ പറയുന്ന ശീലം ഞങ്ങള്‍ക്കില്ല. അതുകൊണ്ട് ഞങ്ങള്‍ അയക്കുന്ന ഒറ്റ മെയിലിന്‍റെയും പിതൃത്വം ഞങ്ങള്‍ തള്ളിപ്പറയില്ല. എന്നിരുന്നാലും നിങ്ങള്‍ക്കൊരു ഉറപ്പിനു വേണ്ടി ഞങ്ങളുടെ വെബ്സൈറ്റ് ആയ www.sakshitimes.net -ല്‍ (http://www.sakshitimes.net/blog/2016/03/11/niche-of-truth/) ഞങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്‍റെ ലിങ്ക് സഹിതം നമ്മള്‍ തമ്മില്‍ നടത്തുന്ന എല്ലാ മെയില്‍ ഇടപാടുകളും അതാത് സമയത്ത് പ്രസിദ്ധീകരിക്കുന്നതായിരിക്കും. ആയതിനാല്‍ ഒരു വലിയ പൊതുജനം തന്നെ നമ്മള്‍ എന്ത് എഴുതുന്നു എന്നുള്ളതിന് സാക്ഷികള്‍ ആയിട്ടുണ്ടാകും. അങ്ങനെയാകുമ്പോള്‍ ഞങ്ങള്‍ അയച്ച ഏതെങ്കിലും മെയില്‍ ഞങ്ങള്‍ തള്ളിപ്പറയും എന്ന് നിങ്ങള്‍ ആശങ്കിക്കേണ്ടതില്ല.
മാത്രമല്ല, കടലാസില്‍ എഴുതി ഒപ്പും സീലും വെച്ച് അയക്കാന്‍ ഇത് പഴയ ഏഴാം നൂറ്റാണ്ടല്ലല്ലോ, ഇന്‍റര്‍നെറ്റ് യുഗമല്ലേ. അപ്പൊ മെയില്‍ അയക്കുന്നതാണ് രണ്ടു കൂട്ടര്‍ക്കും എല്ലാം കൊണ്ടും സൌകര്യപ്രദം. “നിച്ച് ഓഫ് ട്രൂത്ത് എന്ന പേരില്‍ കേരളത്തില്‍ വേറെയും ദാവാ സംഘടനകള്‍ ഉണ്ട്. അതുകൊണ്ട് ഞങ്ങള്‍ അയക്കുന്ന കത്ത് ഞങ്ങളുടെ തന്നെയാണ് എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് ഒപ്പും സീലും വെച്ചേ മതിയാകൂ” എന്നാണ് നിങ്ങള്‍ വാദിക്കുന്നതെങ്കില്‍, ആയിക്കോളൂ. പക്ഷേ, സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്നാ പേരില്‍ ഇന്ത്യയില്‍ ഒട്ടാകെ നോക്കിയാലും ആകെ ഞങ്ങള്‍ ഒരു കൂട്ടര്‍ മാത്രമേയുള്ളൂ എന്നുള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല. ഞങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ നിന്നും വരുന്ന ഒറ്റ മെയിലിന്‍റെ പിതൃത്വവും ഞങ്ങള്‍ നിഷേധിക്കുകയുമില്ല.
നിങ്ങളുടെ കത്തില്‍ സൂചിപ്പിച്ച നിലമ്പൂര്‍ വച്ച് ഉണ്ടായ ചര്‍ച്ച ഞങ്ങള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. അതിനു ശേഷം ഉണ്ടായ കാര്യങ്ങള്‍ നിങ്ങള്‍ മറന്ന് പോയത് കൊണ്ടായിരിക്കും കത്തില്‍ സൂചിപ്പിക്കാഞ്ഞത് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് അക്കാര്യം കൂടി ഒന്ന് ഓര്‍മ്മിപ്പിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലമ്പൂര്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത് പോലെത്തന്നെ പ്രമാണഗ്രന്ഥങ്ങള്‍ ഏതൊക്കെ എന്നുറപ്പിക്കുന്നതിനും സംവാദക്കരാര്‍ ഒപ്പിടുന്നതിനും വേണ്ടി ഞങ്ങളുടെ പ്രതിനിധികള്‍ നിങ്ങളുടെ ഓഫീസ് സന്ദര്‍ശിച്ചത് ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രധിനിധികളെ നിങ്ങള്‍ ആക്ഷേപിച്ചതും കരാര്‍ ഒപ്പിടാതെ അവരെ തിരിച്ചയച്ചതും നിങ്ങള്‍ മറന്ന് കാണുമെങ്കിലും ഞങ്ങള്‍ മറന്നിട്ടില്ല. അതിനു ശേഷം ബൈബിളിനെതിരെ നിങ്ങള്‍ ഉന്നയിച്ച തെറ്റായ ആരോപണങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ടൌണ്‍ ഹാളില്‍ 2009 ല്‍ ഞങ്ങള്‍ പ്രോഗ്രാം നടത്തിയതും ഞങ്ങളുടെ മീറ്റിംഗ് ഹാളിനു പുറത്തു, ഗേറ്റിന്‍റെ മുന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ ലഘുലേഖ വിതരണം ചെയ്തതും ഞങ്ങള്‍ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. തിരുവല്ലയില്‍ നിങ്ങള്‍ പ്രോഗ്രാം നടത്തുന്ന സമയം, തൊട്ടടുത്ത മാസം ഞങ്ങള്‍ നടത്താനിരുന്ന മറുപടി പ്രസംഗത്തിന്‍റെ നോട്ടീസ് ഞങ്ങള്‍ റോഡിന്‍റെ മറുവശത്ത് നിന്ന് വിതരണം ചെയ്തപ്പോള്‍ നിങ്ങള്‍ അത് പോലീസിനെ കൊണ്ട് തടയിപ്പിച്ചതും ഞങ്ങളുടെ പ്രവര്‍ത്തകരെ കുറ്റവാളികളെപോലെ അപമാനിതരാക്കിയതും ഞങ്ങള്‍ ഓര്‍ക്കുന്നു. എന്നിരുന്നാല്‍ തന്നെയും, ഈ അപമാനങ്ങളെല്ലാം ക്ഷമിച്ചുകൊണ്ട് അനേകം മുസ്ലീമുകളെ സത്യം അറിയിച്ച് നിത്യശിക്ഷയില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി നിങ്ങളുമായി സംവാദം നടത്തുവാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അതിനു വേണ്ടി ഞങ്ങളുടെ മുന്‍പുള്ള കത്തുകളുടെ ഒരു ചുരുക്ക രൂപം താഴെ കൊടുക്കുന്നു:
സാക്ഷിയുടെ ആളുകള്‍ എഴുതി ഒപ്പിട്ടു കൊടുത്തതും നിച്ചിന്‍റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്നതുമായ കരാര്‍ ആദ്യം നിച്ചിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയോ ഞങ്ങള്‍ക്ക് അയച്ച് തരികയോ ചെയ്യുക. ആ കരാറിലെ വ്യവസ്ഥകള്‍ എന്തായാലും അതനുസരിച്ച് തന്നെ സംവാദം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനി അങ്ങനെയൊരു കരാര്‍ ഇല്ല, അത് വെറുതെ പറഞ്ഞതാണെങ്കില്‍ അക്കാര്യം തുറന്നു സമ്മതിച്ചു കൊണ്ട് പുതിയൊരു കരാര്‍ സാക്ഷിയുമായി എഴുതിയിട്ട് ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സംവാദത്തിന് വരിക. ഇനി, അത് തുറന്നു സമ്മതിക്കാന്‍ മടിയാണെങ്കില്‍ പുതിയൊരു കരാര്‍ എഴുതണം എന്നുമില്ല, ഞങ്ങള്‍ക്കുള്ള മറുപടി വീഡിയോയില്‍ നിച്ചിന്‍റെ ഡയറക്ടര്‍ എം. എം. അക്ബര്‍ പറയുന്ന നിബന്ധനയുണ്ടല്ലോ, ആ നിബന്ധനയനുസരിച്ച്, അതായത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ച് കൊണ്ട് നിച്ചുമായി സംവാദത്തിന് സാക്ഷി തയ്യാറാണ്!! സംവാദം നടത്താന്‍ വേണ്ടി ഇതില്‍ കൂടുതല്‍ എന്ത് വിട്ടുവീഴ്ചയാണ് സാക്ഷി ചെയ്യേണ്ടത്?
ഞങ്ങള്‍ ആകെ പറയുന്നത് ഇത്രയേയുള്ളൂ, ‘ഇന്നയിന്ന ഇസ്ലാമിക പുസ്തകങ്ങളില്‍ നിന്ന് മാത്രമേ സംവാദത്തില്‍ ഇരുപക്ഷവും തെളിവുകള്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ എന്ന് നിച്ച് പറയുന്നതിനെ സാക്ഷി അംഗീകരിക്കും. പകരം ആ പുസ്തകങ്ങള്‍ ഒഴികെയുള്ള വേറെ ഒറ്റ ഗ്രന്ഥവും ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത് അംഗീകരിക്കുന്നില്ല’ എന്ന് കരാറില്‍ എഴുതണം. അതല്ലാതെ വേറെ ഒരു നിര്‍ബന്ധവും സാക്ഷിക്കില്ല. ഇനി, “ഞങ്ങള്‍ സംവാദത്തിന് വരണമെങ്കില്‍ കരാറില്‍ ഇപ്രകാരം എഴുതാന്‍ പറ്റില്ല” എന്നാണ് നിച്ച് ശഠിക്കുന്നതെങ്കില്‍, ഞങ്ങള്‍ ഈ നിര്‍ബന്ധവും പിന്‍വലിക്കുന്നു! സംവാദം നടക്കണം എന്ന കാര്യത്തില്‍ അത്രമാത്രം താല്പര്യം സാക്ഷിക്കുണ്ട്. അതുകൊണ്ടാണ് ഇത്രമാത്രം വിട്ടുവീഴ്ച ഞങ്ങള്‍ ചെയ്യുന്നത്.
യേശുക്രിസ്തുവില്‍ വിശ്വസ്തതയോടെ,
Anil Kumar Ayappan
സാക്ഷിയുടെ ഔദ്യോഗിക സൈറ്റില്‍ നിന്നും ഈ കത്തിടപാടുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.