About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    അനുകരണങ്ങളില്‍ വഞ്ചിതരാകാതാരിക്കാന്‍ സൂക്ഷിച്ചു കൊള്‍വിന്‍! (ഭാഗം-1)

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

    സത്യം പോലെ തോന്നിക്കുന്ന അസത്യങ്ങള്‍ മൂലമാണ് മനുഷ്യര്‍ വഞ്ചിക്കപ്പെടുന്നത്. നൂറ് ശതമാനവും അസത്യമായ കാര്യം ഒരിക്കലും ഒരാളും വിശ്വസിക്കുകയില്ല എന്ന് പിശാചിന് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് നമ്മള്‍ മുപ്പതിന്‍റെയും നാല്പതിന്‍റെയും അറുപതിന്‍റെയും എഴുപതിന്‍റെയും കള്ളനോട്ടുകള്‍ കാണാത്തത്. ആ കള്ളനോട്ടുകള്‍ വിപണിയില്‍ ചിലവാകുകയില്ല എന്ന് കള്ളനോട്ടടിക്കാര്‍ക്ക് നല്ലവണ്ണം അറിയാം. ഇല്ലാത്ത ഒന്നിന്‍റെ വ്യാജനെ അവതരിപ്പിച്ചാല്‍ അത് വിറ്റു പോകുകയില്ല എന്ന് പിശാചിന് അറിയാവുന്നതിനാല്‍ അവന്‍ യേശുക്രിസ്തുവിന്‍റെ പല സ്വഭാവഗുണങ്ങളും സ്വാംശീകരിച്ചു കൊണ്ടാണ് ഈസാനബി എന്ന വ്യാജനെ ഉണ്ടാക്കിയത്. പൗലോസ്‌ അപ്പോസ്തലന്‍ മുന്നറിയിപ്പ്‌ തന്നത് പോലെ പിശാച് മറ്റൊരു യേശുവിനെ അവതരിപ്പിച്ചുകൊണ്ട് വചന പരിജ്ഞാനമില്ലാത്ത ക്രൈസ്തവരെ ആശയക്കുഴപ്പത്തിലാക്കാനും അതുവഴി രക്ഷയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി കളയാനും ആഗ്രഹിക്കുന്നു.

    ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ ഈസാനബിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കാന്‍ താല്പര്യപ്പെടുന്നു. അതിന്‍റെ ഒന്നാം ഭാഗമാണ് ഇത്. ഖുര്‍ആനിലെ യേശുക്രിസ്തു ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങള്‍ ഈസാ നബി ഉന്നയിച്ചിട്ടുണ്ടോ എന്നാണ് ഈ ഒന്നാം ഭാഗത്തില്‍ പരിശോധനാ വിധേയമാക്കുന്നത്..

    1a. “അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മാര്‍ക്കോസ് 2:3-7). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

    b. ഖുര്‍ആനിലെ ഈസാനബി ഒരാളുടെയും പാപം മോചിച്ചു കൊടുക്കുന്നതായി അവകാശവാദം ഉന്നയിച്ചിട്ടില്ല.

    2a. “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

    b. ഇങ്ങനെ ഒരവകാശവാദം ഖുര്‍ആനിലെ ഈസാ നബി നടത്തിയിട്ടില്ല.

    3a. “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6).

    b. ഖുര്‍ആനിലെ ഈസാ നബി ഒരിക്കലും താന്‍ തന്നെയാണ് സത്യം എന്ന് അവകാശപ്പെട്ടിട്ടില്ല.

    4a. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

    b. ഖുര്‍ആനിലെ ഈസാനബി ന്യായവിധി നടത്തുന്നവനല്ല, മറിച്ച്, അല്ലാഹുവിനാല്‍ ന്യായം വിധിക്കപ്പെടുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്.

    5a. “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ.11:24).

    b. ഖുര്‍ആനിലെ ഈസാനബി ഇങ്ങനെ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.

    6a. “ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5).

    b. ഖുര്‍ആനിലെ ഈസാ നബി അല്ലാഹുവിനെ പിതാവേ എന്ന് പോലും വിളിക്കുന്നില്ല, പിന്നെയാണോ ലോകം ഉണ്ടാകും മുമ്പേ തനിക്ക്‌ പിതാവിന്‍റെ അടുക്കല്‍ മഹത്വം ഉണ്ടെന്ന് അവകാശപ്പെടുന്നത്.

    7a. “അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു” എന്ന് ബൈബിളിലെ യേശുക്രിസ്തു അവകാശപ്പെടുന്നു (വെളിപ്പാട് 1:17,18).

    b. ഇങ്ങനെ ഒരവകാശവാദം ഖുര്‍ആനിലെ ഈസാ നബി നടത്തിയിട്ടില്ല.

    8a. മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.

    b. ഖുര്‍ആനിലെ ഈസാ നബി ഇങ്ങനെ ഒരവകാശവാദം ഉന്നയിച്ചിട്ടില്ല.

    9a. മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് തെളിയിക്കുന്നു.

    b. ഖുര്‍ആനിലെ ഈസാനബിയും പ്രവാചകനായ ദാവീദും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് പോലും തെളിയിക്കാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ചുകൊണ്ട് സാധിക്കില്ല.

    10a. യോഹന്നാന്‍ 10:30-ല്‍ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു

    b ഖുര്‍ആനിലെ ഈസാനബി അല്ലാഹുവിന്‍റെ മുന്നില്‍ ഭയന്ന് വിറച്ച് നില്‍ക്കുന്ന ഒരു കഥാപാത്രമാണ്, അവനൊരിക്കലും ഇപ്രകാരം ഒരവകാശവാദം പുറപ്പെടുവിക്കാന്‍ കഴിയുകയില്ല.

    11a. യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.

    b. ഖുര്‍ആനിലെ ഈസാനബി ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല.

    12a. മത്തായി.12:6-ല്‍ “ഞാന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണ്” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഇങ്ങനെയൊരു അവകാശവാദം ഖുര്‍ആനിലെ ഈസാ നബി നടത്തിയിട്ടില്ല.

    13a. മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഇതും ഈസാ നബി നടത്തിയിട്ടില്ലാത്ത അവകാശവാദം ആണ്.

    14a. യോഹന്നാന്‍ 4:24-ല്‍ “ഞാന്‍ മശിഹ ആകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഖുര്‍ആനിലെ ഈസാ നബി ഒരിടത്തും താന്‍ മശിഹ ആണെന്ന് അവകാശപ്പെട്ടിട്ടില്ല.

    15a. യോഹന്നാന്‍ 7:37-ല്‍ “എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഖുര്‍ആനിലെ ഈസാ നബി ഒരിക്കലും ഇങ്ങനെയോരവകാശവാദം ഉന്നയിക്കുന്നില്ല.

    16a. യോഹ.14:13,14-ല്‍ ‘തന്നോട് പ്രാര്‍ത്ഥിക്കണമെന്നും തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്നും യേശു അവകാശപ്പെടുന്നു..

    b. തന്നോട് പ്രാര്‍ഥിക്കാന്‍ ഈസാ നബി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.

    17a. മത്തായി.18:20-ല്‍ “എന്നെ അനുഗമിക്കുന്നവര്‍ എന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും ഞാന്‍ ഉണ്ട്” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഇങ്ങനെയൊരവകാശവാദം ഈസാനബിയില്‍ നിന്നും ഉണ്ടാകുമെന്ന് ചിന്തിക്കുന്നത് തന്നെ ഭോഷത്തമാണ്.

    18a. മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഇങ്ങനെയൊരവകാശവാദം ഈസാനബിക്ക് അചിന്ത്യം!

    19a. വെളി.22:12-ല്‍ യേശുക്രിസ്തു പ്രതിഫലം നല്‍കുവാന്‍ വരുന്നു എന്ന് പ്രഖ്യാപിക്കുന്നു.

    b. ഇതും ഈസാനബി നടത്തിയിട്ടില്ലാത്ത ഒരവകാശവാദമാണ്.

    20a. യോഹന്നാന്‍. 5:38-ല്‍ “നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു

    b. മുന്‍പുള്ള തിരുവെഴുത്തുകളെ കുറിച്ചോ അവയില്‍ തന്നെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശം ഉണ്ടെന്നതിനെ കുറിച്ചോ ഈസാനബി ഒരക്ഷരം മിണ്ടിയിട്ടില്ല.

    21a. യോഹ. 5:45-ല്‍ “നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഈ അവകാശവാദവും ഖുര്‍ആനിലെ ഈസാനബി നടത്തിയിട്ടില്ല.

    22a. യോഹ. 5:42-ല്‍ “ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു.

    b. ഖുര്‍ആനിലെ ഈസാ നബിക്ക്‌ ഇങ്ങനെ ഒരവകാശവാദം നടത്താന്‍ മുട്ടിടിക്കും.

    23a. യോഹ. 6:48-ല്‍ “ഞാന്‍ ജീവന്‍റെ അപ്പമാകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു.

    b. ഖുര്‍ആനിലെ ഈസാ നബിക്ക്‌ സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര ഉന്നതമായ അവകാശവാദമാണിത്.

    24a. യോഹ. 6:51-ല്‍ “സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു.

    b. ഈസാനബിയുടെ കാര്യം ഇതിലും തഥൈവ!

    25a. യോഹ. 10:9-ല്‍ “ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

    b. ഇങ്ങനെയൊരു അവകാശവാദം നടത്താനുള്ള കെല്‍പ്പ് ഖുര്‍ആനിലെ ഈസാനബിക്കില്ല എന്ന് മുസ്ലീങ്ങള്‍ തന്നെ സമ്മതിക്കും.

    ഈ താരതമ്യത്തില്‍ നിന്നും നമുക്ക്‌ പിന്നെയും മനസ്സിലാകുന്നത് ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ ഈസാനബിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നുള്ള സത്യമാണ്. ബൈബിളിലെ യേശുക്രിസ്തു നടത്തിയിരിക്കുന്ന ഓരോ അവകാശവാദങ്ങളും നാം സസൂക്ഷ്മം പരിശോധിച്ചാല്‍ അതൊക്കെയും തന്‍റെ ദൈവത്വാവകാശവാദങ്ങള്‍ ആണെന്ന് എളുപ്പം മനസ്സിലാകും. ദൈവത്തിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന കാര്യങ്ങളാണ് യേശുക്രിസ്തു അവകാശപ്പെട്ടത്. ദൈവത്തിന്‍റെ അരുളപ്പാടുകള്‍ രേഖയാക്കി കിട്ടിയിട്ടുള്ള യെഹൂദന്മാര്‍ക്ക് അത് മനസ്സിലാകുകയും ചെയ്തു. അതുകൊണ്ടാണ് അവര്‍ യേശുവിനെ കൊല്ലാന്‍ ശ്രമിച്ചത്.

    യേശുക്രിസ്തു സംസാരിച്ചത് നിരീശ്വരവാദികളോടോ, ദൈവത്തെ അറിയാത്ത ആളുകളോടോ അല്ല. യേശുക്രിസ്തുവിനും രണ്ടായിരം വര്‍ഷം മുന്‍പ്‌ ദൈവം വിളിച്ചു വേര്‍തിരിച്ച് തിരഞ്ഞെടുത്തുകൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതികളോടാണ്. ലോകത്ത്‌ ആദ്യമായി ഏകദൈവവിശ്വാസപ്രഖ്യാപനം നടത്തിയത് അവരുടെ എക്കാലത്തെയും വലിയ പ്രവാചകനായ മോശെയാണ്. ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടു ദൈവം എങ്ങനെയാണ് ഇടപെട്ടതെന്നും ഈജിപ്തില്‍ അടിമകളായി കിടന്നിരുന്ന അവരെ എങ്ങനെയാണ് തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഈ ഭൂപ്രദേശത്ത് കൊണ്ടുവന്നു ദൈവം കുടി പാര്‍പ്പിച്ചതെന്നും അവര്‍ക്ക്‌ വ്യക്തമായിട്ടറിയാം. തങ്ങളുടെ പിതാക്കന്മാര്‍ വഴി തെറ്റിപ്പോയ അവസ്ഥയില്‍ ദൈവം എങ്ങനെ അവരെ പ്രവാചകന്മാര്‍ മുഖാന്തരം നേര്‍വഴിക്ക് നടത്തിയെന്നും പിന്നെയും അനുസരണക്കേട്‌ കാണിച്ചപ്പോള്‍ ദൈവം എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ പിതാക്കന്മാരെ ശിക്ഷിപ്പിച്ചു എന്നും അവര്‍ക്ക്‌ നല്ലവണ്ണം അറിയാം. അതൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന തോറയും നെബ്ബ്വീമും കെത്തുബീമും അടങ്ങിയ, ക്രിസ്ത്യാനികള്‍ പഴയ നിയമം എന്ന് വിളിക്കുന്ന വിശുദ്ധ തിരുവെഴുത്ത് അവരുടെ കൈവശമുണ്ട്.

    ചുരുക്കി പറഞ്ഞാല്‍, ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടുള്ള ബന്ധത്തില്‍ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഏതു വിധത്തിലുള്ളതാണ് എന്നതിനെക്കുറിച്ചും നല്ലവണ്ണം അറിയാവുന്ന ആളുകളോടാണ് യേശുക്രിസ്തു സംസാരിക്കുന്നത്. അവര്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നാണ് നാം പരിശോധിക്കേണ്ടത്. അല്ലാതെ യിസ്രായേല്‍ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത, മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകള്‍ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത, അറേബ്യന്‍ മരുഭൂമിയിലെ കഅബയ്ക്കകത്ത് ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളെ ആരാധിച്ചു നടന്നിരുന്ന ആളുകള്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നല്ല നാം പരിശോധിക്കേണ്ടത്.

    ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലാസ്സിലേക്ക് യാദൃശ്ചികമായി ഒരു എല്‍.കെ.ജി വിദ്യാര്‍ഥി എത്തപ്പെട്ടു എന്ന് വിചാരിക്കുക. അവന്‍ അവിടെ നിന്ന് എത്ര സമയം ആ ക്ലാസ്സ്‌ കേട്ടാലും അവിടെ പഠിപ്പിക്കുന്ന വിഷയം അവന് മനസ്സിലാവുകയില്ല. അത് ക്ലാസ്സെടുക്കുന്ന അധ്യാപകന്‍റെ കുഴപ്പമല്ല, പഠിപ്പിക്കപ്പെടുന്ന വിഷയത്തിന്‍റെ ന്യൂനതയുമല്ല. മറിച്ച്, അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയം മനസ്സിലാക്കാന്‍ തക്കവിധം ആ കുഞ്ഞിന്‍റെ ബുദ്ധിക്കും ചിന്താശേഷിക്കും വികാസം വന്നിട്ടില്ല എന്നത് കൊണ്ടാണ് അവനതു മനസ്സിലാക്കാന്‍ പറ്റാത്തത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ ഈ എല്‍.കെ.ജി വിദ്യാര്‍ഥിയെക്കാളും താഴ്ന്ന മനോനിലയിലാണ് ലോകമെമ്പാടും ഉള്ള സകല മുസ്ലീങ്ങളും ഉള്ളത്. അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന വികലമായ ഒരു ദൈവസങ്കല്‍പമുണ്ട്, ആ ദൈവസങ്കല്പത്തിനോട് യോജിക്കുന്നവ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ, അല്ലാതെ സത്യദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ഗ്രഹിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ കേട്ട യെഹൂദന്മാരുടെ പ്രതികരണം എങ്ങനെയുള്ളതായിരുന്നു എന്ന് നോക്കാം:
    “അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു.” (യോഹ.5:18)

    ഇത് യോഹന്നാന്‍ അപ്പൊസ്തലന്‍റെ പ്രസ്താവനയാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട ജനം എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് കര്‍ത്താവിന്‍റെ ശിഷ്യനായ യോഹന്നാന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. യേശുക്രിസ്തു ആരോടാണോ സംസാരിക്കുന്നത്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകുന്നുണ്ട്. ബൈബിളില്‍ നിന്നും വേറൊരു ഭാഗം ഉദ്ധരിക്കാം. യേശുക്രിസ്തു യെഹൂദന്മാരോട് പറഞ്ഞു:

    “ഞാനും പിതാവും ഒന്നാകുന്നു.’ യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തി നിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ,10:30-33)

    കണ്ടോ, യെഹൂദന്മാര്‍ക്ക് കൃത്യമായി മനസിലായി യേശു എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇവിടെ പറഞ്ഞിട്ടില്ല, പക്ഷേ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ അതാരോടാണോ പറഞ്ഞത്, അവര്‍ക്ക്‌ കാര്യം മനസ്സിലായി, ഇവന്‍ ദൈവത്വം ആണ് അവകാശപ്പെടുന്നത് എന്നുള്ളത്. ഇനി വേറൊരു ഭാഗം നോക്കാം:

    “മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.” (മത്തായി.26:62-65)

    ഇത് സാധാരണക്കാരായ യെഹൂദന്മാരല്ല, സന്‍ഹിദ്രീം സംഘമാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ടപ്പോള്‍, ന്യായപ്രമാണം കാമ്പോടുകാമ്പ് മനസ്സിലാക്കിയിരുന്ന, ന്യായപ്രമാണത്തിലെ ചട്ടങ്ങളെയും വിധികളെയും കല്പനകളെയും പ്രമാണങ്ങളെയും കുറിച്ച് അവഗാഹമായ ജ്ഞാനമുണ്ടായിരുന്ന ഈ സന്‍ഹിദ്രീം സംഘം ഒന്നടങ്കം പറഞ്ഞു, അവന്‍ മരണയോഗ്യന്‍ എന്ന്! അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മനുഷ്യന്‍, ഒരു തച്ചന്‍റെ മകന്‍, ഒരു തച്ചനായി ജോലി ചെയ്തിരുന്നവന്‍ ഇപ്പോഴിതാ ദൈവത്വം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, അവന്‍ മരണയോഗ്യനാണ്.

    യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട യോഹന്നാന്‍ അപ്പൊസ്തലന്‍ അടക്കമുള്ള ശിഷ്യന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്.

    യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട സാധാരണക്കാരായ യെഹൂദന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അവനെ എറിയാന്‍ കല്ലെടുത്തത്.

    യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട മഹാപുരോഹിതന്‍ അടക്കമുള്ള സന്‍ഹിദ്രീം സംഘത്തിന് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവന്‍ മരണ യോഗ്യന്‍ എന്ന് അവര്‍ ഏകമനസ്സോടെ ഉത്തരം പറഞ്ഞത്.

    യേശുക്രിസ്തുവിന്‍റെ ശിഷ്യവൃന്ദത്തിന്, അന്നത്തെ സാധാരണക്കാരായ ജനത്തിന്, വേദപാരംഗതരായ സന്‍ഹിദ്രീം സംഘത്തിലുള്ളവര്‍ക്ക്, അവര്‍ക്കെല്ലാം മനസ്സിലായി യേശുക്രിസ്തു ദൈവത്വമാണ് അവകാശപ്പെടുന്നത് എന്നുള്ള കാര്യം. ഇനി ഇങ്ങനെയല്ലാതെ, യേശുക്രിസ്തു നേരിട്ട് പറയുന്നുണ്ട് താന്‍ ദൈവമാണെന്ന്. വെളിപ്പാട് പുസ്തകം 21:6,7 വാക്യങ്ങള്‍ നോക്കുക:

    “പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചു തീര്‍ന്നു; ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.”

    ഇത് യേശുക്രിസ്തു പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ അവന്ന്‍ ദൈവം ആയിരിക്കും എന്നാണ് കര്‍ത്താവ്‌ പറയുന്നത്. ഇത്രമാത്രം വ്യക്തമായി യേശു കര്‍ത്താവ്‌ പറഞ്ഞിരിക്കെ, കര്‍ത്താവിന്‍റെ കാലശേഷം, 600 വര്‍ഷം കഴിഞ്ഞ്, ബൈബിളിലെ ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, സത്യദൈവമായ യഹോവയുടെ പേര് പോലും അറിയാത്ത ഒരാള്‍ മരുഭൂമിയില്‍ വെച്ച് യേശുക്രിസ്തുവിനോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ ചമച്ചുണ്ടാക്കി അതിന് ഈസാനബി എന്ന് പേരുമിട്ടിട്ടു പറയുകയാണ്‌, “ഈസാനബി ദൈവമല്ല” എന്ന്. ഞങ്ങളും ഇതിനോട് യോജിക്കുന്നു. ഈസാനബി ദൈവമല്ല. ദൈവം പോയിട്ട് ഒരു ചരിത്ര പുരുഷന്‍ പോലുമല്ല ഈസാനബി. അത് വെറുമൊരു സാങ്കല്‍പിക കഥാപാത്രം മാത്രമാണ്. അവനെ ദൈവം എന്ന് വിളിക്കാന്‍ മാത്രം ഞങ്ങളുടെ ബുദ്ധിക്ക് തകരാറൊന്നുമില്ല.

    എന്നാല്‍…

    യേശുക്രിസ്തു സര്‍വ്വത്തിനും മീതെ ദൈവമായി വാഴുന്നവനാണ്. ബൈബിള്‍ അത് പറയുന്നു. യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളില്‍ അത് വ്യക്തമാണ്, അപ്പോസ്തലന്മാര്‍ അത് രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെയുള്ള യേശുക്രിസ്തുവിന് തുല്യന്‍ ആര്‍? കൂരിരുട്ടത്തു മിന്നാമിനുങ്ങിന്‍റെ വെട്ടം ചിലപ്പോള്‍ നമ്മുടെ കണ്ണില്‍പ്പെട്ടെന്നു വരാം. പക്ഷെ മേഘങ്ങളില്ലാത്ത മാനത്ത്, ഉച്ചക്കതിരവന്‍ ഉജ്ജ്വലശോഭയോടെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ ആ മിന്നാമിനുങ്ങ് നമ്മുടെ കണ്‍മുന്നിലൂടെ പറന്നു പോയാലും നാം അതിന്‍റെ വെളിച്ചം കണ്ടെന്ന് വരില്ല. യേശുക്രിസ്തു ആ ഉച്ചക്കതിരവനേക്കാള്‍ ഉജ്ജ്വലമായി പ്രകാശിക്കുന്നവനാണ്. അവന് തുല്യം അവന്‍ മാത്രമാണ്. മരുഭൂമിയില്‍, മനസ്സിന് താളം തെറ്റിയ മനുഷ്യന്‍ എന്ന് തന്‍റെ സമകാലീനരായ ആളുകള്‍ തന്നെ പറഞ്ഞിട്ടുള്ള ഒരു വ്യക്തിയുടെ ഭ്രാന്തന്‍ ഭ്രമകല്പനയില്‍ ഉണ്ടായ ഈസാനബി എന്നൊരു വ്യാജനാണ് യേശുക്രിസ്തു എന്ന് പറയുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ണ്ണനൂലിനോട് ചേര്‍ത്ത്‌ വാഴനാരിനെ വിളക്കി ചേര്‍ക്കാന്‍ ശ്രമിക്കുന്ന വിഡ്ഢികളല്ല അവര്‍, മറിച്ച് വാഴനാര്‍ എടുത്തു കാണിച്ച് ‘ഇതാണ് സ്വര്‍ണ്ണനൂല്‍’ എന്ന് പറയുന്ന പമ്പര വിഡ്ഢികളാണവര്‍. (തുടരും…)

    One Comment on “അനുകരണങ്ങളില്‍ വഞ്ചിതരാകാതാരിക്കാന്‍ സൂക്ഷിച്ചു കൊള്‍വിന്‍! (ഭാഗം-1)”

    • Jack
      27 April, 2016, 16:16

      Right

    Leave a Comment