അബ്രഹാമും ഇബ്രാഹീം നബിയും-ഒരു ലഘുതാരതമ്യ പഠനം.
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
ബൈബിളില്‍ പറഞ്ഞിരിക്കുന്ന അബ്രഹാം തന്നെയാണ് ഖുര്‍ആനിലും ഹദീസുകളിലും പറഞ്ഞിരിക്കുന്ന ഇബ്രാഹീം നബി എന്ന് പല ദാവാക്കാരും പെരുമ്പറ മുഴക്കുന്നത് കാണാറുണ്ട്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? അബ്രഹാമും ഇബ്രാഹീമും ഒരാള്‍ തന്നെയാണോ? അതോ ഒന്ന് ഒറിജിനലും മറ്റേത് വ്യാജനും ആണോ? നമുക്ക് പ്രമാണങ്ങളില്‍ നിന്ന് പരിശോധിക്കാം.
1 ഖുര്‍ആനിലെ ഇബ്രാഹീമിന്‍റെ പിതാവിന്‍റെ പേര് ആസര്‍ എന്നാണ്:
ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു. (സൂറാ.6:74)
എന്നാല്‍ ബൈബിളിലെ അബ്രഹാമിന്‍റെ പിതാവിന്‍റെ പേര് തേരഹ് എന്നായിരുന്നു:
തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു. (ഉല്‍പ്പത്തി.11:26)
- ഇബ്രാഹീം ഒരു വ്യക്തി മാത്രമല്ല, ഒരു സമുദായവുമാണ്:
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (സൂറാ.16:120)
എന്നാല്‍ ബൈബിളിലെ അബ്രഹാം ഒരു വ്യക്തി മാത്രമായിരുന്നു, ഒരിക്കലും ഒരു സമുദായമായി അബ്രഹാമിന്‍റെ പേര് പറയുന്നില്ല. എന്നാല്‍ അബ്രഹാമിന്‍റെ പേരക്കുട്ടിയായിരുന്ന യാക്കോബിനെ ദൈവം ഇസ്രായേല്‍ എന്ന് പേര് മാറ്റിയിട്ടതിനു ശേഷം ഇസ്രായേല്‍, യാക്കോബ് എന്നീ പേരുകളെ വ്യക്തിനാമമായിട്ടും സമുദായത്തിന്‍റെ നാമമായിട്ടും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അബ്രഹാമിനെ ഒരിക്കലും അങ്ങനെ വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല.
- ഇബ്രാഹീം അല്ലാഹുവിന്‍റെ മതത്തില്‍ വിശ്വസിക്കുന്ന ഒരാളായിരുന്നു.
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്‍റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്) (സൂറാ.2:132)
എന്നാല്‍ ബൈബിളിലെ അബ്രഹാം ഒരിക്കലും ഒരു മത വിശ്വാസിയായിരുന്നില്ല. അബ്രഹാം വിശ്വസിച്ചിരുന്നത് അല്ലാഹുവിലും ആയിരുന്നില്ല. അബ്രഹാം സ്രഷ്ടാവായ സത്യദൈവത്തില്‍ മാത്രമാണ് വിശ്വസിച്ചിരുന്നത്, ആ ദൈവത്തിന്‍റെ പേര് അല്ലാഹു എന്നായിരുന്നില്ല, യഹോവ എന്നാണ്.
- ഖുര്‍ആനിലെ ഇബ്രാഹീം നബി പുനരുത്ഥാനത്തിന്‍റെ കാര്യത്തില്‍ സംശയാലുവായപ്പോള്‍ അല്ലാഹു പറഞ്ഞു കൊടുത്തതനുസരിച്ചു നാല് പക്ഷികളെ കഷ്ണമാക്കി പല മലകളില്‍ വെച്ചിട്ട് വിളിച്ചപ്പോള്‍ അവ പാറിവന്നു എന്നാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്:
എന്‍റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്‍റെമനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്‍റെഅടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക. (സൂറാ.2:260)
എന്നാല്‍ ബൈബിളിലെ അബ്രഹാമിന് ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നതായോ ഇപ്രകാരം ഒരു പരീക്ഷണം നടത്തിയതായോ ബൈബിളില്‍ ഇല്ല. എന്നാല്‍ യഹോവയായ ദൈവം അബ്രഹാമുമായി ഉടമ്പടി ചെയ്യുമ്പോള്‍ അന്നത്തെ ആചാരമനുസരിച്ച് മൃഗങ്ങളെ കൊന്ന് ഉടല്‍ നടുവേ പിളര്‍ന്നതായി ഉല്‍പ്പത്തി 15:9,10 വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
- ഖുര്‍ആനിലെ ഇബ്രാഹീമിനെ അല്ലാഹു മനുഷ്യരുടെ നേതാവാക്കിയിട്ടുണ്ട്:
ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്‍റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്‍റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല (സൂറാ.2:120)
ബൈബിളിലെ അബ്രഹാമിനെ മനുഷ്യരുടെ നേതാവായി യഹോവ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ‘ബഹുജാതികള്‍ക്ക് പിതാവ്’ എന്നൊരു സ്ഥാനപ്പേര് അബ്രഹാമിന് യഹോവ നല്‍കിയതായി ബൈബിളില്‍ ഉണ്ട് (ഉല്‍പ്പത്തി.17:3-5)
- മക്കയിലെ കഅബ പണിതത് ഖുര്‍ആനിലെ ഇബ്രാഹീമും മകന്‍ ഇസ്മാഈലും കൂടിയാണ്:
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (സൂറാ.2:127)
ബൈബിളിലെ അബ്രഹാം യാത്ര ചെയ്ത ദേശങ്ങളുടെ പേരുകള്‍ വളരെ വ്യക്തമായി ബൈബിളില്‍ കൊടുത്തിട്ടുണ്ട്. അതിലൊരിക്കലും മക്കയുടെയോ മക്കയ്ക്കടുത്ത പ്രദേശങ്ങളുടെയോ പേര്‍ വരുന്നില്ല. മാത്രമല്ല, അബ്രഹാം ദൈവത്തെ ആരാധിക്കാന്‍ വേണ്ടി പണിതത് മുഴുവന്‍ യാഗപീഠങ്ങളായിരുന്നു:
1. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്‍റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു. (ഉല്‍പ്പത്തി.12:7)
2. അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു. (ഉല്‍പ്പത്തി.12:8)
3. അവന്‍ തന്‍റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. (ഉല്‍പ്പത്തി.13:3)
4. അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവക്കു ഒരു യാഗപീഠം പണിതു. (ഉല്‍പ്പത്തി.13:18)
5. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്‍റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി. (ഉല്‍പ്പത്തി. 22:9)
ഇങ്ങനെ യാഗപീഠം പണിത് അതില്‍ യാഗം കഴിച്ച് യഹോവയെ ആരാധിച്ചതല്ലാതെ ഒരിക്കല്‍പ്പോലും ആരാധനയ്ക്കായി അബ്രഹാം ഒരു കെട്ടിടം പണിതതായി ബൈബിള്‍ പറയുന്നില്ല. ആരാധനയ്ക്ക് വേണ്ടി മാത്രമല്ല, താമസിക്കാന്‍ വേണ്ടിയും അബ്രഹാം ഒരിടത്തും ഒരു കെട്ടിടവും പണിതിട്ടില്ല, കൂടാരങ്ങളിലായിരുന്നു അബ്രഹാം പാര്‍ത്തിരുന്നത് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു (എബ്രായര്‍. 11:9)
- സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയുമെല്ലാം തന്‍റെ രക്ഷിതാക്കളായി സ്വീകരിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്ത ആളായിരുന്നു ഖുര്‍ആനിലെ ഇബ്രാഹീം:
അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ടു കൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചു തന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. (സൂറാ.6:76-78)
എന്നാല്‍ ബൈബിളിലെ അബ്രഹാം ഇപ്രകാരമുള്ള മണ്ടത്തരങ്ങള്‍ കാണിച്ചിട്ടില്ല.
- ഖുര്‍ആനിലെ ഇബ്രാഹീമിനെ എരിയുന്ന അഗ്നികുണ്ഠത്തില്‍ ഇട്ടുവെങ്കിലും അല്ലാഹു അവനെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുവന്നു എന്നാണ് പറഞ്ഞിരിക്കുന്നത്:
അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്. (സൂറാ.21:68-70)
ഹദീസിലും ഇക്കാര്യം പറയുന്നുണ്ട്:
പല്ലിയെ കൊല്ലാന്‍ തിരുമേനി (സ) കല്പിച്ചുവെന്നു കാണിക്കുന്ന ഉമ്മുശരീക്കിന്‍റെ ഹദീസ് മുമ്പ് വന്നു കഴിഞ്ഞിട്ടുണ്ട്. (ഇബ്രാഹീം നബിയെ തീയിലിടുവാന്‍ തീ കത്തിച്ചൊരുക്കിക്കൊണ്ടിരുന്നപ്പോള്‍ ‘പല്ലി തീയില്‍ ഊതികൊണ്ടിരുന്നു’വെന്നു കൂടി തിരുമേനി അരുളിയതായി ഈ രിവായത്തില്‍ പറഞ്ഞിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1374, പേജ് 680)
ബൈബിളിലെ അബ്രഹാമിനെ ഇപ്രകാരം തീയിലിട്ടതായി പറയുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത്, യെഹൂദന്മാരുടെ ഇടയില്‍ ഇപ്രകാരം ഒരു കഥ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ‘അബ്രഹാമിനെ യഹോവയായ ദൈവം കല്ദയരുടെ പട്ടണമായ ഊരില്‍ നിന്ന് കൊണ്ടുവന്നു’ എന്ന വചനത്തെ അടിസ്ഥാനമാക്കി ഒരു യെഹൂദ റബ്ബി നല്‍കിയ വ്യാഖ്യാനമാണ് ഇപ്രകാരം ഒരു കഥ രൂപം കൊള്ളുവാന്‍ ഇടയായത്. ഊര്‍ എന്ന എബ്രായ പദത്തിന് അഗ്നി എന്നൊരു അര്‍ത്ഥമുണ്ട്. ‘അബ്രഹാമിനെ ഊരില്‍ നിന്ന് കൊണ്ടുവന്നു’ എന്നുള്ളതിനെ ‘അബ്രഹാമിനെ അഗ്നിയില്‍ നിന്ന് കൊണ്ടുവന്നു’ എന്ന് ഈ റബ്ബി വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഈ കഥ യെഹൂദന്മാരുടെ ഇടയില്‍ രൂപം കൊണ്ടത്.
- ഖുര്‍ആനിലെ ഇബ്രാഹീമിന് പ്രപഞ്ചരഹസ്യങ്ങള്‍ അള്ളാഹു കാണിച്ചു കൊടുത്തിട്ടുണ്ട്:
അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്. (സൂറാ.6:75)
എന്നാല്‍ ബൈബിളിലെ അബ്രഹാമിന് ഇപ്രകാരമുള്ള ആധിപത്യ രഹസ്യങ്ങള്‍ ഒന്നും തന്നെ യഹോവയായ ദൈവം കാണിച്ചു കൊടുത്തിട്ടില്ല.
- ഖുര്‍ആനിലെ ഇബ്രാഹീം നബി ചേലാകര്‍മ്മം നടത്തിയത് 80 വയസ്സായപ്പോഴാണ്:
അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘ഇബ്രാഹീം നബിക്ക് ചേലാകര്‍മ്മം നടത്തിയത് 80 വയസ്സ് പ്രായമെത്തിയ ഘട്ടത്തിലാണ്. കോടാലി കൊണ്ടാണ് അത് നടത്തിയത്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1372, പേജ് 678)
എന്നാല്‍ ബൈബിളിലെ അബ്രഹാം പരിച്ഛേദനയേല്‍ക്കുന്നത് 99 വയസ്സായപ്പോള്‍ ആയിരുന്നു:
‘അബ്രാഹാം പരിച്ഛേദനയേറ്റപ്പോള്‍ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.’ (ഉല്‍പ്പത്തി.17:24)
- ഖുര്‍ആനിലെ ഇബ്രാഹീം നബി ഭയങ്കര ഉയരമുള്ള ആളായിരുന്നു. ഉയരം കാരണം അദ്ദേഹത്തിന്‍റെ തല കാണാന്‍ പറ്റില്ലായിരുന്നു എന്നാണ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്:
സമൂറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘കഴിഞ്ഞ രാത്രി ഉറക്കത്തില്‍ രണ്ടാളുകള്‍ എന്‍റെയടുക്കല്‍ വന്നു. ഞങ്ങള്‍ ദീര്‍ഘകായനായ ഒരാളുടെ അടുത്തു ചെന്നു. പൊക്കം കാരണം അദ്ദേഹത്തിന്‍റെ തല എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അത് ഇബ്രാഹീം ആയിരുന്നു.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1370, പേജ് 678)
എന്നാല്‍ ബൈബിളിലെ അബ്രഹാം സാധാരണ ഉയരമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിന്‍റെ തലയോ മുഖമോ കാണുന്നതിന് സമകാലീനരായ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.
- ഖുര്‍ആനിലെ ഇബ്രാഹീം നബി ബൈബിളിലെ ശലോമോന്‍റെ സമകാലീനനോ അല്ലെങ്കില്‍ ശലോമോനെക്കാള്‍ 40 വര്‍ഷം മുന്‍പ് ജീവിച്ചിരുന്നവനോ ആണ്:
അബൂ ദര്‍റ് (റ) പറയുന്നു: ഞാന്‍ ചോദിച്ചു: ദൈവദൂതരേ! ഒന്നാമതായി ഭൂമിയില്‍ സ്ഥാപിതമായ പള്ളി ഏതാണ്?’ തിരുമേനി (സ) അരുളി: ‘കഅബ.’ ‘പിന്നീട് ഏതു പള്ളിയാണ് സ്ഥാപിതമായത്?’ തിരുമേനി അരുളി: ‘ബൈത്തുല്‍ മുഖദ്ദസ്.’ എത്ര കൊല്ലം ഇടവിട്ടാണ് ഇവ രണ്ടും സ്ഥാപിതമായത്? തിരുമേനി അരുളി: ‘40 കൊല്ലം ഇടവിട്ട്.” തിരുമേനി തുടര്‍ന്നരുളി: ‘ഇനി എവിടെ വെച്ചാണോ നമസ്കാരസമയമായത്, അവിടെ വെച്ച് നമസ്കരിച്ചു കൊള്ളുക. അതിലാണ് പുണ്യമിരിക്കുന്നത്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1376, പേജ് 686)
ഇതില്‍ പറഞ്ഞിരിക്കുന്ന ‘ബൈത്തുല്‍ മുഖദ്ദസ്’ എന്നത് യെരുശലേമില്‍ ഉണ്ടായിരുന്ന ദൈവാലയമാണ്. അത് പണിതത് ദാവീദിന്‍റെ പുത്രനായ ശലോമോന്‍ ആയിരുന്നു. ഇബ്രാഹീം കഅബ പണിത് വെറും 40 വര്‍ഷത്തിനുള്ളില്‍ ശലോമോന്‍ ‘ബൈത്തുല്‍ മുഖദ്ദസ്’ പണിയണം എന്നുണ്ടെങ്കില്‍ അവര്‍ സമകാലീനരോ തൊട്ടടുത്ത തലമുറയില്‍ ഉള്ളവരോ ആയിരിക്കണം.
എന്നാല്‍ ബൈബിളിലെ അബ്രഹാമും ശലോമോനും ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ ആയിരം വര്‍ഷത്തെ വ്യത്യാസം അഥവാ പതിനഞ്ചോ പതിനാറോ തലമുറകളുടെ ഇടവേളകള്‍ ഉണ്ടായിരുന്നു.
പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ട ഒരു ഡസന്‍ വ്യത്യാസങ്ങളാണ് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളിലെ അബ്രഹാം ജീവിച്ചിരുന്ന ദേശം ഏതാണ് എന്നും ഏതൊക്കെ ദേശങ്ങളിലേക്ക് അദ്ദേഹം സഞ്ചാരം നടത്തി എന്നും ബൈബിള്‍ പറയുമ്പോള്‍ ഖുര്‍ആനിലെ ഇബ്രാഹീം ഏതു ദേശക്കാരന്‍ ആണെന്നോ എവിടെയൊക്കെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നോ പറയുന്നില്ല. അബ്രഹാമിന്‍റെ വംശപാരമ്പര്യത്തെക്കുറിച്ച് ബൈബിള്‍ വിശദമായി പറയുമ്പോള്‍ ഖുര്‍ആന്‍ ആകെ പറയുന്നത് ഇബ്രാഹീമിന്‍റെ പിതാവിന്‍റെ പേര് മാത്രമാണ്. അതാകട്ടെ, ബൈബിളിലെ അബ്രഹാമിന്‍റെ പിതാവിന്‍റെ പേരുമല്ല. അബ്രഹാം ജീവിച്ചിരുന്നത് ഏതൊക്കെ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് എന്ന് ബൈബിള്‍ വ്യക്തമായി പറയുമ്പോള്‍ ഇബ്രാഹീം ജീവിച്ചിരുന്ന കാലഘട്ടം ഏതാണെന്ന് ഖുര്‍ആന്‍ പറയുന്നില്ല. ഇനിയും ഇതുപോലെയുള്ള ധാരാളം വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. എങ്കിലും ഖുര്‍ആനിലെ ഇബ്രാഹീമും ബൈബിളിലെ അബ്രഹാമും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്ന് ചിന്താശേഷിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ ഇത്രയും തെളിവുകള്‍ തന്നെ അധികമാണ് എന്നതിനാല്‍ കൂടുതല്‍ താരതമ്യ പഠനത്തിലേക്ക് പോകുന്നില്ല. ഇനിയും, “നിങ്ങളുടെ അബ്രഹാം തന്നെയാണ് ഞങ്ങളുടെ ഇബ്രാഹീം നബി” എന്ന് പറഞ്ഞു കൊണ്ട് ഒറ്റ ദാവാക്കാരനും ഞങ്ങളുടെ അടുത്തേക്ക് വരാന്‍ നില്‍ക്കരുത് എന്നുള്ള കാര്യം ഓര്‍മ്മപ്പെടുത്തുന്നു.
2 Comments on “അബ്രഹാമും ഇബ്രാഹീം നബിയും-ഒരു ലഘുതാരതമ്യ പഠനം.”
Suepr
Super