അല്ലാഹുവും യഹോവയും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-2)
വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് മുസ്ലീങ്ങള്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. മുസ്ലീങ്ങളുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പരിശുദ്ധനാണ്, അശുദ്ധി അവന് സഹിക്കാന്‍ കഴിയുന്നതല്ല. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:45) എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവര്‍ത്തിച്ചു വരുന്ന കല്പനകളില്‍ ഒന്നാണ്. തന്‍റെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായ ഒരു പ്രവൃത്തിയും അവന്‍ ചെയ്യുകയില്ല. താന്‍ തെരഞ്ഞെടുത്ത ജനമായ യിസ്രായേല്‍ അശുദ്ധമായിപ്പോയപ്പോള്‍ അവരെ ശിക്ഷിക്കുന്നതിനും കൈവിട്ടുകളയുന്നതിനും താന്‍ വസിക്കുന്ന ആലയം ഇസ്രായേല്‍ രാജാക്കന്മാരാല്‍ അശുദ്ധമായപ്പോള്‍ അതിനെ കൈവിട്ടു കളയുന്നതിനും അവന്‍ ഒരു മടിയും വിചാരിച്ചിട്ടില്ല. ബൈബിളില്‍ നിന്നും നോക്കാം:
ഇസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച് കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുമ്പോള്‍ യഹോവയായ ദൈവം കനാന്യരുടെ മ്ലേച്ഛ കൃത്യങ്ങളെ യിസ്രായേല്‍ മക്കള്‍ക്ക് പട്ടികയിട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് ഇപ്രകാരമാണ്:
“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യാ.18:24-30)
എന്നാല്‍ യിസ്രായേല്‍ യഹോവയുടെ വാക്ക് കേട്ടനുസരിച്ചില്ല. അവരുടെ പുരോഹിതന്മാരും രാജാക്കന്മാരും മൂപ്പന്മാരും പ്രമാണിമാരും ഒക്കെ താന്താങ്ങള്‍ക്ക് ബോധിച്ച വഴിയില്‍ നടന്ന് ദൈവത്തിന്‍റെ നാമത്തിനെയും ദൈവത്തിന്‍റെ ആലയത്തിനെയും അശുദ്ധമാക്കുകയുണ്ടായി. യെരുശലേമില്‍ ശലോമോന്‍ ദൈവാലയം പണിയുന്നതിനു മുന്‍പ് ഇസ്രായേല്‍ ജനത്തിനുണ്ടായിരുന്നത് സമാഗമനകൂടാരമായിരുന്നു. അത് യഹോവയുടെ കല്പനപ്രകാരം (പുറ.25:8) മരുഭൂമിയില്‍ വെച്ച് ബെസലേലിന്‍റെയും ഒഹൊലിയാബിന്‍റെയും നേതൃത്വത്തില്‍ (പുറ.31:1-6) മോശയുടെ മേല്‍നോട്ടത്തില്‍ പണിതതുമായിരുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ പാളയമടിച്ചിരുന്നത് ഈ സമാഗമനകൂടാരത്തിനു ചുറ്റുമായിട്ടായിരുന്നു (സംഖ്യാ.2). യിസ്രായേല്‍ കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ സമാഗമനകൂടാരം ഉറപ്പിച്ചത് ശീലോവ് എന്ന സ്ഥലത്തായിരുന്നു:
“അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു” (യോശുവ. 18:1)
മഹാപുരോഹിതനായ ഏലെയാസാരും നേതാവായ യോശുവയും ഗോത്രപിതാക്കന്മാരില്‍ പ്രമാണികളും കൂടി ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് കനാന്‍ ദേശം ചീട്ടിട്ട് വിഭാഗിച്ചു കൊടുത്തത് ശീലോവിലെ ഈ ആലയത്തിന് മുന്നില്‍ വെച്ചായിരുന്നു.
“ഇവ പുരോഹിതനായ ഏലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു” (യോശുവ. 19:50).
ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ ഇസ്രായേല്‍ യോദ്ധാക്കള്‍ എല്ലാം ഒരുമിച്ചു കൂടിയിരുന്നതും ശീലോവിലെ ഈ ആലയത്തിന് മുന്നിലായിരുന്നു:
“യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി” (യോശുവ. 22:12)
ഇങ്ങനെ ഇസ്രായേല്‍ മക്കളുടെ ജീവിതത്തില്‍ അവിഭാജ്യഘടകമായിരുന്ന ശീലോവിലെ ഈ ആലയം പിന്നീട് യഹോവ തന്നെ നശിപ്പിക്കുകയായിരുന്നു. നശിപ്പിച്ചതിന് കാരണമോ, തന്‍റെ ജനമായ ഇസ്രായേല്‍ ഈ ആലയത്തിലും യിസ്രായേല്‍ രാജ്യത്തിലും നടത്തിയിരുന്ന മ്ലേച്ഛ കൃത്യങ്ങളും. ന്യായാധിപന്മാരുടെ പുസ്തകത്തിലും ശമുവേലിന്‍റെ ഒന്നാം പുസ്തകത്തിലും ആ മ്ലേച്ഛ കൃത്യങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക് കാണാവുന്നതാണ്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടത് എപ്രകാരമാണ് എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് സങ്കീര്‍ത്തനക്കാരനായ ആസാഫിലൂടെയും പ്രവാചകനായ യിരെമ്യാവിലൂടെയും നമുക്കതിനെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്:
“എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു. അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്വത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു” (സങ്കീ.78:56-62).
“എന്നാല്‍ ആദിയില്‍ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍! ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.7:12-15)
യഹോവയായ ദൈവം യിരെമ്യാ പ്രവാചകനിലൂടെ ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടതിനു ശേഷം, ദാവീദിന്‍റെ മകനായ ശലോമോന്‍റെ നേതൃത്വത്തില്‍ യെരുശലേം നഗരത്തില്‍ യഹോവയ്ക്കു ഒരാലയം പണിയുകയുണ്ടായി. മഹത്വം കൊണ്ട് സര്‍വ്വ ദേശത്തിലുമുള്ള എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു അത്. സ്വര്‍ണ്ണവും വെള്ളിയും മുത്തും രത്നവും പവിഴങ്ങളും കല്ലുകളും ദേവദാരു മരങ്ങളും കൊണ്ട് പണിതതായിരുന്നു ആ ദൈവാലയം. യിസ്രായേല്‍ രാജ്യത്തിന്‍റെ മഹത്വവും യിസ്രായേല്‍ ജനങ്ങളുടെ കണ്ണിന്‍റെ ആനന്ദവുമായിരുന്നു യെരുശലേമിലെ ആ കൂറ്റന്‍ ദൈവാലയം. എന്നാല്‍ പിന്നീട് തലമുറകള്‍ പലതു കഴിഞ്ഞപ്പോള്‍ യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്നകലുകയും ഈ ദൈവാലയത്തെ അവര്‍ തങ്ങളുടെ മ്ലേച്ഛകൃത്യങ്ങളാല്‍ അശുദ്ധമാക്കുകയും ചെയ്യുകയുണ്ടായി. ഈ സമയത്താണ് യഹോവയായ ദൈവം യിരെമ്യാ പ്രവാചകന്‍ മുഖാന്തിരം ഇപ്രകാരം ജനത്തോട് സംസാരിക്കുന്നത്:
“എന്നാല്‍ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കയില്ലെങ്കില്‍, ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും. യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു. എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി. ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്‍റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിന്‍റെ പ്രവേശനത്തിങ്കല്‍ ഇരുന്നു. പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യന്‍ മരണയോഗ്യന്‍; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു” (യിരെമ്യാ.26:4-11)
യെരുശലേം നഗരത്തിനും ദൈവാലയത്തിനും നേരെയുള്ള ദൈവത്തിന്‍റെ വചനം അറിയിച്ചതിന്‍റെ പേരില്‍ യിരെമ്യാ പ്രവാചകന്‍ മാത്രമല്ല, വേറെ പല പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്:
“അങ്ങനെ തന്നേ കിര്‍യ്യത്ത്-യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്‍റെ സകലവാക്കുകളെയും പോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു. യെഹോയാക്കീംരാജാവു അവന്‍റെ സകല യുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി. യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്‍റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു. അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്‍റെ ശവത്തെ സാമാന്യജനത്തിന്‍റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.” (യിരെമ്യാ.26:20-23)
ഇങ്ങനെ യെഹൂദാ രാജാക്കന്മാരും പുരോഹിതന്മാരും മൂപ്പന്മാരും പ്രമാണികളും സാമാന്യജനവും യഹോവയായ ദൈവത്തെ കോപിപ്പിക്കുന്ന വിധത്തില്‍ സകല മ്ലേച്ഛതകളും ചെയ്യുന്ന സമയത്താണ് സിദെക്കീയാവു രാജാവാകുന്നത്. അവന്‍ എങ്ങനെയുള്ളവന്‍ ആയിരുന്നെന്നും അവന്‍റെ ഭരണകാലത്ത് എന്ത് സംഭവിച്ചു എന്നും നമുക്ക് നോക്കാം:
“അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു. ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി. അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.” (2.ദിന.36:12-19).
ഇതാണ് യഹോവയായ ദൈവം! അശുദ്ധിക്ക് നേരെ അവന്‍ കണ്ണടയ്ക്കുകയില്ല, അത് ചെയ്തവനെ ശിക്ഷിക്കാതെ വിടുകയുമില്ല. തന്‍റെ ആലയം പോലും അശുദ്ധമായിത്തീര്‍ന്നാല്‍ അതിനെ കൈവിടാന്‍ ഒരു മടിയും യഹോവയായ ദൈവത്തിനില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? അതും നമുക്കൊന്ന് പരിശോധിച്ച് നോക്കാം:
മുഹമ്മദ് മക്ക പിടിച്ചെടുക്കുന്നത് വരെ അല്ലാഹുവിന്‍റെ കറുത്ത കല്ലായ ഹജ്‌റുല്‍ അസ്വ്വദ് അടക്കം കഅബയില്‍ 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് യമനിലെ രാജാവായിരുന്ന അബ്രഹത്തിന്‍റെ നേതൃത്വത്തില്‍ ആനകള്‍ അടക്കമുള്ള ഒരു വമ്പിച്ച സൈന്യം കഅബയെ ആക്രമിക്കാന്‍ പുറപ്പെട്ടു വരുന്നത്. അതിനു കാരണം അബ്രഹത്ത് യമന്‍റെ തലസ്ഥാനമായിരുന്ന സനായില്‍ പണിത അല്‍ ഖലീസ് എന്ന ഗംഭീരന്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കകത്ത് കടന്ന് ചില ഖുറൈശികള്‍ മല വിസര്‍ജ്ജനം നടത്തിയതാണ്. ‘അറബികളുടെ തീര്‍ത്ഥാടനം കഅബയില്‍ നിന്ന് അല്‍ ഖലീസ് എന്ന ക്രിസ്ത്യന്‍ പള്ളിയിലേക്ക് താന്‍ മാറ്റും’ എന്ന് അബ്രഹത്ത് വിളംബരപ്പെടുത്തിയിരുന്നതിനാലാണ് അറബികള്‍ അതില്‍ കയറി മലവിസര്‍ജ്ജനം നടത്തിയത്. ഇതറിഞ്ഞപ്പോള്‍ അബ്രഹത്ത് കോപാകുലനാകുകയും കഅബ തകര്‍ത്തുകളയാതെ ഇനി വിശ്രമിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ശേഷം എ.ഡി.570-ലോ 71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്ന് ആനകളും അടങ്ങുന്ന ഒരു വമ്പന്‍ സൈന്യവുമായി അബ്രഹത്ത് മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യെയുള്ള അറബികളുടെ എല്ലാ എതിര്‍പ്പുകളും പരാജയപ്പെടുത്തിക്കൊണ്ട് ആ സൈന്യം മക്കയില്‍ പ്രവേശിക്കുന്നതിനായി എത്തി. അവരുടെ വരവറിഞ്ഞപ്പോള്‍ കഅബയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന മുഹമ്മദിന്‍റെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് പ്രാര്‍ത്ഥിച്ചത് ഇബ്നു ഹിശാമിന്‍റെ സൂറയില്‍ ഇപ്രകാരമാണ് ഉദ്ധരിച്ചിരിക്കുന്നത്:
“ദൈവമേ, ദാസന്‍ സ്വന്തം വീട് കാക്കുന്നു. നീ നിന്‍റെ വീടും കാത്തു കൊള്ളേണമേ. നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്‍റെ തന്ത്രത്തെ അതിജയിക്കാതിരിക്കണമേ. അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ഇച്ഛിക്കുന്നത് പോലെ കല്പിച്ചു കൊള്ളുക.”
അബ്ദുല്‍ മുത്തലബിന്‍റെ പ്രാര്‍ത്ഥനയെ ഇബ്നു ജരീര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:
“നാഥാ, അവരെ നേരിടുന്നതിന് ഞാന്‍ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയര്‍പ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരില്‍ നിന്ന് നിന്‍റെ ഹറമിനെ രക്ഷിക്കേണമേ. ഈ മന്ദിരത്തിന്‍റെ ശത്രു നിന്‍റെ ശത്രുവാകുന്നു. നിന്‍റെ പട്ടണം തകര്‍ക്കുന്നവരില്‍ നിന്ന് അവരെ ചെറുക്കേണമേ.”
ഏതായാലും ഈ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞപ്പോള്‍, മക്കയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന അബ്രഹത്തിന്‍റെ മഹ്മൂദ് എന്ന് പേരായ പടയാന പെട്ടെന്ന് ഇരുന്നു കളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചു നോക്കിയെങ്കിലും ആനയ്ക്ക് മുറിവേറ്റതല്ലാതെ അത് അനങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടോ വടക്കോട്ടോ തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാല്‍ മക്കയുടെ ദിശയിലേക്ക് തെളിച്ചാല്‍ ഇരുന്നു കളയും. എന്തു ചെയ്താലും നടക്കാന്‍ കൂട്ടാക്കില്ല. ഈ ഘട്ടത്തില്‍ പറവകള്‍ കൂട്ടം കൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരല്‍ക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകള്‍ ഈ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ആ കല്ല് കൊണ്ടവരുടെയെല്ലാം ശരീരം അളിയാന്‍ തുടങ്ങി. മുഹമ്മദ് ഇബ്നു ഇസ്ഹാഖും ഇക്രിമയും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടില്‍ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വര്‍ഷമായിരുന്നു. ഇബ്നു അബ്ബാസ് പറയുന്നു: ആ കല്ല് കൊള്ളുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞു ചൊറിഞ്ഞു ശരീരം പൊട്ടിപ്പൊളിഞ്ഞു ഉതിര്‍ന്നു പോയിത്തുടങ്ങുകയും ചെയ്തു. ഇബ്നു അബ്ബാസിന്‍റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്രഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷ്ണം കഷ്ണമായി വീഴുകയായിരുന്നു. അതിന്‍റെ കഷ്ണങ്ങള്‍ വീണിടത്ത് ദുര്‍നീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവര്‍ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാന്‍ തുടങ്ങി. വഴികാട്ടിയായി ഖശ്‌അമില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന നുഫൈലുബ്നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചു പോകാനുള്ള വഴി കാണിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അദ്ദേഹം അതിന് വിസമ്മതിച്ചു കൊണ്ട് ഇപ്രകാരം പാടുകയാണുണ്ടായത്:
“ദൈവം പിന്തുടര്‍ന്ന് കൊണ്ടിരിക്കെ ഇനി നിങ്ങള്‍ എങ്ങോട്ടോടാനാണ്. മുറിമൂക്കന്‍ (അബ്രഹത്ത്) ഇപ്പോള്‍ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല”
ഈ നെട്ടോട്ടത്തില്‍ അവര്‍ അവിടവിടെ വീണു മരിച്ചു കൊണ്ടിരുന്നു. അത്വാഉബ്നുയസാര്‍ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലര്‍ അവിടെത്തന്നെ മരിച്ചു. ചിലര്‍ ഓടിപ്പോകുമ്പോള്‍ വഴിയിലങ്ങ് മരിച്ചുവീണു. ഖശ്‌അം പ്രദേശത്തെത്തിയപ്പോള്‍ അബ്രഹത്തും മരിച്ചു. “അല്‍ഫീല്‍” (ആനപ്പട) എന്ന സൂറാ.105 ഈ കാര്യത്തെ സംബന്ധിച്ചുള്ളതാണ്. അബുല്‍ അ്അലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ അദ്ധ്യായത്തിന്‍റെ പശ്ചാത്തല വിവരണത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ ഉള്ളത്. അള്ളാഹു അവന്‍റെ മന്ദിരത്തെ സംരക്ഷിച്ചു എന്നാണ് ഒറ്റ ശ്വാസത്തില്‍ എല്ലാ മുസ്ലീങ്ങളും ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
ഇതെപ്പോഴാണ് അല്ലാഹു ഈ മന്ദിരത്തെ സംരക്ഷിച്ചത്? അതില്‍ 360 വിഗ്രഹങ്ങള്‍ ഉള്ളപ്പോള്‍, അതിലെ ചില ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക് മനുഷ്യരെ തന്നെ ബലിയായി കൊടുത്തു കൊണ്ടിരുന്ന സമയത്ത്, എല്ലവിധമായ മ്ലേച്ഛതകളും കഅബയ്ക്കുള്ളില്‍ അരങ്ങു വാണുകോണ്ടിരുന്നപ്പോള്‍, അപ്പോഴാണ് അല്ലാഹു അതിനൊരു കേടും പറ്റാതെ അക്രമികളില്‍ നിന്നും രക്ഷിച്ചത്!! എന്നാല്‍ കാലം കുറെ കഴിഞ്ഞു. സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ് ചതിയിലൂടെ മക്ക പിടിച്ചെടുത്തു. ശേഷം എന്തുണ്ടായെന്ന് ബുഖാരിയില്‍ നിന്നും മുസ്ലീമില്‍ നിന്നും ഉദ്ധരിക്കാം:
ഇബ്നു മസ്ഊദ് പറയുന്നു: മക്കാ വിജയ ദിവസം തിരുമേനി (സ) അവിടെ പ്രവേശിക്കുമ്പോള്‍ കഅബക്ക് ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് അവയെ കുത്തിക്കൊണ്ടു തിരുമേനി ഇങ്ങനെ അരുളിക്കൊണ്ടിരുന്നു: “സത്യം സമാഗതമായിക്കഴിഞ്ഞു; അസത്യത്തിന്‍റെ തല ചതഞ്ഞു പോയി. സത്യം സമാഗതമായിക്കഴിഞ്ഞു; ഇനി അസത്യം ഉടലെടുക്കുകയോ അതാവര്‍ത്തിക്കുകയോ ഇല്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1620, പേജ് 790)
അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുനഃസ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 87.)
മക്കയിലെ കഅബയില്‍ ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളില്‍ ഹജ്‌റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലോഴികെയുള്ള ഒരു വിഗ്രഹം ഒഴിച്ച് ബാക്കിയുള്ള 359 വിഗ്രഹങ്ങളും മുഹമ്മദ് തകര്‍ത്ത് കളഞ്ഞു. അങ്ങനെ കഅബയെ ഒന്ന് ശുദ്ധീകരിച്ചു. കഅബയില്‍ നിന്നു വിഗ്രഹങ്ങള്‍ എല്ലാം നീക്കിക്കഴിഞ്ഞതിനു ശേഷം, വെറും അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഅബ രണ്ട് വട്ടം ആക്രമിക്കപ്പെട്ടുണ്ട്, അതും മുസ്ലീങ്ങളുടെ കയ്യാല്‍ത്തന്നെ. അതിന്‍റെ ഒരു ചെറിയ വിവരണം താഴെ കൊടുക്കാം:
“ഹുസൈന്‍റെ വധം അറിഞ്ഞപ്പോള്‍ ഹിജാസ് മൊത്തം ഇളകി. ഒന്നാം ഖലീഫ അബൂബക്കറിന്‍റെ പേരക്കുട്ടിയായ അബ്ദുല്ലാഹിബ്നു സുബൈര്‍ ഈ അനുകൂലാവസരം മുതലെടുത്ത് സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. സ്വതവേ തന്നെ യാസിദിനോട് വെറുപ്പുണ്ടായിരുന്ന മക്കയിലെയും മദീനയിലെയും ജനങ്ങള്‍ മക്കയിലും മദീനയിലും ഉണ്ടായിരുന്ന യാസിദിന്‍റെ ബന്ധുക്കളായ ഉമയ്യാദ് വംശക്കാരെ തടഞ്ഞു വെച്ചു. പ്രക്ഷോഭം ഈ ഒരു സന്ദര്‍ഭത്തിൽ എത്തിയപ്പോൾ ഹിജസിലെ ജനങ്ങളുടെ മേലുള്ള തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നു യാസിദിനു മനസിലായി. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ദമാസ്കസിൽ നിന്ന് ഒരു സൈന്യത്തെ യാസിദ് നിയോഗിച്ചു. ആ സൈന്യത്തിന്‍റെ നായകനായി പ്രായം ചെന്ന നിഷ്‌ഠൂരനായ മുസ്ലിം ഇബ്ന്‍ ഉഖ്ബാ അൽ മുറി എന്ന മനുഷ്യനെ നിയോഗിച്ചു. പ്രായാധിക്യം ഉണ്ടെങ്കിലും മുസ്ലിം ആ പ്രക്ഷോഭം അടിച്ചമർത്താൻ ഉള്ള ചുമതല ഏറ്റെടുത്തു. യാസിന്‍റെ കൽപനയുമായി ഇരുപതിനായിരം പടയാളികൾ ദമാസ്കസിൽ നിന്ന് പുറപ്പെട്ടു. കൽപന ഇതായിരുന്നു. “പ്രക്ഷോഭത്തെ നിരാകരിക്കുകയും അവരുടെ അനുസരണം (യസീദിനോട്) പുതുക്കുകയും ചെയ്യുക. അതിനു അവർക്ക് 3 ദിവസം അനുവദിക്കുക. അവർ അവരുടെ എതിർപ്പിൽ തന്നെ തുടരുകയാണെങ്കിൽ സൈനികർക്ക് 3 ദിവസം സ്വേച്ഛയാ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം അനുവദിക്കുക. അവർ കൈ വയ്ക്കുന്ന പണമോ, ആയുധമോ, ഭക്ഷണമോ അവരുടേത് ആയിരിക്കും. 3 ദിവസം കഴിഞ്ഞാൽ ജനങ്ങളെ വിട്ടേക്കുക. അൽ-ഹുസൈന്‍റെ മകൻ അലിയെ ഒഴിവാക്കുക. അദ്ദേഹത്തോട് നല്ലത് പ്രവർത്തിക്കാനും ബഹുമാനം കാണിക്കാനും എല്ലാവരേയും ഉപദേശിക്കുക, കാരണം അദ്ദേഹം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലല്ലോ.” (at-Tabarit on the first pages of Vol. 4 of his Tarikh (Beirut, Lebanon:Al-Amira Publishers, 1426 A.H./2005 A.D.)
യാസിദ് നിയമിച്ച സൈന്യാധിപന്‍ മുസ്ലിം ഇബിൻ ഉഖ്ബ അൽ-മുറി അയാളുടെ മ്ലച്ഛേമായ പ്രവർത്തികളാല്‍ “അൽ-മുശ്രിഫ് ” (ദുഷ്‌ടത ചെയ്യുന്നതിൽ അങ്ങേയറ്റം പോകുന്നവൻ) എന്ന് വിളിക്കപ്പെട്ട ഒരുവനാണ്. അയാൾ ഹര്‍റത് വാകിമിൽ എത്തി. മദീനയിലെ ജനങ്ങള്‍ അയാളെ എതിരിടാൻ പുറപ്പെട്ടു. അയാൾ അവരെ അടിച്ചമർത്തി, 3500 മവാലി പുരുഷന്മാരെയും, 1400 അന്‍സരികളെയും വധിച്ചു. പക്ഷെ ചിലർ പറയുന്നത് 1700 ഉം, 1300 ഖുറൈശികളെയും എന്നാണ്. അയാളുടെ സൈന്യം മദീനയിൽ പ്രവേശിച്ചു. അവർ സമ്പത്ത് എല്ലാം കണ്ടുകെട്ടി, കുറച്ചു പേരെ പിടികൂടി, സ്ത്രീകളെ ബാലൽകാരം ചെയ്തു. 800 സ്ത്രീകൾ ഗർഭിണികൾ ആകുകയും പ്രസവിക്കുകയും ചെയ്തു. ആ കുട്ടികൾ ‘ഹര്‍റയുടെ സന്തതികൾ’ എന്ന് അറിയപ്പെട്ടു. അതിനു ശേഷം അയാൾ പ്രമുഖരായ ആൾക്കാരെ വരുത്തി യസീദ് ഇബ്ന്‍ മുആവിയയോടുള്ള അനുസരണ ശപഥം ചെയ്യിപ്പിക്കുകയും, അവരെല്ലാവരും യസീദ് ഇബ്ന്‍ മുഅവിയയുടെ അടിമകൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എതിർത്തവരെ കൊലപ്പെടുത്തി.
മദീനയിലെ ജനങ്ങളെ അമർച്ച ചെയ്ത ശേഷം മുസ്ലിം എന്ന പ്രായം ചെന്ന യാസിദിന്‍റെ പട്ടാള മേധാവി മെക്കയിലേക്ക് മാർച്ച് ചെയ്തു. പോകുന്ന വഴി അൽ-മുഷല്ലൽ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ വച്ച് മരണം തന്നെ സമീപിക്കുന്നതായി അയാൾക്ക് തോന്നി തുടങ്ങി. അതുകൊണ്ട് അയാൾ അൽ-ഹസീൻ ഇബിൻ നമീർ അസ്-സുകിനിയെ വിളിച്ചു വരുത്തി പറഞ്ഞു. “കഴുതയുടെ ജീനിയുടെ മകനെ, അള്ളാഹു ആണേ, മരണം എന്നെ സമീപിക്കുന്നു എന്ന് എനിക്ക് തോന്നിയില്ലായിരുന്നു എങ്കിൽ, ഒരിക്കലും സൈന്യത്തിന്‍റെ നിയന്ത്രണം നിനക്ക് ഞാൻ നൽകില്ലായിരുന്നു. പക്ഷെ വിശ്വസ്‌തന്‍റെ (യസീദ് എന്ന് വിവക്ഷ) പട്ടാള മേധാവി നിന്നെ അധികാരത്തിൽ രണ്ടാമൻ ആക്കുന്നു. ആരും അവന്‍റെ ഉത്തരവിനെ അസാധുവാക്കാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തീരുമാനം കേൾക്കുക, ഖുറൈശികളിൽ നിന്ന് ഒരാളുടെയും ഉത്തരവ് കേൾക്കരുത്. സിറിയക്കാർ അവരുടെ ശത്രുക്കളുടെ തലയറുക്കുന്നത് നിർത്തിക്കരുത്. ഇബിൻ അസ്-സുബൈർ എന്ന തെമ്മാടിയുടെ അവസാനം കാണുന്നത് വരെ മൂന്നു ദിവസത്തിൽ കൂടുതൽ അത് നിർത്തി വക്കരുത്.”
ഇത് അൽ-തബരിയുടെ അറബിയില്‍ ഉള്ള ബൃഹത്തായ ചരിത്ര പുസ്തകത്തിന്‍റെ വോളിയം 4 പേജ് 381-ൽ ആണ് അതിൽ അദ്ദേഹം ഈ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിം അവിടെ മരിക്കുകയും അടക്കം ചെയ്യപ്പെടുകയും ചെയ്തു. സിറിയൻ സൈന്യം അൽ-മുഷാൽ വിട്ട ഉടനെ, ജനങ്ങൾ അയാളുടെ ശവകുടീരം കുഴിച്ചു ശവം പുറത്തെടുത്തു ഒരു പന മരത്തിൽ തൂക്കി. ഈ സംഭവം അറിഞ്ഞ സൈന്യം, ഒരു ചെറിയ സൈനീക വ്യൂഹത്തെ അത് അന്വേഷിക്കാനും കുറ്റവാളികളെ പിടിച്ചു കൊന്നു കളയാനും വേണ്ടി അയക്കുകയും ചെയ്തു. അവർ ആ ശവശരീരം വീണ്ടും സംസ്കരിക്കുകയും സൈനീകരെ എപ്പോഴും അത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അൽ-യഖുബിയുടെ ചരിത്രം, വോളിയം 2, പേജ് 251-ൽ ഇതിന്‍റെ വിവരണങ്ങളും കൂടുതൽ കാര്യങ്ങളും പറയുന്നു
തെറ്റാലി(കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം)കൾ മക്കയിലും ഇസ്ലാമിന്‍റെ വിശുദ്ധസ്ഥലമായ കഅബയുടെ പരിസരങ്ങളിലും എല്ലാം സ്ഥാപിച്ചു. തീഗോളങ്ങൾ ചുഴറ്റി എറിയപ്പെട്ടു. കഅബ തീയിൽ അമർന്നു. അതിന്‍റെ മതിലുകൾ തകര്‍ന്നു വീണ് കത്തി അമർന്നു, മുകള്‍ത്തട്ട് നിലംപതിച്ചു. അൽ-മസൂദിയുടെ ബൃഹത്തായ ‘മുറാജ് അൽ തഹബ്’ എന്ന പുസ്തകത്തിന്‍റെ വാല്യം 3, പുറം 71-72 പ്രകാരം, എ.ഡി 680 ഡിസംബർ 28-ആം തിയതി ഒരു ശനിയാഴ്ച യാസിദ് മരിക്കുന്നതിനു 11 ദിവസം മുമ്പ് സിറിയൻ ആർമിയുടെ മേൽ ഇടിവെട്ടേറ്റു. 11 പേർക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. കഅബക്ക് സംഭവിച്ചത് വകവയ്‌ക്കാതെ, മുസ്ലിം പറഞ്ഞ 3 ദിവസം എന്ന അന്ത്യശാസനത്തിൽ കൂടുതൽ യുദ്ധം നീണ്ടു നിന്നു. യുദ്ധം മുഹറം മാസത്തിന്‍റെ അവസാന ദിവസങ്ങളിൽ തുടങ്ങി സഫാർ മാസം മുഴുവനായും നീണ്ടു നിന്നു. യാസിദ് മരിച്ച വിരവം മെക്കയിൽ എത്തി. ഇബ്ന്‍ അസ്-സുബൈർ സിറിയക്കാരെ അഭിസംബോധന ചെയ്തു “നിങ്ങളുടെ സ്വേച്ഛാധിപതി ഇപ്പോള്‍ മരിച്ചു, നിങ്ങളിൽ താല്‍പര്യം ഉള്ളവർക്ക് ഈ ജനങ്ങളോട് ചേരാം, അല്ലാത്തവർക്ക് സിറിയയിലേക്ക് തിരിച്ചു പോകാം”. പക്ഷെ സിറിയക്കാർ അയാളെ ആക്രമിച്ചു. സിറിയൻ സൈനീകരുടെ ക്രൂരത കണ്ട മെക്കക്കാർ എല്ലാവരും ചേർന്ന് ഇബിൻ അസ്-സുബൈറിനെ പരിരക്ഷിക്കുകയും സൈന്യത്തെ പിന്‍വാങ്ങാനും താവളത്തിലേക്ക് പരിമിതപ്പെടുത്താനും ബലം പ്രയോഗിച്ചു. സാവധാനം സിറിയൻ സൈന്യം താവളം ഉപേക്ഷിക്കുകയും മക്കയിൽ ഉള്ള ഉമ്മയ്യാദും ആയി കൂടുകയും, അവർ സിറിയൻ സൈനികരെ ചെറിയ കൂട്ടങ്ങൾ ആയി സിറിയയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അൽ തബരി ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര പുസ്തകം, വോളിയം 7, പുറം 16,17-കളിൽ വിശദീകരിച്ചിട്ടുണ്ട്.
അബ്ദുള്ള ഇബിൻ അസ്-സുബൈർ സ്വയം ഖലീഫയായി പ്രഖ്യാപിച്ച് ഒരു പുതിയ ഗവർണറെ മെക്കയിലേക്ക് നിയോഗിച്ചു. ഹിജാസിലെ ജനങ്ങൾ അങ്ങനെ എ.ഡി.692 വരെ സ്വയം ഭരണം ആസ്വദിച്ചു. അൽ-ഹജ്ജാജ് ഇബിൻ യൂസഫ് അത്-തഖാഫി, ഉമ്മയ്യാദ് ഖലിഫ ആയ അബ്ദുൾ മാലിക് ഇബ്ന്‍ മർവാന്‍റെ ഭരണത്തിൻ കീഴിലേക്ക് ഹിജാസിലെ ജനങ്ങളെ മടക്കി കൊണ്ട് വന്നു. അത് എ.ഡി.692 ഇൽ ഒരു തുൽ-ഖിദ് മാസം ആയിരുന്നു, അന്ന് മെക്ക വീണ്ടും അക്രമിക്കപ്പെട്ടു. അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ തല ഹജ്ജാജ് ബ്നു യൂസുഫ് വെട്ടിയെടുത്ത് ഡമാസ്കസിലേക്ക്, പുതിയ ഖലീഫ അബ്ദുല്‍ മാലിക്കിന്‍റെ അടുക്കലേക്ക് തന്നെ- അയച്ചു കൊടുക്കുകയും ഇബ്നു സുബൈറിന്‍റെ കബന്ധം കുരിശില്‍ തറയ്ക്കുകയും ചെയ്തു. ദിവസങ്ങളോളം ആ കബന്ധം മക്കയിലെ തെരുവീഥിയില്‍ തൂങ്ങിക്കിടന്നു. അവസാനം ഡമാസ്കസില്‍ നിന്ന് ഖലീഫയുടെ ഉത്തരവ് വന്നപ്പോഴാണ് അത് താഴെയിറക്കി സംസ്കരിച്ചത്. മക്കയുടെ ഗവർണർ സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും ഉമ്മയ്യാദിനോട് കൂറ് പുലർത്തുന്ന ഒരു പുതിയ ഗവർണർ അവരോധിക്കപ്പെടുകയും ചെയ്തു. തുലാബാൻ എന്ന് പേരായ സിറിയക്കാരൻ ആയിരുന്നു അയാൾ. ഇസ്ലാമിക സിദ്ധാന്തങ്ങളോടും ഹിജാസിലെ ജനങ്ങളോടും അങ്ങേയറ്റം അനാദരവും അവഹേളനവും പ്രകടിപ്പിച്ചു കൊണ്ടിരിക്കെത്തന്നെ ‘താന്‍ ഒരു മുസ്ലീം ആണെ’ന്ന് തുലാബാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു!!
ഇതിനെക്കുറിച്ച് വേറൊരു ചരിത്രകാരന്‍ എഴുതിയിരിക്കുന്നു:
“കര്‍ബലായിലെ സംഭവം മുസ്ലീം ലോകത്തെ ആകമാനം ഞെട്ടിച്ചു കളഞ്ഞു. മക്കയിലെയും മദീനയിലെയും ജനങ്ങള്‍ പ്രവാചകന്‍റെ പൌത്രനോട് യസീദ് കാട്ടിയ ഈ ക്രൂരകൃത്യത്തില്‍ രോഷാകുലരായിത്തീര്‍ന്നു. യസീദിനെതിരായി മക്കയിലെ ജനങ്ങളുടെ, കോപാഗ്നിയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചു സ്വയം ഖലീഫയായി പ്രഖ്യാപിക്കുവാന്‍ അബ്ദുല്ലാഹിബ്നു സുബൈറിന് ഈ സംഭവവികാസങ്ങള്‍ അവസരം നല്‍കി. മദീനയിലെ ജനങ്ങള്‍ യസീദിന്‍റെ ക്രൂരകൃത്യത്തില്‍ രോഷാകുലരായി. അലിയുടെ കുടുംബം അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകള്‍ക്കു പരിഹാരം കാണുവാനായി ഒരു ദൌത്യ സംഘത്തെ അവര്‍ ഖലീഫയുടെ അടുക്കലേക്ക് അയച്ചു. യസീദാകട്ടെ അവരെ പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പ്രവൃത്തിയില്‍ കുപിതരായ മദീനാവാസികള്‍ യസീദിനെ ഖലീഫയായി ഇനിയും അംഗീകരിക്കുവാന്‍ തയ്യാറില്ല എന്ന് പ്രഖ്യാപിച്ചു. മദീനയിലെ ഗവര്‍ണ്ണറെ അവര്‍ ആട്ടിയോടിച്ചു. അവരെ അടിച്ചമര്‍ത്തുവാന്‍ മുസ്ലീം ഇബ്നു ഉഖ്ബയുടെ നേതൃത്വത്തില്‍ ഒരു സിറിയന്‍ സൈന്യം നിയോഗിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ ഘോരമായ സംഘട്ടനത്തില്‍ അനേകമാളുകള്‍ കൊല്ലപ്പെടുകയും മദീനാ നഗരം നാശമടയുകയും ചെയ്തു. ഒറ്റക്കണ്ണനായ ഉഖ്ബ മദീനയിലേക്ക് സൈന്യത്തെ നയിച്ചു. അവര്‍ മക്കാ നഗരത്തെയും നശിപ്പിക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. യുഗങ്ങളോളം അറബികള്‍ പരിപാവനമായി കരുതിപ്പോന്നിരുന്ന കഅ്ബ കത്തിയെരിഞ്ഞു. അവിടെ സൂക്ഷിച്ചിരുന്ന കറുത്ത ശില പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. യസീദിന്‍റെ അപ്രതീക്ഷിതമായ മരണവാര്‍ത്തയാണ് സിറിയന്‍ സൈന്യത്തെ അതിന്‍റെ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത്. (ഡോ.ടി. ജമാല്‍ മുഹമ്മദ്, ‘അറബികളുടെ ചരിത്രം’, പുറം.157)
സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍ സി.എന്‍.അഹമ്മദ് മൌലവി ഇപ്രകാരം എഴുതുന്നു:
“തെറ്റുവില്ലുകൊണ്ടുള്ള എറ് നിമിത്തം കഅബക്ക് സാരമായ കേട് തട്ടിയിരുന്നു. തന്നിമിത്തം അത് പൊളിച്ചു പണിയേണ്ടി വന്നു. അങ്ങിനെ പണിതപ്പോള്‍ തിരുമേനി ആഗ്രഹിച്ചിരുന്ന ആ ഭേദഗതിയോടു കൂടിയാണ് പുതിക്കിപ്പണിതത്.
എന്നാല്‍ ആ ക്രൂരന്‍ ഹജ്ജാജ് എന്തു ചെയ്തുവെന്നറിയാമോ? രണ്ടു വാതിലും പൊളിച്ചു. ആദ്യത്തെ വാതില്‍ അജ്ഞാനകാലത്തെ ബഹുദൈവവിശ്വാസികള്‍ സ്ഥാപിച്ചിരുന്ന അതേ രൂപത്തില്‍ ഭൂമിയില്‍ നിന്ന് അഞ്ചാറടി ഉയര്‍ത്തി വെച്ചു. ഇന്നും അതങ്ങനെ തന്നെയാണുള്ളത്. അത് കാണുമ്പോള്‍ ഉത്ത്ബത്തിനെയും ശൈബത്തിനെയും ഹജ്ജാജിനെയും ഓര്‍മ്മ വരുന്നു. ബഹുദൈവവിശ്വാസികളുടെ കാലത്ത് മറുവശത്ത് വാതിലുണ്ടായിരുന്നില്ലല്ലോ. തന്നിമിത്തം ഹജ്ജാജ് ആ വാതില്‍ നീക്കി കെട്ടിയടപ്പിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ ആഗ്രഹം ധിക്കരിക്കുകയും ബഹുദൈവവിശ്വാസികളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു ഇന്ന് മക്കത്തു ചെല്ലുന്നവര്‍ക്ക് സൂക്ഷിച്ചു നോക്കിയാല്‍ മറുപുറത്തെ വാതില്‍ കെട്ടിയടച്ച അടയാളം വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. സ്വേച്ഛാധിപതികളുടെ ധിക്കാരം നോക്കുക! കഅബത്തിന്മേല്‍ പോലും അവര്‍ കൈവെക്കാതിരുന്നിട്ടില്ല. (സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുര, പുറം 80-81)
കഅബയില്‍ വിഗ്രഹങ്ങള്‍ നിറഞ്ഞിരുന്നപ്പോള്‍, അതില്‍ എല്ലാവിധ മ്ലേച്ഛ കൃത്യങ്ങളും നടമാടിയിരുന്നപ്പോള്‍ ആ ആലയത്തെ തൊടാന്‍ പോലും അല്ലാഹു ആരെയും അനുവദിച്ചില്ല. എന്നാല്‍ അതിലെ വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞതോടെ, അതിലെ മ്ലേച്ഛ കൃത്യങ്ങളെല്ലാം നിര്‍ത്തല്‍ ചെയ്തതോടെ അല്ലാഹു ആ മന്ദിരത്തെ കൈവിട്ടു, മുസ്ലീങ്ങള്‍ തന്നെ ആ മന്ദിരത്തെ രണ്ട് വട്ടം തകര്‍ത്ത് കളഞ്ഞു. അതിനെ സംരക്ഷിക്കാന്‍ അല്ലാഹു മിനക്കെട്ടതേയില്ല!!
യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു വിടുവിച്ചു കൊണ്ടുവരുമ്പോള്‍ മരുഭൂമിയില്‍ വെച്ച് ദൈവത്തിന്‍റെ കല്പനപ്രകാരം, ദൈവം കാണിച്ചു കൊടുത്ത മാതൃകപ്രകാരം തന്നെ ഇസ്രായേല്‍ മക്കള്‍ പണിതിരുന്ന സമാഗമനകൂടാരം എന്നും സാക്ഷ്യക്കൂടാരം എന്നും തിരുനിവാസം എന്നും ഒക്കെ വിളിച്ച് പോന്നിരുന്ന ആലയത്തില്‍ മ്ലേച്ഛമായ കാര്യങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ യഹോവയായ ദൈവം തന്നെ ആ കൂടാരത്തെ തകര്‍ത്ത് കളഞ്ഞു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ദാവീദിന്‍റെ മകനായ ശലോമോനിലൂടെ ദൈവം യെരുശലേമില്‍ തനിക്കൊരു വലിയ ദൈവാലയം തന്നെ പണിയുന്നുണ്ട്. അന്ന് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ ദൈവാലയം എന്ന ഖ്യാതി അതിനുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് യെഹൂദാ രാജാക്കന്മാര്‍ പലരും ജാതീയ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും യഹോവയുടെ ആലയത്തില്‍ വിഗ്രഹങ്ങള്‍ കൊണ്ട് വെക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പ്രവാചകന്മാരിലൂടെ അരുളി ചെയ്തിരുന്നത് പോലെ ദൈവം ആ ആലയത്തെ സമ്പൂര്‍ണ്ണമായി നശിപ്പിച്ചു കളഞ്ഞു. ബാബേല്‍ രാജാവായ നെബുഖദ്‌നെസ്സര്‍ വന്ന് ദൈവാലയത്തെ ചുട്ടുകളയുകയും അതിലുണ്ടായിരുന്ന അതിമനോഹര വസ്തുക്കളെല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു. ഇതാണ് സത്യദൈവമായ യഹോവയുടെ രീതി. തന്‍റെ കല്പന പ്രകാരം പണിത ആലയം ആണെങ്കിലും ശരി, അത് അശുദ്ധമായാല്‍ അതിനെ പിന്നെ സംരക്ഷിക്കാന്‍ നോക്കില്ല, കൈവിട്ടു കളയും. എന്നാല്‍ അല്ലാഹു അങ്ങനെയല്ല, നേരെ എതിര്‍ സ്വഭാവമാണ്. വിഗ്രഹങ്ങള്‍ നിറഞ്ഞ് എല്ലാ മ്ലേച്ഛതകളും കൊടി കുത്തി വാഴുമ്പോള്‍ മാത്രമേ അല്ലാഹു തന്‍റെ മന്ദിരത്തെ സംരക്ഷിക്കുകയുള്ളൂ. വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞ് അതിനെ ശുദ്ധീകരിച്ചെന്നു കണ്ടാല്‍, അല്ലാഹു അതിനെ കൈവിട്ടു കളയും. അതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും തമ്മിലുള്ള വ്യത്യാസം. ഇനിയും, ഈ യഹോവയും അല്ലാഹുവും ഒരാള്‍ തന്നെയാണ് എന്ന് വാദിക്കുവാന്‍ ലജ്ജയില്ലേ ദാവാക്കാരെ? നാണം എന്നത് അല്പമെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും ഇങ്ങനെ പറയാന്‍ നില്‍ക്കരുത്. എന്ന് മാത്രമല്ല, സകല അശുദ്ധിയും മ്ലേച്ഛതയും പൈശാചികതയും നിറഞ്ഞ തന്‍റെ ആലയത്തിനെ സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അല്ലാഹുവിനെ വിട്ടുകളഞ്ഞിട്ട് പരിശുദ്ധനും സത്യവാനും നിത്യനുമായ യഹോവയിങ്കലേക്കു തിരിയുവാന്‍ ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.