തന്‍ കാര്യം നോക്കാന്‍ കൊതിച്ച പ്രവാചകന്‍…
മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്ന താന്‍ അവസാനത്തെ പ്രവാചകനാണ് എന്ന് ഹദീസുകളില്‍ മുഹമ്മദ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. തനിക്ക് ശേഷം പ്രവാചകന്‍മാരില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്നവനാണ് താന്‍ എന്നുള്ള മുഹമ്മദിന്‍റെ അവകാശവാദത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കാന്‍ പോകുന്നത്. അതിനായി നമുക്കൊരു ആയത്ത് നോക്കാം:
“(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.” (സൂറാ.7:188)
ജനങ്ങളോട് പറയാന്‍ വേണ്ടി മലക്ക് മുഹമ്മദിനോട് ആവശ്യപ്പെടുന്ന ആയത്താണ് ഇത്. ഇതില്‍ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം:
1. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു
2. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.
അദൃശ്യകാര്യങ്ങള്‍ അറിയാനുള്ള കഴിവ്, അഥവാ അമാനുഷികമായ കഴിവുകള്‍ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ ആ കഴിവ് വെച്ച് താന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു എന്നാണ് മുഹമ്മദ് പറഞ്ഞത്, അഥവാ മുഹമ്മദിനോട് പറയാന്‍ മലക്ക് ആവശ്യപ്പെടുന്നത്. ഏതു മുന്‍പ്രവാചകനാണ് ഇപ്രകാരം ചെയ്തിട്ടുള്ളത്? ദൈവത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് അവരില്‍ ആരും തനിക്കുതന്നെ ഗുണം ഉണ്ടാക്കിയിട്ടില്ല. ലഭിക്കുമായിരുന്ന ഗുണം അവര്‍ വേണ്ടെന്നു വെച്ചിട്ടുമുണ്ട്. പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും ഓരോ ഉദാഹരണങ്ങള്‍ നല്‍കാം:
അരാം രാജ്യത്തെ (ഇന്നത്തെ സിറിയ) സൈന്യാധിപനായിരുന്ന നയമാന് കുഷ്ഠരോഗം ബാധിച്ചപ്പോള്‍, ഇസ്രായേല്‍ ദേശത്ത് നിന്നും അവന്‍ അടിമയായി പിടിച്ചു കൊണ്ടുവന്നിരുന്ന ഒരു ചെറിയ പെണ്‍കുട്ടി അവന്‍റെ വീട്ടില്‍ ദാസിയായി ഉണ്ടായിരുന്നു. ഇസ്രായേലിലെ പ്രവാചകനായ എലീശയുടെ അടുക്കല്‍ ചെന്നാല്‍ യജമാനന്‍റെ കുഷ്ഠരോഗം മാറും എന്നുള്ള അവളുടെ വാക്ക് പ്രകാരം തന്‍റെ കുഷ്ഠരോഗം ഭേദമാകാന്‍ വേണ്ടി നയമാന്‍ ഇസ്രായേലില്‍ എലീശയുടെ അടുക്കലേക്ക് പോകുന്നു. വെറുംകൈയോടെയല്ല പോകുന്നത്, പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തുകൊണ്ടാണ് പോകുന്നത്. ഒരു താലന്ത് എന്ന് പറഞ്ഞാല്‍ മുപ്പത്തിമൂന്നര കിലോ ആണ്. ഒരു ശേക്കല്‍ എന്ന് പറഞ്ഞാല്‍ പതിനൊന്നര ഗ്രാമും. അതായത്, 335 കിലോ വെള്ളിയും 69 കിലോ സ്വര്‍ണ്ണവും പിന്നെ പത്തു കൂട്ടം വസ്ത്രവും! പത്തു വസ്ത്രം അല്ല, പത്തു കൂട്ടം വസ്ത്രം. എന്ന് വെച്ചാല്‍ പട്ടു വസ്ത്രങ്ങളുടെ ഒരു കൂട്ടം, ധൂമ്രവസ്ത്രങ്ങളുടെ ഒരു കൂട്ടം, രക്താംബരത്തിന്‍റെ ഒരു കൂട്ടം എന്നിങ്ങനെ പത്തു തരത്തിലുള്ള പത്തു കൂട്ടം വസ്ത്രങ്ങള്‍. ഇതൊക്കെയായിട്ടാണ് വരവ്. എലീശയുടെ അരികില്‍ എത്തിയപ്പോള്‍, ഒരു ശിഷ്യനെ വിട്ട് നയമാനോട് പറയിച്ചു: “യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്ന്. ഇത് കേട്ടപ്പോള്‍ നയമാന്‍ ആദ്യം ഒന്ന് ക്രൂദ്ധനായെങ്കിലും കൂടെയുള്ളവരുടെ ഉപദേശം കേട്ട് എലീശ പറഞ്ഞത് പോലെ ചെയ്തു. ഏഴാം പ്രാവശ്യം മുങ്ങി നിവര്‍ന്നപ്പോള്‍ അവന്‍റെ ദേഹത്ത് നിന്ന് കുഷ്ഠം പൂര്‍ണ്ണമായി മാറുകയും അവന്‍റെ ചര്‍മ്മം ഒരു ചെറിയ ബാലന്‍റെ ദേഹം പോലെ മസൃണമായിത്തീരുകയും ചെയ്തു. നയമാന്‍ വളരെ സന്തോഷവാനായി, കൊണ്ട് വന്നിരുന്ന സമ്മാനങ്ങളെല്ലാം എലീശക്ക് നല്‍കാന്‍ പോയപ്പോള്‍ എലീശ പറഞ്ഞ മറുപടി എന്താണെന്ന് ബൈബിളില്‍ നിന്ന് തന്നെ നോക്കാം:
“അതിന്നു അവന്‍ ഞാന്‍ സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല” (2.രാജാ.5:16)
ഈ മറുപടി എലീശ പറയുന്ന സമയത്ത് അദ്ദേഹത്തിന്‍റെയും ശിഷ്യന്മാരുടെയും അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്നറിയണം എന്നുണ്ടെങ്കില്‍ അതിന് മുന്‍പും പിന്‍പും ഉള്ള ഓരോ അദ്ധ്യായങ്ങള്‍ നമ്മള്‍ വായിക്കണം:
“പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവു മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.” (2.രാജാ.4:1)
എലീശ അമാനുഷികമായ വിധത്തില്‍ ആ വിധവയെയും മക്കളേയും കടബാധ്യതയില്‍ നിന്നും വിടുവിക്കുന്നത് നമുക്ക് താഴോട്ട് വായിച്ചാല്‍ കാണാന്‍ കഴിയും. എലീശയുടെയും ശിഷ്യന്മാരുടെയും അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഈയൊരു കാര്യത്തില്‍ നിന്നും അറിയാന്‍ കഴിയും. അവര്‍ വളരെ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. വേറൊരു സംഭവം കൂടി നമുക്ക് നോക്കാം:
“പ്രവാചകശിഷ്യന്മാര്‍ എലീശയോടു: ഞങ്ങള്‍ പാര്‍ക്കുന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെ നിന്നു ഓരോരുത്തന്‍ ഓരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു” (2.രാജാ.6:1,2)
മര്യാദയ്ക്ക് താമസിക്കാനുള്ള ഒരു വീട് പോലും എലീശക്കും ശിഷ്യന്മാര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നു. ഇങ്ങനെയുള്ള പരിതസ്ഥിതിയില്‍ ആണ് നയമാന്‍ തനിക്കു നല്‍കിയ 335 കിലോ വെള്ളിയും 69 കിലോ സ്വര്‍ണ്ണവും പിന്നെ പത്തു കൂട്ടം വസ്ത്രവും എലീശാ നിരസിക്കുന്നത്!! ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരുടെ മാതൃക ഇങ്ങനെയുള്ളതാണ്.
ഇനി നമുക്ക് പുതിയ നിയമത്തില്‍ നിന്ന് നോക്കാം. സഭ രൂപം കൊണ്ട് അഞ്ചെട്ട് വര്‍ഷം കഴിഞ്ഞ്, ശമര്യരുടെ ഇടയിലേക്ക് സുവിശേഷം എത്തിച്ചേരുന്നു. ആ പട്ടണത്തില്‍ ധാരാളം പേര്‍ സുവിശേഷത്തില്‍ വിശ്വസിച്ചു. ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ശമര്യാ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചു പോരുന്നുണ്ടായിരുന്നു. ഇവനും സുവിശേഷത്തില്‍ വിശ്വസിച്ച് സുവിശേഷം അറിയിച്ച ഫിലിപ്പോസിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ശമര്യര്‍ സുവിശേഷം കൈക്കൊണ്ടു ക്രിസ്തുവില്‍ വിശ്വസിച്ചു എന്നറിഞ്ഞപ്പോള്‍ യെരുശലേം സഭയില്‍ നിന്നും പത്രോസും യോഹന്നാനും ശമര്യയിലേക്ക് ചെല്ലുന്നു. പത്രോസും യോഹന്നാനും ശമര്യയില്‍ നിന്ന് സുവിശേഷം സ്വീകരിച്ചവരുടെ മേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാര്‍ കൈ വെച്ചതിനാല്‍ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന്‍ കണ്ടപ്പോള്‍ അവര്‍ക്കു ദ്രവ്യം കൊണ്ടു വന്നു: “ഞാന്‍ ഒരുത്തന്‍റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്‍റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്‍റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു. എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ നിങ്ങള്‍ പറഞ്ഞതു: ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു.” (അപ്പൊ.പ്രവൃ.8)
യെരുശലേം സഭ പീഡനത്തിലൂടെയും ഉപദ്രവങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്ന സമയമാണ് അതെന്നോര്‍ക്കണം! വിശ്വാസികളായ ധാരാളം പേര്‍ രക്തസാക്ഷികളാകുകയും വിധവമാരും അനാഥരും സഭയില്‍ പെരുകിക്കൊണ്ടിരിക്കുന്ന സമയം!! ആ സാഹചര്യത്തിലാണ് പത്രോസും യോഹന്നാനും തങ്ങള്‍ക്കു നേരെ നീട്ടിയ പണത്തെ പുറംകൈക്ക് തട്ടിക്കളഞ്ഞത്. ഇതാണ് ബൈബിളിന്‍റെ പഠിപ്പിക്കല്‍, ഇതാണ് മുന്‍ പ്രവാചകന്‍മാരുടെ രീതികള്‍.
പക്ഷേ, ഈ രീതിയെക്കുറിച്ചും ഈ പഠിപ്പിക്കലിനെ കുറിച്ചും മലക്കിന് ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ “എനിക്ക് അദൃശ്യ കാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു” എന്ന് മുഹമ്മദിനോട് പറയാന്‍ മലക്ക് ആവശ്യപ്പെട്ടത്.
രണ്ടാമത്തെ പോയിന്‍റ് കൂടി ഒന്ന് നോക്കാം:
“എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു” എന്നാണല്ലോ മുഹമ്മദിനോട് പറയാന്‍ മലക്ക് ആവശ്യപ്പെടുന്നത്. ഇതില്‍ നിന്നും വളരെ വ്യക്തമാണ് തിന്മ മുഹമ്മദിനെ വളരെയധികം ബാധിച്ചിരുന്നു എന്നുള്ളത്. അദ്ദേഹത്തിന് മാരണം ബാധിച്ചതായി നമ്മള്‍ വായിക്കുന്നുണ്ട്, ഉഹ്ദ് യുദ്ധത്തില്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞതിന്‍റെ ഫലമായി മുന്‍ വരിയിലെ പല്ലുകള്‍ എല്ലാം നഷ്ടപ്പെട്ടു പോയത് നാം വായിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ചിലരെ കുറിച്ച് അപവാദം പരന്നത് നാം വായിക്കുന്നുണ്ട്, ഭാര്യമാര്‍ എല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തിയത് നാം വായിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ആണ്‍മക്കളെല്ലാവരും ശൈശവ പ്രായത്തില്‍ തന്നെ മരിച്ചു പോയത് തുടങ്ങി അനേകം തിന്മകള്‍ അദ്ദേഹത്തിന് വന്നത് നാം വായിക്കുന്നുണ്ട്. അമാനുഷികമായ കഴിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ തിന്മകള്‍ ഒന്നും തനിക്ക് വരാതെ താന്‍ നോക്കുമായിരുന്നു എന്നാണ് മലക്ക് മുഹമ്മദിനോട് പറയാന്‍ പറയുന്നത്.
ഏതു മുന്‍ പ്രവാചകനാണ് ദൈവികമായി തനിക്ക് ലഭിച്ച കഴിവുകള്‍ തന്‍റെ സ്വകാര്യജീവിതത്തില്‍ നഷ്ടം വരാതിരിക്കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുള്ളത്? ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ ദാവാക്കാരെ?
ഏതായാലും ഭയങ്കര തമാശ തന്നെ! അമാനുഷികമായ കഴിവില്ലാത്ത ഒരു പ്രവാചകന്‍!! എങ്ങാനും അമാനുഷികമായ കഴിവുകള്‍ വല്ലതും ലഭിച്ചാല്‍ അത് തന്‍റെ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയേനെ എന്ന് പറയാന്‍ പറയുന്ന മലക്കും!!! നല്ല കോമ്പിനേഷന്‍ തന്നെ ഈ മലക്കും മുത്തുനബിയും….