യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ് നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?
ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ് നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?
ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ് എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ ഒരിടത്ത് പോലും ആ വാക്ക് ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ദാവാക്കാര്‍ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, “മതപ്രചാരണത്തിനു വേണ്ടിയുള്ള അവരുടെ സ്വതസിദ്ധമായ കള്ളത്തരം” എന്നേ മറുപടി പറയാനുള്ളൂ. കള്ളം കാണിക്കാനും പറയാനും മലക്കും മുഹമ്മദും അവര്‍ക്ക് അനുവാദം കൊടുത്തിട്ടുള്ളത് കൊണ്ട് ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പുതുമ ഒന്നും ഇക്കാര്യത്തില്‍ ഇല്ല. മതം പ്രചരിപ്പിക്കാന്‍ വേണ്ടി നുണ പറയുക എന്നത് ദാവാക്കാര്‍ക്ക് പുത്തരിയായ കാര്യവുമല്ല!
പെറിക്ലിറ്റോസ് എന്നൊരു പദം ബൈബിളില്‍ ഇല്ലെങ്കിലും ഉച്ചാരണത്തില്‍ അതിനോട് സാമ്യമുള്ള മറ്റൊരു പദം ബൈബിളില്‍ ഉണ്ട്. അത് പറക്ലിറ്റോസ് (παράκλητος) എന്ന പദമാണ്. ഈ വാക്കിന്‍റെ അര്‍ത്ഥം കാര്യസ്ഥന്‍, ആശ്വാസപ്രദന്‍ എന്നൊക്കെയാണ്. പുതിയ നിയമത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ ഈ വാക്ക് വന്നിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:
“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ.14:16,17)
“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ.14:26)
“ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും” (യോഹ.15:26)
“എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും” (യോഹ.16:7,8)
“എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു.” (1.യോഹ.2:1)
ഇതിലെ അവസാനം പറഞ്ഞത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതുകൊണ്ട് ആ വേദഭാഗം നമുക്ക് പരിശോധനക്ക് എടുക്കേണ്ട ആവശ്യമില്ല. ബാക്കി നാല് വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ ആരാണ് എന്ന് നമുക്ക് പരിശോധിക്കാം.
മേല്‍ ഉദ്ധരിച്ച നാല് വാക്യങ്ങളിലും കാണുന്ന സത്യത്തിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ് എന്നീ വാക്കുകള്‍ വേര്‍പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ ഓരോ സന്ദര്‍ഭത്തിലും യേശുക്രിസ്തു ആ ഒരേ വ്യക്തിയെ പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. കാര്യസ്ഥന്‍ “ആത്മാവാണ്” എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യേശുക്രിസ്തു ആത്മാവിനെ പുല്ലിംഗരൂപത്തില്‍ സംബോധന ചെയ്യുന്നതിനാല്‍, “കാര്യസ്ഥന്‍” ഒരു മനുഷ്യനായിരിക്കും എന്നുള്ള ചില മുസ്ലീങ്ങളുടെ അഭിപ്രായം ഒരിക്കലും ശരിയല്ല. ഖുര്‍ആനിലും ബൈബിളിലും ദൈവത്തെ പുല്ലിംഗ രൂപത്തിലാണ് സംബോധന ചെയ്യുന്നത്; അതേസമയം ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുപോലെ യേശുക്രിസ്തു എപ്പോഴും കാര്യസ്ഥനെ ആത്മാവ് എന്ന് വിളിക്കുന്നു. അതുകൊണ്ട് അവന്‍ ഒരു മനുഷ്യനല്ല.
യോഹ.14.16,17 എന്നീ വാക്കുകള്‍ക്കു ശരിയായ ഒരു വ്യാഖ്യാനം നാം നല്‍കുമെങ്കില്‍ കാര്യസ്ഥന്‍ ഒരിക്കലും മുഹമ്മദ് ആയിരിക്കില്ല എന്നുള്ളതിന് എട്ടില്‍ കുറയാത്ത കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
1. “അവന്‍ നിങ്ങള്‍ക്ക് ഒരു കാര്യസ്ഥനെ തരും”
യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം “അവര്‍ക്ക്” ഒരു കാര്യസ്ഥനെ അയക്കുമെന്നാണ്. ആ സത്യത്തിന്‍റെ ആത്മാവിനെ പത്രോസിനും യോഹന്നാനും മറ്റു ശിഷ്യന്മാര്‍ക്കും അയക്കാം എന്നാണ് യേശു പറഞ്ഞത്; അല്ലാതെ, മെക്കാ നിവാസികള്‍ക്കോ മദീനാ നിവാസികള്‍ക്കോ അറേബ്യാ നിവാസികള്‍ക്കോ അയക്കുമെന്നല്ല.
2. “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും”
മുസ്ലീങ്ങള്‍ ആരോപിക്കുന്നത് പോലെ പെരിക്ലൂറ്റോസ് എന്ന വാക്കിന് പകരമായി ക്രിസ്ത്യാനികള്‍ പറക്ലീറ്റോസ് എന്ന് തിരുത്തിയതാണെങ്കില്‍, ആ വാക്യം ഇപ്രകാരം വായിക്കേണ്ടിയിരിക്കുന്നു: “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു സ്തുത്യര്‍ഹനായ വ്യക്തിയെ തരും. പക്ഷേ ആ പ്രസ്താവന സന്ദര്‍ഭത്തിന് നിരക്കാത്തതും ബൈബിളില്‍ മറ്റെങ്ങും തെളിവില്ലാത്തതും ആയിരിക്കും. യേശുവിനെ പെരിക്ലൂറ്റോസ് എന്ന പേരില്‍ ബൈബിളില്‍ എങ്ങും വിളിച്ചിട്ടില്ല. ഈ വാക്ക് ബൈബിളില്‍ ഒരിടത്തും കാണുന്നുമില്ല. അതുകൊണ്ട് “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു പെരിക്ലൂറ്റോസിനെ തരും” എന്ന് പറയുന്നത് കേവലം അസ്ഥാനത്തായ പ്രയോഗമാണ്. കാരണം, ക്രിസ്തു ഒരിക്കലും തന്നെപ്പറ്റി അപ്രകാരം ഒരു വാക്ക് പ്രയോഗിച്ചിട്ടില്ല.
യോഹ.16:12,13 വാക്യങ്ങളില്‍ നിന്നും പറക്ലീറ്റോസ് എന്ന വാക്കാണ് ശരിയായിട്ടുള്ളത് എന്നുള്ളത് വ്യക്തമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “ഞാന്‍ പറക്ലീറ്റോസ് അഥവാ ആശ്വാസപ്രദനാണ്. ഇനിയും അനേക കാര്യങ്ങള്‍ നിങ്ങളോട് പറവാനുണ്ട്. എന്നാല്‍ ഞാന്‍ സത്യത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് അയച്ചു തരും. അവന്‍ മറ്റൊരു പറക്ലീറ്റോസ് അഥവാ മറ്റൊരു കാര്യസ്ഥനാണ്. 1.യോഹ.2:1-ല്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ സന്നിധിയില്‍ ഒരു കാര്യസ്ഥന്‍ ഉള്ളതായി വായിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍”. അതായത് യേശുക്രിസ്തു നമ്മുടെ പറക്ലീറ്റോസ്, നമ്മുടെ കാര്യസ്ഥന്‍ ആണ്. പരിശുദ്ധാത്മാവ് മറ്റൊരു കാര്യസ്ഥനും.
3. “എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിന്”
മുഹമ്മദ് വന്നപ്പോള്‍ അവന്‍ തന്‍റെ ജനത്തോടുകൂടി എന്നേക്കും വസിച്ചില്ല. അദ്ദേഹം എ.ഡി.632-ല്‍ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്ത ശവകുടീരം കഴിഞ്ഞ 1300-ല്‍ പരം വര്‍ഷങ്ങളായി മദീനയിലുണ്ട്. പക്ഷേ യേശു പറഞ്ഞത്, കാര്യസ്ഥന്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തന്‍റെ ശിഷ്യന്മാരെ വിട്ടുപിരികയില്ല എന്നും എന്നേക്കും അവരോടുകൂടെ വസിക്കും എന്നുമാണ്.
4. “സത്യത്തിന്‍റെ ആത്മാവിനെ ലഭിക്കാന്‍ ലോകത്തിന് കഴിയുകയില്ല”
ഖുര്‍ആന്‍ പറയുന്നത് മനുഷ്യരാശിക് മുഴുവനും വേണ്ടിയുള്ള സന്ദേശവാഹകനായിട്ടാണ് മുഹമ്മദിനെ അയച്ചത് എന്നാണ് (സൂറ.34:28). അങ്ങനെയെങ്കില്‍ യേശു സൂചിപ്പിക്കുന്നത് മുഹമ്മദിനെയല്ല എന്നത് വ്യക്തമാണ്. കാരണം മനുഷ്യരാശിക്ക് മുഴുവനായി സത്യത്തിന്‍റെ ആത്മാവായ ആശ്വാസപ്രദനെ ലഭിപ്പാന്‍ കഴിയുകയില്ല.
5. “നിങ്ങള്‍ അവനെ അറിയുന്നു”
ഈ പ്രസ്താവനയില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാവുന്നത് യേശുവിന്‍റെ ശിഷ്യന്മാര്‍ സത്യത്തിന്‍റെ ആത്മാവിനെ അറിഞ്ഞിരുന്നു എന്നതാണ്. പക്ഷേ മുഹമ്മദ് ജനിച്ചത് പിന്നെയും 500 വര്‍ഷങ്ങള്‍ക്ക് ശേഷമാകയാല്‍ അത് അവനായിരിക്കാന്‍ സാദ്ധ്യമല്ല. ശിഷ്യന്മാര്‍ അവനെ എങ്ങനെ അറിഞ്ഞു എന്നുള്ളതാണ് അടുത്ത പ്രശ്നം. കാര്യസ്ഥന്‍ ആത്മാവായതിനാല്‍ അവന്‍ എപ്പോഴും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.
6. “അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു”
കാര്യസ്ഥന്‍ അവരോടുകൂടെ എവിടെയാണ് വസിച്ചത്? അനേക വാക്യങ്ങളുടെ വെളിച്ചത്തിലും, വിശിഷ്യാ യോഹ.1:32-ന്‍റെ വെളിച്ചത്തിലും “ആത്മാവ് യേശുവിന്മേല്‍ വസിച്ചതായി” നാം കാണുന്നു. ആകയാല്‍ പരിശുദ്ധാത്മാവ് ശിഷ്യന്മാരോട് കൂടെ വസിച്ചിരുന്നു.
7. “അവന്‍ നിങ്ങളില്‍ ഇരിക്കുന്നു”
സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദ് ആണെന്നുള്ള ചിന്താഗതിക്ക് ശക്തമായ ഒരു തിരിച്ചടിയാണ് ഇവിടെ ലഭിക്കുന്നത്. ആത്മാവ് യേശുവില്‍ വസിച്ചതുപോലെ അവന്‍ ശിഷ്യന്മാരിലും വസിക്കും എന്നാണ് യേശു പറഞ്ഞത്. ഇവിടെ പറയുന്ന ഗ്രീക്ക് വാക്കിന്‍റെ ആശയം, “നേരെ ഉള്ളില്‍” തന്നെയെന്നാണ്. ആകയാല്‍ “ആത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കും” എന്നാണ് യേശു വാസ്തവത്തില്‍ പറഞ്ഞത്. പക്ഷേ മുഹമ്മദിന് ഇത് എങ്ങനെ സാധിക്കും?
എട്ടാമത്തേത് ആദ്യം പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നതാണ്. കാര്യസ്ഥന്‍റെ സ്വാധീനവലയത്തെക്കുറിച്ച് യേശു പറയുമ്പോഴൊക്കെയും അവന്‍ തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? “നിങ്ങള്‍ അവനെ അറിയുന്നു… അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു… അവന്‍ നിങ്ങളില്‍ ഇരിക്കും…” മേല്‍ പറഞ്ഞ വാക്കുകളില്‍ നിന്നെല്ലാം ശിഷ്യന്മാര്‍ക്ക് ഊഹിക്കുവാന്‍ കഴിയുന്ന കാര്യം വരുവാനുള്ള കാര്യസ്ഥന്‍ ഒരു ആത്മാവ് ആയിരിക്കുമെന്നും യേശു തങ്ങളെ വിട്ടുപിരിഞ്ഞാല്‍ ഉടന്‍ അവന്‍ വരുമെന്നും മാത്രമാണ്. ഈ വേദ ഭാഗത്തില്‍ നിന്നും ന്യായമായ വേറൊരു വ്യാഖ്യാനം നല്‍കുവാന്‍ കഴിയുന്നതല്ല.
ആത്മാവ് യേശുവിന്‍റെ മേല്‍ വന്നത് എങ്ങനെയാണെന്ന് നോക്കാം: “പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെ മേല്‍ ഇറങ്ങിവന്നു.” യേശു നേരത്തെ പറഞ്ഞിരുന്നതുപോലെ, അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അധികം താമസിയാതെ കാര്യസ്ഥനായ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേലും യേശുവില്‍ വന്നതുപോലെ ഇറങ്ങി വന്നു; “അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക് പ്രത്യക്ഷമായി. അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി” (അപ്പൊ.പ്രവൃ.2:3,4). യേശു ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് യേശുവില്‍ വസിച്ചുകൊണ്ട് ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു. എന്നാല്‍, പെന്തക്കോസ്ത് നാള്‍ മുതല്‍ ആത്മാവ് ശിഷ്യന്മാരുടെ ഉള്ളില്‍ വാസം ചെയ്യുകയാണ്.
യേശു വാഗ്ദത്തം ചെയ്തിരുന്നത് പോലെ അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്തു ദിവസങ്ങള്‍ക്കകം കാര്യസ്ഥനെ ശിഷ്യന്മാര്‍ക്ക് ലഭിച്ചു. കാര്യസ്ഥനായ പരിശുദ്ധാത്മാവ് വരുന്നത് വരെ യെരുശലേമില്‍ കാത്തിരിക്കണമെന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്പിച്ചിരുന്നു (അപ്പൊ.പ്രവൃ.1:4-8-). അങ്ങനെ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തിന് വേണ്ടി അവര്‍ നഗരത്തില്‍ കാത്തിരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ യേശുവിന്‍റെ വാഗ്ദത്തം നിറവേറി. ഈ ഭാഗത്തോന്നും മുഹമ്മദിന്‍റെ ചിത്രം വരുവാന്‍ ഒരു വിധത്തിലും കഴിയുന്നതല്ല.
നമ്മള്‍ നേരത്തെ ഉദ്ധരിച്ച യോഹ.167-ലേക്ക് വീണ്ടും തിരിഞ്ഞാല്‍, ഈ വാക്യത്തിന്‍റെ ആശയം മുഴുവന്‍ യേശുവിന്‍റെ താഴെ പറയുന്ന പ്രസ്താവനയില്‍ നിന്നും വ്യക്തമാകും: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല” (യോഹ.16:12). കൂടാതെ, യേശു ഇപ്രകാരം പറഞ്ഞു: “ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം”. ശിഷ്യന്മാര്‍ കേവലം സാധാരണ മനുഷ്യര്‍ ആയിരുന്നതിനാലും, യേശു പറഞ്ഞതിനെ മുഴുവനായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് ശക്തിയില്ലാതിരുന്നതിനാലും, അവന്‍റെ ഉപദേശങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സത്യത്തിന്‍റെ ആത്മാവ് യേശുവില്‍ വസിച്ചിരുന്നുവെങ്കിലും അവന്‍റെ ശിഷ്യന്മാരില്‍ അതുവരെയും വാസം തുടങ്ങിയിരുന്നില്ല എന്നതിനാല്‍, യേശുവിന്‍റെ ഉപദേശങ്ങളുടെ ആത്മീയ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ അശക്തരായിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാര്‍ക്ക് ആത്മാവിനെ ലഭിച്ചതിനാല്‍, അവന്‍റെ ഉപദേശങ്ങളെ മനസ്സിലാക്കുവാനും അക്കാര്യം മറ്റുള്ളവരെ അറിയിക്കുവാനും അവര്‍ പ്രാപ്തരായിത്തീര്‍ന്നു. അതുകൊണ്ടാണ് യേശു പറഞ്ഞത്, “ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം” എന്ന്. പൌലോസും ഇക്കാര്യം ഇതേ നിലയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:
“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കു ആത്മികമായതു തെളിയിക്കുന്നു” (1കൊരി.2:9-13).
ആത്മാവിനെ നേരത്തെ തന്നെ നല്‍കി കഴിഞ്ഞിരുന്നു എന്നാണ് പൗലോസ് വ്യക്തമാക്കുന്നത്. അവനെ നല്കിയില്ലായിരുന്നുവെങ്കില്‍ യേശുവിനെ കൂടാതെയുള്ള ശിഷ്യന്മാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകയില്ലായിരുന്നു.
ആകയാല്‍ യേശു പ്രവചിച്ച സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദല്ല എന്നത് വ്യക്തമാണല്ലോ. പിന്നെ ആരാണ് കാര്യസ്ഥന്‍? നാം നേരത്തെ ഉദ്ധരിച്ച വാക്യങ്ങളില്‍ കാണുന്നത് പോലെ ദൈവത്തിന്‍റെ ആത്മാവാണ് അവന്‍. കാര്യസ്ഥന്‍ ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ അവന്‍റെ അവരോഹണം, “കൊടിയ കാറ്റടിക്കുന്നത് പോലെയുള്ള മുഴക്കത്തോടെ” ആയിരുന്നു (അപ്പൊ.പ്രവൃ.2:2). യെഹൂദന്മാര്‍ അത് കേട്ടപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാനായി ഓടിക്കൂടി. ഒരുമിച്ചു ഓടിക്കൂടി വന്നവരോട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍ “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും” (അപ്പൊ.പ്രവൃ.2:16,17).
യേശുക്രിസ്തു വാഗ്ദത്തം ചെയ്തത് പോലെ കാര്യസ്ഥനായ ദൈവത്തിന്‍റെ ആത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നു. മാത്രമല്ല, സൂര്യന് കീഴെ എല്ലാ രാജ്യത്തുമുള്ള യേശുവില്‍ വിശ്വസിക്കുന്ന സകല സ്ത്രീ പുരുഷന്മാര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കുവാനും വേണ്ടിയാണ് അവന്‍ ഈ ഭൂമിയിലേക്ക് ഇറങ്ങി വന്നത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം കാര്യസ്ഥനായ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തെക്കുറിച്ച് പത്രോസ് എത്ര പെട്ടെന്നാണ് സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കുക: “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു. അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു” (അപ്പൊ.പ്രവൃ.2:32,33).
ഉയര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹണം ചെയ്ത്, ഉന്നതങ്ങളില്‍ സ്വര്‍ഗ്ഗം അംഗീകരിക്കുന്ന നിലയില്‍ മഹത്വീകരിക്കപ്പെട്ട യേശുവിനോട് വേര്‍ പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ ബന്ധപ്പെട്ടാണ് ആ കാര്യസ്ഥന്‍റെ അവരോഹണം തീര്‍ച്ചയായും ഇരിക്കുന്നത്. ആശ്വാസപ്രദനെ “ക്രിസ്തുവിന്‍റെ ആത്മാവ്” എന്നും സംബോധന ചെയ്തിട്ടുണ്ട് (റോമര്‍.8:9). അതിന്‍റെ കാരണം, യേശുവിന്‍റെ താഴെ പറയുന്ന വാക്കുകളില്‍ നിന്നും വ്യക്തമാണ്:
1 ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹ.16:14)
2. ‘അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും’ (യോഹ. 15:26)
3. ‘അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ട് അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും’ (യോഹ. 16:8,9)
4. ‘അവന്‍ എനിക്കുള്ളതില്‍ നിന്നും എടുത്തു നിങ്ങള്‍ക്ക് അറിയിച്ചു തരും’ (യോഹ.16:14)
5. ‘ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും അവന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും’ (യോഹ. 14:26)
ഇവയില്‍ ഏതെങ്കിലും ഒന്ന് മുഹമ്മദിന് യോജിക്കുമോ?
ജനത്തെ യേശുവിങ്കലേക്ക് ആനയിക്കുകയും അവനെ രക്ഷിതാവും കര്‍ത്താവുമായി മനസ്സിലാക്കിയ നിലയില്‍ അവന്‍ അവരെ അവങ്കലേക്ക് ആകര്‍ഷിക്കുകയുമാണ്, കാര്യസ്ഥന്‍റെ പരമ പ്രധാനമായ വേല എന്നത് വളരെ വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ മഹത്വം മനുഷ്യര്‍ക്ക് വെളിപ്പെടുത്താന്‍ വേണ്ടിയാണ് കാര്യസ്ഥനെ നല്‍കിയത്. ഈ ബന്ധത്തില്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ വളരെ മനോഹരമായ ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കുന്നുണ്ട്: “ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല. യേശുവിനു തേജസ്കരണം വന്ന ശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന് ഇങ്ങനെ ചെയ്തു എന്നും ഓര്‍മ്മ വന്നു” (യോഹ.12:16)
യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് കാര്യസ്ഥന്‍റെ വരവിനെ കുറിച്ച് പറയുവാനുള്ള കാരണം, ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ സത്യവിശ്വാസികളേയും ആശ്വസിപ്പിക്കുവാനും വീണ്ടും ജനിപ്പിക്കുവാനും വേണ്ടിയാണ്. ആശ്വാസപ്രദനെ കുറിച്ചുള്ള യേശുവിന്‍റെ ഉപദേശങ്ങളുടെ സുപ്രധാനവും സുസ്ഥിരവുമായ ഘടകങ്ങളില്‍ ഒന്നാണിത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം വളരെ വേഗം കാര്യസ്ഥനെ അയച്ചതിന്‍റെ പരമപ്രധാനമായ കാരണം, മനുഷ്യരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാനും കാര്യസ്ഥന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വാധീനതയാല്‍ അവര്‍ ക്രിസ്തുവിന്‍റെ അനുയായികളായി തീരുവാനും വേണ്ടിയാണ്. ആകയാല്‍ ബൈബിളില്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ഉണ്ടെന്നുള്ളതിന് വിദൂരമായ ലാഞ്ചന പോലും നമുക്ക് കാണുവാന്‍ കഴിയുകയില്ല. (കടപ്പാട്: ‘ഇസ്ലാം സംവാദം’, ജോഷ് മക്‌ഡവല്‍)