മുഹമ്മദും ന്യായപ്രമാണവും (ഭാഗം-7)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
8) വ്യഭിചാരം ചെയ്യരുത് (പുറ.20:14)
വ്യഭിചാരം എന്ന ക്രിയയെ ബൈബിളും ഖുര്‍ആനും വ്യത്യസ്തമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്. വിവാഹം ചെയ്ത വ്യക്തിയുമായല്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തിനാണ് ബൈബിള്‍ വ്യഭിചാരം എന്ന് പറയുന്നത്. (വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് പരസംഗം എന്നാണു ബൈബിള്‍ പറയുന്നത്.) വിവാഹം എന്ന വിഷയത്തില്‍ ബൈബിളും ഖുര്‍ആനും വ്യത്യസ്ത വീക്ഷണകോണുകള്‍ പുലര്‍ത്തുന്നതിനാല്‍ വ്യഭിചാരത്തെ സംബന്ധിച്ച നിര്‍വ്വചനത്തിലും ഈ രണ്ടു ഗ്രന്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബഹുഭാര്യാ സമ്പ്രദായത്തെ ബൈബിള്‍ അനുകൂലിക്കുന്നില്ല. ആദാമിന് ദൈവം ഒരു ഹവ്വയെ മാത്രമേ നല്‍കിയുള്ളൂ. അബ്രഹാം, യാക്കോബ്, തുടങ്ങിയ പ്രവാചകന്മാരും ദാവീദ്, ശലോമോന്‍ മുതലായ രാജാക്കന്മാരും ഒന്നിലധികം ഭാര്യമാരെ എടുത്ത ചരിത്രം ബൈബിളിലുണ്ട്. അങ്ങനെ ബഹു ഭാര്യമാരെ എടുത്തവരെല്ലാം അതിന്‍റെ പേരില്‍ കഷ്ടപ്പെട്ടിട്ടുമുണ്ട്. വിവാഹമോചനത്തേയും ബൈബിള്‍ അനുകൂലിക്കുന്നില്ല. ‘ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്’ എന്നാണു ഇത് സംബന്ധമായി വാഴ്ത്തപെട്ട കര്‍ത്താവ് പറഞ്ഞിട്ടുള്ളത്.
പഴയനിയമത്തില്‍ യിസ്രായേലിന്‍റെ ഹൃദയ കാഠിന്യം നിമിത്തം ഉപേക്ഷണപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ മുഖാന്തരം ദൈവം അനുവാദം നല്‍കിയിരുന്നു. എങ്കിലും അത് ദൈവത്തിന്‍റെ ഹിതമായിരുന്നില്ല, യിസ്രായേലിന്‍റെ ഹൃദയ കാഠിന്യം നിമിത്തമായിരുന്നു (മര്‍ക്കോസ്. 10:5). ‘തന്‍റെ യൗവ്വനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്, ഞാന്‍ ഉപേക്ഷണം വെറുക്കുന്നു’ (മലാഖി.2:15,16) എന്നാണു യഹോവ അരുളിചെയ്യുന്നത്.
ഈ വിഷയത്തോട് ബന്ധപ്പെട്ടു നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കാം: അവന്‍ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്ന് പറഞ്ഞു” (മര്‍ക്കോസ്. 10:11,12) ലൂക്കോസ് 16:18-ലും യേശു കര്‍ത്താവ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിവാഹത്തേയും വിവാഹമോചനത്തേയും സംബന്ധിച്ച് ഇതാണ് ബൈബിളിന്‍റെ നിലപാട്. എന്നാല്‍ ഖുര്‍ആന്‍ ബഹുഭാര്യാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമാണ്.
ബൈബിളിന്‍റെ ഈ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ട് നമുക്ക് മുഹമ്മദിന്‍റെ വിവാഹ ജീവിതത്തെ ഒന്നപഗ്രഥിച്ചു നോക്കാം. മുഹമ്മദിന്‍റെ ഭാര്യമാരുടെ പേരുകള്‍ ഇവയാണ്:
1. ഖദീജാ ബിന്‍ത് ഖുവൈലിദ്
2. സൌദാ ബിന്‍ത് സുമ്ആ
3. ആയിശാ ബിന്‍ത് അബൂബക്കര്‍
4. ഹഫ്സാ ബിന്‍ത് ഉമര്‍
5. സൈനാബ് ബിന്‍ത് ഖുസൈമ
6. ഉമ്മ് സലമാ ഹിന്ദ് ബിന്‍ത് ഉമയ്യാ
7. സൈനാബ് ബിന്‍ത് ജഹ്ശ്
8. ജുവൈരിയ ബിന്‍ത് അല്‍-ഹാരിത്
9. സഫിയ്യാ ബിന്‍ത് ഹുയൈയ്യ്
10. ഉമ്മ് ഹബീബാ റംലാ ബിന്‍ത് അബുസുഫ്‌യാന്‍
11. മൈമുനാ ബിന്‍ത് അല്‍-ഹാരിത്
(The Wives of the Prophet Muhammad, Their Strives and Their Lives. Muhammad Fathi Mus’ad, Islamic INC, Publishing and Distribution 8 As-Sayeda Zainab Sq. Cairo, Egypt)
ഇത് മുഹമ്മദ് ഫാതി മുസ’ആദിന്‍റെ കണക്കാണ്. മാരിയത്തുല്‍ ഖ്വിബ്തിയ, റെയ്ഹാന തുടങ്ങിയ പ്രവാചക പത്നിമാര്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നോര്‍ക്കുക. വേറെ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ പ്രവാചക പത്നിമാരുടെ എണ്ണം 20-നു മേലെയാണ്.
മാത്രമല്ല, യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ വ്യഭിചരിക്കാന്‍ മുഹമ്മദ് അനുവദിച്ചിരുന്നത് ഹദീസുകളില്‍ കാണാം:
അബൂസഈദ് (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക് സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1590, പേജ് 776)
(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. യുദ്ധത്തില്‍ പിടിച്ചെടുത്ത ഈ സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കാനുള്ളതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ വില കുറവായിരിക്കും എന്നതിനാലാണ് മുസ്ലീം സൈനികര്‍ തങ്ങളുടെ ഓഹരിയായി കിട്ടിയ സ്ത്രീകളുമായി വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ “അസ്ല്‍” ചെയ്യാന്‍ ആഗ്രഹിച്ചത്-ലേഖകന്‍)
ഇതുകൂടാതെ, വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ചില കാര്യങ്ങള്‍ മുഹമ്മദ് അനുവദിച്ചിട്ടുണ്ട്. അതിലൊന്നാണ് താല്‍കാലിക വിവാഹം:
ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക് താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ് 1796, പേജ് 892)
അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 15)
റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാ വിജയ യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക് റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റേത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 20)
ഇതിനെ ബൈബിളിന്‍റെ ഭാഷയില്‍ വ്യഭിചാരം എന്നല്ലാതെ വേറെ എന്ത് പറയാനാണ്? (തുടരും…)