ശ്രീ. മുഹമ്മദ് ഈസാ സാക്ഷിയുടെ കത്തിന് നല്‍കിയ മറുപടി
ഇസ്ലാമിക ദാവാ പ്രവര്‍ത്തകനും “യേശു മിശിഹ ഏതു പക്ഷത്ത്?”, “ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങളുടെ രചയിതാവും ആയ ശ്രീ.മുഹമ്മദ് ഈസ യുമായി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് കേരള ഘടകം നടത്തിയ കത്തിടപാടുകളുടെ ആദ്യ ഭാഗം വായിച്ചു കാണുമല്ലോ. സാക്ഷി നല്‍കിയ ആ കത്തിനുള്ള ശ്രീ.മുഹമ്മദ് ഈസായുടെ മറുപടിയാണ് താഴെ കൊടുക്കുന്നത്:
പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്ക്
മുഹമ്മദ് ഈസാ നല്‍കുന്ന മറുപടി.
ഇസ്ലാമിക പ്രബോധകരുടെ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്ന തലക്കെട്ടില്‍ സാക്ഷിയുമായി ചേര്‍ന്ന് നിങ്ങള്‍ പരിപാടി സംഘടിപ്പിക്കുകയും തുടര്‍ന്ന് രൂപപ്പെട്ട സംവാദ ചര്‍ച്ചകളുമാണ് നമ്മുടെ വിഷയം.
ക്രൈസ്തവ വിശ്വാസത്തിന് എതിരേ ഞങ്ങള്‍ ഉയര്‍ത്തുന്ന വാദങ്ങളും പ്രമാണമായി അംഗീകരിക്കുന്ന ക്രൈസ്തവ ഇസ്ലാം രേഖകളും സംവാദ ഘടനയുടെ ഒരു രൂപവും ഉള്‍ക്കൊള്ളിച്ച് രണ്ടു പുരങ്ങളിലായി ഒരു വ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് കൈമാറിയിരുന്നു. സംവാദത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിക്കുകയും മാന്യമായ സംസ്കാരം പുലര്‍ത്തുകയും ചുരുക്കം വാക്കുകളില്‍ ഒതുക്കുകയും ചെയ്തായിരുന്നു ഞാന്‍ വ്യവസ്ഥ നിങ്ങള്‍ക്ക് ഒപ്പിട്ട് നല്‍കിയത്.
എന്നാല്‍ ഖേദകരമെന്ന് പറയട്ട, ഞാന്‍ സ്വീകരിച്ച മാന്യമായ നിലപാടിനു തികച്ചും വിരുദ്ധമായതും ഞാന്‍ പരിചയിച്ചിട്ടുള്ള ക്രൈസ്തവ മാന്യതക്ക് ഒട്ടും ചേരാത്ത വിധം പ്രകോപനപരവും അനാവശ്യ പദകൊഴുപ്പും ഒക്കെ ചേര്‍ത്ത് പതിനഞ്ചു പുറം വരുന്ന ഒരു മറുപടിയാണ്, പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകന്‍ പാസ്റ്റര്‍ നെബു എനിക്ക് ഒപ്പിട്ട് നല്‍കിയത്. ഇത് എഴുതിയത് അനില്‍ എന്ന വ്യക്തിയാണെന്ന് ആ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സംവാദ വ്യവസ്ഥയുടെ വിശദീകരണം.
ക്രൈസ്തവ വിഷയത്തിലുള്ള സംവാദം
യേശുക്രിസ്തുവിന്‍റെ ദൈവീകത, ക്രൈസ്തവ വിശ്വാസപ്രകാരമുള്ള യേശുവിന്‍റെ ദൈവപുത്രത്വം, ത്രിത്വവിശ്വാസം, കുരിശുമരണത്തെ അടിസ്ഥാനമാക്കിയുള്ള നിത്യജീവന്‍, യേശുവിനോടുള്ള പ്രാര്‍ത്ഥന എന്ന് തുടങ്ങിയ ക്രിസ്തുമതത്തിന്‍റെ പ്രധാന ആദര്‍ശങ്ങളൊന്നും ദൈവനിയോഗിതനായ യേശുക്രിസ്തു പഠിപ്പിച്ചതല്ല, മറിച്ച് പില്‍ക്കാലക്കാര്‍ പുതിയതായി നിര്‍മ്മിച്ചവ ആണെന്നതാണ് എന്‍റെ വാദം. ഇക്കാര്യം തെളിവുകള്‍ ഉദ്ധരിച്ച് കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിയുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പൗലോസിന്‍റെയും യേശുവിന്‍റെയും അദ്ധ്യാപനം തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന പുസ്തകവും പ്രസംഗവും മുന്‍പ് തന്നെ ഞാന്‍ പൊതു സമൂഹം മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉണയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്.
അപ്പോള്‍ സംവാദ രൂപരേഖയില്‍ ഞാന്‍ എഴുതിയ വാദവും അംഗീകരിച്ച പ്രമാണവും വളരെ കൃത്യമാണ്. പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്. ഇങ്ങനെ നടക്കേണ്ട ചര്‍ച്ച നമ്മള്‍ തമ്മിലല്ല മറിച്ചു ക്രൈസ്തവര്‍ തമ്മിലാണ്. കാരണം എല്ലാ ക്രൈസ്തവരും ബൈബിള്‍ ദൈവീകം ആണെന്ന് വിശ്വസിക്കുന്നു. പക്ഷേ നമ്മള്‍ തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഞങ്ങളുടെ വാദപ്രകാരം ക്രിസ്തുമതത്തിന്‍റെ ആദര്‍ശങ്ങളും യേശുക്രിസ്തുവിന്‍റെ വാക്കുകളും വിരുദ്ധമാണെന്ന് ഉള്ളതാകുമ്പോള്‍, ഈ വാദത്തിന് എതിര്‍വാദം ക്രൈസ്തവ പക്ഷത്തിന് ഉണ്ടെങ്കിലാണ് ചര്‍ച്ചയും സംവാദവു അനിവാര്യമാകുന്നുള്ളൂ.
നേരെ മറിച്ച്, മുസ്ലീങ്ങളുടെ ഈ വാദത്തിന് ഞങ്ങള്‍ക്ക് എതിര്‍വാദം ഇല്ലെന്നും യേശുക്രിസ്തു പഠിപ്പിച്ചതായി ആരോപണ വിധേയമായ ആദര്‍ശങ്ങളെ ഞങ്ങളും കാണുന്നില്ല എന്ന് ക്രൈസ്തവരും സമ്മതിച്ചാല്‍ എന്‍റെ വാദം നിങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് വരുകയാണ് എങ്കില്‍ പരസ്പരം ഉള്ള ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് സ്നേഹപൂര്‍വ്വം നമുക്ക് ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. എന്നാല്‍ ക്രൈസ്തവ പക്ഷം അതിന്‍റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് എന്‍റെ വാദത്തിനു എതിര്‍വാദം നടത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ദൈവനിയോഗിതനായ യേശുക്രിസ്തു, ക്രിസ്തുമതത്തിന്‍റെ ആദര്‍ശ രൂപീകരണത്തില്‍ പങ്കു വഹിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിക്കലായിരിക്കും ഫലം. ഇത് നിഷ്കളങ്കരായ ക്രിസ്തു സ്നേഹികളെ ഒരു പുനര്‍ ചിന്തക്ക് പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.
എന്‍റെ വാദത്തിനു എതിര്‍വാദം ഇല്ലെന്ന് സമ്മതിച്ചതിനുശേഷം, യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനത്തോടൊപ്പം പൗലോസിന്‍റെ ലേഖനങ്ങളും ആരെഴുതിയത് എന്ന് വ്യക്തതയില്ലാത്ത എബ്രായ ലേഖനവും കാനോനികമായി സ്വീകരിക്കണോ എന്ന് സംശയിച്ച് ക്രൈസ്തവര്‍ തന്നെ നൂറ്റാണ്ടുകളോളം അകറ്റി നിര്‍ത്തിയിരുന്ന പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം. യേശുവിന്‍റെ ദിവ്യത്വത്തെ സംബന്ധിച്ച് ബൈബിള്‍ മുഴുവനും മാനദണ്ഡമാക്കി നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് യഹോവ സാക്ഷികളുമായാണ്. എന്നാല്‍ അവര്‍ക്കായി തയ്യാറാക്കിയിട്ടുള്ള കുറിപ്പ് ഉപയോഗിച്ച് ഇസ്ലാമിക പക്ഷവുമായി സംവാദം നടത്തുവാന്‍ ആഗ്രഹിക്കുന്നത് , നന്നേ ചുരുങ്ങിയപക്ഷം ഇസ്ലാമിക വാദത്തെ സംബന്ധിച്ചുള്ള അറിവിന്‍റെ അഭാവമാണ് പ്രകടമാക്കുന്നത്.
യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവ വചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്. യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പോസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നും പിന്നീട് ഉടനെ നടന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അഥവാ റോമന്‍ ആക്രമണത്തില്‍ യഹൂദരും യഹൂദ ക്രൈസ്തവരും ചിന്ന ഭിന്നമാവുകയും കൂടുതല്‍ അപ്പോസ്തലന്മാര്‍ രക്തസാക്ഷിയാവുകയും ചെയ്തിരിക്കെ, ഇവയൊക്കെ എഴുതിയത് ആരാണെന്നും, ആര്‍ക്കു ലഭിച്ചുവെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.
പക്ഷെ ഇന്ന് ബൈബിളില്‍ യേശുക്രിസ്തുവിനെ കുറിച്ച് വിവരിച്ചിട്ടുള്ള നാല് സുവിശേഷങ്ങളും അപ്പൊസ്തോല പ്രവൃത്തിയുടെ തുടക്കവും സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഏതെങ്കിലും കാതലായ ക്രൈസ്തവ ആദര്‍ശം സ്ഥാപിക്കാന്‍ ഉപോല്‍ബലകമായ ഒരു വാക്യം പോലും ഇന്ന് ബൈബിളിലുള്ള യേശു ക്രിസ്തുവില്‍ നിന്നും ക്രിസ്തുമതസ്ഥര്‍ക്ക് ലഭ്യമല്ല എന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഇസ്ലാമിക ആദര്‍ശങ്ങളാണെന്നും നല്ല ബോധ്യമുണ്ട്. ത്രിത്വം, യേശുക്രിസ്തുവിന്‍റെ ദിവ്യത്വം, യേശുവിനോടുള്ള പ്രാര്‍ത്ഥന, ദൈവ പുത്ര സങ്കല്പം, കുരിശുമരണത്തിലൂടെ ഉള്ള നിത്യജീവന്‍ മുതലായവ പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് ഏതുവിധേനയും സംവാദം നടക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍, യേശു ക്രിസ്തുവിന്‍റേതായി ബൈബിളില്‍ ഉള്ള സുവിശേഷ വിവരണങ്ങളുടെ ആധികാരികത പരിശോധിക്കണം എന്ന പ്രധാനപ്പെട്ട ആവശ്യം ഉന്നയിക്കാതെ തന്നെ, അവയെ ചര്‍ച്ചയുടെ മാനദണ്ഡമാക്കുവാന്‍ ഞാന്‍ പൂര്‍ണ്ണ സമ്മതം തന്നിരിക്കുന്നു.
എന്നാല്‍ ഇതുപോരാ, പൌലോസിന്‍റ]യും മറ്റുള്ളവരുടെയും ലേഖനങ്ങളും ഉദ്ധരിച്ചു സംവദിക്കാനുള്ള അവസരം നല്‍കണമെന്നു പറയുന്ന ക്രൈസ്തവപക്ഷം, എതിര്‍കക്ഷികളുടെ വാദം ഗ്രഹിക്കാതിരുന്നതാണോ, അതോ സംവാദം ഒഴിവാക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാത്രമല്ല, എന്‍റെ ജോലി അല്ലെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിനു ശേഷം ആരാണ് ഈ പുത്തന്‍ ആശയം പ്രചരിപ്പിച്ചതെന്നും ഇതിനോടുള്ള അപ്പോസ്തോലനിലപ്പാട് എന്താണെന്നും, ഇതെങ്ങിനെ ലോകത്ത് ശക്തിപ്പെട്ടെന്നും കൂടിയുള്ള കൃത്യമായ വിവരണം സുവിശേഷങ്ങള്‍ക്ക് ശേഷമുള്ള മറ്റു പുസ്തകങ്ങളും ക്രൈസ്തവ ചരിത്ര രേഖകളും അടിസ്ഥാനമാക്കി ഞാന്‍ പൂര്‍ത്തികരിക്കാം. പക്ഷെ ആദ്യം യേശുക്രിസ്തുവിന്‍റെ മാത്രം അധ്യാപനത്തെ ആശ്രയിച്ചിട്ടുള്ള സംവാദം നടക്കണം. ഇത് ക്രിസ്തുമതക്കാരെയും ക്രിസ്തു സ്നേഹികളെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അത് ക്രൈസ്തവ ഇസ്ലാം സംവാദം അല്ല, മറിച്ച് ക്രൈസ്തവരും മുന്‍ ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ്. അതിനും ഞാന്‍ ഒരുക്കമാണ്.
മറ്റൊന്ന് സമയക്രമം ആണ്. ക്രിസ്തുമതവുമായി ബന്ധപ്പെട്ട നടക്കുന്ന ചര്‍ച്ചയില്‍ മറുപടി പറയേണ്ട ക്രൈസ്തവ പക്ഷത്തിനു ആ സംവാദത്തിന്‍റെ സമയഘടന തീരുമാനിക്കാനുള്ള അവസരം ഞാന്‍ നല്‍കിയിരുന്നു. ഇരുപക്ഷത്തിനും ആവശ്യമായ സമയം ലഭിക്കണമെന്നു മാത്രമേ നിബന്ധനയുള്ളൂ.
ഇസ്ലാമിക വിഷയത്തിലുള്ള സംവാദം
ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിനുള്ള വാദം പരിശോധിച്ചതിന് ശേഷമാണ് ഞാന്‍ എതിര്‍വാദം സമര്‍പ്പിക്കേണ്ടത്. ഒരു പക്ഷെ, നിസ്കാരത്തിന്‍റെ രൂപം, ശുദ്ധിയാകേണ്ടതെങ്ങിനെ, നോമ്പിന്‍റെ വിവരണം, ഹജ്ജിലെ മുഴുവന്‍ കര്‍മ്മങ്ങള്‍, സക്കാത്തിന്‍റെ മുഴുവന്‍ വിവരണം തുടങ്ങിയവ ഒന്നും ഖുറാനില്‍ ഇല്ലായെന്നാണ് ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കുന്നതെങ്കില്‍ (മുമ്പ് സാക്ഷി തമിഴ്നാട്ടില്‍ നടന്ന സംവാദത്തില്‍ വലിയ കാര്യമായി പറഞ്ഞത് പോലെ) നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും സത്യമാണ് എന്ന് ഞാന്‍ എഴുതി തരും. ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിക്കുന്നതിനു പകരം ഇസ്ലാമിക വിഷയത്തെ എതിര്‍ത്ത് കൊണ്ട് നിങ്ങള്‍ വാദം അവതരിപ്പിച്ചാല്‍ തീര്‍ച്ചയായും എതിര്‍വാദം എന്താണെന്ന് വ്യക്തമാക്കി കൊണ്ട് വ്യവസ്ഥ തയ്യാറാക്കാവുന്നതാണ്.
പക്ഷെ, ഞാൻ എഴുതി തന്ന വ്യവസ്ഥയിൽ ഇസ്ലാമിക വിഷയം ഇല്ലായെന്ന് പരാതി പറയുകയാണ് ക്രൈസ്തവ പക്ഷം. യഥാർത്ഥത്തിൽ ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല മറിച്ച് ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദങ്ങൾക്ക് ഈ സംവാദത്തിൽ മറുപടി പറയുകയാണ് എന്‍റെ ജോലി എന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കിലും എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് കൈമാറുന്ന വ്യവസ്ഥയിൽ ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദം നൽകുമ്പോഴാണ് ഞാൻ എതിർവാദം സമർപ്പിക്കെണ്ടതുള്ളൂ . പക്ഷെ ഇതൊന്നും ഗ്രഹിക്കാതെ അധിക പ്രസംഗം നടത്തി സമയം കളഞ്ഞിരിക്കുകയാണ് അനിൽ എന്ന ക്രൈസ്തവ എഴുത്തുകാരൻ.
മറ്റൊന്നു ഇസ്ലാമിക വിഷയത്തിൽ ഇരുപക്ഷവും പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ആവണമെന്ന് ഞാൻ അറിയിച്ചിരുന്നു. ഇതിലും ക്രൈസ്തവ പക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നു. യഥാർത്ഥത്തിൽ മുഹമ്മദ് നബി (സ) യുടെ പൂർത്തീകരിക്കപ്പെട്ട ഇസ്ലാമിൽ, അദ്ദേഹത്തിന്‍റെ പ്രവാചക കാലഘട്ടത്തിനു മുൻപ് ധാരാളം പ്രവാചകന്മാർ ഉണ്ടെങ്കിലും അദ്ദേഹത്തെ അന്ത്യപ്രവാചകനായി തിരഞ്ഞെടുത്തതിനു ശേഷം അദ്ദേഹത്തിന്‍റെ കുടുംബക്കാരിലോ അനുയായികളിലോ ആര്‍ക്കും തന്നെ ദൈവിക വെളിപാട് ലഭിച്ചുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. നമ്മൾ ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിലെ ആധികാരികമായ ഏക സ്രോതസ്സ് മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളാണ്. ആ അദ്ധ്യാപനത്തിൽ, ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുർ ആനും അതിന്‍റെ വിവരണമായ പ്രവാചക ജീവിതവും ഉൾക്കൊള്ളുന്നുണ്ട്. മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്.
പ്രവാചകന്‍റെ ആദ്ധ്യാപനത്തെയും ജീവിതത്തെയും പഠനവിധേയമാക്കി ധാരാളം പണ്ഡിത ശ്രേഷ്ഠന്മാർ ക്വുർ ആനിനു വ്യാഖ്യാനം എഴുതുകയും ചിലർ ചരിത്രം രചിക്കുകയും ചിലർ കർമശാസ്ത്രം രൂപികരിക്കുകയും മറ്റു ചിലർ ഗവേഷണങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ പഠനങ്ങൾക്കെല്ലാം അവ ഓരോന്നും അർഹിക്കുന്ന സ്ഥാനങ്ങൾ മുസ്ലിങ്ങൾ നല്കുന്നുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന പ്രമാണമായി ആരും കരുതുന്നില്ല. ഈ പണ്ഡിതന്മാര്ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അംഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല. നേരെ മറിച്ചു തങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും തങ്ങൾ എത്തി ചേർന്ന നിഗമനങ്ങൾക്ക് തെളിവാക്കിയിട്ടുള്ളത് മുഹമ്മദ് (സ) യുടെ അദ്ധ്യാപനം ആണെന്നും ആ അദ്ധ്യാപനം തങ്ങൾക്കു ലഭിച്ചത് ഈ പരമ്പരയിലൂടെ ആണെന്നും തങ്ങൾ സ്വീകരിച്ച ഈ തെളിവുകളിൽ ദൗർബല്യം കണ്ടെത്തുകയോ ഇതിനേക്കാൾ തെളിവോടു കൂടി മറ്റൊന്നു ലഭിക്കുകയോ ചെയ്താൽ ഞങ്ങളുടെ നിഗമനങ്ങളെ നിങ്ങൾ ഒഴിവാക്കുകയും സ്ഥിരപ്പെട്ടത് സ്വീകരിക്കുകയും ചെയ്യണമെന്നും ഇവർ നിബന്ധന വെച്ചിട്ടുണ്ട്.
ഇങ്ങനെ തുടർന്ന് വന്ന ഗവേഷണങ്ങളും ഫലങ്ങളും അതിന്‍റെ വഴികളും ഒക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളെ മാത്രം പ്രമാണമാക്കണം എന്നത് ഈ സംവാദത്തിനു വേണ്ടി മാത്രം ഞാൻ പറയുന്ന നിബന്ധനയല്ല. മറിച്ച് ഇതല്ലാതെയുള്ള ഒന്നും പ്രമാണമായി സ്വീകരിക്കുന്ന രീതി ഒരു വിഷയത്തിലും മുസ്ലിങ്ങൾക്ക് ഇല്ല.
ഇസ്ലാമിനെ സംബന്ധിച്ച് ഉപരിപ്ലവമായ ധാരണ ഉള്ളവർക്ക് പോലും ഞാൻ മേൽ പറഞ്ഞത് അസ്വീകാര്യമാവേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞുതരാമോ എന്നാണ് ക്രൈസ്തവപക്ഷം ചോദിക്കുന്നത്. ഞങ്ങൾ സീറയോ, ത്വാരിഖൊ, ഹദീസൊ ഉദ്ധരിക്കുമ്പോൾ ഇതൊന്നും സ്ഥിരപ്പെട്ടതല്ല എന്ന് നിങ്ങൾ പറഞ്ഞാലോ എന്നാണ് ക്രൈസ്തവ ആകുലത. ഇങ്ങനെ ഞങ്ങൾ എന്തെങ്കിലും കാര്യം സ്വീകാര്യമല്ലെന്ന് തെളിവുകൾ സഹിതം പറയുമ്പോൾ ഞങ്ങൾ പറയുന്നത് ഖണ്ഡിക്കാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും ആവശ്യമായ കാര്യങ്ങൾ ക്രൈസ്തവപക്ഷം പഠിച്ചുവരണമെന്നാണ് എനിക്ക് പറയുവാനുള്ളത്. ഏതായാലും മുഹമ്മദ് നബി (സ)യുടെ പേരിൽ പറയപ്പെട്ട ഒരു കാര്യം പോലും ഇസ്ലാമിക പണ്ഡിതന്മാർ സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കാതിരുന്നിട്ടില്ല. ഇവയെല്ലാം കൃത്യമായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ പഠിച്ചു തങ്ങൾക്കു അനുകൂലമായി എന്തെങ്കിലും ലഭിക്കുമെങ്കിൽ സംവാദ വേളയിൽ ഉപയോഗിക്കുകയാണ് വേണ്ടത്.
പക്ഷെ ഇത്ര ഗഹനമായ പഠനം ഇല്ലെന്നു മാത്രമല്ല, തങ്ങൾ ഉദ്ധരിക്കുന്ന വിഷയത്തിന്‍റെ മുന്‍പും പിന്‍പും പോലും ഈ കൂട്ടർക്ക് അറിയില്ല എന്നതാണ് ഇവരുമായി നടത്തിയ പല ചർച്ചയിലൂടെയും ഞാൻ മനസിലാക്കിയത്. ഇന്റെർനെറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കുറേ വിമർശനങ്ങളും അമുസ്ലിങ്ങൾ വിവർത്തനം ചെയ്ത പുസ്തകങ്ങളും ഇസ്ലാമിക സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഉന്നയിക്കുന്ന തർക്ക വിഷയങ്ങളും നിരീശ്വര വാദികൾ ഉന്നയിക്കുന്ന ആരോപണങ്ങളും ഒക്കെ തലയും വാലും പരിശോധിക്കാതെ ശേഖരിച്ചു വയ്ക്കുക മാത്രമാണ് സാക്ഷി ചെയ്യുന്നത്. ഇങ്ങനെയുള്ള അസംബന്ധങ്ങളുമായി ഇസ്ലാമിക പണ്ഡിതന്മാരുടെ മുമ്പിൽ ഇവർ വിഷയാവതരണം നടത്തിയാൽ തെളിവില്ലാതെ ദുരാരോപണം പറഞ്ഞതിന്‍റെ പേരിൽ ഏത്തമിടെണ്ടിവരും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മാത്രവുമല്ല അവർ വായിക്കുന്ന ഭാഗത്ത് എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം പോലും ആവില്ല പലപ്പോഴും പറയുന്നത്.
ത്വരിഖ്, ഫത്വ, തഫ്സീർ എന്ന് തുടങ്ങി ഏതു നിങ്ങൾ ഉദ്ധരിച്ചാലും അവയുടെ ഒക്കെ അവലംബം മുഹമ്മദ് നബി (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനം മാത്രം ആവണമെന്നും, അല്ലാത്ത പക്ഷം ഞങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള പ്രമാണം വിഷയാവതരണ ദിവസം തന്നെ ക്രൈസ്തവ പക്ഷം വ്യക്തമാക്കുവാൻ ബാദ്ധ്യസ്ഥരാണ്. അതിനു പരാജയപ്പെടുന്ന പക്ഷം ഉന്നയിച്ച ആരോപണം പരസ്യമായി മൈക്കിലൂടെ ക്രൈസ്തവ പക്ഷം പിൻവലിക്കെണ്ടാതാണെന്നും അവശേഷിക്കുന്ന ആരോപണങ്ങൾക്ക് മാത്രമേ ഇസ്ലാമിക പക്ഷത്തിന് മറുപടി പറയേണ്ട ബാദ്ധ്യതയുള്ളൂ എന്നും ഓർമപ്പെടുത്തുന്നു.
ഇങ്ങനെ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ എന്ന ഏക പ്രമാണം മാത്രമേ ഇസ്ലാമിന് ഉള്ളൂ എന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് അത്ഭുതപ്പെടുക ഒന്നും വേണ്ട. ഇസ്ലാമിക വിഷയത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഖണ്ഡന പ്രസംഗങ്ങളിലും ഇരുപക്ഷവും അംഗീകരിക്കുന്നത് ഞാൻ നിങ്ങള്‍ക്ക് മുൻപിൽ വച്ച ഏക പ്രമാണമായ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണെന്ന് ഇന്‍റെർനെറ്റും മറ്റു സൌകര്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ചുരുക്കത്തിൽ ഇസ്ലാമിക ചർച്ചയ്ക്കായി ഞാൻ മുൻപിൽ വച്ച ഏക പ്രമാണം എന്നത് അപ്രാപ്യമായതും ലോകത്ത് നിലവിൽ ഇല്ലാത്തതുമായ ഒരു സംഗതിയല്ല. പക്ഷെ ഇസ്ലാമിലെ തെളിവ് ഏതെന്നു വേര്‍തിരിച്ച് ഗ്രഹിക്കുവാനുള്ള സാക്ഷിയുടെ പോരായ്മ മറച്ചു വെക്കുവാനുള്ള അനാവശ്യ വാചക കസർത്ത് മാത്രമാണ് സംവാദത്തിനു വിഘാതമാവുന്നതു.
സംവാദ വ്യവസ്ഥ പൂർണ്ണമാണ്
ചുരുക്കത്തിൽ ക്രൈസ്തവ വിഷയവുമായി ബന്ധപ്പെട്ടു നടക്കേണ്ട സംവാദത്തിൽ ഞാൻ മുന്നോട്ടു വെക്കുന്ന വാദവും അംഗീകരിച്ച പ്രമാണവും ഉൾകൊള്ളിച്ചു ഞാൻ നല്കിയ വ്യവസ്ഥ പൂർണവും യുക്തി സഹവുമാണ്. അതേ പോലെ ഇസ്ലാമിക വിഷയത്തിൽ നിങ്ങളുടെ വാദം ലഭ്യമല്ലാത്ത സന്ദർഭത്തിൽ എതിർവാദം എഴുതാതിരുന്നതും സംവാദത്തിനു പ്രമാണമായി നിബന്ധനയാക്കിയ മുഹമ്മദ് (സ) നബി സ്ഥിരപ്പെട്ട അദ്ധ്യാപനം എന്നതും തിരുത്തൽ ആവശ്യമില്ലാത്ത വിധം കൃത്യമാണ്. എന്തുകൊണ്ട് ഞാൻ ഇപ്രകാരം എഴുതി എന്ന് ക്രൈസ്തവ പക്ഷം ഗ്രഹിക്കാത്തതിനാൽ ഓരോന്നും വിശദീകരിച്ചു എന്ന് മാത്രം. സംവാദത്തിന്‍റെ സമയഘടന, തീരുമാനിക്കാനുള്ള അവകാശം ആരോപണത്തിന് മറുപടി പറയുന്ന കക്ഷിക്ക് നല്കണം എന്നതിലും ഞാൻ ഉറച്ചു നില്കുന്നു. ഏതായാലും സമയവും വേദിയും നിശ്ചയിക്കുന്നതിന് മുൻപ് തീരുമാനമാകേണ്ട വിഷയങ്ങൾ ബാക്കി നിൽകുന്നതിനാൽ ഇപ്പോൾ അവ ചർച്ച ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ല.
ഞാൻ അറിയുന്ന സാക്ഷി
സംവാദ വെല്ലുവിളികളുമായി പുകമറ സൃഷ്ടിക്കുന്ന സാക്ഷിയെക്കുറിച്ചു ചിലത് പറയാതെ വയ്യ. പല തവണ ഞാനുമായി സാക്ഷി പ്രവർത്തകർ ചർച്ച നടത്തി. ഒരിക്കൽ പോലും എന്‍റെ വിഷയത്തെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും സംവാദ ചര്ച്ചക്കു വരികയും ഇസ്ലാമിക വിഷയത്തിൽ പ്രമാണത്തിന്‍റെയും സമയ ഘടനയുടെയും വിഷയത്തിൽ തെറ്റിപ്പിരിയുകയും ചെയ്യും. ക്രിസ്തുമത വിഷയം മാത്രമായി ചർച്ച ചെയ്യുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപ്പെടും. എന്നാൽ ക്രൈസ്തവ വിഷയം ഒഴിവാക്കി ഇസ്ലാമിക വിഷയം മാത്രം നിങ്ങൾ അവതരിപ്പിക്കുക, ഒരു സമയം നിശ്ചയിച്ച് ഓരോന്നിനും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞാൽ സാക്ഷി അതിൽ നിന്ന് പിന്മാറും. പറയുന്ന വിഷയത്തിൽ ഒരു ആത്മാർഥതയും സാക്ഷി പുലർത്താറില്ല.
സ്വാഭാവികമായും എന്‍റെ ആരോപണങ്ങൾക്ക് ഒരു മറുപടിയും നാളിതുവരെ സാക്ഷി പ്രവർത്തകർ പറയാത്തതിനാൽ ഞാൻ അവരെ പരിഗണിക്കാറില്ല എന്നതാണ് വസ്തുത. എന്നാൽ സാക്ഷിയുടെ പരിപാടികൾ ഞാൻ ശ്രദ്ധിക്കുകയും കൃത്യമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ അബദ്ധങ്ങളും ആശയ ദാരിദ്ര്യവും വളരെയധികമാണ്. അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു. അത്രമാത്രം അബദ്ധങ്ങൾ നിറഞ്ഞതാണ് ജെറി തോമസിന്‍റെ ഇത് വരെ നടന്ന പ്രസംഗങ്ങൾ. ഇക്കാര്യം എന്‍റെ മുൻപിൽ വന്ന സാക്ഷി പ്രവർത്തകർക്കും മുസ്ലിങ്ങൾക്കും ഇപ്പോൾ പെരുമ്പാവൂർ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവർത്തകനായ പാസ്റ്റർ നെബുവിനോടും ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ കൈകാര്യം ചെയ്യുന്ന ക്രിസ്തുമതം, പൗലോസ് തുടങ്ങിയ ആശയപരമായ വലിയ വിഷയങ്ങൾ ഒഴിവാക്കി, സാക്ഷി ജെറി തോമസ് എന്നിവരുടെ അബദ്ധങ്ങള്‍ എന്നാ തികച്ചും വ്യക്തി കേന്ദ്രീകൃതവും താരതമ്യേന ലഖുവായ മേഖലയിലേക്കും സമയം നല്‍കുവാനുള്ള സാഹചര്യം ഇപ്പോഴില്ല.
യേശു മിശിഹ ഏതു പക്ഷത്ത്, ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യം എന്ത് എന്ന എന്‍റെ രണ്ടു പുസ്തകങ്ങളിലൂടെ യേശുക്രിസ്തുവും ന്യായപ്രമാണവും തമ്മിലുള്ള ബന്ധം എന്താണെന്നും, പൌലോസിന്‍റെ ഗലാത്യ ലേഖനത്തിലെ എതിര്‍ സുവിശേഷകര്‍ ആരാണെന്നും യേശുവിന്‍റെ കാലശേഷം അപ്പോസ്തോലന്മാര്‍ ന്യായപ്രമാണവും പരിച്ഛേദനയും അനുഷ്ടിച്ചിരുന്നു എന്നും, യാഗങ്ങളും പാപപരിഹാര ബലികളും യേശുവിന്‍റെ കുരിശു മരണത്തിലൂടെ അവസാനിച്ചില്ലെന്നും അപ്പോസ്തോലന്മാര്‍ പൌലോസിനെ അംഗീകരിച്ചിരുന്നില്ലായെന്നും ഞാന്‍ സമര്‍ഥിച്ചിരുന്നു. ആദ്യ പുസ്തകം ഇറങ്ങിയ ദിവസം നേരിട്ട് വന്നു എന്‍റെ കയ്യില്‍ നിന്നും പത്ത് പുസ്തകം വാങ്ങി ഉടന്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ സാക്ഷി പ്രവര്‍ത്തകര്‍ നാളിതുവരെ ആയിട്ടും ഒരു മറുപടിയും പറഞ്ഞിട്ടില്ല.
ആരംഭ സമയത്ത് മറുപടി പലര്‍ എഴുതുന്നുണ്ടെന്നും ചിലത് പ്രസ്സില്‍ കൊടുത്തിട്ടുണ്ടെന്നും വരെ എന്നെ അറിയിച്ച സാക്ഷി പ്രവര്‍ത്തകര്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും ഒരു മറുപടിയും എന്‍റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയാതെ മുങ്ങി നടക്കുകയാണ്. ഇവരില്‍ പെട്ട പലരും പുതിയ ഗലാത്യ ലേഖന വ്യാഖ്യാനങ്ങള്‍ രഹസ്യമായി പറഞ്ഞു നോക്കുന്നുണ്ട്. ചില സാക്ഷി പ്രഭാഷകര്‍ ഗലാത്യയിലെ എതിര്‍ സുവിശേഷകര്‍ മുസ്ലിങ്ങള്‍ ആണെന്നും പൌലോസിന്‍റെ പ്രവാചക പുസ്തകമാണ് ഗലാത്യയെന്നും പറയുന്നു. മറ്റു ചിലര്‍ അപ്പോസ്തോലന്മാര്‍ക്ക് വെറും പ്ലസ് ടു വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നും പൌലോസ് പി എച്ച് ഡി ഉള്ളവനാനെന്നും അതുകൊണ്ട് അപ്പോസ്തോലന്മാര്‍ക്ക് സുവിശേഷത്തെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാലാണ് പൌലോസുമായി വഴക്കുണ്ടാക്കിയതെന്നും പറയുന്നു. ഇപ്പോള്‍ ജെറി തോമസും വന്നു വിരലില്‍ എണ്ണാന്‍ കഴിയാത്ത അബദ്ധങ്ങളും പറഞ്ഞിട്ട് എന്‍റെ ചോദ്യത്തിന് മുഖം നല്‍കാതെ കടന്നു കളയുന്നു. സാധാരണ സദസ്സിനെ നോക്കി വെല്ലുവിളി ഉയര്‍ത്തുന്നവര്‍ ഞാന്‍ മുന്‍പില്‍ മുഴുവന്‍ സമയം ഇരുന്നിട്ടും ചോദ്യത്തിന് അവസരം അനുവദിക്കാതെ ഒഴിഞ്ഞു മാറുന്നു. ചുരുക്കത്തില്‍ ഞാന്‍ സമര്‍പ്പിച്ച വിഷയങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നു സാക്ഷിക്ക് അറിയില്ല എന്നതാണ് വാസ്തവം.
ഈ ചമ്മല്‍ ഒഴിവാക്കാനുള്ള ഒരു ഉപായമാണ് സാക്ഷിയുടെ സംവാദ വെല്ലുവിളി. അത് എനിക്കും അവര്‍ക്കും അറിയാവുന്ന ഒരു രഹസ്യമാണ്. എന്‍റെ വിഷയത്തെ കുറിച്ച് ചോദിക്കുന്നവരോടെല്ലാം ഞങ്ങള്‍ ഈസയെ സംവാദത്തിനു വെല്ലുവിളിച്ചു എന്ന് പറഞ്ഞു നടക്കാമല്ലോ. മാത്രമല്ല, അവരോടൊപ്പമുള്ള കൂടുതല്‍ പേര്‍ക്കും സുവിശേഷ പ്രവര്‍ത്തനം മാത്രമാണ് ഉപജീവനമായിട്ടു ഉള്ളതും. അതും ഞാന്‍ പരിഗണിക്കണമല്ലോ.
രണ്ടു പുസ്തകം രചിച്ചതിന് ശേഷം ഞാന്‍ ചെയ്ത ശ്രദ്ധേയമായ കാര്യം, തിരുവട്ടാറുമായി നടത്തിയ ചര്‍ച്ചയാണ്. അതിന്‍റെ വിശദാംശങ്ങള്‍ എഴുതി ഞാന്‍ ആരെയും മുറിപ്പെടുത്തുന്നില്ല. എന്നാല്‍ ഈ വിഷയത്തിലും തിരുവട്ടാറിനെ സഹായിക്കാന്‍ ശ്രമിച്ച സാക്ഷിയുടെ പ്രവര്‍ത്തകര്‍ അവസാനം അദ്ദേഹത്തിന്‍റെ… കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. അല്ലാഹുവും മുഹമ്മദും കൊന്നിട്ടുണ്ട്, യേശു മാത്രം കൊന്നിട്ടില്ല എന്ന് പറഞ്ഞ തിരുവട്ടാറിനോട് യഹോവ കൊന്നുവെന്ന് പറയുമ്പോള്‍ യേശു കൊന്നുവെന്ന് മനസിലാക്കാമോ എന്ന് ചോദിക്കേണ്ടി വന്നത് എന്‍റെ കുറ്റമല്ല. ഈ ആദര്‍ശപരമായ ചോദ്യത്തിന് നാളിതുവരെ ഒരാളും മറുപടി പറഞ്ഞിട്ടില്ല.
ഈ വിഷയത്തില്‍ സാക്ഷിയുടെ പ്രവര്‍ത്തകരെ മറുപടിക്ക് ഞാന്‍ സ്നേഹസംവാദം മാസികയിലൂടെയും ഇന്‍റെര്‍നെറ്റില്‍ അവതരിപ്പിച്ചു സംഭാഷണത്തിലൂടെയും പരസ്യമായി ക്ഷണിച്ചിട്ടും സാക്ഷി വന്നിട്ടില്ല. തിരുവട്ടാറിന്‍റെ സംഭവത്തിനു ഞാന്‍ പോലും പ്രതീക്ഷിക്കാതിരുന്ന പരസ്യം നല്‍കി ജനശ്രദ്ധയാകര്‍ഷിച്ച സാക്ഷി, ക്രൈസ്തവ സമൂഹത്തിനു ഏല്പിച്ച ക്ഷീണം ചില്ലറ അല്ല. ഇപ്പോഴും ആയിരക്കണക്കിനുള്ള ആളുകള്‍ ഇത് കണ്ട് സത്യം തിരിച്ചറിയുവാന്‍ സാക്ഷിയുടെ പ്രവര്‍ത്തനം കാരണമായിട്ടുണ്ട്. ഇങ്ങനെ സ്വയം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പോലും സാക്ഷിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ല എന്നതാണ് എനിക്കുള്ള അനുഭവം. ഈ സാക്ഷികളുമായി കൂട്ടുചേര്‍ന്നു പെരുമ്പാവൂര്‍ വിശ്വാസികള്‍ പരിപാടി നടത്തിയതിലും അബദ്ധങ്ങള്‍ നിരവധിയാണ്.
ഏദന്‍ തോട്ടത്തെയും സമാഗമന കൂടാരത്തെയും താരതമ്യം ചെയ്യുന്നതിന് ഭാവന അല്ലാതെ ജെറിയുടെ പക്കല്‍ ഒന്നും ഇല്ല. ന്യായപ്രമാണം വഴി ആരും രക്ഷപ്പെടുക ഇല്ലായെന്നു യെഹോവ പറഞ്ഞു എന്ന് പറയുക വഴി യെഹോവയെകുരിച്ചും ബൈബിളിനെ കുറിച്ചും ഗുരുതരമായ വ്യാജ ആരോപണം ആണ് ജെറി നടത്തിയിരിക്കുന്നത്. ജന്മപാപം, പൌലോസിനു മുന്‍പ് ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ട് എങ്ങുമെത്താതെ നിര്‍ത്തി ഭൌതീക നേട്ടം ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിച്ഛേദന ചെയ്യേണ്ടതുള്ളൂ എന്ന ജെറിയുടെ വാദം എത്രയോ അബദ്ധമാണ്. യാഗം നടത്താന്‍ ദേവാലയം ഇല്ലെങ്കില്‍ ന്യായപ്രമാണം ഉള്ള മതം എന്ത് മതമാണെന്ന് പറഞ്ഞ് യഹോവയെ പരിഹസിച്ചു. ഗലാത്യ ലേഖനത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാതെ എളുപ്പത്തില്‍ പറഞ്ഞ് തീര്‍ത്തു. ഇങ്ങനെ ന്യായപ്രമാണ നിയമങ്ങളെ സംബന്ധിച്ചും ഇസ്ലാമിക വിഷയങ്ങളെ സംബന്ധിച്ചും തന്‍റെ തെറ്റിധാരണകള്‍ ഞങ്ങളെ അറിയിച്ചു. പതിവ് പോലെ പരിഹസിച്ചും ആവേശം കാണിച്ചും പ്രസംഗം അവസാനിപ്പിച്ചു. ഈ നടത്തിയ പരിപാടി കൊണ്ട് പെരുമ്പാവൂരിലെ ക്രൈസ്തവര്‍ക്ക് എന്‍റെ വിഷയത്തിനുള്ള മറുപടി കിട്ടിയോ എന്ന് നിങ്ങള്‍ വിലയിരുത്തുക.
അനിലുമായി സംവാദം
ഏറ്റവും കുറഞ്ഞത് ഒരു നാല് തവണയെങ്കിലും എന്‍റെ വിഷയാവതരണത്തിനു മുന്‍പില്‍ കൃത്യമായ മറുപടി ഒന്നും പറയാതിരുന്ന വ്യക്തിയാണ് അനില്‍. ഇപ്പോഴും എന്തെങ്കിലും മറുപടി ഉണ്ടോ എന്ന് നിങ്ങള്‍ അനിലിനോട് ചോദിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടും. ഇനിയും സംശയം അവശേഷിക്കുന്നു എങ്കില്‍, എന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കി കോഴിക്കോട് വെച്ച് ഞാനും അനിലുമായി നടന്ന റെക്കോര്‍ഡ് ചെയ്ത സംവാദം ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം.
ഒരു സാധാരണ ബൈബിള്‍ വായനക്കാരന്‍ പോലും പ്രകടിപ്പിക്കാത്ത അമ്പരപ്പിലായിരുന്നു പലപ്പോഴും അനില്‍. “ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാന്‍ പിതാവിനാല്‍ ജീവിക്കുന്നത് പോലെ നിങ്ങളും ജീവിക്കേണ്ടതിനു എന്നെ ഭക്ഷിക്കണം” (യോഹ. 6:57) എന്ന യേശുവിന്‍റെ സുപ്രസിദ്ധമായ ബൈബിള്‍ വാക്യം സംവാദ മദ്ധ്യേ ഞാന്‍ ഉദ്ധരിച്ചപ്പോള്‍ ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല എന്നായിരുന്നു അനിലും ഫെന്നിയും അടങ്ങുന്ന ക്രൈസ്തവ പക്ഷം വാദിച്ചത്.
ഞാന്‍ ബൈബിളില്‍ ഇല്ലാത്ത വാക്യങ്ങള്‍ സ്വയം ഉണ്ടാക്കുന്നു എന്നും ഇത് കാണിക്കാതെ സംവാദം നടക്കില്ലെന്ന് വരെ അന്ന് ഇവര്‍ പറഞ്ഞിരുന്നു. അവസാനം ഞാന്‍ ബൈബിള്‍ തുറന്ന് വായിക്കുന്നത് വരെ ഈ തര്‍ക്കം തുടര്‍ന്നു. ഈ രണ്ടു പേരുമാണ് എനിക്ക് മറുപടി പറയുവാനായി സാക്ഷി പെരുമ്പാവൂരില്‍ ഒരുക്കി നിര്‍ത്തിയത്. എന്‍റെ ഒരു ഗതികേട് എന്നല്ലാതെ ഞാന്‍ ഇതിനു എന്താണ് പറയുക?
മാത്രമല്ല, ഗലാത്യ ലേഖന ചര്‍ച്ചയില്‍ യാക്കോബിന്‍റെ അടുക്കല്‍ നിന്നും വന്നവര്‍ പത്രോസിനെക്കൊണ്ട് പുതിയ നിലപാട് സ്വീകരിച്ചു എന്ന് പറയുന്ന സന്ദര്‍ഭത്തില്‍ ആ യാക്കോബ് എന്നാല്‍ ഇസ്രായേല്‍ ജനം ആണെന്ന് അനില്‍ വാദമുയര്‍ത്തി. യെരുശലേം സഭയുടെ അധ്യക്ഷനായ യാക്കോബ് എന്ന് സമ്മതിക്കാതിരിക്കുവാനുള്ള ഒരു വൃഥാ ശ്രമം. ആര്‍ക്കും തര്‍ക്കമില്ലാത്ത ഈ വിഷയം, പരിഹരിക്കാനായി ഫിലിപ്പ് സാറിന്‍റെ പുസ്തകം കാണിച്ചെങ്കിലും അനില്‍ തര്‍ക്കം തുടര്‍ന്നു.
അപ്പൊ പ്രവൃത്തി 21-ആം അധ്യായത്തില്‍ പൌലോസ് ചെലവ് വഹിച്ച നേര്‍ച്ച, നാസീര്‍ വ്രതമാണെന്നു എല്ലാ വിഭാഗം ക്രൈസ്തവ ബൈബിള്‍ അടിക്കുറുപ്പും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും ഏകോപിച്ചു പറഞ്ഞിട്ടുള്ളത് ചൂണ്ടി കാണിച്ചപ്പോഴും അനില്‍ കണ്ണടച്ച് ഇരുട്ടാക്കുക മാത്രമാണ് ചെയ്തത്.
ബൈബിളിന്‍റെ കാര്യത്തില്‍ ഇതാണ് അവസ്ഥ. അപ്പോള്‍ ഇസ്ലാം വിഷയം എങ്ങനെ ഉണ്ടാകും? അനിലിന്‍റെ ആദ്യ വിഷയാവതരണത്തില്‍ ഇബ്നു ഹിഷാം എന്ന ചരിത്രകാരന്‍ പൌലോസിനെക്കുറിച്ചു അപ്പോസ്തോലന്‍ എന്ന് പറഞ്ഞിട്ടുണ്ട് എന്ന ഭാഗം ഉദ്ധരിച്ചിട്ടു അനില്‍ ചോദിച്ചു ഇനി മുസ്ലീങ്ങള്‍ പറയുക, നിങ്ങള്‍ക്ക് പ്രവാചകനായ മുഹമ്മദ് പറയുന്നത് വിശ്വസിക്കണോ, അതോ മുഹമ്മദ് ഈസാ പറഞ്ഞത് വിശ്വസിക്കണോ? ഈ രണ്ടു മുഹമ്മദില്‍ നിങ്ങള്‍ക്ക് ആരെയാണ് സ്വീകരിക്കാന്‍ കഴിയുന്നത്?
അനിലിന്‍റെ തെളിവും ചോദ്യവും തമ്മില്‍ എന്ത് ബന്ധമെന്ന് ആര്‍ക്കും മനസിലായില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇബ്നു ഹിഷാം സ്വന്തമായി പറഞ്ഞതാണോ, പൌലോസിനെ അംഗീകരിച്ചിരിക്കുന്നു എന്ന് മുഹമ്മദ് നബി പറഞ്ഞത് ഇബ്നു ഹിഷാം ഉധരിച്ചതാണോ?
ഇതിനു അനില്‍ പറഞ്ഞത് ഇങ്ങനെ, ‘അങ്ങനെ പറയാന്‍ എനിക്ക് അറിയില്ല’. അതായത് അതുവരെയും അനില്‍ ധരിച്ചുവെച്ചത് ഇബ്നു ഹിശാമിന്റെ ചരിത്രം എന്ന് വെച്ചാല്‍, മുഹമ്മദ് നബി പറഞ്ഞു കൊടുത്ത ചരിത്രമെന്നോ, മുഹമ്മദ് നബി എഴുതിയ ചരിത്രമെന്നോ ആയിരുന്നു. ഈ തെറ്റിധാരണ ഞാന്‍ തിരുത്തിയപ്പോള്‍ അനില്‍ നിശബ്ദമായി ഇരുന്നു.
ഇങ്ങനെ കുറെ അബദ്ധങ്ങള്‍ പുറത്തിറക്കിയ അനിലിന് ആ ചര്‍ച്ച കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല. പിന്നീടും ഞങ്ങള്‍ പലവട്ടം കാണുമ്പോഴും അനിലിന് ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഒരു പ്രതീക്ഷയും അവശേഷിച്ചിരുന്നില്ല. ഈ സംവാദം കഴിഞ്ഞപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ എന്നോട് പറഞ്ഞത് അനില്‍ ഹിന്ദു മതത്തില്‍ നിന്നും വന്ന ആളല്ലേ, ബൈബിള്‍ പണ്ഡിതന്‍ ഒന്നും അല്ലല്ലോ? അദ്ദേഹം തുടക്കക്കാരന്‍ ആണ് എന്നൊക്കെ ആയിരുന്നു. ഇങ്ങനെയൊക്കെ ഉള്ള അനിലുമായി ആ വിഷയത്തില്‍ തന്നെ വീണ്ടും ഞാന്‍ സംവദിക്കണമോ? മാത്രമല്ല, മുഹമ്മദ് ഈസാക്ക് മറുപടി എന്ന പേരില്‍ സ്വന്തം ബ്ലോഗിലും ചില ക്രൈസ്തവ മാഗസിനുകളിലും അനില്‍ ലേഖനം എഴുതുന്നുണ്ട്. എന്‍റെ ലേഖനവും അനിലിന്‍റെ മറുപടിയും പരിശോധിക്കുന്ന ബൈബിള്‍ പരിജ്ഞാനമുള്ള ആര്‍ക്കും ആ മറുപടി തൃപ്തികരമാവില്ല എന്നതാണ് വസ്തുത. വെറുതെ എന്തൊക്കെയോ എഴുതി കോളം നിറയ്ക്കും എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പ്രീതിക്കായി ഭരണിപ്പാട്ട് പാടുന്ന ഭക്തരുണ്ട്. അതുപോലെ യേശു ക്രിസ്തുവിനു ഇഷ്ടപ്പെടും എന്ന് കരുതി കുറെയധികം ഭരണിപ്പാട്ടുകള്‍ അനില്‍ ലേഖനത്തില്‍ ചേര്‍ക്കുന്നത് മാത്രമാണ് പ്രത്യേകത. ഏതായാലും മുഹമ്മദു ഈസായുടെ ലേഖനം ഉള്ളത് കൊണ്ട് അനിലിനും ചില ലേഖനങ്ങള്‍ എഴുതാന്‍ അവസരം ലഭിക്കുന്നുണ്ട്.
അനിലിന്‍റെ ‘ദൈവങ്ങള്‍‘
അനിലിന്‍റെ ബ്ലോഗ് പരിശോധിച്ചപ്പോള്‍ ചില അത്ഭുത കാഴ്ചകള്‍ കണ്ടു. അതില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത ഒരു പഴയ നിയമ വ്യാഖ്യാനവും ഒരു പുതിയ നിയമ വ്യാഖ്യാനവും കാണുക.
1. സങ്കീര്‍ത്തനം 92:1-4
“യഹോവേ നീ എന്‍റെ സങ്കേതമാകുന്നു. അത്യുന്നതനെ നീ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” ഈ ബൈബിള്‍ പരിഭാഷ വായിച്ച അനില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇവിടെ യഹോവ എന്ന ദൈവം ആശ്രയിച്ചിരിക്കുന്നത് മറ്റൊരു അത്യുന്നതനിലാണ്. അപ്പോള്‍, യഹോവയേക്കാള്‍ ശക്തനും ഉന്നതനുമായ മറ്റൊരു ദൈവം ഉണ്ട്. ആ അത്യുന്നതനെ ദൈവം എന്ന് യഹോവ വിളിക്കുന്നു. വേട്ടക്കാരന്‍റെ കെണിയില്‍ നിന്നും വിനാശകരമായ പകര്‍ച്ചവ്യാധിയില്‍ നിന്നും യഹോവയെ രക്ഷിക്കുന്നത് അത്യുന്നതനാണ്. ആ അത്യുന്നതന്‍റെ തൂവലുകൊണ്ട് യഹോവയെ മറച്ചുപിടിക്കും. അത്യുന്നതന്‍റെ ചിറകിന്‍റെ കീഴില്‍ യഹോവ ശരണം പ്രാപിക്കും. യഹോവയുടെ കാലില്‍ കല്ല് തട്ടാതിരിക്കാന്‍ അത്യുന്നതന്‍ സംരക്ഷിക്കും.യഹോവ അത്യുന്നതനെ വിളിച്ചു പ്രാര്‍ത്ഥിക്കും. അത്യുന്നതന്‍ യാഹോവയ്ക്ക് ഉത്തരം നല്‍കും. ഇങ്ങനെ പോകുന്നു അനിലിന്‍റെ ബൈബിള്‍ പാണ്ഡിത്യം
യഹോവയെകുറിച്ച് ഇത്ര അധികം ദൈവദൂഷണം പറയണമെങ്കില്‍ ഇവര്‍ക്ക് എന്ത് ബോധമാണ് ഉള്ളതെന്ന് ചിന്തിക്കണം. യഥാര്‍ത്ഥത്തില്‍ യഹോവയെ ആശ്രയിക്കുന്ന വ്യക്തി യഹോവയുടെ മഹത്വത്തെക്കുറിച്ച് വര്‍ണ്ണിച്ച ഭാഗമാണ് ഇത്. ചില ബൈബിള്‍ പരിഭാഷകള്‍ കൂടുതല്‍ വ്യക്തത വരുത്താതെ എഴുതിയെന്ന പ്രശ്നം മാത്രെമേ ഉള്ളൂ. ഇവിടെ അത്യുന്നതന്‍ , സര്‍വ്വ ശക്തന്‍ എന്നൊക്കെ യഹോവയെക്കുറിച്ച് തന്നെയാണ്. മറ്റു പരിഭാഷകള്‍ കാണുക.
“അത്യുന്നതന്‍റെ സങ്കേതത്തില്‍ വസിക്കുന്നവന്‍ സര്‍വ്വശക്തന്‍റെ നിഴലില്‍ വിശ്രമിക്കും.ഞാന്‍ യഹോവയോടു അവിടുന്ന് എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന ദൈവവുമത്രേ എന്ന് പറയും.” New India Bible Version
“അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും സര്‍വ്വ ശക്തന്‍റെ തണലില്‍ കഴിയുന്നവനും കര്‍ത്താവിനോട് എന്‍റെ സങ്കേതവും എന്‍റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്ന് പറയും” റോമന്‍ കത്തോലിക്ക ബൈബിള്‍ .
ഇനി ഇതൊന്നും പരിശോധിക്കാതെ തന്നെ ബൈബിള്‍ പറയുന്ന യഹോവ ആരാണെന്നുള്ള വ്യക്തമായ ധാരണ ഒരാള്‍ക്ക് ഉണ്ടാവുക സ്വാഭാവികമല്ലേ? പക്ഷെ ഇത് പോലും അനിലിനു ഇല്ല. ത്രിത്വം സ്ഥാപിക്കാനായി യഹോവയുടെ ചുറ്റുപരിസരത്ത് മറ്റു ഏതെങ്കിലും ദൈവങ്ങളുണ്ടോ എന്ന് ഗവേഷണം നടത്തുമ്പോഴാണ് ഈ വാക്യം അനില്‍ കണ്ടത്. ഇസ്ലാമിക വിഷയം കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ മുമ്പും പിമ്പും ഒന്നും പരിശോധിക്കാതെ യഹോവ ഒരു ദുര്‍ബലനാണെന്നും യഹോവയെ സംരക്ഷിക്കുന്നത് ചിറകും തൂവലും ഒക്കെയുള്ള മറ്റൊരു അത്യുന്നതന്‍ ആണെന്നും അനില്‍ പ്രഖ്യാപിച്ചു. ആ അത്യുന്നതന്‍റെ പേര് അനില്‍ പറഞ്ഞില്ലെങ്കിലും, പഴയ ഗരുഡന്‍ ആണോ മനസ്സില്‍ ഉള്ളതെന്ന് സംശയമുണ്ട്. യഹോവ അധാര്‍മ്മികന്‍ ആണെന്ന് പറഞ്ഞ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയും യഹോവ ദുര്‍ബലനാണെന്ന് പറയുന്ന അനില്‍ കുമാര്‍ അയ്യപ്പനുമൊക്കെ ചേര്‍ന്ന് സുവിശേഷ നേതൃത്വം കൈകാര്യം ചെയ്‌താല്‍ ഭരണിപ്പാട്ടില്‍ മാത്രമല്ല, ആദര്‍ശത്തിലും അഗ്രചര്‍മ്മം അധികരിക്കാന്‍ സാധ്യതയുണ്ട്.
പക്ഷെ ഈ വിഷയത്തില്‍ ഞാന്‍ സാധുവായ അനിലിനെ കുറ്റം പറയുന്നില്ല. കാരണം അദ്ദേഹം ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് വന്ന തുടക്കക്കാരന്‍ അല്ലേ? തന്‍റെ മുന്‍ വിശ്വാസവുമായി യോജിക്കുന്ന ചില ഗവേഷണങ്ങള്‍ ക്രൈസ്തവ നേതാക്കള്‍ തങ്ങളുടെ ആദര്‍ശത്തിലും നടത്തിയത് അദ്ദേഹം എങ്ങിനെ തിരിച്ചറിയും? ത്രിത്വം സ്ഥാപിക്കാനായി യഹോവ സാക്ഷികളുമായി ജീവിതം മുഴുവന്‍ അങ്കം വെട്ടിയ എം.എം. സഖറിയയും ബ്രദറണ്‍ ബൈബിള്‍ കോളേജിലെ പ്രന്‍സിപ്പലായ പ്രഗത്ഭപണ്ഡിതന്‍ ഒ.എം.സാമുവേലും, പ്രഭാഷകരായ ജോസ് മാങ്കുടിയും, പി.എസ്. തമ്പാനും, ഡോ.സി.പി.വടവനയും, കുഞ്ഞുമോന്‍ തോട്ടപ്പിള്ളിയും, ജെയിംസ് തേങ്ങിലും തുടങ്ങിയ പ്രഗത്ഭന്‍മാര്‍ അവതാരികയും അനുമോദനവും നല്‍കി കൊണ്ട് പ്രസദ്ധീകരിക്കപ്പെട്ട ബ്രദര്‍ റെജി ഈട്ടിമൂട്ടില്‍ എഴുതിയ ‘പുത്രന്‍ പിതാവിനോട് സാമ്യാനോ, സമനോ ‘ എന്ന ഗ്രന്ഥത്തില്‍ പോലും ഈ വങ്കത്തരം എഴുതിയിട്ടുണ്ട്. ഇതും പതിവ് പോലെ തൊണ്ട തൊടാതെ വിഴുങ്ങുക എന്ന താരതമ്യേനെ ചെറിയ അപരാധം മാത്രമാണ് അനില്‍ ചെയ്തിട്ടുള്ളൂ. പക്ഷെ, യഹോവയെ നിസാരനാക്കി ഇതൊക്കെ എഴുതുമ്പോള്‍ ഇവരുടെ കൈ വിറയ്ക്കുന്നില്ലല്ലോ എന്നതിലാണ് എനിക്ക് അത്ഭുതം . എത്ര ദൈവ ദൂഷണം പറഞ്ഞാലും ഭയമില്ലാത്തവിധം ഇവരുടെ ഹൃദയത്തെ ദൈവം കഠിനമാക്കിയിരിക്കുന്നു എന്നതാണ് സത്യം.
2. മുഖ്യകല്‍പ്പനയിലും തിരിമറി.
“യിസ്രായെലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ അവനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ആത്മാവോടും സ്നേഹിക്കണം . ഇതാകുന്നു മുഖ്യമായ കല്പന. ”
മോശയും യേശുക്രിസ്തുവും പഠിപ്പിച്ച ഈ മുഖ്യകല്‍പ്പനക്ക് അനിലും സാക്ഷിയും നല്‍കുന്ന പരിഭാഷ ഇങ്ങനെയാണ്. “യിസ്രായെലേ കേള്‍ക്ക, നമ്മുടെ ദൈവങ്ങള്‍ അവര്‍ ഏകം തന്നെ.” ദൈവം ഒന്നിലധികം ഉണ്ടെന്നും അവര്‍ ഐക്യത്തില്‍ ഒന്നായി നില്‍ക്കുന്നുവെന്നും അനിലും സാക്ഷിയും പഠിപ്പിക്കുന്നു. ഇവര്‍ ഇവിടെ പറയുന്ന ഏക ദൈവത്വം ഈ അര്‍ത്ഥത്തിലാണ്.
എന്നിട്ട് അനിലും സാക്ഷിയും ഞങ്ങളോട് ചോദിക്കുന്നു “എന്താണ് ഏകത്വം” ശേഷം മലയാള നിഘണ്ടുകള്‍ ഉദ്ധരിച്ച് ഏകത്വം എന്നാല്‍ ഒന്നിലധികം ഉള്ളത് ഐക്യത്തില്‍ നില്‍ക്കുക ആണെന്ന് സമര്‍ത്ഥിക്കുന്നു. നാനാത്വത്തിലുള്ള ഏകത്വം എന്ന പ്രയോഗം അവര്‍ ഉദാഹരണമായി പറയുന്നു. എന്നിട്ട് അവര്‍ പറയുന്നത്, ഇസ്ലാമിക വിശ്വാസം ഏകദൈവവിശ്വാസം അല്ല; കാരണം അല്ലാഹു തീര്‍ത്തും ഏകനാണ്. പക്ഷെ ക്രൈസ്തവവിശ്വാസം ഏക ദൈവ വിശ്വാസമാണ്. കാരണം ഞങ്ങള്‍ക്ക് മൂന്നു ദൈവങ്ങള്‍ ഐക്യത്തില്‍ ഒന്നായി നില്‍ക്കുന്നു.
സത്യത്തില്‍ ഇതാണോ ഏകദൈവവിശ്വാസം എന്ന് പറയുന്നത്? ഒരിക്കലും അല്ല. ഏകത എന്ന അര്‍ത്ഥത്തില്‍ തികച്ചും ഒന്ന് എന്ന് പറയുന്ന പദമാണ്, ഏകദൈവ വിശ്വാസം എന്ന് പറയുമ്പോള്‍ ഒരു അബ്രാഹമിന്‍റെ യഥാര്‍ത്ഥ പിന്‍മുറക്കാരന്‍റെ മനസ്സില്‍ ഉണ്ടാകേണ്ടത്. അല്ലാതെ, ഇവര്‍ പറയുന്ന ഏക ദൈവത്വം ബഹുദൈവത്വമാണ്. ഇത് വ്യക്തമാക്കുന്നതിന് ഒരു ഉദാഹരണം പറയാം.
ഒരാള്‍ക്ക് മൂന്നു ഭാര്യമാര്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ആ ഭാര്യമാര്‍ തമ്മില്‍ ഒരു പിണക്കവും കൂടാതെ വളരെ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നവരാണ്. എങ്കില്‍ അനിലിന്‍റെ വീക്ഷണത്തില്‍ ആ മനുഷ്യന്‍റെ വിവാഹ സമ്പ്രദായം ഏക ഭാര്യത്വമാണോ? ബഹു ഭാര്യത്വമാണോ? ഇതിന്‍റെ മറുപടി ബഹുഭാര്യത്വം എന്നാണെങ്കില്‍ അനിലിന്‍റെ വിശ്വസവും ബഹു ദൈവ വിശ്വാസമാണ്. മൂന്നു ദൈവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ തമ്മില്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമേ അനില്‍ വാദിക്കുന്നുള്ളൂ.ഇതാണോ കൂട്ടരേ, മോശയും യേശുവും പഠിപ്പിച്ച ഏക ദൈവ വിശ്വാസം?
എന്നാല്‍ അനില്‍ ഇങ്ങനെയൊക്കെ എഴുതിയതിന്‍റെ പേരില്‍ ആരും അനിലിനെ വിമര്‍ശിക്കാനോ പുറത്താക്കുവാനോ ശ്രമിക്കേണ്ടതില്ല. ഇങ്ങനെ ആദ്യമായി പറഞ്ഞത് അനില്‍ എന്ന തുടക്കക്കാരനല്ല. മറിച്ചു ത്രിത്വം വിശദീകരിക്കുന്ന ഒട്ടുമിക്ക സ്പെഷ്യലിസ്റ്റുകളും ഇങ്ങനെ പറയുന്നവരാണ്. ഇപ്രകാരമുള്ള ഒരു പുസ്തക ശേഖരണം തന്നെ എന്‍റെ കൈവശം ഉണ്ട്. ഇതൊന്നും പരിശോധിക്കാതെ തന്‍റെ വാദമായി അവതരിപ്പിക്കുക എന്ന ദൌര്‍ബല്യം മാത്രമേ ഞാന്‍ അനിലിലും കാണുന്നുള്ളൂ.
മാത്രമല്ല, പഴയ നിയമ കാലത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്മാര്‍ മുഴുവനും യേശുക്രിസ്തു ആണെന്നും ഇവര്‍ വാദിക്കുന്നു. യക്കൊബുമായി ഗുസ്തിപിടിച്ചതും അബ്രാഹാമിന്‍റെ വീട്ടില്‍ പോയി ഇറച്ചി കഴിച്ചതും ഒക്കെ യേശു ക്രിസ്തു ആയിരുന്നത്രെ. ഇങ്ങനെ മറിയയുടെ ഉദരത്തില്‍ നിന്ന് ജനിക്കുന്നതിനും മുമ്പും യേശുക്രിസ്തു ഭൂമിയില്‍ ജഡവതാരം എടുക്കുമായിരുന്നു അത്രെ. പക്ഷെ ഇതൊന്നും ആര്‍ക്കും മനസിലായിട്ടില്ലായിരുന്നുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കണം പോലും.
എനിക്ക് ആവശ്യം ക്രൈസ്തവ വിഷയത്തില്‍ പാണ്ഡിത്യമുള്ളതായി ക്രൈസ്തവര്‍ അംഗീകരിക്കുന്നവരെ ആണ്. അങ്ങനെയുള്ള ഒരാളെ എന്‍റെ മുമ്പിലേക്ക് തരുവാന്‍ ക്രൈസ്തവ പക്ഷം എന്ന് തയ്യാറാകുന്നുവോ അന്ന് വരെ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. എനിക്ക് ആരോടും വൈരാഗ്യമോ ധൃതിയോ ഇല്ല. എനിക്ക് എന്‍റെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ധാരാളം മാധ്യമങ്ങള്‍ ഉണ്ട്. അതില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനുമാണ്.
സമാപനം.
ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത് എന്ന ശീര്‍ഷകത്തില്‍ ഒരു പരിപാടി പെരുമ്പാവൂരില്‍ സംഘടിപ്പിച്ചത് യാദൃശ്ചികം അല്ല. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന ക്രൈസ്തവ വിമര്‍ശനങ്ങള്‍ക്ക് ഒരു മറുപടി ആയിരുന്നു നിങ്ങള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വിഷയാവതാരകനായ ജെറി തോമസ് ഞാന്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. മാത്രമല്ല, അദ്ദേഹത്തിന്‍റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിനു വരും നാളുകളില്‍ ബേദ്ധ്യതയായി മാറും എന്നതിലും സംശയം വേണ്ട.
യേശുക്രിസ്തുവിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ സ്വാഗതം ചെയ്യുവാന്‍ എന്തിനാണ് ക്രൈസ്തവര്‍ മടിക്കുന്നത്? ഇതിനു പ്രതികാരമെന്നോണം ഇസ്ലാമിനെതിരെ ആക്ഷേപം ഉന്നയിച്ചാല്‍ മാത്രം മതിയോ? യേശു ദൈവമാണോ, ദൈവപുത്രനാണോ , ത്രിത്വം യേശു പഠിപ്പിച്ചോ , യേശു പഠിപ്പിച്ച നിത്യജീവന്‍ എന്താണ്, ന്യായപ്രമാണം എനിക്ക് ശേഷം അനുഷ്ടിക്കാന്‍ പാടില്ല എന്ന് യേശു പഠിപ്പിച്ചുവോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ക്രിസ്തു സ്നേഹികള്‍ സ്വീകരിക്കേണ്ടത് ഇങ്ങനെ ആണോ? യേശുവിന്‍റെ അധ്യാപനത്തില്‍ നിങ്ങൾ നില കൊള്ളുന്നുവെന്ന് ഏവരെയും ബോധ്യപ്പെടുത്താനുള്ള സുവർണ്ണ അവസ്സരമായി ഞങ്ങളുടെ ചോദ്യത്തെ പരിഗണിക്കേണ്ടതല്ലേ.
പരിശുദ്ധ ക്വുർആനോ മുഹമ്മദു(സ) യുടെ അധ്യപനങ്ങളോ ഒന്നും ഉപയോഗിക്കാതെ തന്നെ, ബൈബിളിലുള്ള യേശുവിനെ അടിസ്ഥാനമാക്കി ഇതൊക്കെ വിശദീകരിക്കാൻ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബൈബിളിലെ യേശു മുസ്ലിങ്ങൾക്ക് അനുകൂലമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇസ്ലാമിനെ ആക്ഷേപിച്ചു സംസാരിച്ചാൽ മുസ്ലിങ്ങൾ ബൈബിളിലെ യേശുവിനെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കും എന്ന് കരുതുന്നത് മൌഡ്യമാണ്. ഇങ്ങനെ എത്ര നാൾ നിങ്ങൾ ക്രൈസ്തവരുടെ മുമ്പിൽ നിന്നും ബൈബിളിലെ യേശുവിന്‍റെ അധ്യാപനത്തെ ഒളിപ്പിച്ചു നിർത്തും ?
ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ബൈബിളിലെ യേശുവിനു പറയാനുള്ള ചിലത് നിങ്ങൾക്ക് മറച്ചു വയ്ക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് പകരം ഒരു ക്രിസ്ത്യാനി ഈ ചോദ്യം നിങ്ങളോട് ചോദിച്ചാൽ ഇസ്ലാമിന് എതിരെയുള്ള ആക്ഷേപം തന്നെയാണോ മറുപടിയായി പറയുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിമർശനമല്ലാതെ യേശു ക്രിസ്തുവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഒരു മറുപടി നിങ്ങൾ കണ്ടുപിടിച്ചേ പറ്റൂ.
രണ്ടാമത്, നിങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ച് ചോദിക്കണോ, മറുപടി ഇസ്ലാമികമായി തന്നെ ഞങ്ങൾ പറയാം. നിങ്ങൾ ചോദ്യകർത്താക്കളെ തയ്യാറാക്കുക. നിങ്ങളുടെ ഓരോ ചോദ്യത്തിനും കൃത്യമായ തെളിവുകൾ സഹിതം ഞങ്ങൾ മറുപടി തരാം. ചോദ്യം വിലയിരുത്താനും തെളിവുകൾ പരിശോധിക്കാനുമുള്ള സമയം നല്കണമെന്ന് മാത്രം. അങ്ങിനെയുള്ള ഏതു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറാണ്. ഒരു ആവശ്യവും ഇല്ലാതെ ഈ രണ്ടു വിഷയങ്ങളും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ചുരുക്കം. ഇക്കാര്യത്തിൽ എനിക്ക് വിശദീകരിക്കാൻ കഴിയുന്ന പരാമാവധി നിങ്ങൾക്ക് വേണ്ടി ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും അനാവശ്യമായി സമയം കളയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് വിഷയത്തെ സത്യസന്ധമായി സമീപിക്കാനും ആത്മാർത്ഥമായി പഠിക്കുവാനും നമുക്ക് ഇരുകൂട്ടർക്കും സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. സത്യത്തിന്റെ പ്രചാരകരായി ജീവിക്കുന്ന നമുക്ക് മറച്ചു വെക്കാനും കുതന്ത്രം പ്രയോഗിക്കുവാനും ഒന്നും ഇല്ല. ചിലപ്പോൾ ഗ്രഹിച്ചതിലോ, പഠിച്ചതിലോ നമുക്ക് വീഴ്ചകൾ സംഭവിക്കാം. എന്നാൽ ഒരിക്കലും നമ്മുടെ സത്യസന്ധതയും ആ വിഷയത്തോടുള്ള ആത്മാർത്ഥതയും സ്വന്തത്തോടും മറ്റുള്ളവരോടും ഉള്ള ഗുണകാംക്ഷയിലും അല്പം പോലും കുറവ് വരാതെ നമുക്ക് ശ്രദ്ധിക്കാം. സർവ്വലോക രക്ഷിതാവ് നമ്മെയെല്ലാം സന്മാർഗതിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.
സ്നേഹപൂർവ്വം,
മുഹമ്മദ് ഈസാ.