അറബികളും മുഹമ്മദും പിന്നെ ഒട്ടകത്തിന്‍റെ കുടല്‍ മാലയും…
ദാവാക്കാര്‍ എപ്പോഴും കള്ളം പറഞ്ഞ് മറ്റുള്ളവരെ വഞ്ചിക്കാന്‍ യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാത്തവരാണ്. പറയുന്ന കള്ളങ്ങള്‍ മുഹമ്മദിനെ കുറിച്ചാകുമ്പോള്‍ അത് സകല സീമകളെയും ലംഘിക്കുകയും ചെയ്യും. അതില്‍പ്പെട്ട ഒന്നാണ് മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഒട്ടകത്തിന്‍റെ കുടല്‍മാല സംഭവം. മുഹമ്മദ് നിസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ എതിരാളികളായ അറബികള്‍ മുഹമ്മദിനെ കളിയാക്കുകയും ഒട്ടകത്തിന്‍റെ കുടല്‍ മാല എടുത്തു അദ്ദേഹത്തിന്‍റെ കഴുത്തിലണിയിക്കുകയും അദ്ദേഹം അവരോടു ദേഷ്യപ്പെടാതെ ശാന്തനായി ചിരിച്ചു കൊണ്ട് അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പോകുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ച് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഈ കാര്യം പിന്നെയും പിന്നെയും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഇവര്‍ ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം:
ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത് വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബുജഹല്‍ പറഞ്ഞു: ‘ഇന്ന് ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടല്‍ എടുത്തു കൊണ്ടുവന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ അവന്‍റെ ചുമലിലിടുവാന്‍ (ധൈര്യമുള്ളവന്‍) നിങ്ങളില്‍ ആരാണ്?’ ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. ഇബ്നു മസ്ഊദ് പറയുന്നു: അപ്പോള്‍ അവരൊക്കെ ചിരിച്ചു, ഇടത്തോട്ടും വലത്തോട്ടും ആടാന്‍ തുടങ്ങി. ഞാന്‍ ആ സ്ഥിതി നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് പ്രതിരോധശക്തി ഉണ്ടായിരുന്നെങ്കില്‍ റസൂലിന്‍റെ പുറത്തു നിന്ന് ഞാനതെടുത്തു മാറ്റുമായിരുന്നു. ആ സമയത്തും നബി സുജൂദില്‍ തന്നെയാണ്; അവിടുന്ന് തല ഉയര്‍ത്തിയിട്ടില്ല. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു. നബി പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; ചോദിച്ചാല്‍ മൂന്നു തവണ ചോദിക്കും. എന്നിട്ട് നബി പറഞ്ഞു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ നബിയുടെ ശബ്ദം കേട്ടപ്പോള്‍ അവരുടെ ചിരി പോയി. പ്രവാചകന്‍റെ പ്രാര്‍ത്ഥനയെ അവര്‍ ഭയപ്പെട്ടു. അവിടുന്ന് പിന്നെയും പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, അബുജഹലുബ്നു ഹിശാമിനെയും, ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും (ഏഴാമത് പറഞ്ഞവനെ ഞാന്‍ ഓര്‍ക്കുന്നില്ല) നീ ശിക്ഷിക്കണമേ.’ ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ പതന സ്ഥലം ബദര്‍ ദിനത്തില്‍ ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 107 (1794)
ഇതാണ് മുഹമ്മദിന്‍റെ ചരിത്ര പ്രസിദ്ധമായ കുടല്‍ മാല സംഭവത്തിലെ ക്ഷമിക്കല്‍. ഇതിനെയും ക്ഷമ എന്ന് പറയാന്‍ പറ്റുമെങ്കില്‍ ക്ഷമ എന്ന വാക്കിന്‍റെ അര്‍ത്ഥം മാറ്റി നിര്‍വ്വചിക്കേണ്ടി വരും. തങ്ങള്‍ക്കു ആളും അര്‍ത്ഥവും ഇല്ലാതിരിക്കുന്നതിനാല്‍ എതിരാളികളുടെ പരിഹാസത്തിന് മറുപടി പറയാന്‍ നിന്നാല്‍ തടി കേടാകും എന്നറിഞ്ഞു നേരിട്ട് ഒന്നും ചെയ്യാതെ അവരെ ശപിച്ചു പ്രാര്‍ത്ഥിച്ച ഈ സംഭവമാണ് ഇവര്‍ വളച്ചൊടിച്ചു നമ്മുടെയൊക്കെ മുമ്പില്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല, ഈ സംഭവം കഴിഞ്ഞു ഒരു ദശാബ്ദത്തിനു ശേഷമാണ് ബദ്റ് യുദ്ധം നടക്കുന്നത്. ആ യുദ്ധത്തില്‍ മുഹമ്മദ് ഇവരെയൊക്കെ കൊന്നു കളഞ്ഞു എന്ന് പറയുമ്പോള്‍ കാലം ആ മനുഷ്യന്‍റെ മനസ്സിലെ പകയ്ക്കു ഒരു കുറവും വരുത്തിയിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാമറിയുന്നു. ഈ കുടല്‍ മാല സംഭവത്തിലെ നേതാവായിരുന്ന അബുജഹല്‍ വധിക്കപ്പെട്ടത് ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസ് താഴെ ഇടാം:
“അനസ് ബ്നു മാലിക് നിവേദനം: റസൂല്‍ പറഞ്ഞു: അബുജഹ്ല്‍ എന്ത് ചെയ്യുന്നുവെന്നു ആര് വീക്ഷിക്കും?’ അപ്പോള്‍ ഇബ്നു മസ്ഊദ് പോയി. അപ്പോള്‍ അഫ്റാഇന്‍റെ രണ്ടു മക്കള്‍ അവനെ വെട്ടുന്നതാണ് കണ്ടത്. അങ്ങനെ അവനെ വീഴ്ത്തി. അവന്‍റെ താടിക്ക് പിടിച്ചു. എന്നിട്ട് ചോദിച്ചു: ‘നീയാണോ അബുജഹ്ല്‍ ?’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്നെ നിങ്ങള്‍ വധിക്കുന്നതില്‍ എനിക്ക് ഒരു മാനക്കേടുമില്ല.’ (പിന്നീട്) അബുജഹ്ല്‍ ഇങ്ങനെയും പറഞ്ഞു: ‘ഒരു കര്‍ഷകനല്ലാത്തവന്‍ എന്നെ കൊന്നിരുന്നുവെങ്കില്‍.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 118 (1800).
അത് മാത്രമല്ല, അന്ന് തന്‍റെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാലയിട്ട് പരിഹസിച്ചവരെ കൊല്ലുക മാത്രമല്ല, ഒരു ദശാബ്ദമായി താന്‍ കൊണ്ട് നടന്നിരുന്ന പക തീര്‍ക്കാന്‍ വേണ്ടി അവരുടെ ശവശരീരങ്ങളെ മുഹമ്മദും പരിഹസിച്ചു എന്നറിയുമ്പോഴാണ് ദാവാക്കാരുടെ വ്യാജപ്രചാരണത്തിന്‍റെ ഭീകരത നമുക്ക് മനസ്സിലാകുന്നത്. ഹദീസ് താഴെ കൊടുക്കുന്നു:
അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക് പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1559, പേജ് 760)
അനസ് ബ്നു മാലിക് നിവേദനം: നബി ബദറില്‍ കൊല്ലപ്പെട്ടവരെ മൂന്നു ദിവസം ഉപേക്ഷിച്ചു. പിന്നീട് അവരുടെ അടുക്കല്‍ ചെന്നിട്ട് അവരെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലയോ അബുജഹ്ല്‍ ബിന്‍ ഹിശാം, അല്ലയോ ഉമയ്യത്ത് ബിന്‍ ഖലഫ്, അല്ലയോ ഉത്ബത്ത് ബിന്‍ റബിഅ, അല്ലയോ ശൈബത്ത് ബിന്‍ റബിഅ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് നിങ്ങള്‍ സത്യമായി കണ്ടില്ലേ? എനിക്ക് എന്‍റെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞാന്‍ സത്യമായി കണ്ടു.’ അപ്പോള്‍ ഉമര്‍ പ്രവാചകന്‍റെ വാക്ക് കേട്ടു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എങ്ങനെയാണ് അവര്‍ ഉത്തരം നല്‍കുക. അവര്‍ ശവങ്ങളായി തീര്‍ന്നിട്ടുണ്ടല്ലോ?’ നബി പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല. പക്ഷേ അവര്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല.’ പിന്നീട് അവരെ വലിച്ചു ബദറിലെ പൊട്ടക്കിണറ്റിലിടാന്‍ കല്പിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 51, ഹദീസ് നമ്പര്‍ 77 (2874)
ദാവാക്കാരുടെ വ്യാജപ്രചരണത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് കുടല്‍മാല സംഭവത്തില്‍ മുഹമ്മദ് തന്‍റെ ശത്രുക്കളോട് ക്ഷമിച്ചു എന്നുള്ളത്!!
One Comment on “അറബികളും മുഹമ്മദും പിന്നെ ഒട്ടകത്തിന്‍റെ കുടല്‍ മാലയും…”
Good (y)