മൂലപാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ?
എല്ലാ മുസ്ലീം സഹോദരന്മാരും സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നതിലൂടെ എങ്ങനെയാണ് ഒരുവന്‍റെ പാപം മോചിക്കപ്പെടുക എന്നത്. അതിനുള്ള ചെറിയൊരു വിശദീകരണമാണ് ഈ ലേഖനം.
ബൈബിള്‍ പറയുന്നത് ആദാം പാപം ചെയ്തതോട് കൂടി ദൈവവും മനുഷ്യരും തമ്മില്‍ ശത്രുതയിലായി എന്നാണ്. നമ്മോട് ഒരാള്‍ അനുസരണക്കേട് കാണിച്ചതുകൊണ്ടു അയാള്‍ നമ്മുടെ ശത്രുവാകുമോ? ഒരാളുടെ ഭാര്യ അയാള്‍ പറഞ്ഞത് അനുസരിച്ചില്ല എന്നുള്ളതുകൊണ്ട് അയാള്‍ തന്‍റെ ഭാര്യയെ ശത്രുവായി കണക്കാക്കുമോ? സുബോധമുള്ള ഒരാളും അത് ചെയ്യുകയില്ല എന്ന് നമുക്കറിയാം. എന്നാല്‍ ആ ഭാര്യ അയാളോട് വിശ്വാസ വഞ്ചന കാണിച്ചു മറ്റൊരാളെ ഭര്‍ത്താവിനു തുല്യമായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അവള്‍ക്ക് ശത്രുവായി മാറും, അത് സാധാരണ സംഭവം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ആദാമിന്‍റെയും ഹവ്വയുടെയും അനുസരണക്കേട് അല്ല, പാപമായിത്തീര്‍ന്നത് . അതിനും മുന്‍പേ ഒരു കാര്യം അവരുടെ ഉള്ളില്‍ നടന്നിട്ടുണ്ട്, അതാണ് പാപമായിത്തീര്‍ന്നത് . ഉള്ളില്‍ നടന്ന കാര്യത്തിന്‍റെ ബാഹ്യമായ ഒരു പ്രദര്‍ശനം മാത്രമാണ് നന്മതിന്മകളെ കുറിച്ചുള്ള അറിവിന്‍റെ പഴം പറിച്ചു തിന്നല്‍ അഥവാ അവര്‍ കാണിച്ച അനുസരണക്കേട്!
യാഹോവയായ ദൈവം അവരെ ഏദന്‍ തോട്ടത്തില്‍ ആക്കിയതിന് ശേഷം പറഞ്ഞത് ഇങ്ങനെയാണ്: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!”
പിന്നീട് പിശാചു വന്നു പറയുന്നത് ഇങ്ങനെയാണ്: “പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു”
ഇതില്‍ ഒന്ന് സത്യമാണെങ്കില്‍ മറ്റേതു കള്ളമാണ്. രണ്ടും ഒരു പോലെ സത്യമാവുകയില്ലല്ലോ. പിശാച് പറഞ്ഞ കാര്യങ്ങള്‍ നമുക്ക് നോക്കാം.
1. നിങ്ങള്‍ മരിക്കുകയില്ല, നിശ്ചയം- ദൈവം പറഞ്ഞത് (തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!) നുണയാണ്. അതു വിശ്വസിക്കേണ്ട കാര്യമില്ല.
2. നിങ്ങള്‍ ദൈവത്തെപ്പോലെ ആകും- (ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും നിങ്ങള്‍ക്ക് കൂടുതല്‍ ഉന്നതമായ ഒരു അവസ്ഥയിലേക്ക് പ്രവേശിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെ ഒരു അവസ്ഥ വരുന്നത് ദൈവത്തിനു താല്പര്യമില്ല. അതുകൊണ്ടാണ് ഇത് തിന്നരുതെന്ന് പറഞ്ഞത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ നന്മയില്‍ ദൈവത്തിനു താല്പര്യമില്ല എന്നര്‍ത്ഥം.)
ആദാമിനെയും ഹവ്വയെയും സംബന്ധിച്ച് ഇത് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമാണ്. ഒന്നുകില്‍ പിശാചിനോട് പറയാം, ‘ഞങ്ങള്‍ കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ദൈവത്തെയാണ്. ഇന്നുവരെ ഈ ദൈവം ഞങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. അതുകൊണ്ട് നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, നീ നിന്‍റെ പാട്ടിനു പോ’ എന്ന്.
അതല്ലെങ്കില്‍ പിശാച് പറഞ്ഞത് മുഴുവന്‍ സത്യമാണ്, ദൈവത്തിനു ഞങ്ങളുടെ നന്മയില്‍ താല്പര്യമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മരിക്കും എന്ന് നുണ പറഞ്ഞു ഞങ്ങളെ പറ്റിക്കാന്‍ നോക്കുകയാണ് എന്നും വിശ്വസിക്കാം. ഏതു വിശ്വസിച്ചാലും മറ്റേതിനെ അവിശ്വസിക്കുകയും തള്ളിക്കളയുകയും വേണം. രണ്ടും ഒരേപോലെ വിശ്വസിക്കാനും അംഗീകരിക്കാനും പറ്റില്ല.
ഇവിടെ ആദാം ദൈവത്തെ അവിശ്വസിക്കുകയും പിശാചിനെ വിശ്വസിക്കുകയും ചെയ്തു. ദൈവത്തെ തള്ളിക്കളയുകയും പിശാചിനെ സ്വീകരിക്കുകയും ചെയ്തു. അവന്‍ ഹൃദയത്തില്‍ ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്തു. അതാണ് ആദ്യത്തെ പാപമായി മാറിയത്. രണ്ടു കാര്യങ്ങള്‍ ആണ് അന്ന് ആദം ചെയ്തത്.
1. ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്തു.
2. പിശാചിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു.
ഹൃദയത്തില്‍ നടന്ന ഈ സംഭവങ്ങളുടെ ബാഹ്യപ്രകടനമാണ് പഴം പറിച്ചു തിന്നതില്‍ അഥവാ അനുസരണക്കേടില്‍ ഉള്ളത്. ആദ്യത്തെ പാപം എന്നത് അവിശ്വാസവും നിരാകരിക്കലും ആണ് എന്ന് ചുരുക്കം. അതിന്‍റെ പരിഹാരം വിശ്വാസവും സ്വീകരിക്കലും ആണ്!
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഭൂമിയെ എല്ലാം അവനു കീഴാക്കി കൊടുക്കുകയാണ് ചെയ്തത്. “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവ ജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു” (ഉല്‍പ്പത്തി 1:28)
മനുഷ്യന്‍ ഈ അധികാരം എല്ലാം പിശാചിന്‍റെ കാല്‍ക്കീഴില്‍ കൊണ്ടുവെച്ചു. അതുകൊണ്ടാണ് കര്‍ത്താവിനെ പരീക്ഷിക്കാന്‍ വന്നപ്പോള്‍ പിശാചു പറയുന്നത് “ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം; അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാന്‍ കൊടുക്കുന്നു” (ലൂക്കോ.4:6)
“””” അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു”””” എന്നത് ശ്രദ്ധിച്ചോ? ആദാം ആണ് ഇത് അവനു ഏല്‍പ്പിച്ചു കൊടുത്തത്.
നമ്മള്‍ എല്ലാവരും ആദാമില്‍ വെച്ചേ പാപികളാണ് എന്ന് ബൈബിള്‍ പറയുന്നു. പഴയ നിയമത്തില്‍ പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: “എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്നാണ് (ഹോശേയ 6:7) പി.ഓ.സി തര്‍ജമയില്‍ കാണുന്നത് “അവര്‍ ആദാമില്‍ വെച്ച് എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു” എന്നാണ്. ഇവിടെ “അവര്‍ ” എന്ന് പറയുന്നത് സകല മനുഷ്യവര്‍ഗ്ഗത്തെയും ഉദ്ദേശിച്ചാണ്. ഇന്നുള്ള സകല മനുഷ്യരും ആദാമില്‍ അടങ്ങിയിരുന്നു. ബൈബിള്‍ പറയുന്നത് “അവന്‍ ഭൂതലത്തില്‍ എങ്ങും കുടിയിരിക്കാന്‍ ഒരുവനില്‍ നിന്നും മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” (അപ്പോ.പ്രവൃ.17:26) എന്നാണ്. ഒരു വിത്തിന് കേടുവരുത്തിയാല്‍ ആ വിത്തില്‍നിന്നുള്ള സകല സസ്യവും കേടുള്ളതായിരിക്കും എന്ന് നമുക്കറിയാം. ഇന്നുള്ള സകല മനുഷ്യരുടെയും വിത്ത് ആദാം ആയിരുന്നു. ഹവ്വയടക്കമുള്ള സകല മനുഷ്യരും ഉണ്ടായത് ആദാമില്‍ നിന്നാണ്. ആദാമിന് കേടു സംഭവിച്ചപ്പോള്‍ അഥവാ പാപം ചെയ്തു മരണത്തിനു അധീനനായപ്പോള്‍ ആ കേട് എല്ലാ മനുഷ്യരിലും പ്രവേശിച്ചതായി നമുക്ക് കാണാന്‍ കഴിയും. കേടില്ലാത്ത ഒരു വിത്തില്‍ നിന്ന് വീണ്ടും ജനിച്ചാല്‍ മാത്രമേ മനുഷ്യര്‍ക്ക് ഇപ്പോഴുള്ള ഈ കേട് പരിഹരിക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.
ഏതായാലും നമ്മള്‍ ആദാമില്‍ ഉണ്ടായിരുന്നത് കൊണ്ട് ആദാം ചെയ്ത
1. ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും
2. പിശാചിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും
എന്ന പാപത്തിനു നമ്മളും ഓഹരിക്കാരാണ്. അതിനാണ് നമ്മള്‍ പരിഹാരം ഉണ്ടാക്കേണ്ടത്. അത് ചെയ്യാതെ വേറെ എന്ത് ചെയ്തിട്ടും കാര്യമില്ല. കാരണം, ഇവിടെ പാപം ചെയ്തിരിക്കുന്നത് ദൈവത്തിനു നേരെയാണ്.
ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഞാന്‍ ഒരാളോട് എന്തെങ്കിലും കടുത്ത അപരാധം ചെയ്തിട്ട് അതിനു പരിഹാരം വരുത്താതെ എന്‍റെ അയല്‍പക്കത്തുള്ളവര്‍ക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തുള്ളവര്‍ക്കോ ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്താല്‍ പ്രയോജനം ഉണ്ടോ? അവര്‍ക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുന്നു എന്നുള്ളത് കൊണ്ട് ആദ്യത്തെയാളോട് ഞാന്‍ ചെയ്ത കുറ്റം പരിഹരിക്കപ്പെടുമോ, അയാള്‍ എന്നോട് ക്ഷമിക്കുമോ? ഇന്ന് ലോകം മുഴുവന്‍ ചെയ്യുന്നത് ഇങ്ങനെയാണ്. ദൈവത്തിനോട് ആദാമില്‍ വെച്ച് ചെയ്ത കുറ്റത്തിന് പരിഹാരം വരുത്താതെ ഭൂമിയില്‍ ഉള്ള മനുഷ്യര്‍ക്ക് ദാനധര്‍മ്മങ്ങളോ സത്പ്രവൃത്തികളോ ചെയ്‌താല്‍ മതി, ദൈവം പ്രസാദിക്കും എന്നാണു അവരുടെ വിചാരം. അതുകൊണ്ട് യാതൊരു കാര്യവുമില്ല. ദൈവത്തിനോട് ചെയ്ത കുറ്റത്തിന് ദൈവത്തോട് തന്നെ പരിഹാരം ചെയ്യണം. (ദാനധര്‍മ്മങ്ങളോ സത്പ്രവൃത്തികളോ വേണ്ട എന്ന അര്‍ത്ഥത്തിലല്ല ഇത് പറയുന്നത് എന്ന് പ്രത്യേകാല്‍ ഓര്‍ക്കണം. ദാനധര്‍മ്മങ്ങളും സത്പ്രവൃത്തികളും അതില്‍ത്തന്നെ നല്ലതാണ്. എന്നാല്‍ പാപമോചനത്തിന് അത് പര്യാപ്തമല്ല എന്നാണ് പറഞ്ഞത്.)
ദൈവത്തെ അവിശ്വസിച്ചു എന്നുള്ളതിന് പരിഹാരം ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്. ദൈവത്തെ തള്ളിക്കളഞ്ഞു എന്നുള്ളതിന് പരിഹാരം ദൈവത്തെ സ്വീകരിക്കുക എന്നതാണ്.
ഇവിടെയാണ് യേശുക്രിസ്തു കടന്നു വരുന്നത്. ദൈവം നീതിമാന്‍ ആയതുകൊണ്ട് തെറ്റിന് ശിക്ഷ കൊടുക്കാതെ വിടാന്‍ പറ്റില്ല. അപ്പോള്‍ തന്നെ ദൈവം സ്നേഹം ആയതുകൊണ്ട് ദൈവത്തിനു നമ്മളെ നാശത്തിലേക്ക് വിടാനും കഴിയില്ല. ദൈവം അതിനു ഒരുക്കിയ പരിഹാരമാണ് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം. പാപം ചെയ്ത മനുഷ്യന്‍ മരിക്കണം എന്ന ദൈവനീതി നിറവേറ്റാനാണ് യേശുക്രിസ്തു വന്നത്. അവന്‍ പാപം ചെയ്തിട്ടില്ല, അവന്‍റെ മേല്‍ നമ്മുടെ പാപങ്ങളെ ചുമത്തുകയായിരുന്നു. അവന്‍ നമുക്ക് വേണ്ടി മരിക്കുക മാത്രമായിരുന്നില്ല, നമ്മുടെ നീതീകരണത്തിനു വേണ്ടി അവന്‍ ഉയര്‍ത്തെഴുന്നെല്‍ക്കുകയും ചെയ്തു. അങ്ങനെ നമ്മുടെ പാപത്തെ അവന്‍ ക്രൂശില്‍ ശിക്ഷിച്ചു.
പാപം ചെയ്യുന്നവന്‍ ഏവനും പിശാചിന്‍റെ മകനാകുന്നു എന്ന് 1.യോഹ.3:8-ല്‍ പറയുന്നുണ്ട്. ഇത് ഏദനില്‍ വെച്ച് സംഭവിച്ചതാണ്. ആദ്യമനുഷ്യനായ ആദാം പിശാചിനെ തന്‍റെ യജമാനനായി സ്വീകരിച്ചതോടെ ആദാമില്‍ നിന്നും ജനിക്കുന്ന സകലരും അവന്‍റെ അധീനതയിലാണ് ജനിക്കുന്നത്. ഇങ്ങനെ പിശാചിന്‍റെ മകനായിരിക്കുന്ന മനുഷ്യന്‍ എന്തൊക്കെ പുണ്യ കര്‍മ്മങ്ങള്‍ ചെയ്താലും ദൈവത്തിന്‍റെ മകനായി മാറുകയില്ല. ഒരാള്‍ എത്ര പരിശ്രമിച്ചാലും അയാള്‍ക്ക് അംബാനിയുടെ മകനാകാന്‍ കഴിയുമോ? എന്നാല്‍ അംബാനി വിചാരിച്ചാല്‍ അയാള്‍ക്ക് അംബാനിയുടെ മകനാകാം. അംബാനി അയാളെ ദത്ത് എടുത്താല്‍ മതി.
ദൈവം നമ്മെ യേശുക്രിസ്തുവില്‍ ദത്ത് എടുക്കുകയാണ് ചെയ്യുന്നത് (എഫേസ്യ.1:4). അതിനു നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം. യേശുക്രിസ്തു എന്‍റെ പാപത്തിനു പരിഹാരം വരുത്താന്‍ വേണ്ടിയാണ് മരിച്ചത് എന്ന് വിശ്വസിക്കുകയും യേശുവിനെ സ്വന്തം കര്‍ത്താവായി സ്വീകരിക്കുകയും ചെയ്യുക.
ഇത് ചെയ്യുമ്പോള്‍ എങ്ങനെയാണ് നമ്മുടെ പാപത്തിനു പരിഹാരം ലഭിക്കുന്നത് എന്ന് നോക്കാം:
നമ്മള്‍ ദൈവത്തോട് പറയുന്നതു ഇങ്ങനെയാണ്: ദൈവമേ ഞാന്‍ ഒരു പാപിയാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ എന്നെ സ്നേഹിച്ചു എന്‍റെ പാപത്തിനു പരിഹാരം വരുത്തുവാന്‍ യേശുക്രിസ്തു എനിക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേറ്റു. ഞാന്‍ ഇത് പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു. എനിക്ക് വേണ്ടി മരിച്ച യേശുവിനെ ഞാന്‍ എന്‍റെ കര്‍ത്താവായി സ്വീകരിക്കുന്നു.”
1. ഞാന്‍ ഒരു പാപിയാണ്- അന്ന് ആദാമിനോട് ‘നിങ്ങള്‍ മരിക്കുകയില്ല’ എന്ന് പിശാച് പറഞ്ഞതു കളവാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ ഒരു പാപിയായതുകൊണ്ട് പാപത്തിന്‍റെ ശമ്പളമായ മരണത്തിനു ഞാന്‍ അധീനനാണ്. അതുകൊണ്ട് ദൈവമേ, അന്ന് ഏദന്‍ തോട്ടത്തില്‍ അങ്ങ് പറഞ്ഞതാണ് സത്യം എന്ന് ഞാന്‍ ഏറ്റുപറയുന്നു.
2. യേശുക്രിസ്തു എന്‍റെ പാപത്തിന്‍റെ പരിഹാരത്തിന് വേണ്ടി മരിച്ചു- “നിങ്ങളുടെ നന്മയില്‍ ദൈവത്തിനു താല്പര്യമില്ല” എന്ന് പിശാച് പറഞ്ഞത് നുണയാണ്. കാരണം എന്‍റെ നന്മയില്‍ താല്പര്യമില്ലാത്ത ഒരാള്‍ എനിക്ക് വേണ്ടി മരിക്കുമോ? യേശുക്രിസ്തു ദൈവമാണ്, അവന്‍ മനുഷ്യനായി ഭൂമിയില്‍ വന്ന് എനിക്ക് വേണ്ടി മരിച്ചു. അതിലൂടെ ദൈവത്തിനു എന്‍റെ നന്മയില്‍ താല്പര്യമുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. ആകയാല്‍ ദൈവമേ, ആദാം പിശാചിന്‍റെ വാക്ക് കേട്ട് വിശ്വസിച്ചത് തെറ്റാണെന്ന് ഞാന്‍ ഇവിടെ തിരുത്തുന്നു.
3. എനിക്ക് വേണ്ടി മരിച്ച യേശുവിനെ ഞാന്‍ കര്‍ത്താവായി സ്വീകരിക്കുന്നു- ആദാം അന്ന് ദൈവത്തെ അവിശ്വസിച്ചു പിശാചിനെ വിശ്വസിക്കുകയും ദൈവത്തെ തള്ളിക്കളഞ്ഞു പിശാചിനെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ ഇവിടെ അത് തിരുത്തുന്നു. ഞാന്‍ പിശാചിനെ തള്ളിക്കളഞ്ഞു യേശുവിനെ എന്‍റെ ഏക കര്‍ത്താവായി സ്വീകരിക്കുന്നു.
ദൈവത്തോട് ഇങ്ങനെയുള്ള ഒരു ഏറ്റുപറച്ചിലിലൂടെ മാത്രമേ പാപത്തിനു പരിഹാരം ഉണ്ടാവുകയുള്ളൂ. നമ്മള്‍ ഇങ്ങനെ ഏറ്റു പറയുമ്പോള്‍ ദൈവം നമ്മെ തന്‍റെ മകനായിട്ടോ മകളായിട്ടോ സ്വീകരിക്കും. അതാണ് യോഹ.1:12,13-ല്‍ നമ്മള്‍ വായിക്കുന്നത്: “അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.”
ഇതാണ് ആത്മാവിനാലുള്ള ജനനം. ആദ്യത്തെ ജനനം മാതാപിതാക്കളില്‍ നിന്നുള്ള ജനനം അഥവാ ശാരീരികമായ ജനനം. എന്നാല്‍ രണ്ടാമത്തേത് ദൈവത്തില്‍ നിന്നുള്ള ജനനം അഥവാ ആത്മാവില്‍നിന്നുള്ള ജനനം.
ഇത് പാപത്തെക്കുറിച്ചു ബോധ്യം വന്നതിനു ശേഷം ദൈവത്തോട് ചെയ്യുന്ന ഉടമ്പടിയാണ്. പാപത്തെക്കുറിച്ചു മാത്രമല്ല, പാപത്തില്‍ നിന്നും രക്ഷിക്കാന്‍ ദൈവം എന്താണ് യേശുക്രിസ്തുവില്‍ കൂടി ചെയ്തിരിക്കുന്നത് എന്നും തിരിച്ചറിഞ്ഞതിനു ശേഷം ചെയ്യുന്ന ഉടമ്പടി. ഈ ഉടമ്പടിയിലൂടെ മാത്രമേ വീണ്ടും ജനനം നടക്കുന്നുള്ളൂ. അത് അപ്പോസ്തലന്‍ വിവാഹത്തോടു ബന്ധപ്പെടുത്തി എഫെസ്യ.5:32-ല്‍ പറയുന്നുണ്ട്. ഉടമ്പടിയിലൂടെ അല്ലേ വിവാഹം നടക്കുന്നത്? അല്ലാതെ വിവാഹം നടന്നു കാലം കുറേ കഴിഞ്ഞല്ലല്ലോ ഉടമ്പടി. അല്ലെങ്കില്‍ ഉടമ്പടി ചെയ്തു കുറേ നാള്‍ കഴിഞ്ഞല്ലല്ലോ ഭാര്യയാകുന്നത്. ഉടമ്പടി നടന്ന അടുത്ത നിമിഷം മുതല്‍ അവള്‍ അവന്‍റെ സകല സ്വത്തുക്കളുടെയും അവകാശിയായി മാറുന്നു. അതുവരെ തന്‍റെ മാതാപിതാക്കള്‍ക്ക് കീഴടങ്ങിയിരുന്ന അവള്‍ ഇനിമുതല്‍ മാതാപിതാക്കളുടെ ഇഷ്ടമല്ല അനുസരിക്കാന്‍ പോകുന്നത്, ഭര്‍ത്താവിന്‍റെ ഇഷ്ടമാണ്. അവളുടെ വിധേയത്വം ഇനിമുതല്‍ മാതാപിതാക്കളോടോ സഹോദരങ്ങളോടോ അല്ല, ഭര്‍ത്തവിനോടാണ്. വിവാഹത്തിനു വേണ്ടി സ്വന്തം വീട്ടില്‍ നിന്നും വരുന്ന അവള്‍ വിവാഹം കഴിഞ്ഞാല്‍ പോകുന്നത് ഭര്‍ത്താവിന്‍റെ വീട്ടിലേക്കാണ്. അതാണ് അവളുടെ വീട്!
ബൈബിള്‍ അനുസരിച്ച് ഒരാള്‍ യേശുക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിക്കുന്നതിനു മുന്‍പ് പിശാചിന്‍റെ മകനാണ്. അവനെ നിയന്ത്രിക്കുന്നത് പിശാചും പാപവും ലോകവും ഒക്കെയാണ്. അവന്‍ പിശാചിന്‍റെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലാണ്. എന്നാല്‍ അവന്‍ യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് കഴിഞ്ഞാല്‍ പിന്നെ അവനെ നിയന്ത്രിക്കുന്നത് യേശുക്രിസ്തുവും പരിശുദ്ധാത്മാവും ദൈവവചനവും ആണ്. അവന്‍ പിശാചില്‍ നിന്നും പാപത്തില്‍ നിന്നും മരണഭീതിയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവനായി തീരുന്നു. അതേ, ബൈബിള്‍ പറയുന്നത് പോലെത്തന്നെ “ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു” (2.കൊരി.5:17)
ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതരേയും യേശുക്രിസ്തുവിനെ നിങ്ങളുടെ സ്വന്തം കര്‍ത്താവായി സ്വീകരിച്ച് അടിമത്തത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നിര്‍ത്തുന്നു.
5 Comments on “മൂലപാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ?”
സർ ,
ഈ ലേഖനം ഞാൻ മുഴുവനായീ കോപ്പി ചെയ്തു എന്റെ ഫേസ് ബുക്ക് സുഹൃത്തുക്കള്ക്ക് വേണ്ടി പോസ്റ്റ് ചെയ്യുകയാണ് .സുഹൃത്തുക്കൾ നാനാ മതസ്ഥർ ആയതു കൊണ്ട് വായനക്കുള്ള സവ്വുകര്യാര്തം 3 വാക്കുകൾ ഞാൻ എഡിറ്റ് ചിയ്തിടുണ്ട് അവ ഇവിടെ ചേര്ക്കട്ടെ .
1. (ആദി)പാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ?
2. എല്ലാ (അക്രൈസ്തവ )സഹോദരന്മാരും സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ്
3. ഇത് വായിക്കുന്ന എല്ലാ (അക്രൈസ്തവ ) സ്നേഹിതരേയും യേശുക്രിസ്തുവിനെ നിങ്ങളുടെ സ്വന്തം കര്‍ത്താവായി സ്വീകരിച്ച് അടിമത്തത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നിര്‍ത്തുന്നു.
() ബ്രകെറ്റ് കൊടുതവയത്രെ ഞാൻ എഡിറ്റ് ചെയ്തവ .
ക്രിസ്തുവിന്റെ നാമതിനുവേണ്ടി നിങ്ങൾ നടത്തുന്ന എല്ലാ പ്രവര്ടനങ്ങളെയും കർത്താവു അധികമായി അനുഗ്രഹിക്കടെ വഴിനടതട്ടെ .
ഇത് വായിച്ച് താങ്കൾ പറഞ്ഞ മാർഗ്ഗാണ് ശരി എന്ന് സമ്മതിക്കാൻ എനിക്ക് allah(swa) തലച്ചോറിൻ പകരം ചകിരിച്ചോർ തരണം .. !!
അത് പ്രത്യേകിച്ച് പറയാന്‍ ഇല്ലല്ലോ, മദ്രസ്സയില്‍ പോകാന്‍ തുടങ്ങിയ നിമിഷം മുതലേ തലയില്‍ നിറച്ചും ചകിരിച്ചോറ് ആണല്ലോ….
sorry vaidikan….
this article is not merely for Muslim but all all non-Christians as well as nominal Christians those who do not believe forgiveness of Sin through Jesus Christ alone. Excellent Article