ഹദീസ് ക്രോഡീകരണം യൂറോപ്യന്‍റെ സംഭാവന!!
യൂറോപ്യന്മാര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് ഇപ്പോള്‍ ചില ദാവാ പണ്ഡിതര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിരിക്കുന്നത് കാണുകയുണ്ടായി. അവരുടെ ഉസ്താദുമാര്‍ അങ്ങനെയാണ് അവരെ പഠിപ്പിച്ചത് എന്ന് തോന്നുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ചക്കക്കൂട്ടാന്‍ പോലെ അഴകൊഴമ്പായി കിടന്നിരുന്ന ഹദീസുകളെ മനുഷ്യര്‍ക്ക് മടുപ്പില്ലാത്ത വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിച്ചു കൊടുത്തത് പോലും ഒരു യൂറോപ്യനാണ് എന്നതത്രേ വസ്തുത! ഇപ്പോള്‍ ആ കാര്യം പറയാന്‍ ദാവാക്കാര്‍ക്ക് നാണം കാണുമായിരിക്കും. എന്നാല്‍ കഴിഞ്ഞ തലമുറയിലെ മുസ്ലീങ്ങള്‍ക്ക് വരെ അക്കാര്യം സമ്മതിക്കുന്നതില്‍ യാതൊരു നാണക്കേടും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവര്‍ ഇങ്ങനെ നിഷേധിച്ചാലും ചരിത്രം ചരിത്രമല്ലാതാകുകയില്ലല്ലോ. യൂറോപ്യനായ ഫിന്‍സിങ്കാണ് ഹദീസുകളെ മനുഷ്യന് മടുപ്പില്ലാതെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ക്രോഡീകരിച്ചത് എന്ന് സി.എന്‍. അഹമ്മദ് മൌലവി തന്‍റെ ബുഖാരി പരിഭാഷയില്‍ പറയുന്നത് താഴെ കൊടുക്കുന്നു:
“പില്‍ക്കാലങ്ങളില്‍ പരിഷ്കാരങ്ങള്‍ ഓരോന്നായി നടപ്പില്‍ വരാന്‍ തുടങ്ങി. അദ്ധ്യായങ്ങളാക്കി വേര്‍തിരിച്ചു കൊണ്ട് ഹദീസുകള്‍ ക്രോഡീകരിക്കാനാരംഭിച്ചു. മറ്റു ചിലര്‍ ഒരേ അധ്യായത്തില്‍ തന്നെ പ്രാബല്യം നോക്കിയിട്ട് ഹദീസുകള്‍ രണ്ടു മൂന്നു വകുപ്പുകളാക്കിത്തിരിക്കാന്‍ തുടങ്ങി. ഉദാഹരണം: മിശ്കാത്ത്. അപ്പോഴേക്ക് ഈ ഹദീസുകള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമാണെന്ന് കണ്ടുചിലര്‍ അതിലേക്ക് തിരിഞ്ഞു. അങ്ങിനെ നൂറു കണക്കിന് വ്യാഖ്യാന പുസ്തകങ്ങള്‍ ഉടലെടുത്തു. ചിലര്‍ ഓരോ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള ഹദീസുകളാകെ പരിശോധിച്ചെടുത്തു ശേഖരിച്ച് പുസ്തകരൂപത്തിലാക്കാന്‍ തുടങ്ങി. പലരും ഒരേ ഗ്രന്ഥത്തില്‍ തന്നെ പല ഹദീസുകളും എട്ടും പത്തും പ്രാവശ്യം ആവര്‍ത്തിച്ചെഴുതാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ചുരുക്കമായിട്ടും ചിലയിടങ്ങളില്‍ വിസ്തരിച്ചും. ഉദാഹരണം: സഹീഹുല്‍ ബുഖാരി. ഒരു ഹദീസില്‍ പല വിഷയങ്ങള്‍ക്കും തെളിവുണ്ടായിരിക്കുമല്ലോ. അപ്പോള്‍ ആ അധ്യായങ്ങളിലെല്ലാം ആ ഹദീസുദ്ധരിക്കും. അങ്ങനെയാണാവര്‍ത്തനം വന്നത്. ഒരേ ഹദീസ് പല റാവികളും രിവായത്തു ചെയ്യുമ്പോഴും ആവര്‍ത്തനം വരും. അവസാനം ഒരു വിഷയത്തെക്കുറിച്ചുള്ള മുഴുവന്‍ ഹദീസുകളും ഒരു കൊല്ലമിരുന്നു തിരഞ്ഞാല്‍ പോലും കിട്ടാത്ത മട്ടിലാണ് ഹദീസ് ഗ്രന്ഥങ്ങള്‍ എത്തിച്ചേര്‍ന്നത്. അങ്ങനെ വന്നപ്പോള്‍ ഏതെങ്കിലുമൊരു വിഷയം സംബന്ധിച്ച് ഹദീസില്‍ വ്യക്തമായ വിധിയുണ്ട്; അല്ലെങ്കില്‍ ഇല്ല എന്ന് പെട്ടെന്ന് തീര്‍ത്തു പറയുവാന്‍ മഹാപണ്ഡിതന്‍മാര്‍ക്ക് പോലും സാധിക്കാത്ത ഒരു ചുറ്റുപാടെത്തി. ഈ വിഷമാവസ്ഥ കണ്ടു മനസ്സിലാക്കിയിട്ട്, ഇതിനു പരിഹാരമുണ്ടാക്കാന്‍ ദൃഢനിശ്ചയം ചെയ്തുകൊണ്ട് മുമ്പോട്ടിറങ്ങിയത് ഇസ്ലാമിക വിദ്യാപ്രേമിയും മഹാപണ്ഡിതനുമായ ഇംഗ്ലീഷുകാരന്‍ ഫിന്‍സിങ്കാണ്. അദ്ദേഹം ഹദീസുകളുടെ ഇന്‍ഡെക്സ് എന്ന നിലക്ക് ഒരു വലിയ ഗ്രന്ഥം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അത് തയ്യാറാക്കാന്‍ അദ്ദേഹം എത്ര കൊല്ലം ആഹോരാത്രം പാടുപെട്ടിട്ടുണ്ടായിരിക്കും, അദ്ദേഹത്തിനു എന്തെല്ലാം വിഷമങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരിക്കും എന്നെല്ലാം ആ ഗ്രന്ഥം, ആ ഇന്‍ഡകസ്, പരിശോധിക്കുന്നവര്‍ക്ക് ഊഹിച്ചു മനസ്സിലാക്കുവാന്‍ കഴിയും. ഇംഗ്ലീഷിലുള്ള ഈ അമൂല്യ ഗ്രന്ഥം കണ്ടപ്പോഴാണ് മുസ്ലീംകള്‍ കണ്ണ് തുറന്നത്. അവരത് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ട് ‘മിഫ്താഹുകുനൂസ്സുസ്സിന്ന’ എന്ന പേരില്‍ 1934-ല്‍ ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിച്ചു. അല്ലാമാ സയ്യിദ് റശീദുരിളാ (മര്‍ഹൂം) അവര്‍കള്‍ ആ ഗ്രന്ഥത്തിന് ഒരവതാരിക എഴുതിയിട്ടുണ്ട്.അതിലദ്ദേഹം എഴുതിയ ഒരു വാചകത്തില്‍നിന്ന്, ഹദീസിനെക്കുറിച്ച് അറബികള്‍ക്ക് എത്രകണ്ടു പരിജ്ഞാനക്കുറവുണ്ടെന്നു നമുക്ക് ഗ്രഹിക്കാം. അല്ലാമാ റശീദുരിളാ പറയുന്നു: “ഹദീസുകളെക്കുറിച്ച് അറിവുള്ള നമ്മുടെ സഹോദരന്മാരായ ഇന്ത്യന്‍ പണ്ഡിതന്‍മാരുണ്ടായിരുന്നില്ലെങ്കില്‍, പൌരസ്ത്യ നാടുകളില്‍ നിന്ന് ഇന്ന് ഹദീസ് പരിജ്ഞാനം മാഞ്ഞുപോകുമായിരുന്നു. ഹദീസിനെക്കുറിച്ചുള്ള ജ്ഞാനം ഈജിപ്ത്, സിറിയ, ഇറാക്ക്, ഹിജാസ്, എന്നീ നാടുകളില്‍ നിന്ന് ഹിജ്റ പത്താം നൂറ്റാണ്ടു മുതല്‍ക്കു തന്നെ ക്ഷയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ ഗ്രന്ഥം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് മുഹമ്മദ് ഫുആദ് അബ്ദുല്‍ബാകീ ആണ്. പരിഭാഷക്ക് അനുമതി നല്‍കിക്കൊണ്ട് ഗ്രന്ഥകര്‍ത്താവ് ഫിന്‍സിങ്ക് 5-3-1934-ല്‍ ലീഡനില്‍നിന്നു അറബിയില്‍ എഴുതിയിട്ടുള്ള കത്ത് ഈ പുസ്തകത്തോടൊപ്പം ചേര്‍ത്തു അച്ചടിച്ചിട്ടുണ്ട്. അത് കാണേണ്ടതാണ്. സുനനു അബൂദാവൂദ് ആദ്യം അച്ചടിച്ചത് ഇന്ന കൊല്ലത്തിലല്ലേ? എന്ന് സംശയം പ്രകടിപ്പിച്ചു കൊണ്ട് പരിഭാഷകന്‍ ഗ്രന്ഥകര്‍ത്താവിന് എഴുതിയിട്ടുണ്ടായിരുന്നു. അക്കൊല്ലമല്ല, ഇന്ന കൊല്ലമാണ് അതൊന്നാമതായി അച്ചടിച്ചതെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ഫിന്‍സിങ്ക് മുഹമ്മദ് ഫുആദിനെ തിരുത്തിയിരിക്കുന്നതു ആ കത്തില്‍ കാണാം. ഹദീസിന്‍റെ ചരിത്രത്തെക്കുറിച്ച് മുസ്ലീം പണ്ഡിതന് അജ്ഞാനവും അമുസ്ലീം പണ്ഡിതന് ജ്ഞാനവും! (സി.എന്‍. അഹമ്മദ് മൌലവി, സഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍, പേജ് 143,144)
സ്വന്തം മത ഗ്രന്ഥങ്ങള്‍ പോലും അടുക്കിപ്പെറുക്കി വെക്കാന്‍ കഴിയാതെ യൂറോപ്പുകാരുടെ സഹായം ആവശ്യമായി വന്നവരാണ് ഇപ്പോള്‍ യൂറോപ്പുകാര്‍ക്ക് ഇസ്ലാം അറിയില്ല എന്ന് കുറ്റം പറയാന്‍ നടക്കുന്നത്, നല്ല തമാശ തന്നെ!!
One Comment on “ഹദീസ് ക്രോഡീകരണം യൂറോപ്യന്‍റെ സംഭാവന!!”
Are you ready for public deabate ?