ആവ.18:18-ലെ മോശയെപ്പോലുള്ള പ്രവാചകന്‍ ആര്?
മുഹമ്മദിനെക്കുറിച്ചു ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് പറയാന്‍ ദാവാക്കാര്‍ സ്ഥിരം ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ് ആവ.18:15,18,19 എന്നീ വചനങ്ങള്‍. അവ താഴെ കൊടുക്കുന്നു:
“നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്ധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” (ആവ.18:15)
“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും” (ആവ.18:18,19)
ഇതാണ് ദാവാക്കാര്‍ പറയുന്ന പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങള്‍. അവ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് പരിശോധിച്ച് നോക്കാം:
“എന്നെപ്പോലെ” എന്ന് മോശ പറയുന്നതിന്‍റെ വിവരണം ആവ.18:16,18 വാക്യങ്ങളില്‍ കാണാം. സീനായിയില്‍ വെച്ച് യഹോവ ജനത്തോട് അഗ്നിയില്‍ നിന്നുകൊണ്ട് പത്തു കല്പന അരുളിച്ചെയ്തു. അതുകേട്ട ജനത്തിനു മാരകമായ ഭീതി പിടിച്ചു. യാഹോവക്കും ജനത്തിനും മദ്ധ്യേ മദ്ധ്യസ്ഥനായിരിക്കുവാന്‍ ജനം മോശെയോടു അപേക്ഷിച്ചു. ദൈവം ഇനി നേരിട്ട് ഞങ്ങളോട് അരുളിച്ചെയ്യേണ്ട, മോശയിലൂടെ അരുളിച്ചെയ്താല്‍ മതി എന്ന് അവര്‍ അപേക്ഷിച്ചു. ആ സമയത്ത് താനൊരു പ്രവാചകനെ എഴുന്നെല്‍പ്പിക്കുമെന്നും തന്‍റെ വാക്കുകള്‍ അവന്‍റെ നാവില്‍ നല്‍കുമെന്നും താന്‍ കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയുമെന്നും യഹോവ വാഗ്ദാനം നല്‍കി. ദൈവം എഴുന്നെല്‍പ്പിക്കുന്ന ഓരോ പ്രവാചകനും യിസ്രായേല്യനായിരിക്കും. യഥാര്‍ത്ഥ പ്രവാചകന്‍ ദൈവത്തിന്‍റെ വചനം മാത്രം സംസാരിക്കുന്നത് കൊണ്ട് ജനം അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടനുസരിക്കേണ്ടതാണ്. മോശെയുടെ വാക്കുകള്‍ ഒരു പ്രവാചക നിരയെക്കുറിച്ചുള്ള പ്രവചനമായിരുന്നു. മോശെയുടെ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നതിനു നിലകൊള്ളുന്നതിനാല്‍ ഏതൊരു പ്രവാചകനും മോശേയെപ്പോലെയുള്ള പ്രവാചകനാണ്. രാജാക്കന്മാരുടെ മാനദണ്ഡം ദാവീദ് ആയിരിക്കുന്നത് പോലെ പ്രവാചകന്മാരുടെ മാനദണ്ഡമാണ് മോശെ.
ഇനി ഈ പ്രവചനത്തിന്‍റെ മറ്റൊരു വശം കൂടി നോക്കാം. ആവ.34:10-12 പ്രകാരം ഒരു അസാധാരണ പ്രവാചകനാണ് മോശെ. ആവ.18:15,18 അനുസരിച്ച് മോശെയെപ്പോലെയുള്ള പ്രവാചകന്‍ മശിഹയാണെന്നുള്ളതിനു ഇത് വ്യക്തമായ തെളിവ് നല്‍കുന്നു. ഒരു പ്രവാചകനിലോ അല്ലെങ്കില്‍ പ്രവാചകന്മാരിലെല്ലാം കൂടിയോ ഈ പ്രവചനം നിറവേറിയിട്ടില്ല. ഈ പ്രവാചകന്‍ ദൈവത്തിന്‍റെ വചനം സംസാരിക്കുകയും തന്‍റെ ജനത്തിനു വിടുതല്‍ നല്‍കുകയും ചെയ്യും. യോശുവയെപ്പോലും മോശേയുമായി താരതമ്യപ്പെടുത്തുവാന്‍ കഴിയുകയില്ല, കാരണം, യഹോവയെ മുഖാമുഖമായി അറിഞ്ഞ മോശയെപ്പോലുള്ള ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല. യിസ്രായേലിലെ ഭാവി പ്രവാചകന്മാരുടെ പ്രവര്‍ത്തനം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത് പുതിയ നിയമത്തിന്‍റെ മധ്യസ്ഥനായ ക്രിസ്തു വരുന്നത് വരെ മോശയെപ്പോലെ ഒരു പ്രവാചകന്‍ ഉണ്ടായിട്ടില്ല എന്നാണ്. മോശയെപ്പോലെ എന്നത് മോശയുടെ ആളത്തവും പ്രവര്‍ത്തനവും ഉള്ള ഒരു പ്രവാചകനെയാണ് സൂചിപ്പിക്കുന്നത്. അവനെ ഹോരെബിലെ മോശയുമായിട്ടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്:
“ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്‍റെ ദൈവമായ യഹോവയുടെ ശബ്ദം കേള്‍പ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബില്‍വെച്ചു മഹായോഗം കൂടിയ നാളില്‍ നിന്‍റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ” (അവ.18:15)
ഈ സാദൃശ്യം പഴയ നിയമ പ്രവാചകന്മാരില്‍ ആരിലും നിറവേറിയിട്ടില്ല. ഹോരെബില്‍ മോശയായിരുന്നു നിയമത്തിന്‍റെ മധ്യസ്ഥന്‍; പിന്നീടുണ്ടായ എല്ലാ പ്രവാചകന്മാരും ആ നിയമത്തിന്‍റെ പ്രചാരകര്‍ മാത്രമായിരുന്നു. മോശയോടു കൂടി യിസ്രായേല്യമതം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചു. പ്രവാചകന്മാര്‍ അതിനുവേണ്ടി പോരാടുകയും പ്രതീക്ഷയിലുള്ള അടുത്ത ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്തു. തന്മൂലം ആവ.18:15,16 വാക്യങ്ങള്‍ ക്രിസ്തുവില്‍ മാത്രമേ നിറവേറൂ…
ഈ പ്രവചനം ക്രിസ്തുവില്‍ നിറവേറിയതായി പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു. ഈ പ്രവചനം തന്നെക്കുറിച്ചുള്ളതാണെന്നു യേശുക്രിസ്തു വ്യക്തമാക്കി: “നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാല്‍ അവന്‍റെ എഴുത്തു നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്കു എങ്ങനെ വിശ്വസിക്കും?” (യോഹ.5:45,46)
“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും” (ആവ.18:18) എന്നുള്ള പ്രവചനം യേശുവില്‍ മാത്രമേ നിറവേറുകയുള്ളൂ എന്ന് യേശുകര്‍ത്താവിന്‍റെ വാക്കുകള്‍ തന്നെ സാക്ഷി:
“ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്‍റെ കല്പന നിത്യജീവന്‍ എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” (യോഹ.12:49,50)
ഈ വിധമുള്ള ഒരു അവകാശവാദം ക്രിസ്തുവിനു മുന്‍പോ പിന്‍പോ ഉള്ള ഒരു പ്രവാചകനും നടത്തിയിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ആവ.18:15-ല്‍ “അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” എന്നുള്ള കല്പനയുണ്ട്. ഈ കല്പന പുതിയ നിയമത്തില്‍ പിതാവായ ദൈവം നേരിട്ട് നല്‍കുന്നുണ്ട്: “അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നു: ‘ഇവന്‍ എന്‍റെ പ്രിയ പുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍’ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു” (മത്തായി.17:5,6).
ഇതുപോലെ സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യമുള്ള ഒരു പ്രവാചകന്‍ ക്രിസ്തുവിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.
“ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ” എന്നു ഫിലിപ്പോസ് നഥനയേലിനോട് പറഞ്ഞപ്പോഴും (യോഹ.1:45) ഈ പ്രവചനമാണ് ഫിലിപ്പോസിന്‍റെ മനസ്സിലുണ്ടായിരുന്നത്. സ്തെഫാനോസ് ഈ പ്രവചനത്തിന്‍റെ നിറവേറല്‍ ക്രിസ്തുവില്‍ ദര്‍ശിച്ചു: “ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ” (അപ്പൊ.പ്രവൃ.7:37)
ഈ വാക്യങ്ങള്‍ ക്രിസ്തുവില്‍ നിറവേറിയതായി അപ്പോസ്തലനായ പത്രോസ് തെളിയിച്ചു കൊണ്ട് പ്രസ്തുത പ്രവചനത്തെ പദാനുപദം ഉദ്ധരിച്ചു: “ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്കു കേള്‍ക്കേണം.” ആ പ്രവാചകന്‍റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്‍റെ ഇടയില്‍ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ” (അപ്പോ.പ്രവൃ.3:22,23).
ഒരു പ്രവാചകനും നിയമദാതാവും എന്ന നിലയില്‍ മോശയുടെ സ്ഥാനം അദ്വിതീയമാണ്. പഴയ നിയമത്തില്‍ അവനു തുല്യനായി ഒരു പ്രവാചകനുമില്ല! ദൈവത്തിന്‍റെ സാക്ഷ്യം ഇത്ര വ്യക്തമായും സ്പഷ്ടമായും അവതരിപ്പിച്ച മറ്റൊരു പ്രവാചകനില്ല. ദൈവം മോശക്ക് നേരിട്ട് വെളിപ്പെട്ടു വിളിച്ചു ദൌത്യം ഏല്പ്പിക്കുകയാണ് ചെയ്തത് എന്ന് പുറ.3:1-4:17 വരെയുള്ള ഭാഗങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാം. യേശുക്രിസ്തുവിനെ പിതാവ് വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയക്കുകയാണ് ഉണ്ടായത് എന്ന് യോഹ.10:36-ല്‍ കാണാം. എന്നാല്‍ അള്ളാഹു മുഹമ്മദിന് മുന്നില്‍ വെളിപ്പെടുന്നത് പോയിട്ട് മുഹമ്മദിനോട് സ്വപ്നത്തില്‍ പോലും അരുളപ്പാട് നല്‍കിയതായി ഖുര്‍ആനിലോ ഹദീസുകളിലോ നമുക്ക് കാണാന്‍ കഴിയുകയില്ല. അല്ലാഹു എങ്ങനെയാണ് സന്ദേശം കൊടുക്കുന്നത് എന്ന് താഴെയുള്ള ഹദീസില്‍ നിന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്:
മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: “ഏതൊരാള്‍ മുഹമ്മദ് നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. നിവേദകന്‍ പറയുന്നു: ഞാന്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ശരിക്ക് ഇരുന്നിട്ട് പറഞ്ഞു: ‘സത്യവിശ്വാസികളുടെ മാതാവേ, അവിടുന്ന് എനിക്ക് അല്പം സാവകാശം തരണം. ധൃതിപ്പെടരുത് (എനിക്ക് ചില സംശയങ്ങളുണ്ട്.) നിശ്ചയമായും നബി അവനെ (അല്ലാഹുവിനെ) തെളിഞ്ഞ മണ്ഡലത്തില്‍ (ചക്രവാളത്തില്‍) വെച്ച് കണ്ടിരിക്കുന്നുവെന്നും നിശ്ചയമായും മറ്റൊരുപ്രാവശ്യവും നബി അവനെ കണ്ടിരിക്കുന്നുവെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ ആഇശ പറഞ്ഞു: ‘അതിനെക്കുറിച്ച് ഈ സമുദായത്തില്‍ നിന്ന് ആദ്യമായി നബിയോട് ചോദിച്ചത് ഞാനാണ്. അന്നേരം നബി പറഞ്ഞത് അത് ജിബ്‌രീല്‍ ആണെന്നാണ്. ‘ഈ രണ്ട് പ്രാവശ്യമല്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ ഞാന്‍ (നബി) അദ്ദേഹത്തെ കണ്ടിട്ടില്ല. (ഈ രണ്ട് പ്രാവശ്യവും) ആകാശഭൂമികളുടെ ഇടയെ മുഴുവനും മറയത്തക്കവണ്ണം അദ്ദേഹത്തിന്‍റെ ഭയങ്കര രൂപത്തില്‍ അദ്ദേഹം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു.’ അവര്‍ (ആഇശ) തുടര്‍ന്ന് പറഞ്ഞു: കണ്ണുകള്‍ക്ക് അവനെ കാണാന്‍ കഴിയുകയില്ല, അവന്‍ കണ്ണുകളെ കാണും. അവന്‍ സൂക്ഷ്മമായ ജ്ഞാനമുള്ളവനും ശരിക്ക് അറിയുന്നവനുമാണ് എന്ന് പ്രതാപശാലിയായ അല്ലാഹു പറയുന്നത് നീ കേട്ടിട്ടില്ലേ? (മാത്രമല്ല) സന്ദേശം അറിയിക്കുക അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നില്‍ നിന്നും (സംസാരിക്കുക) അല്ലെങ്കില്‍ ദൂതനെ അയക്കുക എന്നീ രൂപങ്ങളിലല്ലാതെ യാതൊരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല. അവന്‍ ഉന്നതനും തത്വജ്ഞാനിയുമാണ് എന്നതുവരെ അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ?’ (അവര്‍ തുടര്‍ന്നു): ‘അതുപോലെ നബി അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് വല്ലതും മറച്ചു വെച്ചിരിക്കുന്നുവെന്ന് പറയുന്നവനും അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. (കാരണം) അല്ലാഹു പറയുന്നു: ഹേ നബിയേ, താങ്കളുടെ റബ്ബില്‍ നിന്ന് ഇറക്കപ്പെട്ടത് (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അത് താങ്കള്‍ ചെയ്തിട്ടില്ലെങ്കില്‍ താങ്കള്‍ ദൌത്യം പൂര്‍ത്തിയാക്കിയിട്ടില്ല.’ (ആഇശ തുടര്‍ന്നു) ‘നബിക്ക് അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് വല്ലവനും പറയുകയാണെങ്കില്‍ അവനും അല്ലാഹുവിന്‍റെ പേരില്‍ വമ്പിച്ച ഒരു കളവ് ആരോപിച്ചവനാണ്. (കാരണം) ‘അല്ലാഹു പറയുന്നു: അല്ലാഹു ഒഴികെ ആകാശഭൂമികളിലുള്ള യാതൊരാളും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ . 287 (177)
ഇതില്‍ നിന്ന് മുഹമ്മദ് ഒരിക്കലും അല്ലാഹുവിന്‍റെ വചനം നേരിട്ട് കേള്‍ക്കുകയോ അള്ളാഹു മുഹമ്മദിനെ നേരിട്ട് വിളിച്ചു എന്തെങ്കിലും ദൌത്യം ഏല്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സുതരാം വ്യക്തമാണ്.
ആവ.18:18-ലെ മോശെയുടെ പ്രവചനം മുഹമ്മദിനെക്കുറിച്ചുള്ളതാണ് എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? മുഹമ്മദ് യിസ്രായേല്യനല്ല എന്ന് മാത്രമല്ല, യിസ്രായെലുമായി യാതൊരു സംബന്ധവുമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ ഒരു മരുഭൂമിയില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്. മുഹമ്മദ് എപ്പോഴെങ്കിലും മോശ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടോ? മുഹമ്മദ് പ്രത്യേകമായ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല, മുഹമ്മദ് ഏതു ദൈവത്തിന്‍റെ പ്രവാചകനാണെന്നാണോ അവകാശപ്പെട്ടത്, ആ അള്ളാഹു ഒരിക്കലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടില്ല, മുഹമ്മദിനു വേണ്ടി സാക്ഷ്യം പറയാന്‍ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം ഉണ്ടായിട്ടില്ല, മുഹമ്മദിന്‍റെ അനുയായികളായ സ്വഹാബിമാര്‍ ഒരിക്കലും മോശ പ്രവചിച്ച പ്രവാചകനാണ് മുഹമ്മദ് എന്ന് അവകാശപ്പെട്ടിട്ടില്ല.
മാത്രമല്ല, ബൈബിളില്‍ മോശ എഴുതിയ ആവര്‍ത്തന പുസ്തകത്തിലെ തന്നെ ചില വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മുഹമ്മദ് കള്ളപ്രവാചകനാണ് എന്ന് ഏതൊരാള്‍ക്കും മനസ്സിലാകും:
“എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു” (ആവ.18:20-22)
ദൈവത്തിന്‍റെ പ്രവാചകന്‍ പറയുന്ന വചനം ജനം ചോദ്യം ചെയ്യാതെ അനുസരിക്കണം. അതുകൊണ്ട് കള്ളപ്രവചനം നടത്തുന്നവന്‍ ദൈവത്തിന്‍റെ സ്ഥാനം കവരുകയാണ്. തന്മൂലം ഒരു പ്രവാചകന്‍ യഹോവ കല്പിക്കാത്ത വചനം യഹോവയുടെ നാമത്തില്‍ പ്രസ്താവിക്കുകയോ, അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ അവന്‍ മരണ ശിക്ഷ അനുഭവിക്കണം. പ്രവാചകന്‍ ദൈവത്തിന്‍റെ വചനമാണോ സംസാരിച്ചതെന്നറിയാന്‍ രണ്ടു പരീക്ഷകളുണ്ട്.
1. പ്രവാചകന്‍റെ സന്ദേശം ദൈവത്തേയും അവന്‍റെ വചനത്തെയും അനുസരിച്ചായിരിക്കണം. അവന്‍ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയാണെങ്കില്‍ ദൈവം വെളിപ്പെടുത്തിയ വചനമല്ല അവന്‍ സംസാരിക്കുന്നത്. അതുകൊണ്ട് അവന്‍ കള്ളപ്രവാചകനാണ്. മുഹമ്മദ് ഒരിക്കലും സത്യദൈവമായ യഹോവയുടെ നാമത്തില്‍ സംസാരിച്ചിട്ടില്ല, മറിച്ച്, അറേബ്യന്‍ ഗോത്രദൈവമായ അല്ലാഹുവിന്‍റെ നാമത്തിലാണ് സംസാരിച്ചിരുന്നത്. ആവ. 13:1-6 വരെയുള്ള ഭാഗവും കൂടി നാം ഇതോടുള്ള ബന്ധത്തില്‍ പരിശോധിക്കണം:
“ഞാന്‍നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു. നിങ്ങളുടെ ഇടയില്‍ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍ ആ പ്രവാചകന്‍റെയോ സ്വപ്നക്കാരന്‍റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ നിങ്ങള്‍സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്‍റെ കല്പന പ്രമാണിച്ചു അവന്‍റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം. ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം..”
യഹോവയുടെ നാമത്തിലല്ലാതെ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുന്നവന്‍ പ്രവചിച്ച പ്രവചനം നിറവേറിയാല്‍ പോലും അവന്‍റെ വാക്ക് വിശ്വസിക്കരുത് എന്ന് ബൈബിള്‍ വളരെ വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2. അവന്‍റെ പ്രവചനം നിറവേറണം. അത് നിറവേറിയില്ലെങ്കില്‍ പ്രവാചകനത് സ്വയംകൃതമായി സംസാരിച്ചതാണ്. അവന്‍റെ വചനം യഹോവ അരുളിച്ചെയ്തതല്ല. അവനെ ജനം പേടിക്കരുത്.
മുഹമ്മദ് പറഞ്ഞ കാര്യം എന്തെങ്കിലും നിറവേറിയിട്ടുണ്ടോ? റോമാക്കാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തില്‍ ആര് ജയിക്കും എന്ന് മുഹമ്മദ് പ്രവചിച്ചു, അത് സത്യമായി ഭവിച്ചു എന്ന് മുസ്ലീങ്ങള്‍ പറയുമായിരിക്കും. ആ പ്രവചനം ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് പറയുകയാണെങ്കില്‍ ഇന്നത്തെ യുദ്ധകാര്യ ലേഖകന്മാര്‍ എല്ലാം ദൈവത്തിന്‍റെ പ്രവാചകന്മാരാണ് എന്ന് പറയേണ്ടി വരും. അമേരിക്കയും അഫ്ഘാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും അമേരിക്കയും ഇറാക്കും തമ്മിലുള്ള യുദ്ധത്തിലും ഈ യുദ്ധകാര്യ ലേഖകന്മാര്‍ ആരാണ് വിജയിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ഒരു യുദ്ധത്തില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മലക്കിന്‍റെ കയ്യില്‍ ദൂതും കൊടുത്ത് അയക്കപ്പെട്ട ഒരു പ്രവാചകന്‍ ഈ ഭൂമിയില്‍ ആവശ്യമുണ്ടോ? ഈ പ്രവചനത്തില്‍ നിന്നും എന്ത് ആത്മീയ ഗുണപാഠമാണ് ലഭിക്കുന്നത്?
ചുരുക്കിപ്പറഞ്ഞാല്‍ യേശുക്രിസ്തു മോശ പ്രവചിച്ച പ്രവാചകനും മുഹമ്മദ് കല്ലെറിഞ്ഞു കൊല്ലപ്പെടെണ്ട ഒരു കള്ളപ്രവാചകനും മാത്രമാകുന്നു എന്നാണ് നിഷ്പക്ഷബുദ്ധിയോടെ ബൈബിളും ഖുര്‍ആനും പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം!!!
മോശയും യേശുവും തമ്മിലുള്ള സാമ്യവും മോശയും മുഹമ്മദും തമ്മിലുള്ള വൈരുദ്ധ്യവും കൂടെ താഴെ കൊടുക്കുന്നു:
മോശയും യേശുവും, ഒരു താരതമ്യപഠനം
1. മോശെയും യേശുവും യിസ്രായേല്യരായിരുന്നു. മോശ ലേവ്യാ ഗോത്രം, യേശു യെഹൂദാ ഗോത്രം (പുറ.2:1-എബ്രാ.7:14)
2. മോശയും യേശുവും ഈജിപ്ത് വിട്ടവരാണ് (എബ്രാ.11:27- മത്താ.2:15)
3. തങ്ങളുടെ ജനത്തിന്‍റെ ദാരിദ്ര്യത്തില്‍ പങ്കാളികളാകാന്‍ വേണ്ടി മോശയും യേശുവും വലിയ ധനം ഉപേക്ഷിച്ചവരാണ് (എബ്രാ.11:24,25,26- 2.കൊരി.8:9)
4. ഇരുവരുടെയും ജനനത്തിങ്കല്‍ ശിശുഹത്യ നടന്നു (പുറ.1:18-മത്താ.2:16)
5. ശൈശവത്തില്‍ രണ്ടു പേരെയും ഒളിപ്പിച്ചു വെച്ചു (പുറ.2:2-10- മത്താ.2:14,15)
6. ഇരുവരും പിശാചുമായി പോരാടി (പുറ.7:10,11,12- മത്താ.4:1)
7. ഇരുവരും നാല്പതു ദിവസം ഉപവസിച്ചു (പുറ.3:18- മത്താ.4:2)
8. ഇരുവരും സമുദ്രത്തെ കീഴ്പ്പെടുത്തി (പുറ.14:21- മത്താ.8:26)
9. ഇരുവരും പുരുഷാരത്തെ തീറ്റിപ്പോറ്റി (പുറ.16:15- മത്താ.14:20,21)
10. ഇരുവരുടെയും മുഖം പ്രകാശിച്ചു തിളങ്ങി (പുറ.34:35- മത്താ.17:2)
11. ഇരുവരേയും വീട്ടുകാര്‍ വെറുത്തു (സംഖ്യ.12:1- യോഹ.7:5)
12. ഇരുവരും പിറുപിറുപ്പു സഹിച്ചു (പുറ.15:2- മര്‍ക്കോസ്.7:2)
13. ഇരുവരും അനുയായികള്‍ക്ക് വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി (പുറ.32:32- യോഹ.17:9)
14. ഇരുവരും 70 പേരെ തിരഞ്ഞെടുത്തു (സംഖ്യ.11:16,17- ലൂക്കോ.10:1)
15. ഇരുവരും മരിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ടു (മത്താ.17:3- അപ്പൊ.പ്രവൃ.1:3)
16. ഇരുവരും ഓര്‍മ്മക്കായി ഉത്സവങ്ങള്‍ സ്ഥാപിച്ചു (പുറ.12:14- ലൂക്കോ.22:19)
17. ഇരുവരും അത്ഭുതങ്ങള്‍ ചെയ്തവരാണ് (റെഫറന്‍സുകള്‍ നല്‍കാന്‍ നിന്നാല്‍ കുറെയധികം നല്‍കണം. അതുകൊണ്ട് നല്‍കുന്നില്ല. മോശ ചെയ്ത അത്ഭുതങ്ങള്‍ അറിയുവാന്‍ പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തന പുസ്തകം വരെയുള്ളതും യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ അറിയാന്‍ നാല് സുവിശേഷങ്ങളും വായിച്ചു നോക്കുക)
18. ഇരുവരും ദൈവത്തോട് അഭിമുഖമായി സംസാരിച്ചവരാണ് (ആവ.34:11,12- മത്താ.17:2)
19. ഇരുവരും സൌമ്യതയുടെ ആള്‍രൂപങ്ങളായിരുന്നെങ്കിലും ദൈവീക കാര്യങ്ങളില്‍ കോപിച്ചവരാണ് (പുറ.32:19- യോഹ.2:13-16)
20. ഇരുവരും തങ്ങളുടെ മരണ വിവരം നേരത്തേ അറിഞ്ഞവരാണ് (ആവ.34- മത്താ.26:1,2)
21. ഇരുവരും നിയമം നല്‍കിയവരാണ് (പുറ.24:4- മത്താ.26:28)
22. മോശ ഭൂമിയിലായിരുന്നപ്പോള്‍ യിസ്രായേല്‍ രാഷ്ട്രത്തെ നയിച്ചത് പോലെ യേശുക്രിസ്തു ഇന്ന് സ്വര്‍ഗ്ഗത്തിലെ തന്‍റെ സിംഹാസനത്തിലിരുന്നുകൊണ്ട് ദൈവസഭയെ ഭരിക്കുന്നു. ആകയാല്‍ ഈ ബന്ധത്തില്‍ യേശു മോശയെപ്പോലുള്ള പ്രവാചകനാണ്.
ഇത്രയധികം സാമ്യങ്ങള്‍ മോശയും യേശുക്രിസ്തുവും തമ്മില്‍ ഉണ്ടെങ്കിലും ദാവാക്കാര്‍ അതൊന്നും കണ്ടമട്ടുകാണിക്കാറില്ല. ഇനി മുഹമ്മദും മോശയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാം.
മോശയും മുഹമ്മദും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍:
1. മോശ സ്വമാതാവിന്‍റെ മാത്രം മുലപ്പാല്‍ കുടിച്ചു വളര്‍ന്നു. (പുറ.2:9)- മുഹമ്മദ് ഒമ്പത് സ്ത്രീകളുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു (താരീഖുല്‍ ഇസ്ലാം, പേജ് 47)
2. മോശ ഏകഭാര്യയുടെ ഭര്‍ത്താവായിരുന്നു (പുറ.2:21)- മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വെപ്പാട്ടികളും ഉണ്ടായിരുന്നു (ഖുര്‍ആന്‍, പേജ് 620, അദ്ധ്യായം.33:52-ന്‍റെ അടിക്കുറിപ്പ്, മാലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്‍റിംഗ് പ്രസ് )
3. മോശയുടെ ജനനം മാതാപിതാക്കള്‍ക്ക് അനുഗ്രഹമായിരുന്നു- മുഹമ്മദിന്‍റെ ജനനത്തിന് മുന്‍പ് പിതാവും ശൈശവത്തില്‍ മാതാവും മരിച്ചു. മുഹമ്മദിന്‍റെ ആണ്‍മക്കള്‍ ശൈശവത്തിലും പെണ്‍മക്കള്‍ യൗവ്വനത്തിലും മരിച്ചു.
4. മോശെ വിശന്ന ജനത്തിന് ആകാശത്തുനിന്നു മന്ന വര്‍ഷിപ്പിച്ചു നല്‍കി (പുറ.16). അഹ്സബ് യുദ്ധത്തിനു വേണ്ടി വിശന്നിരുന്നു കിടങ്ങ് കുഴിക്കേണ്ട ഗതികേട് മുഹമ്മദിനും അനുയായികള്‍ക്കും ഉണ്ടായി (നബിചരിത്രം, പേജ് 310)
5. മോശ പ്രവാചകനാണെന്ന് അത്ഭുതങ്ങളാല്‍ വെളിപ്പെടുത്തി- മുഹമ്മദ് ഒരു അടയാളവും ചെയ്തിട്ടില്ല.
6. മോശ ഒറ്റയ്ക്ക് ശത്രുവിന് നേരെ ചെന്നവനാണ്- മുഹമ്മദ് അനുയായികളുടെ സൈന്യത്തെ ഉണ്ടാക്കി ശത്രുക്കളോട് പൊരുതി.
7. മോശയുടെ മുഖം ദൈവീക സമ്പര്‍ക്കത്താല്‍ ശോഭിച്ചു- മുഹമ്മദിന് വെളിപ്പാട് കിട്ടുമ്പോള്‍ കൂര്‍ക്കം വലി, മണിയടിയുടെ ശബ്ദം ഇവയുണ്ടാകും (ബുഖാരി, 1.1.2) ജിന്ന് ബാധയാണോ എന്ന് പോലും ആദ്യകാലങ്ങളില്‍ മുഹമ്മദ് സംശയിച്ചിരുന്നു.
8. മരണശേഷം മോശ പ്രത്യക്ഷപ്പെട്ടതായി വചനം പറയുന്നു- മുഹമ്മദിന്‍റെ മരണശേഷം ഒന്നും പറയുന്നില്ല.
9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത് എന്ന് ദൈവം മോശയിലൂടെ കല്പന നല്‍കി- മുഹമ്മദ് തന്‍റെ വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചു. അനേകം സ്ത്രീകളെ ഭാര്യമാരായി വയ്ക്കാം എന്ന രീതി മുഹമ്മദിലൂടെ അള്ളാഹു നല്‍കി. മുഹമ്മദ് പത്തിലധികം ഭാര്യമാരെ എടുത്തു മാതൃകയും കാട്ടി.
10. ദൈവത്തെ കാണുന്നതിനു മുന്‍പ് മോശ വലിയ ധൈര്യശാലിയല്ലായിരുന്നു (പുറ.2:15). ദൈവിക ദര്‍ശനം കിട്ടിയ മോശ മിസ്രയീമിലേക്കു പോകാന്‍ ധൈര്യം കാണിച്ചു (പുറ.3)- എന്നാല്‍ മുഹമ്മദിന് അല്ലാഹുവിന്‍റെ വെളിപ്പാട് കിട്ടിയ അന്ന് മുഹമ്മദ് പേടിച്ചു വിറച്ച് പനിപിടിച്ചു കിടന്നു (സൂറാ.73:1, 74:1)
11. മോശ മന്ത്രവാദികളെ ജയിച്ചു (പുറ.7:10-13, സംഖ്യാ.23:23)- മുഹമ്മദ് മന്ത്രവാദത്തിനു അടിമപ്പെട്ടു (സഹിഹ് ബുഖാരി, വോളിയം 7, ബുക്ക് 71, ഹദീസ് നമ്പര്‍ 660-661)
12. മോശ ജനത്തിന് നിയമം നല്‍കി- മുഹമ്മദ് പ്രത്യേകിച്ച് ഒരു നിയമവും നല്‍കിയില്ല. പണ്ട് മുതലേയുള്ള പ്രവാചകന്മാര്‍ പ്രബോധിപ്പിച്ചതല്ലാതെ പുതിയതൊന്നും താന്‍ പ്രബോധിപ്പിച്ചിട്ടില്ല എന്നാണു പറഞ്ഞത്.
13. മോശക്ക് ആണ്മക്കള്‍ ഉണ്ടായിരുന്നു. (പുറ.2:22) – മുഹമ്മദിന് ഉണ്ടായ ഏക ആണ്‍തരി ശൈശവപ്രായത്തില്‍ തന്നെ മരിച്ചു. ജനങ്ങള്‍ മുഹമ്മദിനെ കുറ്റിയറ്റവന്‍ എന്ന് പരിഹസിച്ചു.
14. മോശയെ ജനങ്ങള്‍ പ്രവാചകന്‍ എന്ന് വിശ്വസിച്ചു (പുറ.14:31) – മുഹമ്മദിനെ ജനങ്ങള്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു (സൂറാ.15:6; 44:14; 37:36)
15. ജനം മോശയെ വിശ്വസിക്കേണ്ടതിന് യഹോവ സീനായ് പര്‍വ്വതത്തിന്‍റെ മുകളില്‍ ഇറങ്ങി (പുറ.19:9) – ജനങ്ങള്‍ മുഹമ്മദില്‍ വിശ്വസിക്കേണ്ടതിന് അല്ലാഹു ഒരടയാളം പോലും കാണിച്ചതായി ഖുര്‍ആനില്‍ ഇല്ല.
ഇത്രയധികം വൈരുദ്ധ്യങ്ങള്‍ മോശയും മുഹമ്മദും തമ്മില്‍ ഉണ്ട്. എന്നാല്‍ ദാവാക്കാര്‍ ആരും ഈ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഒരക്ഷരം പറയുകയില്ല. എന്നിട്ട് “മോശ മാതാപിതാക്കളില്‍ നിന്ന് ജനിച്ചു, മുഹമ്മദും മാതാപിതാക്കളില്‍ നിന്ന് ജനിച്ചു; മോശ വിവാഹം കഴിച്ചു, മുഹമ്മദും വിവാഹം കഴിച്ചു; മോശ സാധാരണ രീതിയില്‍ മരിച്ചു, മുഹമ്മദും സാധാരണ രീതിയില്‍ മരിച്ചു” എന്ന് ചില സാമ്യങ്ങള്‍ നിരത്തും. വാസ്തവത്തില്‍ ഈ സാമ്യങ്ങള്‍ മുഹമ്മദിന് മാത്രമല്ല, ലോകത്ത് വിവാഹിതരായ ഏതു പുരുഷനും യോജിക്കുന്ന സാമ്യമാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും മാതാപിതാക്കളില്‍ നിന്നാണ് ജനിച്ചിട്ടുള്ളത്, ഭൂരിഭാഗം പേരും വിവാഹം കഴിച്ചിട്ടുണ്ട്, മരിക്കുകയും ചെയ്യും. ഇതാണോ സാമ്യം എന്ന് പറയുന്നത്? ദാവാക്കാര്‍ ഇത്രമാത്രം ബുദ്ധി ഇല്ലാത്തവരായിപ്പോയല്ലോ…
(ലേഖനത്തിലെ വിവരങ്ങള്‍ക്ക് കടപ്പാട്: ജി.സുശീലന്‍ സാര്‍, പാസ്റ്റര്‍. വര്‍ഗ്ഗീസ് എം. സാമുവേല്‍)
One Comment on “ആവ.18:18-ലെ മോശയെപ്പോലുള്ള പ്രവാചകന്‍ ആര്?”
Great.