പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-3)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ഈ പുസ്തകങ്ങളില്‍ നിന്നാണ് മുഹമ്മദ് തന്‍റെ ഖുര്‍ആനില്‍ ചേര്‍ക്കാന്‍ വേണ്ടി മര്‍യത്തിന്‍റെയും ഈസയുടെയും കഥകള്‍ എടുത്തിട്ടുള്ളത് എന്ന് കൂടി അറിയുമ്പോഴാണ്, ഈ പുസ്തകങ്ങള്‍ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ഇസ്ലാമിക വാദത്തിന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം നമുക്ക് പിടി കിട്ടുന്നത്!! ഈ പൊട്ടക്കഥകള്‍ അവരുടെ ഗ്രന്ഥമായ ഖുര്‍ആനില്‍ കോപ്പിയടിച്ചു വെച്ചിരിക്കുന്നത് നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാം:
ഈസായുടെ മാതാവായ മര്‍യം എന്ന സ്ത്രീയെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കുക:
“ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. – എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ – ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (സൂറാ.3:35,36)
ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? ഖുര്‍ആനില്‍ അവകാശപ്പെടുന്നത് പോലെ ‘അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്ന’ മലക്കില്‍ നിന്നും കിട്ടിയതാണോ അതോ വേറെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ? നമുക്ക് പരിശോധിക്കാം:
എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു അപ്പോക്രിഫാ പുസ്തകമാണ് ‘യാക്കോബിന്‍റെ ആദ്യ സുവിശേഷം’ എന്ന കൃതി. ഈ കൃതിയുടെ അവസാന വാക്യത്തില്‍ ‘യാക്കോബ് എന്ന ഞാന്‍ യെരുശലേമില്‍ വെച്ച് ഈ പുസ്തകം എഴുതി’ എന്ന് പറയുന്നുണ്ടെങ്കിലും പണ്ഡിതന്മാര്‍ അത് അംഗീകരിച്ചിട്ടില്ല. കാരണം, ഇതിന്‍റെ എഴുത്തുകാരന് യെഹൂദ പാരമ്പര്യങ്ങളെക്കുറിച്ചും യെഹൂദാചാരങ്ങളെക്കുറിച്ചും വലിയ പിടിപാടില്ല എന്ന് പുസ്തകം വായിച്ചാല്‍ പിടികിട്ടും. യെരുശലേമില്‍ ജീവിച്ചിരുന്ന യെഹൂദനായ യാക്കോബ് ഒരിക്കലും ഈ വക കാര്യങ്ങളില്‍ അജ്ഞനായിരിക്കില്ലല്ലോ. അതുകൊണ്ടുതന്നെ യെഹൂദനല്ലാത്ത ഏതോ ഒരാള്‍ എഴുതി യാക്കോബിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത ഗ്രന്ഥം എന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. ക്രിസ്തുവിജ്ഞാനീയവുമായി ബന്ധപ്പെടുത്താതെ, നസറേത്തിലെ മറിയം എന്ന വ്യക്തിയില്‍ മാത്രമായി താല്‍പര്യമെടുക്കുന്ന ആദ്യ ക്രൈസ്തവ ഗ്രന്ഥമാണ് ‘യാക്കോബിന്‍റെ ആദ്യസുവിശേഷം’ എന്ന് ഫാ.ജോസ് മാണിപ്പറമ്പില്‍ എഴുതിയ ‘പുതിയ നിയമത്തിലെ മറിയം’ എന്ന കൃതിയില്‍ പറയുന്നുണ്ട്.
ഈ പുസ്തകത്തില്‍ പറയുന്നതനുസരിച്ച്, മക്കളില്ലാതിരുന്ന യോവാക്കിം-അന്ന ദമ്പതിമാര്‍ക്ക് ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ഉണ്ടായ പുത്രിയാണ് മറിയം. ആ പുസ്തകത്തില്‍നിന്നും ഉദ്ധരിക്കാം:
“അപ്പോള്‍ അതാ, കര്‍ത്താവിന്‍റെ ഒരു മാലാഖ അരികില്‍ നിന്ന് കൊണ്ട് പറഞ്ഞു: “അന്നാ, അന്നാ, കര്‍ത്താവ് നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നീ ഗര്‍ഭം ധരിക്കും. പ്രസവിക്കുകയും ചെയ്യും. നിന്‍റെ സന്തതി പരമ്പര ലോകം മുഴുവന്‍ സംസാര വിഷയമാകും”.
അപ്പോള്‍ അന്ന പറഞ്ഞു: “എന്‍റെ ദൈവമായ കര്‍ത്താവ് ജീവിക്കുന്നതിനാല്‍, ഞാന്‍ പ്രസവിക്കുന്നത് ആണായാലും പെണ്ണായാലും, അതിനെ എന്‍റെ ദൈവമായ കര്‍ത്താവിനുള്ള ഉപഹാരമായി വളര്‍ത്തും. അതിന്‍റെ ജീവിത കാലം മുഴുവന്‍ വിശുദ്ധമായ കാര്യങ്ങളില്‍ അത് ദൈവത്തെ സഹായിക്കും”.
അതാ നോക്കൂ, അപ്പോള്‍ അതാ രണ്ടു മാലാഖമാര്‍ വന്നു. അവര്‍ അവളോട് പറഞ്ഞു: “നോക്കൂ, നിന്‍റെ ഭര്‍ത്താവ് യോവാക്കീം കന്നുകാലിക്കൂട്ടത്തോടൊപ്പം വരുന്നുണ്ട്.” എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ഒരു മാലാഖ അവന്‍റെ അടുത്തേക്ക് ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു: “യൊവാക്കിം, യൊവാക്കിം, കര്‍ത്താവായ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. ഇവിടെ നിന്ന് പോകൂ. എന്തുകൊണ്ടെന്നാല്‍, നോക്കൂ, നിന്‍റെ ഭാര്യ അന്ന ഗര്‍ഭം ധരിക്കും.” അപ്പോള്‍ യൊവാക്കിം താഴെ പോയി തന്‍റെ ആട്ടിടയന്മാരെ വിളിച്ചു കൊണ്ട് പറഞ്ഞു: “പുള്ളിക്കുത്തോ, കളങ്കമോ ഇല്ലാത്ത പത്തു പെണ്ണാടുകളെ ഇവിടെ എന്‍റെ അടുത്തേക്ക് കൊണ്ടുവരൂ. അവ പുരോഹിതന്മാര്‍ക്കും കാരണവന്മാര്‍ക്കും ഉള്ളതായിരിക്കും. പിന്നെ ജനങ്ങള്‍ക്കെല്ലാവര്‍ക്കുമായി നൂറു ആടുകളേയും.” അതാ നോക്കൂ, യോവാക്കിം തന്‍റെ കന്നുകാലിക്കൂട്ടങ്ങളുമായി വന്നു. അന്ന പടിവാതില്‍ക്കല്‍ നിന്നു. യോവാക്കിം വരുന്നത് കണ്ടു അവാളോടിച്ചെന്ന് അവന്‍റെ കഴുത്തില്‍ തൂങ്ങിക്കൊണ്ട് പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവായ ദൈവം എന്നെ അതിയായി അനുഗ്രഹിച്ചിരിക്കുന്നു എന്ന്. എന്തുകൊണ്ടെന്നാല്‍, നോക്കൂ, ഈ വിധവ മേലാല്‍ വിധവയല്ല. വന്ധ്യയായ ഞാന്‍ മേലാല്‍ ഗര്‍ഭം ധരിക്കും.” യോവാക്കിം ആ ദിവസം തന്‍റെ വീട്ടില്‍ വിശ്രമിച്ചു.
അടുത്ത ദിവസം അവന്‍ വഴിപാടുകള്‍ കൊണ്ടുവന്നു സ്വയം പറഞ്ഞു: “കര്‍ത്താവായ ദൈവം എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെങ്കില്‍ പുരോഹിതന്‍റെ നെറ്റിത്തടത്തിലെ തകിട് അതെനിക്ക് വെളിപ്പെടുത്തിത്തരും.” യോവാക്കിം തന്‍റെ വഴിപാടുകള്‍ കൊണ്ടുവന്നു. എന്നിട്ട് കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്ക് കയറുമ്പോള്‍, പുരോഹിതന്‍റെ തകിട് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു. അവന്‍ തന്നിലൊരു പാപവും കണ്ടില്ല.
യോവാക്കിം പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവ് എന്നോട് കരുണയുള്ളവനാണെന്ന്; എന്‍റെ എല്ലാ പാപങ്ങളും പൊറുത്തിരിക്കുന്നു എന്നു.” എന്നിട്ട് സംതൃപ്തിയോടെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നിറങ്ങി സ്വന്ത വീട്ടിലേക്ക് തിരിച്ചു. അവളുടെ മാസങ്ങള്‍ നിറവേറ്റപ്പെട്ടു. ഒമ്പതാം മാസം അന്ന പ്രസവിച്ചു.
അവള്‍ വയറ്റാട്ടിയോട് ചോദിച്ചു: “ഞാന്‍ എന്തിനെയാണ് പ്രസവിച്ചിട്ടുള്ളത്?” അപ്പോള്‍ വയറ്റാട്ടി പറഞ്ഞു: “ഒരു പെണ്‍കുട്ടി.” അന്ന പറഞ്ഞു: “ഈ ദിവസം എന്‍റെ ആത്മാവ് വലുതാക്കപ്പെട്ടിരിക്കുന്നു.” എന്നിട്ടവള്‍ കുഞ്ഞിനെ കിടത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അന്ന ശുദ്ധീകരിക്കപ്പെട്ടു. അവള്‍ കുഞ്ഞിനെ മുലയൂട്ടി. അവളെ മറിയം എന്ന് പേര് വിളിച്ചു. (യാക്കോബിന്‍റെ ആദ്യ സുവിശേഷം. വാക്യം.4,5)
ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഈ കഥ വായിക്കുമ്പോള്‍ മനസ്സിലാകും ഖുര്‍ആനില്‍ പറയുന്ന മര്‍യത്തിന്‍റെ കഥ എവിടെ നിന്നാണ് വന്നിട്ടുള്ളതെന്ന്. അപ്പോക്രിഫാ പുസ്തക രചയിതാവ് വിശദീകരിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ് ഖുര്‍ആനില്‍ മലക്ക് ചുരുക്കി പറഞ്ഞിരിക്കുന്നത് എന്ന് കാണാന്‍ വിഷമമില്ല. വയറ്റിലുള്ള കുഞ്ഞിനെ അതിന്‍റെ അമ്മ ദൈവത്തിനായി നേരുന്നു, ജനിക്കുന്ന കുഞ്ഞു പെണ്ണാണ്. ആ കുട്ടിക്ക് മറിയം എന്ന് പേരിടുന്നു. ഇക്കാര്യങ്ങള്‍ രണ്ടു ഗ്രന്ഥത്തിലും കാണാം. സംശയലേശമെന്യേ ഏതൊരാള്‍ക്കും പറയാന്‍ കഴിയും, ആദ്യം എഴുതപ്പെട്ട ഗ്രന്ഥത്തില്‍നിന്നും (അതായത് യാക്കോബിന്‍റെ ആദ്യസുവിശേഷത്തില്‍ നിന്നും) കോപ്പിയടിച്ചതാണ് രണ്ടാം പുസ്തകത്തില്‍ (അതായത് ഖുര്‍ആനില്‍ ) ഉള്ള വിവരണം എന്ന കാര്യം. മലക്കിന്‍റെ കോപ്പിയടി തീര്‍ന്നിട്ടില്ല, ഇനിയും കുറെ ഉണ്ട്. നമുക്ക് ഓരോന്നോരോന്നായി പരിശോധിക്കാം. മര്‍യത്തെ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും സഖര്യാവ് പുരോഹിതന്‍ മര്‍യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അള്ളാഹു മര്‍യത്തിനു ആഹാരം കൊടുക്കുകയും ചെയ്തിരുന്നു എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്, നോക്കുക:
“അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു” (സൂറാ.3:37)
ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? യാക്കോബിന്‍റെ ആദ്യ സുവിശേഷത്തില്‍ പറയുന്നതനുസരിച്ചു മറിയയുടെ മാതാപിതാക്കള്‍ അവളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുന്നു. സഖരിയാ പുരോഹിതനാണ് ദൈവാലയത്തിലെ അവളുടെ ചുമതല ഏറ്റെടുക്കുന്നത്. ആ ഭാഗം ഞാന്‍ താഴെ കൊടുക്കുന്നു:
“അവളുടേതിനൊപ്പം കുഞ്ഞിന്‍റെ മാസങ്ങളും കടന്നു പോയി. കുഞ്ഞിനു രണ്ടു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “നാം കൈക്കൊണ്ട ശപഥം നിറവേറ്റാനായി കര്‍ത്താവിന്‍റെ ദൈവാലയത്തിലേക്ക് അവളെ കൊണ്ടുപോകാം. അല്ലാത്തപക്ഷം നമ്മുടെ പ്രാര്‍ത്ഥന കര്‍ത്താവ് സ്വീകരിക്കുകയില്ല.” അപ്പോള്‍ അന്ന പറഞ്ഞു: “നമുക്ക് മൂന്നാമത്തെ കൊല്ലത്തിനു വേണ്ടി കാത്തിരിക്കാം. അങ്ങനെയാകുമ്പോള്‍ കുട്ടി അപ്പനെയോ അമ്മയെയോ അന്വേഷിച്ചേക്കില്ല.” യൊവാക്കിം പറഞ്ഞു: “അങ്ങനെയെങ്കില്‍ നമുക്ക് കാക്കാം.” അങ്ങനെ കുട്ടിക്ക് മൂന്നു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “മലിനപ്പെടാത്ത യെഹൂദപുത്രിമാരെ ക്ഷണിക്കൂ, അവര്‍ ഓരോ വിളക്കേന്തട്ടെ. കുഞ്ഞു തിരിഞ്ഞു നോക്കാത്ത വിധത്തില്‍, കര്‍ത്താവിന്‍റെ ദേവാലയത്തില്‍നിന്ന് അവളുടെ ഹൃദയം വശീകരിക്കും വിധത്തില്‍, വിളക്കുകള്‍ കത്തിക്കൊണ്ട് നില്‍ക്കട്ടെ.” കര്‍ത്താവിന്‍റെ ദേവാലയത്തിലേക്ക് കയറിപ്പോകും വരെ അപ്രകാരം അവര്‍ ചെയ്തു.
പുരോഹിതന്‍ കുഞ്ഞിനെ സ്വീകരിച്ച്, ചുംബിച്ച്, അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു: “എല്ലാ തലമുറകളിലും നിന്‍റെ നാമം കര്‍ത്താവ് മഹത്വവത്കരിച്ചിരിക്കുന്നു. ദിവസങ്ങളുടെ അന്ത്യത്തില്‍, ഇസ്രായേല്‍ പുത്രന്മാര്‍ക്കുള്ള പാപവിമോചനം അവന്‍ നിന്നില്‍ വെളിപ്പെടുത്തും.” പുരോഹിതന്‍ കുഞ്ഞിനെ അള്‍ത്താരയുടെ മൂന്നാമത്തെ പടിയില്‍ വെച്ചു. കര്‍ത്താവായ ദൈവം അവളില്‍ അനുഗ്രഹം ചൊരിഞ്ഞു. അവള്‍ പാദങ്ങള്‍ കൊണ്ട് നൃത്തമാടി. ഇസ്രായേലിലെ എല്ലാ വീടുകളും അവളെ സ്നേഹിച്ചു.
അവളുടെ രക്ഷിതാക്കള്‍ ആശ്ചര്യപ്പെട്ടുകൊണ്ടും കര്‍ത്താവായ ദൈവത്തെ സ്തുതിച്ചു കൊണ്ടും പടിയിറങ്ങി. എന്തുകൊണ്ടെന്നാല്‍ കുഞ്ഞു പിന്‍തിരിഞ്ഞു നോക്കിയിരുന്നില്ല. കര്‍ത്താവിന്‍റെ ദേവാലയത്തില്‍ വസിക്കുന്ന ഒരു മാടപ്രാവ് എന്ന പോലെയായിരുന്നു മറിയം. ഒരു മാലാഖയുടെ കയ്യില്‍ നിന്ന് അവള്‍ ആഹാരം സ്വീകരിക്കുകയും ചെയ്തു.
അവള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോള്‍ പുരോഹിതന്മാരുടെ ഒരു ആലോചനാ സമിതി കൂടി. അവര്‍ പറഞ്ഞു: “നോക്കൂ, കര്‍ത്താവിന്‍റെ ദേവാലയത്തില്‍ മറിയത്തിനു പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. നാമിനി അവളെ എന്ത് ചെയ്യണം? അവള്‍ കര്‍ത്താവിന്‍റെ ശ്രീകോവില്‍ കളങ്കപ്പെടുത്തുമെങ്കിലോ?” അവര്‍ മുഖ്യപുരോഹിതനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ അള്‍ത്താരക്കരികിലാണല്ലോ അങ്ങ് നില്‍ക്കുന്നത്. അകത്തേക്ക് പോയി അവളെച്ചൊല്ലി പ്രാര്‍ത്ഥിക്കൂ. കര്‍ത്താവ് അങ്ങേയ്ക്ക് എന്ത് വെളിപ്പെടുത്തിത്തരുന്നുവോ അത് ഞങ്ങള്‍ ചെയ്യും.”
ശ്രീകോവിലിന്‍റെ ഉള്ളറയിലേക്ക് പന്ത്രണ്ട് മണികളുള്ള മേലങ്കിയെടുത്തു കൊണ്ട് മുഖ്യപുരോഹിതന്‍ കടന്നു. അവളെച്ചൊല്ലി അയാള്‍ പ്രാര്‍ത്ഥിച്ചു. അതാ നോക്കൂ, കര്‍ത്താവിന്‍റെ ഒരു മാലാഖ അയാള്‍ക്കരികില്‍ നിന്ന് കൊണ്ട് അയാളോടായി പറഞ്ഞു: “സെഖറിയാസ്, സെഖറിയാസ്, പുറത്തു പോയി ജനങ്ങള്‍ക്കിടയിലെ വിഭാര്യന്മാരെ വിളിച്ചു കൂട്ടു. അവര്‍ ഓരോരുത്തരും തങ്ങളുടെ സ്ഥാനദണ്ഡ് കൊണ്ടുവരട്ടെ. കര്‍ത്താവ് ആര്‍ക്കാണോ അടയാളം കാണിക്കുന്നത് ആ ആളുടെ ഭാര്യയായിരിക്കും ഇവള്‍.”
ഇസ്രായേലില്‍ എല്ലായിടത്തും വിളംബരക്കാര്‍ സഞ്ചരിച്ചു. കര്‍ത്താവിന്‍റെ കാഹളവാദ്യം മുഴങ്ങി. എല്ലാവരും ഓടിക്കൂടി.” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.7,8)
ഈ കഥയില്‍ മര്‍യത്തിന്‍റെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് ജനിച്ചതു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോള്‍ അവളെ സന്തോഷത്തോടെ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. പിന്നീട് അവളെ ദേവാലയത്തിലാക്കുന്നു. അവളുടെ സംരക്ഷണച്ചുമതല സഖറിയാസ് ഏറ്റെടുക്കുന്നു. അവള്‍ക്ക് ഒരു മാലാഖ ആഹാരം കൊണ്ട് കൊടുക്കുന്നു! ഇതെല്ലാം ഖുര്‍ആനില്‍ മലക്ക് പറഞ്ഞ കഥയിലും ഉണ്ട്!! മാത്രമല്ല, മറിയയുടെ വിവാഹം നടത്താന്‍ വേണ്ടി പുരോഹിതര്‍ നടത്തുന്ന ഒരുക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതും ഖുര്‍ആനിലെ മലക്ക് കോപ്പിയടിച്ചിട്ടുണ്ട്!!
(ഈ പുസ്തകത്തിന്‍റെ രചയിതാവ് യെരുശലേമിലെ യാക്കോബ് അല്ല എന്നത് പോയിട്ട് ഒരു യെഹൂദന്‍ പോലുമല്ല എന്നതിന് തെളിവാണ് ദൈവാലയത്തിന്‍റെ ശ്രീകോവിലിലേക്ക് മറിയയുടെ വിവാഹത്തിന്‍റെ കാര്യം ചോദിക്കാന്‍ വേണ്ടി മഹാപുരോഹിതന്‍ കടന്നു ചെന്നതായി പറയപ്പെടുന്ന ഭാഗം. യിസ്രായേലിലെ ദൈവാലയത്തെ കുറിച്ച് യാതൊരു അറിവും എഴുത്തുകാരനില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. കാരണം, തോന്നുമ്പോള്‍ കടന്നു ചെല്ലാന്‍ പറ്റുന്ന സ്ഥലമല്ല ദൈവാലയത്തിലെ അതിവിശുദ്ധ മന്ദിരം. സംവത്സരത്തില്‍ ഒരിക്കല്‍ മാത്രമേ മഹാപുരോഹിതന് ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ (ലേവ്യാ.16) എന്ന കാര്യം യിസ്രായേലിലെ ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും. അങ്ങനെ പ്രവേശിക്കുന്നത് ഏതെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയുമല്ല, യിസ്രായേലിനെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നു. ബൈബിള്‍ പറയുന്നത് നോക്കുക: “ഇവ ഇങ്ങനെ തീര്‍ന്ന ശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍ കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും. രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും” (എബ്രാ.9:6,7)
ഇങ്ങനെ ആണ്ടിലൊരിക്കല്‍ (ഏഴാം മാസം പത്താം തിയ്യതി) മാത്രം മഹാപുരോഹിതന് കടന്നു ചെല്ലാന്‍ കഴിയുന്ന അതിവിശുദ്ധ സ്ഥലത്തേക്കാണ് ഈ കഥയിലെ മഹാപുരോഹിതന്‍ ഒരു തയ്യാറെടുപ്പും കൂടാതെ കടന്നു ചെല്ലുന്നത്. അത് അസംഭവ്യമായ കാര്യമാണെന്ന് യെഹൂദന് അറിയാമെങ്കിലും പുറജാതിക്കാരന് അറിയണം എന്നില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം എഴുതിയത് യെഹൂദനല്ലെന്ന കാര്യം വളരെ വ്യക്തമാണ്.)
മറിയയുടെ വിവാഹത്തിനു വേണ്ടി അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നുള്ളത് ഈ കഥയുടെ ഒരു അറേബ്യന്‍ വേര്‍ഷന്‍ മാത്രമാണ്. കാരണം അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തുന്ന ശീലം അറബികളുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു. യിസ്രായേലില്‍ ഒരിടത്തും ഇങ്ങനെ ഒരാചാരം നിലവിലുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ആയത്ത് താഴെ കൊടുക്കുന്നു:
“(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)
“ജോസഫ് തന്‍റെ കോടാലി വലിച്ചെറിഞ്ഞു അവരോടൊപ്പം ചേരാനായി പുറത്തിറങ്ങി. എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ തങ്ങളുടെ ദണ്ഡുകളുമേന്തി അവര്‍ മുഖ്യപുരോഹിതന്‍റെ അടുത്തേക്ക് പോയി. പുരോഹിതന്‍ അവരുടെ എല്ലാവരുടെയും ഊന്നു ദണ്ഡുകള്‍ എടുത്തുകൊണ്ട് ദേവാലയത്തിനകത്തെക്ക് കടന്നു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന അവസാനിച്ച ശേഷം അയാള്‍ ദണ്ഡുകള്‍ എടുത്തു പുറത്തേക്ക് വന്നു അവ അവര്‍ക്ക് കൊടുത്തു. എന്നാല്‍ അവയില്‍ അടയാളമൊന്നും ഉണ്ടായിരുന്നില്ല. അവസാനം ദണ്ഡെടുത്തത് ജോസഫ് ആയിരുന്നു. അതാ നോക്കൂ, ഒരു മാടപ്രാവ് ദണ്ഡില്‍ നിന്ന് പുറത്തേക്ക് വന്നു ജോസഫിന്‍റെ തലക്ക് മീതെ പറന്നു. പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ കന്യകയെ നിന്‍റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ നറുക്കെടുപ്പിനാല്‍ നീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.”
എന്നാല്‍, ജോസഫ് നിരസിച്ചു കണ്ട് പറഞ്ഞു: “എനിക്ക് കുട്ടികളുണ്ട്. ഞാനൊരു വൃദ്ധനാണ്. അവളൊരു കൊച്ചു പെണ്‍കുട്ടിയാണ്. ഇസ്രായേലിന്‍റെ പുത്രന്മാര്‍ക്ക് ഞാനൊരു പരിഹാസപാത്രമായി തീര്‍ന്നെക്കുമെന്നു ഭയപ്പെടുന്നു.” അപ്പോള്‍ പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടൂ. ദാത്താന്‍, അബീരാം, കൊരഹ് എന്നിവരോട് കര്‍ത്താവ് ചെയ്തത് എന്താണെന്നും അവരുടെ എതിര്‍പ്പ് മൂലം ഭൂമി പിളര്‍ന്നു അവരെ വിഴുങ്ങിയത് എപ്രകാരമാണെന്നും ഓര്‍ക്കൂ. അല്ലയോ ജോസഫ്, ഭയപ്പെടൂ. അല്ലാത്തപക്ഷം ഇതേ സംഗതികള്‍ നിന്‍റെ വീട്ടിലും സംഭവിച്ചേക്കും.” ജോസഫ് ഭയപ്പെടുക തന്നെ ചെയ്തു. അവളെ തന്‍റെ സംരക്ഷണത്തിന്‍ കീഴിലെടുത്തു. ജോസഫ് മറിയത്തോട് പറഞ്ഞു: “നോക്കൂ, ഞാന്‍ നിന്നെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാ, ഇപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ വീട്ടിലേക്ക് കൊണ്ട് പോകുന്നു. ഞാന്‍ കെട്ടിടം പണിയാന്‍ അകലെ പോകുകയാണ്. ഞാന്‍ നിന്‍റെ അടുത്തേക്ക് വന്നു കൊള്ളാം. കര്‍ത്താവ് നിന്നെ രക്ഷിക്കും!” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.9)
എന്തൊരു സാമ്യം, അല്ലേ? (തുടരും…)
2 Comments on “പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-3)”
Dear അനില്‍കുമാര്‍ വി. അയ്യപ്പന്‍
ആദ്യം താങ്കള്‍ ഖുര്‍ആന്‍ പഠിക്കു മറിയം സൂറ വായിക്കു അത് കഴിഞ്ഞു മതി വിമര്‍ശിക്കാന്‍ തുടങ്ങാന്‍.
ഈ “പഠിച്ചിട്ട് വിമര്‍ശിക്കൂ സൂര്‍ത്തെ” എന്ന ക്ലീഷേ കേട്ട് കേട്ട് മടുത്തു. പുതിയ വല്ല ഡയലോഗും എടുക്ക് സുഹൃത്തേ. എതിരാളിക്ക് ഉത്തരമില്ലാതാകുമ്പോള്‍ സ്ഥിരമായി ഒരേ ഡയലോഗ് പത്തു പന്ത്രണ്ടു കൊല്ലമായി കേള്‍ക്കേണ്ടി വരുന്നത് മഹാ ബോറാണ് എന്നെങ്കിലും മനസ്സിലാക്കാനുള്ള വകതിരിവ് താങ്കള്‍ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.