ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-3)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
II. അമാനുഷികമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹുവിനില്ല.
നാം ഖുര്‍ആന്‍ പരിശോധിച്ചാല്‍ കാണുന്ന ഒരു പ്രധാന വസ്തുത, ഏതെങ്കിലും തരത്തിലുള്ള ഒരു അത്ഭുതമോ അമാനുഷികമായ കാര്യങ്ങളോ ചെയ്യാന്‍ അല്ലാഹുവിനു കഴിഞ്ഞിട്ടില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണ്. നമുക്ക് ചില ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കാം:
ഖുര്‍ആനിലെ അള്ളാഹു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലാത്തയാളാണ്. ‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം / അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:
1. “തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)
ഇതെന്തൊരു ന്യായീകരണമാണ്? ‘തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്’ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുമ്പോള്‍ ഒരു ദൃഷ്ടാന്തമെങ്കിലും ഇറക്കികൊടുക്കേണ്ട ബാധ്യത അള്ളാഹുവിനുണ്ടായിരുന്നില്ലേ? അത് ചെയ്യാതെ ‘ദൃഷ്ടാന്തം വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല’ എന്ന് പറഞ്ഞു പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുകയാണ് അള്ളാഹു ചെയ്തത്.
2. “അവര്‍ പറയുന്നു: അദ്ദേഹത്തിന് ( നബിക്ക് ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു തെളിവ് ( നേരിട്ട് ) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്? ( നബിയേ, ) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)
ഇവിടേയും ജനം തന്‍റെ ദാസനില്‍ വിശ്വസിക്കെണ്ടതിനു അള്ളാഹു യാതൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.
3. “(നബിയെ പരിഹസിച്ചുകൊണ്ട് ) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)
ഇതിനും അല്ലാഹുവിന്‍റെ മറുപടി തഥൈവ!!
4. “ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)
എല്ലാ കാര്യത്തിന്‍റെയും സംരക്ഷണം ഏറ്റിട്ടുള്ള അള്ളാഹു തന്‍റെ ദാസനെ ബഹുദൈവാരാധകരുടെ പരിഹാസശരങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട കാര്യം മാത്രം ഏറ്റിരുന്നില്ല എന്ന് തോന്നുന്നു.
5. “അവിശ്വസിച്ചവര്‍ ( നബിയെപറ്റി ) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ് ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്? ( നബിയേ, ) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച് മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക് അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)
വിശ്വസിക്കേണ്ടതിന് തെളിവ് ചോദിച്ചവരെ അള്ളാഹു വഴികേടിലാക്കിയിരിക്കുന്നു എന്നാണ് പറയുന്നത്. ഇത് ശരിയായ ഒരു മറുപടിയാണോ എന്ന് വായനക്കാര്‍ ചിന്തിക്കുക.
6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല.” (സൂറാ.17:90-93)
ഇതിന് അള്ളാഹു പറയുന്ന മറുപടി നോക്കുക:
“(നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:93)
തീര്‍ച്ചയായും മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ നാമോര്‍ക്കേണ്ടത് മുന്‍ പ്രവാചകന്മാര്‍ എല്ലാവരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു എന്നതാണ്. എന്നിട്ടും അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, മരിച്ചവരെ ജീവിപ്പിച്ചത് അടക്കമുള്ള അത്ഭുതങ്ങള്‍ !! ഇവരെയെല്ലാം ഭൂമിയിലേക്ക് സന്ദേശവുമായി വിട്ടത് അല്ലാഹുവാണെന്നാണ് ഖുര്‍ആന്‍ പറയുന്നത് (സൂറാ.2:136; 3:3,4). യഥാര്‍ത്ഥത്തില്‍ ഇവരെയെല്ലാം ഭൂമിയിലേക്ക് അയച്ചത് അള്ളാഹു ആയിരുന്നുവെങ്കില്‍ ഇവര്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ അല്ലേ തന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ അള്ളാഹു ചെയ്യേണ്ടിയിരുന്നത്? അവര്‍ ചെയ്തതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ വേണമെന്നില്ല, അവര്‍ ചെയ്ത അത്രയും വേണമെന്നുമില്ല, അതിന്‍റെ പതിനായിരത്തിലൊരംശം വരുന്ന ഒരത്ഭുതം മുഹമ്മദിലൂടെ അള്ളാഹു ചെയ്യിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷേ, അങ്ങനെയോന്നുണ്ടായില്ല. ‘ഈ പ്രവാചകന്മാരെയൊക്കെ അയക്കുന്ന സമയത്ത് അല്ലാഹു യുവാവായിരുന്നു, പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം മുഹമ്മദിനെ അറബികള്‍ക്കിടയിലേക്ക് പ്രവാചകനായി അയക്കുന്ന സമയം ആയപ്പോഴേക്കും വാര്‍ദ്ധക്യത്തിലെത്തിയ അല്ലാഹുവിന്‍റെ ശക്തിയൊക്കെയും ക്ഷയിച്ചു പോയിട്ടുണ്ടാകും. അതുകൊണ്ടാണ് മുഹമ്മദിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അല്ലാഹുവിനു കഴിയാതിരുന്നത്’ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല എന്ന് മാത്രം പറയട്ടെ.
ഇനി സൂറാ.17:90-93 വരെയുള്ള ആയത്തുകള്‍ അവതരിക്കുവാന്‍ ഇടയാക്കിയ സാഹചര്യം കൂടി പരിശോധിച്ച് നോക്കുക. സൂറാ.17:1-ല്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന്‍റെ അനുബന്ധമായുള്ള ചോദ്യങ്ങളാണ് സൂറാ.17:90-93 വരെയുള്ള ഭാഗത്തുള്ളത്. സൂറാ.17:1 ഇപ്രകാരമാണ്:
‘തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.”
ഈ ആയത്തിന് ശ്രീ.എം.എം.അക്ബറിന്‍റെ നിച്ച് ഓഫ് ട്രൂത്ത് പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്:
‘അള്ളാഹു മുഹമ്മദ് നബി(സ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്നും പലസ്തീനിലെ മസ്ജിദുല്‍ അക്സാ (അല്‍ ബൈത്തുല്‍ മുഖദ്ദസ് )യിലേക്കും പിന്നീട് അവിടെനിന്നു ആകാശങ്ങളിലെക്കും കൊണ്ടുപോകുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു ‘മുഅ്ജിസത്ത്’ (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുന്‍പ് റബ്ബീ ഉല്‍ അവ്വല്‍ 17-ം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.’
മുഹമ്മദ് ഒരൊറ്റ രാത്രികൊണ്ട് മക്കയില്‍ നിന്ന് യെരുശലേമിലെത്തി അവിടത്തെ പള്ളിയിലെത്തി രണ്ടു റകഅ്ത്ത് നിസ്കാരവും കഴിഞ്ഞ് ഏഴാം സ്വര്‍ഗ്ഗത്തിലെത്തി അല്ലാഹുവുമായി അഭിമുഖ സംഭാഷണവും കഴിഞ്ഞ് നേരം വെളുക്കുന്നതിനു മുന്‍പ് തിരിച്ച് മക്കയിലെ ഭവനത്തില്‍, തന്‍റെ കിടക്കയില്‍ തന്നെ വന്ന കാര്യം മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ സ്വാഭാവികമായും അവര്‍ അത് അവിശ്വസിച്ചു. മുഹമ്മദ് സ്വപ്നം കണ്ടിരിക്കാനാണ് സാധ്യത എന്ന് മുസ്ലീങ്ങളില്‍ തന്നെ പലരും സംശയിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. ഈ സംഭവം അറിഞ്ഞപ്പോള്‍ അമുസ്ലീങ്ങള്‍ മുഹമ്മദിനോട് തെളിവ് ആവശ്യപ്പെട്ട കാര്യമാണ് സൂറാ.17:90-93 വരെയുള്ള ഭാഗത്ത് നാം കണ്ടത്.
മുഹമ്മദിന്‍റെ ആകാശയാത്രയ്ക്ക് ഖുറൈശികള്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ടെയിരുന്നപ്പോള്‍ അവരുടെ ശല്യത്തില്‍ നിന്ന് തന്‍റെ ദാസനെ രക്ഷിക്കാന്‍ മലക്ക് അവതരിപ്പിച്ച ആയത്താണ് സൂറാ.17:1. (ഖുര്‍ആനില്‍ ഓരോ അധ്യായത്തിലെയും ആയത്തുകള്‍ പോലും കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത് എന്നതിന് തെളിവാണ് 17:90-93-ല്‍ സംശയാലുക്കള്‍ ഉന്നയിക്കുന്ന പ്രശ്നത്തിന് 17:1-ല്‍ മലക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന വിചിത്ര രീതി). ഈ ആയത്തിറങ്ങിയതോടെ മുഹമ്മദിന്‍റെ ആകാശ യാത്രയില്‍ സംശയാലുക്കളായിരുന്ന മുസ്ലീങ്ങള്‍ സംശയം ഉപേക്ഷിച്ചു. എങ്കിലും ഖുറൈശികള്‍ മുഹമ്മദ് പറഞ്ഞത് വിശ്വസിച്ചില്ല. അന്നത്തെ പ്രശ്നത്തില്‍ തന്‍റെ ദാസനെ രക്ഷിക്കാന്‍ അള്ളാഹു ആയത്ത് ഇറക്കിയെങ്കിലും ഇന്നത്തെ ചിന്താ ശേഷിയുള്ള മുസ്ലീങ്ങള്‍ക്ക് ഈ ആയത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. മുഹമ്മദിന്‍റെ കാലത്ത് നിലവിലില്ലാതിരുന്ന ഒരു പള്ളിയാണ് മസ്ജിദുല്‍ അഖ്സാ. (എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ യെരുശലേം ദേവാലയം തകര്‍ക്കപ്പെട്ടിരുന്നു) ‘അതിലേക്ക് മുഹമ്മദിനെ നാം കൊണ്ടുപോയി’ എന്നും ഇല്ലാത്ത ‘പള്ളിയുടെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു എന്നും മലക്ക് പറയുന്നത് ശുദ്ധ നുണയാണ്. കള്ളം പറഞ്ഞുകൊണ്ട് വേണം അല്ലാഹുവിനു തന്‍റെ ദാസനെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എന്നര്‍ത്ഥം! എന്തായാലും ജനങ്ങള്‍ മുഹമ്മദ് പറഞ്ഞത് വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെട്ടപ്പോള്‍ ‘സര്‍വ്വശക്തനായ’ അള്ളാഹു ഒന്നും പ്രവര്‍ത്തിക്കാതെ ഇരുന്നത് വളരെ മോശമായിപ്പോയി എന്ന് പറയാതെ വയ്യ!!!
7. “അവര്‍ പറഞ്ഞു: അദ്ദേഹം ( പ്രവാചകന്‍ ) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ?” (സൂറാ.20:133)
പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ പല തെളിവുകളുമുണ്ട്, അതില്‍ തര്‍ക്കമില്ല. എന്നാല്‍ ആ പൂര്‍വ്വ ഗ്രന്ഥങ്ങള്‍ക്കും അല്ലാഹുവിനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടെന്നു ചിന്താശേഷിയുള്ള ആരും പറയില്ല. തെളിവുകള്‍ ആവശ്യപ്പെടുന്ന ജനത്തോട് ജീവനുള്ള സത്യദൈവത്തിന്‍റെ വചനത്തില്‍ (അതും വേദക്കാര്‍ കൈകടത്തി, കാല്‍ കടത്തി എന്നൊക്കെ ഇന്നത്തെ മുസ്ലീങ്ങള്‍ നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടക്കുന്ന അതേ പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ ) തെളിവുകള്‍ ഉണ്ട് എന്ന് പറഞ്ഞു അള്ളാഹു രക്ഷപ്പെടുന്നത് കാണാന്‍ നല്ല രസമുണ്ട്.
8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ് നബി മുഖേന ) അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്; മൂസായ്ക്ക് നല്‍കപ്പെട്ടത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന് നല്‍കപ്പെടാത്തത് എന്താണ് എന്ന്. എന്നാല്‍ മുമ്പ് മൂസായ്ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ് എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)
പ്രവാചകന്മാര്‍ അത്ഭുതങ്ങള്‍ കാണിച്ചതും അത് കണ്ട ജനത്തിന്‍റെ പ്രതികരണവും മുന്‍ വേദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനം മോശയോടു മറുതലിച്ചതായും അനുസരണക്കേട് കാണിച്ചതായും പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും ‘മോശ യഹോവയുടെ പ്രവാചകനല്ല’ എന്ന് ജനം പറഞ്ഞിട്ടില്ല. (താങ്കള്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ അത് നല്‍കാം)
വസ്തുത ഇതായിരിക്കെ, സൂറാ.28:48-ന്‍റെ അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശുദ്ധ നുണയാണ്. മുന്‍പ്രവാചകന്മാര്‍ക്ക് നല്‍കിയത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ മുഹമ്മദിന് നല്‍കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്നതിനാല്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മോശയുടെ കാലത്തെ ജനങ്ങളില്‍ കുറ്റം ആരോപിച്ചു മലക്ക് ആയത്തിറക്കിയത് എന്നാത്രേ ഇത് വായിക്കുമ്പോള്‍ ഒരാള്‍ക്ക് മനസ്സിലാകുന്നത്.
9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് ( കായ്കനികള്‍ ) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.” (സൂറാ.25:7,8)
മുഹമ്മദ് മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ് വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:
“സത്യനിഷേധികള്‍ പറഞ്ഞു: ഇത് ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)
മുഹമ്മദ്, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ് അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ് ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക് വ്യക്തമായിരുന്നു.
ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക് ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:
“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).
ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ് പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ് ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ് ആകാശത്തേക്ക് കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ് ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!
ഇതെങ്ങനെയാണ് മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.
വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ് മടുത്തു പോകാതിരിക്കാന്‍ മലക്ക് ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ് ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത്!!
വാസ്തവത്തില്‍ അള്ളാഹു അത്ഭുതം കാണിച്ചതായി അവകാശപ്പെടുന്നത് മുഴുവന്‍ പൂര്‍വ്വ ഗ്രന്ഥങ്ങളിലെ പ്രവാചകന്മാരുടെ കാര്യത്തില്‍ മാത്രമാണ്. പൂര്‍വ്വ വേദങ്ങളിലെ പ്രവാചകന്മാരുടെ അത്ഭുതങ്ങളെ കുറിച്ച് പല വിവരങ്ങളും നല്‍കുന്ന ഖുര്‍ആനില്‍ പൂര്‍വ്വ വേദങ്ങളിളില്ലാത്ത പ്രവാചകന്മാരുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ ചിരി വരും. അള്ളാഹു സലിഹ് എന്ന ദൂതനെ ‘ഥമൂദ്’ എന്ന സമുദായത്തിലേക്ക് നിയോഗിച്ചതായി ഖുര്‍ആനില്‍ പറയുന്നുണ്ട്. (ഥമൂദ് എന്ന സമുദായം നിലവിലുണ്ടായിരുന്നോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് പുരാവസ്തു ഗവേഷകര്‍ക്ക് കൃത്യമായ ഉറപ്പൊന്നുമില്ല.) സൂറാ.26:151-158 വരെയുള്ള ഭാഗത്ത് ആ വിവരണം കാണാം. സ്ഥലപരിമിതി മൂലം 153-158 വരെയുള്ള ഭാഗങ്ങള്‍ മാത്രമേ താഴെ കൊടുക്കുന്നുള്ളൂ:
“അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു; നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ് അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ. അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട് നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍ നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പിക്കരുത് (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും. എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു. ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക് ) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.”
ഇവിടെ അല്ലാഹുവിന്‍റെ ദൂതനെന്നു മലക്ക് പറയുന്ന സാലിഹില്‍ വിശ്വസിക്കേണ്ടതിന് ജനം ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോള്‍ സാലിഹ് കൊണ്ടുക്കൊടുക്കുന്നത് ഒരു ഒട്ടകത്തെയാണ്. ആ ഒട്ടകത്തില്‍ തീര്‍ച്ചയായും മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ടെന്നും സലിഹ് പറയുകയും ചെയ്യുന്നു. തലയ്ക്കു വെളിവുള്ള ആരെങ്കിലും ആ പ്രസ്താവനയെ അംഗീകരിക്കുമോ? ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാണെന്ന് നിങ്ങളോട് അവകാശപ്പെടുകയും പ്രവാചകത്വത്തിന്‍റെ തെളിവ് നിങ്ങള്‍ എന്നോട് ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഒരു പശുവിനെയോ എരുമയെയോ കാളയെയോ പോത്തിനെയോ അതുമല്ലെങ്കില്‍ ഒരു ആനയേയോ കൊണ്ടുവന്നു നിങ്ങളുടെ മുന്‍പാകെ നിര്‍ത്തി, “ഇതാണ് എന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവ്, ഇതില്‍ നിങ്ങള്‍ക്ക് വേണ്ടുന്ന ദൃഷ്ടാന്തമുണ്ട് എന്ന് പറയുകയും ചെയ്‌താല്‍ നിങ്ങള്‍ എന്നെ പ്രവാചകനായി വിശ്വസിച്ചു അംഗീകരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ സാലിഹില്‍ വിശ്വസിക്കാതിരുന്നവരെ കുറ്റം പറയാന്‍ എങ്ങനെ സാധിക്കും? ജനത്തിനു വേണ്ടുന്ന തെളിവ്, മനുഷ്യര്‍ക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്തതും ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്നതുമായിരിക്കണം. അപ്രകാരമുള്ള യാതൊരു വിധ അത്ഭുതങ്ങളും അള്ളാഹു ഒരിക്കല്‍പ്പോലും അറബികളുടെ മുന്‍പാകെ മുഹമ്മദിലൂടെ ചെയ്തു കാണിച്ചതായി ഖുര്‍ആനില്‍ ഇല്ല!!
ചുരുക്കത്തില്‍ ‘അള്ളാഹു പലതും ചെയ്തിട്ടുണ്ട്’ എന്ന് മലക്ക് അവകാശപ്പെടുന്നതല്ലാതെ അല്ലാഹു എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ഖുര്‍ആന്‍ ഉപയോഗിച്ച് തെളിയിക്കാന്‍ കഴിയില്ല. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണ് എന്നതിന് ഇക്കാര്യം നല്ലൊരു തെളിവാണ്.
One Comment on “ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-3)”
Ayyappa.. Please present something new .. Its already mentioned ..