ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-2)
അനില്‍ കുമാര്‍ വി അയ്യപ്പന്‍
I. താന്‍ ദൈവമാണെന്ന് അള്ളാഹു ഒരിക്കലും മുഹമ്മദിനോട് അവകാശപ്പെട്ടിട്ടില്ല.
ഇസ്ലാം ലോകാരംഭം മുതലേ ഉണ്ടായിരുന്നു എന്നും മുന്‍കാല പ്രവാചകന്മാര്‍ എല്ലാവരും അല്ലഹുവിനാല്‍ അയക്കപ്പെട്ടവര്‍ ആണെന്നും അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കാനാണ് പ്രബോധിപ്പിച്ചിരുന്നതെന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്ര വസ്തുതകള്‍ ഈ അവകാശവാദങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നതാണ് സത്യം. മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ ഒരു മുസ്ലീമാണ് എന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ പോലുമില്ല. മുഹമ്മദിന് മുന്‍പുള്ള ഒരാള്‍ പോലും താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ നമുക്ക് കാണാന്‍ കഴിയില്ല. അല്‍ – ആഥ് എന്നൊരു ദൈവം അറബികള്‍ക്കിടയില്‍ ഉള്ളതായി ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആ അല്ലാഹുവിന്‍റെ പ്രവാചകന്‍ എന്ന അവകാശവാദം ആദ്യമായി ഉന്നയിച്ച ആള്‍ മുഹമ്മദാണ്. മുഹമ്മദിന്‍റെ കാലത്തും അതിനു ശേഷവും പലരും അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍ എന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസൈലിമത്തും മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയും അവരില്‍ ചിലരാണ്. എന്നാല്‍ മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടതായി നമുക്ക് ചരിത്ര രേഖകള്‍ പ്രകാരം കാണാന്‍ കഴിയില്ല.
ഇനി ‘താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നിട്ടുള്ള പ്രവാചകനാണ്’ എന്ന മുഹമ്മദിന്‍റെ അവകാശവാദത്തിന് സാക്ഷികളായി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്ന ദയനീയമായ ഉത്തരമാണ് ഇസ്ലാമിക പക്ഷത്തു നിന്നും കിട്ടുക. മുഹമ്മദിന് അള്ളാഹു പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശങ്ങളോ കല്പനകളോ ഉപദേശങ്ങളോ കൊടുത്തിട്ടുണ്ടോ എന്ന് നാം ഇസ്ലാമിക പ്രമാണങ്ങളില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് അങ്ങനെയൊരു സംഭവം ഒരിക്കലും ഇല്ലായിരുന്നു എന്നാണ്. ഹദീസില്‍ നിന്നും നോക്കാം:
മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: “ഏതൊരാള്‍ മുഹമ്മദ് നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ . 287 (177)
ഇതില്‍നിന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് മുഹമ്മദ് ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല എന്ന സത്യമാണ്. പിന്നെ മുഹമ്മദ് ആരെയാണ് കണ്ടിട്ടുള്ളത്? ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുന്നത് ജിബ്രീല്‍ എന്ന് പേരുള്ള ഒരു മലക്ക് മുഹമ്മദിന് പ്രത്യക്ഷപ്പെട്ടതായിട്ടാണ്. ഈ മലക്കിനെ മുഹമ്മദ് ഒഴികെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വീണ്ടും നമുക്ക് കിട്ടുന്നത് “ഇല്ല” എന്ന ആ പഴയ ദയനീയമായ മറുപടി തന്നെയാണ്. മുഹമ്മദിന്‍റെ അടുത്തു വന്ന ഒരു മനുഷ്യന്‍ മുഹമ്മദിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു പോയതിനു ശേഷം ‘അത് ജിബ്രീല്‍ മലക്ക് ആയിരുന്നു’ എന്ന് മുഹമ്മദ് പറയുന്നതായി ചില ഹദീസുകളില്‍ കാണാന്‍ കഴിയും. എന്നാല്‍ അവിടേയും മുഹമ്മദിന്‍റെ ആ അവകാശവാദത്തിന് ഒരു രണ്ടാം സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും കിട്ടുന്നത് ആ പഴയ ദയനീയമായ “ഇല്ല” എന്ന മറുപടി തന്നെയാണ്. വന്ന മനുഷ്യന്‍ ഒരിക്കലും അവകാശപ്പെട്ടില്ല ‘ഞാന്‍ ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ ഉള്ളപ്പോഴല്ല മുഹമ്മദ് പറയുന്നത് ‘ഇദ്ദേഹം ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ പോയതിനു ശേഷമാണ്. അയാളുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ‘ഈ വന്നിരിക്കുന്നത് ജിബ്രീല്‍ ആണ്’ എന്ന് പറയുകയും അയാള്‍ അത് നിഷേധിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അയാളെ നമുക്ക് രണ്ടാം സാക്ഷിയായി പരിഗണിക്കാമായിരുന്നു. എന്നാല്‍ ഇവിടെ അതിനും നിവൃത്തിയില്ല.
ഇനി, ജിബ്രീല്‍ അള്ളാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന മലക്ക് ആണെന്നുള്ള വിശ്വാസത്തിനു ആധാരമായി എന്തെങ്കിലും വസ്തുതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും നമുക്ക് കിട്ടുന്ന ഉത്തരം ആ അതിദയനീയമായ “ഇല്ല” എന്നത് തന്നെയാണ്. ജിബ്രീല്‍ പറയുന്നു, താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന സന്ദേശവാഹകനാണെന്ന്, അതിന് ആരെങ്കിലും സാക്ഷികള്‍ ഉണ്ടോ? വീണ്ടും ദയനീയതയുടെ അങ്ങേയറ്റമായ “ഇല്ല” എന്ന ആ പഴമ്പുരാണം തന്നെ ആവര്‍ത്തിക്കണം. മുഹമ്മദ് ഒരിക്കലും കണ്ടിട്ടില്ലാത്ത, മുഹമ്മദിനോട് ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്നു എന്നവകാശപ്പെടുന്ന ജിബ്രീല്‍ എന്ന മലക്കിനെ മാത്രമേ മുഹമ്മദിനറിയൂ. ഫലത്തില്‍, സാക്ഷികളില്ലാത്ത ഒരു കാര്യത്തില്‍ അന്ധമായി വിശ്വസിക്കാനാണ് ഇസ്ലാം നമ്മോട് ആവശ്യപ്പെടുന്നത്. നിഷ്പക്ഷ ബുദ്ധിയോടുകൂടെ വസ്തുതകളെ വിലയിരുത്തുന്ന ഒരാള്‍ക്കു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണിത്, അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതുമാണ്.
മുഹമ്മദ് ജിബ്രീലിനെ കണ്ടിരുന്നു എന്ന വാദവും ഇപ്രകാരം തന്നെ സാക്ഷികളുടെ അഭാവത്താല്‍ തള്ളിക്കളയേണ്ട അവകാശവാദമാണ്. മുഹമ്മദിന്‍റെ കാലത്തെ ആളുകള്‍ മുഹമ്മദിനോട് ഇക്കാര്യം പറയുന്നത് നമുക്ക് ഖുര്‍ആനില്‍ കാണാന്‍ കഴിയും:
“ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് ( നിന്നെപറ്റി ) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)
മുഹമ്മദിന് ദൈവത്തില്‍നിന്നുള്ള സന്ദേശം കിട്ടുന്നുണ്ടെന്നുള്ള അവകാശവാദത്തിന് ഇവിടെ ജനങ്ങള്‍ ആവശ്യപ്പെടുന്ന തെളിവുകളിലൊന്ന് “ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്?” എന്നാണ്. അതായത് മുഹമ്മദിന്‍റെ അടുക്കല്‍ മലക്ക് വന്നിരുന്നു എന്നുള്ള കഥ അക്കാലത്തെ മക്കയിലെ ജനങ്ങള്‍, മുഹമ്മദിന്‍റെ സമകാലീനരായ ജനങ്ങള്‍ തന്നെ വിശ്വസിച്ചിരുന്നില്ല എന്ന് നമുക്ക് ഖുര്‍ആനില്‍ നിന്ന് തന്നെ കാണാന്‍ കഴിയും. ജനങ്ങളുടെ മുന്നില്‍ ഒരിക്കല്‍പ്പോലും പ്രത്യക്ഷപ്പെടാത്ത ഈ മലക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ മുഹമ്മദിന്‍റെ മനസ്സിലെ മിഥ്യാഭ്രമം മാത്രമാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
ഏതായാലും അള്ളാഹു ഒരിക്കലും മുഹമ്മദിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയോ “ഞാന്‍ അല്ലാഹുവാകുന്നു, എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് പറയുകയോ ചെയ്തിട്ടില്ല എന്ന് ഇസ്ലാമിക പ്രമാണരേഖകള്‍ വെച്ച് കൊണ്ട് നിസംശയം നമുക്ക് പറയാവുന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്‍റെ അസ്തിത്വം ഇസ്ലാമിക പ്രമാണ രേഖകള്‍ വെച്ചുകൊണ്ട് തെളിയിക്കാന്‍ ലോകത്ത് ഒരൊറ്റ മുസല്‍മാനും സാധിക്കുകയില്ല. അള്ളാഹു നിലനില്‍ക്കുന്നത് മുസ്ലീങ്ങളുടെ മനസ്സില്‍ മാത്രമാണ്, അതിന് പുറത്ത് ഒരു നിലനില്‍പ്പ് അല്ലാഹുവിനില്ല… (തുടരും…)