മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-5
VII. പ്രവാചകന്മാര്‍ക്ക് ദുരാത്മാക്കളുടെ മേല്‍ അധികാരവും അവയെ കീഴടക്കാനുള്ള ശക്തിയും ദൈവം നല്‍കിയിട്ടുണ്ട്.
ബൈബിളിലെ ദൈവം പ്രവാചകന്മാര്‍ക്ക് മാത്രമല്ല, പ്രവാചകന്മാരെ അനുഗമിക്കുന്ന സാധാരണ വിശ്വാസികള്‍ക്കും ദുരാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന് ദുരാത്മാക്കളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം അവയ്ക്ക് വിധേയനായി ജീവിക്കുകയും ചെയ്തു എന്നുള്ളതാണ് സത്യം. ഹദീസ് നോക്കാം:
‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ് ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക് സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക് സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ് ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 43 (2189)
ബൈബിള്‍ അനുസരിച്ചുളള പ്രവാചകന്മാര്‍ ദുരാത്മാക്കളെ കീഴടക്കുമ്പോള്‍ മുഹമ്മദ് ദുരാത്മാക്കള്‍ക്ക് കീഴടങ്ങുകയാണ്. അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കാന്‍ ബൈബിള്‍ വിശ്വാസികള്‍ക്ക് കഴിയാത്തതില്‍ ഈ കാരണവും ഉള്‍പ്പെട്ടിട്ടുണ്ട്.
VIII. പ്രവാചകന്‍, താന്‍ പറയുന്ന ദൈവിക സന്ദേശം എല്ലാവരും അറിയണം എന്ന ആഗ്രഹമുള്ളയാളായിരിക്കണം.
എന്നാല്‍ ഈ കാര്യത്തിലും മുഹമ്മദ് പരാജയമായിരുന്നു എന്ന് ഹദീസുകളില്‍ കാണാം:
‘സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുര്‍ആന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം മുഹമ്മദ് നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ദൈവത്തിന്‍റെ സന്ദേശം ലോകം മുഴുവന്‍ എത്തണം എന്നുള്ളതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. എന്നാല്‍ മുഹമ്മദ് തന്‍റെ സന്ദേശം ശത്രുക്കളുടെ കൈവശം എത്തിപ്പെടരുതെന്നു ആഗ്രഹിച്ച വ്യക്തിയാണ്. ഇതും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. (തുടരും…)