മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-3
അനില്‍കുമാര്‍ വി. അയ്യപ്പന്‍
v. പ്രവാചകന്‍ നീതിബോധമുള്ള ആളായിരിക്കണം.
മുഹമ്മദ് ഈ കാര്യത്തിലും ഒരു പരാജയമായിരുന്നു. ഇതാ ഹദീസ്:
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754):
‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.”
നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ മുഹമ്മദിന്‍റെ നീതിബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക് കൊല്ലപ്പെട്ടവന്‍റെ മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ പ്രവാചകന്‍ എന്ന് നിങ്ങള്‍ അവകാശപ്പെടുന്നയാള്‍ ചെയ്തത്. ഇതിന്‍റെ നീതിബോധം എന്താണ്?
തീര്‍ന്നിട്ടില്ല, ബൈബിളില്‍ മോശെ മുഖാന്തരം വന്ന ന്യായപ്രമാണത്തില്‍ പറയുന്നത് യിസ്രായേല്‍ ദേശത്തു വസിക്കുന്ന യിസ്രായേല്യനും പരദേശിക്കും നീതിയും ന്യായവും തുല്യമാണ് എന്നാണ്. സംഖ്യാ പുസ്തകം 15:15,16-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:
“നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.”
സംഖ്യാ 15:29-ല്‍ ഇങ്ങനെ വായിക്കുന്നു:
“യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.”
നീതിബോധം ഉള്ള ഒരു ദൈവത്തിനു മാത്രമേ ഇപ്രകാരമുള്ള നിയമം കൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ മുഹമ്മദ് എന്താണ് പറഞ്ഞതും ചെയ്തതും? ഹദീസില്‍ നിന്നും നോക്കാം:
“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63 (1767).
ഇതെന്തു നീതി ബോധമാണ്? സ്വദേശിക്കും പരദേശിക്കും നിയമവും പ്രമാണവും ഒന്നുതന്നെ ആയിരിക്കണം എന്നുള്ള മുന്‍വെളിപ്പാടിനെതിരായുള്ള മുഹമ്മദിന്‍റെ വാക്കുകള്‍ ആണിത്. ഇവിടെ മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവരെ താമസിക്കാന്‍ പോലും അനുവദിക്കുകയില്ലെന്നാണ് മുഹമ്മദ് പറയുന്നത്.
ബൈബിള്‍ പറയുന്നത് ഒരാള്‍ കുറ്റം ചെയ്‌താല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തി അവന്‍ തന്നെയാണ് കുറ്റവാളി എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അവനെ ശിക്ഷിക്കാവൂ എന്നാണു. എന്നാല്‍ മുഹമ്മദ് എന്താണ് ചെയ്തതെന്ന് നോക്കാം:
അനസ് നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 59 (2771).
ഇതൊക്കെ ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ? തന്‍റെ ഭാര്യമാരില്‍ ഒരുവളുമായി ചേര്‍ത്തു ഒരാളെക്കുറിച്ച് ഒരു ആരോപണം ഉണ്ടായപ്പോള്‍ യാതൊരുവിധ അന്വേഷണവും നടത്താന്‍ ഒരുമ്പെടാതെയാണ് മുഹമ്മദ് ശിക്ഷ വിധിക്കുന്നത്. ഇതെന്തു നീതി ബോധമാണ്?
മുഹമ്മദ് പറഞ്ഞതനുസരിച്ച് നോക്കിയാല്‍ മുഹമ്മദിന് മാത്രമല്ല, മുഹമ്മദിനെ പ്രവാചകനായി അയച്ചു എന്ന് പറയുന്ന അല്ലാഹുവിനും നീതി ബോധം അല്പം പോലും ഇല്ലായിരുന്നു എന്ന് കാണാം. ഇതാ ഹദീസ്:
അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 51 (2767).
ഇതൊക്കെ എന്തൊരു നീതിബോധമാണ്? മുഹമ്മദ് ജൂതരെയും ക്രൈസ്തവരേയും അറേബ്യയില്‍ നിന്നും തുരത്തുമെന്നു ശപഥം ചെയ്തിരിക്കുമ്പോള്‍ അല്ലാഹു ചെയ്യാന്‍ പോകുന്നത് മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ അവര്‍ക്ക് പൊറുത്തു കൊടുത്ത് അതെല്ലാം ക്രൈസ്തവരുടെയും ജൂതരുടെയും തലയില്‍ ചുമത്തുകയാണ്. മുഹമ്മദ് ഈ പറഞ്ഞ ഹദീസ് അനുസരിച്ച് നോക്കിയാല്‍ അല്ലാഹുവിനു പറ്റിയ നീതിബോധമുള്ള പ്രവാചകനാണ് മുഹമ്മദ്. പക്ഷേ ബൈബിളിലെ ദൈവത്തിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകന്മാരുടെ പരമ്പരയില്‍ മുഹമ്മദിനെ ഉള്‍പ്പെടുത്താന്‍ സത്യവും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്. (തുടരും…)
One Comment on “മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-3”
good study