മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-രണ്ട്
ബൈബിള്‍ അനുസരിച്ച് ഓരോ പ്രവാചകനും വരുന്നത് മുന്‍വെളിപ്പാടുകളുടെ തുടര്‍ച്ചയായിട്ടാണ്. മുന്‍വെളിപ്പാടുകള്‍ക്ക് എതിരായി സംസാരിക്കുന്നവരെ വിശ്വാസത്തിലെടുക്കരുതെന്നു മാത്രമല്ല, അവരില്‍ നിന്നും അകന്നു മാറണം എന്നുകൂടി ബൈബിള്‍ മുന്നറിയിപ്പ് തരുന്നു.
എന്നാല്‍ മുഹമ്മദ് പറഞ്ഞ പല കാര്യങ്ങളും മുന്‍വെളിപ്പാടുകള്‍ക്കെതിരായിട്ടുള്ളതാണ്.
ആവ.24:1-4 വരെയുള്ള ഭാഗത്ത് പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.
എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ് ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന്‍ അവളെ തലാഖ് ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു. യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ അനുവദിക്കുക വഴി മുന്‍വെളിപ്പാടുകള്‍ക്കെതിരെ സംസാരിക്കുകയാണ് മുഹമ്മദ് ചെയ്തിരിക്കുന്നത്. ആകയാല്‍ ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് അദ്ദേഹം പ്രവാചകത്വത്തിന് അയോഗ്യനാണ് എന്ന് തെളിയുന്നു.
അപ്പോള്‍ ഈ മാനദണ്ഡം അനുസരിച്ചും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല, ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കും കഴിയുകയില്ല.
മുന്‍വെളിപ്പാടുകള്‍ക്ക് മാത്രമല്ല, തന്നിലൂടെ വരുന്ന വെളിപ്പാടുകള്‍ക്ക് എതിരായും പ്രവാചകന്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മുഹമ്മദ് ഇക്കാര്യവും ലംഘിച്ചു എന്ന് ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ കാണാന്‍ കഴിയും.
സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.
എന്നാല്‍ മുഹമ്മദ് ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍. 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ് സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.
ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക് കാവല്‍ നിന്നു എന്നാണ്. മുഹമ്മദ് രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ് കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ് വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.” പ്രവാചകന്‍ അബു അയ്യൂബ് അല്‍ – അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)
ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ് സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്‍റെ കല്പനയെ ലംഘിക്കുവാന്‍ മടിയില്ലാത്തയാളെ അല്ലാഹുവിന്‍റെ പ്രവാചകനായി പരിഗണിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ചിന്താശേഷിയുള്ളവര്‍ക്ക് കഴിയുകയില്ല.
‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.’ (സൂറാ.4:3)
ഒരു മുസ്ലീമിന് വിവാഹം ചെയ്യാന്‍ അനുവാദമുള്ളത് പരമാവധി നാല് സ്ത്രീകളെ മാത്രമാണ്. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.
എന്നാല്‍ മുഹമ്മദ് നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:
അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 51 (1465).
ഇവിടേയും മുഹമ്മദ് ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:
അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്.’
(ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക് ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ് സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 41(1409)
ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? മുഹമ്മദ് എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ് അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 46(1410)
സ്വന്തം വാക്കിന് പോലും വിലകല്പിക്കാത്ത വ്യക്തിയെ പ്രവാചകനായി അംഗീകരിക്കാന്‍ ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? (തുടരും…)
One Comment on “മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-രണ്ട്”
Like