യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.
അബ്രഹാം മുതല്‍ മുഹമ്മദ് വരെയുള്ളതാണ് സെയ്ദ് യൂസുഫ് നല്‍കിയിരിക്കുന്ന വംശാവലി. മുഹമ്മദടക്കം 25 തലമുറകളാണ് അതില്‍ ആകെ ഉള്ളത്. മുഹമ്മദ് ജനിക്കുന്നത് A.D.570-ലാണ്. ശരാശരി ഒരു തലമുറ 30 വര്‍ഷം (അതായത്, മുപ്പതാമത്തെ വയസ്സില്‍ ഒരാള്‍ തന്‍റെ അടുത്ത തലമുറയെ ജനിപ്പിച്ചു) എന്ന് കണക്ക് കൂട്ടിയാല്‍ നമുക്ക് ലഭിക്കുന്നത് 24×30=720 വര്‍ഷമാണ്. അബ്രഹാമും മുഹമ്മദും തമ്മിലുള്ള കാലദൈര്‍ഘ്യം വെറും 720 വര്‍ഷം മാത്രമാണോ? ആണെങ്കില്‍ അബ്രഹാം ജീവിച്ചിരുന്നത് B.C.150-ലാണെന്ന് (720-570=150) പറയേണ്ടി വരും!!! അതിനര്‍ത്ഥം യിസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദത്തിന് ശേഷമാണ് ആ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ അബ്രഹാം ജനിച്ചതെന്നത്രേ! ഇത് പമ്പര വിഡ്ഢിത്തവും അവജ്ഞയോടെ തള്ളിക്കളയേണ്ട വാദവുമാണെന്നു ചിന്താശേഷിയുള്ള മനുഷ്യര്‍ രണ്ടുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ.
മാത്രമല്ല, B.C.മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചാവുകടല്‍ ചുരുളുകളില്‍ അബ്രഹാമിന്‍റെ ജീവിതത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സയ്ദ് യൂസുഫ് നല്‍കുന്ന മുഹമ്മദിന്‍റെ വംശാവലി പ്രകാരം B.C.രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുടെ ജീവചരിത്രം അദ്ദേഹം ജനിക്കുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു! എന്തൊരത്ഭുതമാണിത്!! ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ കാണിക്കാന്‍ ദാവാപ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതല്ലെങ്കില്‍ സയ്ദ് യൂസുഫ് പറയുന്നതനുസരിച്ച് മുഹമ്മദിന്‍റെ വംശാവലി ശരിയാകണമെങ്കില്‍ ഒരു സാധ്യതയുണ്ട്, ആ വംശാവലിയില്‍ ഉള്ള ഓരോ വ്യക്തിയും നൂറ്റിപ്പത്തു വയസ്സ് കഴിഞ്ഞതിനു ശേഷമായിരിക്കണം ആദ്യജാതനെ ജനിപ്പിച്ചത് എന്ന് തെളിയിക്കണം. അങ്ങനെയാണെങ്കില്‍ ഈ വംശാവലിയിലെ അംഗസംഖ്യ ശരിയായിരിക്കും!
മുഹമ്മദ് യൂസുഫ് നല്‍കുന്ന വംശാവലിയില്‍ അബ്രഹാം മുതല്‍ ആദാം വരയുള്ളവരുടെ പേരുകള്‍ കാണുന്നില്ല. അത് അറിയുവാന്‍ വേറെ ഒരു വംശാവലിയുണ്ട്. ആ വംശാവലി താഴെ കൊടുക്കുന്നു. ഇത് ഇബ്നു ഇസ്ഹാക്കിന്‍റെ “സീറാ റസൂല്‍ അള്ളാ” എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തു ഇബ്നു ഹിശാം തന്‍റെ സീറയില്‍ കൊടുത്തിട്ടുള്ള വംശാവലിയാണ്:
ആദാം ശേത്തിന്‍റെ പിതാവ്; ശേത്ത് യാനിശിന്‍റെ പിതാവ്; യാനിശ് കയിനാന്‍റെ പിതാവ്; കയിനാന്‍ മഹലീലിന്‍റെ പിതാവ്; മഹലീല്‍ യാര്‍ദിന്‍റെ പിതാവ്; യാര്‍ദ് അഖ്നൂഖിന്‍റെ പിതാവ്; അഖ്നൂഖ് മഥൂശലഖിന്‍റെ പിതാവ്; മഥൂശലഖ് ലാമ്കിന്‍റെ പിതാവ്; ലാമ്ക് നൂഹിന്‍റെ പിതാവ്; നൂഹ് ശാമിന്‍റെ പിതാവ്; ശാം അര്‍ഫഖ്ഷാദിന്‍റെ പിതാവ്; അര്‍ഫഖ്ഷാദ് ശാലിഖിന്‍റെ പിതാവ്; ശാലിഖ് അയ്ബറിന്‍റെ പിതാവ്; അയ്ബര്‍ ഫാലിഖിന്‍റെ പിതാവ്; ഫാലിഖ് റാ’ഊവിന്‍റെ പിതാവ്; റാ’ഊ സാരൂഗതിന്‍റെ പിതാവ്; സാരൂഘ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ താരിഹിന്‍റെ പിതാവ്; താരീഹ് ഇബ്രാഹിമിന്‍റെ പിതാവ്; ഇബ്രാഹിം ഇസ്മായീലിന്‍റെ പിതാവ്; ഇസ്മായീല്‍ നാബിത്തിന്‍റെ പിതാവ്; നാബിത്ത് യാശ്ജുബിന്‍റെ പിതാവ്; യാശ്ജുബ് യാ’രുബിന്‍റെ പിതാവ്; യാരുബ് തേരഹിന്‍റെ പിതാവ്; തേരഹ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ മുഖവ്വമ്മിന്‍റെ പിതാവ്; മുഖവ്വം ഉദ്ദിന്‍റെ (ഉദ്ദാദ്?) പിതാവ്; ഉദ്ദ് അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’അദിന്‍റെ പിതാവ്; മ’അദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദരിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്-നദറിന്‍റെ പിതാവ്; അല്-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഫിഹ്റിന്‍റെ പിതാവ്; ഫിഹ്റ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്; കിലാബ് ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ് ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ് നബി(സ)യുടെ പിതാവ്.”
ഈ വംശാവലിയിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പെ ഇതിന്‍റെ ആധികാരകത എത്രമാത്രമെന്നു നാം അറിഞ്ഞിരിക്കണം. മുഹമ്മദ് ചെയ്ത കാര്യങ്ങള്‍ എല്ലാം പച്ചയ്ക്ക് വിവരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥമായതിനാല്‍ മുസ്ലീങ്ങള്‍ പൊതുവേ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഒരു ഗ്രന്ഥമാണ് ‘സീറാ റസൂല്‍ അള്ളാ’. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എഴുതിവെച്ചയാളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അതേ വ്യക്തി യാതൊരു ചരിത്ര രേഖകളുടെയും പിന്‍ബലമില്ലാതെ എഴുതിയ സഹാസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങളെ നിര്‍ലജ്ജം അംഗീകരിക്കുന്നതിനെ ദയനീയം എന്ന് എത്ര വിശേഷിപ്പിച്ചാലും മതിയാകയില്ല. എവിടെ നിന്നാണ് തനിക്ക് ഈ വംശാവലി ലഭിച്ചത് എന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടില്ല. “ക്രിസ്ത്യാനികളുടെ പ്രവാചകന്’ ഒരു വംശാവലിരേഖ ഉള്ളതുപോലെ തങ്ങളുടെ പ്രവാചകനും ഒരു വംശാവലിരേഖ ഉണ്ടാകണം” എന്ന ഇബ്നു ഇസ്ഹാഖിന്‍റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇങ്ങനെ ഒരു വംശാവലി രേഖ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്തായാലും മുഹമ്മദിന് മുന്‍പുള്ള അദ്ദേഹത്തിന്‍റെ ഒരു പൂര്‍വ്വികനും ഇപ്രകാരം വംശാവലിരേഖ എഴുതിവെച്ചതായി ചരിത്രത്തെളിവുകള്‍ ഇല്ലാതിരിക്കെ, A.D.700-നു ശേഷം രചിക്കപ്പെട്ട ഈ വംശാവലിക്ക് യാതൊരു ആധികാരികതയുമില്ലെന്നു നമ്മള്‍ ആദ്യം തന്നെ അറിഞ്ഞിരിക്കണം!
മുസ്ലീങ്ങള്‍ എപ്പോഴും പറയും “ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്” എന്ന്. ഖുര്‍ആനില്‍നിന്നും ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ക്ക് ഹദീസുകളിലേക്ക് പോകേണ്ടി വരും, മറുപടി തരാന്‍ . അപ്പോള്‍ ഹദീസ് ഇല്ലെങ്കില്‍ ഖുര്‍ആന്‍ വട്ടപ്പൂജ്യമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇപ്പോഴിതാ മുഹമ്മദ് യിശ്മായെലിന്‍റെ സന്തതിപരമ്പരയില്‍ വരുന്ന വ്യക്തിയാണോ എന്ന അതിപ്രധാനമായ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ ഖുര്‍ആനുമല്ല, ഹദീസുകളുമല്ല, അതിന്‍റേം പുറത്തേക്ക് പോയി സീറകള്‍ എടുത്താണ് ഉദ്ധരിക്കേണ്ട ഗതികേടിലാണ് മുസ്ലീങ്ങള്‍ എത്തി നില്‍ക്കുന്നത്.
ചില ചോദ്യങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടു ചോദിക്കാനുണ്ട്:
1, ഇബ്നു ഇസ്ഹാക്കിന് ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? തനിക്ക് ഈ വിവരം ലഭിച്ചത് എവിടെ നിന്നാണ് എന്ന് ഇബ്നു ഇസ്ഹാക്ക് വെളിപ്പെടുത്തിയിട്ടുണ്ടോ?
2, ഖുര്‍ആനില്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ഉണ്ടോ?
3, അള്ളാഹു പറഞ്ഞിട്ടുണ്ടോ മുഹമ്മദ് അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്ള വ്യക്തിയാണെന്ന്?
4, പറഞ്ഞിട്ടില്ല എന്നാണെങ്കില്‍, മുഹമ്മദിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്ര വലിയ കാര്യം എന്തുകൊണ്ട് അല്ലാഹു മിണ്ടിയില്ല?
5, മുകളില്‍ കൊടുത്ത വംശാവലിക്ക് മുഹമ്മദിന്‍റെ അംഗീകാരമുണ്ടോ?
6, മുഹമ്മദിന്‍റെ പൂര്‍വ്വികര്‍ ആരെങ്കിലും തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?
7, വംശാവലി രേഖ എഴുതി സൂക്ഷിക്കുന്ന പതിവ് അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നോ?
8, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും റിപ്പോര്‍ട്ട് ചെയ്തത് മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. മുഹമ്മദും ഇവരും തമ്മിലുള്ള അകലം 200-300 വര്‍ഷങ്ങള്‍ മാത്രമാണ്. എന്നാല്‍ അബ്രഹാം ജീവിച്ചിരുന്നത് ബി.സി. രണ്ടായിരത്തിനോടടുപ്പിച്ചാണ്. ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും എ.ഡി. എട്ടു മുതല്‍ പത്തു വരെയുള്ള നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും. അതായത് 2800-3000 വര്‍ഷങ്ങളുടെ അകലം! എന്നിട്ടും ഇവര്‍ ഉണ്ടാക്കിയെടുത്ത “അബ്രഹാം മുതല്‍ മുഹമ്മദ് വരെയുള്ള” വംശാവലി രേഖയെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു.
9, തന്‍റെ വംശാവലിയെക്കുറിച്ച് മുഹമ്മദ് പറഞ്ഞ പ്രസ്താവന എന്താണ്?
10, മുഹമ്മദിന്‍റെ ഭാര്യമാരോ മറ്റു ബന്ധുക്കളോ അദ്ദേഹത്തിന്‍റെ വംശാവലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്?
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാന്‍ ഒരു മുസ്ലീമിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ വംശാവലിരേഖയെ അവന്‍ വിശ്വസിക്കുന്നതില്‍ വലിയ കാര്യമില്ല.
ഈ വംശാവലിയില്‍ ആകെ അമ്പതു അംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന കാര്യം മറക്കരുത്. മുഹമ്മദിനും 570 വര്‍ഷം മുന്‍പ് ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി പരിശോധിച്ചാല്‍ അതില്‍ ആദാം മുതല്‍ യേശുക്രിസ്തു വരെ എഴുപത്തേഴു തലമുറകളെ കാണാന്‍ കഴിയും!! എന്നിട്ടും യേശുക്രിസ്തുവിനും അര സഹസ്രാബ്ദം കഴിഞ്ഞു വന്ന മുഹമ്മദും ആദാമും തമ്മില്‍ നാല്‍പ്പത്തൊമ്പത് തലമുറകളുടെ മാത്രം അകലമേയുള്ളൂ എന്നോ?! ഇത് മനുഷ്യന്‍റെ യുക്തിബോധത്തിന് നേരെ പല്ലിളിച്ചു കാട്ടുന്ന പരിപാടിയാണ്.
ആദ്യമനുഷ്യനും മുഹമ്മദും തമ്മില്‍ 49 തലമുറകള്‍ മാത്രമെയുള്ളൂവെങ്കില്‍ ആദാം ജീവിച്ചിരുന്ന കാലം എപ്പോഴായിരുന്നു? ആദ്യകാലത്ത് ദീര്‍ഘയുസ്സുണ്ടായിരുന്ന മനുഷ്യന്‍ അടുത്ത തലമുറയെ ജനിപ്പിച്ചിരുന്നത് നൂറു വയസ്സിനു ശേഷമായിരുന്നു. എന്നാല്‍ ഇത് ആദ്യത്തെ ചില തലമുറകളില്‍ മാത്രമായിരുന്നു. ജലപ്രളയത്തിനു ശേഷമുള്ള കാലം മുതല്‍ മുപ്പതു വയസ്സൊക്കെ ആകുമ്പോഴേക്കും അടുത്ത തലമുറകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും ആദ്യകാലങ്ങളിലെ ദീര്‍ഘവര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത് ശരാശരി അമ്പതു വയസ്സാകുമ്പോഴേക്കും അടുത്ത തലമുറ ഉണ്ടായി എന്ന് കണക്കാക്കിയാല്‍ 49×50=2450 എന്ന് കിട്ടും. അതായത് മുഹമ്മദിനെക്കാളും 2450 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദാം ജീവിച്ചിരുന്നതത്രേ. കൃത്യമായിപ്പറഞ്ഞാല്‍ B.C.1880-ല്‍!! ലഭ്യമായ ചരിത്ര വിവരങ്ങള്‍ അനുസരിച്ച് അതിനെക്കാളും നൂറ്റമ്പത് വര്‍ഷം മുന്‍പാണ് അബ്രഹാമും ഇയ്യോബും ജീവിച്ചിരുന്നത്!!! ഈ കണക്ക് പ്രകാരം ആദാമിനെക്കാളും മൂത്തവരാണ് അബ്രഹാമും നോഹയും ഹാനോക്കും എല്ലാം…
ഇനി ഈ രണ്ടു വംശാവലികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ നമുക്ക് പരിശോധനാ വിധേയമാക്കാം:
രണ്ടു വംശാവലികളിലും അദ്നാന്‍ മുതല്‍ മുഹമ്മദ് വരെയുള്ള തലമുറകളുടെ എണ്ണം കൃത്യമാണ്. ആകെ ഒരു വ്യത്യാസം സയ്ദ് യൂസുഫിന്‍റെ വംശാവലിയില്‍ കാണപ്പെടുന്ന ഖുറയ്ഷ് എന്ന നാമം ഇബ്നു ഹിശാമിന്‍റെ വംശാവലിയില്‍ ഫിഹ്റ് എന്നാണു കാണപ്പെടുന്നത് എന്നുള്ളത് മാത്രമാണ്. അതൊരു വലിയ വ്യത്യാസമായി പരിഗണിക്കേണ്ടതുമില്ല. ഖുറയ്ഷിന് ഫിഹ്റ് എന്ന അപരനാമം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാവുന്നതെയുള്ളൂ.
എന്നാല്‍ ഒരു വലിയ പ്രശ്നം കിടക്കുന്നത് എന്താണെന്ന് വെച്ചാല്‍, അബ്രഹാം മുതല്‍ അദ്നാന്‍ വരെയുള്ള തലമുറകളില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. സയ്ദ് യൂസുഫ് നല്‍കുന്ന രേഖയനുസരിച്ച് അബ്രഹാമിനും അദ്നാനും ഇടയിലുള്ളത് മൂന്നു തലമുറകളാണ്. എന്നാല്‍ ഇബ്നു ഹിശാം നല്‍കുന്ന വംശാവലി രേഖയില്‍ അത് ഒമ്പത് തലമുറകളാണ്!! എന്തുകൊണ്ട് ഈ വ്യത്യാസം വന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടും ആധികാരികതയില്ലാത്ത ഒരു വംശാവലി രേഖയാണ് അവര്‍ മുഹമ്മദിന്‍റേതായി അവതരിപ്പിക്കുന്നത്, അതാണെങ്കില്‍ ഇപ്രകാരം ആളുകളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വിധത്തില്‍ വ്യത്യാസങ്ങളുള്ളതും!
തന്നേക്കാള്‍ 2000 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരാളുമായി രക്തബന്ധമുണ്ടെന്നു ഇന്നൊരാള്‍ അവകാശപ്പെടുകയാണെങ്കില്‍ അത് സ്ഥാപിക്കാന്‍ അയാള്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ട്. അത് നല്കാത്തിടത്തോളം കാലം അയാളുടെ അവകാശവാദത്തിന് യാതൊരു വിലയും ഉണ്ടാകുകയില്ല. മുഹമ്മദിന്‍റെ കാര്യത്തിലാണെങ്കില്‍ ഇശ്മായേലും മുഹമ്മദും തമ്മില്‍ 2500-ലധികം വര്‍ഷങ്ങളുടെ വ്യത്യാസമാണുള്ളത്. ഇശ്മായേലുമായി മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്നു തെളിയിക്കാനാവശ്യമായ യാതൊരു രേഖയും അവകാശവാദം ഉന്നയിക്കുന്നവരുടെ കൈവശമില്ല.
തന്‍റെ പ്രവാചകത്വാവകാശത്തിനു പിന്‍ബലം നല്‍കാന്‍ വേണ്ടിയാണ് മുഹമ്മദ് അബ്രഹാമുമായി തനിക്ക് രക്തബന്ധമുണ്ടെന്നു പ്രസ്താവിച്ചത്. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം മാത്രമാണ് സത്യദൈവമെന്നും ആ ദൈവം മനുഷ്യരാശിക്ക് നല്‍കിയ സന്ദേശമാണ് ബൈബിള്‍ എന്നും മുഹമ്മദിന് അറിയാവുന്നതാണ്. അപ്പോള്‍ ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു പ്രധാന ജനവിഭാഗങ്ങളായ യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും പിതാവെന്ന് വിളിക്കപ്പെടുന്ന അബ്രഹാമുമായി തനിക്ക് രക്തബന്ധം ഉണ്ടെന്നു വാദിച്ചാല്‍ അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്ന യഹൂദന്മാരുടെയും അബിസീനിയയിലെ ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രാന്തദര്‍ശിയായ മുഹമ്മദ് ഊഹിച്ചു. അബിസീനിയയിലെ രാജാവിന്‍റെ പിന്തുണ മുഹമ്മദിന് ലഭിച്ചിരുന്നെങ്കിലും യഹൂദന്മാര്‍ വംശാവലി രേഖയുടെ പിന്‍ബലമില്ലാതെയുള്ള മുഹമ്മദിന്‍റെ ഈ അവകാശവാദത്തെതെല്ലും വില വച്ചിരുന്നില്ല. അവര്‍ക്ക് മുഹമ്മദ് ഒരു സാധാരാണ അറബി മാത്രമായിരുന്നു. അവര്‍ മുഹമ്മദിനെ ഒരു പ്രവാചകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബനൂ ഖുറൈദ എന്ന അറേബ്യന്‍-യെഹൂദ ഗോത്രത്തിലെ പുരുഷ പ്രജകളെ മുഴുവന്‍ മുഹമ്മദ് കൊന്നുകളഞ്ഞ സംഭവം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്‍റെ പ്രവാചകത്വം അംഗീകരിക്കുകയാണെങ്കില്‍ അവരെ വെറുതെ വിടാം എന്ന് ഒരു വാഗ്ദാനം നല്കപ്പെട്ടുവെങ്കിലും രണ്ടു മൂന്നു പേര്‍ മാത്രമാണ് ആ “ഓഫര്‍” സ്വീകരിച്ചു തങ്ങളുടെ പ്രാണനെ രക്ഷിക്കാന്‍ തുനിഞ്ഞത്. ബാക്കി, 700-ലധികം വരുന്ന ബനൂ ഖുറൈദയിലെ പുരുഷന്മാര്‍, ‘മുഹമ്മദിനെ പ്രവാചകനായും അല്ലാഹുവിനെ ദൈവമായും അംഗീകരിക്കുന്നതിനേക്കാള്‍ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വാസമര്‍പ്പിച്ച് ജീവന്‍ ത്യജിക്കുന്നതാണ് ഉത്തമമായ മാര്‍ഗ്ഗം’ എന്ന് തീരുമാനിച്ചു മരുഭൂമിയിലെ കൊലക്കളത്തിലേക്ക് അതിധൈര്യത്തോടെ നടന്നു നീങ്ങിയവരാണ്! ജീവന്‍ പോയാലും മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയില്ല എന്ന് യഹൂദന്മാര്‍ തീരുമാനിച്ചതുകൊണ്ടായിരിക്കണം മുഹമ്മദ് ഇപ്രകാരം പറഞ്ഞത്:
“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63.)
ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്നു എന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ് പറഞ്ഞതിനുശേഷം ഇന്നുവരെ അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരകയാതന അനുഭവിക്കുകയാണ്. മാത്രമല്ല, യഹൂദജാതി അതിനു ശേഷം ഇസ്ലാമിന്‍റെ പ്രഖ്യാപിത ശത്രുക്കളുമാണ്! എല്ലാം മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാന്‍ യഹൂദര്‍ തയ്യാറാകാതിരുന്നതിന്‍റെ അനന്തരഫലം!!
ഈ പരിത:സ്ഥിതിയില്‍ മുഹമ്മദിന് അബ്രഹാമുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കേണ്ടതിനു വേണ്ടിയാണ് പില്‍ക്കാലത്ത് ഇബ്നു ഇസ്ഹാഖ് ഇങ്ങനെയൊരു വംശാവലി നിര്‍മ്മിച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ ആധുനികകാലത്ത് ആ വംശാവലി വ്യാജമാണ് എന്ന് തെളിയിക്കാന്‍ ഏതൊരാള്‍ക്കും കഴിയും. മുഹമ്മദിന്‍റെ വംശാവലിയിലെ പോരായ്മകളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധ്യമല്ലാത്തവിധം അത് കുഴപ്പം പിടിച്ചതാണ്. എന്നിട്ടും ഇസ്മായേലിന്‍റെ സന്തതി പരമ്പരയില്‍പ്പെട്ടതാണ് തങ്ങളുടെ പ്രവാചകനായ മുഹമ്മദ് എന്നും യേശുക്രിസ്തുവിന്‍റെ വംശാവലിയാണെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവിധം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ദാവാ പ്രവര്‍ത്തകര്‍ നിങ്ങളോട് പറയും! കാരണം, അവര്‍ അങ്ങനെ പറയാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.
സത്യം എന്താണെന്ന് അന്വേഷിച്ചറിഞ്ഞു അത് മനസ്സിലാക്കാനല്ല, സത്യത്തിന് നേരെ അസത്യം പ്രചരിപ്പിക്കാനാണ് ദൈവനിഷേധികളായ മനുഷ്യരെ സാത്താന്‍ പ്രേരിപ്പിക്കുന്നത്. എന്തെന്നാല്‍ അവര്‍ സത്യം അറിഞ്ഞാല്‍ സത്യം അവരെ തന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരാക്കും എന്ന യാഥാര്‍ത്ഥ്യം അവനു നല്ലതുപോലെ അറിയാം. നാം അത് മനസ്സിലാക്കി സാത്താന്‍റെ ഈ വിധമായ കള്ളപ്രചരണങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവന്‍റെ കയ്യിലെ കളിപ്പാവകളായി മാറി സത്യത്തിന് നേരെ പ്രചരണം നടത്തുന്നവര്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് വരുന്നതിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ, ബൈബിളിനെതിരെയുള്ള കള്ളപ്രചരണങ്ങളെ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. അതിനു നമ്മളെ ഓരോരുത്തരേയും സര്‍വ്വശക്തനായ ദൈവം ബലപ്പെടുത്തട്ടെ!!!
2 Comments on “യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8)”
Ammen.!
”Yonayude adayalam”
anusarich yesu 3ravum 3pakalum bhumikullilirunnilla ennu muslingal vadhikunnu utharam tharamo?
അത് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ വായിക്കാം: http://www.sathyamargam.org/?p=228