About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-2)

     

    അനില്‍കുമാര്‍.വി.അയ്യപ്പന്‍

    യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

    പുതിയനിയമത്തിന്‍റെ ആരംഭ വാക്യവും (മത്താ.1:1) അവസാന വാക്യവും (വെളിപ്പാട്‌ .22:21) യേശുക്രിസ്‌തുവിന്‍റെ പേര്‌ ഉള്‍ക്കൊള്ളുന്നതാണ്‌ . പുതിയ നിയമത്തിന്‍റെ ഉള്ളടക്കവും പ്രതിപാദ്യ വിഷയവും യേശുക്രിസ്‌തു ആണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പുതിയനിയമം യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ . പുതിയനിയമം ഇല്ലായിരുന്നുവെങ്കില്‍, പഴയ നിയമത്തിലെ പല സമസ്യകള്‍ക്കും ചോദ്യങ്ങള്‍ക്കും  അന്വേഷണങ്ങള്‍ക്കും ഉത്തരം ഉണ്ടാകയില്ലായിരുന്നു. പുതിയ നിയമം വന്നില്ലായിരുന്നെങ്കില്‍, യാഗങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും ഇന്നും അന്തമില്ലാതെ തുടര്‍ന്നു പോകുമായിരുന്നു. ഇങ്ങനെ പഴയനിയമത്തിന്‍റെ എല്ലാ കെട്ടുപാടുകളില്‍നിന്നും അടിമത്തത്തില്‍നിന്നും മാനവജാതിയെ മോചിപ്പിച്ച പുതിയനിയമം ആരംഭിക്കുമ്പോള്‍ത്തന്നെ, ആ നിയമദാതാവിന്‍റെ വംശാവലി രേഖപ്പെടുത്തുന്നത്‌ തികച്ചും ഉചിതമാണല്ലോ. മാത്രമല്ല, പുതിയ നിയമത്തിലെ ഒന്നാം പുസ്‌തകം എഴുതിയ മത്തായി ആ നിയമദാതാവിനെ പരിചയപ്പെടുത്തുന്നത്‌ ‘യെഹൂദന്മാരുടെ രാജാവാ’യിട്ടാണ്‌ . പുതിയ നിയമത്തിലെ ഒന്നാമത്തെ ചോദ്യം “യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ?” എന്നതാണ്‌, വിദ്വാന്മാര്‍ ഹെരോദാവിനോട്‌ ചോദിക്കുന്നത്‌ . പുതിയ നിയമത്തിലെ രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചോദ്യത്തോട്‌ ബന്ധപ്പെട്ടതാണ്‌, “ക്രിസ്‌തു എവിടെ ആകുന്നു ജനിക്കുന്നത്‌?”, ഹെരോദാവ്‌ മഹാപുരോഹിതന്മാരോടും ശാസ്‌ത്രിമാരോടും ചോദിക്കുന്നത്‌ . ഈ രണ്ട്‌ ചോദ്യങ്ങളിലൂടെ പരിശുദ്ധാത്മാവ്‌ വായനക്കാരോട്‌ പറയാന്‍ ശ്രമിക്കുന്നത്‌, ‘യെഹൂദന്മാരുടെ രാജാവായി പിറക്കുന്നവന്‍ ക്രിസ്‌തു ആണ്‌’ എന്ന കാര്യം ഹെരോദാവിനും  മഹാപുരോഹിതന്മാര്‍ക്കും ശാസ്‌ത്രിമാര്‍ക്കും അറിയാമായിരുന്നു എന്നതാണ്‌ . മാത്രമല്ല, ആ ക്രിസ്‌തു ആരാണെന്ന കാര്യം ഒന്നാം അധ്യായം പതിനാറാം വാക്യത്തില്‍ മത്തായി വ്യക്തമായി പറഞ്ഞിട്ടുമുണ്ട്‌ : “യാക്കോബ്‌ മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു, അവളില്‍നിന്ന്‌ ക്രിസ്‌തു എന്നു പേരുള്ള യേശു ജനിച്ചു.” രണ്ട്‌ കാര്യങ്ങളാണ്‌ മത്തായി ഈ ഒരൊറ്റ വാക്യത്തിലൂടെ ഊന്നിപ്പറയാന്‍ശ്രമിക്കുന്നത്‌ :

     

    1) മറിയയുടെ മകനായി ജനിച്ച യേശു ആണ്‌ യെഹൂദന്മാരുടെ രാജാവായ ക്രിസ്‌തു.

     

    2) അവനെ ആരും ജനിപ്പിച്ചതല്ല, അവന്‍ സ്വയമായി ജനിച്ചതാണ്‌.

     

    യോഹന്നാന്‍റെ ഭാഷയില്‍പറഞ്ഞാല്‍ ‘വചനം ജഡമായിത്തീര്‍ന്നു.’ ആരെങ്കിലും അങ്ങനെ ആക്കിത്തീര്‍ത്തതല്ല, അവന്‍ സ്വയം ജഡമായിത്തീര്‍ന്നതാണ്‌ . യെഹൂദന്മാരുടെ രാജാവായി ജനിച്ച ഈ യേശുക്രിസ്‌തുവിന്‍റെ വംശാവലി പഠിക്കണമെങ്കില്‍, നാം പഴയനിയമത്തിന്‍റെ താളുകളിലേക്ക്‌ കടന്നു ചെന്ന്‌ അതിലെ ചരിത്രത്തെളിവുകള്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു.

     

    പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുള്ള, ക്രിസ്‌തു രാജാവായി ഭരണം നടത്തുന്ന, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമുള്ള ദൈവത്തിന്‍റെ രാജ്യം ഭൂമിയിലേക്ക്‌ വരുന്നത്‌ അബ്രഹാമിന്‍റെ സന്തതിയിലൂടെയാണ്‌ . കേവലം ജഡപ്രകാരം മാത്രമുള്ള സന്തതിയല്ല, വിശ്വാസത്താലും അബ്രഹാമിന്‍റെ സന്തതിയായിരിക്കുന്ന ഒരുവനാണ്‌ ക്രിസ്‌തു. ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണ്‌, ആദാം. എന്നാല്‍ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്‍റെ അഥവാ വിശ്വാസികളുടെ പിതാവാണ്‌ അബ്രഹാം. ദൈവത്തിന്‍റെ രാജ്യം ഭൂമിയില്‍ പണിയപ്പെടുന്നത്‌ കേവലം ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്താലല്ല, പിന്നെയോ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്താലാണ്‌ . അതില്‍ അബ്രഹാമിന്‍റെ മക്കളായ യഥാര്‍ത്ഥ ഇസ്രായേല്യരും (റോമ.9:6-8) ക്രിസ്‌തു യേശുവിലുള്ള വിശ്വാസത്താല്‍ അബ്രഹാമിന്‍റെ മക്കളായിത്തീര്‍ന്നവരും (ഗലാത്യ.3:7,9,29) ഉള്‍പ്പെടുന്നു. അബ്രഹാമിന്‌ എട്ട്‌ മക്കളുണ്ടായിരുന്നു (ഉല്‍പ്പത്തി.16:15; 21:2,3; 25:2). ഈ എട്ടു പേരില്‍ യിസഹാക്ക്‌ മാത്രമാണ്‌ വാഗ്‌ദത്ത സന്തതിയായി എണ്ണപ്പെട്ടത്‌ (റോമ.9:8,9) എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക. യിസഹാക്കിന്‌ ഇരട്ടകളായ രണ്ട്‌ ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്‌, ഏശാവും യാക്കോബും. എങ്കിലും ദൈവം യാക്കോബിനെയാണ്‌ യിസഹാക്കിന്‍റെ അവകാശിയായി തിരഞ്ഞെടുത്തത്‌ (റോമ.9:10-13). ന്യായപ്രമാണം നല്‍കുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ആദ്യജാതനായി ജനിക്കുന്ന ഒരു വ്യക്തിക്കുണ്ടായിരുന്ന ജന്മാവകാശങ്ങള്‍ ഇവയായിരുന്നു:

    1. ഭൂമിയും ആടുമാടുകളും അടക്കമുള്ള സകല സ്വത്തുക്കളിലും മറ്റു മക്കളേക്കാള്‍ ഇരട്ടി ഓഹരി

    2. കുടുംബത്തിന്‍റെ പൗരോഹിത്യ സ്ഥാനം

    3. രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ രാജ്യാവകാശം.

    യാക്കോബിനു ജനിച്ച പന്ത്രണ്ട്‌ ആണ്മക്കളില്‍ മൂത്തവനായ രൂബേനായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ മൂന്ന്‌ അവകാശങ്ങളും ലഭിക്കേണ്ടിയിരുന്നത്‌ . എന്നാല്‍ അവന്‍ തന്‍റെ അപ്പന്‍റെ ശയ്യയെ അശുദ്ധമാക്കിയതിനാല്‍ (ഉല്‍.35:22; 49:3,4) ഈ മൂന്ന്‌ അവകാശങ്ങളും അവന്‌ നഷ്‌ടപ്പെടുകയും അവ അവന്‍റെ സഹോദരന്മാര്‍ക്ക്‌ ലഭിക്കുകയും ചെയ്‌തു. (ജഡികസുഖത്തിനു വേണ്ടി ആദ്യജാതന്‍റെ അവകാശങ്ങള്‍ നഷടപ്പെടുത്തിയ രണ്ടു പേരേ ബൈബിളിലുള്ളൂ, ഏശാവും രൂബേനും. ഇതില്‍ രൂബേനുണ്ടായ നഷ്‌ടമാണ്‌ ഏറ്റവും വലുത്‌ . ദൈവത്തിന്‍റെ ജനത്തിന്‍റെ പുരോഹിതനായിരിക്കാനുള്ള അവകാശവും ലോകരക്ഷകന്‍ ഭൂമിയിലേക്ക് പിറന്നു വീണ ഗോത്രമായി മാറാനുള്ള അവസരവുമാണ് അവന്‍ നഷ്ടപ്പെടുത്തിയത്. തലമുറകളെപ്പോലും ബാധിക്കുന്ന നഷ്‌ടം ഉണ്ടാക്കിവെയ്‌ക്കാന്‍ ദൈവമക്കള്‍ക്കും സാധിക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ്‌ രൂബേന്‍ .) ഭൂമിയിലുള്ള ഇരട്ടി ഓഹരി യോസേഫിനു, അഥവാ യോസേഫിന്‍റെ രണ്ടു മക്കളായ എഫ്രയീമിനും  മനശ്ശെക്കും ലഭിച്ചു (യോശുവ.16:17; 1.ദിന.5:1). പൗരോഹിത്യം ലേവി ഗോത്രത്തിനു നല്‍കിക്കൊണ്ടു യഹോവ ലേവ്യരെ യിസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം തെരഞ്ഞെടുത്തു (സംഖ്യാ.3:5-13; 8:14-19). രാജത്വം യെഹൂദാ ഗോത്രത്തിനും  കിട്ടി (ഉല്‍ .49:10; 1.ദിന.5:2). ദൈവരാജ്യത്തിന്‍റെ ഭരണാധികാരിയായ യേശുക്രിസ്‌തു യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിച്ചു (എബ്രാ.7:14). യെഹൂദാ ഗോത്രത്തിലെ ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവനുള്ള അവകാശപ്രഖ്യാപനരേഖയാണ്‌ മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ വിവരിക്കുന്ന വംശാവലിപ്പട്ടിക!

     

    ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിയുടേയും പൂര്‍വ്വപിതാവ്‌ എന്നത്‌ ആദാം ആണ്‌ (അപ്പൊ. പ്രവൃ. 17:26). അതുകൊണ്ടു തന്നെ, അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നാം പറയുന്ന കുടംബ മഹിമകള്‍ക്കും വംശപാരമ്പര്യത്തിനുമപ്പുറം ഏതൊരു മനുഷ്യന്‍റെയും വംശാവലി ചെന്നെത്തുന്നത്‌ ദൈവകല്‌പന ലംഘിച്ച്‌ ലോകത്തില്‍ പാപം പ്രവേശിക്കുവാന്‍ ഇടയാക്കിയ ആദാമിലും ഹവ്വയിലുമാണ്‌ . ചുരുക്കിപ്പറഞ്ഞാല്‍, അവിശ്വാസത്തിന്‍റെയും അനുസരണക്കേടിന്‍റെയും ഫലമായി ദൈവസന്നിധിയില്‍നിന്ന്‌ ആട്ടിയോടിക്കപ്പെട്ട്‌ വ്രണിത ഹൃദയരായി ജീവിതം തള്ളി നീക്കിയ ആദിമാതാപിതാക്കളുടെ പാരമ്പര്യമാണ്‌ നമുക്ക്‌ അവകാശപ്പെടാനുള്ളത്‌, അതില്‍കൂടുതലുള്ള ഒരു  കുലമഹിമയുമില്ല! പിതൃപാരമ്പര്യം വ്യര്‍ത്ഥമാണെന്ന്‌ ബൈബിള്‍ പറയാന്‍ കാരണമിതാണ്‌ (1.പത്രാസ്‌ . 1:18). ഈ വംശാവലിയുടെ വിഷയം നാം ആദാമില്‍നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

     

    ദൈവം തിന്നരുതെന്ന്‌ കല്‌പിച്ച പഴം ഭക്ഷിച്ച്‌ പാപം പ്രവേശിച്ച ശരീരവും മനസ്സുമായി ഏദന്‍തോട്ടത്തില്‍ നില്‍ക്കുന്ന ആദാമിന്‍റെയും ഹവ്വയുടേയും മുന്നില്‍വെച്ച്‌ ദൈവം പാമ്പിനോട്‌ (പിശാചിനോട്‌ ) പറഞ്ഞു: “സ്‌ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ എന്ന്‌ (ഉല്‌പ.3:15). തോട്ടത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ട ആദാമും ഹവ്വയും കരുതിയത്‌ സ്‌ത്രീയുടെ (ഹവ്വയുടെ) സന്തതിയായി ജനിക്കുന്നവന്‍ പാമ്പിന്‍റെ തല തകര്‍ക്കുമെന്നും അങ്ങനെ തങ്ങള്‍ക്ക്‌ നഷ്‌ടമായ ഏദന്‍തോട്ടത്തിലെ സൗഭാഗ്യാവസ്ഥ അവന്‍ വീണ്ടെടുത്ത്‌ തരുമെന്നുമായിരുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ ആദ്യജാതന്‌ അവര്‍ ‘കായേന്‍’ (‘യഹോവയാല്‍ ലഭിച്ച പുരുഷപ്രജ’ അഥവാ ‘യഹോവയെ എനിക്ക്‌ പുരുഷപ്രജയായി ലഭിച്ചു’) എന്ന്‌ പേര്‍ വിളിച്ചത്‌.

     

    എന്നാല്‍ കായേന്‍ യഹോവയില്‍ നിന്നുള്ളവനല്ല, ദുഷ്‌ടനില്‍ നിന്നുള്ളവന്‍ ആയിരുന്നു (1.യോഹ.3:12) എന്നവര്‍ മനസ്സിലാക്കിയത്‌ അവന്‍ തന്‍റെ സഹോദരനും നീതിമാനുമായ ഹാബേലിനെ കൊല ചെയ്‌തപ്പോഴായിരുന്നു. ദുഷ്‌ടനില്‍ നിന്നുള്ള കായേന്‍ തങ്ങളെ രക്ഷിക്കുകയില്ല, യഹോവയില്‍നിന്നുള്ള ഹാബേല്‍ കൊല്ലപ്പെടുകയും ചെയ്‌തു എന്നതില്‍ അവര്‍ നിരാശരായി കാലം കഴിക്കുമ്പോഴാണ്‌ ഒരു മകന്‍കൂടി ജനിക്കുന്നത്‌ . പ്രതീക്ഷകള്‍ നിറഞ്ഞ ആദിമാതാപിതാക്കള്‍ ‘ദൈവത്തില്‍ നിന്നുള്ളവനായിരുന്ന ഹാബേലിനു  പകരം ദൈവം നിയമിച്ചവന്‍’ എന്നു കരുതി അവന്‌ ‘ശേത്ത്‌’ (നിയമിച്ചു) എന്ന്‌ പേരിട്ടു. എന്നാല്‍ ശേത്തിനും അവരെ ഏദന്‍തോട്ടത്തിലെ പഴയ അവസ്ഥയിലേക്ക്‌ മടക്കിക്കൊണ്ടു പോകാനോ അവര്‍ക്കു വേണ്ടി ഏദന്‍തോട്ടം വീണ്ടെടുക്കാനോ കഴിഞ്ഞില്ല. പിന്നീട്‌ തലമുറകള്‍കഴിയും തോറും വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള പ്രതീക്ഷകളും വളര്‍ന്നു വന്നു. പിതാക്കന്മാരില്‍ നിന്ന്‌ മക്കളിലേക്ക്‌ ‘സ്‌ത്രീയുടെ സന്തതി’യായ വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്‌തു പോന്നു!!

     

    ജലപ്രളയത്തോടെ ഭൂമുഖത്ത്‌ നോഹയുടെ ഒരു കുടുംബം മാത്രം അവശേഷിച്ചു. നോഹ തന്‍റെ മക്കളോട്‌ പറഞ്ഞത്‌, ദൈവം വാഗ്‌ദത്തം ചെയ്‌ത സന്തതി ‘ശേമിന്‍റെ കൂടാരങ്ങളില്‍ വസിക്കും’ എന്നായിരുന്നു (ഉല്‌പ.9:27b). ആ കുടുംബത്തില്‍ നിന്ന്‌ വീണ്ടും മനുഷ്യജാതി ഉളവായിവന്നു. ബാബേലില്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചതോടെ മനുഷ്യവര്‍ഗ്ഗം പലഭാഷാ ഗോത്രങ്ങളായി പിരിഞ്ഞു പോയി. ഇങ്ങനെ പിരിഞ്ഞു പോയ മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ‘മനുഷ്യ കുലത്തിന്‌ ഒരു വീണ്ടെടുപ്പുകാരന്‍ വരും’ എന്ന വിശ്വാസം നിലനിന്നിരുന്നു. അതുകൊണ്ടാണ്‌ പുരാതന മത വിശ്വാസങ്ങളിലും അവരുടെ ഗ്രന്ഥങ്ങളിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷക്കു വേണ്ടിയുള്ള ദൈവികാവതാരങ്ങളുടെ കഥകള്‍ ഏറ്റക്കുറച്ചിലോടെ കാണപ്പെടുന്നത്‌ . പല ഭൂഖണ്‌ഢങ്ങളിലേക്ക്‌ കുടിയേറിപ്പാര്‍ത്ത മനുഷ്യര്‍ അവരവരുടെ സമൂഹങ്ങളില്‍നിന്ന്‌ മാനവ സമൂഹത്തിന്‍റെ വിമോചകനെ പ്രതീക്ഷിക്കാന്‍ തുടങ്ങി.

     

    കാലചക്രം മുന്നോട്ടുരുളവേ, ഏതാണ്ട്‌ ബി.സി..2000 ത്തോടുകൂടി  മധ്യപൂര്‍വ്വേഷ്യയിലെ മെസപ്പൊട്ടോമ്യയില്‍ ഉള്ള ‘ഊര്‍’ എന്ന പട്ടണത്തിലെ അന്തേവാസിയും ശേമ്യ വംശജനുമായ ‘അബ്രാം’ എന്ന വ്യക്തിയെ ദൈവം വിളിച്ചു. താന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക്‌ പുറപ്പെടുവാന്‍ ദൈവം അബ്രാമിനോട്‌ കല്‌പിച്ചു. മാത്രമല്ല, “ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനു ഗ്രഹിച്ചു നിന്‍റെ പേര്‍വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ. 12:2,3) എന്ന്‌ വാഗ്‌ദാനവും നല്‍കി. പിതാക്കന്മാരില്‍ നിന്ന്‌ പറഞ്ഞുകേട്ടിട്ടുള്ള, ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനാണെന്ന്‌ ഒരു പക്ഷെ അബ്രാം ചിന്തിച്ചിരിക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദൈവം അബ്രാമിനോട്‌ : “നീ എന്‍റെ വാക്ക്‌ അനുസരിച്ചതുകൊണ്ട്‌ നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന്‌ ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്‌തിരിക്കുന്നു എന്ന്‌ യഹോവ അരുളിച്ചെയ്തു’ (ഉല്‌പ. 22:18).

     

    ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി താനല്ല എന്ന്‌ അബ്രഹാം തിരിച്ചറിഞ്ഞു. വാഗ്‌ദത്താല്‍ ജനിച്ച സന്തതിയായ യിസ്‌ഹാക്ക്‌ ആണതെന്ന്‌ അബ്രഹാം ചിന്തിച്ചിരിക്കാം. എന്നാല്‍ ദൈവം യിസ്‌ഹാക്കിനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ച്‌ നിന്‍റെ സന്തതിക്ക്‌ ഈ ദേശമൊക്കെയും കൊടുക്കും. നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.26:5). ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനല്ലെന്ന്‌ യിസ്‌ഹാക്കും മനസ്സിലാക്കി. മാത്രമല്ല, അത്‌ ദൈവം തിരഞ്ഞെടുത്ത (ഉല്‌പ.25:23) തന്‍റെ ഇളയ സന്തതിയായ യാക്കോബ്‌ ആയിരിക്കാം എന്ന്‌ യിസ്‌ഹാക്ക്‌ ചിന്തിച്ചിരിക്കും. എന്നാല്‍ ദൈവം യാക്കോബിനോട്‌ ഇപ്രകാരം കല്‌പിച്ചു: “നിന്‍റെ സന്തതി ഭൂമിയിലെ പൊടി പോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.28:14)

     

    താന്‍ വാഗ്‌ദത്ത സന്തതിയുടെ പിതാവാണ്‌, വാഗ്‌ദത്ത സന്തതിയല്ല എന്ന്‌ അന്ന്‌ അവിവാഹിതനായിരുന്ന യാക്കോബും മനസ്സിലാക്കി. പിന്നീട്‌ തനിക്കുണ്ടായ പന്ത്രണ്ട്‌ ആണ്‍മക്കളില്‍ ആരാണ്‌ ആ വാഗ്‌ദത്ത സന്തതിയെന്ന്‌ യാക്കോബിനു  മനസ്സിലായത്‌ മരണക്കിടക്കയില്‍ വെച്ച്‌ ദൈവം അത്‌ വെളിപ്പെടുത്തിക്കൊടുത്തപ്പോഴാണ്‌ : “അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്‌ഢ്‌ അവന്‍റെ കാലുകളുടെ ഇടയില്‍നിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ അനുസരണം അവനോട്‌ ആകും’ (ഉല്‌പ.49:10) എന്ന്‌ ദൈവദത്തമായ ജ്ഞാനത്താല്‍ യാക്കോബ്‌ പറഞ്ഞു. അങ്ങനെ ആദാമിനോടും അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും ദൈവം വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിക്കും എന്ന്‌ യിസ്രായേലിനെല്ലാം മനസ്സിലായി.

     

    പിന്നീട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം യിസ്രായേലിലെ പുല്‍പ്പുറങ്ങളില്‍ ആടുകളെ മേയ്‌ച്ചു കൊണ്ടിരുന്ന ദാവീദിനെ ദൈവം എടുത്ത്‌ തന്‍റെ ജനത്തിന്‍റെ ഇടയനായി നിയമിച്ചപ്പോള്‍ അവനോട്‌ ഇപ്രകാരം പറഞ്ഞു: “നിന്‍റെ ഉദരത്തില്‍നിന്ന്‌ പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്‌കാലം തികഞ്ഞിട്ട്‌ നിന്‍റെ പിതാക്കന്മാരോട്‌ കൂടെ നീ നിദ്ര കൊള്ളുമ്പോള്‍ ഞാന്‍ നിനക്ക്‌ പിന്‍തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവന്‍ എന്‍റെ നാമത്തിന്‌ ഒരു ആലയം പണിയും. ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന്‌ പിതാവും അവന്‍ എനിക്ക്‌ പുത്രനുമായിരിക്കും’ (2.ശമൂ.7:12-14)

     

    ഈ വാക്കുകളില്‍ പറഞ്ഞിരിക്കുന്ന ‘സന്തതി’ ദൈവാലയം പണിത ശലോമോന്‍ ആണെന്ന്‌ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അത്‌ ശലോമോനെപ്പറ്റിയല്ല. 13-ം വാക്യത്തില്‍ “ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും’ എന്ന്‌ പറഞ്ഞിരിക്കുന്നത്‌ നോക്കുക. ശലോമോന്‍റെ രാജത്വത്തിന്‍റെ സിംഹാസനം സ്ഥിരമായിരുന്നില്ല. അവന്‍റെ മരണശേഷം രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു. മാത്രമല്ല, തന്‍റെ ജീവിതാന്ത്യത്തില്‍ ശലോമോന്‍ സത്യദൈവത്തെ വിട്ട്‌ മ്ലേച്ഛേ വിഗ്രഹങ്ങളിലേക്ക്‌ തിരിയുകയും അവയെ സേവിക്കുകയും ചെയ്‌തിരുന്നു. അവന്‍ പണിത ദൈവാലയവും സ്ഥിരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, ബി.സി.587 ല്‍, ബാബിലോണിയന്‍ ചക്രവര്‍ത്തിയായിരുന്ന നെബുഖദ്‌നേസര്‍ യെരുശലേമിലെ ദൈവാലയം തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു. ദൈവാലയത്തിനകത്തുണ്ടായിരുന്ന നിയമപ്പെട്ടകത്തെപ്പറ്റിയും ദാവീദിന്‍റെ സിംഹാസനത്തെപ്പറ്റിയും അതിനു  ശേഷം ലോകത്തിന്‌ യാതൊരു അറിവുമില്ല. ശലോമോന്‍റെ സന്തതി പരമ്പരകളില്‍പെട്ട ഒരാളും ദാവീദിന്‍റെ സിംഹാസനത്തില്‍ പിന്നീട്‌ ഇരുന്നിട്ടുമില്ല!!

     

    ദൈവം ദാവീദിനോട്‌ പറയുന്ന ‘സന്തതി’ ആദാം മുതലിങ്ങോട്ട്‌ ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്ന സന്തതിയാണ്‌. അവന്‍ പണിയുന്ന ആലയം ഭൗതികമല്ല; ഭൗതികമായതെല്ലാം നാശത്തിനു  വിധേയമാകുന്നതാണ്‌ . അവന്‍ പണിയുന്ന ആലയം നശിച്ചു പോകാത്ത നിത്യാലയമായിരിക്കും. അവന്‍റെ സിംഹാസനവും നിത്യമായിരിക്കും. ഇഹത്തിലുള്ളതെല്ലാം നാശത്തിനു  വിധേയമാകുന്നതുകൊണ്ട്‌ അവന്‍റെ രാജ്യം ‘ഐഹികമായിരിക്കില്ല,’ ആത്മീയമായിരിക്കും. ദൈവം ദാവീദിനോട്‌ വാഗ്‌ദത്തം ചെയ്‌ത ‘സന്തതി’ ക്രിസ്‌തുവും, അവന്‍ ദൈവത്തിനു  വേണ്ടി പണിത ആലയം, സ്ഥാപിക്കപ്പെട്ട അന്നുമുതല്‍ ഇന്നുവരെ സാത്താന്‍റെ പൈശാചിക തന്ത്രങ്ങള്‍ക്ക്‌ തകര്‍ക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നതും എന്നാല്‍ ലോകത്തിനു  കാണാന്‍ കഴിയാത്തതുമായ ദൈവസഭയാണെന്ന്‌ സ്വച്ഛസ്‌ഫടികസമാനം സ്‌പഷ്‌ടം!! (തുടരും…)

    Leave a Comment